അന്ധനായ ആ ചെറുപ്പക്കാരന്‍ വളർന്നതും ജീവിക്കുന്നതും മാതാപിതാക്കളോടൊപ്പമാണ്. അവരുടെ മരണത്തോടെ സഹോദരിക്കൊപ്പമായി ജീവിതം. ഒരു മനുഷ്യൻ എന്നുള്ള യാതൊരു പരിഗണനയും സഹോദരിയും ഭർത്താവും അന്ധനു നൽകുന്നില്ല. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ തലവേദനയായാണ് അവർ അയാളെ കണക്കാക്കുന്നത്. ജീവൻ നിലനിർത്താനുള്ള ആഹാരം മാത്രം നൽകി കഴിയുന്ന സമയത്തെല്ലാം അദ്ദേഹത്തെ അവർ അപമാനിക്കുകയും കളിയാക്കുകയും ചെയ്തു. വീടിനു പുറത്ത്, തെരുവുകളിലും അവൻ അപമാനിക്കപ്പെട്ടു. 

അവന്റെ ആഹാരത്തിൽ നാട്ടുകാർ അഴുക്കുകൾ വാരിയിടുകയും പട്ടികളെയും പൂച്ചകളെയും കൊണ്ട് അവന്റെ ഭക്ഷണം തീറ്റിക്കുകയും ചെയ്തു. ഈ ക്രൂര വിനോദങ്ങൾ നാട്ടുകാരും വീട്ടുകാരും ആസ്വദിക്കുകയും ചെയ്തു. നാളുകൾ കടന്നുപോയി. സഹോദരിയുടെ ഭർത്താവിന് അന്ധനോടുള്ള ദേഷ്യം കൂടിക്കൊണ്ടിരുന്നു. അയാൾ അവനെ തെരുവുകളിൽ യാചകനായി ഇരുത്തി. ഭിക്ഷാടനത്തുകയുമായി വീട്ടിലെത്തിയാൽ മാത്രം ഭക്ഷണം നൽകി. മിക്ക ദിവസവും അദ്ദേഹം പട്ടിണിയിലായി. സ്വന്തം തെരുവിൽ പണം ലഭിക്കാതെ വന്നതോടെ അന്ധനെ അവർ ദൂരെയുള്ള ഒരു നഗരത്തിൽ ഭിക്ഷാടനത്തിന് എത്തിച്ചു. 

അവിടെ അവനെ ഉപേക്ഷിച്ച അവർ പിന്നീട് അദ്ദേഹത്തെ തിരികെ വിളിക്കാൻ എത്തിയില്ല. രാത്രി ആ നഗരത്തിൽ മഞ്ഞു വീഴ്ച കൂടി. തല ചായ്ക്കാൻ ഒരിടം ലഭിക്കാതെ ആ അന്ധൻ തണുത്തു വിറച്ചു. ആ രാത്രിക്കു ശേഷം അയാളെക്കുറിച്ചു യാതൊരു വിവരവും ആർക്കും ലഭിച്ചില്ല. ആഴ്ച ഒന്നു കഴിഞ്ഞപ്പോൾ മഞ്ഞുവീഴ്ച കുറഞ്ഞു. ഒരു ദിവസം പട്ടികൾ കലപില കൂട്ടുന്ന ശബ്ദം കേട്ടിടത്തേക്ക് എത്തിയ പ്രദേശവാസികൾ കാണുന്നത് നായ്ക്കൾ ഒരു മനുഷ്യന്റെ ശരീരം കടിച്ചു വലിക്കുന്നതാണ്. അത് ആ അന്ധനായിരുന്നു. അയാളുടെ പാതിയോളം ശരീരം നായ്ക്കൾ തിന്നുതീർത്തിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ കാക്കകളും.

ഫ്രഞ്ച് സാഹിത്യകാരൻ മോപ്പസാങ്ങിന്റെ പ്രശസ്തമായ കഥയാണ് ‘ദ് ബ്ലൈൻഡ് മാൻ’. കഥാപാത്രങ്ങളിൽ ഒരാൾക്കുപോലും പേരില്ലാതെയാണ് അദ്ദേഹം ഈ കഥ എഴുതിയിരിക്കുന്നത്. കണ്‍മുന്നിൽ നടന്ന ഒരു ദുരന്തകഥ വിവരിക്കുന്നതു പോലെയാണ് എഴുത്തുകാരൻ ഈ കഥ പറയുന്നത്.

English Summary : The Blind Man Book By Guy de Maupassant