കൊച്ചി ∙ രാത്രിനടത്തം പെണ്‍ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണെന്നു തോന്നുന്നില്ലെന്ന് കഥാകൃത്ത് ഗ്രേസി. സ്ത്രീകള്‍ കൂട്ടമായി നടക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ ഒറ്റയ്ക്ക് ഒരു സ്ത്രീ നടക്കുന്നതാണ് പ്രയാസം. സ്ത്രീക്ക് ഒറ്റയ്ക്ക് ഏതു രാത്രിയും നടക്കാന്‍ പറ്റുന്നിടത്താണ് സ്വാതന്ത്ര്യമെന്നും ഗ്രേസി പറഞ്ഞു. കൃതി രാജ്യാന്തര പുസ്തകോത്സവത്തില്‍ ‘രാത്രിനടത്തം - പെണ്‍സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മതം മാത്രമല്ല, രാഷ്ട്രീയവും സ്ത്രീക്ക് എതിരാണെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയം സ്ത്രീക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്നു മാത്രമല്ല സ്ത്രീകള്‍ക്ക് അര്‍ഹമായത് നിഷേധിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന്റെ അതിപ്രസരം സമൂഹത്തില്‍ പ്രശ്‌നമാണെന്നും ഗ്രേസി കൂട്ടിച്ചേര്‍ത്തു. 

പല സമരങ്ങളും പ്രതീകാത്മകമാണെന്നും അത് ഇടതുപക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത രാഷ്ട്രീയപ്രവര്‍ത്തക ആര്‍. പാര്‍വതീ ദേവി പറഞ്ഞു. രാത്രിനടത്തം സംഘടിപ്പിച്ചതിന് സര്‍ക്കാരിനെ അനുമോദിക്കുമ്പോള്‍ത്തന്നെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരളം പോലൊരു സ്ഥലത്ത് ഇങ്ങനൊരു സമരം നടത്തേണ്ടി വന്നു എന്നത് ലജ്ജാവഹമാണ്. 

കേരളത്തിലെ പൊതുഇടങ്ങള്‍ സ്ത്രീവിരുദ്ധമാണ്. ഇന്ന് കേരളത്തില്‍ പുരുഷന്‍മാരുടെ കൂടെ പോലും സ്ത്രീകള്‍ക്ക് രാത്രി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഭര്‍ത്താവിനൊപ്പം പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്കെതിരേ പോലും ദുരാചാര ഗുണ്ടായിസം ഉണ്ടാവുന്നു. രാത്രി ഏഴു മണിക്കു ശേഷം നഗരങ്ങളില്‍ പോലും സ്ത്രീകള്‍ക്കു പുറത്തിറങ്ങി നടക്കാനാവുന്നില്ല.

ഇവിടെ അധികാര രംഗത്ത് സ്ത്രീകള്‍ക്കു പ്രാതിനിധ്യമില്ല. തീരുമാനമെടുക്കുന്ന സ്ഥാനങ്ങളില്‍ എത്ര ശതമാനം സ്ത്രീകളുണ്ടെന്നത് വലിയ പ്രശ്‌നമാണ്. സ്ത്രീപങ്കാളിത്തത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ മറ്റ് അധികം മേഖലകളിലില്ല.

രാത്രിനടത്തത്തിന്റെ പ്രാധാന്യം ഒരു സര്‍ക്കാര്‍ തന്നെ സ്ത്രീകളുടെ അവകാശത്തെപ്പറ്റി പറയുന്നു എന്നതാണ്. സര്‍ക്കാരാണു പറയുന്നത് രാത്രിയും പകലും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണെന്ന്. സ്ത്രീകള്‍ നോക്കുന്ന കുടുംബങ്ങള്‍ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. സങ്കീര്‍ണമാണ് സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പ്രശ്‌നം. മത മൗലിക വാദം, മത തീവ്രവാദം, വര്‍ഗീയത എന്നിവ സ്ത്രീസ്വാതന്ത്ര്യത്തെ പിന്നോട്ടു വലിക്കുകയാണെന്നും ആര്‍. പാര്‍വതീദേവി പറഞ്ഞു. 

ഏതു കാലത്തും സ്ത്രീകളുടെ നടത്തങ്ങള്‍ പ്രോല്‍സാഹിപ്പിക്കേണ്ടതാണെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായ സിനി കെ. തോമസ് പറഞ്ഞു. രാത്രിനടത്തങ്ങള്‍ വെറുംനടത്തങ്ങള്‍ മാത്രമായി അവസാനിക്കാതെ എല്ലാ സ്ത്രീകള്‍ക്കും രാത്രി പുറത്തിറങ്ങാന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു. 

ഫോട്ടോ: രാത്രിനടത്ത ചര്‍ച്ചയില്‍ പങ്കെടുത്ത ഗ്രേസിയും പാര്‍വതീദേവിയും സിനി കെ തോമസും ചര്‍ച്ച കഴിഞ്ഞ് കൃതിയില്‍ നടക്കാനിറങ്ങിയപ്പോൾ.

English Summary : Women's night walk