ഒരു നോവൽ മാത്രം എഴുതുക, ആ നോവൽ  വിശ്വസാഹിത്യകാരി എന്ന പട്ടം എഴുത്തുകാരിക്കു ചാർത്തിക്കൊടുക്കുക. അപൂർവം എഴുത്തുകാർക്കു മാത്രം ലഭിക്കുന്നതാണ് ഈ ഭാഗ്യം. അത്തരത്തിൽ ഒരു നോവലാണു ‘വതറിങ് ഹൈറ്റ്സ്’. എമിലി ബ്രോണ്ടിയെന്ന ആംഗലേയ സാഹിത്യകാരിക്കു ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്ത നോവൽ. ഈ ഒരു നോവൽ മാത്രമേ ഈ എഴുത്തുകാരിയുടെ തൂലികയിൽ നിന്നു പിറവിയെടുത്തിട്ടുള്ളു.

രണ്ടു കുടുംബങ്ങളുടെയും അവർക്കിടയിലേക്കു വരുന്ന അനാഥ വ്യക്തിയുടെയും ജീവിതത്തിലൂടെയാണു നോവൽ സഞ്ചരിക്കുന്നത്. ഏൺഷോ കുടുംബവും ലിന്റൺ കുടുംബവുമാണു കഥയുടെ കേന്ദ്ര ബിന്ദുക്കൾ. ഏൺഷോ കുടുംബത്തിലെ കാ‌രണവർ ഏൺഷോ ഒരു തെരുവു ബാലനെ ദത്തെടുക്കുന്നതോടെയാണു കഥയുടെ തുടക്കം. അദ്ദേഹം അവനു ഹീത്ക്ലിഫ് എന്നു പേരുനൽകി.

ഹീത്ക്ലിഫിനോടുള്ള പിതാവിന്റെ സ്നേഹം അദ്ദേഹത്തിന്റ മകൻ ഹിൻഡ്‌ലിക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. അവൻ ഹീത്ക്ലിഫിനെ ഉപദ്രവിക്കാനും അപമാനിക്കാനും തുടങ്ങുന്നു. ഹിൻഡ്‌ലിക്കിന്റെ സഹോദരി കാതറിന് ആദ്യമൊക്കെ ഹീത്ക്ലിഫിനോടു ദേഷ്യമായിരുന്നെങ്കിലും താമസിയാതെ ഇരുവരും പ്രണയത്തിലാകുന്നു. 

അധികകാലം കഴിയും മുൻപ് ഏൺഷോയുടെ ഭാര്യ മരിക്കുന്നു. ഭാര്യയുടെ മരണം ഏൻഷോയെ ഉലച്ചു. അദ്ദേഹം വല്ലാതെ തളർന്നു.ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. ഇതോടെ ഹിൻഡ്‌ലി ഹീത്ക്ലിഫിനെ കൂടുതൽ ഉപദ്രവിക്കാൻ തുടങ്ങി. ഹീത്ക്ലിഫിന്റെ രക്ഷയ്ക്ക് ഏൺഷോ ഹിൻഡ്‌ലിയെ ദൂരസ്ഥലത്ത് ഉപരിപഠനത്തിനയച്ചു. 

കുറച്ചു കാലം ഹീത്ക്ലിഫ് സമാധാനമായി കഴിഞ്ഞു. എന്നാൽ ഏൺഷോയുടെ മരണത്തോടെ പ്രശ്നങ്ങൾ വീണ്ടും ആരംഭിച്ചു. ഇതിനിടെ ലിന്റൺ കുടുംബത്തിലെ എഡ്ഗാറുമായി കാതറിൻ പ്രണയത്തിലാകുന്നു. അയാളുടെ വിവാഹ അഭ്യർഥന കാതറിൻ സ്വീകരിക്കുന്നു. ഹീത്ക്ലിഫിനെ വിവാഹം കഴിച്ചാൽ തന്റെ അന്തസ്സിനു കോട്ടം തട്ടും എന്നതായിരുന്നു കാതറിൻ ഹീത്ക്ലിഫിന്റെ പ്രണയം ഒഴിവാക്കുന്നതിനു കാരണം. പ്രണയം നഷ്ടപ്പെട്ട് അപമാനിതനായി ആ നാട്ടിൽനിന്നു പോകുന്ന ഹീത്ക്ലിഫ് വർഷങ്ങൾക്കു ശേഷം പ്രതികാരം ചെയ്യാൻ തിരിച്ചെത്തുന്നു. രണ്ടു കുടുംബങ്ങളെയും തകർക്കുക എന്നതാണ് ഹീത്ക്ലിഫിന്റെ  ഏക ലക്ഷ്യം.

1847ലാണു ‘വതറിങ് ഹൈറ്റ്സ്’ വായനക്കാരിലേക്ക് എത്തുന്നത്. പ്രണയകഥ എന്ന നിലയിലാണു ‘വതറിങ് ഹൈറ്റ്സ്’ ശ്രദ്ധിക്കപ്പെട്ടതെങ്കിലും മികച്ചൊരു പ്രതികാരത്തിന്റെ കഥകൂടിയാണിത്. എല്ലിസ് ആൻഡ് ആക്‌ഷൻ ബെൽ എന്നു തൂലികാനാമത്തിലാണ് എമിലി ബ്രോണ്ടി ഈ നോവൽ എഴുതിയത്.1850ൽ നോവലിന്റെ രണ്ടാം പതിപ്പിലൂടെയാണ് എഴുത്തുകാരി സ്വന്തം പേരു വെളിപ്പെടുത്തിയത്. പിൽക്കാലത്ത് ആംഗലേയ സാഹിത്യത്തിലെ ക്ലാസിക്കായി ലോകം ഈ നോവലിനെ അംഗീകരിച്ചു. എന്നാൽ തന്റെ നോവൽ ക്ലാസിക്കായി മാറുന്നത് അറിയാൻ കാത്തുനിൽക്കാതെ എമിലി 30–ാം വയസ്സിൽ ലോകത്തോടു വിടപറഞ്ഞു.

English Summary : Wuthering Heights Novel By Emily Bronte