ദേവപ്രീതിക്കുവേണ്ടി പണ്ടെങ്ങോ ആരംഭിച്ച ദേവദാസീ സമ്പ്രദായം പിന്നീടെപ്പോഴോ വേശ്യാവൃത്തിയിലേക്കും വെപ്പാട്ടിത്തത്തിലേക്കും വഴുതി വീഴുകയായിരുന്നു. അധികാരം കയ്യാളിയിരുന്നവരുടെ കാമദാഹങ്ങളും ദേവദാസികളാക്കപ്പെട്ടവരുടെ പട്ടിണിയും തമ്മിലാണ് പലപ്പോഴും ഇണചേർന്നത്.

ദേവപ്രീതിക്കുവേണ്ടി പണ്ടെങ്ങോ ആരംഭിച്ച ദേവദാസീ സമ്പ്രദായം പിന്നീടെപ്പോഴോ വേശ്യാവൃത്തിയിലേക്കും വെപ്പാട്ടിത്തത്തിലേക്കും വഴുതി വീഴുകയായിരുന്നു. അധികാരം കയ്യാളിയിരുന്നവരുടെ കാമദാഹങ്ങളും ദേവദാസികളാക്കപ്പെട്ടവരുടെ പട്ടിണിയും തമ്മിലാണ് പലപ്പോഴും ഇണചേർന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേവപ്രീതിക്കുവേണ്ടി പണ്ടെങ്ങോ ആരംഭിച്ച ദേവദാസീ സമ്പ്രദായം പിന്നീടെപ്പോഴോ വേശ്യാവൃത്തിയിലേക്കും വെപ്പാട്ടിത്തത്തിലേക്കും വഴുതി വീഴുകയായിരുന്നു. അധികാരം കയ്യാളിയിരുന്നവരുടെ കാമദാഹങ്ങളും ദേവദാസികളാക്കപ്പെട്ടവരുടെ പട്ടിണിയും തമ്മിലാണ് പലപ്പോഴും ഇണചേർന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വിശുദ്ധപാപങ്ങളുടെ ഇന്ത്യ’ ആദ്യം വായിച്ചത് നാലുവർഷം മുമ്പാണ്. കേരള സാഹിത്യ അക്കാദമിയുടെ, യാത്രാവിവരണത്തിനുള്ള 2019 ലെ അവാർഡ് ലഭിച്ചുവെന്ന വാർത്ത ഈയിടെ വായിച്ചപ്പോൾ വീണ്ടും പുസ്തകത്തെ സ്‌നേഹവിരലുകൾ കൊണ്ടൊന്നു തലോടി. അഗാധമായൊരിഷ്ടം അന്നേ തോന്നിയതിന്റെ ഓർമപുതുക്കൽ. 

നാം ഒരു പുസ്തകത്തെ ഇഷ്ടപ്പെടുന്നതിനു കാരണങ്ങൾ പലതാണ്. ഭാഷാസുഖം, എഴുത്തിലെ സത്യസന്ധത, വിവരണത്തിലെ ദൃശ്യാത്മകത തുടങ്ങിയ ചില ഘടകങ്ങൾ ഇണങ്ങിച്ചേർന്നിട്ടുണ്ടെങ്കിൽ, നമ്മുടെ അഭിരുചിക്ക് ഇണങ്ങുന്നതല്ലെങ്കിൽ പോലും നമ്മൾ ആ പുസ്തകം വായിക്കാനിഷ്ടപ്പെടും. 

ADVERTISEMENT

 

പുസ്തകത്തിന്റെ ശീർഷകം ദഹിക്കാതിരുന്നിട്ടും, വായിക്കാനെടുത്ത ദിവസം തന്നെ മറ്റെല്ലാ ജോലികളും മാറ്റിവച്ച് ഇതിന്റെ വായനയിൽ മുഴുകുകയും അന്നും പിറ്റേന്നും കൊണ്ട് വായന പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു. പേരിലെ വിയോജിപ്പ് എന്താണെന്നോ? ഇന്ത്യ എന്റെ രാജ്യമാണ്, നമ്മുടെ രാജ്യമാണ്. അയ്യായിരമോ പതിനായിരമോ എന്നൊന്നും തിട്ടമില്ലാത്തത്ര വർഷങ്ങളുടെ പഴക്കമുള്ള സനാതന സംസ്‌കാരത്തിന്റെ ഉപഭൂഖണ്ഡം. ഒരുപാട് പുണ്യങ്ങൾ സംഭവിച്ച നാട്. പുണ്യമുണ്ടെങ്കിൽ അനുബന്ധമായി പാപവും ഉണ്ടാകണമല്ലോ. അങ്ങനെ വരുമ്പോൾ കുറെ പാപങ്ങളുടെയും കൂടി നാട്. പക്ഷേ, ഇത് പാപങ്ങളുടെ മാത്രം നാടല്ല. 

