സന്യാസമാണ് സ്വന്തം വഴി എന്നു മനസുകൊണ്ട് തീരുമാനമെടുത്ത ബിരുദ വിദ്യാർഥി. മാതാപിതാക്കൾ അനുമതി നൽകാത്തതിനാൽ കോഴിക്കോട്ടെ വീട്ടിൽ ആശയക്കുഴപ്പത്തിൽ കഴിയുന്ന കാലം. ഏറെക്കാലമായി ആരാധിക്കുന്ന സ്വാമി രംഗനാഥാനന്ദ എറണാകുളത്ത് വരുന്ന വിവരം അപ്പോഴാണ് അറിയുന്നത്. സ്വാമിയെ കാണണമെന്നും നമസ്കരിക്കണമെന്നും വളരെക്കാലമായി ആഗ്രഹിക്കുന്നതിനാൽ എറണാകുളത്തെ ബന്ധുവീട്ടിലേക്ക് പുറപ്പെട്ടു. രവിപുരം ശാരദാമഠത്തിലായിരുന്നു സ്വാമി. വീട്ടിൽ നിന്നു സൈക്കിളുമെടുത്ത് ആശ്രമത്തിലെത്തി.

നേർക്കു നേരെ വാതിലുകളുള്ള രണ്ടു മുറികളുടെ അകത്തായിരുന്നു സ്വാമി. ദർശനം കാത്ത് ധാരാളം ആളുകൾ. ആദ്യത്തെ മുറിയുടെ വാതിൽക്കൽ ചെന്നു നിന്നു. പെട്ടെന്നാണ് സ്വാമി അങ്ങോട്ട് നോക്കിയിട്ട് കൈകാട്ടി അകത്തേക്ക് വിളിച്ചത്. അടുത്ത് ചെന്നു നമസ്കരിച്ചു. അപ്പോഴേക്കും മുറിയിലുണ്ടായിരുന്നവർ എല്ലാവരും പോയിരുന്നു. സ്വാമി പേരും വിവരങ്ങളും ചോദിച്ചു.

‘ബി.കോം കഴിഞ്ഞ് നിനക്ക് സിഎ കോഴ്സ് നോക്കാം. അല്ലെങ്കിൽ കമ്പനി സെക്രട്ടറി കോഴ്സ്. അതാകുമ്പോൾ പെട്ടെന്ന് ജോലി ലഭിക്കും’. സ്വാമി പറഞ്ഞു തുടങ്ങി. രണ്ടു സഹോദരന്മാരും ഈ കോഴ്സ് പഠിക്കുന്നതിനാൽ വീട്ടുകാരും പറഞ്ഞിരുന്നത് ഇതായതിനാൽ വിദ്യാർഥി ആശയക്കുഴപ്പത്തിലായി. ‘നല്ല ശമ്പളം ലഭിക്കും. സുന്ദരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാം. ഒടുവിൽ.......’ എന്നു പറഞ്ഞ് സ്വാമി പുറത്തേക്ക് നോക്കിയിരുന്നു. പിന്നെ മെല്ലെ അവനെ അടുത്തേക്ക് ചേർത്തു നിർത്തി പറഞ്ഞു.‘നിന്റെ ഉള്ളിൽ അഗ്നി ഉണ്ട്. അഗ്നി കൊണ്ട് നിനക്ക് ഭക്ഷണം ഉണ്ടാക്കാം, നിന്റെ വീടിന് തീയും കൊളുത്താം. ബുദ്ധിപരമായി ഉപയോഗിക്കുക’

 പിന്നീട്

ഗോകർണത്തെ ഉൾവനത്തിലെ ഗുഹയിൽ ഒറ്റയ്ക്കു കഴിയുന്ന വയോധികയായ യോഗിനിയെ കാണാനെത്തി യതായിരുന്നു ആ യുവ സന്യാസി. ഗുഹാകവാടത്തിനു സമീപം നിറയെ ഇല്ലിപ്പടർപ്പുകളായിരുന്നു. അതു കടന്നു വേണം മുന്നോട്ടു പോകാൻ. അകത്തേക്ക് കയറുന്നതിനു മുൻപ് അനുവാദത്തിനായി അയാൾ ‘അമ്മേ’ എന്നുറക്കെ വിളിച്ചു. മറുപടിക്ക് പകരം ഗുഹയ്ക്കുള്ളിൽ നിന്നെത്തിയത് കല്ലുകളായിരുന്നു. വീണ്ടും വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല. അൽപം സമയം കഴിഞ്ഞ് യോഗിനി പുറത്തേക്ക് വന്നു. അമ്മയെ നമസ്കരിക്കാൻ എത്തിയതാണെന്നു പറഞ്ഞപ്പോൾ മുഖത്തേക്ക് കുറച്ചു നേരം നോക്കിയിട്ട് അവർ മറുപടി നൽകി.

