2003 ൽ സിഎംഎസ് കോളജ് വിദ്യാർഥിയായിരിക്കെ പ്രദീപ് എം. നായർ സംവിധാനം ചെയ്ത ‘ഒബ്ലമോവ്’ എന്ന ക്യാംപസ് സിനിമ ഉൾക്കാഴ്ചയുള്ള ഒരു സംവിധായകന്റെ വരവു വിളിച്ചോതിയിരുന്നു. സംസ്ഥാനത്ത് ആ വർഷം നടന്ന പല ചലച്ചിത്രമേളകളിലും ആ ചിത്രം ബഹുമതികൾ കരസ്ഥമാക്കി. മലയാള മനോരമ നടത്തിയ ക്യാംപസ് ടാക്കീസ് ഫിലിം ഫെസ്റ്റിവലിൽ

2003 ൽ സിഎംഎസ് കോളജ് വിദ്യാർഥിയായിരിക്കെ പ്രദീപ് എം. നായർ സംവിധാനം ചെയ്ത ‘ഒബ്ലമോവ്’ എന്ന ക്യാംപസ് സിനിമ ഉൾക്കാഴ്ചയുള്ള ഒരു സംവിധായകന്റെ വരവു വിളിച്ചോതിയിരുന്നു. സംസ്ഥാനത്ത് ആ വർഷം നടന്ന പല ചലച്ചിത്രമേളകളിലും ആ ചിത്രം ബഹുമതികൾ കരസ്ഥമാക്കി. മലയാള മനോരമ നടത്തിയ ക്യാംപസ് ടാക്കീസ് ഫിലിം ഫെസ്റ്റിവലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2003 ൽ സിഎംഎസ് കോളജ് വിദ്യാർഥിയായിരിക്കെ പ്രദീപ് എം. നായർ സംവിധാനം ചെയ്ത ‘ഒബ്ലമോവ്’ എന്ന ക്യാംപസ് സിനിമ ഉൾക്കാഴ്ചയുള്ള ഒരു സംവിധായകന്റെ വരവു വിളിച്ചോതിയിരുന്നു. സംസ്ഥാനത്ത് ആ വർഷം നടന്ന പല ചലച്ചിത്രമേളകളിലും ആ ചിത്രം ബഹുമതികൾ കരസ്ഥമാക്കി. മലയാള മനോരമ നടത്തിയ ക്യാംപസ് ടാക്കീസ് ഫിലിം ഫെസ്റ്റിവലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2003 ൽ സിഎംഎസ് കോളജ് വിദ്യാർഥിയായിരിക്കെ പ്രദീപ് എം. നായർ സംവിധാനം ചെയ്ത ‘ഒബ്ലമോവ്’ എന്ന ക്യാംപസ് സിനിമ ഉൾക്കാഴ്ചയുള്ള ഒരു സംവിധായകന്റെ വരവു വിളിച്ചോതിയിരുന്നു. സംസ്ഥാനത്ത് ആ വർഷം നടന്ന പല ചലച്ചിത്രമേളകളിലും ആ ചിത്രം ബഹുമതികൾ കരസ്ഥമാക്കി. മലയാള മനോരമ നടത്തിയ ക്യാംപസ് ടാക്കീസ് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം ഒബ്ലമോവിനായിരുന്നു. നടൻ അനൂപ് ചന്ദ്രനായിരുന്നു പ്രധാന വേഷം അവതരിപ്പിച്ചത്. കോളജിലെ മാഗസിൻ എഡിറ്ററായിരുന്ന പ്രദീപ് എഴുതിയിരുന്ന കവിതകൾ അന്നേ ശ്രദ്ധ നേടിയിരുന്നു. ‘കവി പ്രദീപ്’ എന്നു കൂട്ടുകാർ ആത്മാർഥമായി തന്നെ വിളിച്ചു. 

 

ADVERTISEMENT

തുടർന്നു പത്തുവർഷത്തിലേറെ നീണ്ട ദൃശ്യമാധ്യമരംഗത്തെ ജോലി പ്രദീപിലെ എഴുത്തുകാരനെ നിശബ്ദനാക്കി. കവിതയെ കോളജ് ഗേറ്റിനരികിൽ നിർത്തിയിട്ടാണു ജോലി തേടിപ്പോയതെന്നു പ്രദീപ് പറയുന്നു. പിന്നീടൊരിക്കൽ വന്നു കൂടെ കൂട്ടാമെന്നായിരുന്നു ചിന്ത. പക്ഷേ, കവിത അങ്ങനെ നിൽക്കുന്നയാളല്ലല്ലോ എന്നു കവി തന്നെ പറയുന്നു. പ്രശസ്ത വാർത്താധിഷ്ഠിത പരിപാടി കണ്ണാടിയുടെ പ്രൊഡ്യൂസറായിരുന്നു അഞ്ചു വർഷക്കാലം പ്രദീപ്. ടെലിവിഷൻ രംഗത്തെ പ്രദീപിന്റെ വർക്കുകൾ അംഗീകരിക്കപ്പെടുകയും സംസ്ഥാന അവാർഡ് ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിക്കുകയും ചെയ്തു. പക്ഷേ, ഇക്കാലയളവിലൊക്കെ ഉള്ളിലൊരു സംവിധായകനും എഴുത്തുകാരനും പുറത്തുവരാൻ വെമ്പൽകൊണ്ടിരിപ്പുണ്ടായിരുന്നു. 

 

ടെലിവിഷനിലെ ജോലി രാജിവച്ച ശേഷം പൃഥ്വിരാജ് നായകനായ ‘വിമാനം’ എന്ന ചിത്രവുമായാണു പ്രദീപ് കലാവഴിയിലെ തന്റെ നീണ്ട മൗനം ഭേദിച്ചത്. തുടർന്ന് ആനുകാലികങ്ങളിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച കഥകളിലൂടെ എഴുത്തിലെ തിരിച്ചുവരവ് പ്രദീപ് ആഘോഷിച്ചു. കവിതയ്ക്കു പകരം കഥയെ പ്രദീപ് ശക്തിയോടെ ചേർത്തുനിർത്തി. അടക്കം, പുണ്യപരിമളം, മരണച്ചിട്ടി, ഭൂലാൻ എന്നീ കഥകൾ വായനക്കാരെ ഏറെ ആകർഷിച്ചു. മരണച്ചിട്ടി എന്ന കഥ ആഗോള മാനങ്ങളുള്ള ഒരു വിഷയം കേരളത്തിലെ ഒരു നാട്ടിൻപുറത്തേക്കു പറിച്ചുനട്ടതിലെ കയ്യടക്കം കൊണ്ട് ശ്രദ്ധനേടി. കഥപറച്ചിലിലെ പുതുമയും നിഗൂഢതയും മരണച്ചിട്ടിയുടെ വായനയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. അടക്കവും ഭൂലാനും സമകാലീന ഇന്ത്യനവസ്ഥയെ അതിന്റെ എല്ലാ ഭീകരതയോടെയും തുറന്നുകാട്ടി. രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന തന്റെ സർഗജീവിതം പങ്കുവയ്ക്കുകയാണു പ്രദീപ് ഇവിടെ.

