പത്തുവർഷം മുമ്പ് പത്തനംതിട്ടയിൽ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ കൂട്ടുകാരൻ അനിൽ വള്ളിക്കോടാണ് പറഞ്ഞത്. ശ്രീകണ്ഠൻ കരിക്കകത്തിനെ കണ്ടുപഠിക്കണം. പാവം പിടിച്ചവൻ. ആരും താലോലിക്കുന്നില്ല. പക്ഷേ, തളരാതെ എഴുതുന്നു. എഴുതിക്കൊണ്ടേയിരിക്കുന്നു. അങ്ങനെ വേണം എഴുത്തുകാർ. അന്നാണ് ഞാൻ ശ്രീകണ്ഠനെ കുറിച്ച് മറ്റൊരാൾ

പത്തുവർഷം മുമ്പ് പത്തനംതിട്ടയിൽ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ കൂട്ടുകാരൻ അനിൽ വള്ളിക്കോടാണ് പറഞ്ഞത്. ശ്രീകണ്ഠൻ കരിക്കകത്തിനെ കണ്ടുപഠിക്കണം. പാവം പിടിച്ചവൻ. ആരും താലോലിക്കുന്നില്ല. പക്ഷേ, തളരാതെ എഴുതുന്നു. എഴുതിക്കൊണ്ടേയിരിക്കുന്നു. അങ്ങനെ വേണം എഴുത്തുകാർ. അന്നാണ് ഞാൻ ശ്രീകണ്ഠനെ കുറിച്ച് മറ്റൊരാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തുവർഷം മുമ്പ് പത്തനംതിട്ടയിൽ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ കൂട്ടുകാരൻ അനിൽ വള്ളിക്കോടാണ് പറഞ്ഞത്. ശ്രീകണ്ഠൻ കരിക്കകത്തിനെ കണ്ടുപഠിക്കണം. പാവം പിടിച്ചവൻ. ആരും താലോലിക്കുന്നില്ല. പക്ഷേ, തളരാതെ എഴുതുന്നു. എഴുതിക്കൊണ്ടേയിരിക്കുന്നു. അങ്ങനെ വേണം എഴുത്തുകാർ. അന്നാണ് ഞാൻ ശ്രീകണ്ഠനെ കുറിച്ച് മറ്റൊരാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തുവർഷം മുമ്പ് പത്തനംതിട്ടയിൽ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ കൂട്ടുകാരൻ അനിൽ വള്ളിക്കോടാണ് പറഞ്ഞത്. ശ്രീകണ്ഠൻ കരിക്കകത്തിനെ കണ്ടുപഠിക്കണം. പാവം പിടിച്ചവൻ. ആരും താലോലിക്കുന്നില്ല. പക്ഷേ, തളരാതെ എഴുതുന്നു. എഴുതിക്കൊണ്ടേയിരിക്കുന്നു. അങ്ങനെ വേണം എഴുത്തുകാർ. 

അന്നാണ് ഞാൻ ശ്രീകണ്ഠനെ കുറിച്ച് മറ്റൊരാൾ പറയുന്ന അഭിപ്രായം ആദ്യമായി കേൾക്കുന്നത്. പിന്നിട് ആഴ്ചപ്പതിപ്പുകൾ വായിക്കുമ്പോൾ ആ പേര് തിരയാൻ തുടങ്ങി. ആ പരതലിനിടയിൽ ഒരു കഥ കണ്ണിൽപെട്ടു. 2012ലോ 13ലോ ആവണം, ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വന്ന ചാവേറ്.  നിരപരാധികളായ മനുഷ്യരെ കൊല്ലാൻ പദ്ധതിയിട്ട്, എവിടെയോ സ്ഫോടനം നടത്താൻ തയാറെടുപ്പുകൾ നടത്തി, അതിനുള്ള തീയുണ്ടകൾ സ്വന്തം വീട്ടിൽ കൊണ്ടുവന്നു വച്ച ഒരു ചാവേറിന്റെ മനസ്സിൽ ഭയം വളർന്നു വരുന്നതാണ് കഥാബീജം. മതതീവ്രവാദത്തെക്കുറിച്ചെഴുതാൻ എഴുത്തുകാർ പൊതുവെ തയാറാവാതെ നിന്ന സമയത്താണ് ശ്രീകണ്ഠന്റെ  ആ കഥ വായിക്കുന്നത്. കഥ വായിച്ച് ഇഷ്ടം തോന്നിയപ്പോൾ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. വളരെ ആവേശഭരിതമായിരുന്നു സംസാരം.

ADVERTISEMENT

പിന്നീട് ശ്രീകണ്ഠന്റെ ഓരോ കഥ വായിക്കുമ്പോഴും സന്തോഷം കൂടിക്കൂടി വന്നു. അടുത്തിടെ പുറത്തിറങ്ങിയ അങ്കണവാടി എന്ന സമാഹാരം വായിച്ചപ്പോൾ സന്തോഷം അതിന്റെ മട്ടുപ്പാവിലേക്കെത്തി. ധ്വനി കൊണ്ടു നിർമിച്ച ഗോപുരങ്ങളാണ് ഇതിലെ മിക്ക കഥകളും. പ്രജ്ഞയുടെ തിരണ്ടിവാൽ തല്ലുകൾ എന്ന ആദ്യകഥ മുതൽ ഓരോ കഥയിലായി ധ്വനിഭംഗിയുടെ ആലോചനാസൗന്ദര്യം നമ്മെ ഭ്രമിപ്പിച്ചു വികസിക്കും. പല കഥകളും പൂർണമായും ആസ്വദിക്കാൻ രണ്ടു വട്ടമോ മൂന്നുവട്ടമോ വായിക്കേണ്ടി വരും. ഓരോ വായനയിലും കഥയുടെ ശിൽപഭംഗി കൂടുതൽ കൂടുതൽ തെളിഞ്ഞുവരുകയും കാലത്തിനപ്പുറം സഞ്ചരിക്കാനുള്ള കഥയുടെ കായബലം നമുക്കു ബോധ്യമാക്കിത്തരുകയും ചെയ്യും. 

