വൈജ്ഞാനിക സാഹിത്യം, വിമർശനം, യാത്രാവിവരണം, കവിത തുടങ്ങിയവയിലായി വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലുമായി ഇതുവരെ പ്രസിദ്ധീകരിച്ചത് ആയിരത്തിലേറെ കുറിപ്പുകൾ. പതിനഞ്ചോളം പുസ്തകങ്ങൾ വേറെയും. ഡോ. ബിനീഷ് പുതുപ്പണം എന്ന യുവ അധ്യാപകന്റെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത് അവയിലെ മനോഹരമായ

വൈജ്ഞാനിക സാഹിത്യം, വിമർശനം, യാത്രാവിവരണം, കവിത തുടങ്ങിയവയിലായി വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലുമായി ഇതുവരെ പ്രസിദ്ധീകരിച്ചത് ആയിരത്തിലേറെ കുറിപ്പുകൾ. പതിനഞ്ചോളം പുസ്തകങ്ങൾ വേറെയും. ഡോ. ബിനീഷ് പുതുപ്പണം എന്ന യുവ അധ്യാപകന്റെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത് അവയിലെ മനോഹരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈജ്ഞാനിക സാഹിത്യം, വിമർശനം, യാത്രാവിവരണം, കവിത തുടങ്ങിയവയിലായി വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലുമായി ഇതുവരെ പ്രസിദ്ധീകരിച്ചത് ആയിരത്തിലേറെ കുറിപ്പുകൾ. പതിനഞ്ചോളം പുസ്തകങ്ങൾ വേറെയും. ഡോ. ബിനീഷ് പുതുപ്പണം എന്ന യുവ അധ്യാപകന്റെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത് അവയിലെ മനോഹരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈജ്ഞാനിക സാഹിത്യം, വിമർശനം, യാത്രാവിവരണം, കവിത തുടങ്ങിയവയിലായി വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലുമായി ഇതുവരെ പ്രസിദ്ധീകരിച്ചത് ആയിരത്തിലേറെ കുറിപ്പുകൾ. പതിനഞ്ചോളം പുസ്തകങ്ങൾ വേറെയും. ഡോ. ബിനീഷ് പുതുപ്പണം എന്ന യുവ അധ്യാപകന്റെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത് അവയിലെ മനോഹരമായ ഭാഷയും മൗലികമായ നിരീക്ഷണങ്ങളുമാണ്. ചെറുപ്രായത്തിൽ തന്നെ ഇന്ത്യ മുഴുവൻ നടത്തിയ ദീർഘയാത്രകളിൽ നിന്നും ആഴത്തിലുള്ള വായനയിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള നവബോധ്യങ്ങളുടെ തെളിച്ചം ബിനീഷിന്റെ എഴുത്തിന്റെ മുഖമുദ്രയാണ്. ഓർമകളിലേക്കുള്ള മടക്കമാണു ബിനീഷിന്റെ കവിതകൾ. ഉൾക്കാഴ്ചയുള്ള സഞ്ചാരിയുടെ മുദ്രപതിഞ്ഞവയാണ് ആ യാത്രാവിവരണങ്ങൾ. കൊല്ലം നിലമേൽ എൻഎസ്എസ് കോളജിൽ സംസ്കൃതം അധ്യാപകനാണ് കോഴിക്കോട് വടകര പുതുപ്പണം സ്വദേശിയായ ബിനീഷ്.

അഴിഞ്ഞുവീണതൊക്കെയും മറന്നുവച്ചതൊക്കെയും; ഓരോ മനുഷ്യന്റെയുള്ളിലും; ഓർത്തുവയ്പ്പിന്റെ; ആഴമുള്ള ചേർച്ചകളായിരിക്കാം എന്ന് ‘കടന്നുപോയാലും’ എന്ന കവിതയിൽ ബിനീഷ് എഴുതി. നമ്മൾ കണ്ടതേയില്ല പിന്നെ എന്ന കവിതയിൽ ഇങ്ങനെ എഴുതി: നമ്മൾ തിരിച്ചുവരുമ്പോൾ; ഈ റോഡില്ല; ആ പട്ടികളില്ല, ഉടുമ്പില്ല; കണ്ടതൊന്നും, അതേപടിയില്ല; ഞാൻ നിന്നെ കാത്തുനിന്ന കവല; അതേ കവലയുമല്ല. ഓർമകളുടെ വീണ്ടെടുപ്പാണോ ബിനീഷിന്റെ കവിതകൾ. ജീവിതയാത്രയിൽ നാം പിന്നിൽ വിട്ടിട്ടു പോകുന്ന പല ദൃശ്യങ്ങളും ബിനീഷിന്റെ കവിതയിൽ ഒരു റെട്രോസ്പെക്ടീവ് എന്ന പോലെ തിരിച്ചെത്തുന്നുമുണ്ട്. ധ്യാനാത്മകത ആ കവിതകളുടെ പൊതുസ്വഭാവമാണ്. കവിത വായിച്ച ശേഷവും അതേപ്പറ്റിയുള്ള ഓർമ ഏറെ നേരം മനസ്സിൽ തങ്ങിനിൽക്കുന്ന ഒരനുഭവം പകരുന്നുണ്ട് അവ.