 

ADVERTISEMENT

ഭൂലാനിലെ അമൃതും യാക്കൂബും സമകാലീന ഇന്ത്യയുടെ പ്രതിനിധികളാണ്. സങ്കടമുളവാക്കുന്ന കഥാന്ത്യമുണ്ടാകുമ്പോൾത്തന്നെ അവരുടെ ബന്ധം നമുക്കു പ്രത്യാശയുടെ ചില കിരണങ്ങൾ നൽകുന്നുമുണ്ട്. എല്ലാം അവസാനിച്ചിട്ടില്ലായെന്ന പ്രത്യാശ. ഒരു മനുഷ്യനു മറ്റൊരു മനുഷ്യനെ ഉപാധികളില്ലാതെ എത്ര മാത്രം സ്നേഹിക്കാൻ കഴിയുമെന്ന തിരിച്ചറിവ്. അവരെ കണ്ടെടുക്കുന്നത് എവിടെ നിന്നാണ്? ഭൂലാനിലേക്ക് എത്തിച്ചേർന്നത് എങ്ങനെയായിരുന്നു?

 

ഒരു മഹാവ്യാധി പടർന്നുപിടിക്കുകയും ലോകം മുഴുവൻ അകത്തു കയറി മുറിയടയ്ക്കുകയും ചെയ്യുന്നു. ലോക്ഡൗൺ എത്രകാലം നീളുമെന്നോ ലോകം ഇനി എന്തായിത്തീരുമെന്നോ അറിയാതെ ആളുകൾ അങ്കലാപ്പിലാകുന്നു. മഹാനഗരങ്ങളിൽനിന്നു പുറത്താക്കപ്പെട്ട ലക്ഷോപലക്ഷം തൊഴിലാളികൾ അവരുടെ ജന്മനാട്ടിലേക്ക് നടത്തുന്ന പദയാത്രകളുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പതിവു കാഴ്ചകളാകുന്നു. നാഷനൽ ചാനലുകളിൽ വരുന്ന കോവിഡ് വാർത്തകൾക്കിടയിൽ ഡൽഹിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിന് വിശേഷ പ്രാധാന്യം ലഭിക്കുന്നു. വിലക്ക് മറികടന്ന് മുസ്‌ലിംകൾ കൂട്ടം കൂടിയെന്നും രോഗം മറച്ചു വച്ച് ഇന്ത്യയിലും വിദേശത്തും യാത്ര ചെയ്‌തെന്നും വാർത്തകൾ വരുന്നു. മുസ്‌ലിം വൈറസ് എന്ന രീതിയിൽ പോലും പാൻഡമിക്കിനെ ചില മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നു. 

 

ADVERTISEMENT

ഇതിനിടയിൽ സുഹൃത്തിന്റെ ചേതനയറ്റ ശരീരവും മടിയിൽ വച്ച് ദേശീയപാതയുടെ ഓരത്ത് കത്തുന്ന വെയിലത്ത് വിതുമ്മിക്കരയുന്ന ഒരു യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മനസ്സലിവുള്ള മറ്റാരേയുമെന്ന പോലെ എനിക്കും ആ ചിത്രത്തിൽ ഉള്ളുടക്കി. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾ പറയുമ്പോലെയൊന്നുമല്ല മനുഷ്യർ തമ്മിലുള്ള ബന്ധമെന്നൊരു സന്ദേശവും ആ ചിത്രം പങ്കുവയ്ക്കുന്നുണ്ടെന്നു തോന്നി. അതിൽ ഒരാൾ യാക്കൂബും മറ്റേയാൾ അമൃതുമാണ്. 

 

ആദ്യം ഈ ചിത്രം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത് അടിക്കുറിപ്പായി ഏതാനും വരികൾ കുറിക്കണമെന്നേ  തോന്നിയുള്ളൂ. അതിനുള്ള തയാറെടുപ്പെന്നോണം വിഷയവുമായി ബന്ധപ്പെട്ട മറ്റു വാർത്തകൾ വായിച്ചു. ആ വായനയിൽ നിന്നാണ് എന്തുകൊണ്ട് ഇതൊരു കഥയായി എഴുതിക്കൂടാ എന്ന് ആലോചിച്ചു തുടങ്ങിയത്. ഫെയ്സ്ബുക്ക് കുറിപ്പെഴുതിയാൽ എന്റെ ചില സുഹൃത്തുക്കൾ മാത്രം കാണും. അവരിൽ ചിലർ മാത്രം വായിച്ചെന്നും വരും. കഥയാവുകയാണെങ്കിൽ, അതു പ്രസിദ്ധീകരിക്കുകയാണെങ്കിൽ കൂടുതൽ ആളുകളുമായി ഞാനനുഭവിച്ച ഇമോഷൻ പങ്കുവയ്ക്കാൻ സാധിക്കുമെന്നു തോന്നി. ഏതെങ്കിലും കാലത്ത് ഏതെങ്കിലുമൊരാൾ ഇതു വായിച്ചേക്കാം എന്നൊരു സാധ്യത മിന്നി. നമ്മുടെ ഈ നശിച്ച കാലത്തെ അടയാളപ്പെടുത്തുന്ന ഒരു നിമിഷം അയാൾക്ക് സമ്മാനിക്കാം എന്ന തോന്നൽ ‘ഭൂലാൻ’ എന്ന കഥയ്ക്ക് കാരണമായി.

 

വിവിധ അധികാരബന്ധങ്ങൾ സാധാരണ ജനങ്ങളിൽ പ്രവർത്തിക്കുന്നതെങ്ങനെയെന്നു സൂക്ഷ്മമായി കാണിച്ചു തരുന്ന കഥയാണു പ്രദീപിന്റെ ‘ഭൂലാൻ’. ഒരു മഹാമാരിക്കാലത്ത് ഭരണകൂടം അതിന്റെ ജനതയോടു ചെയ്തതെന്തെന്ന അന്വേഷണം വിശാലാർഥത്തിൽ അതിലുണ്ട്. അതോടൊപ്പം തൊഴിലുടമ തൊഴിലാളിയോടും ഇടനിലക്കാർ യാത്രക്കാരോടും ലോറി ഡ്രൈവറും മറ്റു യാത്രക്കാരും അതിസാധാരണക്കാരോടും ഹൈവേ വാഹന യാത്രികർ നടന്നുപോകുന്നവരോടും ഇടപെടുന്നതിൽ പ്രദർശിപ്പിക്കുന്ന അധികാരസ്വഭാവം കൂടി കഥ ഇഴപിരിച്ചു പരിശോധിക്കുന്നുണ്ട്. അധികാരം, അതെത്ര താഴ്ന്നനിലയിലാണെങ്കിൽപ്പോലും, മനുഷ്യരെ എത്രമാത്രം മനുഷ്യത്വരഹിതമായി പെരുമാറാൻ പ്രേരിപ്പിക്കുന്നു എന്നൊരു അന്വേഷണം ഭൂലാനിലുണ്ടെന്നു വായനയിൽ അനുഭവപ്പെട്ടു. അതേപ്പറ്റി വിശദീകരിക്കാമോ?

