കുളനട മണ്ണിൽ വീട്ടിലെ ദാനിയേലിന്റെ മകൻ ബെന്നി എഴുതാനിരിക്കുമ്പോൾ സിംഗപ്പൂരിനോടു ചേർന്ന ബോഗൻവില്ല ദ്വീപിൽ നിന്നുള്ള ബോഗൻവില്ലച്ചെടി മാന്തളിരിലെ ശാലോം വില്ലയുടെ മുറ്റത്തു വന്നു വയലറ്റ് നിറത്തിൽ പൂക്കും, മാന്തളിരിലെ പാറക്കുന്നേൽ വീട്ടിൽ നിന്നുള്ള തവിട്ടുനിറക്കാരി മറിയാമ്മ യോഹന്നാൻ ആഫ്രിക്കയിലെ

കുളനട മണ്ണിൽ വീട്ടിലെ ദാനിയേലിന്റെ മകൻ ബെന്നി എഴുതാനിരിക്കുമ്പോൾ സിംഗപ്പൂരിനോടു ചേർന്ന ബോഗൻവില്ല ദ്വീപിൽ നിന്നുള്ള ബോഗൻവില്ലച്ചെടി മാന്തളിരിലെ ശാലോം വില്ലയുടെ മുറ്റത്തു വന്നു വയലറ്റ് നിറത്തിൽ പൂക്കും, മാന്തളിരിലെ പാറക്കുന്നേൽ വീട്ടിൽ നിന്നുള്ള തവിട്ടുനിറക്കാരി മറിയാമ്മ യോഹന്നാൻ ആഫ്രിക്കയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളനട മണ്ണിൽ വീട്ടിലെ ദാനിയേലിന്റെ മകൻ ബെന്നി എഴുതാനിരിക്കുമ്പോൾ സിംഗപ്പൂരിനോടു ചേർന്ന ബോഗൻവില്ല ദ്വീപിൽ നിന്നുള്ള ബോഗൻവില്ലച്ചെടി മാന്തളിരിലെ ശാലോം വില്ലയുടെ മുറ്റത്തു വന്നു വയലറ്റ് നിറത്തിൽ പൂക്കും, മാന്തളിരിലെ പാറക്കുന്നേൽ വീട്ടിൽ നിന്നുള്ള തവിട്ടുനിറക്കാരി മറിയാമ്മ യോഹന്നാൻ ആഫ്രിക്കയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളനട മണ്ണിൽ വീട്ടിലെ ദാനിയേലിന്റെ മകൻ ബെന്നി എഴുതാനിരിക്കുമ്പോൾ സിംഗപ്പൂരിനോടു ചേർന്ന ബോഗൻവില്ല ദ്വീപിൽ നിന്നുള്ള ബോഗൻവില്ലച്ചെടി മാന്തളിരിലെ ശാലോം വില്ലയുടെ മുറ്റത്തു വന്നു വയലറ്റ് നിറത്തിൽ പൂക്കും, മാന്തളിരിലെ പാറക്കുന്നേൽ വീട്ടിൽ നിന്നുള്ള തവിട്ടുനിറക്കാരി മറിയാമ്മ യോഹന്നാൻ ആഫ്രിക്കയിലെ ടാങ്കനിക്കയിലെ കറുത്തനിറമുള്ള രോഗിയുടെ കണ്ണിൽ സ്‌നേഹമായി പ്രകാശിക്കും, കാടിനും കടലിനുമപ്പുറത്തൊക്കെ വ്യാപിച്ചുകിടക്കുന്ന ലോകമപ്പാടെ മാന്തളിരിന്റെ ഇത്തിരിവട്ടത്തിലേക്കു താണിറങ്ങും, മാന്തളിരെന്ന കുഞ്ഞുദേശം വിശ്വത്തോളം വളരും, ബെന്നി ബെന്യാമിനായി വളർന്ന് ലോകത്തിന്റെ മുഖത്തുനോക്കി നിശ്ശബ്‌ദമായി ചിരിക്കും, വാക്കിന്റെ നേരു കാണുന്ന ചിരി...

 

ADVERTISEMENT

ആ ചിരിയുടെ സാന്ത്വനം ഓരോരോ പുസ്തകങ്ങളിലൂടെ നമ്മിലേക്ക് പടരുകയാണ്. വജ്രസൂചി പോലെ മനസ്സിനെ തുളയ്‌ക്കുന്ന വാക്കുകളുടെ നിശ്ശബ്‌ദസഞ്ചാരങ്ങൾ. ആ സഞ്ചാരമെത്തി നിൽക്കുന്നത് ബോഗൻവില്ലപ്പൂക്കൾ കൊണ്ടു തീർത്ത, ഒരിക്കലും വാടാത്തതും പനിനീർപ്പൂക്കളുടെ സുഗന്ധമോലുന്നതുമായ ഹാരം മഹത്തായൊരു മനുഷ്യസേവനത്തിന്റെ കഴുത്തിലണിയിച്ചുകൊണ്ടാണ്. രോഗപീഡകളുടെ യാതനാപൂർണമായ വേളകളിൽ മാത്രം ആരാധനയോടെ ഓർക്കുകയും അല്ലാത്തപ്പോൾ വിലകുറഞ്ഞ തമാശകളിൽ കഥാപാത്രമാക്കിയോ അർഹിക്കുന്ന ആദരം നൽകാതെയോ അവഗണിക്കുകയും ചെയ്യുന്ന ജീവികളാണ് നമുക്ക് നഴ്‌സുമാർ. അവർക്കൊരു ചരിത്രമുള്ളതായി നാമോർക്കാറില്ല. ചക്രവർത്തിമാർക്കും രാഷ്‌ട്രനായകന്മാർക്കും എഴുത്തുകാർക്കും മാത്രമല്ല നഴ്‌സുമാർക്കും ഒരു ചരിത്രമുണ്ടെന്ന് നമ്മെ ഓർമിപ്പിക്കുന്നു ബെന്യാമിൻ.