ADVERTISEMENT

 

ഓർമകളാണല്ലോ ലോകത്തിന്റെയാകെ ചരിത്രം. അതു മനുഷ്യരുടേതു മാത്രമല്ല, സകല ജീവജാലങ്ങളെക്കുറിച്ചുമുള്ള കാത്തുവയ്പ്പാണ്. നമ്മൾ പിന്നിട്ട വഴികളെ, കടന്നു പോകുന്ന നിമിഷങ്ങളെ ഓർമകൾ കാത്തുവയ്ക്കുന്നു. ചിലതിനെ കൈവിടുന്നു. ഓർമ ബന്ധങ്ങളുടെ വേരാണ്. അത് അറ്റുപോയാൽ സകലതും തീർന്നു. ഓരോന്നിനെക്കുറിച്ചും കൂട്ടിവയ്ക്കുന്ന ചിന്തകളല്ലേ ഒരാളെ നയിക്കുന്നത്. മറ്റൊന്നു ക്ഷണികതയാണ്. ഒന്നും സ്ഥിരമല്ല എന്ന യാഥാർത്ഥ്യം. ‘ഇതും കടന്നു പോകും’ എന്ന ബീർബൽ വചനം പോലെ ഓരോന്നും കടന്നു പോകുന്നു, പുതുതായി ചിലതു വരുന്നു, അതും പോകുന്നു. ‘സ്ഥിരമായി’ എന്ന വാക്ക് നമ്മൾ എപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും സ്ഥിരത എന്നതു സങ്കൽപം മാത്രമാണ്. ‘ഈ നിമിഷത്തിൽ ജീവിക്കൂ’ എന്നു പറയും മുമ്പേ ആ നിമിഷവും പോകുന്നു. ‘നേതി - നേതി’ അഥവാ ‘ഇതല്ല - ഇതല്ല’ എന്ന തത്വം ദർശനങ്ങൾ ആവർത്തിക്കുന്നതും അതുകൊണ്ടാവാം. അസ്ഥിരമായ ഈ ലോകത്തിലെ അസ്ഥിരമായ ഒരു ദേശത്തിരുന്ന് അസ്ഥിരരായ മനുഷ്യർ തമ്മിൽ സ്ഥാപിക്കുന്ന ഓർമകളുടെ കൈമാറ്റവും ചേർച്ചയുമാണ് ഓരോരുത്തരുടെയും അസ്തിത്വമെന്നു കരുതുന്നു. ഒരുപക്ഷേ, അതുകൊണ്ടാവാം കവിതകളെല്ലാം ഓർമകളെ/ക്ഷണികതയെ എപ്പോഴും തൊടുന്നത്.

 

നിങ്ങളൊരുമിച്ചുള്ള പഠനകാലത്തെ ഒരു സംഭവം നടൻ വിജിലേഷ് എഴുതിയത് ഓർമ വരുന്നു. തിരുവള്ളൂർ എന്ന സ്ഥലത്ത് അവതരിപ്പിച്ച ഒരു മിമിക്സ് പരേഡ് ആണു രംഗം. അതിൽ മുഴുക്കുടിയന്റെ വേഷത്തിൽ പരിപാടി നിർത്തെടാ എന്നാക്രോശിച്ച് ബിനീഷ് സദസ്സിൽ നിന്നു സ്റ്റേജിലേക്കു കയറിവരുന്നതും നടനാണെന്നു തിരിച്ചറിയാതെ കാണികൾ കൈവച്ചതും ഓർക്കുന്നുണ്ടോ. തങ്ങളുടെ കൂടെയുള്ള നടനാണെന്നു വിജിലേഷ് മൈക്കിലൂടെ വിളിച്ചുപറഞ്ഞിട്ടും ആളുകൾ വിട്ടില്ല. ഒടുവിൽ വിജിലേഷ് ഇറങ്ങിച്ചെന്നു കാലുപിടിച്ചാണു മോചിപ്പിച്ചത്. അത്രമാത്രമായിരുന്നു ഒറിജിനാലിറ്റി. ആ പഠനകാലത്തെ നാടകം, സ്കിറ്റ്, മിമിക്സ് ഒക്കെ ഇപ്പോഴും മനസ്സിലുണ്ടോ? എഴുത്ത്, അധ്യാപന ജീവിതത്തിലേക്കു പൂർണമായും വഴി മാറിയപ്പോൾ അതൊക്കെ മിസ് ചെയ്യുന്നുണ്ടോ?

