ആന്റൺ ചെക്കോവിന്റെ പ്രശസ്തമായ കഥയാണ് ‘ഡെത്ത് ഓഫ് എ ക്ലാർക്’. നല്ലവനായ ഒരു സർക്കാർ ഗുമസ്തനാണ് ഇവാൻ ദിമിത്രി ചെറ്യാക്കോവ്. ആർക്കും ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും താൻ കാരണം ഉണ്ടാകരുതെന്നു നിർബന്ധമുള്ള വ്യക്തി. അദ്ദേഹത്തിന്റെ മനോവ്യാപാരങ്ങളിലൂടെയാണു കഥ വികസിക്കുന്നത്.

ഒരു ദിവസം അദ്ദേഹം ഓപ്പെറ കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തിൽ ഒന്നു തുമ്മി.തുമ്മൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയോ എന്നു ചുറ്റും  നോക്കി. ആരെയും കണ്ടില്ല. എന്നാൽ തൊട്ടു മുൻപിലെ സീറ്റിലിരുന്ന മോട്ടർ വാഹന വകുപ്പിലെ സിവിലിയൻ ജനറൽ ബ്രിസ്സലോവ് അസ്വസ്ഥനാകുകയും തന്റെ തല കൈകൊണ്ടു തുടയ്ക്കുകയും ചെയ്യുന്നു. താൻ അദ്ദേഹത്തിനു കാര്യമായ ബുദ്ധിമുട്ടുണ്ടാക്കി എന്നു മനസ്സിലാക്കിയ ഇവാൻ ദിമിത്രി വല്ലാതെ ദുഖിതനായി.

ഒപ്പെറയുടെ ഇടയിൽ തന്നെ അദ്ദേഹം ജനറലിനോട് ക്ഷമ ചോദിച്ചു. മുഖം അൽപം കോട്ടിയിട്ടാണെങ്കിലും ബ്രിസ്സിലോവ് സാരമില്ല എന്നു പറയുന്നു. എന്നാൽ ദിമിത്രിയുടെ മനസ്സ് അനുതാപം കൊണ്ടു വല്ലാതായി. ജനറൽ സാരമില്ല എന്നു പറഞ്ഞതു വെറുതെ തന്നെ ആശ്വസിപ്പിക്കാനാകും. അദ്ദേഹത്തോട് നേരിൽ കണ്ടു ക്ഷമ ചോദിക്കണം– ദിമിത്രി തീരുമാനിച്ചു. 

ആന്റൺ ചെക്കോവിന്റെ ചെറുകഥകൾ

അങ്ങനെ അന്നുതന്നെ ദിമിത്രി ജനറലിനെ നേരിൽ കണ്ടു ക്ഷമ ചോദിക്കാനായി അദ്ദേഹത്തിന്റെ ഓഫിസിലെത്തി. ഒരുപറ്റം ആളുകൾക്ക് നടുവിൽ നിൽക്കുന്ന ജനറലിനെ ദിമിത്രി കൈ ഉയർത്തിക്കാണിച്ചു. ജനറൽ ആകാംക്ഷയോടെ ദിമിത്രിയെ നോക്കി. അദ്ദേഹം ചോദിച്ചു: ‘ജനറൽ ഞാൻ താങ്കളുടെ തലയിൽ തുപ്പൽ തെറിപ്പിച്ചു. എന്നാൽ അറിഞ്ഞുകൊണ്ടല്ല, എന്നോടു ക്ഷമിക്കണം.’ തുടർച്ചയായി വീണ്ടും ഒരേ കാര്യം കേൾക്കേണ്ടി വന്ന ജനറലി‌നു വല്ലാത്ത ദേഷ്യം തോന്നി. 

താനെന്താ എന്നെ പരിസഹിക്കുകയാണോ എന്നു ചോദിച്ച് ജനൽ ഓഫില്‍ നിന്നു ദിമിത്രിയെ പുറത്താക്കി വാതിലടച്ചു. അതോടെ, ജനറലിന്റെ മനസ്സിൽ തന്നോടുള്ള വെറുപ്പു മാറിയിട്ടില്ല എന്നു ദിമിത്രി ഉറപ്പിച്ചു.കൂടാതെ താൻ അദ്ദേഹത്തെ പരിഹസിക്കുകയാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. അന്നു വീട്ടിൽ എത്തിയതും ദിമിത്രി ഇക്കാര്യം ഭാര്യയോടു പറയുന്നു. ഇരുവരും ഏറെ നേരം ചർച്ച ചെയ്തതിനെ തുടർന്ന് ഒരു തീരുമാനത്തിലെത്തി. 

പിറ്റേ ദിവസം ദിമിത്രി ജനറലിന്റെ ഓഫിസിൽ എത്തി വീണ്ടും ക്ഷമ ചോദിക്കുക. താൻ അദ്ദേഹത്തെ പരിസഹിച്ചതല്ല എന്നു ധരിപ്പിക്കേണ്ടിയിരിക്കുന്നു. പിറ്റേന്നും ദിമിത്രി ജനറലിന്റെ മുറിയിലെത്തി. തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. അങ്ങയെ പരിഹസിക്കാനല്ല,ആത്മാർഥമായാണ് താൻ മാപ്പു ചോദിച്ചത് എന്ന് പറഞ്ഞു. തുടർച്ചയായി ദിമിത്രി ഒരേകാര്യത്തെക്കുറിച്ച് സംസാരിക്കുന്നതോടെ ജനറലിന്റെ സകല നിയന്ത്രണങ്ങളും വിട്ടുപോയി. അദ്ദേഹം പൊട്ടിത്തെറിച്ചു. 

തുടർന്ന് മുറിയിൽനിന്ന് ആട്ടിയിറക്കി. ഇത് പാവം ദിമിത്രിക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹത്തിന് കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടതായി തോന്നി. വേച്ചു വേച്ച് അദ്ദേഹം മുറിക്കു പുറത്തിറങ്ങി. ഒരു വിധത്തിൽ വീട്ടിലെത്തി. സോഫയിൽ ഇരുന്നു. കുറ്റബോധം ആ മനുഷ്യനെ കാർന്നു തുടങ്ങി. ഒടുക്കം ആ ഇരിപ്പിൽ അയാൾ ഹൃദയം പൊട്ടി മരിച്ചു.

English Summary : The Death Of A Clerk By Anton Chekhov