ബെന്യാമിൻ

 

എൺപതു വർഷം മുമ്പ് തൊഴിലന്വേഷിച്ച് മദ്രാസിലേക്കും അവിടെനിന്ന് സിംഗപ്പൂരിലേക്കും തുടർന്ന് ബോർണിയോയിലേക്കും പിന്നീട് ആഫ്രിക്കയിലെ ടാങ്കനിക്കയിലേക്കുമൊക്കെ യാത്ര ചെയ്‌ത മറിയാമ്മ യോഹന്നാൻ ജീവിതം കൊടുത്ത് കെട്ടിപ്പടുത്തതൊരു കുടുംബത്തെയാണ്, സ്‌നേഹം കൊടുത്ത് ശുശ്രൂഷിച്ചത് ലോകത്തെയാണ്. പല നിറക്കാരും പല ഭാഷക്കാരും പല മതക്കാരും പല രാജ്യക്കാരും മറിയാമ്മയുടെ ആതുരശുശ്രൂഷയുടെ മഹത്വമറിഞ്ഞു. അതുകൊണ്ടു തന്നെ അവരൊരു വിശുദ്ധയാണെന്ന് കുടുംബത്തിൽനിന്നു പിൽക്കാലത്തു നഴ്‌സായ ഗ്രേസിപ്പിള്ളയ്‌ക്കു തോന്നുന്നു. അവരുടെ അധ്വാനത്തിന്റെ സാക്ഷ്യമായ കുടുംബവീടിനെ അവർക്കുള്ള നിത്യസ്‌മാരകമായി നിലനിർത്തണമെന്ന് കറുത്തമ്മച്ചിക്കു തോന്നുന്നു. പക്ഷേ, കുടുംബവീട് കൈമാറിക്കിട്ടിയ റെജി മാപ്പിളയ്ക്കാവട്ടെ അതൊരു ബാധ്യതയായിട്ടാണ് തോന്നുന്നത്. ആ വീട് പൊളിച്ചു കളഞ്ഞ് അവിടെ പുതിയൊരു വീട് പണിയാനുള്ള തയാറെടുപ്പിലാണയാൾ. 

 

ADVERTISEMENT

പഴയ വീട്ടിലെ സാധനങ്ങൾ ഒഴിവാക്കി വീട് പൊളിപ്പരുവത്തിലാക്കിയെടുക്കാൻ നിയോഗിക്കപ്പെടുന്നത് റെജിയുടെ മകൻ ഇരുപത്തിമൂന്നുകാരൻ മനുവാണ്. വീടു വൃത്തിയാക്കലിനിടെ അപ്രതീക്ഷിതമായി കിട്ടിയ വെറുമൊരു തപാൽകാർഡ് അവന്റെ സ്വസ്ഥതയ്‌ക്കു മേൽ ജിജ്‌ഞാസയുടെ അസ്വസ്ഥനൂലേണി പണിയുന്നു. 1941 നവംബർ 1ന് സ്‌ട്രെയിറ്റ് സെറ്റിൽമെന്റ്‌സിന്റെ സ്റ്റാംപ് ഒട്ടിച്ച് വൈ. മറിയാമ്മ എന്ന സ്‌ത്രീ അയച്ച കാർഡ് അപ്പച്ചാ എന്ന സംബോധനയിലാണ് തുടങ്ങുന്നത്. 

ആരാണ് ഈ മറിയാമ്മ ? ആരാണ് അപ്പച്ചൻ ? 

 

മനുവിന്റെ ജിജ്‌ഞാസ തിളയ്‌ക്കുന്ന തലയിലെ നീരാവിയെ അപ്പൻ റെജി സ്വന്തം അജ്‌ഞതയുടെ അടപ്പുകൊണ്ട് മൂടിവയ്‌ക്കാൻ ചിലതെല്ലാം പറയുന്നു. 

ADVERTISEMENT

അത് നിന്റെ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ ചെറിയാൻ മാപ്പിളയുടെ പെങ്ങൾ. ഞാനൊക്കെ ജനിക്കുന്നതിനും പത്തു പതിനഞ്ചുവർഷം മുമ്പേ മരിച്ചുപോയി. അവരുടെ ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല. പക്ഷേ, ആ അമ്മച്ചിയാണ് നമ്മുടെ നാട്ടിൽനിന്നു കടൽ കടക്കുന്ന ഒന്നാമത്തെയാൾ എന്ന് അപ്പച്ചൻ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്.

 

അതിനപ്പുറമൊന്നും റെജിക്ക് മറിയാമ്മയെക്കുറിച്ച് അറിയില്ല. അതൊരു നീതികേടായി മനുവിനു തോന്നുന്നു. അവൻ അന്വേഷിച്ചുപോവുകയാണ് മാന്തളിരെമ്പാടും, പോരാഞ്ഞ് സിംഗപ്പൂരിലേക്ക്, ആഫ്രിക്കയിലേക്ക്, അവിവാഹിതയായി മരിച്ച അവരുടെ പ്രണയത്തിലേക്ക്, അവർ നട്ട പ്രണയ സ്‌മാരകത്തിലേക്ക്, അവരുടെ ഓർമകളിലേക്ക്..... ആഫ്രിക്കയിലെ ഉൾപ്രദേശങ്ങളിലൊന്നിൽ അവരുടെ കബറിടം കണ്ടെത്തി ആ ചരിത്രാന്വേഷണയാത്ര അവസാനിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള നഴ്‌സുമാരുടെ ആഗോള നിശ്ശബ്‌ദസഞ്ചാരങ്ങളുടെ കൂടി ചരിത്രാന്വേഷണം കൂടിയാണ് പൂർത്തിയാകുന്നത്. 

