ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ആധ്യാത്മിക കൃതികളെ സംബന്ധിക്കുന്ന ഒരു പ്രസംഗത്തിനാണു ഞാൻ പോയത്. മരണത്തെപ്പറ്റി ‘ദീനനൊമ്പരങ്ങളുടെ കടശി മൂന്നക്ഷരങ്ങളിൽ അടങ്ങിയിരിക്കുന്നു’ എന്നു ചാവറയച്ചൻ എഴുതിയതിൽ തൊട്ടു സംസാരം തുടങ്ങാമെന്നാണു കരുതിയത്.

എന്നാൽ, എനിക്ക് ആവിലായിലെ അമ്മ ത്രേസ്യയുടെ കവിതകൾ ഓ‍ർമ വരികയും  അമ്മയെപ്പറ്റി അച്ചൻ എഴുതിയതു പറയുകയാവും ഉചിതമെന്നു പിന്നീട് ഉറപ്പിക്കുകയും ചെയ്തു. ചാവറയച്ചനിൽ മൂന്ന് അമ്മമാരാണുള്ളത് - യേശുവിന്റെ അമ്മ, യേശുവിന്റെ തെരേസ എന്ന അമ്മത്രേസ്യാ, പിന്നെ അച്ചന്റെ പെറ്റമ്മ. ഈ മൂന്നു സ്ത്രീകളുടെ മഹത്വമാണ് ആധ്യാത്മികപാതയിൽ തന്നെ നടത്തിയതെന്ന  അച്ചന്റെ സാക്ഷ്യത്തെപ്പറ്റി സംസാരിച്ചാൽ അതു നല്ലതാകുമെന്നും എനിക്കു തോന്നി.

അമ്മമാരെക്കുറിച്ചുള്ള ആ സംസാരത്തിനായി പോകുന്ന വഴിയിൽ ഞാൻ വാങ്ങിയ ഒരു പുസ്തകം എന്റെ കയ്യിലുണ്ടായിരുന്നു. ചില പുസ്തകങ്ങൾ എഴുത്തുകാരന്റെ പേരു മാത്രം നോക്കി നാം വാങ്ങും, ഉള്ളടക്കമെന്തായാലും .സംസാരത്തിനു തൊട്ടുമുൻപാണ് എനിക്ക് കദാരെയുടെ  പുസ്തകം തുറന്നു നോക്കാൻ തോന്നിയത്. ‘ദ് ഡോൾ’ എന്ന ചെറുപുസ്തകത്തിന് ഒരു ഉപശീർഷകം ഉണ്ടായിരുന്നു-എ പോർട്രെയ്റ്റ് ഓഫ് മൈ മദർ. 

ഡോൾ എന്നതു കദാരെയുടെ അമ്മയാണ്. മരണം വരെയും അമ്മ തന്റേതായ ഒരിടത്തു തനിച്ചാണു ജീവിച്ചത്. രണ്ടാം ലോകയുദ്ധകാലത്തെ ജർമൻ അധിനിവേശം മുതൽ സോവിയറ്റ് ആധിപത്യത്തിനു കീഴിലുള്ള കമ്യൂണിസ്റ്റ് അൽബേനിയ വരെയുള്ള എഴുത്തുകാരന്റെ രാജ്യത്തിന്റെ പരിവർത്തനമാണ് ഈ കൃതിയുടെ പശ്ചാത്തലം. എഴുത്തുകാരന്റെ യഥാർഥദേശം ഏതാണ്, അയാൾ പിറന്ന മണ്ണാണോ തിരഞ്ഞെടുക്കുന്നതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

ചാവറയച്ചന്റെ അമ്മമാരെക്കുറിച്ചുള്ള ആ സംസാരത്തിനുശേഷമാണു ഞാൻ കദാരെയുടെ അമ്മയെ വായിച്ചത്. അത് ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാക്കിയതിനാൽ, നിഗൂഢവും ജിജ്ഞാസകരവും ആയിരുന്നു. അമ്മയിൽനിന്ന് അകന്നുപോകുകയോ അമ്മ അകലെയാകുകയോ ചെയ്യുന്നതുപോലെ ഒരാളുടെ ദേശവും അകലെയായിത്തീരുമെന്നാണു ഞാൻ ആ വായനയ്ക്കുശേഷം വിചാരിച്ചത്.

