ഓരോ മഴക്കാലത്തും തോന്നും, ഇക്കാണുന്നതൊന്നുമല്ലാത്ത മറ്റൊരു മഴക്കാലം എവിടെയോ ഉണ്ട്. ഒരിക്കൽ അവിടേക്കുപോകണമെന്ന്. ഇങ്ങനെ തുള്ളിയലയ്ക്കുന്ന ജലപ്രവാഹം കൊണ്ടുവരുന്നത് ഉന്മാദം.

ഓരോ മഴക്കാലത്തും തോന്നും, ഇക്കാണുന്നതൊന്നുമല്ലാത്ത മറ്റൊരു മഴക്കാലം എവിടെയോ ഉണ്ട്. ഒരിക്കൽ അവിടേക്കുപോകണമെന്ന്. ഇങ്ങനെ തുള്ളിയലയ്ക്കുന്ന ജലപ്രവാഹം കൊണ്ടുവരുന്നത് ഉന്മാദം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ മഴക്കാലത്തും തോന്നും, ഇക്കാണുന്നതൊന്നുമല്ലാത്ത മറ്റൊരു മഴക്കാലം എവിടെയോ ഉണ്ട്. ഒരിക്കൽ അവിടേക്കുപോകണമെന്ന്. ഇങ്ങനെ തുള്ളിയലയ്ക്കുന്ന ജലപ്രവാഹം കൊണ്ടുവരുന്നത് ഉന്മാദം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്മാദം പലതരത്തിലാണ്. അതിയായ ആഹ്ലാദം  ഉന്മാദത്തോളം എത്താം. അതിയായ ദുഃഖവും. ഇതു രണ്ടും മറച്ചുവയ്ക്കാനു മാവില്ല. സമൂഹം ഉന്മാദികളെ ഭയപ്പെടുന്നുവെന്നതിനാൽ അവർ അവരെ തടവിലേക്കോ മരണത്തിലേക്കോ അയയ്ക്കുകയാണു പതിവ്. ഈ ഉന്മാദത്തിന്റെ സൂക്ഷ്മ രൂപം ഭാവനയ്ക്കുള്ളിലാണ്.

 

ADVERTISEMENT

ഭാവനയ്ക്കുള്ളിൽ, ഭാവനയിരിക്കുന്ന ചേതനയിൽ അനുഭവ പ്പെടുന്ന ഒരു മത്തുണ്ട്. രാത്രി വൈകിയ നിശബ്ദതയിലേക്ക് ചീവിടുകളുടെ കരച്ചിൽ, മഴക്കാലത്തു മുറ്റത്തുവീഴുന്ന വെളളം എന്നിവയൊക്കെ മതി ചിലർക്കു മത്ത് പകരാൻ. അതാണു ചിലനേരം കവിതയായി മാറുന്നത്. ഒളപ്പമണ്ണയുടെ ഒരു കവിതയുണ്ട്, ‘ഒലിച്ചുപോകുന്ന ഞാൻ’. അത് കവി കണ്ട മഴക്കാലത്തെ നിറഞ്ഞ പുഴയാണ്. ഉന്മത്തതയ്ക്കൊടുവിൽ കവി സാക്ഷിയാകുന്നതോ അനാഥമായ ഒരു മരണത്തിന്.

 

 

മുറ്റത്തും പറമ്പിലും വെള്ളം പൊങ്ങുന്നതുനോക്കി നിൽക്കുക യാണു കവി. ചൂടുകാലമത്രയും തുറന്നുകിടന്ന ജനാലയിലൂടെ ഇപ്പോൾ മഴച്ചാറ്റൽ അടിച്ചുകയറുന്നു. ആ മഴ കൊണ്ടുവരുന്ന ഒരുതരം ഏകാന്തതയുണ്ട്. കട്ടൻചായ പോലെ സുഖകരമായത്. ഓരോ മഴക്കാലത്തും തോന്നും, ഇക്കാണുന്നതൊന്നുമല്ലാത്ത മറ്റൊരു മഴക്കാലം എവിടെയോ ഉണ്ട്. ഒരിക്കൽ അവിടേക്കുപോകണമെന്ന്. 

ADVERTISEMENT

‘ഏകാന്തതയുടെ നൂലിലോടങ്ങനേ 

പോകാൻ പുറപ്പെട്ടുനിൽക്കുമെൻ കൺകളിൽ

മത്തെടുത്തോടിനടക്കുന്നു ചങ്ങല

പൊട്ടിച്ചു ഭൂമിയിൽ വന്നൊരൈരാവതം’

ADVERTISEMENT

 

