കുറച്ചുനാൾ മുമ്പുവരെ ജി. ആർ. ഇന്ദുഗോപൻ കഥയും നോവലുമൊക്കെ എഴുതുന്ന ഒരു ആളായിരുന്നു. എന്നാൽ ഇപ്പോൾ, കഥയെഴുതുന്നത് ഒരു ഇന്ദു ഗോപൻ, നോവലെഴുതുന്നത് വേറൊരു ഇന്ദുഗോപൻ, സിനിമയ്ക്കു തിരക്കഥ എഴുതുന്നത് മറ്റൊരു ഇന്ദുഗോപൻ. അങ്ങനെയുള്ള രണ്ടോ മൂന്നോ ഇന്ദുഗോപന്മാരുടെ ഏറ്റവും പുതിയ നോവലാണ് നാലഞ്ചുചെറുപ്പക്കാർ. 141

കുറച്ചുനാൾ മുമ്പുവരെ ജി. ആർ. ഇന്ദുഗോപൻ കഥയും നോവലുമൊക്കെ എഴുതുന്ന ഒരു ആളായിരുന്നു. എന്നാൽ ഇപ്പോൾ, കഥയെഴുതുന്നത് ഒരു ഇന്ദു ഗോപൻ, നോവലെഴുതുന്നത് വേറൊരു ഇന്ദുഗോപൻ, സിനിമയ്ക്കു തിരക്കഥ എഴുതുന്നത് മറ്റൊരു ഇന്ദുഗോപൻ. അങ്ങനെയുള്ള രണ്ടോ മൂന്നോ ഇന്ദുഗോപന്മാരുടെ ഏറ്റവും പുതിയ നോവലാണ് നാലഞ്ചുചെറുപ്പക്കാർ. 141

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചുനാൾ മുമ്പുവരെ ജി. ആർ. ഇന്ദുഗോപൻ കഥയും നോവലുമൊക്കെ എഴുതുന്ന ഒരു ആളായിരുന്നു. എന്നാൽ ഇപ്പോൾ, കഥയെഴുതുന്നത് ഒരു ഇന്ദു ഗോപൻ, നോവലെഴുതുന്നത് വേറൊരു ഇന്ദുഗോപൻ, സിനിമയ്ക്കു തിരക്കഥ എഴുതുന്നത് മറ്റൊരു ഇന്ദുഗോപൻ. അങ്ങനെയുള്ള രണ്ടോ മൂന്നോ ഇന്ദുഗോപന്മാരുടെ ഏറ്റവും പുതിയ നോവലാണ് നാലഞ്ചുചെറുപ്പക്കാർ. 141

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചുനാൾ മുമ്പുവരെ ജി. ആർ. ഇന്ദുഗോപൻ കഥയും നോവലുമൊക്കെ എഴുതുന്ന ഒരു ആളായിരുന്നു. എന്നാൽ ഇപ്പോൾ,  കഥയെഴുതുന്നത് ഒരു ഇന്ദു ഗോപൻ, നോവലെഴുതുന്നത് വേറൊരു ഇന്ദുഗോപൻ, സിനിമയ്ക്കു തിരക്കഥ എഴുതുന്നത് മറ്റൊരു ഇന്ദുഗോപൻ. അങ്ങനെയുള്ള രണ്ടോ മൂന്നോ ഇന്ദുഗോപന്മാരുടെ ഏറ്റവും പുതിയ നോവലാണ് നാലഞ്ചുചെറുപ്പക്കാർ. 141 താളുകളിൽ അക്ഷരാകാരം പൂണ്ടു കിടക്കുന്നൊരു ചലച്ചിത്രമാണ് ഈ പുസ്തകം. വായിക്കുന്ന നോവലല്ല, കാണുന്ന  നോവലാണിത്. 

കാഴ്ച 1

ADVERTISEMENT

കല്യാണപ്പെണ്ണിന്റെ ബെഡ്‌റൂം.

പൊന്ന് തൂക്കി, പെണ്ണിന്റെ അമ്മയെയും സഹോദരൻ ബ്രൂണോയെയും ബോധ്യപ്പെടുത്തി. വിഡ്ഢിച്ചിരി ചിരിച്ച് അജേഷ് പറഞ്ഞു: പെണ്ണിനെ ഇങ്ങോട്ടു വിളിച്ചേ, ഇട്ടു നോക്കണ്ടേ..

പെണ്ണു വന്നു. ബ്രൂണോ അവിടുന്നങ്ങോട്ടു മാറി. 

കാഴ്ച 2

ADVERTISEMENT

രാത്രി. കായൽ. ഓളത്തിന്റെ ശബ്ദം. കായലിനകത്ത് ചതുരത്തിൽ വണ്ണമുള്ള ഒരു കോൺക്രീറ്റ് കുറ്റി. അതിന്റെ മുകളിലൊരു ലൈറ്റുണ്ട്. ചെമ്മീൻ, കരിമീൻ കെട്ടുകൾക്കുള്ള വെളിച്ചമാണ്. സുന്ദരിയായ ഒരു സ്ത്രീയെ കോൺക്രീറ്റിന്റെ കാണാവുന്ന മൂന്നു വശങ്ങളിലുമായി വരച്ചുവച്ചിട്ടുണ്ട്. മനോഹരമായി സാരിയുടുത്ത യുവതി. അവരുടെ വയറിന്റെ ഭാഗത്തുവച്ച് ചിത്രം ജലത്തിൽ സ്പർശിക്കുന്നു. 

ബ്യൂട്ടിഫുൾ.... അജേഷ് ചിത്രം നോക്കിപ്പറഞ്ഞു. 

മരിയാനോ താൽപര്യമില്ലാതെ മൂളി- ങും....

കാഴ്ച 3

ADVERTISEMENT

പുലർച്ചെ മൂന്നു മണി. കരിങ്കുതിരമുനമ്പ് കറുത്തൊരു കുതിരയുടെ തല പോലെ ആകാശത്തൊരു മല. അതിന്റെ മുഖം കായലിലേക്കു കൂർത്തു നിൽക്കുകയാണ്. ഓടിത്തളർന്ന കുതിരയുടെ വായിൽനിന്നു കുഴഞ്ഞു പുറത്തേക്കു ചാടിയ നാക്കെന്ന പോലെ, മല നിന്നു. ചരിഞ്ഞ്  കായലിലേക്ക് ഒഴുകിയിറങ്ങുന്ന ഒരു പാത. അതു വന്നെത്തി നിൽക്കുന്നത് കുഴിയന്തോയുടെ ചായക്കടയിലാണ്. കൊല്ലത്ത് ഒരു ദിവസം പുലരും മുൻപേ ആദ്യമായി ഒരു ഉരു, തിളച്ചു മറിഞ്ഞ് ആഹാരമാകുന്ന ഇടം. 