കദാരെയുടെ സുഹൃത്തായ റഷ്യൻ കവി ആന്ദ്രേ വോസ്നെസൻസ്കിയുടെ പ്രശസ്തമായ ഒരു കവിത കദാരെ പരാമർശിക്കുന്നുണ്ട്.  റഷ്യനിൽ മാത് എന്നാൽ അമ്മയാണ്. ആ കവിതയിൽ ഈ പദം മൂന്നുവട്ടം ആവർത്തിക്കുന്ന ഒരു വരിയുണ്ട്. മാത് മാത് മാത് (matmatmat) എന്ന്. ഇതിൽ നാലാമത്തെ ആവർത്തനത്തിൽ മാ എന്ന് നിർത്തുകയാണു കവി. matmatmatma... ഇതോടെ അവസാനത്തെ സ്വരം തമാ എന്നാകുന്നു. തമ എന്നാൽ ഇരുട്ട് എന്ന് അർഥം. അമ്മയിരുട്ട് എന്ന കാവ്യവിചാരത്തിന്റെ ചുവടു പിടിച്ചാണു കദാരെ തന്റെ അമ്മയുടെ മൗനങ്ങളെയും ചാപല്യങ്ങളെയും രഹസ്യങ്ങളെയുമെല്ലാം എഴുതുന്നത്.

നോവലിന്റെ കേന്ദ്രത്തിലുള്ളതു, രണ്ടാം ലോകയുദ്ധത്തിനു തൊട്ടുമുൻപ് കിഴക്കൻ അൽബേനിയയിലെ കദാരെ കുടുംബത്തിന്റെ തറവാട്ടിലേക്കു പതിനെട്ടാം വയസ്സിൽ നവവധുവായെത്തുന്ന ഒരു പെൺകുട്ടിയാണ്. കഠിനമായ നോട്ടങ്ങളും കടുത്ത പോരുമായി ആ വീട്ടിൽ പെൺകുട്ടിയെ കാത്ത് ഒരു അമ്മായിയമ്മയും.

കദാരെയുടെ തറവാടുവീട് കല്ലുകൊണ്ടു നിർമിച്ച, മുന്നൂറോളം വർഷം പഴക്കമുള്ള ഒരു കെട്ടിടം. അതിനുള്ളിൽ ഒരിക്കലും തുറക്കാത്ത വാതിലുകളും കാൽസ്പർശമേല്ക്കാത്ത ഇടനാഴികളുമുണ്ട്. അതിൽ ഒരു രഹസ്യതടവറ കൂടിയുണ്ടെന്നാണു ജനസംസാരം. കദാരെ ഒരിക്കലുമതു കണ്ടിട്ടില്ലെങ്കിലും ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോഴെല്ലാം കൂട്ടുകാർ ചോദിക്കുമായിരുന്നു, നിന്റെ  വീട്ടിലെ തടവറയിൽ നിന്നെയും കിടത്തിയിട്ടുണ്ടോ എന്ന്.

മകൻ പ്രശസ്തനായ എഴുത്തുകാരനാകുമ്പോൾ തന്നെ ഉപേക്ഷിച്ചു കുറേക്കൂടി ബുദ്ധിമതിയായ ഒരു സ്ത്രീയെ പകരം അമ്മയാക്കുമോ എന്ന് അമ്മ ഒരിക്കൽ കദാരെയോടു ചോദിക്കുന്നുണ്ട്. ഇത്ര മണ്ടൻ ചോദ്യം എങ്ങനെ ചോദിക്കാൻ കഴിഞ്ഞുവെന്ന് കദാരെ തിരിച്ചു ചോദിക്കുന്നുണ്ട്. ഞാൻ മണ്ടിയല്ല എന്നാണ് അമ്മ അതിനു നൽകുന്ന മറുപടി.