ഇലഞ്ഞിപ്പറമ്പിൽ അവറാച്ചൻ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് നിർമിക്കുകയും വർഷങ്ങളോളം പ്രദേശത്തെ ബാല്യങ്ങളുടെ അക്ഷരക്കളരിയായി പ്രവർത്തിക്കുകയും ചെയ്ത അങ്കണവാടിയെ ചപ്പുചവറുകളുടെ ശേഖരണസ്ഥലമാക്കി പഞ്ചായത്ത് മാറ്റിയെടുത്തതിനെ തുടർന്നുണ്ടായ ദുര്യോഗമാണ് അങ്കണവാടി എന്ന കഥയിൽ വിവരിച്ചിരിക്കുന്നത്. അങ്കണവാടിയുള്ളപ്പോൾ കുട്ടികളുടെ ആട്ടവും പാട്ടും കൊഞ്ചലും കരച്ചിലും ചിരിയുമെല്ലാം കൊണ്ട് മുഖരിതമായിരുന്നു ആ പരിസരം. അധ്യാപികമാരുടെ കുട്ടിത്തങ്ങൾ  അന്തരീക്ഷത്തെ കൂടുതൽ കൗതുകകരമാക്കി. ഈ ആഹ്ലാദാതിരേകങ്ങൾ അനുഭവിച്ചാണ് അയലത്തുള്ള ജയശീലനും പ്രഭാവതിയും ജീവിച്ചത്, അവരുടെ കുഞ്ഞുങ്ങൾ വളർന്നു വന്നത്. അവിടെ പഠിച്ചു വളർന്ന സ്വന്തം മക്കൾ വിവാഹിതരായി വിദേശത്തു കൂടുകൂട്ടുകയും തങ്ങൾ വൃദ്ധരായി വീട്ടിലൊതുങ്ങുകയും ചെയ്തതിന്റെ വിഷമം മറികടക്കാൻ ജയശീലനെയും പ്രഭാവതിയെയും സഹായിച്ചുകൊണ്ടിരുന്നത് അങ്കണവാടിയാണ്. പക്ഷേ, ഒരു ദിവസം അഴുകിയതും പഴകിയതുമായ ചപ്പുചവറുകളുമായി ലോറികൾ അങ്കണവാടിയിലേക്കു വരാൻ തുടങ്ങിയതോടെ രണ്ടുപേരും അസ്വസ്ഥരായി. നഗരത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തുനിന്നും അവിടേക്ക് ചവറ് നിറച്ച വണ്ടികൾ വന്നുപോയിരുന്നു. ഒരു വേള കീഴടങ്ങലിനു ശേഷമുള്ള ബലാൽക്കാരം പോലെ അടുത്ത പഞ്ചായത്തുകളിൽ നിന്നു പോലും.

മെംബറോടും പഞ്ചായത്ത് അധികാരികളോടുമൊക്കെ പരാതി പറഞ്ഞിട്ടും നാട്ടുകാർ വന്ന് ദുർഗന്ധത്തെ പഴിച്ചുപോയിട്ടുമൊന്നും ഫലമില്ലാതെ വരുകയാണ്. സമാന്തരമായി പ്രഭാവതിയുടെയും ജയശീലന്റെയും ജീവിതവും തകിടം മറിയുന്നു. 

ജയശീലൻ എന്ന പഴയ വില്ലേജ് ഓഫിസർ അങ്ങനെയിപ്പോൾ അധികം പുറത്തിറങ്ങാറേയില്ല. അല്ലെങ്കിൽ അയാൾക്ക് ഒഴിവുനേരങ്ങളിൽ കടല കൊറിക്കുന്നതുപോലെ കവിത കുറിക്കലും ചൊല്ലലും ഒക്കെയായി ചില സാംസ്കാരിക പ്രവർത്തനങ്ങളൊക്കെ ഉണ്ടായിരുന്നു. ഭാര്യയുടെ അടിയിളകിയ ഓർമക്കപ്പലുകൾ പതിവായി മറവിയുടെ തിരക്കോളുകളിൽ പെട്ട് മുങ്ങാൻ തുടങ്ങിയതോടെ അതൊക്കെ മതിയാക്കി. ഓർമകൾ മറവിയുടെ കടലാഴങ്ങളിൽ നിന്നും മറ്റൊരു കവിത പോലെ മുങ്ങിനിവരുന്ന ചില നേരങ്ങളിൽ പ്രഭ എന്ന പ്രഭാവതി അയാളോട് ചോദിക്കും. എന്തേ ഈ നാറുന്നത്. കട്ടിലിനടിയിൽ എലി വല്ലതും. 

ADVERTISEMENT

ജയശീലന്റെ അസ്വസ്ഥതയും പ്രഭാവതിയുടെ മറവിയും ചവറുലോറികളുടെ വരവും കൂടിവന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ദിവസം ജയശീലനൊരു പത്തുമിനിട്ടുകൊണ്ട് കടയിൽ പോയി വരുന്നതിനിടെ പ്രഭാവതിയെ വീട്ടിൽ നിന്നു കാണാതായി. ദിവസങ്ങളോളം, മാസങ്ങളോളം അന്വേഷിച്ചിട്ടും പ്രഭാവതി വെളിച്ചത്തിലേക്കു വരാതായതോടെ ജയശീലൻ ഒരു തീരുമാനമെടുത്തു. തന്റെ വീടു തന്നെ അങ്കണവാടിയാക്കുക. മൂന്നു കുട്ടികളും സിസിലിടീച്ചറുമായി  വീട്ടിൽ അങ്കണവാടി പ്രവർത്തിച്ചു തുടങ്ങിയ ശേഷം ഒരു ദിവസം ജയശീലൻ പുറത്തിറങ്ങി. അൽപം വെയിലുകൊള്ളാം എന്നു തന്നെ കരുതി അയാൾ, നിവർത്തിയ കുട മടക്കിപ്പിടിച്ചു. വെയിൽ വിരലുകൾ അയാളെ പിന്നിൽ നിന്ന് ഇറുകെ പിടിച്ചു. അയാൾക്ക് ഉറപ്പുണ്ടായിരുന്നു. പ്രഭാവതി മടങ്ങിവരും. വരാതിരിക്കില്ല. 

പത്തുകഥകളുടെ ഈ സമാഹാരത്തിലെ പല കഥകളും കണ്ടിരിക്കാൻ തോന്നിപ്പോകുന്ന കാഴ്ചകൾ കൂടിയാണ്. അക്ഷരങ്ങൾ കൊണ്ടു നിർമിച്ച ഇൻസ്റ്റലേഷനുകൾ. 