കാഴ്ച 4

പെരുന്നാൾ പറമ്പ്. വീണ്ടും  ക്രിസ് സോണിയയുടെ അടുക്കൽ സ്റ്റെഫിഗ്രാഫ് ചെന്നിരുന്നു. കല്ലുപോലെ. 

എന്ത് ചേച്ചീ, വല്ലാതിരിക്കുന്നത്? അവൾ ചോദിച്ചു.

ഒന്നുമില്ലെന്ന് അവൾ തലയാട്ടി. 

ഇങ്ങനെ, ഉടനീളം കാഴ്ചകൾ മാത്രം ഷൂട്ട് ചെയ്ത് സെല്ലുലോയ്ഡ് ഫിലിമുകൾ പോലെ കോർത്തിട്ടിരിക്കുന്നൊരു പുസ്തകം അത്യപൂർവമായേ വായിക്കാൻ കിട്ടൂ. നോവലുകളിൽ പൊതുവെ കാണുന്ന ദാർശനിക വ്യഥകളോ ലോക തത്വങ്ങളോ ഒന്നും ഈ നോവലിൽ വായിക്കാനായെന്നു വരില്ല. പക്ഷേ, കയ്യിലെടുത്താൽ ഒറ്റയിരിപ്പിന് വായിച്ചു തീർത്തേ ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കൂ.

കടൽപ്പുറത്ത് മീൻപിടിച്ചു ജീവിക്കുന്ന  സാധുകുടുംബത്തിലെ സ്റ്റെഫി എന്ന യുവതിയുടെ വിവാഹത്തിന്, തലേദിവസം വൈകിട്ട് ഈടൊന്നുമില്ലാതെ സ്വർണമെത്തിച്ചുകൊടുക്കുന്ന അജേഷ് എന്ന യുവാവ് ആ സ്വർണം തിരികെ വാങ്ങിയെടുക്കാൻ പിന്നീടു നടത്തുന്ന നാടകീയ നീക്കങ്ങളാണ് നോവലിന്റെ ചരട്. ആ ചരടിലേക്കാണ് ഇന്ദുഗോപൻ കാഴ്ചകളുടെ ഫ്രെയിമുകൾ കോർത്തിടുന്നത്. 

ഇതാ വരുന്നു ഒരു സംഘട്ടനം, ഇതാ വരുന്നു ഒരു കൊലപാതകം, ഇതാ വരുന്നു കൂട്ടത്തല്ല് എന്നിങ്ങനെ ഉടനീളം തോന്നിപ്പിച്ചുകൊണ്ടു മുന്നേറുന്ന ദൃശ്യസമൃദ്ധി കണ്ടു തീരുമ്പോൾ ഒരുകാര്യം മനസ്സിലാകും, മനുഷ്യരെല്ലാം പഞ്ചപാവങ്ങളും ശുദ്ധഗതിക്കാരുമാണ്. ഗതികേടുകൊണ്ട് ചിലപ്പോഴൊക്കെ വില്ലത്തരങ്ങൾ കാണിക്കുമെങ്കിലും അടിസ്ഥാനപരമായി മനുഷ്യൻ ഒരു നല്ല ജീവിയാണ്. ആ മനുഷ്യ നന്മയുടെ ആഖ്യാനമാണ് നാലഞ്ചുചെറുപ്പക്കാരിൽ കാണുന്നത്.

അല്ലെങ്കിൽ, പതിനഞ്ചു പവൻ സ്വർണമോ അതിന്റെ വിലയോ തിരികെ കൊടുക്കാനുള്ള കടക്കാരനും ചതിയനെന്നു വിളിക്കപ്പെടാൻ യോഗ്യനുമായ ബ്രൂണോയ്ക്ക് ചുമട്ടുകാരന്റെ പണി വാങ്ങിക്കൊടുക്കാൻ അജേഷ് പാർട്ടി നേതാവിനോടു ശുപാർശ ചെയ്യുമോ? പഴയ കല്ല്യാണങ്ങൾക്ക് അങ്ങോട്ടു പണം കൊടുത്തു സഹായിച്ചവരെ തേടിപ്പിടിച്ച് അവർ തിരികെ തരേണ്ടിയിരുന്ന പൈസ പിടിച്ചുവാങ്ങി, എല്ലാം കൂടി സ്വരൂപിച്ച് ആൾ വശം കൊടുത്തുവിടുന്ന ആഗ്നസിനെ തേടി അജേഷ് കടപ്പുറത്തു ചെല്ലുകയും ആ പണം ഇന്നാ വച്ചോ എന്നു പറഞ്ഞ് അവർക്കു തിരിച്ചുകൊടുക്കുകയും ചെയ്യുമോ?

ഗതികേടിന്റെയും സ്വർണക്കട മുതലാളിയുടെയും പിച്ചാത്തിമുനയിലോ തോക്കിൻകുഴലിനു മുമ്പിലോ ആണ് അജേഷിന്റെ ജീവിതം. പക്ഷേ, അതുകൊണ്ട്, തന്നെ ചതിച്ചവർക്കായിട്ടുകൂടി, നന്മ ചെയ്യാനുള്ള ഒരു അവസരവും അയാൾ പാഴാക്കുന്നില്ല. 

ഇന്ദുഗോപൻ കഥ പറഞ്ഞുപോകുന്ന രീതി, എഴുത്തുകാരോ എഴുതാനാഗ്രഹിക്കുന്നവരോ ആയ ആരെയും അസൂയക്കാരാക്കും. അത്രയ്ക്ക് സ്വാഭാവികമാണ് കഥപച്ചിൽ. സാഹിത്യം ആഖ്യാനത്തിന്റെ കലയാണെന്ന പൊതു തത്വത്തെ അടിവരയിടുന്ന ആഖ്യാനമികവാണ് ഈ നോവലിന്റെ വിജയരഹസ്യം.