 

ഇഷ്ടപ്പെടാത്ത ശീർഷകം മറിച്ച് വായിക്കാനിരുന്ന എന്നെ ഈ പുസ്തകത്തിന്റെ ഇഷ്ടക്കാരനാക്കിയത് ഇതിൽ വിവരിക്കുന്ന വസ്തുതകളുടെ അതിശയിപ്പിക്കുന്ന സത്യസന്ധതയും അന്യൂനമായ നിഷ്പക്ഷതയുമാണ്. ദേവപ്രീതിക്കുവേണ്ടി പണ്ടെങ്ങോ ആരംഭിച്ച ദേവദാസീ സമ്പ്രദായം പിന്നീടെപ്പോഴോ വേശ്യാവൃത്തിയിലേക്കും വെപ്പാട്ടിത്തത്തിലേക്കും വഴുതി വീഴുകയായിരുന്നു. അധികാരം കയ്യാളിയിരുന്നവരുടെ കാമദാഹങ്ങളും ദേവദാസികളാക്കപ്പെട്ടവരുടെ പട്ടിണിയും തമ്മിലാണ് പലപ്പോഴും ഇണചേർന്നത്. അത്തരം ഇണചേരലുകളിൽ പിറന്നു വീണത് അപരിഷ്‌കൃതത്വത്തിന്റെ കറയും വാടയും കൊണ്ട് അലങ്കരിക്കപ്പെട്ട ദുരാചാരങ്ങളാണ്. 

ADVERTISEMENT

 

കേരളത്തിലെ നവോത്ഥാനം ആരംഭിക്കുന്നത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനിലാണ്. നവോത്ഥാനം നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ ആയുധം ഭക്തിയായിരുന്നു.അഞ്ചു നൂറ്റാണ്ടിനിപ്പുറം മറ്റൊരു എഴുത്തച്ഛൻ നവോത്ഥാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ തീരുമാനിക്കുകയാണ്. വിഭക്തിയാണ് ഈ എഴുത്തച്ഛന്റെ ആയുധം. വിഭക്തിക്കു നല്ല മൂല്യമുള്ള കാലത്ത് അതിലൊരു തെറ്റില്ല താനും. ശരിക്കും ആ വിഭക്തിയുള്ളതുകൊണ്ടാണ് ഈ പുസ്തകമെഴുതി ഫലിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്. മനസ്സിൽ ഭക്തിയാണു മുന്നിട്ടു നിന്നതെങ്കിൽ ഒരിക്കലും അദ്ദേഹത്തിന് ഇങ്ങനെയൊരു കൃതി എഴുതാൻ കഴിയുമായിരുന്നില്ല.

 

ഈ രണ്ടാം എഴുത്തച്ഛൻ തന്റെ പത്രപ്രവർത്തന ജീവിതത്തിലെ ഏഴുവർഷമാണ് ഭക്തിയുടെ മറവിലെ വിഭക്തികളുടെ അനുകമ്പാർഹമായ മുഖം അതിന്റെ മൂടി മാറ്റി പ്രദർശിപ്പിക്കാൻ നീക്കിവച്ചത്. വിശുദ്ധ ഇന്ത്യയുടെ ഏഴു സംസ്ഥാനങ്ങളിൽ അദ്ദേഹം പാപത്തിന്റെ കറയും കരിക്കട്ടയും കണ്ടും കണ്ടെത്തിയും കറങ്ങിനടന്നു. ആ കണ്ടെത്തലുകൾ വായിക്കാൻ മലയാളി പുസ്തകശാലയിലേക്കും നടന്നു. ആറു പതിപ്പുകളാണ് ഉടനുടൻ വന്നത്.

ADVERTISEMENT

 

മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഒഡീഷ, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ദേവദാസിത്തെരുവുകളിലും വേശ്യാഗൃഹങ്ങളിലും മാംസദാഹത്തോടെയല്ലാതെ അരുൺ അലഞ്ഞു. അദ്ദേഹത്തിനു തൊടേണ്ടിയിരുന്നത് മാംസം വിൽക്കാൻ നിർബന്ധിതരാവുന്ന സ്ത്രീകളുടെ യാതനകളുടെ നാരായവേരിലാണ്. അതിൽ തൊട്ടുകൊണ്ട് അദ്ദേഹം മലയാള മനോരമ പത്രത്തിലൂടെയും ഈ പുസ്തകത്തിലൂടെയും വിളിച്ചുപറഞ്ഞ സത്യങ്ങൾ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ കാതിൽ വരെ ചെന്നുമുട്ടി അലകളും ഒലികളുമുണ്ടാക്കി. അതിന്റെ അനുരണനങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ അവാർഡും. 

 

പാരായണ സുഖത്തിനും എഴുത്തിലെ സത്യസന്ധതയ്ക്കും തെളിവായി പുസ്തകത്തിൽ നിന്നൊരു ഭാഗം. സോനാഗച്ചിയെക്കുറിച്ചുള്ള അധ്യായത്തിൽ നിന്ന്-