കമ്യൂണിസ്റ്റ് അൽബേനിയയുടെ സ്വേച്ഛാധിപതിയായി ദശകങ്ങളോളം ജനതയെ അടക്കിഭരിച്ച എൻവർ ഹോക്സ്സ കദാരെയുടെ നാട്ടുകാരനായിരുന്നു. തന്റെ കൃതികൾ അൽബേനിയയിൽ വിലക്കിയതോടെ കദാരെ പാരിസിലേക്കു കുടിയേറുകയാണ്. വർഷങ്ങൾക്കുശേഷം അമ്മയുടെ അവസാനകാലത്ത് അവരെ കാണാൻ കദാരെ എത്തുമ്പോൾ അവർ ചോദിക്കുന്നുണ്ട്, നീ ഇപ്പോൾ ഫ്രഞ്ചുകാരനാണോ എന്ന്. അൽബേനിയ എന്ന അമ്മയെ വിട്ടു താൻ ഫ്രാൻസ് എന്ന അമ്മയെ സ്വീകരിച്ചോ എന്നാവും അമ്മ ഉദ്ദേശിച്ചിട്ടുണ്ടാകുക എന്ന് ഗ്രന്ഥകാരൻ വിചാരിക്കുന്നുണ്ട്.

കദാരെയുടെ ഈ നോവലിലെ ഏറ്റവും ശക്തമായ ഒരു സന്ദർഭം മുന്നൂറുവർഷം പഴക്കമുള്ള കദാരെ തറവാട് തീപിടിത്തത്തിൽ നശിക്കുന്നതാണ്. മേൽക്കൂര മുഴുവൻ കല്ലുകൊണ്ടു നിർമിച്ചതായിരുന്നു ആ കെട്ടിടം. അവയെ താങ്ങിനിർത്തിയ തൂണുകൾ തീപിടിത്തത്തിൽ നശിച്ചതോടെ ആ കല്ലുകളത്രയും താഴേക്കു പതിച്ചു കെട്ടിടത്തെ ഛിന്നഭിന്നമാക്കിക്കളഞ്ഞു. 1999 ലായിരുന്നു അത്. നാറ്റോയുടെ പോർവിമാനങ്ങൾ സെർബിയയെ ബോംബ് ചെയ്യാനായി അൽബേനിയയുടെ മുകളിലൂടെ ചീറിപ്പാഞ്ഞുപോയ അതേ ദിവസം. അക്കൂട്ടത്തിലെ ഏതോ ബ്രിട്ടിഷ് പോർവിമാനത്തിൽനിന്നുളള ഇരട്ട ബോംബുകളാണ് തറവാടിനെ തീയിലെരിച്ചു തരിപ്പണമാക്കിയതെന്നു ഗ്രന്ഥകാരൻ സങ്കൽപിക്കുന്നു.

അമ്മ ഒരിക്കലും സാധാരണ സ്ത്രീയെപ്പോലെയായിരുന്നില്ല. അവരുടെ മുഖഭാവങ്ങളും ചലനങ്ങളും ഒട്ടും ഭാരമുള്ളതായിരുന്നില്ല. കനമില്ലായ്മ എന്നും അമ്മയുടെ പ്രത്യേകതയായി. അവർ മരക്കോവണി കയറുമ്പോൾ സ്വരമുണ്ടായില്ല. അവർ മരിച്ചപ്പോൾ അവരെ കയ്യിലെടുത്ത് ഒരു വീട്ടിൽനിന്ന് തൊട്ടടുത്ത വീട്ടിലേക്കു നടന്നുപോകാൻ തന്നെ പ്രേരിപ്പിച്ചത് അവരുടെ കനമില്ലായ്മയാണെന്ന് കദാരെയോട് ഒരു ബന്ധു പറയുന്നുണ്ട്. താൻ വിചാരിച്ച അത്രപോലും അവർക്കു കനമില്ലായിരുന്നു എന്ന് അയാൾ അവിശ്വസനീയതോടെ ഓർക്കുന്നു.