ആഫ്രിക്കൻ കാടുകളെക്കുറിച്ചു പറയുമ്പോൾ, ഒരേ കാടായിരിക്കും. പക്ഷേ, ഓരോ തവണ കയറുമ്പോഴും പുതിയ കാടിന്റെ അനുഭൂതിയായിരിക്കും നമ്മൾ അനുഭവിക്കുന്നത്. പെണ്ണിന്റെ മനസ്സു പോലെ മാറിക്കൊണ്ടിരിക്കും എന്ന പെൺമനസ്സിന്റെ എക്‌സ് റേ ചിത്രം പോലെയുള്ള മനോഹരവാചകം ചെന്നായ എന്ന ചെറുകഥയിൽ എഴുതുന്ന അതേകാലത്തു തന്നെയാണ് താത്വിക സാധ്യതകളെയൊക്കെ മാറ്റിവച്ചുകൊണ്ട് ഇന്ദുഗോപൻ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലെഴുതുന്നത്. വ്യവസ്ഥയൊക്കെ ഒരു അവസ്ഥ വരെയേയുള്ളൂ അച്ചോ എന്ന് ബ്രൂണോയുടെ അമ്മ ആഗ്നസിനെക്കൊണ്ട് പള്ളിവികാരി പ്രേംപ്രകാശ് ഏലിയാസ് മണിക്കുട്ടൻ അച്ചനോട് പറയിക്കുന്നതിൽ ഒതുങ്ങുന്നു നോവലിലെ താത്വികചിന്ത. അതീ നോവലിന്റെ തന്നെ അടയാളവാചകവുമായിത്തീരുന്നു. 

നാലഞ്ചു ചെറുപ്പക്കാരുടെ പ്രകാശനം ഇതേ പേരിൽ ഈ പുസ്തകം ചലച്ചിത്രമാക്കുന്ന ജ്യോതിഷ് ശങ്കർക്കു നൽകി നടൻ ഫഹദ് ഫാസിൽ നിർവഹിക്കുന്നു. ഇന്ദുഗോപൻ സമീപം. മികച്ച ആർട് ഡയറക്ടർക്കുള്ള സംസ്ഥാന സർക്കാരിൻറെ കഴിഞ്ഞ വർഷത്തെ ചലച്ചിത്ര അവാർഡ് നേടിയ ആളാണ് ജ്യോതിഷ് ശങ്കർ.

നോവലിൽ ദാർശനികസത്യങ്ങളൊന്നും വിളിച്ചുപറയുന്നില്ല എന്നു നേരത്തേ പറഞ്ഞല്ലോ.  പക്ഷേ, ഒന്നുണ്ട്. ഈ കാഴ്ചക്കഥ കണ്ടുതീരുമ്പോൾ വായനക്കാരന്റെ മനസ്സിൽ ഒരൂ ദാർശനിക സത്യം എഴുതപ്പെടും. പെണ്ണാണ് പൊന്ന്. കമ്മലിടാനുള്ള കാതുതുളയിൽ പച്ചീർക്കിൽ പോലുമിടാതെ നിൽക്കുമ്പോൾ, കഴുത്തിൽ പണ്ടങ്ങളൊന്നുമില്ലാതെ നിൽക്കുമ്പോൾ അവൾ ശരിക്കും പൊന്നു തന്നെയാണ്. പൊന്ന് ദേഹത്തു കയറുന്നതോടെ അവൾ കരിക്കട്ടയായി മാറും. പെരുമാറ്റം കൊണ്ടും സ്വഭാവം കൊണ്ടും. 

ഒരേ കാലത്തെഴുതുന്ന കഥയും നോവലും സിനിമാ തിരക്കഥയുമൊക്കെ പലരെഴുതുന്നതുപോലെ വത്യസ്തമായിരിക്കുന്നതുകൊണ്ടാണ് രണ്ടോ മൂന്നോ ഇന്ദുഗോപന്മാർ ഇപ്പോൾ സാഹിത്യരംഗത്തുണ്ടെന്നു പറഞ്ഞുപോയത്. എഴുത്തിലെ ഈ വൈവിധ്യത്തിന്റെയും മികവിന്റെയും രഹസ്യം ഇന്ദുഗോപനു മാത്രമേ പറഞ്ഞു തരാനാകൂ. കേൾക്കാം. 

നാലഞ്ചു ചെറുപ്പക്കാർ, പുറമേ നിന്നു നോക്കുമ്പോൾ മുട്ടനൊരു ക്രൈം സ്റ്റോറിയാണ്. വായനയുടെ പല ഘട്ടത്തിലും വമ്പൻ സംഘട്ടനം പിന്നാലെ വരുന്നുണ്ടെന്നു തോന്നും. പക്ഷേ, ഒരു പൂവിറുക്കുന്നതു പോലെ ലളിതമായും സമാധാനപരമായും കഥ അവസാനിക്കുന്നു. ചോര മരവിപ്പിക്കുന്ന വില്ലത്തരങ്ങളുടെ സാധ്യത എന്തുകൊണ്ട് ഉപേക്ഷിച്ചു കളഞ്ഞു.?