 

ബെന്യാമിന്റെ രചനകളുടെ മുഖമുദ്രയായ പാരായണക്ഷമത ലവലേശം കുറയാതെ കാക്കുകയും ആകാംക്ഷയുടെ മുൾമുനയിൽ വായനക്കാരനെ നിർത്തിപ്പൊരിക്കുകയും ചെയ്യുന്ന നോവൽ കാലവും ദേശവും കൊണ്ട് മാന്തളിർ നോവൽ പരമ്പരയിലാണ് വരുകയെങ്കിൽ രചനാരീതികൊണ്ട് മഞ്ഞവെയിൽ പാരമ്പര്യത്തിലാണ് നിൽക്കാൻ ഇച്ഛിക്കുന്നത്. മധ്യതിരുവിതാംകൂറിലെ കുളനട പഞ്ചായത്തിലെ ഒരു വാർഡിന്റെ പോലും വലുപ്പമില്ലാത്ത, മാന്തുകയെന്നും മാന്തളിരെന്നുമൊക്കെ പറയപ്പെടുന്ന ജന്മദേശത്തിന്റെ പ്രാദേശിക ഭാഷയുടെ ഷോക്കേസിങ് ആയിരുന്നു അക്കപ്പോരിന്റെ 20 നസ്രാണിവർഷങ്ങൾ എങ്കിൽ ആ പ്രാദേശിക ഭാഷയ്‌ക്കു മേൽ ഇംഗ്ലിഷിന്റെ അധിനിവേശം വരുത്തിയ വലിയ കലർപ്പുകൾ അടയാളപ്പെടുത്തുന്ന നോവലാണ് ഇത്. പത്തിരുപതു വർഷം കൊണ്ട് ബെന്യാമിൻ എന്ന എഴുത്തുകാരന്റെ (ഏതൊരു മലയാളി എഴുത്തുകാരന്റെയും) ഭാഷാപ്രയോഗത്തിലുണ്ടാവുന്ന പരിവർത്തനം മനസ്സിലാകാനും ഈ നോവൽ വായിക്കുന്നതു നന്നായിരിക്കും. 

 

സിനിമയിലെന്ന പോലെ കാഴ്‌ചകളുടെ ഘോഷയാത്ര ഒരുക്കുന്ന ഭാഷാപ്രയോഗമാണ് ബെന്യാമിനിലേക്ക് വായനക്കാരനെ ആകർഷിക്കുന്ന മറ്റൊരു ഘടകം. പുൽമേട്ടിൽ നിഴൽ പരക്കുന്നതുപോലെ മയക്കം എന്റെ ബോധത്തെ വന്നു മൂടുന്നത് ഞാനറിഞ്ഞു എന്നും മറിയാമ്മ അമ്മച്ചിയുടെ ഹൃദയത്തിന്റെ വേരുകൾ കുഴിച്ചിട്ട വീട് എന്നുമൊക്കെ വായിക്കുമ്പോൾ നിശബ്‌ദസഞ്ചാരങ്ങളിലും നാം ആ സുഖമറിയും.

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് എന്ന് ബെന്യാമിൻ എഴുതിയത് ആടുജീവിതത്തിലാണ്. തത്വവിചാരങ്ങളുടെ തലത്തിലേക്ക് മനസ്സിനെ ഉയർത്തുന്ന ഇത്തരം പ്രയോഗങ്ങൾ ഏതു മികച്ച നോവലിൽനിന്നും നാം പ്രതീക്ഷിക്കും. ചിലപ്പോൾ അവ ഭാഷയിലെയും നിത്യജീവിതത്തിലെയും സാധാരണക്കാരുടെ സംഭാഷണങ്ങളിലെയും പതിവുവാചകങ്ങളായി തീരുകയും ചെയ്യും. മോഹിപ്പിക്കുന്ന അനേകം വാചകങ്ങൾ അവിടവിടെയായി ചിതറിക്കിടക്കുന്നൊരു പുസ്തകം കൂടിയാണ് നിശബ്‌ദസഞ്ചാരങ്ങൾ. ചില ഉദാഹരണങ്ങൾ. 

 

‘‘ഓർമകൾ നമ്മെ കബളിപ്പിച്ചാലും കത്തുകൾ നമ്മെ കബളിപ്പിക്കില്ല. നേരുകളുടെ പച്ച ഞരമ്പുകളാണ് അതിലെഴുതപ്പെട്ട ഓരോ വരിയും.’’ 

 

‘‘യുദ്ധങ്ങളിൽനിന്ന്, മരണങ്ങളിൽനിന്ന് മനുഷ്യൻ ഒന്നും പഠിക്കുന്നില്ലേ? ഇത്രമാത്രം യുദ്ധക്കൊതി ഈ ജീവിയുടെ രക്തത്തിൽ എങ്ങനെ വന്നുപെട്ടു? മനുഷ്യൻ ദൈവത്തിന്റെ മക്കളോ ചെകുത്താന്റെ സന്തതികളോ? ’’

 

‘‘കണ്ടത്തിൽ കൃഷിയിറക്കുന്ന വല്യപ്പന്മാർക്കുള്ള ധൈര്യമെങ്കിലും നമുക്കും വേണമല്ലോ. കാലാവസ്ഥയെ പേടിച്ച് അവർ ഒരു കൊല്ലത്തിലും വിത്തു വിതയ്‌ക്കാതിരുന്നിട്ടില്ല.’’

 

മധ്യതിരുവിതാംകൂറിനെ പട്ടിണിയിൽനിന്നും പലായനങ്ങളിൽനിന്നും രക്ഷിച്ച അനേകായിരം നഴ്‌സ് സഹോദരങ്ങൾക്ക് സമർപ്പിച്ചിട്ടുള്ള നോവൽ വായിച്ചുതീരുമ്പോൾ നായകൻ മനുവിനെപ്പോലെ വായനക്കാരനും സംശയങ്ങൾ പലതുണ്ടാകാം. അവ തീർക്കാൻ ബെന്യാമിനേ കഴിയൂ.