ഒരു പുലർച്ചയിൽ ജയശീലൻ കൊമ്പും കവരവുമൊക്കെ പിരിഞ്ഞ് കണ്ണിലും മൂക്കിലുമൊക്കെ കുത്തിക്കയറുമായിരുന്ന വർത്തമാനത്തിന്റെ മുനയൊടിച്ചുകൊണ്ട് ഒരു മധുരമിടാത്ത ചായ കുടിക്കുവാനായി അടുത്തുകണ്ട ചായക്കടയിലേക്കു കയറി എന്നു വായിക്കുന്നിടത്ത് പഞ്ചായത്തു മെംബറുമായി ജയശീലൻ‌ നടത്തിക്കൊണ്ടിരുന്ന സംഭാഷണത്തിന്റെ സ്വഭാവം കൃത്യമായി കണ്ടു മനസ്സിലാക്കാൻ കഴിയും. 

 

ADVERTISEMENT

വന്ധ്യം എന്ന കഥ ആരംഭിക്കുന്നതിങ്ങനെ.

നഗരത്തിന്റെ ഹൃദയകവാടത്തിലാണ് വന്ധ്യതാ ചികിൽസയ്ക്ക് പേരു കേട്ട ഈ ആശുപത്രി. തട്ടുതട്ടായ് തലയിലേറ്റി വിറകാലിൽ മുകളിലേക്കല്ല, വശങ്ങളിലേക്ക് ഒരു വെള്ളരി വള്ളി പോലെ പടർന്ന് പരന്നാണ് ഇതിന്റെ വളർച്ച. ഒരേസമയം ഒരു ഒളിത്താവളത്തിലെന്നപോലെ ആർക്കും സുരക്ഷിതമായി വന്നുപോകാനും, വിത്തുപൊട്ടാത്ത രഹസ്യങ്ങൾ തീപ്പെട്ടിക്കൂടുകൾക്കകത്ത് സൂക്ഷിക്കുന്നവർക്ക് ചോദ്യപ്പെരുക്കങ്ങളുടെ തലവേദനകളില്ലാതെ കടന്നുവരാനും കഴിയുന്ന ഒരിടം. 

 

ഒരു വന്ധ്യതാ ക്ലിനിക്കിനെ ഇതിലും മനോഹരമായെങ്ങനെ ക്യാമറയിലാക്കും. കാണുകയാണ്, കണ്ടുപോവുകയാണ്, കാണിച്ചുതരുകയാണ്, കഥകളുടെ അക്ഷരാകാരം. അടുക്കടുക്കായി വച്ചിരിക്കുന്ന കാഴ്ചകളുടെ ഇടയിൽ ശ്രീകണ്ഠൻ ഒളിപ്പിക്കുന്നത് സൂക്ഷ്മമായ ചില സാമൂഹിക വിമർശനങ്ങളും വായനക്കാരനെ ബൗദ്ധികമായുയർത്തുന്ന ചില ദർശനങ്ങളും കൂടിയാണ്. ഇവിടെ മനുഷ്യർ മാത്രം, മൂക്കുമ്പോൾ വെട്ടേണ്ട വെറും വാഴക്കുലകളാണ് എന്ന് തമോഗർത്ത പ്രതിഷ്ഠകൾക്കകത്ത് സങ്കടപ്പെടുന്ന കഥാകാരൻ രഹസ്യങ്ങളുടെ ഭൂപടത്തിൽ ആകുലപ്പെടുന്നതിങ്ങനെ. 

 

കിളികൾ പാടി മരിക്കുകയും മരങ്ങൾ തണൽപരത്തി പിഴുതുവീഴുകയും ചില ജീവികൾ പ്രസവത്തോടെ ചത്തൊടുങ്ങുകയുമൊക്കെ ചെയ്യുമ്പോൾ, പോകുന്ന പോക്കിൽ കുറെ മലവും മൂത്രവും രേതസ്സും ഒക്കെ എറിഞ്ഞുതള്ളി കടന്നുപോകുന്ന നന്ദികേടിന്റെ ലളിതവ്യാഖ്യാനമാണല്ലോ മനുഷ്യൻ. 

ഒറ്റപ്പെട്ടായാണെങ്കിലും, മുനയും മൂർച്ചയുമുള്ള ചില അമ്പുകൾ സമൂഹത്തിനു നേർക്ക് എയ്തു വിടാനും ശ്രീകണ്ഠനു കഴിയുന്നുണ്ട്. 

ജീവിക്കാൻ വാർക്കപ്പണിക്കോ തോട്ടിപ്പണിക്കോ പോകാത്ത ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുള്ള ഒരു രാജ്യമാണ് നമ്മുടേത്. ഇവരാരും സ്വാതന്ത്ര്യസമര സേനാനികളോ രാജ്യസ്നേഹികളോ അല്ല. അവർക്ക് രാവിലെ മുട്ടറോസ്റ്റും ആവിയിൽ പുഴുങ്ങിയ പഴവും കിട്ടണം. ഉച്ചയ്ക്ക് കുത്തരിച്ചോറിനൊപ്പം നെയ്മീൻകറിയും കപ്പ ഉലത്തിയതും. രാത്രിയിൽ പെണ്ണും കള്ളും വേണം. അതിനാണ് നാട്ടിൽ പൊതുമേഖലാ സ്ഥാപനങ്ങളും ദേവസ്വം ബോർഡും ഇത്രയധികം സർവകലാശാലകളും പബ്ലിക് സർവീസ് കമ്മിഷനുമെല്ലാം. അവരെയൊക്കെ പോറ്റി വളർത്താൻ നമ്മൾ നികുതിപ്പണം നൽകണം. അത്തരക്കാരുടെ തുണികളാണ് ഞാൻ ഇപ്പോൾ അധികവും തേയ്ക്കുന്നത്. ഭയങ്കര കട്ടിയാണ് ഓരോ തുണിക്കും. നെഞ്ചിന്റെ അടപ്പിളകും.

പരിതപിക്കുന്നതൊരു സാധാരണ തുണിതേപ്പുകാരനാണ്. അയാൾക്കു പറഞ്ഞിട്ടു തീരുന്നില്ല. 

 

ക്രിമിനിലുകൾ പണ്ടൊക്കെ പാർട്ടികളെ പുറത്തുനിന്ന് സഹായിക്കുകയായിരുന്നു പതിവ്. ചെറുതും വലുതുമായ ക്വൊട്ടേഷനുകൾ. ചങ്കുകൾ കലങ്ങിയപ്പോൾ പിന്നീടവർക്ക് ഉറച്ച നല്ല ബുദ്ധി ഉണ്ടായി. എന്തുകൊണ്ട് തങ്ങൾക്ക് രാഷ്ട്രീയത്തിൽ പ്രവേശിച്ചുകൂടാ. അവർ ഗാഢം ചിന്തിച്ചു. ആലോചിച്ചിട്ടുണ്ടോ, പണം എന്നും കുറ്റവാളികൾക്കൊപ്പമാണുള്ളത്. അവർ എന്നും ജനപ്രിയരാണ്. അവർക്കാണ് നാട്ടിൽ ഏറ്റവും കൂടുതൽ ഫാൻസ് അസോസിയേഷനുകൾ ഉള്ളത്. 

