ആമി. ആ പേരിനോടു പോലും പ്രണയമാണ് മലയാളിക്ക്. വെളുത്ത ഖദര്‍ കുപ്പായങ്ങളും ഉയര്‍ത്തിക്കെട്ടിവച്ച മുടിയും മാന്യതയുടെ, മിതത്വത്തിന്‍റെ അടയാളങ്ങളായി വാഴ്ത്തപ്പെട്ട കാലത്താണ് ഒരു സ്ത്രീ പച്ചയും ചോപ്പും പട്ടുസാരികളണിഞ്ഞ്, ചുരുള്‍മുടി അഴിച്ചുവിടര്‍ത്തിയിട്ട്, കണ്ണില്‍ നിറയെ മഷിയെഴുതി, ചുണ്ടില്‍ ചായം പൂശി,

ആമി. ആ പേരിനോടു പോലും പ്രണയമാണ് മലയാളിക്ക്. വെളുത്ത ഖദര്‍ കുപ്പായങ്ങളും ഉയര്‍ത്തിക്കെട്ടിവച്ച മുടിയും മാന്യതയുടെ, മിതത്വത്തിന്‍റെ അടയാളങ്ങളായി വാഴ്ത്തപ്പെട്ട കാലത്താണ് ഒരു സ്ത്രീ പച്ചയും ചോപ്പും പട്ടുസാരികളണിഞ്ഞ്, ചുരുള്‍മുടി അഴിച്ചുവിടര്‍ത്തിയിട്ട്, കണ്ണില്‍ നിറയെ മഷിയെഴുതി, ചുണ്ടില്‍ ചായം പൂശി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമി. ആ പേരിനോടു പോലും പ്രണയമാണ് മലയാളിക്ക്. വെളുത്ത ഖദര്‍ കുപ്പായങ്ങളും ഉയര്‍ത്തിക്കെട്ടിവച്ച മുടിയും മാന്യതയുടെ, മിതത്വത്തിന്‍റെ അടയാളങ്ങളായി വാഴ്ത്തപ്പെട്ട കാലത്താണ് ഒരു സ്ത്രീ പച്ചയും ചോപ്പും പട്ടുസാരികളണിഞ്ഞ്, ചുരുള്‍മുടി അഴിച്ചുവിടര്‍ത്തിയിട്ട്, കണ്ണില്‍ നിറയെ മഷിയെഴുതി, ചുണ്ടില്‍ ചായം പൂശി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമി. ആ പേരിനോടു പോലും പ്രണയമാണ് മലയാളിക്ക്. വെളുത്ത ഖദര്‍ കുപ്പായങ്ങളും ഉയര്‍ത്തിക്കെട്ടിവച്ച മുടിയും മാന്യതയുടെ, മിതത്വത്തിന്‍റെ അടയാളങ്ങളായി വാഴ്ത്തപ്പെട്ട കാലത്താണ് ഒരു സ്ത്രീ പച്ചയും ചോപ്പും പട്ടുസാരികളണിഞ്ഞ്, ചുരുള്‍മുടി അഴിച്ചുവിടര്‍ത്തിയിട്ട്, കണ്ണില്‍ നിറയെ മഷിയെഴുതി, ചുണ്ടില്‍ ചായം പൂശി, കൈനിറയെ വളകളണിഞ്ഞ്, ഉറക്കെ പൊട്ടിച്ചിരിച്ച് മലയാളിയുടെ വായനാനുഭവങ്ങളിലേക്ക് മാ‍ത്രമല്ല, കുടുംബക്രമത്തിലേക്കു കൂടി കയറിവന്നത്. കമല ദാസ് എന്ന മാധവിക്കുട്ടി എന്ന കമല സുരയ്യ. മലയാളിയുടെ, പ്രത്യേകിച്ച് മധ്യവര്‍ഗത്തിന്‍റെ കപടനാട്യങ്ങള്‍ക്കു നേരേ പരിഹാസത്തിന്‍റെ കുന്തമുനകള്‍ നീട്ടിയെറിഞ്ഞ് അവര്‍ പെണ്‍ജീവിതവും കാമനകളും തുറന്നെഴുതി. ഒരിക്കലും വെട്ടിയൊതുക്കാത്ത കാട്ടുപച്ചത്തഴപ്പ് പോലെയായിരുന്നു അവര്‍. അതുകൊണ്ടു തന്നെ ആദ്യത്തെ ഞെട്ടലിന്‍റെ അലയൊലി അടങ്ങിയപ്പോള്‍ വായനക്കാര്‍ അവരെ ഏറ്റെടുത്തു. ഇന്നും സ്നേഹത്തെ കുറിച്ച്, പ്രണയത്തെ കുറിച്ച് ഒരു കുറിപ്പെഴുതുമ്പോള്‍ മലയാളിക്ക് അവരുടെ വചനങ്ങള്‍ ഇല്ലാതെ വയ്യ. ഇംഗ്ലിഷിലും മലയാളത്തിലും ഒരേ കൈത്തഴക്കത്തോടെ അവരെഴുതി. അതുകൊണ്ടുതന്നെ ലോകം മുഴുവൻ അവർക്ക് വായനക്കാരുണ്ടായി. എഴുത്തും ജീവിതവും ഇത്രയേറെ ആഘോഷിക്കപ്പെട്ട മറ്റാരാണ് നമുക്കുള്ളത്... 