പഴഞ്ചനിൽ പഴഞ്ചനായ ഒരു എട്ടു നില കെട്ടിടത്തിലേക്കാണ് ഗോപാൽദാസ് ഞങ്ങളെ നയിച്ചത്. ഓരോ നിലയിലേക്കുമുള്ള കോണികൾ കയറുമ്പോഴും, മുറിയിലിരിക്കുന്ന പെൺകുട്ടികളെ ജനാലകളിലൂടെ കാണാമായിരുന്നു. ആറും ഏഴും പെൺകുട്ടികൾ ഒരു കിടക്കയിലിരിക്കുകയാണ്. ഞങ്ങൾ വരുന്ന ശബ്ദം കേട്ട് ചില പെൺകുട്ടികൾ സൂക്ഷിച്ചു നോക്കുന്നു. പുറത്തു കണ്ട പെൺകുട്ടികളെപ്പോലെ തന്നെ അവരും മോഡേൺ വേഷങ്ങളിലാണ്. മൂന്നാം നിലയിലെത്തിയപ്പോൾ അയാൾ ഞങ്ങളെ വലിയൊരു മുറിയിലേക്കു കയറ്റി. കിടക്കയിൽ മെലിഞ്ഞ ഒരുവൻ കിടക്കുന്നു. തൊട്ടടുത്ത് ഒരു പെൺകുട്ടിയും കിടക്കുന്നുണ്ട്. താഴെ നിലത്തു വിരിച്ച പായയിൽ മറ്റൊരുവൾ ഉറക്കത്തിലാണ്. ഞങ്ങൾ വരുന്ന ശബ്ദം കേട്ട് പെൺകുട്ടികൾ ചാടിയെഴുന്നേറ്റു. കിടക്കയിൽ കിടക്കുന്നയാൾ ഒന്നു ചെരിഞ്ഞ് ഗോപാൽദാസിനെ നോക്കി ചിരിച്ചു.

ഗോപാൽദാസ് ഞങ്ങളുടെ ആവശ്യം ബംഗാളിയിൽ വിശദീകരിച്ചു. 1,700 വേണമെന്ന് അയാൾ ആവശ്യപ്പെട്ടു. 1,500 രൂപയേ ഉള്ളൂ എന്ന് ഞങ്ങളും തറപ്പിച്ചു പറഞ്ഞു. കുറച്ചു നേരത്തെ തർക്കത്തിനു ശേഷം 50 രൂപ കൂടി കൊടുക്കാമെന്നു ഞങ്ങൾ സമ്മതിച്ചു. പണം കൊടുത്തപ്പോൾ തൊടാൻ അറപ്പുള്ള എന്തോ സാധനം കണ്ടാലെന്നപോലെ ഗോപാൽദാസ് മറ്റയാൾക്കു നേരെ വിരൽ ചൂണ്ടി; പണം അയാൾക്കു നൽകിയാൽ മതി എന്ന അർഥത്തിൽ. പണം വാങ്ങി അയാൾ തലയണയ്ക്കടിയിലേക്കു വയ്ക്കുമ്പോൾ അവിടെ വേറെയും കുറെ നോട്ടുകൾ കാണാമായിരുന്നു- അന്നത്തെ കലക്‌ഷൻ ആയിരിക്കണം. പണം എടുത്തുവച്ചു കഴിഞ്ഞപ്പോൾ അയാൾ ഗൗരവക്കാരനായി. 

‘‘ഇതിൽ ഏതു വേണം?’’

മുറിയിലുണ്ടായിരുന്ന പെൺകുട്ടികളെ ചൂണ്ടി അയാൾ ചോദിച്ചു. ഞങ്ങൾ പരസ്പരം നോക്കി.

‘‘ഏതായാലും മതി.’’

‘‘അതല്ല, നിങ്ങൾ തന്നെ പറയൂ.’’

 

അയാൾ നല്ല കച്ചവടക്കാരനെപ്പോലെ ഉപഭോക്താക്കളുടെ താത്പര്യത്തിന് തീരുമാനം വിട്ടു. 

രണ്ടു പെൺകുട്ടികൾക്കും പതിനെട്ടിൽ താഴെയേ പ്രായം കാണൂ. ടീഷർട്ടും പാന്റ്‌സും ആണ് ഒരുവളുടെ വേഷം കാൽമുട്ടു പോലും മറയ്ക്കാത്ത മിനി സ്‌കർട്ട് ആണ് ഉറക്കത്തിലായിരുന്നവൾ ധരിച്ചിരുന്നത്. ഉറക്കത്തിലായിരുന്നെങ്കിലും അവളും ലിപ്സ്റ്റിക് ഇട്ടിരുന്നു. ഞങ്ങൾ പാന്റ്‌സ് ധരിച്ച കുട്ടിയുടെ നേരെ വിരൽ ചൂണ്ടി. മറ്റവൾ അതുവരെ പ്രകടിപ്പിച്ച ബഹുമാനം മാറ്റിവച്ച് ആശ്വാസത്തോടെ താഴെ വീണ് ഉറക്കം പുനരാരംഭിച്ചു.

 

പുരസ്‌കാരനേട്ടത്തിന് അരുൺ അനുമോദനമർഹിക്കുന്നു. ഒപ്പം ചില ചോദ്യങ്ങളും.

 

വിശുദ്ധപാപങ്ങളുടെ ഇന്ത്യ, നിലവിലുള്ള മാതൃകകൾ അനുസരിച്ചുള്ള ഒരു യാത്രാവിവരണമല്ല. എന്നിട്ടും മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരിക്കുന്നു. യാത്രാവിവരണത്തിന്റെ  നിർവചനങ്ങളും മാറുകയാണ്. എങ്ങനെ കാണുന്നു, ഈ മാറ്റം?

