ഭയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന് ജാതി, മത ,വര്‍ഗ ,ഭാഷാ, വംശീയ വേര്‍തിരിവുകള്‍  ബാധകമല്ല എന്നതാണ്. സന്തോഷത്തില്‍ ഒരുമിച്ചുനില്‍ക്കാത്ത മനുഷ്യര്‍ ദുഃഖത്തില്‍ ഒരുമിച്ചു നില്‍ക്കും. പരസ്പരം താങ്ങാകും. മുന്‍ വൈരാഗ്യങ്ങളും വിദ്വേഷങ്ങളും വെറുപ്പുകളും മറന്ന് സുഹൃത്തുക്കളാകും. 

കാരണം അവര്‍ നേരിടുന്നത് ഒരേ ഭീഷണിയാണ്. ഒരേ അപകടമാണ് അവരെ തുറിച്ചുനോക്കുന്നത്. ഒരുമിച്ചുനില്‍ക്കുക മാത്രമാണ് ഒരേയൊരു പോംവഴി എന്നവര്‍ തിരിച്ചറിയുന്നു. കോവിഡ് കാലത്ത് പുതിയ തിരിച്ചറിവുകള്‍ കേരളവും ആര്‍ജിക്കുമ്പോള്‍ അരനൂറ്റാണ്ടിനും മുമ്പുള്ള ദുരന്തത്തെ ഓര്‍ക്കാതിരിക്കാ നാവില്ല. ആ ദുരന്തത്തെ തീവ്രമായ മനുഷ്യകഥയുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച നോവലും. മലയാളത്തിന്റെ സുകൃതമായ എം.ടി.വാസുദേവന്‍ നായരുടെ അസുരവിത്ത്. 

മലയാളം ഹൃദയത്തില്‍ ഏറ്റുവാങ്ങിയവയാണ് എംടിയുടെ എല്ലാ നോവലുകളും കഥകളും സിനിമകളും. ഓരോരുത്തരുടെയും ഇഷ്ടത്തില്‍ വ്യത്യാസമുണ്ടാകാമെങ്കിലും നാലുകെട്ട് മുതല്‍ വാരണസി വരെയുള്ള നോവലുകള്‍ മലയാളി അവര്‍ത്തിച്ചുവായിക്കുന്നു; പുതിയ തലമുകള്‍ക്ക് ശുപാര്‍ശ ചെയ്യുന്നു. ഓരോ നോവലിന്റെയും പ്രമേയവും പശ്ചാത്തലവും വ്യത്യസ്തമാണ്; അവ പകരുന്ന അനുഭൂതികളും. 

എങ്കിലും ഒന്നിലധികം പേര്‍ അദ്ദേഹത്തിന്റെ ഏറ്റവും വിലപ്പെട്ട കൃതിയായി എടുത്തുകാണിച്ചിട്ടുള്ളത് അസുരവിത്താണ്. തകര്‍ന്ന ഒരു നാലുകെട്ടിന്റെ കഥയില്‍ നിന്ന്, ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍നിന്ന്, സാര്‍വലൗകീക പ്രമേയങ്ങളിലേക്ക് അസുരവിത്തിന്റെ കഥയെ വികസിപ്പിക്കാന്‍ എംടിക്കു കഴിഞ്ഞിട്ടുണ്ട്. എക്കാലത്തും പ്രസക്തമായ ചില മാനുഷിക പ്രശ്നങ്ങള്‍ തീവ്രതയോടെ അവതരിപ്പിക്കാനും. 

അസുരവിത്തിന്റെ അവസാന അധ്യായങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതും ഭയമാണ്. കിഴക്കുമ്മുറി എന്ന ഗ്രാമം ഒന്നാകെ അനുഭവിക്കുന്ന മരണ ഭയം. 1962-ലാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്. അതിനും 20 വര്‍ഷം മുമ്പ് കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു കോളറ. പ്രത്യേകിച്ചും അന്നത്തെ മലബാര്‍ പ്രദേശത്തെ. കോളറ ഒരു ഗ്രാമത്തില്‍ ഭയം വിതയ്ക്കുന്നതിന്റെ അന്യാദൃശ്യമായ വിവരണം അസുരവിത്തിലുണ്ട്. 

മരണത്തിന്റെ വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ് മിക്കദിവസവും രാവിലെ ഉണര്‍ന്നിരുന്നത്. തിരുവാതിര ഞാറ്റുവേല രാവും പകലും തകര്‍ക്കുകയായിരുന്നു. നനഞ്ഞുകുതിര്‍ന്നുനില്‍ക്കുന്ന ഗ്രാമത്തിനു മുകളില്‍ മരണം, കാണാത്ത ഒരു കൂറ്റന്‍ പരുന്തിനെപ്പോലെ ചിറകു വിരുത്തി വട്ടമിട്ടു പറക്കുന്നുണ്ടെന്നു തോന്നി. തണുത്ത കാറ്റോടൊപ്പം ഭയം അടഞ്ഞ വാതിലുകളുടെ വിടവുകളിലൂടെ അരിച്ചുകയറിയിരുന്നു. 