തുടക്കത്തിൽ, നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ ഒരു ക്രൈം ഡ്രാമ എന്ന നിലയ്ക്കല്ല, ഞാൻ സ്വാംശീകരിച്ചത്. അത് ചിലരുടെ നിസ്സഹായാവസ്ഥയിൽ നിന്നുള്ള ചുറ്റിത്തിരിയലാണ്. അതിന്റെ അവസാനം ലളിതമാണെന്ന നിരീക്ഷണത്തിൽ സന്തോഷം. അങ്ങനെയാകാതെ വഴിയില്ല. നാടകീയതയ്ക്ക് പരിധിയുണ്ട്. നമ്മൾ നാടകീയതയെ റദ്ദു ചെയ്യാനാണ് ശ്രമിക്കുന്നത്. കാരണം ഏറ്റവും നാടകീയമാക്കാൻ പറ്റുന്ന വിഷയമാണ് സ്വീകരിച്ചിട്ടുള്ളത്. അപ്പോൾ അതിലെ ഓരോ നാടകീയാംശങ്ങളെയും സ്വാഭാവികത കൊണ്ട് നേരിടേണ്ടി വരും. എളുപ്പമല്ല. എളുപ്പം വഴങ്ങി വരില്ല. പിന്നെ ‘കിരീടം’ സിനിമയിലെ തിലകൻ പറയുന്നതു പോലെ ‘പത്തു മുപ്പതു കൊല്ലമായി എഴുതി വിയർത്തു കഷ്ടപ്പെട്ട ഒരുത്തനാടാ...നിന്റെ തന്തയാടാ പറയുന്നത്.കത്തി താഴെയിടടാ..’ എന്ന് ഓരോ വരിയിലും ചെന്നു നിന്ന് നമ്മൾ കരയണം. കഥയിലെ  വൈരുധ്യത്തോടും സംഘർഷത്തോടും നമ്മൾ സൂക്ഷിച്ച് ഇടപെടണം. ജാഗരൂകനായി എഴുത്തുകാരൻ നിൽക്കണം. പലപ്പോഴും എഴുത്തുകാരൻ മാന്യനായ ഒരു മധ്യസ്ഥനാണ്. പക്ഷേ അയാളുടെ കഥാപാത്രങ്ങൾ മാന്യതയുടെ കാര്യത്തിൽ ഒരുറപ്പും ഇല്ലാത്തവരാണ്. അവർ സങ്കീർണമായ ജീവിതമാണ് നയിക്കുന്നത്. അവരെ സാഹിത്യത്തിന്റെ പാഠങ്ങൾ ഭരിക്കുന്നില്ല. അവർക്ക്  വാക്കുകളുടെ അടുക്ക്, നാടകീയമായ വർത്തമാനം ഇതൊന്നും പഥ്യമല്ല. എന്നിട്ടും എഴുത്തിൽ വല്ലതും കടന്നുകൂടുന്നുണ്ടെങ്കിൽ  അതിനുള്ള ചെകിടത്തടി, ആ മാന്യത അഭിനയിക്കുന്ന മധ്യസ്ഥനായ എഴുത്തുകാരനാണ് കിട്ടേണ്ടത്. കിട്ടുന്നുമുണ്ട്. ഞാൻ തന്നെ കൊടുക്കുന്നതും, വായനക്കാരൻ തരുന്നതുമെല്ലാം ചേരും.

 

പഞ്ചപാവം വില്ലന്മാർ. ലോകത്ത് നന്മ നിലനിൽക്കണം, ആരും സങ്കടപ്പെടരുത് എന്നൊക്കെ വിചാരിക്കുന്നവർ. യഥാർഥ ജീവിതത്തിൽ കണ്ടുമുട്ടിയവരാണോ  ഇവർ? ഇത്രയ്ക്ക് നന്മയുള്ള വില്ലന്മാർ നമുക്കിടയിലുണ്ടോ?

നമുക്കിടയിൽ വില്ലന്മാരേ ഇല്ലല്ലോ; നന്മ മാത്രമുള്ളവരും. അതൊക്കെ ഏറ്റക്കുറച്ചിലുകളിൽ തോന്നുന്ന പ്രതിഭാസമാണ്. എന്റെ കഥയിൽ വില്ലന്മാരുമില്ല, നായകന്മാരുമില്ല. പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിൽ കഥ എഴുതിത്തുടങ്ങുകയും, കഥയിൽ ദീർഘമായി ഏറ്റവും കൂടുതൽ ഏറ്റെടുത്ത് നടക്കാൻ പാങ്ങുള്ള ആളിന്റെ തോളിൽ കഥ വച്ചു കെട്ടുകയുമാണ് ചെയ്യാറ്. കഥയിൽ പരാജയപ്പെടുന്നവരാണ് സത്യത്തിൽ ആഖ്യാനത്തിലെ വിജയികൾ. കാരണം അവരുടെ കഥയും കൂടി അപരൻ പറഞ്ഞു പോകും. പരാജയപ്പെടുന്നവർ കൈയും കെട്ടിയിരുന്നാൽ മതി. കഥയിലെ ആഖ്യാതാവ് അവരെക്കൂടി നിർവചിക്കും. അതിനപ്പുറം വില്ലന്മാരെ സൃഷ്ടിക്കാനുള്ള ശ്രമമോ അതിനുള്ള യന്ത്രമോ അല്ല എഴുത്തുകാരൻ. കാരണം, ഏറ്റവും വലിയ വില്ലൻ അയാൾ തന്നെയാണ്; എഴുത്തുകാരൻ. അയാളിലെ മൂർത്തിയിൽനിന്ന് ഒരംശം വീണാൽ പോലും കാളകൂടമാണ്. വല്യ ചാംപ്യൻ എഴുത്തുകാരുടെ കാര്യമാണ്. അത്രയും വിഷം നമ്മളിലില്ല. വിഷമെന്നു പറയുന്നത് അത്ര സ്ഫുടം ചെയ്ത പ്രതിഭയുടെ നീറ്റാണ്.

 

സിനിമ കണ്ടു കൊണ്ടിരിക്കും പോലെ ഉദ്വേഗജനകമായും സീൻ, സീനായും വായിച്ചു പോകാവുന്ന നോവൽ. നോവലിനെ സിനിമാറ്റിക് ആക്കാനുള്ള തീരുമാനം ഉണ്ടാകുന്നത് എങ്ങനെ? ഭാവിയിൽ സിനിമ ആക്കണം എന്ന ഉദ്ദേശ്യം എഴുത്തിന്റെ  തുടക്കത്തിൽ ഉണ്ടായിരുന്നോ? അതോ കൂടുതൽ  വായനക്കാരെ  ആകർഷിക്കാനുള്ള തന്ത്രമോ?