 

നല്ല മുതലാളിയെന്ന പ്രയോഗം വളരെ സാധാരണമാണ്. ചെയ്യുന്ന ജോലിക്ക് കൃത്യമായി ശമ്പളം കൊടുത്താൽ മാത്രം മതി, മുതലാളി നല്ലവനാണെന്നായിരിക്കും പല്ലവി. വാസ്തവത്തിൽ വിരോധാഭാസം നിറഞ്ഞ ഒരു പ്രയോഗമാണത്. ചൂഷണങ്ങളെ മഹത്വവൽക്കരിക്കുന്നതിനായി പൊതുസമൂഹം കണ്ടുപിടിച്ച ഒട്ടേറെ ഉപായങ്ങളിലൊന്ന്. ഹെജിമണിയെന്ന വാക്ക് പ്രസക്തമാകുന്നതിവിടെയാണ്. എത്രയൊക്കെ നന്മയുണ്ടെന്നു പറഞ്ഞാലും മുതലാളി എപ്പോളും ചൂഷകനായിരിക്കും, തൊഴിലാളി ചൂഷിതനും. കോവിഡ് പോലെയുള്ള അതിസങ്കീർണ്ണമായ ഒരു സാമൂഹികാവസ്ഥ വരുമ്പോൾ തൊഴിലാളികൾക്കാണ് സ്വപ്നങ്ങളുപേക്ഷിച്ച് പിറന്ന നാട്ടിലേക്ക് ആയിരക്കണക്കിനു കിലോമീറ്റർ കാൽനടയായി പലായനം നടത്തേണ്ടി വരുന്നത്. ഒറ്റ ദിവസം കൊണ്ടാണ് അവർ നല്ല മുതലാളിക്കും നല്ല ഭരണകൂടത്തിനും വേണ്ടാത്തവരായി മാറിയത്. എല്ലാ നല്ല മുതലാളിമാരും അപ്രതീക്ഷിതമായി വീണു കിട്ടിയൊരു വെക്കേഷന് തയാറെടുക്കുകയായിരുന്നു ആ സമയം. ബോട്ടിൽ ആർട്ടും ബക്കറ്റ് ചിക്കനും ചക്കക്കുരു ഷേക്കും സോഷ്യൽ മീഡിയയിൽ തരംഗമാക്കിയ നമ്മളൊക്കെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് മുതലാളിമാരാണ്. ഭൂലാനിൽ അത്യുന്നതങ്ങൾ മുതൽ അടിത്തട്ടു വരെയുള്ള അധികാര ശ്രേണി ഒളിഞ്ഞും തെളിഞ്ഞും പരാമർശിക്കപ്പെടുന്നുണ്ട്. അർധപ്രാണനായ ചങ്ങാതിയെ അവന്റെ വീട്ടിലെത്തിക്കുക എന്നതു മാത്രമാണ് യാക്കൂബിന്റെ പ്രഥമ പരിഗണന. അതിനിടയിൽ നടക്കുന്ന സംഭവങ്ങളിലോരോന്നിലെയും അധികാരത്തിന്റെ തുലാസ് താഴുന്നതും പൊങ്ങുന്നതും വായനക്കാരൻ മാത്രമേ കാണുന്നുള്ളൂ. യാക്കൂബിനതു ശ്രദ്ധിക്കാൻ നേരം കിട്ടുന്നില്ല. ചിലയിടങ്ങളിൽ അതു നാട്ടുനടപ്പാണ്. അതിനു മറുപടിയില്ല. മറ്റു ചിലയിടങ്ങളിൽ അതു കൂടുതൽ മനുഷ്യത്വരഹിതമാവുമ്പോൾ ഇരയാക്കപ്പെടുന്നവർ വിധി എന്ന് ആശ്വസിക്കുന്നു.  അവർ പ്രത്യേകിച്ചൊന്നും ചെയ്യണ്ട. സാധാരണ മട്ടിൽ ജീവിച്ചാൽ പോലും അധികാരവർഗ്ഗത്തിന് അവരെ ഭരിക്കുന്നതിനുള്ള മൗനാനുവാദമായി അത് വ്യാഖ്യാനിക്കാം.

 

‘മരണച്ചിട്ടി’ അടുത്തകാലത്തു വായിച്ച കഥകളിൽ ഏറെ വായനാസുഖം നൽകിയ രചനകളിലൊന്നാണ്. സോക്രട്ടീസിനു നൽകിയ വിഷം ഉണ്ടാക്കുന്ന ‘ഹെംലോക്’ എന്ന ചെടിയെ ചുറ്റിപ്പറ്റി നെയ്തെടുത്ത പക്കാ കേരളീയമായ ആ പരിസരം കഥയെ ഒരേ സമയം ഇന്റർനാഷനലും കട്ട ലോക്കലുമാക്കി മാറ്റുന്നു. ആ കഥയുടെ ആശയമുണ്ടാകുന്നത് എങ്ങനെയാണ്?

 

മരണച്ചിട്ടി എന്ന കഥ മലയാളം വാരികയിൽ വന്നപ്പോൾ അടുത്തിടെ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കൂടത്തായി കൊലക്കേസല്ലേ കഥയ്ക്കു പ്രചോദനമായതെന്നു വായനക്കാരിൽ പലരും സംശയം ചോദിച്ചു. വാസ്തവത്തിൽ കൂടത്തായി  കൊലക്കേസുമായി മരണച്ചിട്ടിക്ക് ബന്ധമൊന്നുമില്ല. എന്റെ ഒരു സുഹൃത്തിനുണ്ടായി അനുഭവമാണ് കഥയിലേക്ക് വഴിവെട്ടിയത്. ഇൻഷുറൻസ് സെക്ടറിൽ ജോലി ചെയ്യുന്ന സുഹൃത്തിന് ജോലിക്കാര്യവുമായി ബന്ധപ്പെട്ട് ഒരിക്കൽ ഒരു വീട്ടിൽ ചെന്നപ്പോൾ അവിടെ കണ്ട ചെടി ഹെംലോക്കാണെന്നു തോന്നി. വെറും തോന്നലല്ല, കോളജിൽ നടന്ന ബൊട്ടാണിക് എക്‌സിബിഷനിൽ ഇങ്ങനെയൊരു കൊടിയ വിഷസസ്യം നേരത്തെ കണ്ട ഓർമയിൽ തോന്നിയതാണ്. ആ വീട്ടിൽ അടിക്കടി ചില അകാല മരണങ്ങൾ നടന്നിട്ടുള്ളതായും അദ്ദേഹം പിന്നീടു മനസ്സിലാക്കി. രണ്ടും കണക്ട് ചെയ്ത് ആ വീട്ടിൽ ദുരൂഹമായ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന നിഗമനത്തിലായിരുന്നു അദ്ദേഹം അനുഭവം അവതരിപ്പിച്ചത്. ഹെംലോക്കിനെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്.

