ഇടവേലി ഗവ.എൽപി സ്കൂളിൽ പഠിക്കുന്ന കാലത്താണ് എനിക്കു ചിക്കൻപോക്സ് വന്നത്. രണ്ടോ മൂന്നോ ദിവസം നിൽക്കുന്ന പനി മാത്രമേ അതുവരെ വന്നിരുന്നുള്ളൂ. കീഴ്പള്ളിയിലുള്ള കല്യാണിക്കുട്ടിയമ്മയുടെ ഹോമിയോ ഗുളിക വാങ്ങും. മധുരമുള്ളതുകൊണ്ടു കഴിക്കാൻ മടിയില്ല. പനി മാറും, വീണ്ടും സ്കൂളിൽ പോകും. 

ചിക്കൻപോക്സ് പക്ഷേ അങ്ങനെയായിരുന്നില്ല. ദേഹത്തു തടിച്ചു പൊന്തിയ കുരുക്കൾ. കുളിക്കാത്തതിന്റെ അസ്വസ്ഥത. പുറത്തിറങ്ങാൻ സമ്മതിക്കുന്നില്ല. കളിക്കാൻ പറ്റുന്നില്ല. വീട്ടിലെ മറ്റുള്ളവർക്കു പകരുമോ എന്ന ഭയം. അതിനെല്ലാം അപ്പുറത്തായിരുന്നു ഏകാന്തത. അന്നു താമസിച്ചിരുന്ന വീടിന്റെ പടിഞ്ഞാറേ മുറിയിലാണ് എന്നെ കിടത്തിയിരുന്നത്. 

കുറച്ച് അമർചിത്രകഥകളും സ്കെച്ച് പേനകളുമായി ഞാൻ ഒറ്റയ്ക്കു കിടന്നു. ഞാൻ മാത്രമല്ല, മിക്കവാറും മലയാളികൾ ചിക്കൻ പോക്സ് പിടിപെടുമ്പോൾ മാത്രമേ മുറിയടച്ച് ഒറ്റയ്ക്കിരുന്നിട്ടുണ്ടാകൂ. ഇപ്പോൾ വളരെ വർഷങ്ങൾക്കു ശേഷം, അസുഖമൊന്നുമില്ലെങ്കിലും വീണ്ടും ഒരേകാന്തവാസക്കാലം.

അപൂർവമായ ഒരു വൈറസ് സമൂഹത്തിൽ പടർന്നുപിടിക്കുന്നതും ഒരുപാടു മനുഷ്യർ മരിച്ചുവീഴുന്നതും വിദേശ സിനിമകളിൽ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്നായി രുന്നു തോന്നൽ. പക്ഷേ നിപ്പയുടെ രൂപത്തിൽ ഒരു മഹാവിപത്ത് നമുക്കിടയിലെത്തി. ‍ഞാനപ്പോൾ കോഴിക്കോട് ജോലി ചെയ്യുകയായിരുന്നു. മാസ്കും സാനിറ്റൈസറുമായി പേടിച്ചു ജീവിച്ച നാളുകൾ. ചിട്ടയായ ആരോഗ്യപ്രവർത്തനത്തിലൂടെ നിപ്പയെ മറികടന്നതിനു പിന്നാലെ കൊറോണയും നമ്മളെ ആക്രമിക്കാനെത്തിയിരിക്കുന്നു.

നിപ്പയെ പോരാടി തോൽപിച്ചതുകൊണ്ടാവണം നമ്മൾ മലയാളികൾ ആത്മവിശ്വാസത്തോടെയാണു കൊറോണയെ നേരിടുന്നത്. ഭയവും ആശങ്കയുമല്ല, ഒരുമിച്ചു നേരിടാമെന്ന പ്രതീക്ഷയാണു നമ്മൾ പങ്കുവയ്ക്കുന്നത്. ആ പ്രതീക്ഷയുള്ളതുകൊണ്ടാണു മുറിയിൽ ഒറ്റക്കിരിക്കേണ്ടിവരുമ്പോഴും പുസ്തകം വായിക്കുന്നത്, എഴുതുന്നത്, സിനിമ കാണുന്നത്, ചിത്രം വരക്കുന്നത്, ട്രോളുകളുണ്ടാക്കുന്നത്. 

എഴുതാനുദ്ദേശിക്കുന്ന നോവലിനുവേണ്ടി കുറേ മനുഷ്യരെ കാണാനും സംസാരിക്കാനുമുള്ള പദ്ധതിയിലാ യിരുന്നു ഞാൻ. അതെല്ലാം മാറ്റിവച്ചു മുറിയിൽ തന്നെ ഇരിക്കുകയാണ്. ഞാനും വായിക്കുന്നുണ്ട്, സിനിമ കാണുന്നുണ്ട്, കഥകൾ ആലോചിക്കുന്നുണ്ട്. രോഗാതുരമായ കാലത്ത് സർഗാത്മകതയും ഒരു മരുന്നാണ്. ചിക്കൻപോക്സിനു ശേഷം ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചു പുറത്തിറങ്ങിയതുപോലെ, കൊറോണക്കാലത്തുനിന്നും നമ്മൾ തിരിച്ചുവരും. എനിക്കുറപ്പാണ്...

English Summary: Writer Abin Joseph Talks About Corona Virus And Quarantine Time