 

ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ ഈ മാറ്റത്തിൽ സന്തോഷമുണ്ട്. കാണുന്ന സ്ഥലങ്ങളുടെ പ്രകൃതിവർണനകളും ഭ്രമിപ്പിക്കുന്ന കാഴ്ചകളുമല്ലാതെ അവിടുത്തെ ജീവിതങ്ങളെക്കുറിച്ച് എഴുതിയാലും വായിക്കാൻ ആളുകളുണ്ട് എന്നതിന്റെ തെളിവായിട്ടാണ് ഈ പുസ്തകത്തിനു കിട്ടുന്ന സ്വീകാര്യതയെ കാണുന്നത്. പത്രപ്രവർത്തകൻ വാർത്തകൾ തേടി നടക്കുമ്പോൾ കാണുന്ന ജീവിതങ്ങൾ, അവരുടെ സാമൂഹികാവസ്ഥ എന്നിവയൊക്കെ വായിക്കപ്പെടുന്നതു നല്ല കാര്യമല്ലേ. അത്തരം സാമൂഹികാവസ്ഥകൾ പകർത്തപ്പെടുന്ന രീതിയിലേക്കു യാത്രാവിവരണങ്ങൾ മാറുന്നതു നല്ല കാര്യമായി തന്നെ കാണുന്നു. ഭ്രമിപ്പിക്കുന്ന കാഴ്ചകൾ മാത്രമല്ല, നിറം കെട്ട കാഴ്ചകളും ഉണ്ട് എന്ന് എല്ലാവരും അറിയട്ടെ. അത്തരം സംഭവങ്ങളിലേക്കു കൂടുതൽ പേരുടെ ശ്രദ്ധ പതിയട്ടെ. വലിയ സാഹിത്യഭംഗി ഇല്ലാതെ എഴുതുന്നവർക്കും എഴുതാൻ അവസരവും ആത്മവിശ്വാസവും ഉണ്ടാകുകയാണ് ഈ മാറ്റത്തിലൂടെ എന്നാണ് തോന്നുന്നത്. അതു മാത്രമല്ല, പത്രപ്രവർത്തനത്തിന്റെ ഭാഷ മതി ഒരു സാഹിത്യസൃഷ്ടിക്ക് എന്നൊരു ചിന്ത വളരുന്നത് ഇത്തരം കുറെ അനാചാരങ്ങൾ യാത്രാവിവരണങ്ങളിലൂടെ തുറന്നുകാണിക്കപ്പെടാൻ നിമിത്തമാവുകയുമാണ്. പത്രങ്ങൾക്കു ചില പരിമിതികളുണ്ട്. അവിടെയാണു സാഹിത്യം ഈ വഴി തുറന്നിടുന്നത്. സാമൂഹികമായ മോശം അവസ്ഥകളെപ്പറ്റി കൂടുതൽ ‘വാർത്തകൾ’ പത്രങ്ങളിലൂടെയല്ലാതെ, പുസ്തകങ്ങളിലൂടെയും വായിക്കപ്പെടാൻ നമുക്കു കഴിയണം. 

 

വെറും സ്ഥല വിവരണത്തിനപ്പുറം യാത്രാവിവരണ സാഹിത്യത്തെ വളർത്തിയെടുക്കാൻ മുൻകൂർ വിചാരമുണ്ടായിരുന്നോ?

 

ഒരിക്കലുമില്ല. അങ്ങനെ ഒരു ലക്ഷ്യവും വച്ചായിരുന്നില്ല എഴുത്ത്. കാണുന്നത് അതേപടി റിപ്പോർട്ട് ചെയ്യുക, അതേപ്പറ്റി മറുപക്ഷത്തിനു പറയാനുള്ളതു കേൾക്കുക എന്ന പത്രപ്രവർത്തനത്തിലെ ശരിയായ രീതി അവലംബിച്ചു മുന്നോട്ടു പോകുകയാണു ചെയ്തത്. അത് ഇങ്ങനെയൊക്കെയായിപ്പോയി എന്നതാണു സത്യം. പോകുന്ന സ്ഥലങ്ങളിൽനിന്നു കേൾക്കുന്ന സംഭവങ്ങൾ പകർത്തി ജേണലിസത്തിന്റെ, എനിക്കു പരിചിതമായ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ അത്ര ബുദ്ധിമുട്ടില്ലല്ലോ എന്നതായിരുന്നു ആ വഴി തിരഞ്ഞെടുക്കാൻ കാരണം. യാത്രാവിവരണത്തിന്റെ രീതി മാറ്റിയെടുക്കലൊന്നും സ്വപ്നത്തിൽ പോലും കരുതിയ കാര്യമല്ല. 

 

ഏറെ സ്വാധീനിച്ച യാത്രാവിവരണ സാഹിത്യകാരന്മാർ ആരൊക്കെ? സ്വാധീനം ഏതളവിൽ?

 

എസ്.കെ. പൊറ്റക്കാടിന്റേത് ഒഴികെ മറ്റു യാത്രാവിവരണങ്ങളൊന്നും കാര്യമായി വായിച്ചിട്ടില്ല എന്നു തന്നെ പറയാം. പരമ്പരാഗത രീതിയിലല്ല ഈ യാത്രാവിവരണം എന്നു പറഞ്ഞല്ലോ. ആ അർഥത്തിൽ പറഞ്ഞാൽ, സ്വാധീനം ഏതളവു വരെ ഉണ്ടായിട്ടുണ്ട് എന്ന് എല്ലാ തരം യാത്രാവിവരണവും വായിക്കുന്ന മറ്റൊരാൾ വിലയിരുത്തുന്നതാവും നല്ലത്. മറ്റാരും സ്വാധീനിച്ചിട്ടില്ല എന്നായിരിക്കും വിലയിരുത്തുന്നവർക്കു തോന്നുക എന്നാണ് ഞാൻ കരുതുന്നത്. 