കഥകളെ സിനിമാറ്റിക് ആക്കി അത് സിനിമയാക്കാനുള്ള തന്ത്രം ഉപയോഗിക്കാൻ പറ്റുമായിരുന്നെങ്കിൽ, ലോകത്തെ ഒട്ടുമിക്ക എഴുത്തുകാരും ആദ്യം അതിന് മുതിർന്നേനെ. ബുദ്ധിയെ നിരന്തരമായി ഉപയോഗിക്കുന്ന ആളാണ് എഴുത്തുകാരൻ. സ്വന്തം സൃഷ്ടിയെ, അതിനു ലഭിക്കുന്ന പ്രതിഫലത്തിന്റെ എത്രയോ ഇരട്ടി ലഭിക്കാൻ സാധ്യതയുള്ള ഒരു ഉപോൽപന്നമാക്കി മാറ്റാൻ പറ്റുമെങ്കിൽ, ആരാണു മാറി നിൽക്കുക?  സിനിമയെടുക്കും മുൻപ്, ആ സിനിമ വിജയിക്കുമോയെന്ന് ഉറപ്പിക്കാനുള്ള ഒരു സംവിധാനവുമില്ലെന്നു പറയും പോലെ തന്നെയാണ്  സാഹിത്യത്തിലും. ഇത് ഫോർമുല വച്ചു നടക്കുന്ന കാര്യമല്ല. അത് തന്ത്രമല്ല. വാസനയുടെ വേറെ ചില പൊരുളുകൾ, അടുക്കുകൾ ഒക്കെ വന്നു ചേരുന്ന, രണ്ടിനുമുതകുന്ന ഏതോ ഒരു ഇടനാഴിയാണ്. അതിൽ ആരെങ്കിലും വന്നു പെട്ടാൽ, എത്രകാലം അതിൽ തുടരുമെന്നു പറയാനും പറ്റില്ല. അതൊക്കെ അറിയാം. ഞാൻ പുസ്തകമാണ് എഴുതുന്നത്. അവസാനം വരെ എഴുത്തുകാരനുമാണ്. ഇതാ, എന്റെ ഇങ്ങനൊരു കഥ അച്ചടിച്ചുവന്നിട്ടുണ്ട്, അതിലെ സിനിമാസാധ്യതകൾ നോക്കണേയെന്ന് പറഞ്ഞ് ആരേം സമീപിക്കാറുമില്ല. 

കേരളത്തിൽ പൊതുവെ നിലവിലുള്ളതല്ല ഈ നോവലിൽ പരാമർശിക്കുന്ന സ്വർണ ഇടപാട്. കൊല്ലത്തിന്റെ തീരമാണ് പരാമർശിക്കപ്പെടുന്ന പ്രദേശം. അവിടെ ഈ സമ്പ്രദായം നിലവിലുണ്ടോ?

സ്വർണത്തിന്റെ ഈ ഇടപാട്– തലേന്ന് പിരിവിലൂടെ കിട്ടുന്ന പണം ലക്ഷ്യം വച്ച് മുൻകൂർ സ്വർണമെത്തിക്കുന്ന ഏർപ്പാട് പണ്ടേ നടക്കുന്നതാണ്. പലയിടത്തും. അത് ഒരവസ്ഥയെ ചൂഷണം ചെയ്യുന്നതാണ്. ഒരു സഹായവുമാണ്. ഇടത്തരം ജ്വല്ലറികളാണ് കൂടുതലും ഇങ്ങനെ പ്രവർത്തിക്കുന്നത്. വ്യാപകമാണത്. 

കഥ യഥാർമോ സാങ്കൽപികമോ? കഥാപാത്രങ്ങൾ?

നാലഞ്ചു ചെറുപ്പക്കാർ എന്ന കഥയുടെ തന്തു യഥാർഥത്തിൽ കൊല്ലം തീരത്തൊരിടത്ത് സംഭവിച്ചതാണ്.

ഇതിലെ പ്രദേശങ്ങളുടെ വിവരണം അതിസൂക്ഷ്മ വിവരണങ്ങളോടെയാണ്. സഞ്ചരിച്ച് സ്ഥലങ്ങൾ കണ്ട് സ്കെച്ച് ചെയ്ത ശേഷം എഴുതിയതു പോലെ? ശരിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ടോ?

പച്ചമനുഷ്യരെ ഇടയ്ക്ക് കണ്ടിരുന്നില്ലെങ്കിൽ എഴുത്തുകാരൻ ഉള്ളാലെ ചുരുങ്ങും. എഴുതാനുള്ള ഊർജം സഞ്ചാരമാണ് തരുന്നത്. കൂടുതലും എഴുത്തിനു വേണ്ടിയുള്ള സഞ്ചാരമാണത്. പ്രദേശം തീരുമാനിക്കുന്നു. അവിടെ സുഹൃത്തുക്കളുണ്ടാകാം. പതിവായി അവിടത്തെ ജനത്തിനിടയിൽ സഞ്ചരിക്കുന്നു. നമ്മുടെ കഥാപാത്രങ്ങളെ അവിടുന്ന് തിരഞ്ഞെടുക്കുകയോ വികസിപ്പിക്കാനുള്ള സാധ്യത ആരായുകയോ ചെയ്യാം. ഇടയ്ക്ക് എഴുത്തുകാരൻ ഇടിച്ചു നിൽക്കുമ്പോൾ, വീണ്ടും വീണ്ടും കഥ നടക്കുന്നിടത്തു പോയാൽ ഗുണം കിട്ടും. അല്ലാതെ സ്ഥലം സ്കെച്ച് ചെയ്യാറൊന്നുമില്ല. 

ഇന്ദുഗോപന്റെ  മുൻകാല രചനകളിൽനിന്ന് തീർത്തും വ്യത്യസ്തമാണ് നാലഞ്ചു ചെറുപ്പക്കാർ . ഉപമകൾ, ഉൽപ്രേക്ഷകൾ, ആടയാഭരണങ്ങൾ ഇവയൊന്നുമില്ലാത്ത തനി സംസാരഭാഷ. സാഹിത്യ ഭാഷ തീരെയില്ല. ബോധപൂർവമാണോ ഈ ചുവടുമാറ്റം?

സാഹിത്യത്തിന്റെ ആടയാഭരണങ്ങൾ നിത്യജീവിതത്തിലൊരിടത്തും ഇല്ലല്ലോ. അച്ചടിഭാഷ നമ്മളവരുടെ വായിൽ തിരുകി വയ്ക്കുന്നതല്ലേ. മനുഷ്യൻ, ജീവിക്കാനാണ് ശ്രമിക്കുന്നത്. സാഹിത്യം പറയാനല്ല. ആടയാഭരണങ്ങൾ വേണ്ട. കഥ പറയുക. മര്യാദയ്ക്ക് മാറി നിൽക്കുക. എഴുതിയ ആളിനെ അറിയാൻ, പുസ്തകത്തിൽ പേരു വച്ചിട്ടുണ്ട്. അല്ലാതെ ഓരോ പാരയിലും അയാൾ കയറി നിൽക്കേണ്ടതില്ല. ഞാനൊരു ഹോട്ടലിൽ ഊണു കഴിക്കാൻ ചെന്നപ്പോൾ കൗണ്ടറിലിരുന്ന് ഉടമ  മറ്റൊരാളിനോട് ചോദിക്കുന്നു: ‘സർ,കുറേ നാളായി കാണാറില്ലല്ലോ..’