 

ഒരു ശസ്ത്രക്രിയയുടെ തുടർച്ചയായുണ്ടായ ഗുരുതരാവസ്ഥ തരണം ചെയ്ത് ഭാര്യ ആഷ ബഹ്റൈനിലെ കോവിഡ് ആശുപത്രിയിലെ നഴ്സിങ് ദൗത്യത്തിനു വേണ്ടി വിമാനം കയറിയ ദിവസമാണ് ഈ നോവൽ ബെന്യാമിൻ അനൗൺസ് ചെയ്തത്. ഭാര്യയ്ക്കുള്ള പ്രണയോപഹാരം ആണോ നിശ്ശബ്ദ സഞ്ചാരങ്ങൾ? അതോ അവരെ ചികിത്സിച്ചവർക്കുള്ള ആദരമോ?

 

ആഷയെപ്പോലെ, അവരെ ശുശ്രൂഷിച്ചവരെപ്പോലെ ലോകത്തെമ്പാടുമായി ജോലി ചെയ്യുന്ന എല്ലാ മലയാളി നഴ്സുമാർക്കും എന്നു പറയാം. മൂന്നു വർഷം മുൻപ് എഴുതിത്തുടങ്ങിയ നോവൽ പൂർത്തിയായത് ഈ ലോക്‌ഡൗൺ കാലത്താണ്. ഈ ദിവസങ്ങളിലാണ് ആഷ ദീർഘമായ അവധിക്ക് എത്തുന്നതും ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്നതും. അതെല്ലാം ഭേദമായി തിരിച്ചു പോകാറായപ്പോൾ അവിടത്തെ മന്ത്രാലയം നാട്ടിലായിപ്പോയ സ്റ്റാഫിനെ കൊണ്ടുപോകുന്നതിനായി ഒരു ചാർട്ടേഡ് വിമാനം അയച്ചു. കോവിഡ് ജോലിക്കാണ് പോകുന്നത് എന്നറിഞ്ഞുകൊണ്ടാണ് ശസ്ത്രക്രിയയ്ക്കു ശേഷവും അവർ വിമാനം കയറുന്നത്. ചെയ്യുന്ന തൊഴിലിനോടുള്ള കേരളത്തിലെ നഴ്സുമാരുടെ അർപ്പണമനോഭാവമാണ് ഞാനതിൽ കണ്ടത്. അതുകൊണ്ടാണ് ആ ദിവസം ഈ നോവൽ പ്രഖ്യാപിച്ചത്. 

 

മാന്തളിർ പശ്ചാത്തലമാക്കിയ നാലു നോവലുകളുടെ പരമ്പരയെക്കുറിച്ച് മുമ്പൊരിക്കൽ പറഞ്ഞിരുന്നു. അതിൽ സഭാതർക്കം വിഷയമാക്കിയ അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച, തളർച്ചകൾ വിഷയമാക്കിയ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടു. പ്രവാസം വിഷയമാക്കിയ ഈ മൂന്നാം നോവൽ ആളുകൾ എങ്ങനെയാണ് സ്വീകരിച്ചത്? നാലാം നോവലിന്റെ വിഷയം എന്ത്? പണി തുടങ്ങിയോ?

 

പ്രവാസം വിഷയമാക്കിയ നോവൽ എങ്ങനെ എഴുതണം എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. കാരണം മലയാളിയുടെ പ്രവാസത്തെ ആസ്പദമാക്കി ഇനിനോടകം എം.മുകുന്ദന്റെ പ്രവാസം ഉൾപ്പെടെ നിരവധി നോവലുകൾ വന്നിട്ടുണ്ട്. അപ്പോൾ ഒരു പുതിയ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു വേണം ഈ മൂന്നാം ഭാഗം എഴുതാൻ എന്ന് ആദ്യമേ നിശ്ചയിച്ചിരുന്നു. അങ്ങനെയാണ് സ്ത്രീകളുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ പ്രവാസം മുഖ്യവിഷയം ആവട്ടെ എന്ന് തീരുമാനിക്കുന്നത്. പെൺപ്രവാസത്തിന്റെ വലിയ ചരിത്രമുള്ള മാന്തളിരിൽനിന്ന് അങ്ങനെ ഒന്നു കണ്ടെത്താൻ ഒട്ടും പ്രയാസപ്പെടേണ്ടി വന്നതുമില്ല. അത് പരക്കെ സ്വീകരിക്കപ്പെട്ടു എന്നുള്ളത് വലിയ ആഹ്ലാദം നൽകുന്ന അനുഭവമാണ്. നാലുമാസത്തിനുള്ളിൽ അഞ്ച് പതിപ്പുകൾ വന്നു. നിരവധി നല്ല വായനകൾ ഉണ്ടായി. ചെറിയ പിഴവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് വായനക്കാർ എഴുതി. അതൊക്കെ സന്തോഷം നൽകുന്ന കാര്യമാണ്. പുതിയ നോവലും അതിന്റെ വിഷയവും ആലോചിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ഒന്നാം ഭാഗത്തിൽനിന്ന് രണ്ടാം ഭാഗത്തിൽ എത്താൻ ഏതാണ്ട് പത്തു വർഷം എടുത്തു. അതുകൊണ്ട് അടുത്ത ഭാഗത്തിനുവേണ്ടി തിരക്കു കൂട്ടുന്നില്ല. പതിയെ സംഭവിക്കട്ടെ. 

 

നഴ്സുമാർ കഥാപാത്രങ്ങളായ കൃതികൾ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, മലയാളി നഴ്സുമാരുടെ 80 വർഷത്തെ ചരിത്രം, പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ വിവരിക്കുന്ന നോവൽ മലയാളത്തിൽ ആദ്യമായിരിക്കും. എത്ര നാളത്തെ അധ്വാനം വേണ്ടി വന്നു ഇതെഴുതാൻ?

