കിഴക്കന്‍ മേഖലയില്‍ ജീവിക്കുന്നവരെല്ലാം പരിസ്ഥിതി വിരുദ്ധരും കാട് കയ്യേറുന്നവരും പാറപൊട്ടിക്കുന്നവരും അക്രമകാരികളുമാണെന്ന പൊതുബോധം കേരളത്തിലുണ്ട്. കിഴക്കുള്ളവര്‍ നശിപ്പിച്ച കാടിനേക്കാള്‍ എത്രയോ പരിസ്ഥിതിപ്രാധാന്യമുള്ള കണ്ടൽക്കാടുകളും തണ്ണീര്‍ത്തടങ്ങളും കാവുകളും നശിപ്പിച്ചവരല്ലേ

കിഴക്കന്‍ മേഖലയില്‍ ജീവിക്കുന്നവരെല്ലാം പരിസ്ഥിതി വിരുദ്ധരും കാട് കയ്യേറുന്നവരും പാറപൊട്ടിക്കുന്നവരും അക്രമകാരികളുമാണെന്ന പൊതുബോധം കേരളത്തിലുണ്ട്. കിഴക്കുള്ളവര്‍ നശിപ്പിച്ച കാടിനേക്കാള്‍ എത്രയോ പരിസ്ഥിതിപ്രാധാന്യമുള്ള കണ്ടൽക്കാടുകളും തണ്ണീര്‍ത്തടങ്ങളും കാവുകളും നശിപ്പിച്ചവരല്ലേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഴക്കന്‍ മേഖലയില്‍ ജീവിക്കുന്നവരെല്ലാം പരിസ്ഥിതി വിരുദ്ധരും കാട് കയ്യേറുന്നവരും പാറപൊട്ടിക്കുന്നവരും അക്രമകാരികളുമാണെന്ന പൊതുബോധം കേരളത്തിലുണ്ട്. കിഴക്കുള്ളവര്‍ നശിപ്പിച്ച കാടിനേക്കാള്‍ എത്രയോ പരിസ്ഥിതിപ്രാധാന്യമുള്ള കണ്ടൽക്കാടുകളും തണ്ണീര്‍ത്തടങ്ങളും കാവുകളും നശിപ്പിച്ചവരല്ലേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നമ്മള് വയസ്സന്മാരുടെ വേവലാതികള് ഇന്റർവെല്ലിനു സ്‌കൂൾ മുറ്റത്തൂന്നു കേൾക്കുന്ന ശബ്ദം പോലെയാ. ഒച്ച എല്ലാരും കേൾക്കും. പക്ഷേ, ആരാ, എന്നതാ പറയുന്നേന്ന് ആർക്കും മനസ്സിലാകിയേല.’

 

ADVERTISEMENT

മലയാളത്തിലെ ഒരു ചെറുകഥയിലെ ഈ സംഭാഷണശകലം എല്ലാ സ്‌കൂളുകളുടെയും പ്രത്യേകതയാണ്. ഇതെഴുതിയ എഴുത്തുകാരൻ പറയാതെ പോയൊരു കാര്യമുണ്ട്. ഇന്റർവെൽ സമയത്തും അല്ലാത്തപ്പോഴും സ്‌കൂൾ മുറ്റത്തു നിൽക്കുന്ന ഒരാളുടെ അവസ്ഥയ്ക്കും വലിയ വ്യത്യാസം വരാനിടയില്ല. ഉള്ളിൽനിന്ന് പല പല ശബ്ദങ്ങൾ കേൾക്കുന്നുണ്ടാവും. പക്ഷേ, ആരുടേതെന്ന് വേർതിരിച്ചു മനസ്സിലായിക്കൊള്ളണമെന്നില്ല. എന്നാൽ, കണ്ണൂർ ഉളിക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ മുറ്റത്ത് കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണ്. ഇവിടത്തെ ഹൈസ്‌കൂൾ വിഭാഗത്തിൽനിന്നു പുറപ്പെടുന്നൊരു ശബ്ദം സ്‌കൂൾ മുറ്റത്തു നിൽക്കുന്നവർക്കു മാത്രമല്ല, ലോകത്തെവിടെയും നിൽക്കുന്ന മലയാളികളിലെ ചെറുകഥാവായനക്കാർക്കെല്ലാമിന്നു തിരിച്ചറിയാം. അത് വിനോയ് തോമസ് എന്നു പേരുള്ള അവിടത്തെ മലയാളം അധ്യാപകന്റെ ശബ്ദമാണ്. അദ്ദേഹം എഴുതിയ ‘മിക്കാനിയ മൈക്രാന്ത’ എന്ന കഥയിൽ നിന്നാണ് പ്രാരംഭ വാചകം. 

 

അധ്യാപകർക്കൊരു പ്രത്യേകതയുണ്ട്. ആദ്യം അവർ ശാന്തമായും സ്വസ്ഥമായും പറയാൻ നോക്കും. ഫലിച്ചില്ലെങ്കിൽ അൽപം കടുപ്പിച്ചു പറയും. എന്നിട്ടും ഫലിച്ചില്ലെങ്കിൽ ‘നീട്ടെടാ കൈ’ എന്നു പറഞ്ഞ് ചൂരലുകൊണ്ടൊന്നു പൊട്ടിച്ചൂന്നു വരും. പകരാൻ ഉദ്ദേശിച്ച അറിവ് എങ്ങനെയും, അർഹതപ്പെട്ടയാളിൽ എത്തിക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. അതിന് സാമം, ദാനം, ഭേദം, ദണ്ഡം.