ADVERTISEMENT

 

ചെറുപ്പം മുതൽ നാടകങ്ങളും സ്കിറ്റുകളുമെല്ലാം ഒപ്പമുണ്ടായിരുന്നു. ഞങ്ങളുടെ നാട് നാടകങ്ങൾക്കും വിൽക്കലാമേളകൾക്കുമെല്ലാം വേണ്ടി സമയം ചെലവഴിച്ചിരുന്നു .പുതുപ്പണത്ത് ‘രാഗം മ്യൂസിക്കൽ തിയറ്റേഴ്സ്’ എന്ന വലിയ തിയറ്റർ ഗ്രൂപ്പുണ്ടായിരുന്നു. വിൽക്കലാമേളയായിരുന്നു പ്രധാനം. ഇരുപതിലധികം പേർ അഭിനയിച്ച അത്തരം പരിപാടികൾ കണ്ടും അനുഭവിച്ചുമാണു കുട്ടിക്കാലം കടന്നുപോയത്. അച്ഛനൊക്കെ ആ  ഗ്രൂപ്പിൽ സദാ ഉണ്ടായിരുന്നു. കല്ലുപാറ സ്കൂൾ എന്നറിയപ്പെടുന്ന ജവാഹർലാൽ നെഹ്റു സ്കൂളിൽ രാത്രി ഏഴു മുതൽ പരിപാടികളുടെ റിഹേഴ്സൽ നടക്കുമായിരുന്നു. ചിലപ്പോഴതു പാതിരാവരെ നീളും. ഞങ്ങൾ കുട്ടികൾ ഉറക്കം തൂങ്ങിയ കണ്ണുകളുമായി ചില ദിവസങ്ങളിൽ അതു കണ്ടു നിൽക്കും. ഇങ്ങനെ പല പ്രായങ്ങളിലുള്ള ധാരാളം പേർ ഒരുമിച്ചുകൂടിയ നാളുകളുണ്ടായിരുന്നു. കാലം അതിനെയൊക്കെ ഓർമ മാത്രമാക്കി അവശേഷിപ്പിച്ചു. സ്കൂൾ നാടകങ്ങളിലെല്ലാം സജീവമായിരുന്നെങ്കിലും ഡിഗ്രിക്കാലത്താണ് നാടകങ്ങളെ കൂടുതൽ ചേർത്തുവെച്ചത്. നാട്ടിൽ ഞങ്ങൾ ഒരേ പ്രായത്തിലുള്ള പത്തിരുപതു പേർ ചേർന്ന് ‘രാഗാഞ്ജലി’ എന്ന ക്ലബ്ബ് രൂപീകരിച്ചു. ശിവരാത്രി കാലത്ത് തൊട്ടടുത്തുള്ള ക്ഷേത്രങ്ങളിൽ കലാപരിപാടികൾ ഉണ്ടാകാറുണ്ട്. കമ്മറ്റി നടക്കുന്ന ദിവസം ഞങ്ങൾ ചെന്നു നാടകം കളിക്കാൻ അവസരം ചോദിക്കുമായിരുന്നു. അവസരങ്ങളും ആയിരമോ രണ്ടായിരമോ ചെലവു തുകയും തന്ന് അവരെല്ലാം ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. എല്ലാ വർഷവും ബിജു പുതുപ്പണത്തെക്കൊണ്ട് നിർബന്ധിച്ച് നാടകം എഴുതിക്കുകയും അത് അവതരിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം ‘യുവത’ എന്ന ക്ലബ്ബ് രൂപീകരിച്ചതോടെ തെരുവുനാടകവുമായി കണ്ണൂരും തലശ്ശേരിയും കോഴിക്കോടും മലപ്പുറവുമെല്ലാം സഞ്ചരിച്ചു. ജീപ്പ് വിളിച്ചാണ് പോകുക. നാടകമവതരിപ്പിക്കുമ്പോൾ രണ്ടുപേർ ബക്കറ്റുമായി പിരിവു നടത്തും. ആ പൈസയാണ് ജീപ്പിനു നൽകിയത്. കോളജിലെത്തിയതോടെ നാടകം ചാകരയായി. മലയാളം, സംസ്കൃതം, ഇംഗ്ലിഷ് തുടങ്ങി പല ഭാഷകളിൽ യൂണിവേഴ്സിറ്റി കലോത്സവങ്ങൾക്കായി നാടകങ്ങൾ ചെയ്തു. സംസ്കൃത നാടകാചാര്യനും സാഹിത്യവിഭാഗം അധ്യാപകനുമായ എം.