കീറ്റ്‌സിന്റെ ഓഡ് ടു എ നൈറ്റിംഗേൽ- എന്ന കവിതയിൽ രണ്ടാമത്തെ വരിയിൽ ഹെംലോക്കിനെക്കുറിച്ചു പരാമർശമുണ്ട്.

my heart aches and a drowsy numbness pains

 my sense as though of hemlock i had drunk

സോക്രട്ടീസിനു കൊടുത്ത വിഷം ഹെംലോക്കായിരുന്നു എന്ന് എവിടെയൊക്കെയോ വായിച്ചിട്ടുമുണ്ട്. ചായയിൽ നീരൊഴിച്ചു കൊടുത്തായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഇതൊരാൾ വീട്ടിൽ വളർത്തുന്നുണ്ടെങ്കിൽ അതിലൊരു കഥയുണ്ടാവുമല്ലോ എന്നു തോന്നി. കാട്ടാങ്കുന്നിന്റെ പുരാവൃത്തവും ശാന്തിപ്രഭയെന്ന സർപ്പസുന്ദരിയും കഥയിൽ ആഖ്യാതാവായ കോളജ് വിദ്യാർത്ഥിയും മനസ്സിലേക്കെത്തിയത് പെട്ടെന്നാണ്. കഥയ്ക്ക് ആദ്യമിട്ട പേര് ബൊട്ടാണിക്കൽ ഗാർഡൻ എന്നായിരുന്നു. കഥയുടെ ആദ്യ വായനക്കാരായ സുഹൃത്തുക്കളിലൊരാൾ, അനു അഗസ്റ്റിനാണ് ‘മരണച്ചിട്ടി’ എന്ന പേര് നിർദ്ദേശിച്ചത്. വാരികയ്ക്ക് അയച്ചപ്പോൾ പേര് അങ്ങനെ തിരുത്തി.

 

രണ്ടു പതിറ്റാണ്ടു മുൻപാണു ശ്രദ്ധേയമായ ക്യാംപസ് സിനിമ ഒബ്ലമോവ് പ്രദീപ് സംവിധാനം ചെയ്തത്. മലയാള മനോരമ നടത്തിയ ക്യാംപസ് ടാക്കീസിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം അതു നേടി. ഇവാൻ ഗഞ്ചറോവിന്റെ ഒബ്ലമോവ് എന്ന നോവൽ ആ സിനിമയായത് എങ്ങനെയാണ്. അതിന്റെ സാക്ഷാത്കാരത്തിൽ അന്നത്തെ ക്യാംപസ് കൂട്ടായ്മയുടെ സ്ഥാനം എന്തായിരുന്നു? 501 തരം മുഖംമൂടികളണിഞ്ഞു നടത്തിയ ഒബ്ലമോവ് വിളംബര ജാഥയൊക്കെ ഇന്നും ഓർമയിലുണ്ട്. അതിൽനിന്നു വിമാനം വരെയെത്തി നിൽക്കുന്ന സിനിമയാത്രയെപ്പറ്റി വിശദമായി പറയാമോ? ഒപ്പം എഴുത്തു ജീവിതം പ്രദീപിന്റെ സിനിമാ ജീവിതത്തെ എങ്ങനെ സപ്ലിമെന്റ് ചെയ്യുന്നുവെന്നും?

 

കോട്ടയം വിദ്യാർത്ഥിമിത്രം ബുക്സ്റ്റാൾ ഇടയ്‌ക്കൊക്കെ പഴയ പുസ്തകങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റ് ഒഴിവാക്കാനായി വഴിയരികിൽ നിരത്തിവയ്ക്കുമായിരുന്നു. അതിൽ ഏറിയ പങ്കും പാഠപുസ്തകങ്ങളായിരിക്കും. എങ്കിലും ഇരുന്നു തിരഞ്ഞാൽ അതിനിടയിൽനിന്ന് ഉപകാരപ്രദങ്ങളായ പലതും കിട്ടും. അങ്ങനെ കിട്ടിയ പുസ്തകങ്ങളിലൊന്നായിരുന്നു കെ.പി.എസ്. മേനോന്റെ റഷ്യൻ പനോരമ. അദ്ദേഹം അംബാസിഡറായിരുന്ന കാലത്തെ റഷ്യയെക്കുറിച്ചുള്ള വിശദ വിവരണം. അതിലൊരിടത്ത് താൻ വായിച്ച റഷ്യൻ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ ഒബ്‌ളമോവ് എന്ന പുസ്തകത്തെക്കുറിച്ചു പറയുന്നു. ആ പുസ്തകത്തെത്തുടർന്ന് റഷ്യയിൽ ഒബ്‌ളമോവിസം എന്നൊരു പ്രയോഗം ഉടലെടുത്തതായും വായിച്ചു. the mental state of a person who is utterly and incorrigibly lethargic. ഇതാണ് ഒബ്‌ളമോവിസത്തിന്റെ നിർവചനം. നമുക്കിടയിലുള്ള പലരുടെയും മാനസികാവസ്ഥ ഇതു തന്നെയല്ലേ എന്നു തോന്നി. ആ തോന്നലിൽ നിന്നാണ് ഒബ്‌ളമോവ് എന്ന സിനിമ രൂപപ്പെട്ടത്. കോട്ടയം സിഎംഎസ് കോളജിൽ എംഎ ഇംഗ്ലിഷ് ഒന്നാം വർഷ വിദ്യാർഥിയാണന്ന്. 

 

സജീവമായി ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും സിനിമകളെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വലിയൊരു ക്യാംപസ് സൗഹൃദം ഒബ്‌ളമോവ് യാഥാർഥ്യമാക്കുവാൻ കൂടെ നിന്നു. ചിത്രകാരൻ അഭിലാഷ് ചാക്കോയായിരുന്നു അതിൽ പ്രധാനി. അഭിലാഷിന്റെ നേതൃത്വത്തിൽ കാഴ്ചക്കാർ എന്ന സാഹിത്യമാസിക അച്ചടിച്ച് കുട്ടികൾക്കിടയിൽ വിറ്റ് ഫണ്ട് ശേഖരണം തുടങ്ങി. രാഹുൽ ദീപ്, അംബീഷ് കുമാർ എന്നിവർ കോളജിനു പുറത്ത് കാര്യങ്ങൾ ഏകോപിപ്പിച്ചു. പൂർവ വിദ്യാർഥി അൻവർ അബ്ദുല്ലയെ തിരക്കഥയേൽപ്പിച്ചു. വിനോദ് ഇല്ലമ്പള്ളിയായിരുന്നു ക്യാമറ. ജയിംസ് വലിയകുളം എഡിറ്റിങ് നിർവഹിച്ചു. സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർഥിയായിരുന്ന അനൂപ് ചന്ദ്രൻ പ്രധാന വേഷം അവതരിപ്പിച്ചു. പി. ബാലചന്ദ്രൻ സാർ ഒരു വേഷം ചെയ്യാമെന്നേറ്റു.  ടി. എം. യേശുദാസൻ സർ, ചെറി ജേക്കബ് സർ തുടങ്ങിയവരുടെ അകമഴിഞ്ഞ പ്രോത്സാഹനമില്ലായിരുന്നെങ്കിൽ ഒബ്‌ളമോവ് സാധ്യമാവുകയില്ലായിരുന്നു. എല്ലാ ക്യാംപസ് സിനിമാ സംരംഭങ്ങളെയും പോലെ ഇല്ലായ്മകളിലും വല്ലായ്മകളിലും നിരങ്ങി നീങ്ങി സിനിമ പൂർത്തിയായി. അക്കൊല്ലം നടന്ന ഒട്ടുമിക്ക ഷോർട് ഫിലിം ഫെസ്റ്റിവലുകളിലും ഒബ്‌ളമോവിന് അംഗീകാരം കിട്ടി. അതിൽ പ്രധാനം മനോരമ ക്യാംപസ് ലൈൻ നടത്തിയ ക്യാംപസ് ടാക്കിസായിരുന്നു. ഒബ്ലമോവ് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഞങ്ങളുടെ സംഘത്തിൽ എല്ലാവർക്കും ആത്മവിശ്വാസമായി. 