 

ദേവദാസീ സമ്പ്രദായത്തിന്റെ  അപരിഷ്കൃതത്വമാണല്ലോ പുസ്തകത്തിന്റെ  മുഖ്യ പ്രമേയം. ഈ വിഷയം അന്വേഷണത്തിനെടുക്കാനുണ്ടായ പശ്ചാത്തലം എന്ത്?

 

പുസ്തകത്തിൽത്തന്നെ പറഞ്ഞതുപോലെ, മംഗളൂരുവിൽ ഡാൻസ് ബാറുകൾ നിരോധിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന നർത്തകികൾക്ക് എന്തു സംഭവിച്ചു എന്ന് അന്വേഷിക്കാനാണു പോയത്. അത്തരം ഒരു സ്ത്രീയിൽ നിന്നാണ് ദേവദാസീ സമ്പ്രദായം ഇപ്പോഴും തുടരുന്നതായി വിവരം ലഭിക്കുന്നതും ഒരു കൗതുകത്തിന് അതേപ്പറ്റിക്കൂടി അന്വേഷിക്കാൻ തീരുമാനിക്കുന്നതും. കിട്ടുന്ന വിവരങ്ങൾ‍ക്കനുസരിച്ച് യാത്ര ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു നീണ്ടുപോകുകയായിരുന്നു. ദേവദാസീ സമ്പ്രദായത്തെപ്പറ്റി ഒരു പുസ്തകം എന്നു തീരുമാനിച്ചിരുന്നില്ല. 

 

ഏഴു വർഷം, ഏഴു സംസ്ഥാനങ്ങൾ. യാത്രയ്ക്കും താമസത്തിനുമുള്ള ചെലവെല്ലാം കയ്യിൽനിന്ന്. ഒരുപാടു തടസ്സങ്ങൾ, നിരുൽസാഹപ്പെടുത്തലുകൾ ഒക്കെയുണ്ടായിട്ടുണ്ടാവും. എന്നിട്ടും മടുക്കാതെയും മടിക്കാതെയും അന്വേഷിച്ചു കൊണ്ടിരുന്നു. ആ അന്വേഷണ കാലത്തെക്കുറിച്ച് ഒന്ന് വിവരിക്കാമോ?

 

സത്യത്തിൽ, ആ വിവരണം മാത്രമാണു പുസ്തകം എന്നു പറയാം. ചെലവുകളെക്കുറിച്ച് ആ സമയത്തു കണക്കെടുത്തിട്ടില്ല. ഒരു സ്ഥലത്തെത്തുന്നു; അവിടെനിന്ന് മറ്റൊരു സ്ഥലത്തെ സാമൂഹികാവസ്ഥയെക്കുറിച്ചു കേൾക്കുമ്പോൾ അങ്ങോട്ടു പോകണമല്ലോ എന്നൊരു ചിന്ത  ഉടലെടുക്കുന്നു; ഉടൻ അടുത്ത യാത്ര ആസൂത്രണം ചെയ്യുന്നു. ഇതായിരുന്നു രീതി. ഉദാഹരണത്തിന്, മംഗളുരുവിൽ വച്ച് ലൈംംഗികത്തൊഴിലാളിയിൽനിന്ന് ദാവൻഗരെയിൽ ദേവദാസിയാക്കൽ ചടങ്ങുണ്ട് എന്നു കേൾക്കുമ്പോൾ അടുത്ത യാത്ര അങ്ങോട്ടേക്കു നിശ്ചയിക്കുകയാണ്. നമ്മൾ ചെലവിന്റെ കണക്കെടുത്താൽ യാത്ര ഉണ്ടാവില്ല; കണക്കു മാത്രം കയ്യിലിരിക്കും. ലൈംഗിക കമ്പോളങ്ങളിലേക്കു പോകുമ്പോൾ അങ്ങോട്ടാണെന്നു വളരെ അടുപ്പമുള്ളവരോടു മാത്രമേ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ട് നിരുത്സാഹപ്പെടുത്തലൊന്നും ഉണ്ടായിട്ടില്ല. 

 

പിന്നെ, രണ്ടു യാത്രകളിലൊഴിച്ച് എല്ലാറ്റിലും ഒന്നോ രണ്ടോ സുഹൃത്തുക്കൾ കൂടെ ഉണ്ടായിട്ടുണ്ട്. അറിയാനുള്ള ആഗ്രഹത്തിന്റെ പുറത്ത് കൂട്ടുകാരൊടൊപ്പം ഒരു പോക്ക് എന്ന ഫീലേ ഉണ്ടായിട്ടുള്ളു. പിന്നെപ്പിന്നെ, ദേവദാസീ സമ്പ്രദായവുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്ത  കേൾക്കുമ്പോൾ കൂട്ടുകാർ വിളിച്ച് അവിടെ വരെ പോകണ്ടേ എന്നു ചോദിക്കുന്ന അവസ്ഥയായി. സത്യത്തിൽ, ഈ പുസ്തകം ആ സുഹൃത്തുക്കളുടേതു കൂടിയാണ്. 