 

ADVERTISEMENT

വിനോയ് തോമസ് കഥയെഴുതുന്നത് പഠിപ്പിക്കുന്നതുപോലെ തന്നെയാണ്. ഒരു സംശയവും അവശേഷിപ്പിക്കാത്ത മട്ടിൽ, സൂക്ഷ്മാംശങ്ങളൊന്നും നഷ്ടപ്പെടാതെ, സകല പശ്ചാത്തലവിശദാംശങ്ങളും ചേർത്ത് കഥയങ്ങു വിവരിക്കും. വായനയ്ക്കിടയിലൊന്നും ഊഹിക്കാൻ കഴിയാത്തവിധം കഥ ചെന്ന് അവസാനിക്കുമ്പോഴാണ് അധ്യാപകന്റെ തനി സ്വഭാവം പുറത്തു വരുക. സാമം, ദാനം, ഭേദം, ദണ്ഡം. കഥകളെല്ലാം തന്നെ സാമ, ദാന സമ്മിശ്രമാണെങ്കിൽ ചിലവ ചെന്നവസാനിക്കുന്നത് ഭേദ്യത്തിലോ ദണ്ഡത്തിലോ ഒക്കെയായിരിക്കും. ഭേദ്യത്തിനും ദണ്ഡത്തിനുമൊക്കെ ഇരയാവുന്നത് ചിലപ്പോൾ കഥാപാത്രങ്ങളാകാം. മറ്റു ചിലപ്പോൾ സാഹചര്യങ്ങളാകാം. അതുമല്ലെങ്കിൽ  വായനക്കാരൻ തന്നെയാകാം. കൂടം കൊണ്ട് തലയ്ക്ക് അടികൊണ്ടതുപോലെ വായനക്കാരൻ സ്തംഭിച്ചിരുന്നു പോകും. അങ്ങനെ സ്തംഭനത്തിലാക്കുന്നൊരു കഥയാണ് മിക്കാനിയ മൈക്രാന്ത. കഥ കൊണ്ടു പ്രഹരമേറ്റ് സ്തംഭിച്ചുപോകുന്ന വായനക്കാരൻ ഏറെ നേരം കഴിഞ്ഞ്, സമനില കൈവരിച്ച  ശേഷം, തലയൊന്നു കുടഞ്ഞ് ആലോചിക്കുമ്പോഴാവും മനസ്സിലാവുക, വർത്തമാനകാലത്തെ ഒരു പ്രത്യക്ഷയാഥാർഥ്യമാണല്ലോ അതിശക്തമായി വിനോയ് പറഞ്ഞു തന്നിരിക്കുന്നതെന്ന്.

 

ഏതാണ്ടു നാലു വർഷം മുമ്പു പ്രസിദ്ധീകരിച്ച രാമച്ചി എന്ന കഥാസമാഹാരത്തിലാണ് മിക്കാനിയ മൈക്രാന്ത ചേർത്തിരിക്കുന്നത്. നോക്കെത്താ ദൂരത്തോളം നീണ്ടുപരന്നു കിടക്കുന്ന കൃഷിഭൂമിയുടെ ഉടമയായ ചെറുപ്പക്കാരൻ, കുടിയേറ്റ കർഷകന്റെ മൂന്നാം തലമുറക്കാരൻ, കൃഷി ചെയ്തു നടക്കുന്നതൊരു കണ്ട്രി ഏർപ്പാടാണെന്ന നാട്ടുകാരുടെ നിരന്തരാക്ഷേപം സഹിക്കാനാവാതെ നാടുവിട്ട് ഇസ്രയേലിൽ പോയി ഏതോ വീട്ടിലെ കിടപ്പുരോഗിയെ പരിചരിക്കുന്നു.

നാട്ടിലെ സ്വന്തം പറമ്പ് തരിശുകിടന്ന് പൂലോകം മുടിച്ചി എന്ന വിദ്രോഹ വള്ളിച്ചെടി പടർന്ന് നശിക്കുകയും സ്വന്തം അപ്പനുമമ്മയും കിടപ്പുരോഗികളായി ദുരിതമനുഭവിക്കുകയും ചെയ്യുമ്പോഴാണ് കുടിയേറ്റ കുടുംബത്തിലെ മൂന്നാം തലമുറക്കാരൻ കുടുംബത്തിന്റെ മാനം രക്ഷിക്കാൻ, അന്യനാട്ടിൽ, സ്വന്തം ജീവിതത്തിലേക്കു പടർന്നു കയറിക്കൊണ്ടിരിക്കുന്ന പൂലോകം മുടിച്ചിയെ പറിച്ചുമാറ്റാനാവാതെ നിസ്സഹായനായി നിൽക്കേണ്ടി വരുന്നത്.

ADVERTISEMENT

ജോഷിച്ചന് കഥ പറഞ്ഞുകൊടുക്കാൻ ആളായിട്ട് ഇല്ലായിരുന്നെങ്കിലും വിശാലമായ പറമ്പിലെ പച്ചപ്പുകളിൽ വല്ല്യപ്പൻ വിളഞ്ഞു കിടന്നു. ആ പറമ്പിലൂടെ പേപ്പച്ചന്റെ കൈപിടിച്ച് നടക്കുമ്പോൾ ജോഷിച്ചൻ പുറപ്പാടുകളുടെ കഥ കേട്ടു. 

അങ്ങനെ കഥ കേട്ടും വല്ല്യപ്പൻ വിളഞ്ഞു കിടക്കുന്നതും നേരപ്പൻ കാത്തുപരിപാലിക്കുന്നതുമായ ഏക്കറു കണക്കിന് ഭൂമിയിൽ പിച്ചവച്ചും വളർന്ന ജോഷിച്ചനാണ് എങ്ങുനിന്നുമുള്ള അപമാനങ്ങളിൽ സഹികെട്ട് വിഷണ്ണനായി വിലപിക്കാൻ വേണ്ടി വിശുദ്ധനാട്ടിലേക്ക്  പുറപ്പെട്ടു പോകുന്നത്. ജോഷിച്ചൻ മാത്രമല്ല, അപ്പൻ പേപ്പച്ചനും  കുറ്റബോധത്തിൽ നീറുന്നു, മകനെ കർഷകനായി വളർത്തിയതിൽ. ആത്മദണ്ഡനം നടത്തുകയാണ് രണ്ടു പേരും. കഥ വായിച്ചു തീരുമ്പോൾ വായനക്കാരനും സ്വയം ദണ്ഡിപ്പിച്ചുവെന്നു വരാം. 

 

പായലു പിടിച്ച ഭിത്തിയിൽനിന്നു ജീവൻ വച്ചു വരുന്ന കയമനെ പോലെ നരച്ചുമുഷിഞ്ഞ നാടിന്റെ മുഖത്തു നോക്കി വായനക്കാരനു ചോദിക്കാൻ തോന്നുന്നുണ്ടാവും, എന്തിനു നിങ്ങളീ അന്നദാതാക്കളെ ഇങ്ങനെ മുടിച്ചുകളയുന്നു.

