മലയാളികളുടെ ജീവിതത്തെ മാറിനിന്നും അടുത്തുനിന്നും കാണാന്‍ അവസരം ലഭിച്ച എഴുത്തുകാരനാണ് തമ്പി ആന്റണി. അമേരിക്കയിലിരുന്ന് അദ്ദേഹം ഗൃഹാതുരതയോടെ കേരളത്തെ ഓര്‍മിക്കുന്നു. മലയാളം പറയുന്നു. പ്രവാസികളുമായി അടുത്തിടപഴകുന്നു. കേരളത്തിലെത്തുമ്പോള്‍ അമേരിക്കയിലെ പ്രവാസികളായ മലയാളികളെക്കുറിച്ചു ചിന്തിക്കുന്നു. ഈ ദ്വന്ദ ചിന്തയില്‍നിന്നാണ് തമ്പിയുടെ കഥകള്‍ പിറക്കുന്നത്. ‘ദ് ലേഡി ബൈക്കര്‍’, ‘വാസ്കോഡ ഗാമ ആന്‍ഡ് ദ് പ്രീസ്റ്റ്’ എന്നീ രണ്ടു കഥാസമാഹാരങ്ങളും ഒരു ചെറുകഥാകൃത്തെന്ന നിലയില്‍ തമ്പി ആന്റണിയുടെ വ്യക്തിത്വം ഉറപ്പിക്കുന്നതുമാണ്. കവിയും നടനും സിനിമാ നിര്‍മാതാവുമെന്ന നിലയിലുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. 

നിഷ്കളങ്കമായ നര്‍മത്തിന്റെ അടിയൊഴുക്കുണ്ട് ‘ദ് ലേഡി ബൈക്കര്‍’ എന്ന സമാഹാരത്തിലെ കഥകളില്‍. എന്നാല്‍ വായനക്കാരുടെ ആകാംക്ഷയും ഉത്കണ്ഠയും നിലനിര്‍ത്തുന്ന ദുരൂഹതയും ഈ കഥകള്‍ക്ക് അപൂര്‍വ ചാരുത പകരുന്നു. കഥകളെല്ലാം ഇന്ത്യക്കാരെക്കുറിച്ചാണ്. കേരളത്തെയും മലയാളികളെയും കുറിച്ചാണ്. പക്ഷേ, പശ്ചാത്തലം എപ്പോഴും കേരളം മാത്രമല്ല. മലയാളി വ്യാപരിക്കുന്ന ലോകത്തെ എല്ലാ ഇടങ്ങളുമാണ്. അതുകൊണ്ടുതന്നെ ആഗോള കാഴ്ചപ്പാടാണ് തമ്പി ആന്റണിയുടെ കഥകള്‍ മുന്നോട്ടുവയ്ക്കുന്നത്. 

‘ഡ്യൂറിങ് ദാറ്റ് ജേര്‍ണി’, ‘സ്വീറ്റ് പെയ്ന്‍’, ‘മിസ്റ്റീരിയസ് സംബഡി’. ‘പൗലോ കൊയ്‍ലോ ആന്‍ഡ് കൊച്ചുപൗലോ’, ‘ഗുവാ മാങ്ഗോ’ എന്നീ കഥകള്‍ ഉള്‍പ്പെട്ടതാണ് ദ് ലേഡി ബൈക്കര്‍ എന്ന സമാഹാരം. 2019 ലെ ബഷീര്‍ അമ്മ മലയാളം പുരസ്കാരം നേടിയിട്ടുള്ള തമ്പി ആന്റണി കേരള എഴുത്തുകൂട്ടം പ്രവാസി പുരസ്കാരത്തിനും അര്‍ഹനായിട്ടുണ്ട്. 

‘വാസ്കോഡ ഗാമ ആന്‍ഡ് ദ് പ്രീസ്റ്റ്’ എന്ന സമാഹാരത്തിലെ കഥകള്‍ അസാധാരണമാണെന്ന് അടിവരയിടുന്നത് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാന്‍ ബെന്യാമിനാണ്. കഥകളിലെ ദൃശ്യസമ്പന്നത വായനയെ വ്യത്യസ്തമായ തലത്തിലേക്ക് ഉയര്‍ത്തുന്നതായും ബെന്യാമിന്‍ ആമുഖത്തില്‍ അഭിപ്രായപ്പെടുന്നു. 

‘ദ് ലേഡി ബൈക്കര്‍’ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യാം

‘വാസ്കോഡ ഗാമ ആന്‍ഡ് ദ് പ്രീസ്റ്റ്’ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യാം

English Summary: The Lady Biker, Vasco Da Gama and the Priest, Stories By  Thampy Antony Thekkek