‌റഷ്യൻ നാടോടിക്കഥകൾ എക്കാലത്തും കുട്ടികളെ സാങ്കൽപങ്ങളുടെ പാരമ്യത്തിലെത്തിക്കുന്നവയാണ്. അത്തരത്തിൽ ഒരു കഥയാണു മാന്ത്രികക്കുതിര.  വയോധികനായ പിതാവും മൂന്നു മക്കളും ഒരു രാജ്യത്തു വസിച്ചിരുന്നു. ഇളയ മകനായ ഇവാനെ മണ്ടൻ എന്നായിരുന്നു മൂത്തവർ വിളിച്ചിരുന്നത്. 

മൂത്തവർ രണ്ടുപേരും അവർക്കു ലഭിക്കുന്ന ജോലികൂടി അവനെ ഏൽപിച്ചു വെറുതെ ഇരിക്കുകയാണു പതിവ്. മരണമടുത്ത ഒരു ദിവസം പിതാവു മൂന്നു മക്കളെയും അടുത്തു വിളിച്ചു, പറഞ്ഞു: എന്നെ അടക്കം ചെയ്യുന്നതിന്റെ അടുത്ത 3 ദിവസം പുത്രൻമാർ ഓരോരുത്തരും മാറിമാറി എന്റെ കുഴിമാടത്തിൽ വരണം. കയ്യിൽ എനിക്കു കഴിക്കാനുള്ള റൊട്ടി കരുതണം. മക്കൾ സമ്മതിച്ചു. 

അങ്ങനെ ഒരുനാൾ പിതാവു മരിച്ചു. അദ്ദേഹത്തിന്റെ വിചിത്രമായ അന്ത്യാഭിലാഷം മക്കൾ ഓർത്തു, എന്നാൽ രാത്രി  കുഴിമാടത്തിനു സമീപം പോകാൻ മൂത്തവർ ഒരുക്കമായിരുന്നില്ല. പല മോഹന വാഗ്ദാനങ്ങളും നൽകി രണ്ടു ദിവസവും ചേട്ടന്മാർ ഇവാനെ കുഴിമാടത്തിനു സമീപത്തേക്ക് അയച്ചു. അത്ഭുതമെന്നേ പറയേണ്ടൂ, കുഴിമാടം തുറന്നു പിതാവു വെളിയിൽ വരികയും ഇവാൻ നൽകിയ ഭക്ഷണം കഴിച്ചു തൃപ്തനാകുകയും ചെയ്തു. 

പ്രതീകാത്മക ചിത്രം

മൂന്നാം ദിവസം തന്റെ ഊഴം എത്തിയപ്പോഴും ഇവാൻ തന്നെ പോയി പിതാവിനു ഭക്ഷണം നൽകി. തന്റെ അന്ത്യാഭിലാഷം പൂർത്തീകരിച്ച ഇവാനെ അദ്ദേഹം അനുഗ്രഹിച്ചു. കൂട്ടത്തിൽ ഒരു മന്ത്രവും പഠിപ്പിച്ചു. മന്ത്രം ചൊല്ലിയാൽ ഒരു മാന്ത്രികക്കുതിര പറന്നു വരും. അതിനോട് എന്ത് ആഗ്രഹം പറഞ്ഞാലും സാധിച്ചു നൽകും.

പ്രതീകാത്മക ചിത്രം

ഇവാൻ തിരിച്ചു വീട്ടിലെത്തി. കുതിരയുടെയും മന്ത്രത്തിന്റെയും കാര്യം മറന്നു. ചേട്ടന്മാരുടെ ആട്ടും തുപ്പുമേറ്റ് അവൻ പതിവുപോലെ പണിയെടുത്തു നടന്നു. അങ്ങനെയിരിക്കെ ആ രാജ്യത്തെ രാജകുമാരിക്കു വിവാഹ പ്രായമായി. രാജാവ് 12 നിലയുള്ള ഒരു മണിമാളിക പണിതു. അതിൽ‌ രാജകുമാരിയെ ഇരുത്തി. ഈ 12 നിലയും കുതിരപ്പുറത്തേറി ചാടിക്കടന്നു രാജകുമാരിയെ ചുംബിക്കുന്നയാൾക്കു രാജ്യത്തിന്റെ പകുതിയും രാജകുമാരിയും സ്വന്തം– രാജാവ് വിളംബരം ചെയ്തു. 

നാട്ടിലെ യുവാക്കളെല്ലാവരും മത്സരിക്കാൻ പോയി. ഇവാന്റെ ജ്യേഷ്ഠൻമാരും മത്സരത്തിൽ പങ്കെടുത്തു തോറ്റു. അപ്പോഴാണു പിതാവു തനിക്കു പറഞ്ഞുതന്ന മന്ത്രത്തെക്കുറിച്ച് ഇവാൻ ഓർക്കുന്നത്. ഇവാൻ മന്ത്രം ചൊല്ലി. കുതിര പറന്നെത്തി. ആ കുതിരപ്പുറത്തേറി ഇവാൻ രാജകുമാരിയെ സ്വന്തമാക്കി. പിന്നീടുള്ള കാലം സുഖമായി വസിച്ചു.

English Summary : Russian Fairy Tales