 

മിക്കാനിയ മൈക്രാന്തയുടെ മറുവശമാണ് രാമച്ചി. അതൊരു ഉൾക്കാടിന്റെ പേരാണ്. ആറളം ഫാമിലേക്ക് പറിച്ചുനടപ്പെട്ട പണിയ കുടുംബത്തിലെ യുവതി മല്ലിക, കാടിന്റെ  പ്രത്യേകതകളെല്ലാമറിയുന്ന പ്രദീപനെ പരിണയിച്ച് അവനോടൊപ്പം കാട്ടിലേക്കു മടങ്ങുന്നതാണ് കഥ. മല്ലികയ്ക്ക് കഥകൾ പറഞ്ഞുകൊടുക്കുമായിരുന്ന മഞ്ഞമുത്തിയാണ് രാമച്ചി എന്ന ഉൾക്കാടിനെക്കുറിച്ച് പറഞ്ഞത്. അവിടെയാണ് മുത്തി താമസിച്ചിരുന്നത്. അക്കാലത്തെക്കുറിച്ച് മഞ്ഞമുത്തി മല്ലികയോടിങ്ങനെ പറഞ്ഞു.

‘മഞ്ഞന്ന് ന്നെ ആദ്യ ബിളിച്ച്ത് അമ്മയാണ്. അമ്മെ അപ്പനു കാട്ടിലാര്ന്ന്. കരിക്കനു മായീം. കാടാര്ന്ന് അബ്‌ര്‌ടെ പൊര. രാമച്ചില് അബ്‌രു താമസിക്കുമ്പോ ന്നെ പെറ്റ്. അമ്മ പറേ ഞാന്  രാമച്ചീല് കെട്ക്കുമ്പോ ഒരു കാറ്റു ബന്ന് ഏതോ മഞ്ഞപ്പൂവ് ന്റെ നെഞ്ചിലിട്ടെന്ന്. ങനെ ഞാൻ മഞ്ഞയായി.’

 

നാളുകൾക്കു ശേഷം ഗർഭിണിയായ മല്ലികയെയും കൂട്ടി പ്രദീപൻ കാടു കയറി. മല്ലികയ്ക്ക് രാമച്ചീല് പോയിട്ട് പ്രസവിക്കണമെന്നു നിർബന്ധം. കാടിനെ ഹരിച്ചും ഗുണിച്ചുമറിയുന്ന പ്രദീപൻ കാടും മലയും താണ്ടി അവളെ രാമച്ചീല് എത്തിച്ചു. അവിടെ വച്ച് അവൾ പ്രസവിച്ചു. തേനെടുക്കാൻ മരത്തിൽ കയറിയ പ്രദീപൻ ഇറങ്ങിവരും വരെ കാട്ടാനകൾ കാവൽ നിന്നു. അടുത്തു ചെന്ന പ്രദീപൻ പറഞ്ഞു: പെണ്ണാണ്. 

അവൾ ചിരിച്ചു.

മഴത്തുള്ളികൾക്കിടയിലൂടെ ഉയരങ്ങളിൽനിന്ന് അസാധാരണമായ ഒരു മഞ്ഞപ്പൂവ് ആ കുഞ്ഞു ശരീരത്തിലേക്ക് കുതിർന്നു വീണു. ചരിഞ്ഞു കിടന്ന മല്ലിക അവളെ ചേർത്തുപിടിച്ച് നനഞ്ഞ മുല വായിലേക്കു കൊടുക്കുമ്പോൾ ചെവിയിൽ ഒരു പേരു വിളിച്ചു. 

 

കഥയങ്ങനെ അവസാനിക്കുമ്പോൾ നാമറിയുന്നു, അധ്യാപകന്റെ സാമ സ്പർശം. വായനക്കാരനെ തഴുകിക്കൊണ്ടതു കടന്നുപോകുന്നു, ഇളം കാറ്റായി, ഇലത്തൂവലായി.

 

അധികാര ധാർഷ്ട്യത്തിന്റെ അക്രമോൽസുകതയും ദാരുണമായ അന്ത്യവും ( ഉടമസ്ഥൻ) വികസനത്തിന്റെ ഇരകളുടെ നിസ്സഹായാവസ്ഥയും (മൂർഖൻ പറമ്പ്) പ്രാദേശിക, വർഗീയ വിചാരങ്ങളുടെ അർഥശൂന്യതയും (ഇടവേലിക്കാർ) മതത്തിന്റെ അവിശുദ്ധതയും  (വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി) ആദിവാസികളുടെ ജീവിതദൈന്യവും (അരി) ഒക്കെ കടന്നുവരുന്ന വിനോയ് തോമസിന്റെ കഥകൾ വിഷയവൈവിധ്യം കൊണ്ടു മാത്രമല്ല വിവരണ നൈപുണ്യം കൊണ്ടും സൂക്ഷ്മ വിശദാംശങ്ങൾ കൊണ്ടും വായനക്കാരനു ലഭിക്കുന്ന സമ്പന്ന സമ്മാനങ്ങളാണ്. 

 