പക്ഷേ, പ്രണയത്തിന്‍റെ കഥാകാരി എന്ന് നാമെന്തിനാണ് അവരെ ചുരുക്കുന്നത്... കമല എഴുതിയത് സ്നേഹത്തെക്കുറിച്ചാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള തീവ്രാനുരാഗത്തെ കുറിച്ച്, അമ്മയും കുഞ്ഞും തമ്മിലുള്ള ജന്മാന്തര ബന്ധത്തെ കുറിച്ച്, മുത്തശ്ശിയും കൊച്ചുമകളും തമ്മിലുള്ള ഇഴപൊട്ടാത്ത സ്നേഹത്തെ കുറിച്ച്, ആരുമല്ലാതിരുന്നിട്ടും ഏകാന്തവിഷാദങ്ങളുടെ ഇരുളില്‍ സ്നേഹത്തിന്‍റെ കൈത്തിരി കൊളുത്തി വച്ചവരെ കുറിച്ച്... മുത്തശ്ശിയുടെ സ്നേഹപ്പുതപ്പില്‍ പൊതിഞ്ഞിരിക്കാന്‍ മോഹിച്ച കുട്ടി ആമി തനിക്കു ലഭിച്ച സ്നേഹം എല്ലാവരിലേക്കും പ്രസരിപ്പിക്കുകയായിരുന്നു. നീര്‍മാതളപ്പൂക്കള്‍ പോലെ അതിവിശുദ്ധമായ സ്നേഹമാണ് അമ്മമ്മയില്‍നിന്ന് അവള്‍ക്ക് ലഭിച്ചത്. അതിന്‍റെ ഓര്‍മകള്‍ എക്കാലവും കമലയുടെ ഉള്ളില്‍ തിടം വച്ചുനിന്നിരുന്നു. മുത്തശ്ശിയുടെ മരണത്തെ കുറിച്ച് എപ്പോഴും ആകുലപ്പെടുന്ന ‘വേനലിന്‍റെ ഒഴിവി’ലെ അമ്മുവില്‍ മുതല്‍ ജന്മാന്തര ബന്ധത്തിന്‍റെ തുടര്‍ച്ചയുമായി എത്തിയ മദ്രാസി പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ ‘നാവികവേഷം ധരിച്ച കുട്ടി’യിലെ മന്ത്രിയിലേക്കു വരെ ഈ സ്നേഹപരമ്പര നീളുന്നുണ്ട്. സ്നേഹത്തിന് ജാതിയുടെ, മതത്തിന്‍റെ, രാജ്യത്തിന്‍റെ, വംശത്തിന്‍റെ അതിരുകളൊന്നുമില്ലെന്നു നമ്മളെ ആദ്യമായി പഠിപ്പിച്ചത് മാധവിക്കുട്ടിയാണ്. ‘പരുന്തുകളി’ലെ ഫിലിപ്പീന്‍കാരന്‍ ഗുല്‍ട്ടിയാനോയും ‘കടല്‍മയൂര’ത്തിലെ മലേഷ്യക്കാരന്‍ കിം സൂങ്ങുമൊക്കെ പ്രണയത്തിന്‍റെ അതിരുകള്‍ മാറ്റിയെഴുതിയവരാണ്.