ആഗതൻ: ഇവിടുത്തെ എല്ലാക്കറിക്കും ഒരേ രുചിയാണ്.

ഉടമ: അതെങ്ങനെ?

ആഗതൻ: എന്തിലും തേങ്ങാപ്പീര വാരിയിട്ടാൽ തേങ്ങയല്ലേ ചുവയ്ക്കൂ.

എഴുത്തുകാരൻ തേങ്ങാപ്പീര ആകേണ്ടതില്ല. ആയാൽ, ആകുന്നുണ്ടെങ്കിൽ അനുഭവിക്കും. 

 

പത്രപ്രവർത്തനത്തിൽനിന്ന് സ്വയം വിരമിച്ച് എഴുത്തിനു വേണ്ടി സമർപ്പിച്ചിട്ട് ഒരു വർഷമായതേയുള്ളൂ. പക്ഷേ മലയാള സാഹിത്യ രംഗത്ത് വലിയ തോതിൽ അടയാളപ്പെടുത്തിക്കൊണ്ട് മുഖ്യധാരാ സാഹിത്യത്തിലെ മുൻനിരക്കാരനാവാൻ ഈ കാലയളവിൽ ഇന്ദുവിനു സാധിച്ചു. പത്രപ്രവർത്തനം ഉപേക്ഷിക്കാനുള്ള തീരുമാനം ശരിയായിരുന്നു എന്നർഥം. കഥകൾ, നോവലുകൾ, തിരക്കഥകൾ, സിനിമാബന്ധങ്ങൾ എല്ലാം നേരത്തേ ശരിപ്പെടുത്തി വച്ചിട്ട് ജോലി ഉപേക്ഷിച്ചതാണോ എന്നു തോന്നിപ്പോകും. ശരിക്കും അങ്ങനെ ഒരു പ്ലാനിങ് ഉണ്ടായിരുന്നോ? അതോ സ്വന്തം സമർപ്പണം സ്വാഭാവിക പ്രതിഫലം തന്നതാണോ?

ജീവിതത്തെ അനുകരിക്കലാണ് എഴുത്ത്. ജീവിതത്തിൽ നാം അത്ര അഗാധമായി പ്ലാൻ ചെയ്താണോ ജീവിക്കുന്നത്? എന്റെ കഥയിലെ മനുഷ്യർ അങ്ങനല്ല. ഞാനും അങ്ങനാവരുതെന്ന് ആഗ്രഹിക്കുന്നു. ഒരു സ്കെച്ചെടുക്കുകയോ കഥ ഇങ്ങനെ പോകണമെന്ന് മുൻകൂട്ടി തീരുമാനിക്കുകയോ ചെയ്യുന്നില്ല.  പ്ലാൻ ചെയ്യുന്നതു കൊണ്ട് ഗുണമുണ്ടാകാം. പക്ഷേ അത് എന്റെ ‘എത’മല്ല. ഭൂമി സൂര്യനെ ചുറ്റുന്നതിനൊപ്പം സ്വയം ചുറ്റുകയും ചെയ്യുന്നുണ്ടല്ലോ. സമാനമായി കഥാപാത്രങ്ങൾ എഴുതുന്ന പ്രക്രിയയിൽ തന്നെ സ്വയം ഉരുത്തിരിയണമെന്ന് വിചാരിക്കുന്നു. മുൻകൂട്ടിയുള്ള പ്ലാനിങ്, ഈ ഉരുത്തിരിയലിന് വിരുദ്ധമെന്ന് ഭയപ്പെടുന്നു. പക്ഷേ  ഇത്തരത്തിൽ വ്യവസ്ഥയില്ലായ്മ കൊണ്ടുള്ള പല വിധ പ്രശ്നങ്ങൾ ഉണ്ട്. അധ്വാനം കൂടും. കഥാപാത്രം സ്വതന്ത്രനായി തോന്നുംപടി സഞ്ചരിക്കും. അഹങ്കാരികളാണ് ഇത്തരക്കാരുടെ കഥാപാത്രങ്ങൾ. ചെവിക്കുറ്റിക്ക് ചിലപ്പോ അടികൊടുത്ത് കൊണ്ടിരുത്തേണ്ടി വരും. പ്ലാനും പദ്ധതിയുമുണ്ടെങ്കിൽ അതിരു കടക്കില്ല, ഇവർ.

ഇന്ദു എഴുത്ത് തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടിലധികമായി. ഇതിൽ ഇരുപതു വർഷമെങ്കിലും കാര്യമായ പരിഗണന ലഭിക്കാതെ മലയാള സാഹിത്യ പാതയുടെ ഓരം ചേർന്ന് നടക്കുകയായിരുന്നു.  അസാമാന്യ ക്ഷമയും സഹനശേഷിയുമുള്ളവർക്കേ ഒരു പരാതിയും പറയാതെ ഇങ്ങനെ ശാന്തമായി സഞ്ചരിക്കാൻ കഴിയൂ. ആ ക്ഷമ ഇന്ന് മലയാളി വായനക്കാരാൽ ആദരിക്കപ്പെടുന്നു. എപ്പോഴെങ്കിലും നിരാശ തോന്നിയിട്ടുണ്ടോ? എഴുത്ത് നിർത്തിക്കളയാനോ മറ്റോ?