 

ഫിലിം ഡയറക്ടർ ജയരാജ് സാർ ഒബ്ലമോവ് കാണാനിടയായി. അദ്ദേഹം ഒരു പൊതുപരിപാടിക്ക് കോളജിൽ വന്നപ്പോൾ നേരിട്ട് അഭിനന്ദിച്ചു. താൽപര്യമുണ്ടെങ്കിൽ അടുത്ത സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി നിർത്താം എന്നു പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ഓഫറായിരുന്നു. രണ്ടു സിനിമകളിൽ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തു.

 

വിദ്യാർഥി ജീവിതകാലത്തും എഴുത്തിന്റെ തുടക്കത്തിലും കവിതയായിരുന്നല്ലോ പ്രദീപിന്റെ മാധ്യമം. മഴക്കവിതകളൊക്കെ ഓർമയിലുണ്ട്. ‘നിന്നെ ഓർക്കുമ്പോൾ പെയ്യുന്നതാണു മഴ; മറ്റു നേരങ്ങളിൽ പുസ്തകങ്ങളിൽ പറയുന്ന പോലെ ഖനീഭവിച്ച നീരാവി പൊഴിയുന്നുവെന്നേ ഉള്ളൂ’. ‘വിമാനം’ സിനിമയിലെ ഒരു പാട്ടും പ്രദീപ് എഴുതിയതാണല്ലോ. പിന്നീടു കഥയിലേക്ക് എഴുത്തു മാറുന്നതെങ്ങനെയാണ്? ഏറ്റവും സംതൃപ്തി പകരുന്നത് ഏതാണ്?

 

എന്റെ സുഹൃത്തുക്കളിൽ പലർക്കും ഞാൻ ഇപ്പോഴും കവിപ്രദീപാണ്. കേവലമൊരു വിദ്യാർത്ഥി എന്ന നിലയിൽ നിന്ന് എനിക്കുണ്ടായ ആദ്യത്തെ അസ്തിത്വ വികാസം കവിയെന്ന നിലയിലേക്കാണ്. ചുറ്റുവട്ടം വിട്ട് സൗഹൃദങ്ങൾ വളർന്നതിനും കാഴ്ചപ്പാടുകൾ കൂടുതൽ തെളിഞ്ഞു വന്നതിനും കാരണം കവിതയായിരുന്നു. എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. ഒരു വട്ടം മാഗസിൻ എഡിറ്ററായി മത്സരിച്ചു ജയിച്ചു. സഹസ്രാബ്ദത്തോടനുബന്ധിച്ച് മനോരമ കോളജ് വിദ്യാർത്ഥികൾക്കായി കഥ, കവിത, പെയിന്റിങ് എന്നീ വിഭാഗത്തിൽ ഒരു മത്സരം നടത്തി. അതിൽ കവിതയ്ക്ക് ഒന്നാം സമ്മാനം കിട്ടി. സച്ചിദാനന്ദൻ മാഷായിരുന്നു വിധികർത്താവ്. ഇന്ന് മലയാളസാഹിത്യത്തിൽ ശ്രദ്ധേയരായ പല എഴുത്തുകാരുമായും മറ്റു കലാകാരൻമാരുമായും സൗഹൃദമാരംഭിയ്ക്കുന്നത് അവിടെ മുതലാണ്. തുടർന്ന് എംജി യൂണിവേഴ്‌സിറ്റി കലോൽസവത്തിൽ കവിതയ്ക്ക് സമ്മാനം ലഭിക്കുന്നു. മാസികകളിൽ കവിതകൾ അച്ചടിച്ചു വരുന്നു. സുഹൃത്ത് പ്രശാന്ത് മുരളിയും രാജീവും ഒരുക്കിയ ഷോർട് ഫിലിമിനും റോഷന്റെ ഓഡിയോ ആൽബത്തിനും പാട്ടുകളെഴുതി. ആ പാട്ടുകൾ കൂട്ടുകാർ പാടി ആസ്വദിക്കുന്നതിൽ സന്തോഷിച്ചു. കവിതയെക്കുറിച്ചുള്ള പല ധാരണകളും തെറ്റിദ്ധാരണകളും ജീവിതത്തിന്റെ നിയന്ത്രണമേറ്റെടുത്തതും ആ കാലത്താണ്. പക്ഷേ സിനിമയിലേക്ക് ഓടിപ്പാഞ്ഞപ്പോൾ കവിത കോളജിന്റെ പടിക്കൽ തന്നെ വച്ചു. തിരക്കൊഴിയുമ്പോൾ ചെന്നെടുക്കാമെന്നായിരുന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചത്. അത്തരം കള്ളത്തരങ്ങളൊന്നും കവിതയിൽ നടക്കില്ലല്ലോ. നിരന്തര സാധനയിൽ കുറഞ്ഞൊന്നും കവിയിൽ നിന്നു കവിത പ്രതീക്ഷിക്കുന്നില്ല. എന്റ അറിവില്ലായ്മയും ഗതികേടും കൊണ്ടു സംഭവിച്ചതാണ്. തിരിച്ചെടുക്കാൻ പലപ്പോളും ശ്രമിച്ചു. യൂ ഡോൺഡ് ‍ഡിസർവ് മീ എന്നാണ് കവിത പറഞ്ഞത്. അത് ഭാഷയുടെ ഹൈ വോൾട്ടേജല്ലേ. എനിക്കു പേടിയായി. കലേഷൊക്കെ (എസ്. കലേഷ്) എഴുതുന്നതു വായിച്ചപ്പോൾ പേടി ഇരട്ടിച്ചു. പിന്നെ കുറേക്കാലം, ഏതാണ്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞ് ഞാൻ ബലമായി വിളിച്ചു കൊണ്ടു വന്നതാണ് കഥയെ. ആ ബലംപിടുത്തം എന്റെ കഥകളെ ബാധിക്കാതിരിക്കാൻ കഴിവതു പരിശ്രമിക്കുന്നു.

 

സമകാലികരായ എഴുത്തുകാരിൽ പ്രദീപ് പിന്തുടരുന്നത് /  വായിക്കുന്നത് ആരെയൊക്കെയാണ്? ഈയടുത്തു വായിച്ച കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ടവ ഏതൊക്കെയാണ്?