ചിലരൊക്കെ എഴുതുമ്പോൾ തത്വചിന്താപരമായ ഒട്ടേറെ വാചകങ്ങൾ കാണും. അവ വായിക്കുമ്പോൾ നമ്മൾ മാനസികമായി മറ്റേതോ തലങ്ങളിലേക്കൊക്കെ ഉയർത്തപ്പെടും. ആ ഉയർത്തപ്പെടൽ നമ്മൾ ആസ്വദിക്കുകയും എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്യും. വിനോയ്‌യുടെ കഥകളിൽ അത്തരം വാചകങ്ങൾ അത്യപൂർവമായേ കാണൂ. പക്ഷേ, കഥ ഒന്നാകെയെടുത്താൽ വായനാന്ത്യത്തിൽ വായനക്കാരൻ ഉയർന്നുപോവുക പ്രത്യക്ഷമായ ഇരിപ്പിടത്തിനുമേറെ ഉയരത്തിലുള്ളൊരു ഫിലോസഫിക്കൽ കസേരയിലേക്കായിരിക്കും. അത്തരത്തിലുള്ളൊരു കനവും കാമ്പുമുള്ളതാണ് ഓരോ കഥയും. ഉപമകളും ഉൽപ്രേക്ഷകളും അലങ്കാരങ്ങളുമൊക്കെ തീരെ കുറവാണെന്നതിനാൽ എടുത്തുകെട്ടും അലുക്കുകളുമെമ്പാടുമുള്ള കെട്ടുകാഴ്ചകളായി വിനോയ്‌യുടെ കഥകൾ മാറുന്നില്ല. അവ വായനക്കാരന്റെ മുഖത്തു നോക്കി, കണ്ണിൽ നോക്കി, മനസ്സിൽ നോക്കി സംസാരിക്കുന്നു. അതേസമയം തന്നെ, ഭാഷ കൊണ്ട് ആനന്ദിപ്പിക്കുന്നുമുണ്ട്. ആകാശം അലിഞ്ഞലിഞ്ഞ് ഭൂമിയിൽ തളർന്നു കിടക്കുകയായിരുന്നു എന്നും സഞ്ചരിക്കുന്ന കാർമേഘങ്ങൾ വെളിച്ചത്തെ അരിച്ചുകളഞ്ഞ ആ പകലിൽ, അയാൾ പറയാതിരുന്ന പല കാരണങ്ങളും ആകാശത്തിൽ നിന്നും ചുരുളുകളായി ഇറങ്ങിവന്ന നിലാരേഖകളിലൂടെ അമിച്ചൻ തിരിച്ചറിഞ്ഞു എന്നും വായിക്കുമ്പോൾ ആനന്ദമുണ്ടാകുന്നുവെങ്കിൽ നമുക്കീ എഴുത്തുകാരനെ വായനയിൽനിന്നു മാറ്റി നിർത്താനാവില്ല തന്നെ.  ഇനി വിനോയ് തോമസിൽ നിന്നു കേൾക്കാം. 

 

രാമച്ചി എന്ന  കഥയിൽ കാടാണ് നിറഞ്ഞു നിൽക്കുന്നത്. ഭംഗിയും കാരുണ്യവും കരുതലുമെല്ലാമുള്ള കഥാപാത്രം. കാട്ടിലെ മരങ്ങൾ മാത്രമല്ല മൃഗങ്ങളും പക്ഷികളും എന്തിന് തേനീച്ച പോലും സ്‌നേഹമാണ് ചൊരിയുന്നത്. കാട്ടിലെ മനുഷ്യരും അങ്ങനെ തന്നെ. ഈ കഥയെഴുതാനുണ്ടായ പശ്ചാത്തലം  വിവരിക്കാമോ?

 

രാമച്ചി ശരിക്കും മല്ലികയുടെയും പ്രദീപന്റെയും പ്രണയകഥയാണ്. ഈ കഥാപാത്രങ്ങള്‍ പണിയ വിഭാഗത്തില്‍ പെട്ടവരായതുകൊണ്ട് സ്വാഭാവികമായും അവരുടെ ജീവിതപരിസരത്തില്‍ കാടുമുണ്ടാകും. അതുകൊണ്ടുതന്നെ കാടിനെപ്പറ്റിയും അതെങ്ങനെ ഗോത്രവര്‍ ഗജീവിതത്തില്‍ ഇടപെടുന്നു എന്നതിനെക്കുറിച്ചും നന്നായി മനസ്സിലാക്കിയിട്ടേ നമുക്ക് എഴുതാന്‍ പറ്റൂ. രാമച്ചി എന്ന കഥയെഴുതുക എന്ന ലക്ഷ്യംവച്ചുതന്നെയാണ് ഞാന്‍ കാടിനെക്കുറിച്ച് അന്വേഷിച്ചത്. നമ്മള്‍ കഥകളൊക്കെ വായിക്കുമ്പോള്‍ കാട് വളരെ സുന്ദരമാണെന്നും അവിടെ പോയി താമസിക്കാമെന്നുമൊക്കെ തോന്നും. പക്ഷേ, അതൊക്കെ കഥ മാത്രമാണ്. കാട്ടില്‍ മനുഷ്യന്‍ ജീവിക്കുന്ന കാലം എന്നേ അവസാനിച്ചു കഴിഞ്ഞു. പരിഷ്കൃത മനുഷ്യന് നാട്ടിലേ താമസിക്കാന്‍ കഴിയൂ. കാട്ടിലേക്കു പോവുക എന്ന ആഗ്രഹം എല്ലാ മനുഷ്യരിലും ഉണ്ടാകാറുള്ളതാണല്ലോ. എനിക്കും അങ്ങനെ തോന്നാറുണ്ട്. ഇടയ്ക്ക് കാട്ടില്‍ പോകാറുമുണ്ട്. പക്ഷേ, എനിക്ക് കാടിനോട് സ്നേഹമുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ ഉണ്ടെങ്കില്‍ ഞാന്‍ ചെയ്യേണ്ടത് ഒരിക്കലും കാട്ടിലേക്ക് പോകാതിരിക്കുക എന്നതാണ്.

 

കുടിയേറ്റ കർഷകർ കാടിനെ ഉപഭോഗവസ്തുവായാണ് കാണുന്നതെന്ന് പൊതുവേ കരുതപ്പെടുന്നു. നാട്ടുമനുഷ്യരും മൃഗങ്ങളുമായുള്ള സംഘർഷവും കാടിന്റെ പരിസ്ഥിതി തകർത്തു കൊണ്ടുള്ള ഇടപെടലുകളുമൊക്കെ നിരന്തരം വാർത്തയാവുന്നുണ്ട്. കുടിയേറ്റ മേഖലയിൽ ജനിച്ചു വളർന്ന ആൾ എന്ന നിലയിൽ ഇതിനെ എങ്ങനെ കാണുന്നു?