തോമസ് ട്രാൻസ്ട്രോമർ

ഇങ്ങനെ തുള്ളിയലയ്ക്കുന്ന ജലപ്രവാഹം കൊണ്ടുവരുന്നത് ഉന്മാദം. ‘മഴയുടെ അലകൾ തോളത്തെടുത്ത്’ കവി പുഴയോരത്തു ചെല്ലുമ്പോൾ അതിന്റെ ഭാവം മറ്റൊന്നാണ്. കല്ലും മണ്ണും കടപുഴകിയ മരങ്ങളും അതിലൂടെ ഒഴുകിവരുന്നു. പേമാരിക്കൊപ്പം കാറ്റുമുണ്ട്. പുഴയിലെ പ്രവാഹം സൗമ്യയല്ല രൗദ്രയാണ്. കാറ്റു പോലും നദിയുടെ ചുഴികളിൽ മുങ്ങിത്താണു. കലങ്ങിച്ചുവന്ന പുഴയെ നോക്കിയാൽ തോന്നുന്നതോ-

‘കാട്ടുതീ പോലെ പടർന്നുപോയിടുമീ

യാറ്റിലെ ഘോരസൗന്ദര്യം മനോഹരം!’

 

ജലപ്രവാഹം കൊണ്ടുവരുന്ന ഉന്മാദം കവിയെ നാനാവികാര തരളിതചിത്തനാക്കുന്നുണ്ട്. പക്ഷേ, ആ പ്രവാഹത്തിലൂടെ കല്ലിനും മണ്ണിനുമൊപ്പം ചത്ത മൃഗങ്ങളും ഒഴുകിവരുന്നുണ്ട്. കവിയുടെ തരളിതമായ മനസ്സിനെ പിടിച്ചുലച്ച് ആ ജന്തുക്കൾ   ക്കൊപ്പം ഒരു മനുഷ്യന്റെ മൃതദേഹം കൂടി ഒഴുകിവരികയാണ്. അയാൾ പുഴയിൽ വീണു മരിച്ചതാണോ.. ജീവനൊടുക്കിയതാ ണോ.. ഉന്മാദം കുതിച്ചൊഴുകുന്ന പ്രവാഹത്തിലൂടെ അജ്ഞാത   നായ ആ മനുഷ്യന്റെ മൃതശരീരവും കൂടി ഒഴുകിപ്പോകുന്നു. അത് ഏതോ ഒരു മനുഷ്യനല്ല, താൻ തന്നെയാണ് എന്നും കവിക്കു തോന്നിപ്പോകുന്നു. മത്തുപിടിച്ച ചിന്ത എത്തിച്ചേരുന്നിടം - മരണം തന്നെയാവാം. അനാഥമായി, പ്രകൃതിയുടെ ഉന്മാദത്തിൽ എങ്ങോ മറയുന്നു മനുഷ്യൻ.

 

സ്വീഡിഷ് കവി തോമസ് ട്രാൻസ്ട്രോമറിൽ, ഗ്രാമത്തിലല്ല നഗരങ്ങളിലെ ഇടങ്ങളിലാണു വെള്ളം പൊങ്ങുന്നത്. കാറുകൾ മുങ്ങിപ്പോകുന്നു. പാലത്തിന്റെ കൈവരിയിൽ പിടിച്ചു കവി നില്ക്കുന്നു. നോക്കുമ്പോൾ പാലം എന്നതു മരണം പിന്നിട്ടുപോകുന്ന ഭീമൻ ഉരുക്കുപക്ഷിയാണ്. പ്രകൃതിയുടെ അളവുകളൊന്നുമില്ലാതെ വരുന്ന കവിത. നഗരത്തിലെ ഹോട്ടൽറൂമിൽ ഉറങ്ങുമ്പോൾ എവിടെനിന്നോ ഉയരുന്ന ടെലിഫോൺ നാദം കവിയെ കൊണ്ടുപോകുന്നു. അല്ലെങ്കിൽ വൈദ്യുതിക്കമ്പികളിൽ കാറ്റുകുരുങ്ങുമ്പോഴുള്ള പ്രകമ്പനം കവിയെ ഉലയ്ക്കുന്നു. പള്ളിമണികൾ, സംഗീതകച്ചേരികൾ, ഹൈവേയിലെ വിളക്കുമരങ്ങൾ - നാഗരികതയുടെ സ്ഥലങ്ങളും ചിഹ്നങ്ങളുമെല്ലാം കാവ്യബിംബങ്ങളാകുന്നു. 

പോൾ സെലാൻ

‘I escape to the same places and same words’ 

അത് മത്തുള്ള ഏകാന്തതയെ നിർമിക്കുന്നു.

 

കൃഷിയും മരക്കച്ചവടവുമായി കഴിഞ്ഞിരുന്ന ഒളപ്പമണ്ണ, മറ്റൊരു മഴക്കാലം കവിതയിൽ (കാക്കക്കൂട്) കൊണ്ടുവരുമ്പോൾ വീടാ കെ മുങ്ങിപ്പോയിരിക്കുന്നു മഴവെള്ളത്തിൽ. മേൽപ്പുര മാത്രം മുങ്ങാതെ നിൽക്കുന്നു. അപ്പോൾ അതിനുമേൽ ഒരു കാക്ക. അതു ദേഹത്തെ വെള്ളമുണക്കാനായി ഇരിക്കുകയാണ്. കാക്കയുടെ കണ്ണുകൾ എന്താണു പറയുന്നത്

‘നന്നായി വീടുവെയ്ക്കാത്തതെന്നാ-

വെള്ളാരങ്കണ്ണിലുണ്ടായിരുന്നു.’