ADVERTISEMENT

മലയാളിസ്ത്രീയെ സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് മാധവിക്കുട്ടിയല്ലെങ്കില്‍ മറ്റാരാണ്... ശരീരത്തിന് അതിന്‍റേതായ ഒരു നിഷ്കളങ്കതയുണ്ടെന്നും അതിനെ സ്നേഹിക്കണമെന്നും അവര്‍ക്കു വഴികാട്ടിയത് കുട്ടിക്കാല ഓര്‍മകളില്‍ നിറഞ്ഞുനിന്ന അമ്പാഴത്തേലെ കുട്ടിയോപ്പു ആണെന്ന് ‘നീര്‍മാതളം പൂത്തകാലം’ എന്ന ആത്മകഥാപരമായ കൃതിയില്‍ അവരെഴുതി. ധനുമാസത്തിലെ ശൈത്യത്തില്‍ പുതിയ കുളത്തില്‍ കുട്ടിയോപ്പുവിനൊപ്പം തുടിച്ചുകുളിച്ച കമല പിന്നീട് എഴുതിയിട്ടുണ്ട്, ‘കണ്ണെഴുതി വെളുത്ത കൂവപ്പൊടിയുടെ തിലകം തൊട്ട് മുടിയില്‍ പൂചൂടി ഊഞ്ഞാലില്‍ ആടുന്ന പെണ്‍കൊടിയെക്കാള്‍ മനോഹരി ആരാണ്... ? തിരുവാതിരക്കുളി കുളിച്ച മലയാളി മങ്കയുടെ ചന്തം മറ്റാര്‍ക്കുമില്ല’ എന്ന്... മരണം വരെ ആരും കാണാതെ (യൗവനത്തില്‍ മാത്രം ഇരുളില്‍ നടക്കുന്ന രതിക്രീഡകളില്‍ ഭര്‍ത്താവ് പോലും കാണാതെ) സൂക്ഷിക്കപ്പെട്ട സ്ത്രീശരീരങ്ങള്‍ മരണശേഷം അപരിചിതരാല്‍ കഴുകി വൃത്തിയാക്കപ്പെട്ട് അഗ്നിക്ക് ഭക്ഷിക്കാന്‍ കൊടുക്കുന്നതിലെ കൊടിയ നീതികേട് അവര്‍ നമ്മളെ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു.

കാമമെന്നത് സ്ത്രീ ഉച്ചരിക്കേണ്ടാത്ത, ഉച്ചരിക്കേണ്ടി വന്നാല്‍ത്തന്നെ നിന്ദയോടെ പറയേണ്ട, വാക്കായി കരുതിയിരുന്ന ഇടത്തേക്കാണ് ശരീരത്തിന്‍റെ, ആസക്തികളുടെ കൊടിയേറ്റത്തെക്കുറിച്ചു പറഞ്ഞ് മാധവിക്കുട്ടി കടന്നുവന്നത്. ‘എന്‍റെ കഥ’ പുറത്തു വന്നതോടെ അവര്‍ പറയുന്നതെല്ലാം അവരുടെ സ്വകാര്യ ജീവിതമെന്നു കരുതി പരസ്യമായി പുച്ഛത്തോടെയും രഹസ്യമായി ഹര്‍ഷോന്മാദത്തോടെയും അവരെ നോക്കിയ ചില പുരുഷന്മാര്‍ പതിയെപ്പതിയെ തങ്ങളുടെ സ്ത്രീകളും ലൈംഗികതയെ കുറിച്ച്, ശരീരത്തിന്‍റെ മോദങ്ങളെ കുറിച്ച് തിരിച്ചറിവുള്ളവരാകുന്നതു നോക്കി പകച്ചുനിന്നു. മലയാളിയുടെ കുടുംബബന്ധങ്ങളില്‍ തന്നെ മാധവിക്കുട്ടി പൊളിച്ചെഴുത്ത് നടത്തി.

