പരവൂർ കൂനയിൽ ഗവ. എൽപി സ്കൂളിനു സമീപത്തു ബസ് കാത്തു നിൽക്കുന്നവരൊക്കെ ബസ് ഉടനെയൊന്നും വരല്ലെ എന്നാണത്രെ പ്രർഥിക്കുന്നത്! ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കൊന്ന് ചെല്ലണം, കാരണം അറിയാൻ. 

ബസ് സ്റ്റോപ്പിനെ തുറന്ന വായനപ്പുരയാക്കി മാറ്റിയിരിക്കുകയാണ് സ്കൂളിലെ വിദ്യാർഥികൾ. വ്യത്യസ്ത വിഷയങ്ങളുടെ അൻപതിൽപരം പുസ്തകങ്ങളും ദിനപത്രങ്ങളും ഇവിടുത്തെ തുറന്ന അലമാരയിൽ സൂക്ഷിച്ചിരിക്കുന്നു. വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭത്തിന് തുടക്കമിട്ടത്. പുസ്തകപ്രേമികളിൽ ഒതുങ്ങുന്നതല്ല ഇവിടുത്തെ സൗകര്യങ്ങൾ. 

വാർത്തകളും ഗാനങ്ങളും കേൾക്കുന്നതിനായി റേഡിയോ ഉണ്ട്. റേഡിയോയിലൂടെ പിഎസ്‌സി ചോദ്യോത്തരങ്ങൾ സംപ്രേഷണം ചെയ്യുന്നു. ദാഹമകറ്റാൻ കുടിവെള്ളവും സമയം അറിയാൻ ക്ലോക്കും ഉണ്ട്. പ്രദേശത്തെ പ്രശ്നങ്ങൾ അറിയിക്കുന്നതിനായി റെഡ് അലർട്ട് ബോക്സ് സ്ഥാപിച്ചിരിക്കുന്നു. ഇതിൽ എത്തുന്ന പരാതികൾ അധികാരികളിൽ എത്തുമെന്ന് ഉറപ്പ്.

സന്ദർശകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുന്നതിനായി അലമാരയിൽ അഭിപ്രായ പുസ്തകമുണ്ട്. വിൽപനക്കാരൻ ഇല്ലാത്ത കടയാണ് മറ്റൊരു പ്രത്യേകത.  വിദ്യാർഥികൾ നിർമിക്കുന്ന തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ, പേനകൾ എന്നിവ ആഴ്ചയിൽ ഒരിക്കൽ ഇവിടെ വിൽപനയ്ക്കു നിരക്കും. ആവശ്യക്കാർക്ക് സാധനങ്ങൾ വാങ്ങിയ ശേഷം വിലവിവരപ്പട്ടിക നോക്കി ഇവിടെ സ്ഥാപിച്ചിട്ടുള്ള വഞ്ചിയിൽ തുക നിക്ഷേപിക്കാം.

ഇതിലൂടെ പൊതുജനങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ സാധിക്കുന്നു എന്ന് വിദ്യാർഥികൾ. ബസ് സ്റ്റോപ്പിലെ വായനപ്പുരയുടെ മേൽനോട്ടം സമീപത്തെ ഓട്ടോ തൊഴിലാളികൾക്കും കട ഉടമകൾക്കുമാണ്. 

English Summary : Open Library At Bus Stop