കെ.സുരേഷ് ബാബു മാഷായിരുന്നു നാടകങ്ങളുടെ സൂത്രധാരൻ. നാടകത്തെ ജീവനായിക്കൊണ്ടു നടന്ന അദ്ദേഹം ഞങ്ങൾക്ക് പല വഴികളെ പരിചയപ്പെടുത്തി തന്നു. സജയ് മാഷും പ്രദീപൻ മാഷും നാരായണൻ മാഷുമെല്ലാം ഒപ്പമുണ്ടാകും. മിക്ക നാടകങ്ങളിലും ഞങ്ങൾ മൂന്നു പേരായിരുന്നു (വിജിലേഷും രജീഷും) പ്രധാന കഥാപാത്രങ്ങൾ. സൗത്ത് സോണിലും ദേശീയ നാടകോത്സവങ്ങളിലുമെല്ലാം പങ്കെടുക്കാനായി. ഒരുവർഷം കേരള സംഗീത നാടക അക്കാദമിയുടെ ഏറ്റവും നല്ല നാടക പുരസ്കാരം ഞങ്ങൾ അവതരിപ്പിച്ച ‘ഗുജറാത്ത്’ എന്ന നാടകത്തിനു ലഭിച്ചു. പിന്നീട് ഡോ.പ്രദീപൻ പാമ്പിരിക്കുന്ന് മാഷ് രചിച്ച ‘ഉടൽ’ എന്ന നാടകം സുരേഷ് മാഷിന്റെ സംവിധാനത്തിൽ സുഹൃത്ത് ലത്തീഫുമായി ചേർന്നു കുറെ സ്ഥലങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. വീട്ടുമുറ്റങ്ങളും ഉത്സവപ്പറമ്പുകളുമെല്ലാം വേദികളായിരുന്നു. ആയിടയ്ക്കാണ് ഞങ്ങൾ കുറച്ചു പേർ ചേർന്ന് ‘ജോക്സ് വോയ്സ്’ എന്ന മിമിക്സ് ട്രൂപ്പിന് രൂപം കൊടുക്കുന്നത്. സീസണിൽ ഒരുപാടു വേദികൾ കിട്ടി. എന്നാൽ സാമ്പത്തികം കനത്ത പരാജയവുമായിരുന്നു. തലേദിവസത്തെ പ്രോഗ്രാം കഴിഞ്ഞ് പുലർച്ചെ കോളജിലെത്തും. കുളിയും വസ്ത്രം മാറലുമെല്ലാം കോളജിൽ നിന്നാണ്. പ്രോഗ്രാമിനു ലഭിച്ച തുക രാവിലത്തെ ആഹാരത്തിനേ തികയുമായിരുന്നുള്ളൂ. എങ്കിലും രസകരമായി ഞങ്ങൾ സഞ്ചരിച്ചു. മുഴുക്കുടിയനായി ആളുകൾക്കിടയിൽ നിന്ന് സ്റ്റേജിലേക്ക് കയറി വരുന്ന ഒരു രംഗമുണ്ട്. അതു ചെയ്തപ്പോൾ കുടിയനെന്ന് തെറ്റിദ്ധരിച്ച് എന്നെ പിടിച്ചു മാറ്റി. വീണ്ടും മുന്നോട്ടു നടന്നപ്പോൾ ഒരടി മുഖത്തു കിട്ടി. അപ്പോഴാണ് വിജിലേഷ് ഇടപ്പെട്ട് രക്ഷിച്ചത്. പക്ഷേ, അതെല്ലാം മറന്ന് അന്നത്തെ പരിപാടികൾ നല്ല രീതിയിൽ അവസാനിച്ചു. അടിച്ച ആൾ വന്നു കെട്ടിപ്പിടിച്ച് മുത്തം തന്നു. ഇങ്ങനെ ഒരുപാട് അനുഭവങ്ങളിലൂടെയാണ് ആ കാലം പോയത്. പിന്നീട് എന്തുകൊണ്ടോ ശ്രദ്ധ വായനയിലേക്കും എഴുത്തിലേക്കും മാത്രമായി വഴിമാറി. അതിനുശേഷവും അഭിനയിക്കാനായി പല സുഹൃത്തുക്കളും വിളിച്ചെങ്കിലും എന്തോ മനസ് പിന്നാക്കം നടന്നു. എങ്കിലും ഇടയ്ക്കിടെ ആ കാലം വന്നു മനസ്സിൽ മുട്ടാറുണ്ട്.