 

കുടിയേറ്റക്കാര്‍ എന്നത് ഏതെങ്കിലും പ്രത്യേക വംശത്തിലോ വര്‍ഗത്തിലോ പിറന്നവരല്ല. കേരളത്തില്‍ എവിടെ ജീവിക്കുന്ന ആളുകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ കുടിയേറ്റക്കാരാണ്. കാടായിരുന്ന സ്ഥലം കയ്യേറിയിട്ടല്ലേ ശക്തന്‍തമ്പുരാന്‍ തൃശൂര്‍ പട്ടണം ഉണ്ടാക്കുന്നത്. മാര്‍ത്താണ്ഡവര്‍മയ്ക്കു മുന്‍പുണ്ടായിരുന്ന ആലപ്പുഴ എന്തായിരുന്നു. കുടിയേറ്റക്കാരല്ലാത്തവരായി കേരളത്തിലെ ഗോത്രവര്‍ഗ ജനത മാത്രമാണുള്ളത്. സ്വന്തമായി ഭൂമി വേണം എന്ന ചിന്തയില്ലാത്തവരാണ് അവരില്‍ ഭൂരിഭാഗവും. സ്വന്തമായി ഭൂമി വേണം എന്ന് ആഗ്രഹിക്കുന്നവര്‍ കുടിയേറ്റക്കാരായി മാറുന്നത് സ്വാഭാവികമല്ലേ. കിഴക്കന്‍ മേഖലയില്‍ ജീവിക്കുന്നവരെല്ലാം പരിസ്ഥിതി വിരുദ്ധരും കാട് കയ്യേറുന്നവരും പാറപൊട്ടിക്കുന്നവരും അക്രമകാരികളുമാണെന്ന പൊതുബോധം കേരളത്തിലുണ്ട്. കിഴക്കുള്ളവര്‍ നശിപ്പിച്ച കാടിനേക്കാള്‍ എത്രയോ പരിസ്ഥിതിപ്രാധാന്യമുള്ള കണ്ടൽക്കാടുകളും തണ്ണീര്‍ത്തടങ്ങളും കാവുകളും നശിപ്പിച്ചവരല്ലേ പടിഞ്ഞാറും ഇടനാട്ടിലും താമസിക്കുന്നത്. എന്റെ പഞ്ചായത്തില്‍ കുറെ പാറമടകളുണ്ട്. ഒന്നിന്റെപോലും മുതലാളി ഈ നാട്ടിലുള്ളയാളല്ല. കണ്ണൂരും എറണാകുളത്തുമൊക്കെയുള്ളവരാണ് ഞങ്ങളുടെ നാട്ടില്‍വന്ന് കുന്നിടിക്കുകയും പാറ പൊട്ടിക്കുകയും ചെയ്യുന്നത്. വേറേ ഏതൊക്കെയോ നാടുകളില്‍ കെട്ടിടം പണിയാനും റോഡുണ്ടാക്കാനുമാണ് അത് കൊണ്ടുപോകുന്നത്. മറ്റുള്ളവരുണ്ടാക്കുന്ന പാരിസ്ഥിതിക ദുരന്തത്തിന്റെ ഇരകളാണ് ഇവിടെ ജീവിക്കുന്നവര്‍.

 

മൂർഖൻ പറമ്പ് എന്ന കഥ വികസനത്തിന്റെ ഇരകളെ കുറിച്ചാണ്. വികസനം അശരണമാക്കുന്ന ജീവിതങ്ങളെക്കുറിച്ചാണ്. പലപ്പോഴും വികസനത്തിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതുമൂലം വഴിയാധാരമാകുന്ന മനുഷ്യരോട് സഹതപിച്ചു കൊണ്ടാണ് പല രചനകളും ഉണ്ടാവാറ്. ഇവിടെ സ്ഥലം ഏറ്റെടുക്കാത്തതുമൂലം ഒരാൾ ജീവനൊടുക്കുന്നു. കുടിയൊഴിപ്പിക്കലിൽ ഉൾപ്പെട്ടാൽ മാത്രമല്ല, അതിൽനിന്ന് പുറത്തായാലും മനുഷ്യന്റെ സ്വസ്ഥത നശിക്കും എന്നാണോ ഉദ്ദേശിക്കുന്നത്?

 

ഒത്തിരി തെറ്റിദ്ധരിക്കപ്പെട്ട ഒരു കഥയാണ് മൂര്‍ഖന്‍പറമ്പ്. ഞാന്‍ ആദ്യമായെഴുതിയ കഥ എന്ന പരിമിതി കൊണ്ടായിരിക്കാം അത്. ആനന്ദ് കണ്ണൂരില്‍ വന്നപ്പോള്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ നിന്നാണ് ആ കഥയെപ്പറ്റി ഞാന്‍ ആലോചിച്ചു തുടങ്ങിയത്. ഇരുപതാം നൂറ്റാണ്ടിലെ ഭ്രാന്തന്‍ ആവേശങ്ങള്‍ എന്നതായിരുന്നു ആ പ്രഭാഷണത്തിന്റെ വിഷയം. ഇരുപതാം നൂറ്റാണ്ടില്‍ പുതുതായുണ്ടായ രാഷ്ട്രീയാശയങ്ങളില്‍ ഹിംസയ്ക്കു പ്രാധാന്യം കൊടുത്തവയെയും അഹിംസയെ മുന്‍നിര്‍ത്തിയുള്ളവയെയും ഇനം തിരിച്ച് അദ്ദേഹം ആ പ്രഭാഷണത്തിലൂടെ പരിശോധിച്ചു. ഹിംസയുടെ രാഷ്ട്രീയത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ സംഹാരത്തിന്റെ പുസ്തകം എന്ന ഗ്രന്ഥത്തിലും പറയുന്നത്. ഇതെല്ലാം ചേര്‍ത്ത് കണ്ണൂരിന്റെ രാഷ്ട്രീയത്തെപ്പറ്റി പറയാനാണ് ഞാന്‍ ആ കഥയിലൂടെ ശ്രമിച്ചത്. ചിലരത് ഒരു പരിസ്ഥിതി കഥയായി തെറ്റിദ്ധരിച്ചു.

 

ഇടവേലിക്കാർ എന്ന കഥയിൽ ഒരു സ്ഥലത്ത് വിജയിക്കുന്ന പ്രാദേശിക വാദം മറ്റൊരിടത്ത് പരാജയപ്പെടുന്നതെങ്ങനെയെന്ന് കൃത്യമായി വരച്ചുകാണിക്കുന്നു. കാര്യസാധ്യത്തിനു വേണ്ടി ഇടുങ്ങിയ വിചാരങ്ങളിൽ പെട്ട് മനുഷ്യരെ വഴിതെറ്റിക്കുന്നവർക്കുള്ള താക്കീതാണോ ഈ കഥ? കുടകിൽ തദ്ദേശീയരും മലയാളികളും തമ്മിൽ ശത്രുതയിലാണോ പുലരുന്നത്?