ADVERTISEMENT

കുലവധൂസങ്കല്‍പങ്ങളെ കിട്ടിയ അവസരങ്ങളിലെല്ലാം അവര്‍ കണക്കറ്റ് പരിഹസിച്ചു. സംതൃപ്ത ദാമ്പത്യം നയിക്കുന്നവര്‍ക്കിടയില്‍ അവര്‍ക്കു മാത്രം അറിയുന്ന, നീന്തിക്കടക്കാനാകാത്ത ഒരു കടലുണ്ടെന്ന് അവര്‍ കാട്ടിത്തന്നു. സ്ത്രീക്ക് പട്ടുസാരികളും മണിമാളികയും ആഭരണങ്ങളും മാത്രം പോരെന്നും ആത്മാവിന്‍റെ ദാരിദ്ര്യം തീര്‍ക്കുന്നവനെ അവള്‍ തേടിക്കൊണ്ടിരിക്കുമെന്നും ഓരോ കഥയിലും അവര്‍ എഴുതിവച്ചു. അവരുടെ സ്ത്രീകള്‍ കുടുംബ ബന്ധങ്ങളുടെ വേലിക്കെട്ട് തട്ടിത്തുറന്ന് പട്ടുസാരിയും പാദസരങ്ങളും കൈവളയുമണിഞ്ഞ്, നനവാര്‍ന്ന നീളന്‍മുടി അഴിച്ചിട്ട് കാമുകസവിധത്തിലേക്ക് നടന്നുപോയി. അയാളോടൊപ്പം രതിയനുഭവിക്കുന്നതു പോലെ തന്നെ അയാളുടെ തോളില്‍ ചാരിയിരുന്ന് കരയാനും പൊടിനിറഞ്ഞ, അറ്റമില്ലാത്ത നിരത്തിലൂടെ നടക്കാനും ആ സ്ത്രീകള്‍ ഇഷ്ടപ്പെട്ടു. ആ അര്‍ഥത്തില്‍ അവര്‍ ഒരു പ്രവാചകയായിരുന്നു. നാല്‍പതോ അന്‍പതോ വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നത്തെ സ്ത്രീകളില്‍ ചിലര്‍, അതും ഒരു ന്യൂനപക്ഷം, പ്രണയത്തെ, രതിയെ ആഘോഷമാക്കുന്നതിന്‍റെ പ്രവചനക്കാഴ്ചയായിരുന്നു അത്. അല്ലെങ്കില്‍ ഒരുപക്ഷേ, മാധവിക്കുട്ടിയുടെ എഴുത്തുകളില്‍ നിന്നാവാം ഈയൊരു ധൈര്യം നമ്മുടെ സ്ത്രീകള്‍ ആര്‍ജിച്ചെടുത്തത്.

ആദര്‍ശജീവിതങ്ങളുടെ കാപട്യവും അവര്‍ പൊളിച്ചുകാട്ടി. ഗാന്ധിമാര്‍ഗത്തില്‍ ജീവിച്ച് വെള്ള ഖദറുടുത്തു നടന്ന മീനാക്ഷിയമ്മ ഊര്‍ധ്വന്‍ വലിക്കുമ്പോള്‍ പച്ചപ്പട്ടു ജാക്കറ്റും പാലയ്ക്കാമോതിരവും അണിയാനുള്ള മോഹം പുറത്തുവന്നതിനെ കുറിച്ചാണ് ‘മീനാക്ഷിയമ്മയുടെ മരണം’ എന്ന കഥയില്‍ അവര്‍ എഴുതിയത്. ‘പതിവ്രത’ എന്ന കഥയിലാകട്ടെ ഭാര്യയെ മേലുദ്യോഗസ്ഥനു കൂട്ടിക്കൊടുത്ത ശേഷം ഉദ്യോഗത്തില്‍ നേട്ടമുണ്ടാക്കിയ ആള്‍ സമൂഹത്തില്‍ സുസമ്മതനാകുകയാണ്. വഴിപിഴച്ചവളെന്നു മുദ്രകുത്തപ്പെട്ട ആ ഭാര്യയാകട്ടെ ഒടുവില്‍ ദൈവത്തിന്‍റേതല്ലാത്ത ഒരു പ്രണയവും തനിക്കു സ്വീകാര്യമല്ലെന്ന അതിനിര്‍മലയായി തീരുന്നു. പിഞ്ചുശരീരത്തോട് കാമം തീര്‍ത്ത ‘ചീത്ത മാമന്‍’ ഭക്തിയുടെ സുരക്ഷിതവേഷമണിഞ്ഞ് വിഗ്രഹത്തിനു വലം വയ്ക്കുന്ന കാഴ്ചയും അവര്‍ വരച്ചിട്ടു.