തുണിതേപ്പുകാരനു പോലും അറിയാവുന്ന ഇത്തരം പച്ചസത്യങ്ങൾ പലരും പറയാറില്ല. ശ്രീകണ്ഠൻ അവ വിളിച്ചു പറയുന്നു. അതാണ് ആ കഥകളുടെ ശക്തി. ആ ശക്തി മനസ്സിലാകാൻ ശ്രീകണ്ഠനുമായി സംസാരിക്കാം. 

 

∙ കുട്ടിക്കാലത്ത്  എഴുതിത്തെളിയുക എന്ന് കേൾക്കുമ്പോൾ വലിയ സംശയമായിരുന്നു. എഴുതിയാൽ എങ്ങനെയാണ് തെളിയുക?അങ്കണവാടിയിലെ കഥകൾ വായിക്കുമ്പോൾ എഴുതിത്തെളിഞ്ഞ ഒരാൾ എങ്ങനെയാണ് കഥകൾ എഴുതുക എന്നു മനസ്സിലാവും. എഴുതിത്തെളിയലിലേക്കുള്ള ആ യാത്ര ഒട്ടും സുഖകരമായിരുന്നു എന്ന്  കരുതുന്നില്ല. യാതനകളും വേദനകളും തിരസ്കാരവും പരീക്ഷണങ്ങളും ഒക്കെ നിറഞ്ഞ ഒരു കാലം. ഒന്നു വിവരിക്കാമോ ആ യാത്ര?

 

എഴുത്തിൽ എവിടെയെങ്കിലും ‘തെളിഞ്ഞു’ എന്ന് തീർത്തു പറയാൻ ഞാൻ അശക്തനാണ്. അങ്ങനെ ഒരു വിചാരവുമില്ല. എന്നാൽ ഇങ്ങനെ  കേൾക്കുന്നതിൽ നിറഞ്ഞ ആഹ്ലാദമുണ്ട്. സത്യത്തിൽ ഈ പറയുന്ന ഏതെങ്കിലും തരത്തിലുള്ള ഒരു തെളിച്ചം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ  പിന്നിൽ, ഞാൻ ഇന്നോളം എഴുതിയ കഥകളൊന്നും വ്യക്തിപരമായി എനിക്ക് സംതൃപ്തി തരാതിരുന്നതാണ് പ്രധാന ഘടകം. ഞാൻ നേരിട്ടു കൊണ്ടിരിക്കുന്ന തിരസ്കാരങ്ങളും അവഗണനകളുമൊക്കെ അതിന്റെ പിന്നിലേ വരുന്നുള്ളൂ. ഏതു  കഥയും വീണ്ടുമൊരു വായനയ്ക്ക് എടുക്കുമ്പോൾ അതിൽ ഒരു വാക്കോ വാചകമോ കൂട്ടിച്ചേർക്കണമെന്നോ  കുറയ്ക്കണമെന്നോ തോന്നാറുണ്ട്. എവിടെയോ ഒരു കുറവുണ്ടെന്ന തോന്നലോടെ, അല്ലെങ്കിൽ  അസംതൃപ്തിയോടെ മാത്രമേ ഞാനെഴുതിയ ഏതൊരു കഥയും പിന്നീട് വായിക്കാനായിട്ടുള്ളൂ. 

 

തൊണ്ണൂറുകളുടെ പകുതിയിൽ കഥകൾ എഴുതിക്കൊണ്ട് തെക്കൻ തിരുവിതാംകൂറിൽ നിന്നാണ് ഞാൻ വരുന്നത്. സ്വതവേ ഉള്ള ഉൾവലിയൽ പലതും നഷ്ടപ്പെടുത്തി. ഒരേ കാലത്ത് എഴുതിത്തുടങ്ങിയവരോടു പോലും സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞില്ല. പലതരം വിചിത്രമായ ധാരണകളും വിചാരങ്ങളും, ചിതറിപ്പോയ വിദ്യാഭ്യാസ കാലത്തിനിടയിലും തൊഴിലുകൾ തേടിയുള്ള അലച്ചിലുകൾക്കിടയിലുമെല്ലാം. എന്നാൽ കഥ എന്നെ വല്ലാതെ മോഹിപ്പിച്ചു കൊണ്ടിരുന്നു. ഒന്നുറപ്പിച്ചു പറയാം, മടക്കത്തപാലിൽ ഇന്നും വരുന്ന തിരസ്കാരങ്ങൾ ശരിക്കും പാകപ്പെടുത്തിയ ഒരാളാണ് ഞാൻ.

 

∙ ഉപഭോഗ സംസ്കാരത്തിന്റെ  അവശിഷ്ടമാണ് മാലിന്യക്കൂനകളായി നമ്മുടെ കൺമുന്നിലേക്ക് നിറയുന്നത്. അവയെ ഇല്ലാതാക്കാൻ ഫലപ്രദമായി ഇടപെടാൻ കഴിയാതെ വരുമ്പോൾ, പിന്നെയുള്ള രക്ഷ മറവികൊണ്ട് മറികടക്കുക എന്നതാണ്. ഇതാണ് എല്ലാവരും ചെയ്തു വരുന്നത്. അങ്കണവാടിയിലും അതു കാണാം. മലയാളത്തിലെ മികച്ച പരിസ്ഥിതി കഥകളിലൊന്നായി ഞാൻ ഇതിനെ കാണുന്നു. എഴുത്തുകാരന്റെ വീക്ഷണം?