 

യാത്ര തുടങ്ങുമ്പോഴേ പുസ്തകമെഴുതാൻ തീരുമാനിച്ചിരുന്നോ? ഏതു ഘട്ടത്തിലാണത് തീരുമാനിക്കപ്പെട്ടത്?

 

യാത്ര മനോരമയുടെ ഞായറാഴ്ചപ്പതിപ്പിൽ ഒരു ഫീച്ചർ ലക്ഷ്യം വച്ചു മാത്രമായിരുന്നു. പക്ഷേ, മംഗളുരുവിൽനിന്നു കിട്ടിയ വിവരങ്ങൾ സമഗ്രമാവണമെങ്കിൽ ദാവൻഗരെയിൽക്കൂടി പോകണമെന്നു വന്നതോടെ സൺഡേ ഫീച്ചർ എന്ന ഉദ്ദേശ്യം മാറ്റി വച്ചു. ദാവൻഗരെയിൽ മാഘപൗർണമി ദിനത്തിലെ ദേവദാസിയാക്കൽ ചടങ്ങ് സൺഡേ ഫീച്ചർ ആയി പ്രസിദ്ധീകരിച്ചു. പക്ഷേ, അവിടെനിന്നു കിട്ടിയ വിവരങ്ങൾക്കു പിന്നാലെ പിന്നെയും പോകേണ്ടതുണ്ടായിരുന്നു. അങ്ങനെ പോയപ്പോൾ ആന്ധ്രയിലും ബംഗാളിലും ഒക്കെ എത്തി. ചുരുക്കത്തിൽ, അന്വേഷണം അവസാനിപ്പിച്ച് ഒരു ഫീച്ചർ പ്രായോഗികമല്ല എന്ന് പെട്ടെന്നു മനസ്സിലായി. നാലഞ്ചിടങ്ങളിലേക്കുള്ള യാത്രകൾ കഴിഞ്ഞപ്പോൾ മനസ്സിലായി, ഇത് ഒരു പുസ്തകമാക്കാൻ മാത്രം ഉണ്ടെന്ന്. പക്ഷേ, അന്വേഷണം പൂർത്തിയാക്കിയ ശേഷമുള്ള സമഗ്രമായ ഒരു പുസ്തകമല്ല വിശുദ്ധപാപങ്ങളുടെ ഇന്ത്യ. അങ്ങനെ പൂർണമായി  അന്വേഷിച്ച് അവസാനിപ്പിക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് ഈ പുസ്തകം. അതു പുസ്തകത്തിൽതന്നെ കുറിച്ചിട്ടുമുണ്ട്. 

 

ഇന്ത്യ ഒരുപാട് പുണ്യങ്ങളുടെ നാടാണ്. അതിനിടയിൽ ശ്രദ്ധിക്കപ്പെടാതെയോ പരിഹരിക്കപ്പെടാതെയോ പോകുന്ന ചില പാപങ്ങളും. അതിലൊന്ന് ദേവദാസീ സമ്പ്രദായം. വിശുദ്ധപാപങ്ങളും കൂടി ഇന്ത്യയിലുണ്ട് എന്നോർമിപ്പിക്കുകയാണല്ലോ ഈ പുസ്തകം. പുസ്തകത്തിന് അവാർഡ് കിട്ടി. സുപ്രീം കോടതിയുടെ ഇടപെടലുമുണ്ടായി. ഇതൊക്കെ വ്യക്തിപരമായ സന്തോഷം. പുസ്തകം ഇറങ്ങിയ സമയത്ത് നാട്ടിലുണ്ടായ പ്രതികരണം എന്തായിരുന്നു?

 

മലയാളി വായനക്കാർ ഗൗരവമായി പ്രതികരിച്ചു. തൊട്ടടുത്തു കർണാടകയിൽ ഇപ്പോഴും ഇതൊക്കെ നടക്കുന്നുണ്ടോ എന്ന് ആശ്ചര്യപ്പെട്ടു പലരും, അന്ന്. പക്ഷേ, കർണാടകയിലാവട്ടെ പുരോഗമന സംഘടനകൾക്കല്ലാതെ, പൊതുസമൂഹത്തിന് ഈ വിഷയം കൈകാര്യം ചെയ്തതിനോടു വലിയ യോജിപ്പില്ലായിരുന്നു. അവിടുത്തെ മുഖ്യാധാരാ മാധ്യമങ്ങളിൽ ഈ സംഭവങ്ങളൊന്നും വാർത്തയായിരുന്നുമില്ല. അതിന് അവരെ കുറ്റം പറയാനാവില്ല. മതം പ്രതിസ്ഥാനത്തു വരുന്ന സംഭവങ്ങൾ വാർ‍ത്തയാക്കുന്നതിൽ എല്ലായിടത്തും മുഖ്യധാരാ മാധ്യമങ്ങൾക്കു പരിമിതികളുണ്ട്. 