ADVERTISEMENT

എഴുത്ത് ഒരു ആത്മബലിയാണെന്ന് മാധവിക്കുട്ടി തന്നെ എഴുതിയിട്ടുണ്ട്. അവരെ സംബന്ധിച്ച് അതു സത്യവുമായിരുന്നു. ഓരോ എഴുത്തും വായിച്ച് അവരെ ആഘോഷിച്ച മലയാളി തന്നെ അവരുടെ വ്യക്തിജീവിതത്തെ അത്രയേറെ കീറിമുറിച്ചിട്ടുണ്ട്. എഴുത്തിലെ വരികള്‍ക്കിടയിലെല്ലാം സൂക്ഷ്മദര്‍ശിനി വച്ച് നാം അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് വീണ്ടും വീണ്ടും ഒളിഞ്ഞുനോക്കി. പക്ഷേ, എത്രയേറെ കീറിമുറിച്ചിട്ടും കാണാനായത് സ്നേഹത്തിന്‍റെ വിശുദ്ധ ഏടുകള്‍ മാത്രമാണ്. ദൈവമാണ് തന്‍റെ ആത്യന്തിക പ്രേമഭാജനമെന്ന് അവര്‍ പലവട്ടം ആണയിട്ടു. ഒരുപക്ഷേ, തന്നെ സ്നേഹിച്ച ഓരോരുത്തരിലും അവര്‍ കണ്ടത് ദൈവത്തെ തന്നെയാകാം. അവരുടെ സ്നേഹം കാട്ടുതേന്‍ പോലെയായിരുന്നു. ആ സ്നേഹത്തെ ആത്മാവ് കൊണ്ടറിഞ്ഞ ആര്‍ക്കും പിന്നീടതില്‍നിന്ന് മോചനമുണ്ടായില്ല.

മരിച്ച് വര്‍ഷങ്ങള്‍ ഇത്രയേറെ കഴിഞ്ഞിട്ടും മാധവിക്കുട്ടി വീണ്ടും വീണ്ടും വായിക്കപ്പെടുകയാണ്. അതുകൊണ്ടു തന്നെ ആ എഴുത്തുകള്‍ക്ക് എന്നും നിത്യയൗവനമാണ്. മോഹിച്ചതു പോലെയൊരു മരണമാണോ അവര്‍ക്കു ലഭിച്ചതെന്നു പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ, അവര്‍ സ്വപ്നം കണ്ട ഒരു പുനര്‍ജന്മമുണ്ട്. അവരുടെ തന്നെ വാക്കുകളില്‍...

‘ഇനിയൊരു ജന്മം കിട്ടുകയാണെങ്കില്‍ ഞാന്‍ എല്ലാ രാത്രിയിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും. മാന്‍പേടകളും കുതിരകളും നായ്ക്കുട്ടികളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും. വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ചലിലെന്ന പോലെ മലര്‍ന്നു കിടക്കുകയും ചെയ്യും. ഞാന്‍ സുഗന്ധികളായ പൂക്കളുടെ ദളങ്ങളും മാവിന്‍റെ തളിരും വിരിച്ച് ആ ശയ്യയില്‍ കിടക്കും. എന്‍റെ ശരീരത്തിന്‍റെ വിയര്‍പ്പിന് വാടിയ പുഷ്പങ്ങളുടെ ഗന്ധമുണ്ടാവും.  എന്‍റെ വായിലെ ഉമിനീരിന് കറുകപ്പുല്ലിന്‍റെ മണവും...’

അതേ... അവരുടെ കൂട്ടുകെട്ടിന് ഏറ്റവും അര്‍ഹര്‍ ഭൂമിയിലെ മനുഷ്യരല്ല, താരകങ്ങള്‍ തന്നെയാണ്. സുഗന്ധികളായ പുഷ്പങ്ങള്‍ക്കിടയില്‍ ഏറ്റവും മോഹിപ്പിക്കുന്ന ഗന്ധമുള്ളവളായി അവര്‍ എന്നേക്കും ശയിക്കട്ടെ...

English Summary : For bibliophiles in Kerala, Aami's memories still linger on