ഈ ചോദ്യത്തിനെ 24 കൊല്ലം ഒരേ സ്ഥാപനത്തിലിരുന്ന് ജോലിയെടുത്ത ഒരു മുതിർന്ന സഹപ്രവർത്തകന്റെ, ഒരു സഹ എഴുത്തുകാരന്റെ കരുതലായി കണക്കാക്കി ഇതാ ഇങ്ങനെ ഉത്തരം പറയുന്നു: 1991 ലാണ് ഒരു മുഖ്യധാരാ സാഹിത്യവാരികയിൽ (കുങ്കുമം വാരിക) എന്റെ കഥ അച്ചടിച്ചു വന്നത്. ചില്ലറ ചില ഇടവേളകൾ വന്നതല്ലാതെ, ഈ 30 വർഷത്തിനിടയിൽ ഞാൻ എന്നെ സ്നേഹിക്കുക എന്നതിനർഥം, എഴുത്തിനുള്ള എന്റെ ചില ഉൽസാഹങ്ങൾക്ക് കാവലിരിക്കുക എന്നതു മാത്രമായിരുന്നു.. എനിക്കുള്ള ഒരു മെച്ചമായി ഞാൻ കാണുന്നത്, ആ ഒരു പതം മാത്രമാണ്. എഴുത്തുകാരനാണ് എന്ന ധാരണയിൽ ഞാൻ ജീവിച്ചിട്ടില്ല. അതേക്കുറിച്ച് സംസാരിക്കാറുമില്ല. ജോലി ചെയ്തു കൊണ്ടിരുന്നു. കുറേ കണ്ടന്റ് ഉണ്ടായി. അത് ഫിക്‌ഷനാണോ, അല്ലയോ എന്നൊന്നും നോക്കിയില്ല. മനുഷ്യരുടെ കഥകളായിരുന്നു. ഞാൻ ഹാപ്പിയായിരുന്നു. കാരണം പുതിയ ആശയങ്ങൾ, അപകടം നിറഞ്ഞ യാത്രകൾ.. പുതിയ പുതിയ മനുഷ്യരെ തേടി സഞ്ചാരങ്ങൾ. മനസ്സിനെയും ശരീരത്തെയും തളച്ചിടാതിരിക്കാൻ ഈ യാത്രകൾ, എഴുത്ത് ഉപകരിച്ചു. അതിനപ്പുറം എന്താണ്? വൻതോതിൽ വിറ്റുപോയില്ലെങ്കിലും പുസ്തകങ്ങൾ കെട്ടിക്കിടന്നില്ല. അതിനാൽ പ്രസാധകരെ കാത്തിരിക്കേണ്ടി വന്നില്ല. ഇതൊന്നുമല്ലെങ്കിലും എഴുത്തു നിർത്തുമായിരുന്നില്ല. നമ്മുടെ മെയ്ക്ക് കഥ പറച്ചിലിനുള്ളതാണ്. പ്രീഡിഗ്രിക്ക് കയറിയപ്പോ തന്നെ ഞാനത് മനസ്സിലാക്കി, സെക്കൻഡ് ഗ്രൂപ്പ് വിത്ത് അഡിഷനൽ മാത്ത്സ് എടുത്ത് തട്ടത്തു വച്ചതാണ്. മലയാളം എടുക്കട്ടേയെന്നു ചോദിച്ചപ്പോ, അധ്യാപകനായ കെ.പി. അപ്പൻ സാറാണ് ഇംഗ്ലിഷ് മതിയെന്നു പറഞ്ഞത്. മലയാളം നമ്മുടെ കൂടെ ഉണ്ടല്ലോ, പുതിയത് വരട്ടെ എന്നാണ് പറഞ്ഞത്.  എന്റെ വിരലും മസ്തിഷ്കവുമായുള്ള താളം നിലനിൽക്കുന്നിടത്തോളം, കഥകളുണ്ടാക്കാതെ, കഥ കേൾക്കാതെ മുന്നോട്ടു പോകാനാവില്ല. താളത്തിന്റെയും വിരലിന്റെയും കാര്യം പറഞ്ഞത് അറിയാമല്ലോ. കടലാസ് ഉപേക്ഷിച്ച്, കംപ്യൂട്ടർ സ്ക്രീനിനു മേൽ കഴുത്തൊടിച്ചിട്ട് എഴുത്തുവേല ചെയ്തു തുടങ്ങിയിട്ട് 25 വർഷം തികയുകയാണ്. ഞാൻ ജോലിക്കു കയറിയ വർഷമാണ് (1996) മലയാള മനോരമ പൂർണമായും കംപ്യൂട്ടർസംവിധാനത്തിലേക്കു മാറുന്നത്. എനിക്കും ടൈപ്പിങ് പഠിക്കേണ്ടി വന്നു. സെക്കൻഡ് ഹാൻഡ് കംപ്യൂട്ടർ സംഘടിപ്പിച്ചു. ഞാനും പത്തുവിരൽ കൊണ്ടുള്ള എഴുത്താരംഭിച്ചു. ശ്വസിക്കാൻ ഒരു പാത്രം വെള്ളം മതി. കടലൊന്നും വേണ്ട എന്റെ എഴുത്തിന്. ഒരു ലാപ്ടോപ്. സമയം കിട്ടിയാൽ, വണ്ടി വൈകിയാൽ റയിലാപ്പീസിലും ബസ് സ്റ്റാൻഡിലും ഇരുന്ന് ഇപ്പോഴും ഞാൻ ടൈപ്പ് ചെയ്യാറുണ്ട്. ഇതൊക്കെ എങ്ങനെ വരുന്നു? എത്ര എഡിഷൻ വരുന്നു? എത്ര വായനക്കാർ ഉണ്ട്? എന്ന കാര്യത്തിൽ എനിക്ക് വല്യ തലവേദനകളില്ല. പണ്ടും ഇന്നും. 

സിനിമയിലേക്കുള്ള വഴി തുറന്നത് എങ്ങനെ? ഇപ്പോൾ എത്ര പടങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നു? 

ജി.ആർ.ഇന്ദുഗോപൻ

ജോലിയിൽനിന്ന് ഇറങ്ങിയ ശേഷം സിനിമ ഉപജീവനം തന്നു. അങ്ങനെയുള്ള ധാരണയിൽ ഇറങ്ങിയതല്ല. പല വ്യക്തിപരമായ സാഹചര്യങ്ങൾ, വൈഷമ്യങ്ങൾ ഒക്കെ വന്നു. മാറ്റം വേണമെന്നു തോന്നി. പുറത്ത് ഉറപ്പൊന്നുമില്ല. ചില ധാരണകളുണ്ടായിരുന്നു. അത് പോരല്ലോ. സിനിമയാകാൻ തുടങ്ങുന്ന വിലായത്ത് ബുദ്ധ, നാലഞ്ചു ചെറുപ്പക്കാർ, സിനിമയായ കഥ ‘ചെന്നായ’ തുടങ്ങിയവ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, ജോലിയിൽ നിന്നിറങ്ങിയ ശേഷം എഴുതിയതാണ്. സിനിമ ആത്മവിശ്വാസം തന്നു; എഴുത്തുകാരന് സ്വാസ്ഥ്യമുള്ള ഇടത്തിരുന്ന് എഴുതാൻ ഇരിപ്പിടം തന്നു. സൗകര്യം തന്നു. അത് എഴുത്തിനെ മെച്ചപ്പെടുത്തുമെന്നല്ല. ഒരു ശാന്തത വേണ്ടിയിരുന്നു. തക്ക അധ്വാനവുമുണ്ട്. അത് എന്നുമെടുത്തിട്ടുണ്ട് എന്നതിനാൽ കുഴപ്പമില്ല. 