‘നിന്റെ മുന്നിൽ രണ്ടു മാർഗങ്ങളുണ്ട്. പ്രസംഗവും പൂജകളും നടത്തി വലിയ ശിഷ്യ സമ്പത്തുമായി വലിയ ആളാണെന്നു കരുതി ജീവിക്കാം. പക്ഷേ, കൃതാർഥത ഉണ്ടാവില്ല. അല്ലെങ്കിൽ ആധ്യാത്മികതയുടെ ഉന്നതങ്ങളിലേക്ക് കയറി പോകാം.ഏതു മാർഗം വേണമെങ്കിലും സ്വീകരിക്കാം’

 ശേഷം

ലോകമെങ്ങും ശിഷ്യരുള്ള സ്വാമി രംഗനാഥാനന്ദ. പാമ്പുകളുടെയും മൃഗങ്ങളുടെയും നടുവിൽ ഗോകർണത്തെ കാട്ടിൽ ഒറ്റപ്പെട്ടു കഴിയുന്ന യോഗിനി. സന്യാസ ജീവിതത്തിന്റെ രണ്ടു തലങ്ങളിൽ നിൽക്കുന്ന ഇവർ രണ്ടു പേരും നൽകിയ ഉപദേശങ്ങളാണ് സ്വാമി ചിദാനന്ദപുരിയുടെ ജീവിതത്തിൽ മുന്നോട്ടുള്ള യാത്രയിൽ പ്രകാശമായത്.

ശാസ്ത്ര പരീക്ഷണങ്ങൾ നിറഞ്ഞ ബാല്യത്തിൽ നിന്നാണ് സന്യാസ വഴിയിലേക്ക് സ്വാമി എത്തിയത്. എല്ലാത്തിന്റെയും പിന്നിലുള്ള രഹസ്യങ്ങൾ കണ്ടെത്താനുള്ള കൗതുകത്തിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ വീട്ടിൽ സ്വന്തമായി പരീക്ഷണശാല സജ്ജമാക്കി. ഹൈസ്കൂളിൽ എത്തിയപ്പോൾ ഈ കൗതുകം സാഹിത്യത്തിലേക്ക് വഴിമാറി. പത്താം ക്ലാസ് പൂർത്തിയായപ്പോഴേക്കും മലയാള സാഹിത്യത്തിലെ പ്രധാന കൃതികളെല്ലാം വായിച്ചു തീർത്തു. പ്രീഡിഗ്രി കാലത്ത് സമ്മാനമായി ലഭിച്ച സ്വാമി വിവേകാനന്ദന്റെ ഒരു പുസ്തകത്തിൽ നിന്നും വിവേകാനന്ദന്റെയും സിസ്റ്റർ നിവേദിതയുടെയും സമ്പൂർണ കൃതികളിലേക്കും ചിന്മയാനന്ദ സ്വാമിയുടെ രചനകളിലേക്കും വായനയും ചിന്തകളും വളർന്നു.

പൂർണത കൈവരിച്ചില്ല എന്ന തോന്നൽ ബിരുദപഠനകാലത്ത് ശങ്കരഭാഷ്യങ്ങളിലേക്ക് എത്തിച്ചു. ഗീതയും ഉപനിഷത്തും ബ്രഹ്മസൂത്രവുമെല്ലാം പലതവണ വായിച്ചതോടെ സന്യാസം തന്നെയാണ് സ്വന്തം വഴി എന്ന തീരുമാനത്തിലെത്തി. വീട്ടിൽ തീരുമാനം അറിയിച്ചപ്പോൾ വിഷം വാങ്ങി നൽകിയിട്ട് പോകാനായിരുന്നു മാതാപിതാക്കളുടെ മറുപടി. സന്യാസത്തോട് ബഹുമാനം ഉണ്ടെങ്കിലും മകൻ ആ വഴിയിൽ പോകുന്നതിലുള്ള വിമുഖതയായിരുന്നു അവർക്ക്. മാതാപിതാക്കളുടെ അനുമതിയോടു കൂടി മാത്രമേ സന്യാസം സ്വീകരിക്കു എന്നതിനാൽ വീട്ടിൽ തന്നെ കഴിയുന്ന കാലത്താണ് രംഗനാഥാനന്ദ സ്വാമിയുമായുള്ള കൂടിക്കാഴ്ച.

അതിനു ശേഷം ഉറച്ച തീരുമാനമെടുത്ത് സന്യാസത്തിന്റെ പാതയിലേക്കിറങ്ങി. വീട്ടിൽ പറയാതെ കോയമ്പത്തൂർ രാമകൃഷ്ണൻ മിഷൻ ആശ്രമത്തിലേക്ക് ആയിരുന്നു ആദ്യ യാത്ര. കുറച്ചു കാലം അവിടെ കഴിഞ്ഞെങ്കിലും ഇതിനല്ല യാത്ര പുറപ്പെട്ടത് എന്നു തോന്നിയതിനാൽ യാത്ര തുടർന്നു. മാതാപിതാക്കളെ കണ്ട് അനുഗ്രഹം വാങ്ങി ആനന്ദാശ്രമം, നിത്യാനന്ദശ്രമം എന്നിവിടങ്ങളിലും കുടജാദ്രിയിലും കഴിഞ്ഞതിനു ശേഷമാണ് ഗോകർണത്ത് എത്തിയത്.

English Summary: Swami Chidanandhapuri Talks About His Mentors