 

കഥകൊണ്ട് താക്കീതു ചെയ്യാന്‍ കഴിയുമെന്നൊന്നും എനിക്ക് തോന്നുന്നില്ല. ദേശീയത എന്ന തിണ്ണമിടുക്കിനെപ്പറ്റിയാണ്  ഇടവേലിക്കാര്‍ എന്ന കഥയില്‍ പറയാന്‍ ഉദ്ദേശിച്ചത്. നമ്മളെല്ലാം അങ്ങനെതന്നെയാണ്. എന്റെ നാടാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന ചിന്ത നമുക്കെല്ലാവര്‍ക്കുമുണ്ട്. പക്ഷേ, ആ നാട്ടില്‍തന്നെ ഇന്ന ജാതി, ഇന്ന മതം, ഇന്ന രാഷ്ട്രീയ പാര്‍ട്ടി എന്നൊക്കെ നമ്മള്‍തന്നെ ഇടവേലികള്‍ കെട്ടും. പുറത്തുപോയാല്‍ നമ്മുടെ നിസ്സാരത നമുക്കു ബോധ്യപ്പെടും. ഞാന്‍ കുടകില്‍ പോയി ഇഞ്ചിക്കൃഷിയുടെ പണികള്‍ ചെയ്തിട്ടുണ്ട്. മറ്റുള്ള സംസ്ഥാനത്തുനിന്നു ജോലിക്കായി ഇവിടെ വരുന്നവരോട് മലയാളികള്‍ പെരുമാറുന്നതുപോലെയോ അതിനേക്കാള്‍ മോശമായിട്ടോ ആണ് മലയാളികളായ പണിക്കാരോട് കുടകര്‍ പെരുമാറുന്നത്. അത് സ്വാഭാവികമാണ്. അതിന്റെ പേരില്‍ ഇടക്കാലത്ത് ചില സംഘര്‍ഷങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.

 

ഉടമസ്ഥൻ എന്ന കഥ അധികാരം തലയ്ക്കു പിടിച്ച, ഏകാധിപത്യ മനസ്സുള്ള എല്ലാവർക്കുമുള്ള താക്കീതാണ്. ആ നിലയ്ക്ക് അത് ഒരു രാഷ്ട്രീയകഥയായിത്തന്നെ കാണണം .എഴുത്തിന്റെ ഘട്ടത്തിൽ എന്തായിരുന്നു മനസ്സിൽ?

 

എല്ലാ ജീവജാലങ്ങളുടെയും ഉടമസ്ഥനായി മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു എന്ന ബൈബിള്‍ വാക്യത്തോടുള്ള വിയോജിപ്പാണ് ആ കഥ. എന്റെ കുടുംബത്തിലും പുറത്തുമൊക്കെയുള്ള ചില ആളുകളുടെ പെരുമാറ്റം കണ്ടപ്പോഴാണ് ആ വിയോജിപ്പുണ്ടാകുന്നത്. അവരൊക്കെത്തന്നെയാണ് ആ കഥയിലെ കഥാപാത്രങ്ങള്‍. പൊതുവേ രാഷ്ട്രീയമായ മാനങ്ങള്‍ ചിന്തിച്ചല്ല ഞാന്‍ കഥ എഴുതാറുള്ളത്. കഥ പറയുക എന്നതുതന്നെയാണ് പ്രധാനം. ഉടമസ്ഥന്‍ എഴുതിയപ്പോഴും എന്റെ ചുറ്റും കണ്ട സംഭവങ്ങളെ ഫിക്‌ഷനൈസ് ചെയ്യുക എന്നതേ ഉദ്ദേശിച്ചുള്ളൂ.

 

ചെറുകഥ എന്ന് പറയുമ്പോൾത്തന്നെ വിനോയ്‌യുടെ കഥകൾ അത്ര ചെറുതല്ല. സാമാന്യം വലിയ കഥകളാണ്. ഓരോ കഥയ്ക്കും വലുപ്പം കൂട്ടുന്നത് പശ്ചാത്തല വിവരണമാണ്. അന്തരീക്ഷ വിവരണവും ഓരോ സൂക്ഷ്മാംശവും ഒപ്പിയെടുത്തു കൊണ്ടുള്ള സംഭവ വിവരണവും കഥയെ കൺമുന്നിൽ സംഭവിപ്പിച്ചു കാണിക്കുന്നുണ്ട്. പക്ഷേ, ഇത്രയേറെ പശ്ചാത്തല വിവരണം വേണ്ടതുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്താണ് അവർക്കുള്ള മറുപടി?

 

കഥയുടെ വലുപ്പത്തിന്റെ പേരില്‍ ഒത്തിരി വിമര്‍ശനം കേട്ടയാളാണ് ഞാന്‍. ഇത്ര പേജുള്ള ഒരു കഥ എഴുതിക്കളയാം എന്ന് നിശ്ചയിച്ചിട്ടല്ല ഞാന്‍ എഴുതാനിരിക്കുന്നത്. ഒരു കഥയില്‍ പറയാനുള്ള കാര്യങ്ങള്‍ പരമാവധി ചുരുക്കിപ്പറയണം എന്നുതന്നെ ഞാനും കരുതുന്നു. പക്ഷേ ആ കഥയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ പറയണ്ടേ? ഉദാഹരണത്തിന്, ഇടവേലിക്കാര്‍ എന്ന കഥയില്‍ റമ്മികളിയുടെ നിയമങ്ങള്‍ വിസ്തരിച്ച് എഴുതിയിട്ടുണ്ട്. റമ്മികളി പരിചയമില്ലാത്ത ഒരാള്‍ക്കും കഥ ആസ്വദിക്കാന്‍ കഴിയണമെങ്കില്‍ അത് കൂടിയേ തീരൂ. അതുകൊണ്ട് അത് കഥയില്‍നിന്ന് ഒഴിവാക്കാന്‍ പറ്റിയില്ല. എന്റെ കഥകള്‍ക്ക് വലുപ്പം കൂടുതലാണ് എന്നു പറഞ്ഞ ഒരു സുഹൃത്തിനോട് പുതുതായി ഞാന്‍ എഴുതിയ കഥ, ആവശ്യമില്ലാത്ത ഭാഗങ്ങള്‍ വെട്ടി ഒന്ന് എഡിറ്റ് ചെയ്തു തരാന്‍ പറഞ്ഞു. ഒരു വാക്കുപോലും വെട്ടാന്‍ അവനു കഴിഞ്ഞില്ല. എന്റെ കഥയ്ക്ക് വലുപ്പം കൂടുതലാണ് എന്നു പറയുന്നവര്‍ അത് വായിച്ചിട്ടല്ല പറയുന്നത്. പേജ് എണ്ണിനോക്കിയിട്ടാണ്. അത്തരക്കാര്‍ക്കുവേണ്ടി എഴുതാന്‍ ആര്‍ക്ക് സാധിക്കും? 