അമ്മയെക്കുറിച്ചുള്ള തന്റെ ചിത്രീകരണത്തിൽ എന്തോ ഒന്നിന്റെ കുറവുണ്ടെന്ന് കദാരെ സമ്മതിക്കുന്നു. എഴുതപ്പെടാത്ത ഒരു നോവൽ, ഇതിനകം സംഭവിച്ചുകഴിഞ്ഞ മറ്റെല്ലാ കൃതികളെയും ജയിക്കുന്നതു പോലെ അജ്ഞാതമായതിന്റെ മഹത്വമാണത്. ആയതിനാൽ അമ്മേ നീയെന്നെ പഠിപ്പിക്കുക എന്ന ചാവറയച്ചന്റെ മൊഴിയും ഞാനോർത്തു. സാഹിത്യത്തിലേക്കു വരുമ്പോൾ അമ്മ കൊണ്ടുവരുന്ന സങ്കീർണതകളും നിഗൂഢതകളുമേറുന്നു. ദ് ഡോൾ വായിച്ചുകഴിഞ്ഞപ്പോൾ ആദ്യം ഞാനോർത്തതു പീറ്റർ ഹൻകെയുടെ ദ് സോറോ ബീയോണ്ട് ഡ്രീംസ് എന്ന ചെറിയ പുസ്തകമാണ്, വിഷാദത്തിനും ഏകാന്തതയ്ക്കും നടുവിൽ ആടിയുലഞ്ഞ് ഒടുവിൽ ജീവനൊടുക്കിയ ഹൻകെയുടെ അമ്മയെക്കുറിച്ചാണത്. മറ്റൊരാളുടെ അമ്മയെ എന്ന പോലെ നിശിതമായ ആഖ്യാനമായിരുന്നു അത്.

മനസ്സിലാക്കാൻ പ്രയാസമുള്ളവരാണ് അമ്മമാർ. അമ്മയുടെ മനസ്സ് പോയ വഴികളിൽ മകനു പോകാൻ കഴിയുന്നില്ല. മകൻ സഞ്ചരിച്ച ദൂരങ്ങളിലേക്ക് അമ്മയും എത്തുന്നില്ല. മകന്റെ പുസ്തകങ്ങളും വായനയും എഴുത്തുമെല്ലാം അമ്മയ്ക്ക് അപ്രാപ്യമായിരുന്നു. മകനെ തന്നിൽനിന്ന് അടർത്തിയെടുക്കുന്ന ഒരു ശക്തിയായി മകന്റെ കവിതയെയും കഥയെയും അമ്മ കാണുന്നു. പുസ്തകങ്ങൾ സ്ഥലം മാറ്റിവച്ചതിന് അമ്മയുമായി എഴുത്തുകാരൻ വഴക്കിടുന്ന രംഗം ഉണ്ട്. താനിനിയും അതു തന്നെ ചെയ്യും എന്ന മട്ടിലാണ് അമ്മയുടെ അപ്പോഴത്തെ ഭാവം.

അൽബേനിയയിലെ ജിരോകസ്ത എന്ന തന്റെ ജന്മദേശം കദാരെക്കു പ്രിയങ്കരമായിരുന്നു. എന്നാൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോയ രാജ്യത്തെ പിന്നിൽ ഉപേക്ഷിച്ച് എഴുത്തുകാരൻ പോകുന്നു. ഇത് അനിവാര്യമാണ്. ഗർഭപാത്രത്തിന്റെ ഇരുളിൽനിന്ന് വെളിച്ചത്തിലേക്കുള്ള കുഞ്ഞിന്റെ മോചനം പോലെ, സ്വന്തം ദേശത്തിന്റെ മതിലുകൾക്കകത്തുനിന്നു പുറത്തേക്കു പലായനം ചെയ്യുകയാണു എഴുത്തുകാരനും. പാരമ്പര്യം, ഭാഷ, ഗൃഹാതുരത്വം എന്നിവ അടക്കം പൈതൃകമായ എല്ലാ ഇരുട്ടുകളുടെയും സ്വാസ്ഥ്യങ്ങളെ ത്യജിക്കാനുള്ള ത്വരയിലാണു സാഹിത്യഭാവന അമേയമാകുന്നത്.

English Summary : The Doll by Ismail Kadare