 

ആവിക്കപ്പലും യൂറോപ്യൻ നവോത്ഥാനവും ദൈവദശകവുമായി ബന്ധപ്പെടുത്തി ബിനീഷ് എഴുതിയ ‘ആവിക്കപ്പലിൽ എത്തിയ ദൈവവും വിമോചിതരായ ജനതയും’ എന്ന നിരൂപണം ഏറെ ശ്രദ്ധേയമായിരുന്നു. അത്തരത്തിലൊരു വായന ആദ്യമായിട്ടായിരുന്നു. ഇതുകൂടാതെ, മലയാളത്തിലെ മറ്റേതൊക്കെ കൃതികളിൽ ഇത്തരം പരാമർശങ്ങളും സ്വാധീനങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒന്നോ രണ്ടോ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാമോ?

ADVERTISEMENT

 

നാരായണ ഗുരുവിനെക്കുറിച്ച് ഒട്ടുമിക്ക ഭാഷകളിലും എണ്ണിയാലൊടുങ്ങാത്ത പഠനങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പഠിച്ചു തീരാത്ത പാഠ പുസ്തകമാണു ഗുരു. നവോത്ഥാന നായകനും സാമൂഹിക പരിഷ്ക്കർത്താവും സന്യാസിയുമായി മാത്രം ഗുരുവിനെ ഒതുക്കി നിർത്താനാണു നമുക്കു താൽപര്യം. ഗുരു എന്ന കവിയെയോ ആധുനികതയുടെ ശക്തനായ വക്താവിനെയോ കുറിച്ചു പറയാൻ എന്തുകൊണ്ടോ പലർക്കും മടിയാണ്. മലയാളം - തമിഴ് - സംസ്കൃതം എന്നീ മൂന്നു ഭാഷകളിലും മനോഹരമായ കവിതകളെഴുതിയ ഗുരു ഒരു കാവ്യപ്രസ്ഥാനത്തിലും ഇടം പിടിച്ചില്ല എന്നതാണു സത്യം. ദാർശനികതയും വിമർശവുമെല്ലാമിടകലർന്ന ഉത്തരാധുനിക കാവ്യ തത്വങ്ങൾ പോലും കണ്ടെത്താനാവുന്ന രചനകളാണ് ഗുരുവിന്റേത്. അത്തരമൊരു വായനയാണ് ‘ദൈവദശക’ത്തെ മുൻനിർത്തി നടത്തിയത്. മലയാളം വാരികയിൽ അതു പ്രസിദ്ധീകരിച്ചതിനു ശേഷം ശിവഗിരിമഠമടങ്ങുന്ന മഠങ്ങളിൽ നിന്നും ഫോൺകോളുകൾ വന്നു. സച്ചിദാനന്ദ സ്വാമി വിളിച്ച് ദീർഘനേരം സംസാരിക്കുകയും ശിവഗിരി മഠത്തിനു പ്രസിദ്ധീകരിക്കാനായി ‘ദൈവദശകം’ മുഴുവനായി ആധുനികരീതിയിൽ വ്യാഖ്യാനിച്ചു തരാമോ എന്നു ചോദിക്കുകയും ചെയ്തു. ഇത്തരത്തിൽ നല്ല പ്രതികരണങ്ങളാണ് കൂടുതലും വന്നത്. എന്നാൽ ഏറെ പ്രയാസമുണ്ടാക്കുന്ന തരത്തിലുള്ള അസഭ്യങ്ങൾ ‘അജ്ഞാത കോളുകളായി’ വന്നു. ആ അജ്ഞാതർ ആരാണെന്ന നല്ല ബോധ്യമുള്ളതിനാൽ അതിനെ ഗൗരവമായി കണ്ടില്ല. ‘ദൈവദശക’ത്തിൽ മാത്രമല്ല, ഗുരുവിന്റെ തന്നെ ‘സുബ്രഹ്മണ്യ കീർത്തന’ത്തിൽ ‘റെയിൽ’, ‘ജയിൽ’ എന്നീ കോളനി ആധുനികതയിൽ വന്നു ചേർന്ന പദങ്ങൾ കാണാം. ചട്ടമ്പിസ്വാമികളെ നോക്കൂ, എത്ര ആധുനികനായാണ് അദ്ദേഹം ഇടപെട്ടത്. ഭാഷയെ സംബന്ധിക്കുന്ന, കേരളോത്പത്തിയെ സംബന്ധിക്കുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ എത്ര ശാസ്ത്രീയമാണ്. പൊയ്കയിലപ്പച്ചൻ ശക്തനായ കവിയായിരുന്നെന്ന് ഇപ്പഴല്ലേ പലരും തിരിച്ചറിയുന്നത്. ഇതുപോലെ നമ്മുടെ കാഴ്ചകളിലുണ്ടായിട്ടും പഠനങ്ങളും ജീവചരിത്രങ്ങളുമുണ്ടായിട്ടും വേണ്ടവിധം പഠിക്കപ്പെടാതെ പോയവർ ഇനിയുമേറെയുണ്ടാവാം. അവരുടെ ജീവിതവും കൃതികളും പുനർവായനകൾക്ക് വിധേയമാകട്ടെ.