 

കായ്ക്കാത്ത പ്ലാവിനോടെന്ന പോലെ ആളുകൾ ചീത്ത വിളിച്ചപ്പോൾ, വൈകി എഴുതിത്തുടങ്ങുകയായിരുന്നു എന്ന് ആമുഖത്തിൽ പറയുന്നു. എത്രാമത്തെ വയസ്സിലാണ് ആദ്യ കഥ എഴുതിയത്?

 

ചെറുപ്പത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ രണ്ടു കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു. വിഷുപ്പതിപ്പ് കഥാമത്സരത്തിലേക്ക് ഒരു കഥയയച്ചിട്ട് സമ്മാനം കിട്ടാതെ വന്നപ്പോള്‍ കഥയെഴുത്ത് നിര്‍ത്തി. പിന്നീട് നാടകങ്ങളൊക്കെയാണ് എഴുതിയത്. അതാകുമ്പോള്‍ നാട്ടിലെ ചെറിയ അരങ്ങുകളില്‍ സാക്ഷാത്കരിച്ച് കാണാന്‍ സാധിക്കുമല്ലോ. പിന്നീട് മുപ്പത്തൊമ്പതാമത്തെ വയസ്സില്‍ കരിക്കോട്ടക്കരി എന്ന നോവലാണ് എഴുതുന്നത്. അത് മത്സരത്തിനയയ്ക്കാന്‍ വേണ്ടിയായിരുന്നു. ആ കൊല്ലംതന്നെ മൂര്‍ഖന്‍പറമ്പ് എന്ന കഥയും എഴുതി.

 

പ്രാദേശിക ഭാഷകളും പ്രമേയങ്ങളും എല്ലാക്കാലത്തും മലയാള സാഹിത്യത്തിൽ ഉണ്ടായിരുന്നു. എന്നാൽ, മുമ്പ് പ്രതിനിധീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരുപാട് പ്രദേശങ്ങളും ജനതയും ഇക്കാലത്ത് കഥയിലേക്കും നോവലിലേക്കുമൊക്കെ കടന്നു കയറി വന്ന് സാന്നിധ്യം വിളിച്ചു പറയുന്നുണ്ട്. അങ്ങനെ കഥയിലേക്കു പുതിയ പ്രദേശങ്ങളെ ആനയിക്കുന്നവരിൽ ഒരാളാണ് വിനോയ്. ബോധപൂർവമാണോ ഇത്?

 

എന്റെ എഴുത്തില്‍ പ്രാദേശികതയുണ്ടെന്ന് പറയപ്പെടുന്നു. അതില്ലാതെ എങ്ങനെ എഴുതാന്‍ സാധിക്കും. ഒരു കഥാപാത്രത്തെ ഞാന്‍ ഉണ്ടാക്കുമ്പോള്‍ അയാള്‍ ജീവിക്കുന്ന ഒരു സ്ഥലം വേണ്ടേ? അയാള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമാകണ്ടേ? വെറുതെ വായുവില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെ മാത്രമുണ്ടാക്കിയതുകൊണ്ട് കാര്യമുണ്ടോ? ഒരു കഥയെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനെയാണ് പ്രാദേശികത എന്ന് ചിലര്‍ കളിയാക്കി വിളിക്കുന്നത്. പിന്നെ എന്റെ പ്രദേശം കഥയില്‍ വരുന്നതിലാണ് ചിലര്‍ക്ക് പരിഭവം. ഈ മലയോരം കൂടി ഉള്‍പ്പെടുന്നതാണ് കേരളമെന്നും ഇവിടുത്തെ ഭാഷയും സംസ്കാരവുംകൂടി ചേരുന്നതാണ് മലയാളമെന്നും അംഗീകരിക്കാന്‍ ചിലര്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. അവര്‍ സംസ്കാരങ്ങള്‍ അധീശത്വ ഭീഷണി നേരിടുന്നതില്‍ ഏറെ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു എന്നതാണ് കോമഡി.

 

പുതിയ കാലത്ത് പല  കഥയെഴുത്തുകാരും വളരെപ്പെട്ടെന്നു സിനിമാ വഴിയിലേക്കു മാറുന്നുണ്ട്. വിനോയ്‌യും അക്കൂട്ടത്തിലുണ്ട്. കഥയും നോവലും  സൃഷ്ടിപരമായ തൃപ്തി തരാത്തതുകൊണ്ടാണോ ഈ ചുവടുമാറ്റം?

 

കഥയും നോവലും നല്‍കുന്ന സംതൃപ്തി ഒരിക്കലും നമുക്ക് സിനിമയില്‍നിന്നു കിട്ടില്ല. അവിടെ നമ്മള്‍ സംവിധായകന്റെ ഒരു ഉപകരണം മാത്രമാണ്. എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ എഴുത്തിന്റെ എല്ലാ മേഖലകളും പരീക്ഷിക്കണമെന്ന് ആഗ്രഹമുള്ളയാളാണ്. ഞാന്‍ കവിത, പാട്ട്, കഥാപ്രസംഗം, നാടകം, പരസ്യം, തുടങ്ങി എല്ലാ ഐറ്റവും എഴുതിയിട്ടുണ്ട്. കൂട്ടത്തില്‍ തിരക്കഥയിലും ഒന്ന് ശ്രമിക്കുന്നു. അത്രയേ ഉള്ളൂ.

 

വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി എന്ന കഥ കരിസ്മാറ്റിക് ധ്യാനക്കാരെ മാത്രമല്ല, അഗതിമന്ദിരം നടത്തുന്ന കന്യാസ്ത്രീയേയും കടന്നാക്രമിക്കുന്നു. സംഘടിത മതത്തിനു നേരേയുള്ള എഴുത്തുകാരന്റെ വിമർശനമാണോ ഈ കഥ എന്നു തോന്നിപ്പോകും. സഭയെയും വിശ്വാസത്തെയുമൊക്കെ എങ്ങനെയാണ് കാണുന്നത്?