 

അങ്കണവാടിയെ ഇത്തരത്തിൽ   വായിച്ചു കാണുന്നതിൽ വളരെയധികം സന്തോഷം. എന്റെ വീടിനടുത്തുള്ള ഒരു അങ്കണവാടി കുട്ടികളില്ലാതെ ഒരു ആക്രിക്കടയായി മാറുന്നയിടത്തുനിന്നാണ്  ഈ കഥയുടെ പിറവി. അതിൽ ഒരു ട്രാൻസ്ഫർമേഷനുണ്ട്. അതൊക്കെ എന്നെങ്കിലും അസ്പൃശ്യതയും വിവേചനവുമൊക്കെ ഇല്ലാതാകുന്ന കാലത്ത് വായിക്കപ്പെടും എന്നാണ് എന്റെ  പ്രതീക്ഷ. കഥകൾ എഴുതാൻ പ്രത്യേക പാറ്റേൺ രൂപപ്പെടുത്തിയാലും, എഴുതിയ കഥകളിൽ ഏതെങ്കിലുമൊക്കെ അസാധാരണമെന്നോ മഹത്തരമെന്നോ സ്വയം  തോന്നിയാലും, പിന്നീട്  അതിനപ്പുറം എന്തെങ്കിലും ഒരു വരി എഴുതാൻ പ്രയാസമാകും. എഴുത്തിൽ ഒരു വാശി ഉണ്ടാകില്ല. അതുകൊണ്ട് ഓരോ തിരസ്കാരവും ഞാനൊരു പോൾവാൾട്ട് ചാട്ടക്കാരനെപ്പോലെ കാണുന്നു.  ഓരോ  അവഗണനയെയും  ഞാൻ ഒരിഞ്ച് കൂടി ഉയരത്തിൽ എഴുതാൻ ശ്രമിച്ച് തോൽപിക്കുന്നു. എത്രകാലം ഇങ്ങനെ ചാടാനാകുമെന്ന് അറിയില്ല. കഥകൾ ഒരു ലഹരിയായി  മനസ്സിൽ ഉള്ളിടത്തോളം കാലം തുടർന്നേക്കാം. അല്ലെങ്കിൽ അവയെന്നെ മോഹിപ്പിക്കുന്ന നാൾ വരെ  ഈ ചാട്ടം തുടരും. അതൊരു എഴുതിത്തള്ളലാണോ, എഴുതിത്തെളിയലാണോ എന്ന് കാലം തീരുമാനിക്കട്ടെ. 

 

∙ ഏതെങ്കിലും ഘട്ടത്തിൽ എഴുത്ത് നിർത്താൻ തോന്നിയിട്ടുണ്ടോ? 

 

തിരസ്കാരങ്ങളിൽ വിഷമിച്ച് ഒരിക്കലും എഴുത്ത് മതിയാക്കുവാനുള്ള പ്രേരണ ഉണ്ടായിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ചില അനാരോഗ്യങ്ങൾ എഴുത്തിനെ ബാധിച്ചിട്ടുണ്ട്. എഴുത്ത് പാടെ നിലച്ചുപോയ 2014 മുതൽ ഏതാനും വർഷം. അന്നാണ് മനസ്സിലായത്, ഈ ലോകം എത്രമാത്രം വേഗത്തിലാണ് മനുഷ്യരെ മറവിയിലേക്ക് തള്ളുന്നതെന്ന്! "എന്തേ? ഒന്നും എഴുതുന്നില്ലല്ലോ " എന്ന് ആരും ചോദിക്കില്ല. കാഴ്ചക്കാരനായിപ്പോലും ഒരു സാഹിത്യ പരിപാടിയിൽ ക്ഷണം ഉണ്ടാകില്ല. അതൊരു വലിയ തിരിച്ചറിവായിരുന്നു. അനാരോഗ്യം എഴുത്തിനെ വലിയ രീതിയിൽ  ബാധിച്ചു. പക്ഷേ, എങ്ങനെയോ അതിനെ  മറികടക്കാൻ കഴിഞ്ഞു. ഒരു വേള, രോഗം പോലും സർഗാത്മകമായ അനുഭവമാണെന്ന് ഇന്നിപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ട്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കൽ കോളേജിലെ വാർഡിൽ കിടക്കുമ്പോൾ ഞാൻ ആഗ്രഹിച്ചത് ഒരു കഷണം കടലാസും ഒരു പേനയും കിട്ടണമെന്നായിരുന്നു. 

ശ്രീകണ്ഠന്‍ കരിക്കകം

 

∙ നിരൂപകർ, സഹ എഴുത്തുകാർ, പ്രസിദ്ധീകരണ ശാലക്കാർ, ആനുകാലികങ്ങളുടെ പത്രാധിപന്മാർ, വായനക്കാർ തുടങ്ങി വിവിധ തട്ടുകളിൽ പെട്ടവരുടെ മനസ്സിൽ ഇടം പിടിക്കുമ്പോഴാണല്ലോ ഒരു എഴുത്തുകാരൻ പ്രശസ്തിയിലേക്കുയരുന്നത്. മലയാളത്തിൽ, ഇക്കൂട്ടത്തിൽ പെട്ട ആരെങ്കിലും മുൻവിധിയോടെ പെരുമാറുന്നു എന്നു തോന്നിയിട്ടുണ്ടോ. ജനുവിൻ ലിറ്ററേച്ചർ ശ്രദ്ധിക്കാതെ,മറ്റു താൽപര്യങ്ങളുടെ പേരിൽ ...

 

എത്ര നല്ല സാഹിത്യം രചിച്ചാലും ചില പരിഗണനകൾ പ്രധാനമാണ്. ചിലരുടെ ഒരു വാക്ക്, ഒരു നോട്ടം, ഒരു ഊന്നൽ, ഒരു ഉന്ത്  ഇതിലൊക്കെ ചില കാര്യങ്ങളില്ലാതെയില്ല. എനിക്ക് ഒരു പോലീസ് ഉദ്യോഗസ്ഥനോട് നേരിട്ടൊരു കാര്യം പറയാനോ ചോദിക്കാനോ  സ്റ്റേഷനിൽ കയറി ചെല്ലാനോ ഭയം തോന്നാറില്ല. നിരന്തരം പോകുന്ന ബാങ്കിലെ  മാനേജറുമായോ മുഖം തരാത്ത വില്ലേജ് ഓഫിസറുമായോ ഒക്കെ വളരെ വേഗം അടുക്കാനും വർത്തമാനം പറയാനും കഴിയാറുണ്ട്. ഫ്രീ കിറ്റു തരുന്ന റേഷൻ കടക്കാരനോടും  മീൻകാരനോടും പച്ചക്കറികച്ചവടക്കാരനോടും മേൽശാന്തിയോടും ജ്യോതിഷിയോടും പോസ്റ്റുമാനോടുമൊക്കെ നാട്ടുകാര്യങ്ങൾ പറഞ്ഞ് ഉറക്കെ ചിരിക്കാനും തർക്കിക്കാനുമൊക്കെ കഴിയാറുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി അടുത്തറിയുന്ന പല പത്രാധിപന്മാരോടും പ്രസാധകരോടും  അത്രയും തുറന്നിടപഴകാൻ കഴിയാറില്ല. അവരുടെ മുന്നിൽ ചെല്ലേണ്ട, ചെല്ലുന്ന എന്റെ ഒരു  രചന എന്നെ വല്ലാതെ പിറകോട്ട് വലിക്കുന്നു. എങ്ങനെയാണ് അത്തരമൊരു തോന്നൽ ഉണ്ടായതെന്നറിയില്ല. ഒരു നല്ല നിരൂപകനോടും നല്ല വായനക്കാരനോടുമെല്ലാം ഇങ്ങനെ അകാരണമായ  അകൽച്ച തോന്നുന്നത് പലതും നഷ്ടപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. എന്തായാലും അതിൽ വിധിയുടെ, ഭാഗ്യ നിർഭാഗ്യങ്ങളുടെ ഒരു ഘടകം കൂടി ഉണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. ഒരു പക്ഷേ, ഈ കാലത്തിന്റെ  അനിവാര്യത എന്ന് പറയത്തക്ക രീതിയിൽ അതിലൊക്കെ വിജയിക്കുന്നവർക്കുണ്ടാകുന്ന നേട്ടങ്ങൾ സ്വാഭാവികമായി എന്നെ തേടി വരാറുമില്ല. അതെന്റെ  അപകർഷതയോ പരാജയമോ ആയി തുടരുന്നു. 