 

ബിനീഷ് പുതുപ്പണം എന്ന എഴുത്തുകാരനെ, വായനക്കാരനെ, മനുഷ്യനെ രൂപപ്പെടുത്തുന്നതിൽ കാലടി സംസ്കൃത സർവകലാശാലയും അവിടുത്തെ ജൈവിക, സർഗാത്മക ജീവിതവും എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളത്തിലെ സമാനമായ മറ്റിടങ്ങളിൽ നിന്ന് അതെത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു?

 

എന്റെ കൗമാരവും യൗവനത്തിന്റെ പകുതിയും ചെലവഴിച്ചത് സംസ്കൃത സർവകലാശാലയ്ക്കുള്ളിലാണ്. വിദ്യാർത്ഥിയായും ഗവേഷകനായും ഗെസ്റ്റ് അധ്യാപകനായും പതിനാലുവർഷക്കാലം പലവേഷങ്ങളിൽ അവിടെ നിലകൊണ്ടു. എന്നെപ്പോലെ ഒട്ടേറെപ്പേർ. ഹോസ്റ്റലിൽ വർഷങ്ങൾ കിടന്ന കട്ടിൽ പിരിയാൻ വിഷമിച്ച് ഒരു രാത്രി ലോറി വിളിച്ചു വന്ന് അതു വീട്ടിലേക്ക് കട്ടുകൊണ്ടുപോയ സുഹൃത്തും ആ കൂട്ടത്തിലുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ അന്തരങ്ങളില്ല എന്നതാണു പ്രധാനം. സമരത്തിനിറങ്ങുമ്പോൾ മുഷ്ടിചുരുട്ടി അധ്യാപകർ മുന്നിലിറങ്ങിയിട്ടുണ്ടാവും. സർവകലാശാല കണ്ട എക്കാലത്തെയും സമരങ്ങളെല്ലാം അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചു നടത്തിയതാണ്. ക്യാംപസിനകത്തു മാത്രമല്ല, പൊതുവിഷയങ്ങളിൽ തെരുവും സമരകേന്ദ്രങ്ങളായിരുന്നു. ലൈബ്രറി സമയവുമായി ബന്ധപ്പെട്ട പ്രശ്നം വന്നപ്പോൾ രാപകൽ ‘വായനാസമരം’ നടത്തിയാണ് അതു നേരിട്ടത്. ഉറങ്ങാതെ ലൈബ്രറിയിലിരുന്നു നേരം വെളുക്കും വരെ പുസ്തകങ്ങൾ വായിച്ച ചരിത്രങ്ങൾ. സർഗാത്മകതയുടെ വെളിച്ചമായിരുന്നു ആ ക്യാംപസ് നിറയെ. എഴുത്തും വായനയും പ്രതിഷേധങ്ങളും പ്രതിരോധങ്ങളുമായി മുന്നേറിയ നാളുകൾ. ആയിടയ്ക്ക് ‘വിമർശനാത്മക പഠനസംഘം’ എന്ന അധ്യാപക- ഗവേഷക കമ്മറ്റി രൂപീകരിച്ചു. സുനിൽ പി. ഇളയിടം മാഷ് ചെയർമാനും ഞാൻ കൺവീനറുമായിരുന്നു. മാസത്തിൽ ഒരു പ്രബന്ധം അവതരിപ്പിക്കുകയും അതിനെ മുൻനിർത്തി ചർച്ചകൾ വികസിപ്പിക്കുകയും അതു പൊതുധാരയിലെത്തിക്കുകയുമായിരുന്നു ലക്ഷ്യം. അവതരണത്തിനു മുമ്പ് ഒരു റിവ്യൂ കമ്മിറ്റി കൂടുകയും പ്രബന്ധം പരിശോധിക്കുകയും വേണ്ട തിരുത്തലുകൾ നടത്തുകയും ചെയ്യുമായിരുന്നു. ഇങ്ങനെ ഏറെ ഗൗരവമായ പ്രവൃത്തിയായാണ് അതിനെ കണ്ടത്. അനേകം മികച്ച പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുകയും അതു വലിയ പുസ്തകമായി പിന്നീട് പുറത്തിറങ്ങുകയും ചെയ്തു. ഇങ്ങനെ കലയ്ക്കും സാഹിത്യത്തിനും സമരത്തിനുമൊപ്പം ധൈഷണികമായ പ്രവർത്തനത്തിന് കൂടി ഇടമുള്ള ക്യാംപസാണ്. പുറത്ത് എവിടെയെങ്കിലും മനുഷ്യത്വരഹിതമായ അനീതി നടന്നാൽ ആ നിമിഷം സർവകലാശാല ഒന്നടങ്കം പ്രതിഷേധിക്കും. അതിന്റെ പേരിൽ അവിടെയുള്ള അധ്യാപകരും ഗവേഷകരും വേട്ടയാടപ്പെട്ടതു കുറച്ചല്ല. പകലും രാത്രിയും പാതിരാത്രിയുമെല്ലാം ഒരു പോലെയായിരുന്നു അവിടെ. ആഴ്ചയിൽ ആരുടെയെങ്കിലും ഒരു പുസ്തകമെങ്കിലും അവിടെ നിന്നിറങ്ങിയിരിക്കും. ചർച്ചകൾ, സെമിനാറുകൾ, ഫിലിം ക്ലബ്ബുകൾ, പരിസ്ഥിതി കൂട്ടായ്മകൾ, ക്യാംപുകൾ. ഇങ്ങനെ നിരന്തരം ചലിക്കുന്ന, നിരന്തരം സർഗാത്മകമാകുന്ന ക്യാംപസ് എന്ന നിലയിലും സംസ്കൃത സർവകലാശാല വേറിട്ടു നിൽക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.