 

ഫിക്‌ഷൻ വായന കുറവാണ്. നിർബന്ധമായും വായിക്കേണ്ടതാണെന്നു ചില സുഹൃത്തുക്കൾ ചൂണ്ടിക്കാണിക്കുന്നവ വായിക്കുമെന്നേയുള്ളൂ. പോപ്പുലർ സയൻസും ചരിത്രവും കവിതകളുമാണ് ഇഷ്ടം. ഗ്രാഫിക് നോവലുകളും ശ്രദ്ധിക്കാറുണ്ട്. ഇടക്കാലം കൊണ്ട് സിനിമയ്ക്കുള്ള എലമെന്റുണ്ടാവുമോ എന്നറിയാൻ മാത്രമായി വായനയെ കൊണ്ടുപോയി. അത് എന്റെ വായനാശീലത്തെത്തന്നെ മലിനപ്പെടുത്തി. ഇപ്പോൾ വായന കുറെയൊക്കെ ജാഗ്രതയോടെയാണ്. വിൽ ബ്രൈസൻ, വി. എസ്. രാമചന്ദ്രൻ, ഹരാരി എന്നിവരെയൊക്കെ ഇഷ്ടമാണ്. അവനവനെ അറിയുന്നതിനും സയന്റിഫിക്കായി കാര്യങ്ങളെ സമീപിക്കുന്നതിനും കുട്ടികളോട് സംസാരിക്കുന്നതിനും ഗുണകരമായി തോന്നിയിട്ടുണ്ട് ഇവരുടെ രചനകൾ. ഒട്ടുമിക്ക മലയാളികളെയും പോലെ ലാറ്റിനമേരിക്കൻ സാഹിത്യം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാനും. അതിൽ പോസ്റ്റ് ബൂം എഴുത്തുകാരെ വായിക്കാൻ ശ്രമിക്കുന്നു. ബൊലാനോയെയും ഇസബെൽ അലൻഡെയെയും ഇഷ്ടമാണ്. ക്‌നൗസ്ഗാർഡിന്റെ മൈ സ്ട്രഗിൾ സീരീസാണ് അടുത്തിടെ വായിച്ചതിൽ എറ്റവുമധികം നന്നായി തോന്നിയത്. ജീവിതം തുറന്നെഴുതുന്നതിൽ പേടിയുള്ളവർ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളാണ് അവയെന്ന് അഭിപ്രായമുണ്ട്. പട്ടത്തുവിള, എം. സുകുമാരൻ, സി. അയ്യപ്പൻ, സക്കറിയ തുടങ്ങിയവരെയാണ് മലയാള കഥാകൃത്തുക്കളിൽ ഇഷ്ടം. 

 

സജീവമായി നിൽക്കുന്നവരിൽ കൃത്യമായി പിന്തുടരുന്നത് രണ്ടു പേരെയാണ്. ഉണ്ണി ആറിനെയും എസ്. ഹരീഷിനെയും. ഉണ്ണിയോടൊപ്പം ഏഷ്യാനെറ്റിൽ ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒട്ടുമിക്ക കഥകളുടെ ആദ്യ വായനക്കാരനാകാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ഏറ്റവും പുതിയ കഥ വാത്സ്യായനനിൽ വരെ അദ്ദേഹം ആഹാ നിമിഷങ്ങൾ നിറച്ചു വച്ചിരിക്കുന്നു. എസ്. ഹരീഷിന്റെ മീശ അടുത്തിടെയാണ് വായിച്ചത്. പുരാവൃത്തങ്ങളിൽ നിന്ന് പുരാവൃത്തങ്ങളിലേക്ക് ഒഴുകുന്ന ആദ്ദേഹത്തിന്റെ കഥനരീതി ഇഷ്ടപ്പെട്ടു. അപ്പർ കുട്ടനാടിന്റെ സാംസ്‌കാരികവും പാരിസ്ഥിതികവുമായ ചരിത്രം കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. അടുത്തിടെ വായിച്ച മറ്റൊരു പുസ്തകം സജീവ് പിള്ളയുടെ മാമാങ്കമാണ്. ഭാഷയിലും ചരിത്രത്തിലുമുള്ള കൃത്യമായ ഗവേഷണം ആ നോവലിൽ അനുഭവപ്പെട്ടു. അതേസമയം, ഉദ്വേഗം തരിമ്പും ചോരാതെ അവസാന പുറം വരെ നീളുന്ന കഥന രീതിയും. വിനോദ് കൃഷ്ണ, കെ. പി. റഷീദ്, പ്രിൻസ് അയ്മനം, എസ്. കലേഷ്, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, മനോജ് വെങ്ങോല, അജീഷ് ദാസൻ, മജീദ് സെയ്ദ്, സുദീപ് ടി. ജോർജ്, ജിഷ്ണു കെ. എസ്., ഗോവിന്ദ് കുറുപ്പ്, ജേക്കബ് ഏബ്രഹാം, വീണ ജി. നായർ, ഹരീഷ് ശക്തിധരൻ, ഷീജ വക്കം എന്നിവരൊക്കെയെഴുതുന്നത് വാരികകളിലോ സോഷ്യൽ മീഡിയയിലോ എപ്പോൾ കണ്ടാലും വായിക്കും. മനോജ് വെങ്ങോലയുടെ പൊറളും പ്രിൻസിന്റെ പൊതിച്ചോറ് നേർച്ചയും വിനോദ് കൃഷ്ണയുടെ കണ്ണ് സൂത്രവും വിസ്മയിപ്പിച്ച ചെറുകഥകളാണ്.  

 

‘അടക്കം’ വായിച്ച് അവസാന ഭാഗമെത്തിയപ്പോൾ സത്യത്തിൽ തല പെരുത്തു. ആ ദേശീയഗാനാലാപനം ഇപ്പോഴും കാതിൽ മുഴങ്ങുന്നു. കഥയിൽത്തന്നെ പറഞ്ഞ പോലെ നിർദേശിക്കപ്പെട്ട കള്ളികളിലൂടെ മാത്രം നടക്കുന്ന പൗരൻമാരുടെയിടയിൽ ആ പൊലീസുകാർ വ്യത്യസ്തരാണല്ലോ. അടക്കത്തിൽനിന്നു ഭൂലാനിലേക്കൊരു നേർത്ത നൂലു പോകുന്നുണ്ട്. കള്ളികളിൽനിന്നു കുതറിച്ചാടുന്ന ചിലരുടെ ജീവിതം കൊണ്ടുള്ളൊരു നൂല്. അടക്കമെഴുതിയ ശേഷം ഭൂലാനിലെത്തിയപ്പോഴും പ്രദീപിന്റെ മനസ്സിലങ്ങനെയൊരു ചിന്തയുണ്ടായിരുന്നോ? ഒരു തുടർച്ചയുടെ ചിന്ത?