 

സ്വന്തമായി വീട് വെയ്ക്കാൻ വൈകിയെന്ന്, സ്വന്തം വീടില്ലല്ലോ എന്നെല്ലാം വിചാരിക്കാത്ത ആരാണുള്ളത്. കവികളും പുതിയ വീടു വയ്ക്കുന്നു. വീടു പുതുക്കിപ്പണിയുന്നു. കവിതയ്ക്കു പകരം കവിക്കൊപ്പം ഇഎംഐകൾ വരുന്നു. ഈ കവി, പറമ്പിൽ ഒരു മരം കണ്ടുവച്ചതാണ്. അതു വീടു വയ്ക്കാൻ പറ്റിയതുമായിരുന്നു. പക്ഷേ അതങ്ങു നീണ്ടുപോയി. ഇപ്പോൾ ആ മരവും പേമാരിയിൽ മുങ്ങി. മുങ്ങാത്തതു മേൽപ്പുര മാത്രം. ആ മരത്തിൽ വീടു വയ്ക്കാത്തതു നന്നായി എന്നു കാക്കയാണോ കവിയാണോ വിചാരിക്കുന്നത് എന്ന് നാം സംശയിക്കും. ആ സംശയത്തോടെ വീണ്ടും വായിക്കുമ്പോൾ പേമാരിയിൽ മുങ്ങിയ വീടിന്റെ മേൽപ്പുരയിലിരിക്കുന്ന കാക്ക നല്ലൊരു ദൃശ്യമാണ്.

 

ഉന്മാദത്തെ പറഞ്ഞാണു നാം ഇന്ന് ഈ കോളം തുടങ്ങിയത്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഉന്മാദം അയാളുടെ സ്വാതന്ത്ര്യമാണെന്നു ഞാൻ കരുതുന്നു. സ്വാതന്ത്ര്യത്തിന്റെ ഒരു പ്രത്യേകത അതു നമ്മെ ജീവിതത്തോടു സ്നേഹവും ദയയും ഉള്ളവരാക്കി മാറ്റുന്നുവെന്നാണ്. സ്വാതന്ത്ര്യമാണ് ആത്മാവിഷ്കാര ത്തിനുള്ള ഇടവും. എന്നാൽ ഇപ്പോഴും സാമൂഹികമായ ചട്ടങ്ങളു ടെയും മുൻവിധികളുടെയും മുന്നിൽ സ്വാതന്ത്ര്യകാംക്ഷികളായ ഒരുപാടു ചെറുപ്പക്കാർ വീണുപോകുന്നു.

 

 

അവർ അകാല മരണങ്ങളായി നമ്മെ പിന്തുടരുകയും ചെയ്യുന്നു. കുട്ടികളുടെയും ചെറുപ്പക്കാരുടെയും യാതനകൾ നമ്മുടെ മറ്റെല്ലാം നേട്ടങ്ങളെയും അർത്ഥശൂന്യമാക്കുന്നുവെന്ന് ആരെങ്കി ലും ഓർക്കുന്നുണ്ടോ. പെൺകുട്ടികളുടെ ദുർമരണങ്ങളാകട്ടെ നമ്മുടെ സാംസ്കാരികശൂന്യതയുടെ വിളംബരമായും മാറുന്നു. ‘Once when death was mobbed, you took refuge in me’ എന്നു പോൾ സെലാൻ എഴുതിയത്, മഹാദുരിതങ്ങൾക്കുശേഷം കവിതയും ഭാഷയും ആശ്രയമാകുന്നതിനെ ക്കുറിച്ചായിരുന്നു. പക്ഷേ സെലാനും ഒടുവിൽ അകാലമരണത്തിലേക്ക് അഭയം തിരഞ്ഞുപോയി. 

 

ആഴത്തിൽ വേരുറപ്പിക്കാൻ ഒരിടം കിട്ടുന്നില്ലെങ്കിൽ ചെറുതും വലുതുമായ എല്ലാ മനുഷ്യാത്മാക്കളും കടപുഴകി വീണുപോകും. പുതിയ കവിതകൾ എഴുതാനും പുതിയ കഥകൾ പറയാനും യുവാക്കളെ ബാക്കിവയ്ക്കാത്ത ഒരു ജനതയായി നാം രൂപാന്തരം സംഭവിക്കുകയാണോ എന്നു ഭയം തോന്നുന്നു. നീതിയുടെ പക്ഷത്തുനിൽക്കുക എന്നാൽ തനിച്ചായിപ്പോകുന്ന മനുഷ്യനൊപ്പം നിൽക്കുക എന്നാണെന്ന് നാം പരസ്പരം ഓർമിപ്പിക്കേണ്ടിയിരിക്കുന്നു.

 

English Summary : Frenzy And Poetry