 

സമകാലീന മലയാള സാഹിത്യത്തിൽ പുതുകാലത്തിന്റെ അടയാളപ്പെടുത്തലുകൾ എത്രമാത്രമുണ്ട്. പോസ്റ്റ് ട്രൂത്തും തീവ്രവലതുപക്ഷ രാഷ്ട്രീയവും ഫാഷിസ്റ്റ്‌വത്കരണ സൂചനകളും നവ ആഗോളീകരണവും ഡിജിറ്റൽ ജീവിതവുമൊക്കെ എത്രമാത്രം നമ്മുടെ എഴുത്തുകാരെ ഉലയ്ക്കുന്നുണ്ട്? എഴുത്തിൽ വരുന്നുണ്ട്?

 

ഇരുണ്ട കാലത്ത് കവിതയുണ്ടാകുമോ? ഉണ്ടാകും. ‘ഇരുണ്ട കാലത്തിന്റെ കവിത’ എന്ന ബ്രഹ്തിന്റെ വരികൾ നമ്മൾ ചില വേളകളിൽ ഓർക്കാറുണ്ടല്ലോ. ഏതു ദുരിത കാലത്തും സാഹിത്യവും കലയും മനുഷ്യന് അതിജീവനത്തിന്റെ ഉപാധികളാണ്. അടിയന്തരാവസ്ഥാ കാലത്ത് പ്രതിരോധ സന്നദ്ധമായ എത്ര രചനകൾ വന്നു. തടവറക്കവിതകൾ വരെ പുറത്തിറങ്ങി.എന്നാൽ മൗനം പാലിച്ച, ഭരണകൂടത്തോട് കൂറുപുലർത്തുന്ന എഴുത്തുകാരും കലാകാരന്മാരും അന്നുണ്ടായിരുന്നല്ലോ. ഈ ദ്വന്ദം എക്കാലവും തുടരും. സത്യാനന്തര കാലത്ത് കള്ളങ്ങൾ കൊണ്ടു ലോകം പണിയുന്നവർക്കൊപ്പം നിൽക്കുന്നവരും എതിർക്കുന്നവരുമുണ്ട്. സോഷ്യൽ മീഡിയയെ പബ്ലിസിറ്റി മാത്രമായി കാണുന്നവരും ഗൗരവമുള്ള എഴുത്തിടമായി കാണുന്നവരുമുണ്ട്. എന്നാൽ മറ്റൊരുവശം എഴുത്തിലെ സ്വാതന്ത്ര്യങ്ങൾക്ക് പഴയതിനേക്കാൾ കൂച്ചുവിലങ്ങ് വീഴുന്നുണ്ട് എന്നതാണ്. സച്ചിദാനന്ദൻ മാഷിന്റെയും അമലിന്റെയുമെല്ലാം എഫ്ബി എക്കൗണ്ടുകൾ മരവിപ്പിച്ചത് നമ്മൾ കണ്ടതാണ്. എങ്കിലും സമകാലിക എഴുത്തുകൾ പ്രതിരോധമെന്ന നിലയിലും ചരിത്രദൗത്യം എന്ന നിലയിലും  തുടരുന്നുണ്ട്. അത് പ്രതീക്ഷ നൽകുന്നതുമാണ്.