 

∙ ഈ സമാഹാരത്തിലെ പല കഥകളുടെയും ഗുപ്തസൗന്ദര്യമാണ് ധ്വനിപ്പിക്കൽ. എഴുത്തുകാരനെപ്പോലെ വായനക്കാരനും ഭാവനയുടെ ചിറകുകളുമായി വായിക്കാനിരിക്കണം. ഒരു രചനയുടെ വായനയിൽ എഴുത്തുകാരന്റെയും വായനക്കാരന്റെയും റോളിന് അനുപാത ക്രമം പറയാമോ?

 

എല്ലാ രചനകളെയും ഒരേ മുഴക്കോലുകൊണ്ട് അളക്കുന്നതിനോട് വിയോജിപ്പുള്ള ആളാണ് ഞാൻ. എഴുത്തിലെന്നപോലെ വായനയിലും ശിക്ഷണം അനിവാര്യമാണ്. ഒന്നാം ക്ലാസിലെ പാഠപുസ്തകമല്ലല്ലോ, നമ്മൾ പത്താം ക്ലാസിൽ പഠിക്കുന്നത്. നഴ്സറി ക്ലാസിലെ ടീച്ചറിന്റെ  സ്നേഹവും കരുതലും " കൂക്കൂ കൂക്കൂ ... " പാട്ടുമൊന്നും പി.ജി. ക്ലാസിലെ പ്രഫസറിൽ നിന്നു പ്രതീക്ഷിക്കരുത്. അവിടെ വിദ്യാർഥിയും അധ്യാപകനും ഒരുമിച്ച് ഉയരണം. അതൊരു പങ്കിടലാണ്. വാങ്ങിയും കൊടുത്തുമുള്ള ആസ്വാദനം. പഠനം. വാരി വായിൽ വച്ചുതരുന്ന ആയയെയോ സ്പൂണിൽ കോരിത്തരുന്ന ടീച്ചറിനെയോ അവിടെ പ്രതീക്ഷിക്കരുത്. ഞാൻ മുന്നിൽ കാണുന്നത് അത്തരമൊരു വായനാസമൂഹത്തെയാണ്. അവർക്ക് നമ്മൾ പരിശീലനമൊന്നും കൊടുക്കണ്ട. അവർ നഴ്സറി ക്ലാസിലെ പാട്ട് പാടുന്ന പ്രഫസറിനെ പ്രതീക്ഷിക്കുന്നില്ല. താങ്കൾ പറയുന്നതുപോലെ, അവർക്കു വേണ്ടി ഞാൻ  ധ്വനി കൊണ്ടുള്ള ഗോപുരങ്ങൾ പണിയുവാൻ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

 

∙ ഇതിലെ പല കഥകൾക്കും കൊതിപ്പിക്കുന ദൃശ്യഭാഷയുടെ കരുത്തുണ്ട്. ഉപമകൾ, ബിംബങ്ങൾ...സിനിമ കാണും പോലെ വായിച്ചു പോകും. ഈ ഭാഷാ പ്രയോഗം ബോധപൂർവമാണോ? തനിയെ സംഭവിച്ച പരിണാമമോ?

 

ധാരാളം കവിതകൾ വായിക്കാറുണ്ട്. വല്ലാത്ത ഇഷ്ടവുമാണ് കവിത വായിക്കാൻ. ആന്തരികമായ ശക്തി ചോർന്നു പോകുമ്പോൾ ഞാൻ മിക്കപ്പോഴും ആശ്രയിക്കുന്നത് എഴുത്തച്ഛന്റെ  അദ്ധ്യാത്മരാമായണത്തെയും ബൈബിളിനെയും  കുമാരനാശാനെയുമൊക്കെയാണ്. ബൈബിളിലെ കൊതിപ്പിക്കുന്ന ഉപമകളും ബിംബങ്ങളും എന്നിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. എഴുത്തച്ഛന്റെ  ഭാഷ എന്നെ കൊട്ടി മുറുക്കുന്ന മേളപ്പെരുമഴ പോലെ ലഹരിപിടിപ്പിക്കുന്നു. കുഞ്ചൻ നമ്പ്യാരുടെ അഭൗമമായ ഒഴുക്കിൽ ഞാൻ വെറുതെ കിടന്നു നീന്തുന്നു. വൈലോപ്പിള്ളിയുടെ കുറുക്കലിൽ ഞാൻ കാവ്യ കഷണങ്ങളായിവെന്തു ചേരുന്നു. ഈ കാവ്യശിക്ഷണമാകാം അത്തരത്തിലൊക്കെ തോന്നിപ്പിക്കുന്നത്. പിന്നെ സന്തോഷമുള്ള കാര്യം, എന്റെ  കഥകൾ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന മലയാളത്തിലെ കുറെ നല്ല കവികളുണ്ട്. അതെന്നെ വല്ലാതെ ആഹ്ളാദിപ്പിക്കുന്നുണ്ട്. കവികൾ സ്വന്തം കവിതയൊഴികെ മറ്റൊന്നും വായിക്കാറില്ല എന്നെല്ലാം അടിച്ചാക്ഷേപിക്കുന്നത് ശുദ്ധ അസംബദ്ധമാണ്. സമകാലികരുടെ രചനകളിൽ ഒന്നു പോലും വായിക്കാൻ മനസ്സു കാണിക്കാത്ത എത്രയോ കഥാകൃത്തുക്കളെ എനിക്കറിയാം. അങ്ങനെയുള്ളവർക്കിടയിൽ പത്തും പന്ത്രണ്ടും പേജൊക്കെയുള്ള എന്റെ  കഥകൾ വായിച്ചിട്ട് അതിൽ നിന്നു ചില വരികളും സൂചനകളും ബിംബങ്ങളുമൊക്കെ വളരെ  സൂക്ഷ്മതയോടെ എടുത്തു പറഞ്ഞ്  അഭിനന്ദിക്കാറുള്ള  കവി സുഹൃത്തുക്കൾ വലിയ ആശ്വാസമാണ്. 