 

ദേവദാസീ സമ്പ്രദായം മാത്രമല്ലല്ലോ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് എത്തിക്കുന്നത്. വീട്ടിലെ ദാരിദ്ര്യം മൂലം പലരും വേശ്യാലയങ്ങളിലേക്ക് നേരിട്ടു വിൽക്കപ്പെടുന്നുണ്ട്. പലതരത്തിൽ ചതിക്കപ്പെട്ട് എത്തുന്നുമുണ്ട്. വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവർക്ക് സർക്കാർ ഏതു തരത്തിലുള്ള സഹായമാണ് ചെയ്യേണ്ടത്? ഇത് നിയമപരമാക്കണം എന്ന വാദത്തെ എങ്ങനെ കാണുന്നു?

 

ദേവദാസീ സമ്പ്രദായം മാത്രമാണു ലൈംഗികത്തൊഴിലിന്റെ അടിസ്ഥാനം എന്ന് പറഞ്ഞിട്ടില്ല. ദാരിദ്ര്യം മൂലവും ഒട്ടേറെപ്പേർ ലൈംഗികത്തൊഴിലാളികളാവുന്നുണ്ട്. ചതിക്കപ്പെട്ട് എത്തുന്നവരുമുണ്ട്. ലൈംഗിക തൊഴിൽ നിയമപരമാക്കുകയാണോ, അതോ അവരെ ഈ ജോലിയിൽ നിന്നു മോചിപ്പിക്കുകയാണോ വേണ്ടത് എന്ന കാര്യത്തിൽ പൊതുസമൂഹത്തിൽ നടക്കുന്നതു പോലെ എന്റെ ഉള്ളിലും ഇപ്പോഴും ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ  എന്തു നിലപാടെടുക്കണം എന്നതിനു കൃത്യമായ ഉത്തരമായിട്ടില്ല. മസ്തിഷ്കം കൊണ്ടും ശരീരത്തിലെ മറ്റേത് അവയവം കൊണ്ടും ജോലി ചെയ്യുന്നതു നിയമപരമായിരിക്കുമ്പോൾ ലൈംഗിക അവയവം കൊണ്ടുള്ള ജോലി മാത്രം കുറ്റകരമാണെന്നത് സദാചാരബോധത്തിൽ നിന്നുണ്ടാവുന്ന ചിന്തയാണ് എന്നാണ് ഒരു വാദം. പക്ഷേ, ഈ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ. 

 

ലൈംഗിക തൊഴിൽ പൂർണമായി അവസാനിപ്പിക്കാൻ നമ്മുടെ സാമൂഹിക സാഹചര്യങ്ങൾ അനുവദിക്കാത്ത അവസ്ഥയിൽ, അവർക്ക് നിയമപരമായി ചില അവകാശങ്ങൾ അനുവദിക്കുന്നതു തന്നെയാവും പ്രായോഗികം. കൃത്യമായ കൂലി, ആരോഗ്യ സുരക്ഷ എന്നിവ ലഭ്യമായിരിക്കണം. വാർധക്യ കാലത്ത് കഴിയാനുള്ള തുക കണ്ടെത്താനും സംവിധാനം വേണം. ഇതിനൊപ്പം ഇവരുടെ കുട്ടികൾക്കു വിദ്യാഭ്യാസം നിയമപരമായി നിർബന്ധമാക്കുക എന്നതും പ്രധാനമാണ്. പൊതുജീവിതത്തെക്കുറിച്ച് അവർ അറിവു നേടുകയും അവർക്കിഷ്ടപ്പെട്ട തൊഴിലുകൾ ആർജിക്കാൻ കഴിയുകയും വേണം. പലപ്പോഴും വിദ്യാഭ്യാസം നേടാനാവാതെ ലൈംഗിക തൊഴിലാളികളുടെ മക്കൾ ലൈംഗിക കമ്പോളത്തിൽത്തന്നെ തൊഴിലെടുത്ത് ജീവിക്കേണ്ട സാഹചര്യമാണ് ഉണ്ടാവാറുള്ളത്. 

 

ജാതീയമായ ഒരു അരികുവൽക്കരണമാണ് ദേവദാസി സമ്പ്രദായമെന്ന് പറയാറുണ്ട്. പക്ഷേ ,ബ്രാഹ്മണ സമുദായത്തിൽ പെട്ട ദേവദാസികളെക്കുറിച്ചും, എല്ലാവരാലും പൂജിക്കപ്പെടുന്ന ദേവദാസികളെക്കുറിച്ചും പുസ്തകം പറയുന്നുണ്ട്.അവരൊന്നും വേശ്യകളായിട്ടില്ല. ദേവദാസീ സമ്പ്രദായമാണ് വേശ്യാവൃത്തിയിലേക്കു സ്ത്രീകളെ തള്ളിവിടുന്നത് എന്ന വാദത്തിനെതിരാണിത്. എവിടെയാണ് ഈ വഴി മാറ്റവും വഴിതെറ്റലും സംഭവിക്കുന്നത്?

 

ദേവദാസീ സമ്പ്രദായത്തിലൂടെ ലൈംഗിക തൊഴിലിലേക്കു തള്ളപ്പെടുന്ന പെൺകുട്ടികളും ഉണ്ട് എന്നു മാത്രമാണ് പറഞ്ഞത്. അതു മാത്രമാണ് കാരണമെന്നല്ല. ഉന്നതകുല സ്ത്രീകളായ ദേവദാസികളെക്കുറിച്ചു പറയുന്നത് ഒഡീഷയിലാണ്. അവിടെ ദേവദാസിയാക്കാൻ വേണ്ടിപ്പോലും ദലിതരെ അമ്പലത്തിൽ കയറ്റാൻ ബ്രാഹ്മണ്യം താൽപര്യപ്പെടാതിരുന്നതാവാം അതിനു കാരണമെന്നും പുസ്തകത്തിൽ തന്നെ പറയുന്നുണ്ട്. 