 

ബാബറി മസ്ജിദ് വിധി വന്ന ദിവസം എല്ലാ പത്രങ്ങളും ആ വാർത്ത അർഹിക്കുന്ന പ്രാധാന്യത്തോടെ കൊടുത്തു. കോട്ടയം എഡിഷനിൽ മാത്രം ഈ വാർത്തകളുമായി തീരെ ബന്ധമില്ലാത്ത ഒരു ചിത്രം അടിച്ചു വന്നു. കുറച്ചു പൊലീസുകാർ ചേർന്ന് ഒരു കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യുന്നതായിരുന്നു ആ ചിത്രം. സ്വന്തമായി വീടോ ബന്ധുക്കളോ ഇല്ലാത്ത ഒരു സ്ത്രീയുടെ കുഞ്ഞായിരുന്നു അത്. പ്രസവത്തിലേ മരിച്ചു. പ്രസവം നടന്ന ആശുപത്രി പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും അതിർത്തിയിലായതിനാൽ ഇരുവരും കുട്ടിയുടെ ബോഡി അങ്ങോട്ടുമിങ്ങോട്ടും തട്ടി. മൃതദേഹം മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങിയ പൊലീസിന് അതെവിടെയും ഏൽപിക്കാനാവുന്നില്ല. അവസാനം സഹികെട്ട് മുനിസിപ്പാലിറ്റിയിൽ അവർക്ക് കുത്തിയിരിപ്പ് സമരം നടത്തേണ്ടി വരുന്നു. അങ്ങനെ ബലമായി അനുമതി വാങ്ങി, പൊലീസ് തന്നെ കുട്ടിയെ അടക്കിയതായിരുന്നു വാർത്ത. 

 

ദൈവങ്ങൾക്കായി ഭൂമി വീതം വയ്ക്കപ്പെടുന്ന വലിയ വാർത്തയ്ക്കിടയിൽ വെറും നാൽപതു സെന്റീമീറ്റർ മാത്രം നീളമുള്ള ഒരു ശിശു അവന് മടങ്ങിപ്പോകാനുള്ള മണ്ണ് ലഭിക്കുന്നതിനായി അതിർത്തിക്ക് അപ്പുറമിപ്പുറം ഓടുന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. എനിക്കതിൽ ഒരു കഥയുണ്ടെന്നു തോന്നി. അങ്ങനെയാണ് അടക്കം എഴുതുന്നത്. ബാബറിമസ്ജിദ് വിധിയുടെ സ്വഭാവം എന്തായിരുന്നു എന്നു നാമെല്ലാം കണ്ടതാണ്. അതു വരുന്നതിനു മുന്നോടിയായി രാജ്യമൊട്ടാകെ കടുത്ത മീഡിയാ സെൻസർഷിപ്പ് നിർദ്ദേശിച്ചിരുന്നു. പൊലീസിന് സോഷ്യൽ മീഡിയ കോംബിങ്ങിന് നിർദ്ദേശം കൊടുത്തിരുന്നു. വിധിയെന്തായാലും അത് അംഗീകരിച്ചേ മതിയാവൂ എന്നു ഭരണകൂടം ജനങ്ങൾക്ക് താക്കീതു കൊടുക്കുന്നതു നമ്മൾ നേരിട്ടു കണ്ടു. എന്നിട്ടോ, ആരും ഒരക്ഷരം മിണ്ടാതെ പഞ്ചപുച്ഛമടക്കി അത് അനുസരിച്ചു. ഏതു കാര്യത്തെപ്പറ്റിയും അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന സാംസ്‌കാരിക നേതാക്കൾ മുതൽ ഫെയ്സ്ബുക് ആക്ടിവിസ്റ്റുകൾ വരെ അന്നേ ദിവസം നിശ്ശബ്ദത പാലിച്ചു. അവർക്കറിയാമായിരുന്നു വിമർശിച്ച് ഒരക്ഷരം പറഞ്ഞാൽ പോലും അതിനു വലിയ വില നൽകേണ്ടി വരുമെന്ന്. കുഞ്ഞിന്റെ അടക്കത്തോടൊപ്പം നമ്മുടെ ജനാധിപത്യത്തിന്റെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടക്കം കൂടി നടക്കുന്നതായാണ് കഥയിൽ പരോക്ഷമായി പറയുന്നത്. ഭൂലാൻ എന്ന കഥയുമായി അടക്കത്തിന് ബന്ധമൊന്നുമില്ല. ഒരേ എഴുത്തുകാരന്റെ രണ്ടു കഥകൾ എന്ന നിലയിൽ അവയിലെ ദർശനങ്ങൾ പൊരുത്തപ്പെടുന്നുണ്ടാവും. ആധുനിക ഇന്ത്യയുടെ കരങ്ങൾ കാലങ്ങളായി കുരുങ്ങിക്കിടക്കുന്ന ഒരു പ്രധാനപ്പെട്ട രാഷ്ട്രീയം രണ്ടു കഥകളിലും പരാമർശിക്കപ്പെടുന്നു എന്നതും അത്തരമൊരു താരതമ്യപ്പെടുത്തലിന് കാരണമായിരിക്കാം.  

പ്രദീപിന്റെ കഥകൾ വെടിമരുന്നു പോലെയാണ്. പതിയെ കത്തിപ്പിടിച്ച്, കത്തിക്കയറി, അവസാനമൊരു കിടുക്കൻ പൊട്ടിത്തെറിയാണ്. വായനക്കാരെ തുടരെത്തുടരെ എൻഗേജ് ചെയ്യിക്കുന്ന ഈയൊരു രചനാരീതി സ്വാഭാവികമായി ഉരുത്തിരിഞ്ഞു വന്നതാണോ? ഒരു കഥയെഴുതി പൂർത്തിയാക്കുമ്പോൾ മനസ്സിലെന്തൊക്കെയാണ്?

 

റീ റൈറ്റിങ്ങിൽ വിശ്വസിക്കുന്നയാളാണു ഞാൻ. എഴുതിത്തീർക്കുക എന്നത് ഒരു മെക്കാനിക്കൽ പ്രോസസ്സാണ്. അതു കൃത്യമായ ഡെഡ് ലൈൻ മനസ്സിൽ കണക്കു കൂട്ടി എഴുതി മുഴുമിക്കും. പിന്നെ കുറച്ചുനാൾ കഥ കയ്യിൽ വച്ചേക്കും. അപ്പപ്പോൾ തോന്നുന്ന കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും നടത്തും. പൂർണമായി ബോധ്യം വരുമ്പോൾ മാത്രമേ  മറ്റൊരാൾക്കു വായിക്കാൻ നൽകൂ. എനിക്ക് ബോധ്യപ്പെടാത്ത കാര്യം മറ്റൊരാളെ ബോധ്യപ്പെടുത്തുന്നതെങ്ങനെ. കൂടാതെ മാധ്യമപ്രവർത്തനത്തിൽനിന്നു പഠിച്ച ഒരു പ്രധാന പാഠം എപ്പോളും ഉള്ളിലുണ്ടാവും. എന്റെ ആത്മസാക്ഷാൽക്കാരം മാത്രമല്ലിത്. മറ്റുള്ളവർക്കു വായിക്കാൻ കൂടിയുള്ളതാണ്. ഭാഷയും കാര്യങ്ങളും കഴിവതും ലളിതമാക്കും. എപ്പോഴുമതിനു കഴിയാറില്ലെങ്കിലും.

 

ഒരു ദശാബ്ദത്തിലേറെ നീണ്ട ദൃശ്യമാധ്യമരംഗത്തെ ജോലി എഴുത്തിനെയും ചലച്ചിത്രജീവിതത്തെയും എത്രമാത്രം സ്വാധീനിച്ചു?