 

എഴുത്തുകാലം പറഞ്ഞാൽ മൂന്നു വർഷം. എന്നാൽ അതിനു മുൻപേ ജീവിതത്തിലേക്ക് കുടിയേറിയ നിരവധി അനുഭവങ്ങൾ ഇതിന്റെ എഴുത്തിനെ സഹായിച്ചിട്ടുണ്ട്. കാരണം എന്റെ കുടുംബത്തിൽത്തന്നെ ധാരളം നഴ്സുമാർ ഉണ്ട്. അവരുടെ അനുഭവങ്ങൾ, പ്രശ്നങ്ങൾ, യാത്രകൾ ഒക്കെ ഞാൻ നേരത്തേ കേട്ടിരുന്നു. ഇപ്പോൾ പുതിയതായി ആ യാത്രകളുടെ ചരിത്രം തിരയുന്നതിനാണ് കൂടുതൽ സമയം എടുത്തത്. 

 

നോവൽ വായിച്ചു കൊണ്ടിരുന്നപ്പോൾ ഇതിലെ മരിയ എന്ന കഥാപാത്രത്തോട് എനിക്ക് വല്ലാത്ത പ്രണയം തോന്നി. അവൾക്ക് നായകൻ മനുവിനോടാണ് പ്രണയം. പക്ഷേ, വായനക്കാരന്റെ പ്രണയം അനുഭവിക്കാനും മനുവിന്റെ പ്രണയം തിരിച്ചു കിട്ടാനും യോഗമില്ലാതെ ആ സുന്ദരിക്കുട്ടി മരിച്ചു പോകുന്നു. വേണ്ടിയിരുന്നോ അങ്ങനെയൊരു കൊലപാതകം?

 

ജീവിച്ചിരിക്കുന്നവരുടെയും പ്രണയം അനുഭവിക്കാൻ യോഗം ഉള്ളവരുടെയും മാത്രമല്ല ഈ ലോകം. പെട്ടെന്ന് മരണപ്പെടുന്നവരുടെയും തിരസ്കരിക്കപ്പെടുന്നവരുടെയും കൂടിയാണ്. അവരെ കൂടി അടയാളപ്പെടുത്തുമ്പോൾ മാത്രമേ ഏതൊരു ചരിത്രത്തിനും അതിന്റെ പൂർണത വരികയുള്ളൂ. നമുക്ക് പ്രിയപ്പെട്ട ചില കഥാപാത്രങ്ങൾ കഥയ്ക്കിടയിൽ മരണപ്പെട്ടു എന്നു വരാം. ആടുജീവിതത്തിലെ ഹക്കീമും മഞ്ഞവെയിൽ മരണങ്ങളിലെ മെൽ‌വിനും ശരീരശാസ്ത്രത്തിലെ മിഥുനും മുല്ലപ്പൂ നിറമുള്ള പകലുകളിലെ ബാബയും ഒക്കെ അങ്ങനെ ചിലരാണ്. അവരിൽ ഒരാളാണ് മരിയയും. അവരുടെ മരണം വായനക്കാരനെപ്പോലെ എന്നെയും വേദനിപ്പിക്കുന്നുണ്ട്. 

 

നോവലിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നായിക മറിയാമ്മ അമ്മച്ചിയും ജോൺ അപ്പച്ചനും പ്രണയത്തിലായിരുന്നു. അതും സഫലമായില്ല. മറിയാമ്മ അമ്മച്ചി അവിവാഹിതയായി മരിക്കുന്നു. ആ പ്രണയത്തിന്റെ സ്മാരകമായ ബൊഗൈൻ വില്ലച്ചെടിയിലെ കമ്പ് സ്വന്തം വീട്ടുമുറ്റത്തു നടണം എന്ന ആഗ്രഹം സാധിക്കാതെ മറ്റൊരു പ്രണയ നായിക ഗ്രേസിപ്പിള്ളയാന്റിയും മരിക്കുന്നു. ശരിക്കും ഈ പുസ്തകം ഒരു വിലാപകാവ്യമാണോ?

 

എന്നു വേണമെങ്കിൽ വായിച്ചെടുക്കാം. അങ്ങനെ ആഗ്രഹങ്ങൾ പലതും സഫലമാകാതെ മരണപ്പെട്ടു പോയ ചിലരുടെ ആ‍ത്മസമർപ്പണത്തിന്റെ ഫലമാണ് മധ്യതിരുവിതാംകൂറിലെ പല കുടുംബങ്ങളൂടെയും പണവും പ്രശസ്‌തിയും എന്നു പറയാനാണ് നോവൽ ശ്രമിക്കുന്നത്. പട്ടിണിയിൽനിന്നും പലായനത്തിൽനിന്നും അവരെ രക്ഷിച്ചത് ഈ സ്ത്രീകൾ ആയിരുന്നു. 

 

മറിയാമ്മ അമ്മച്ചി, ജോൺ അപ്പച്ചൻ, കറുത്തമ്മച്ചി, ഷെറിൻ.... എല്ലാം കൂടി വായിക്കുമ്പോൾ ബെന്യാമിന്റെ വീട്ടിലെ കഥയാണോ പറയുന്നത് എന്നു തോന്നിപ്പോകും. ആത്മകഥാപരം എന്നോ നടന്ന സംഭവം എന്നോ പറയാവുന്ന എന്തെങ്കിലും നോവലിൽ ഉണ്ടോ?

 

ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന പല മനുഷ്യരുടെയും അനുഭവങ്ങൾ ഇതിൽ കടമെടുത്തിട്ടുണ്ട്. ജോൺ എന്ന കഥാപാത്രത്തെ എന്റെ വീടിനു വളരെ അടുത്തുള്ള ഒരാളുടെ ജീവിതത്തിൽനിന്നു കടം കൊണ്ടിട്ടുള്ളതാണ്. രണ്ടാം ലോകമഹായുദ്ധകാലത്തെ സിംഗപ്പൂർ അനുഭവങ്ങൾക്ക് ഒക്കെ സഹായകമായത് അദ്ദേഹത്തിന്റെ കഥകളാണ്. അങ്ങനെ ഇതിൽ പറയുന്ന ഓരോ കഥാപാത്രത്തിലും എനിക്കറിയാവുന്ന ആരെങ്കിലും ഒക്കെയുണ്ട്. അല്ലെങ്കിൽ ആരെങ്കിലും ഒക്കെ പറഞ്ഞു തന്ന കഥകൾ ഉണ്ട്.