കർണാടകയിലെ സ്ഥിതി നേരേ തിരിച്ചാണ്. അവിടെ ദലിത് ആണെന്ന അവസ്ഥ അവരെ ദേവദാസിയാക്കപ്പെടുന്നതിനും അതുവഴി ലൈംഗികതൊഴിലിൽ എത്തപ്പെടുന്നതിനും വഴി വയ്ക്കുന്നുണ്ട് എന്നാണു കാണാൻ കഴിയുന്നത്. ജാതി എത്രത്തോളം വേരുറപ്പിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഇതെല്ലാം. ഒഡീഷയിൽ ഒരു ക്ഷേത്രത്തിനു മുന്നിലെത്തുമ്പോൾ, ഇത് ദലിതരുടെ അമ്പലമാണ്, ഹിന്ദുക്കളുടേതല്ല എന്നു ബസിൽ അനൗൺസ് ചെയ്തതായി  പറയുന്നുണ്ട്. അങ്ങനെയുള്ള ഒഡീഷയിൽ ദലിതർ ദേവദാസിയാവാൻവേണ്ടി പോലും അമ്പലത്തിൽ പ്രവേശിപ്പിക്കപ്പെടുമെന്നു കരുതാൻ വയ്യല്ലോ. 

 

പ്രണയം, കാമം, രതി..... ഒരു ചെറുപ്പക്കാരന്റെ  സംയമനം നിരന്തരം വെല്ലുവിളിക്കപ്പെടുന്ന യാത്രകളായിരുന്നിരിക്കുമല്ലോ ഈ ഏഴു വർഷവും നടത്തിയത്. പക്ഷേ, അത്തരം വെല്ലുവിളികളിൽ ചെന്നു വീണില്ല എന്നതിന്റെ തെളിവാണല്ലോ ഈ പുസ്തകം. അരുണിന് വ്യക്തിപരമായി ഒരു ദേവദാസിയോടു തോന്നുന്ന വികാരം എന്താണ്?

 

പ്രത്യേകിച്ച് സംയമനം ഒന്നും വേണ്ടിയിരുന്നില്ല. കാരണം, ഇതിൽ പറയുന്ന സ്ത്രീകൾ താമസിച്ചിരുന്നത് അത്ര ദയനീയമായ ഇടങ്ങളിലായിരുന്നു. ആ സാമൂഹികാവസ്ഥ ശരിക്കും വേട്ടയാടുന്നതായിരുന്നു. അവിടെ കാമം, രതി എന്നിവയോട് പട പൊരുതേണ്ടി വരുന്നില്ല. അവർക്ക് പറയാനുള്ള കഥകളും ഭീകരമായിരുന്നു.  

പിന്നെ, ചിലപ്പോഴൊക്കെ വിവരങ്ങൾ ശേഖരിക്കാനുള്ള തിടുക്കവും എന്നെ എല്ലാ വികാരങ്ങളിൽനിന്നും മോചിപ്പിച്ചിട്ടുണ്ട് എന്നു പറയാം. ഒന്നു കെട്ടിപ്പിടിച്ചോട്ടേ എന്നു ചോദിച്ച ലൈംഗിക തൊഴിലാളി, സമയം നഷ്ടപ്പെടുത്തി പുസ്തകത്തിനാവശ്യമായ നല്ല കുറെ വിവരങ്ങൾ നഷ്ടപ്പെടുത്തുമോ എന്ന ചിന്ത ഉണ്ടാകുന്നത് അങ്ങനെയാവാം. ആ പെൺകുട്ടിയെ പിടിച്ചുമാറ്റി കൊൽക്കത്തയിലെ ബംഗ്ലാവിൽനിന്ന് പടിയിറങ്ങേണ്ടി വരുന്നത് പത്രപ്രവർ‍ത്തകന്റെ തിടുക്കം കൊണ്ടാണ്. 

 

പുതിയ എഴുത്തുപദ്ധതികൾ ?

 

വിശുദ്ധപാപങ്ങളുടെ ഇന്ത്യ അന്വേഷണത്തിന്റെ അവസാനമല്ല എന്നു പറഞ്ഞിരുന്നല്ലോ. ബാക്കി അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഒരിടത്തുനിന്നു കിട്ടുന്ന വിവരങ്ങൾക്ക് അനുസരിച്ച് അടുത്ത ഇടത്തേക്ക്, അവിടെനിന്ന് അടുത്ത ഇടത്തേക്ക് അങ്ങനെ.... അത് എന്നു പുസ്തകമാകും എന്നൊന്നും അറിയില്ല. എങ്കിലും ഒരവധി കിട്ടുന്നെങ്കിൽ ഈ അന്വേഷണ യാത്രയ്ക്കു തന്നെയാണ് പ്രഥമ പരിഗണന. 

 

English Summary: Pusthakakkazhcha Column by Ravi Varma Thampuran on writer Arun Ezhuthachan