 

സിനിമയിൽ സഹസംവിധായകനായി പ്രവർത്തിക്കുമ്പോളാണ് ഏഷ്യാനെറ്റിൽ ടെസ്റ്റെഴുതുന്നത്. അസിസ്റ്റന്റ് പ്രൊഡ്യൂസറായി ജോലി ലഭിച്ചു. ഒരു സ്ഥിരജോലി അന്നത്തെ എന്റെ സാഹചര്യത്തിൽ അനിവാര്യമായിരുന്നു. ഇന്ത്യയിലെ ഒരു പ്രമുഖ ദൃശ്യമാധ്യമ സ്ഥാപനത്തിൽത്തന്നെ അതു തരപ്പെട്ടപ്പോൾ സിനിമയിൽനിന്നു കുറച്ചു കാലം മാറി നിൽക്കാം എന്നു തീരുമാനമെടുത്തു. ആ കുറച്ചു കാലം ഒരു പതിറ്റാണ്ടിലധികം നീണ്ടു എന്നത് ജീവിതത്തിന്റെ യാദൃച്ഛികത. എങ്കിലും ഏഷ്യാനെറ്റിൽ ജോലി ചെയ്തിരുന്ന കാലം എന്റെ ജീവിത വീക്ഷണത്തെയും രാഷ്ട്രീയ ബോധത്തെയും ഉടച്ചു വാർത്തു. ടി.എൻ. ഗോപകുമാർ, സി.എൽ. തോമസ്, എം.ജി. രാധാകൃഷ്ണൻ, ജയദീപ്, മാങ്ങാട് രത്‌നാകരൻ, ജോസ് തോമസ്, സി. അനൂപ്, അനിൽ അടൂർ, ദീപാ വി. എം., അനീഷ് എം.ജി. എന്നിങ്ങനെയുള്ള പ്രമുഖ മാധ്യമപ്രവർത്തകരുമായി അടുത്തിടപഴകാൻ സാധിച്ചു. 

 

അഞ്ചു വർഷം കണ്ണാടിയുടെ പ്രൊഡ്യൂസറായിരുന്നു. ഒറ്റനോട്ടത്തിൽ നിസ്സാരമെന്നു തോന്നുന്ന സംഭവങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം വിശകലനം ചെയ്ത് മാനുഷികതയുടെ സ്‌കെയിലു കൊണ്ടളന്ന് ഗൗരവ വാർത്തയാക്കി മാറ്റുന്ന ടിഎൻജിയുടെ രീതി അടുത്തു നിന്നു കാണാൻ സാധിച്ചു. കൗതുക ലോകം എന്ന പ്രതിവാര പരിപാടിയുടെ നിർമാതാവും അവതാരകനുമായി. അവിരാമം എന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. 2013 ൽ മികച്ച ടെലിവിഷൻ ഡോക്യുമെന്റെറിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ടെലിവിഷൻ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശസ്ത വ്യക്തിത്വങ്ങളുമായി അടുത്തിടപെട്ടു. അവരിൽ പലരുമായും സൗഹൃദം സാധ്യമായി. 

 

സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽനിന്നു വിരമിച്ച് ഡി. വിനയചന്ദ്രൻ സർ തിരുവനന്തപുരത്ത് താമസമായത് ആയിടെയ്ക്കാണ്. അദ്ദേഹത്തോടൊപ്പം സായാഹ്ന സഞ്ചാരങ്ങളും ചില കൂടിച്ചേരലുകളും പതിവായി. മുടങ്ങിപ്പോയ വായന ശക്തമായി പുനരാരംഭിച്ചു. ഇന്നല്ലെങ്കിൽ നാളെ എഴുത്തിലേക്കു തിരിച്ചു വരാനാവുമെന്ന് ഉള്ളിലൊരു തീരുമാനമുറച്ചു. സുഹൃത്തുക്കളിൽ പലരും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠനം കഴിഞ്ഞ് പുണെയിൽനിന്നു കൊൽക്കത്തയിൽനിന്നു ആ സമയമായപ്പോളേക്കും തിരിച്ചു വന്നിരുന്നു. സിനിമാ ചർച്ചകളും കൂട്ടായ്മകളും പതിവായി. ആ സമയത്താണ് വിമാനത്തിന്റെ തിരക്കഥ എഴുതുന്നത്. കോളജ് കാലത്ത് വായിച്ച, റിച്ചാഡ് ബാഹിന്റെ ജോനാഥൻ ലിവിംഗ്സ്റ്റൺ സീഗളാണ് വിമാനത്തിന്റെ ആശയം മനസ്സിലുണ്ടാക്കിയത്. വിമാനമുണ്ടാക്കി പറത്തിയ സജി തോമസിന്റെ ജീവിതവും നിരീക്ഷിച്ചിരുന്നു. ജോലിയോടൊപ്പം എഴുത്തും നടന്നു. സിനിമ ഏതാണ്ട് ഉറപ്പായ ഘട്ടത്തിൽ ജോലി രാജി വച്ചു.

 

ഇനി പുറത്തുവരാനിരിക്കുന്ന സിനിമയെപ്പറ്റി പറയാമോ? അതേപോലെ എഴുത്തിലെയും ഭാവി പദ്ധതികൾ?

 

ഉണ്ണി ആറിന്റെ രചനയിൽ ഒരു സിനിമയുടെ എഴുത്ത് കഴിഞ്ഞ് പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതാണ്. സുരാജ് വെഞ്ഞാറമൂടാണ് നായക വേഷം ചെയ്യുന്നത്. ലോക്ഡൗൺ കഴിയുമ്പോൾ ഷൂട്ട് തുടങ്ങാമെന്നു വിചാരിക്കുന്നു. കോട്ടയമാണ് ലൊക്കേഷൻ. പൃഥ്വിരാജുമൊത്ത് മീറ്റർഗേജ് എന്ന ചിത്രം അനൗൺസ് ചെയ്തിരുന്നു. ഏറെ റിസേർച്ചും മുന്നൊരുക്കങ്ങളും ആവശ്യമായ പ്രൊജക്ടാണത്.  തിരുവിതാംകൂർ ഭരണകാലമാണ് കഥാ പശ്ചാത്തലം. ഇതേ പേരിൽ  ഒരു ചരിത്രനോവൽ എഴുതിക്കൊണ്ടിരിക്കുന്നു.

 

കുടുംബം

 

കോട്ടയം ജില്ലയിലെ മീനടം ഗ്രാമത്തിൽ താമസിക്കുന്നു. അച്ഛൻ: എം.ജി.മണിയൻ നായർ. അമ്മ: രാധാമണി. ഭാര്യ നിഷ കെ.ബേബി വനിതാ ശിശു വികസന വകുപ്പിൽ ഉദ്യോഗസ്ഥ. മക്കളായ അരുന്ധതി പ്രദീപ് ഏഴിലും അഭയ്ദീപ് എൻ ഒന്നിലും പഠിക്കുന്നു.

 

English Summary : Puthuvakku column written by Ajish Muraleedharan - Talk with writer Pradeep M Nair