 

സിംഗപ്പൂർ നാഷനൽ ആർക്കൈവ്സ് കേന്ദ്രീകരിച്ച് നടത്തിയ ഒരു അന്വേഷണത്തിന്റെ കാര്യം നോവലിൽ പറയുന്നുണ്ട്. അത് കഥയുടെ ഭാഗം എന്നു കരുതി. പക്ഷേ, അവസാനം സിംഗപ്പൂർ നാഷനൽ ആർക്കൈവ്സിന് കടപ്പാട് രേഖപ്പെടുത്തുമ്പോൾ, വിവരിച്ചത് നടന്ന സംഭവമായിരുന്നോ എന്നു തോന്നും. ഒരു മാജിക്കൽ റിയലിസം പ്രതീതി സൃഷ്ടിക്കുകയായിരുന്നോ ഉദ്ദേശ്യം?

 

അങ്ങനെയല്ല. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത മലയാളിയുടെ അനുഭവം കൂടി ഈ നോവലിന്റെ ഭാഗമാകണം എന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് സിംഗപ്പൂർ നാഷനൽ ആർക്കൈവ്‌സിൽ അന്വേഷണം എത്തിപ്പെടുന്നത്. അവിടെനിന്ന് ഒരു ഡോക്യുമെന്റ് സംഘടിപ്പിക്കുക എന്നത് വളരെ പ്രയാസമുള്ള സംഗതിയാണ്. പ്രത്യേകിച്ച് നാം ഒരു വിദേശ രാജ്യത്ത് ആയിരിക്കുമ്പോൾ. ഞാൻ നേരിട്ട ആ പ്രയാസങ്ങൾ കൂടി മനുവിന്റെ അന്വേഷണങ്ങളുടെ ഭാഗമാക്കിയപ്പോൾ നോവലിന് വിശ്വാസ്യത കൂടുകയാണ് ചെയ്തത്. 

 

മഞ്ഞവെയിൽ മരണങ്ങളിലെ അന്ത്രപ്പേരുടെ അന്വേഷണ രീതികളും നിശ്ശബ്ദ സഞ്ചാരങ്ങളിലെ മനുവിന്റെ അന്വേഷണ രീതികളും തമ്മിൽ പല സാമ്യങ്ങളുമുണ്ട്. ഡിറ്റക്ടീവ് നോവൽ/ ക്രൈം ഫിക്‌ഷൻ ശാഖയുടെ തിരിച്ചുവരവിന്റെ കാലമാണിത്. എങ്ങനെ കാണുന്നു ഈ മാറ്റത്തെ ? ക്ലാസിക് നോവലുകൾ മലയാളി വായനക്കാർക്കും പ്രസാധകർക്കും മടുത്തു തുടങ്ങിയോ?

 

ഞാൻ പറയാൻ ആഗ്രഹിക്കുന്ന വിഷയം പൂർണമായും വായനക്കാരനെക്കൊണ്ട് വായിപ്പിക്കുക എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണ്. അതിനുവേണ്ടിയാണ് വിഷയങ്ങൾക്ക് മേൽ പലതരം മധുരപ്പൊടികൾ വിതറുന്നത്. അതിൽ മികച്ച വിഭവങ്ങളാണ് അന്വേഷണവും ഉദ്വേഗവും. അതിലൂടെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന വിഷയത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് ചെയ്യുന്നത്. അതുകൊണ്ടാവും ഈ നോവലിന് മഞ്ഞവെയിൽ മരണങ്ങളോട് സാമ്യം തോന്നുന്നത്. അതൊഴിച്ചാൽ സമ്പൂർണമായും ഇരുധ്രുവങ്ങളിൽ നിൽക്കുന്ന നോവലാണ് രണ്ടും. പിന്നെ ക്രൈം ഫിക്‌ഷന്റെ മടങ്ങിവരവ് വായനയെ കൂടുതൽ ഉത്തേജിപ്പിക്കാൻ സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഞാനൊക്കെ ഹൈസ്കൂൾ കാലത്തേ കോട്ടയം പുഷ്പനാഥിനെയും ബാറ്റൺ ബോസിനെയും ഒക്കെ വായിച്ചിട്ടുണ്ട്. പിൽക്കാലത്തെ എന്റെ ഗൗരവതരമായ വായനയ്ക്ക് വഴിമരുന്നിട്ടത് അതാണെന്നു പറയാം. അവരുടെ കാലത്തും ക്ലാസിക് കൃതികൾ ഇറങ്ങിയിട്ടുണ്ട്. അവ വായിക്കപ്പെട്ടിട്ടുമുണ്ട്. അതേപോലെ തുടക്കക്കാരായ വായനക്കാർക്ക് പുതിയ കാലത്തിന്റെ വായനരീതികളിലൂടെ മറ്റു മികച്ച കൃതികളിലേക്ക് എത്താൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ക്ലാസിക് നോവലുകൾക്ക് അതിന്റെ സ്ഥാനം എന്നും ഉണ്ടാവും. 

 

മുമ്പൊക്കെ മഹാന്മാർ പറയുന്ന വാചകങ്ങളാണ് പൊതുവേ ക്വോട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ നോവൽ വാചകങ്ങൾ പലടത്തും ക്വോട്ട് ചെയ്യുന്നു. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് എന്ന ആടുജീവിത വാചകം ഒരു ഉദാഹരണം. ഫിലോസഫിക്കലായ ഒട്ടേറെ വാചകങ്ങൾ വായിക്കാൻ കഴിയുന്ന പുസ്തകമാണ് നിശ്ശബ്ദ സഞ്ചാരങ്ങൾ. ആളുകൾ ക്വോട്ട് ചെയ്യണം എന്ന് ആഗ്രഹിച്ചുറപ്പിച്ച് എഴുതുന്ന വാചകങ്ങളാണോ അവ ? അതോ സ്വഭാവികമായി സംഭവിക്കുന്നതോ?