എഴുത്തിൽ  പ്രമേയത്തേക്കാൾ എന്നെ കൂടുതൽ വിഭ്രമിപ്പിക്കുകയും  കൊതിപ്പിക്കുകയും ചെയ്യുന്നത് ഭാഷ തന്നെയാണ്.എന്തുകൊണ്ടാണെന്നറിയില്ല, ഞാൻ വായിച്ചു തുടങ്ങിയ കാലത്തും ഈ ഭാഷയുടെ കരുത്താണ് എന്നെ ആഹ്ളാദിപ്പിച്ചിട്ടുള്ളത്. ബുദ്ധി കൊണ്ടും മനസുകൊണ്ടും അനുഭവിക്കുന്ന ഒരു ലഹരി ഇക്കാര്യത്തിൽ എന്നും എന്നോടൊപ്പം ഉണ്ട്.  

 

∙ ഒരു കഥയെഴുതാൻ എത്ര സമയം എടുക്കും. എഴുതാനുള്ള തയാറെടുപ്പ് അങ്ങനെ ?

 

അങ്ങനെ കൃത്യമായ ഇടവേളകളിലോ സമയ ബോധത്തോടെയോ എനിക്ക് കഥകളോ നോവലോ എഴുതാൻ സാധിച്ചിട്ടില്ല. ഏതെങ്കിലും ഒരു കലോൽസവത്തിൽ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് ഒരു കഥ എഴുതി പൂർത്തിയാക്കുന്നവരെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഒരു അധ്യാപകൻ നിയന്ത്രിക്കുന്ന ക്ലാസ്സിൽ പരീക്ഷ എഴുതുന്നതു പോലെ കഥകൾ എഴുതുന്നതുതന്നെ തെറ്റായ കീഴ്‌വഴക്കമാണ്. ചില അമൂർത്തമായ സൂചകങ്ങളിൽ നിന്നായിരിക്കും ചിലപ്പോൾ ഒരു കഥയുടെ പിറവി.അതങ്ങനെ കട്ടിപ്പുറന്തോടുള്ള വിത്തു പോലെ കുറേ നാൾ കിടക്കും. പിന്നെ പതിയെ പുറന്തോട് നേർക്കും. പൊട്ടി പിളർന്നുള്ള അങ്കുരണം. അപ്പോൾ ഒരൊറ്റ എഴുത്തിൽ ഫസ്റ്റ് ഡ്രാഫ്റ്റ് തീർക്കും. ആ രൂപത്തിൽ തന്നെ ചില കഥകൾ പ്രസിദ്ധീകരണ യോഗ്യമാണെന്ന് തോന്നാറുണ്ട്. പക്ഷേ, അത്തരം ഒത്തുതീർപ്പിന് വഴങ്ങാത്ത എഴുത്താണ് എന്റെ  കഥയ്ക്കുള്ളിലെ കഥയെ പണിയുന്നതും പുതുക്കുന്നതുമെല്ലാം.  ചിലപ്പോൾ ഒരു ദിവസം ഒരു ചെറിയ ഖണ്ഡിക ആയിരിക്കും പുതുക്കി എഴുതാനാവുക. ചിലപ്പോൾ ഒരു പേജ്. ഒരു കഥയുടെ  പുറത്ത് രണ്ടോ മൂന്നോ മണിക്കൂർ ഇരുന്നാൽ പോലും ഒന്നും എഴുതി നീക്കാൻ കഴിയാത്ത സന്ദർഭങ്ങളുമുണ്ട്.  ‘അങ്കണവാടി’ ‘മൂലധനത്തിന്റെ  താക്കോൽ' തുടങ്ങിയ കഥകളുടെ ഒക്കെ രചനാ വേളയിൽ ഈ നീക്കമില്ലായ്മ അനുഭവപ്പെട്ടിട്ടുണ്ട്. വരികൾക്കുമേൽ വരികൾ  പണിത് പോകുന്ന ഒരു പ്രക്രിയയാണത്. ഞാനതിൽ വല്ലാത്തൊരു ആനന്ദം കണ്ടെത്തുന്നു. അതങ്ങനെ മാസങ്ങൾ നീണ്ടു പോയേക്കാം.

 

∙ വന്ധ്യം എന്ന കഥയിൽ ഒരു വീരസ്യക്കാരന്റെ പരാജയം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അയാൾ പഴയ കൂട്ടുകാരന്റെ  മുന്നിൽ താൻ മറ്റൊരാളാണ് എന്ന് പറയുന്നു. ആരിൽ നിന്നാണ് അയാളുടെ ഒളിച്ചോട്ടം?

 