 

മനുഷ്യന്‍ കഥകള്‍ അനുഷ്ഠിക്കുന്നത് (Practising fictions) കാണുന്നതിന്റെ കൗതുകം മാത്രമാണ് ഇപ്പോള്‍ എനിക്ക് മതങ്ങളോടുള്ളത്. മനുഷ്യന്‍ നന്നാകാനും മോശമാകാനും മതങ്ങളില്‍ വിശ്വസിക്കണമെന്നില്ലല്ലോ. മനുഷ്യര്‍ ഇപ്പോഴുള്ള കുറച്ചു മതങ്ങളില്‍ മാത്രം കെട്ടിക്കിടക്കാതെ പുതിയ പുതിയ മതങ്ങളുണ്ടാകട്ടെ. എഴുതപ്പെടുന്ന ഓരോ കഥയും ഓരോ മതഗ്രന്ഥമായി മാറണം. ആ ലക്ഷ്യത്തിലാണ് ഞാന്‍ ആനന്ദബ്രാന്റന്‍ എന്ന കഥ എഴുതിയത്. ബ്രാന്റ്മീയത നമുക്ക് പ്രാക്ടീസ് ചെയ്യാവുന്നതല്ലേ? 

 

‘കിണറാണ് എന്റെ നാടും. എത്ര കഥയിൽ കോരിയാലും തീരാത്ത ജീവിതങ്ങളുമായി അതങ്ങനെ നിറഞ്ഞു തുളുമ്പാതെ സാധാരണമായി കിടക്കുന്നു.’ വിനോയ് തന്നെ പറഞ്ഞതാണിത്. സൂക്ഷ്മപ്രദേശമായ നെല്ലിക്കാംപൊയിലോ വിശാലമായ ഇരിട്ടിയോ ഏതാണ് ഈ കിണർ? ഈ കിണറ്റിൽ എഴുത്തിനെ നനച്ചു വളർത്തിയെടുത്ത, പ്രേരണാ ഘടകങ്ങൾ എന്തൊക്കെയാണ്?

 

എല്ലാ നാടും കഥകളുടെ കിണറാണ്. എത്ര കോരിയാലും വറ്റാത്തത്ര കഥകള്‍ മനുഷ്യന്‍ ജീവിക്കുന്നിടത്തെല്ലാം ഉണ്ട്. കാരണം ഇന്നത്തെ നമ്മുടെ ജീവിതമാണ് നാളത്തെ കഥ. ജീവിതമുള്ളിടത്തോളം കഥ ഉണ്ടായിക്കൊണ്ടേയിരിക്കും. 

 

കണ്ണൂരാണ് അക്രമ രാഷ്ട്രീയത്തിന്റെ  പേരിൽ പഴിക്കപ്പെടുന്ന കേരളത്തിലെ പ്രത്യേക പ്രദേശം. അധികാരത്തിന്റെ മത്തും അധികാരത്തിനു വേണ്ടിയുള്ള ആക്രാന്തവും അന്ധമായ പാർട്ടി ഭ്രാന്തും ഒക്കെയാണ് കണ്ണൂരിലെ ചോരപ്പുഴകൾക്കു കാരണം. അക്രമ രാഷ്ട്രീയത്തോടുള്ള പ്രതിഷേധമായി തോന്നിയ ചില കഥകളുമുണ്ട് ഇതിൽ. എന്തു പറയുന്നു?

 

ഞാന്‍ നേരത്തേ പറഞ്ഞല്ലോ, മൂര്‍ഖന്‍പറമ്പ് എന്ന എന്റെ ആദ്യ കഥ ഉണ്ടായതിന്റെ സാഹചര്യം. ഹിംസാത്മകമായ രാഷ്ട്രീയ ഭ്രാന്തിനെക്കുറിച്ചാണ് ആ കഥയില്‍ ഞാന്‍ പറഞ്ഞത്. വിഘ്നേഷ് കല്ലനാണ്ടി എന്ന കഥാപാത്രം അക്രമരാഷ്ട്രീയത്തിന്റെ ഇരയായിട്ടാണ് തൂങ്ങിച്ചാവുന്നത്. കണ്ണൂരില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഈന്തുമരങ്ങളില്‍ തടിക്കിടപ്പെട്ട ഒത്തിരി ചെറുപ്പക്കാരുണ്ട്. മരണംകൊണ്ട് മാത്രമേ അവര്‍ക്ക് അതില്‍നിന്നു മോചനമുള്ളൂ. ഇത് തിരിച്ചറിഞ്ഞവനാണ് വിഘ്നേഷ് കല്ലനാണ്ടി. പക്ഷേ, മൂര്‍ഖന്‍പറമ്പ് എന്ന കഥ ആ രീതിയിലൊന്നും അധികം വായിക്കപ്പെട്ടില്ല. 

 

വലിയ കാൻവാസിലെ ചിത്രങ്ങളാണ് രാമച്ചി എന്ന സമാഹാരത്തിലെ  കഥകളെല്ലാം. ഓരോ കഥയും ഓരോ നോവലായി വികസിപ്പിക്കാം. കരിക്കോട്ടക്കരി എന്ന ചെറിയ നോവലും പുറ്റ് എന്ന വലിയ നോവലും എഴുതിയ കഥാകൃത്തിനോട് ചോദിക്കട്ടെ, ഇഷ്ടം എന്തെഴുതാനാണ്. കഥയോ നോവലോ?

 

കഥയും നോവലും എഴുതുന്നത് രണ്ടുതരം അനുഭവങ്ങളാണ്. രണ്ടിന്റെയും കഷ്ടപ്പാട് രണ്ടുവിധമാണ്. എങ്കിലും നോവല്‍ കുറേക്കൂടി അധ്വാനം ആവശ്യപ്പെടുന്നു. ഒരു നോവല്‍ എഴുതിക്കഴിഞ്ഞ് കിട്ടുന്ന സംതൃപ്തിയാണ് എനിക്ക് കൂടുതല്‍ സുഖകരമായി തോന്നിയിട്ടുള്ളത്.

English Summary: Pusthakakkazhcha column by Ravivarma Thampuran on Vinoy Thomas