 

ഒരിക്കലും അല്ല. വിഷയത്തിനോട് അത്രയും ചേർന്നുനിന്ന് എഴുതി പോകുമ്പോൾ അറിയാതെ വന്നു ഭവിക്കുന്നതാണ് അവയൊക്കെ. സത്യത്തിൽ ഞാൻ അതൊന്നും അത്ര ശ്രദ്ധിക്കാറേയില്ല. പിന്നെ മറ്റാരെങ്കിലും ഒക്കെ ക്വോട്ട് ചെയ്തു കാണുമ്പോൾ ആണ് അങ്ങനെ ഒരു വാചകം ഞാൻ എഴുതിയിരുന്നു അല്ലേ എന്ന് ഞാൻ തന്നെ ഓർക്കുന്നത്. 

 

അക്കപ്പോരും കമ്യൂണിസ്റ്റ്‌ വർഷവുമൊക്കെ തനി കുളനട ഭാഷയുടെ ഷോക്കേസിങ് ആയിരുന്നു. ഈ പുസ്തകത്തിലും, വല്ലച്ചാതീലും രക്ഷപ്പെട്ടു പോലെയുള്ള കുളനട പ്രയോഗങ്ങളുണ്ട്. പക്ഷേ ബ്രെസ്റ്റ് റിമൂവ് ചെയ്തു പോലെയുള്ള ഇംഗ്ലിഷ് പ്രയോഗങ്ങളും ധാരാളം. എഴുത്തിൽ ഒരു തിടുക്കം ഉണ്ടായിരുന്നോ? അതോ നാട്ടിൻപുറങ്ങളിലെ ഭാഷാ പ്രയോഗത്തിലെ മാറ്റം അടയാളപ്പെടുത്തുകയായിരുന്നോ ലക്ഷ്യം?

 

അതുരണ്ടും തികച്ചും ഗ്രാമീണനോവലുകൾ ആയിരുന്നു. എന്നാൽ ഇത് അങ്ങനെയല്ല. ഇതിന് ഒരു ആഗോളസ്വഭാവമുണ്ട്. ഇതിലെ കഥാപാത്രങ്ങളിൽ ഭൂരിപക്ഷവും ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് സഞ്ചരിച്ചവരാണ്. അവരുടെ ഭാഷയിൽ സ്വാഭാവികമായും ഗ്രാമീണത്വം കുറയും. ഇതര ശൈലികളും ഭാഷകളും കലരും. എന്നുമാത്രമല്ല ഇതിലെ കഥപറച്ചിലുകാരൻ ഇരുപത്തിമൂന്നു വയസ്സുകാരനാണ്. അവന്റെ ഭാഷ തീർത്തും വ്യത്യസ്തം ആയിരിക്കും. ഇതൊക്കെ മനസ്സിൽ കരുതിയും ഉൾക്കൊണ്ടുമാണ് നോവൽ എഴുതിയിരിക്കുന്നത്. അത് മനഃപൂർവം സംഭവിച്ചതാണ്. 

 

പുതിയ സൃഷ്ടിയുടെ തയാറെടുപ്പുകൾ തുടങ്ങിയോ?

 

എല്ലാക്കാലത്തും എന്തെങ്കിലും ഒക്കെ എഴുതണം എന്ന ആലോചനയിൽ ആയിരിക്കും ഞാൻ. മൂന്നോനാലോ വിഷയങ്ങളുടെ വിത്ത് മനസ്സിൽ പാകിയിടുകയും ചെയ്യും. പിന്നെ അതേപ്പറ്റി നിരന്തരം ആലോചനയും പഠനവും അന്വേഷണങ്ങളും ഒക്കെ ആയിരിക്കും. ഒരു ഘട്ടത്തിൽ വച്ച് അതിൽ ഒരു വിഷയം മനസ്സിനെ കയറിപ്പിടിക്കുകയും ബാക്കി എല്ലാം ഉപേക്ഷിച്ച് അതിന്റെ പിന്നാലെ പോവുകയും ചെയ്യും. അങ്ങനെയാണ് നോവലുകൾ സംഭവിക്കുന്നത്. ഇത് അങ്ങനെയൊരു കാത്തിരിപ്പിന്റെ കാലമാണ്. നിറയെ വായിക്കുകയും അന്വേഷിക്കുകയും ആലോചിച്ച് കൂട്ടുകയും ചെയ്യുന്ന കാലം. നോവൽ പതിയെ വന്നുകൊള്ളും.

 

സാഹിത്യം വിട്ട് ചില ചോദ്യങ്ങൾ കൂടി. കേരളത്തിലെ വിവിധ രാഷ്ടീയ പാർട്ടികളിലെ ആഭ്യന്തര രഹസ്യങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആളാണ് ബെന്യാമിൻ. രാഷ്ട്രീയ നിരീക്ഷകരോ മാധ്യമ പ്രവർത്തകരോ പോലും ആലോചിക്കാത്ത ചില സാധ്യതകൾ മാസങ്ങൾക്കു മുമ്പേ നമ്മുടെ സ്വകാര്യ സംഭാഷണങ്ങളിൽ പറയുകയും ഏറെ നാൾ കഴിഞ്ഞ് അതു ശരിയായി തീരുകയും ചെയ്തിട്ടുണ്ട്. യുഡിഎഫിനെ തിരഞ്ഞെടുപ്പിൽ നയിക്കുക ഉമ്മൻ ചാണ്ടിയായിരിക്കും എന്ന് ബെന്യാമിൻ പറഞ്ഞത് ഒരു വർഷം മുമ്പാണ്. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ടു നേടിക്കൊടുക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി സർക്കാരിന്റെ ഫ്രീ കിറ്റിനെ കണ്ടത് തിരഞ്ഞെടുപ്പിന് ഏറെ നാൾ മുമ്പ്. വേറെയും ചില ഉദാഹരണങ്ങൾ ഓർമ വരുന്നു. ശരിക്കും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ആലോചനയിലാണോ?