ഒന്നിനു പിന്നാലെ മറ്റൊന്നായി എത്തുന്ന മരണ വാര്‍ത്തകള്‍ക്കൊപ്പം ഗോവിന്ദന്‍ കുട്ടിയും ഗ്രാമത്തെ ഭയപ്പെടുത്തിയ നാളുകളായിരുന്നു അത്. ചതിയുടെയും വഞ്ചനയുടെയും ഇരയായ ചെറുപ്പക്കാരന്‍. തന്നെ വഞ്ചിച്ചവര്‍ക്കെതിരെ പ്രതികാരം ചെയ്യുക  എന്ന ലക്ഷ്യവുമായി ഗോവിന്‍ കുട്ടി ഇരുട്ടിന്റെ മാളങ്ങളില്‍ തമ്പടിക്കുന്നു. ഭയന്ന മനുഷ്യര്‍ വീടുകളിലേക്ക് പിന്‍വാങ്ങിയതോടെ ഗ്രാമത്തില്‍ മോഷണങ്ങളും കവര്‍ച്ചകളും വര്‍ധിക്കുന്നു. 

കപടനാട്യക്കാരായ ജനങ്ങള്‍ എല്ലാ മോഷണങ്ങള്‍ക്കു പിന്നിലും ഗോവിന്ദന്‍കുട്ടിയുടെ കരങ്ങളാണ് കണ്ടെത്തുന്നത്. അതോടെ ജീവിതം മുഴുവന്‍ വിശ്വസിച്ച സഹോദരിയും അയാളെ തള്ളിപ്പറയുന്നു. അവശേഷിച്ച ഒരേയൊരു ആഭരണം ഗോവിന്ദന്‍ കുട്ടിക്ക് നല്‍കി, എവിടെയെങ്കിലും പോയി രക്ഷപ്പെടാന്‍ അയാളോട് അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അപ്പോഴേക്കും മരണം വ്യാപകമായിക്കഴിഞ്ഞിരുന്നു. അനാഥ ശവങ്ങള്‍ സംസ്കരിക്കാന്‍പോലും ജനം പുറത്തിറങ്ങാത്ത അവസ്ഥ. 

ഗോവിന്ദന്‍ കുട്ടി എന്ന പ്രതികാര ദാഹി അതോടെ ഗ്രാമത്തിന് ഏറ്റവും ആവശ്യക്കാരനായി മാറുന്നു. ആരും ഏറ്റെടുക്കാത്ത നിയോഗം അയാള്‍ ഏറ്റെടുക്കുകയാണ്. ആരും പേടിക്കുന്ന ജോലി സന്തോഷത്തോടെ അയാള്‍ നിറവേറ്റുന്നു. 

മനുഷ്യര്‍ക്ക് തന്നെ ആവശ്യമില്ലെങ്കിലും ശവങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന തിരിച്ചറിവില്‍ ഗോവിന്ദന്‍ കുട്ടി എത്തുന്നു. കിഴക്കുമ്മുറിയിലെ ആളുകള്‍ക്ക് തന്നെ ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ, ശവങ്ങള്‍ക്കു താന്‍ വേണം. ശവങ്ങള്‍ക്കു മാപ്പിളയും നായരും ഭേദമില്ല; കള്ളനും തെമ്മാടിയും വ്യത്യാസമില്ല- ഗോവന്ദന്‍ കുട്ടി തിരിച്ചറിയുന്നു.

ഗ്രാമം ഭയത്തില്‍നിന്നു മുക്തമാകുമ്പോള്‍ മാത്രമാണ് അയാളുടെ ജോലി പൂര്‍ത്തിയാകുന്നത്. അതോടെ അയാള്‍ അവിടം വിട്ടുപോകുകയുമാണ്. തിരിച്ചുവരും എന്ന ഉറപ്പുമായി. 

അയാള്‍ പിന്നെയും നടന്നു. 

മേച്ചില്‍ സ്ഥലങ്ങള്‍ ഇവിടെ ആരംഭിക്കുന്നു. 

വഴുക്കുചാലുകളും ഇളംകാലടികള്‍ക്കു തട്ടിത്തെറിപ്പിക്കാന്‍ വെള്ളമൊരുക്കിനില്‍ക്കുന്ന പുല്‍ത്തണ്ടുകളും മേഞ്ഞുനടക്കുന്ന കാലിക്കൂട്ടങ്ങളും ഇപ്പോഴും ബാക്കിനില്‍ക്കുന്നുണ്ട്.

നടുവില്‍, കടന്നുപോയവരുടെയെല്ലാം കാല്‍പാടുകളില്‍ കരിഞ്ഞ പുല്ലുകള്‍ നിര്‍മിച്ച ഒറ്റയടിപ്പാത നീണ്ടുകിടക്കുന്നു. 

- പ്രിയപ്പെട്ടവരേ, തിരിച്ചുവരാന്‍ വേണ്ടി യാത്ര ആരംഭിക്കുകയാണ്. 

English Summary : Asuravithu Novel By M.T Vasudevan Nair