വന്ധ്യം എന്ന കഥയിലെ ‘അയാൾ’ എന്റെ  കൂടെ സ്കൂളിൽ പഠിച്ച സുഹൃത്താണ്. എട്ടാം ക്ലാസിൽ എത്തുമ്പോൾ തന്നെ അവന് നല്ല മീശ ഉണ്ടായിരുന്നു. അന്ന് ക്ലാസിൽ മലയാളം പഠിപ്പിക്കുന്ന, ക്ലാസ് ടീച്ചർ കൂടിയായ അധ്യാപകൻ അവനോട് മീശ എടുക്കാൻ പറഞ്ഞു. മുഖത്ത് നാല് രോമം പോലും നന്നായി കിളിർക്കാത്ത എന്നെപ്പോലുള്ളവർ അതു കേട്ട് ശരിക്കും ലജ്ജിച്ചു. ഞങ്ങളുടെ മുന്നിൽ അവൻ അങ്ങനെ പുരുഷ സങ്കൽപ്പത്തിന്റെ  പത്തരമാറ്റായി ഉയർന്നു.കാലങ്ങൾക്കുശേഷം  അവനെ വളരെ യാദൃച്ഛികമായി ഒരു വന്ധ്യതാ ക്ലിനിക്കിൽ കാണുകയാണ്. അവൻ എന്നെ കണ്ടിരിക്കാം. ഞാൻ എന്തായാലും അവനെ കാണുകയും തിരിച്ചറിയുകയും ചെയ്തു. ഞങ്ങൾ മിണ്ടിയില്ല. ഓരോയിടത്തായി മാറിനിന്നു. അതിൽ നിന്നാണ് കഥാബീജം കിട്ടുന്നത്. അവിടെ നിന്ന് കഥ സ്ഥൂലമായും സൂക്ഷ്മമായും ഇത്തരത്തിൽ വളർന്നു. വളരെ തികവും മികവും ആർന്നവരെന്ന് നമുക്ക് തോന്നുന്ന പലരും ഇത്തരം ഉള്ളുപൊള്ളയായ മരങ്ങളാണെന്ന് പറയുവാൻ തോന്നി. അത്തരക്കാർ ഇങ്ങനെ സമൂഹത്തിൽ പൊങ്ങുതടികളായി ഒഴുകി നടക്കും. ഒരു രീതിയിൽ ചിന്തിച്ചാൽ അതൊരു ഒളിച്ചോട്ടം കൂടിയാണ്.

 

∙ പൊതുവെ മനുഷ്യരുടെ നിസ്സഹായതയാണ് കഥാ വിഷയങ്ങൾ. പല തരം തോൽപിക്കലുകൾ. പൊരുതി ജയിച്ചൊരാൾ എഴുത്തിലും ശുഭാപ്തി വിശ്വാസിയായിരിക്കണ്ടേ?

 

എഴുത്തെന്നെ വല്ലാതെ മോഹിപ്പിക്കുന്ന സംഗതിയാണ്. രചനാ വേളയിലെ ആത്മപീഡ ഞാൻ ആസ്വദിക്കുന്നു. ആ കുരുക്കഴിച്ചും കെട്ടിയും ഉള്ള യാത്ര ഇഷ്ടപ്പെടുന്നു. ആ അളവുകോൽ വച്ച് പറയുമ്പോൾ ഞാൻ ശുഭാപ്തിവിശ്വാസിയാണെങ്കിലും, എന്റെ  മുന്നിൽ കഥാപാത്രങ്ങളായി വരുന്നവർ അവഗണന കൊണ്ടും അവകാശ നിഷേധങ്ങൾ കൊണ്ടും വ്യവസ്ഥിതിയിലെ നീതികേടുകൾകൊണ്ടും അമ്പേ പരാജയപ്പെട്ടുപോയ, അവസരങ്ങൾ നഷ്ടപ്പെടുന്നവരാണ്. അതിൽ പല്ലിയും പാറ്റയും തവളയും പാമ്പും ഒക്കെ വരുന്നു, മനുഷ്യർക്കൊപ്പം. അവർക്കുവേണ്ടി ശബ്ദിക്കുമ്പോൾ കിട്ടുന്ന ആത്മ സംതൃപ്തി മറ്റൊന്നും എഴുതുമ്പോൾ കിട്ടാറില്ല. വിജയികൾക്കൊപ്പം നിൽക്കാൻ സിനിമയും പാട്ടും കളികളും ആഘോഷരാവുകളുമൊക്കെയുണ്ട്. പരാജയപ്പെട്ടു പോകുന്നവന് നായകനാകുവാൻ ഒരു കഥയോ കവിതയോ നോവലോ ഒക്കെയല്ലേ, ഉള്ളൂ. റസ്കാൾ നിക്കോവിനുവേണ്ടി ശബ്ദിക്കാൻ ഒരു ഡോസ്റ്റോയെവ്സ്കി ഉണ്ടാകുന്നത് അങ്ങനെയാണല്ലോ. വിജയിക്കുന്ന മനുഷ്യരാരും മറ്റുള്ളവരെ പ്രചോദിപ്പിക്കാറില്ല, മോഹിപ്പിക്കുകയാണ് ചെയ്യാറ്. മോഹം എളുപ്പം മോഹഭംഗമായി മാറും. പ്രചോദനത്തിനുള്ളിൽ ഒരു തീ ഉണ്ടാകും.അതാണെന്നെ മോഹിപ്പിക്കുന്നത്. മുന്നോട്ടു കൊണ്ടു പോകുന്നത്.

 

∙ സംസാരിക്കുമ്പോൾ നല്ല തിര്വന്തോരം ഭാഷയാണ് പറയുന്നത്. വോ , തന്നെ ... പക്ഷേ, കഥകളിൽ അത്ര കടുത്ത ഭാഷാ പ്രാദേശികത ഇല്ല. 

 

ഭാഷാ പ്രാദേശികതയുടെ അതിർവരമ്പുകളില്ലാതെ എഴുതാനാണ്  എന്നും ശ്രമിച്ചിട്ടുള്ളത്. കഥ യൂണിവേഴ്സൽ ആയിരിക്കണം - എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ സംസാരിക്കുമ്പോൾ എനിക്കെന്റെ  ജൈവികതയെ തൊട്ടേ നിൽക്കാനാകൂ. അതിന്റെ  ഊർജത്തിൽ നിന്നേ എനിക്കെന്തെങ്കിലും പറയാൻ കഴിയൂ. അതിൽ തന്നെ ചില വാക്കുകളെയും ചില അനുഭവങ്ങളെയും തിരിച്ചുപിടിക്കാനായാൽ അത്രയും സന്തോഷം." കീറ്റ് വാങ്കറ" എന്ന പ്രയോഗം അങ്ങനെ തിരിച്ചുപിടിക്കാനായ ഒന്നാണ്. ഭാഷാ പ്രാദേശികതയെക്കാളും ഭാഷയെ പുതുക്കാനാണ് ഞാൻ ശ്രമിക്കാറ്. എന്നെ വിസ്മയിപ്പിക്കുന്ന ഒരു പ്രയോഗം വായനക്കാരെയും സന്തോഷിപ്പിച്ചേക്കാം. ആ വിധത്തിൽ സഞ്ചരിക്കാനാണ് ഇഷ്ടം. എഴുത്തച്ഛനെയും കുമാരനാശാനെയുമൊക്കെ വായിക്കുമ്പോൾ ഞാൻ പഠിക്കുന്നത് അതൊക്കെയാണ്.

 

English Summary: Pusthakakkazhcha Column by Ravi Varma Thampuran on writer Sreekandan Karikkakam