സിനിമ ഇപ്പോൾ സാഹിത്യമെഴുത്തിനൊരു ബാധ്യതയായി തോന്നുന്നുണ്ടോ?

ഇല്ല. സാഹിത്യമെഴുത്താണ് സിനിമയ്ക്ക് ബാധ്യത. സാഹിത്യരചനയിൽനിന്നു തന്നെ സാഹിത്യം ഉപേക്ഷിച്ചാണ് ഞാൻ പ്രവർത്തിക്കുന്നതെന്നതു കൊണ്ട് കുറച്ചു ഗുണമുണ്ട്. വല്യ പ്രതിഭാശാലികൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നു. നമ്മുടെ പരിമിതികളെ അവർ താങ്ങിയെടുക്കുന്നതിന്റെ ചില്ലറ മെച്ചമുണ്ട്. എഴുത്തുകാരനായി ഞാൻ ഉണ്ടാവും. സിനിമാക്കാരനായി ആ ഉറപ്പ് ഇല്ല. എന്റെ സ്വസ്ഥത എഴുത്തിലാണ്. എഴുതി വച്ച ഒരു കഥയോ നോവലോ, അതിന്റെ നഷ്ടപ്പെട്ടു പോയതോ, വികസിപ്പിക്കാൻ മടിച്ചതോ ആയ കഥാപാത്രങ്ങളെ, നാടകീയ മുഹൂർത്തങ്ങളെ തിരക്കഥയിൽ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. എഴുതിവച്ച നോവലിന്റെ രണ്ടാം വികസനമായിട്ട്, അത്തരമൊരു ആർട്ട് വർക്കായിട്ടാണ് കാണുന്നത്. അതിൽ നമ്മൾ വിചാരിക്കുന്നതു പോലെ കോംപ്രമൈസുകളൊന്നും ആവശ്യമില്ല. ഫോർമുലകളല്ല, സ്വാഭാവികമായ ജീവിതപരിണാമങ്ങളാണ് സിനിമ ഇന്ന് ആവശ്യപ്പെടുന്നത്. എഴുത്തുകാർക്ക് തരക്കേടില്ലാത്ത കാലമാണ്. 

പാരായണ ക്ഷമതയാണ് ഇപ്പോഴത്തെ മുഖ്യധാരാ സാഹിത്യത്തിന്റെ  മുഖമുദ്രയും വിജയ ഫോർമുലയും. കുറെക്കാലം മുമ്പ് പാരായണ ക്ഷമത കൂടിയ രചനകളെ ജനപ്രിയ സാഹിത്യമെന്ന് ബ്രാൻഡ് ചെയ്ത് തരം താഴ്ത്തുമായിരുന്നു. എഴുത്തു രീതിയിലെ ഈ മാറ്റത്തെ എങ്ങനെ കാണുന്നു?

 

ലോകമെങ്ങും എക്കാലത്തും പാരായണക്ഷമത, ഏറ്റവും അവസാന വാക്കല്ലെങ്കിലും വലുത് തന്നെയായിരുന്നു. അതിനെ ചിലർ, ചില നിരൂപകരുടെ, ചില സാഹിത്യപ്രസ്ഥാനങ്ങളുടെ സഹായത്തോടെ തെറ്റിദ്ധരിപ്പിച്ചതാണ്. തെളിമയുള്ള ഭാഷയിൽ എഴുതാൻ കുറച്ച് മെനക്കേടുണ്ട്. അതറിയാവുന്ന, തിരക്കു പിടിച്ച, വല്യ ഉദ്യോഗസ്ഥവിദ്വാന്മാരായ നിരൂപകരാണ് അതിനെ താഴ്ത്തിക്കെട്ടിയത്. അവരിൽ പലർക്കും സാഹിത്യമൊരു സൈഡ് ബിസിനസായിരുന്നു. നല്ല നിരൂപകരെയും ഇവർ ഇരുട്ടിൽ നിർത്തി. സാഹിത്യം സ്വന്തം ആത്മാവിന്റെ ജീവധാരയായിരുന്ന കുറേ നിഷ്കളങ്കരായ എഴുത്തുകാരെ, ഇതിൽ പെടുത്തി തകർക്കാൻ ഇവർക്കായി. ഇനി പറ്റില്ല. വായനക്കാർ വല്യ ശക്തിയായി മടങ്ങിവന്നു. അവർ സോഷ്യൽ മീഡിയയിലും മറ്റും സംസാരിച്ചു തുടങ്ങി. പുതിയ എഴുത്തുകാർക്ക് എന്റെ വരെയുള്ള തലമുറ വരെ സംഭവിച്ച പോലെ, പല ദശകങ്ങൾ കാത്തിരിക്കേണ്ടതായി വന്നില്ല. അവർ എല്ലാറ്റിനെയും കടന്ന് മുന്നേറുന്നു. വലിയ മാറ്റമാണത്. പ്രസാധനരംഗത്തും  എഴുത്തിലുമുള്ള എല്ലാ പരമ്പരാഗത ചിന്തകളെയും പുതിയ വായനക്കാർ തച്ചുടച്ചതിന്റെ ഗുണഫലമാണത്. അവർ പുതിയ പുസ്തകങ്ങളെ, എഴുത്തുകാരെ മുന്നിലേക്കു കൊണ്ടുവന്നു. വായിപ്പിച്ചു. ചിതയിൽ കിടന്ന ചില എഴുത്തുകാരെ ഉണർത്തിക്കൊണ്ടു വന്നു നിർത്തി. ഈ സാഹചര്യത്തിലെ സാഹിത്യപ്രവർത്തനം കൂടുതൽ തെളിമയുള്ളതാണ്; സന്തോഷമുള്ളതും. 

(ജി. ആർ. ഇന്ദുഗോപൻ എഴുതിയ നോവൽ ‘നാലഞ്ചു ചെറുപ്പക്കാർ’ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക) 

 English Summary: Pusthakakkazhcha Column by Ravi Varma Thampuran on writer G. R. Indugopan