 

ഞാൻ ഈ രാഷ്ട്രത്തിലെ ഒരു പൗരൻ ആയിരിക്കുന്നതുകൊണ്ട്, രാഷ്ട്രീയം എന്റെ കൂടി ഭാഗധേയം നിർണ്ണയിക്കുന്ന ഒരു വിഷയമായതുകൊണ്ട് ഞാൻ അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്നു മാത്രം. അരാഷ്ട്രീയ വാദിയായ എഴുത്തുകാരൻ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ട്. ഏതൊരു പൗരനും അഭിപ്രായം പറയുന്നതുപോലെ ഞാനും ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പങ്കു വയ്ക്കുന്നു എന്നുമാത്രം. അതിനർഥം നാളെ ഞാൻ പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങുന്നു എന്നല്ല. എന്റെ ആഗ്രഹം പുതിയ വിഷയങ്ങൾ കണ്ടെത്തി എഴുതുക എന്നതാണ്. ഒരു പൊതുപ്രവർത്തകന് അവശ്യം വേണ്ട ആശയവിനിമയരീതികളും എപ്പോഴും ആൾക്കൂട്ടത്തിൽ ആയിരിക്കാൻ ഉള്ള ക്ഷമയും ഒന്നും ഉള്ള ആളല്ല ഞാൻ. ഏകാന്തതയാണ് എനിക്ക് കൂടുതൽ ഇഷ്ടം. 

 

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബെന്യാമിൻ സ്ഥാനാർഥിയാകുമെന്ന നിഗമനത്തിൽ ചിലരൊക്കെ സോഷ്യൽ മീഡിയയിൽ എഴുതി കണ്ടു. ആറൻമുള, റാന്നി തുടങ്ങി മണ്ഡലങ്ങളും അക്കൂട്ടത്തിൽ പറയുന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽനിന്ന് ക്ഷണമുണ്ടോ?

 

സോഷ്യൽ മീഡിയ അങ്ങനെ എന്തെല്ലാം പറയും. അതൊക്കെ നാം വിശ്വസിക്കാറുണ്ടോ? ഇതിനെയും അങ്ങനെ മാത്രം കണ്ടാൽ മതി. പിന്നെ സ്വാഭാവികമായും ചില ക്ഷണങ്ങൾ ഉണ്ടാവും. ഞാൻ അതിനൊന്നും താത്പര്യമുള്ള ആളല്ല എന്ന് പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിയും. പുതിയ രചനകൾക്ക് പുതിയ വിഷയങ്ങൾ കണ്ടെത്തുക, പുതിയ ഭാഷ കണ്ടെത്തുക, പുതിയ ശൈലിയിൽ എഴുതാൻ ശ്രമിക്കുക, പുതിയ പരീക്ഷണങ്ങളിൽ ഏർപ്പെടുക എന്നതിനപ്പുറത്ത് എനിക്ക് താത്‌പര്യങ്ങളില്ല.

 

കോൺഗ്രസിലെ യുവനേതാക്കൾക്കെതിരെ ബെന്യാമിൻ നടത്തിയ അഭിപ്രായ പ്രകടനം വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബെന്യാമിന്റെ പുസ്തകങ്ങളുടെ സ്ഥിരം വായനക്കാരായ ശബരീനാഥിനൊക്കെ വലിയ ആഘാതമായിരുന്നു ആ വിമർശനം. എന്തായിരുന്നു പ്രകോപനം? അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയോ?

 

മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ ഏറ്റവും ഗൗരവമായി ജനങ്ങൾ കേട്ടുകൊണ്ടിരുന്ന ഒരു സമയത്ത് അതിനെ പരിഹസിച്ചുകൊണ്ട് യുവനേതാക്കൾ രംഗത്ത് വന്നപ്പോഴാണ് ഞാൻ ആ പ്രതികരണം നടത്തിയത്. കോൺ‌ഗ്രസ് നേതൃത്വം ഒരു വലിയ തമാശ ആയി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു മികച്ച പ്രതിപക്ഷം ആയിരിക്കാനും രാജ്യത്തെ വർഗ്ഗീയ ശക്തികളുടെ പിടിയിൽനിന്നു മോചിപ്പിക്കാനുമുള്ള ചുമതല യുവനേതാക്കളിൽ നിക്ഷിപ്‌തമാണ് എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ അതിന്റെ ഗൗരവം തീരെ ഉൾക്കൊള്ളാതെയുള്ള ഫെയ്സ്ബുക്കിലെ പിള്ളേരുകളിയാണ് ഞാൻ അവരിൽ കണ്ടത്. സമൂഹത്തെ അടുത്തറിയാനോ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ച് മുന്നോട്ടു പോകാനോ അവർ തയാറാവുന്നില്ല. അതുകൊണ്ട് ചില ഷോക്കുകൾ നല്ലതാണ്. ആലസ്യത്തിൽനിന്നും മണ്ടത്തരങ്ങളിൽനിന്നും പിള്ളാരുകളിയിൽനിന്നും ഉണർത്താൻ അവരെ അത് സഹായിച്ചിട്ടുണ്ടാവും. വ്യക്തിപരമായ ആക്ഷേപം ആയിരുന്നില്ല അത്. തികച്ചും രാഷ്‌ട്രീയമായിരുന്നു. അത് അവരിൽ ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ എനിക്ക് ഖേദമുണ്ട്. 

 

English Summary: Pusthakakkazhcha Column by Ravi Varma Thampuran on writer Benyamin