 

ബിനീഷിലെ അധ്യാപകനെ രൂപപ്പെടുത്തിയത് വിക്ടറി ട്യൂട്ടോറിയൽ കാലമാണെന്ന് എഴുതിയതു വായിച്ചിട്ടുണ്ട്. ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനം അധ്യാപനത്തിന്റെ ഉൾക്കാഴ്ചകൾ പകർന്നുനൽകിയതെങ്ങനെയായിരുന്നു? പിന്നീടുള്ള അധ്യാപന ജീവിതത്തിൽ ആ അറിവുകൾ എങ്ങനെയൊക്കെ പ്രയോജനപ്പെട്ടിട്ടുണ്ട്. 

 

എന്റെ ജീവിതത്തിന്റെ സർവകലാശാല വിക്ടറി ട്യൂട്ടോറിയലാണ്. എംഎയ്ക്ക് പഠിക്കുമ്പോഴാണ് അവിടെ ക്ലാസ് എടുത്തു തുടങ്ങുന്നത്. അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന സമാന്തര സ്ഥാപനം. അഞ്ചാം ക്ലാസു മുതൽ പത്തുവരെയുള്ള ഗോയിങ് ക്ലാസുകളായിരുന്നു. ശനിയും ഞായറുമൊഴിച്ച് ബാക്കി ദിവസങ്ങളിലെല്ലാം രാവിലെയും വൈകിട്ടും മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. അധ്യാപകരായി ഞങ്ങൾ പലപ്രായങ്ങളിലുള്ള മുപ്പതിലധികം പേരുണ്ടായിരുന്നു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ആഹാരം ട്യൂട്ടോറിയലിനു തൊട്ടു താഴെയുള്ള കന്റീനിൽ നിന്നായിരുന്നു. വീടുകൾ അടുത്തായിട്ടും പാതിരാവിൽ മാത്രമേ ഞങ്ങൾ അവിടേക്ക് എത്തിയിരുന്നുള്ളൂ. അതുവരെ വായന, സിനിമ, കവിതകൾ, തർക്കങ്ങൾ. അങ്ങനെ സമയം നീളും. ചിലർ പിഎസ്സിക്കു പഠിക്കും. ഏപ്രിൽ - മേയ് മാസങ്ങളിൽ പോസ്റ്റർ ഒട്ടിക്കലാണ് പ്രധാന പണി. നേരം വെളുക്കും വരെ പലയിടങ്ങളിലായി ട്യൂട്ടോറിയലിനറെ പോസ്റ്റർ, ബോർഡുകൾ, ബാനറുകൾ എന്നിവയുമേന്തി പല ഗ്രൂപ്പുകളായി തിരിഞ്ഞു പ്രചാരണം നടത്തും. നേരം പുലരുമ്പോഴേക്കും എല്ലാവരും ഒരുമിക്കും. ഒരാളുടെ ദുഃഖം എല്ലാവരുടേതുമായിരുന്നു, സന്തോഷവും. വീടുപണിയോ വിവാഹമോ മരണമോ എന്തുമാകട്ടെ എല്ലാവരും ഒരുമിച്ചെത്തും. എല്ലാ സഹായങ്ങളുമായി ഒപ്പം നിൽക്കും. അങ്ങനെ അറിവും സ്നേഹവും സംഘാടനവും യാത്രകളുമെല്ലാം ചേർന്ന ചേർച്ചകളായിരുന്നു ഞങ്ങളുടേത്. പൊട്ടിച്ചിരികൾ നിറഞ്ഞ എത്രയോ രാപകലുകൾ. എന്നിലെ അധ്യാപകനെ വാർത്തെടുക്കുന്നതിൽ വിക്ടറി വഹിച്ച പങ്ക് ചെറുതല്ല.

 

ബിനീഷിനെ വിസ്മയിപ്പിച്ചിട്ടുള്ള വായനക്കാരൻ/വായനക്കാരി ആരാണ്? എന്തായിരുന്നു ആ അനുഭവം?

 

ഒരുപാടു പേരുണ്ട്. വായന എന്നു കേൾക്കുമ്പോൾ നാടകകൃത്തും അധ്യാപകനുമായ  എൻ. ശശിധരൻ മാഷിനെ ഓർമ വരും. അദ്ദേഹം  ലോകസാഹിത്യത്തെ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ആരായാലും ഒന്നതിശയിക്കും. മറ്റൊന്ന് തിരക്കഥാകൃത്ത് ബിബിൻ ചന്ദ്രനാണ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിനാണ് ആദ്യമായി ഞങ്ങൾ കാണുന്നത്. പരിചയപ്പെട്ട ഉടനെ തന്നെ അദ്ദേഹം പലപുസ്തകങ്ങൾക്കൊപ്പം എന്റെ പുസ്തകങ്ങളുടെയും പേര് പറഞ്ഞു. ആദ്യമായിട്ടായിരുന്നു അങ്ങിനെയൊരു അനുഭവം.അവിടെ എത്തിയ ഓരോരുത്തരുടെയും പുസ്തകങ്ങൾ ബിബിൻ ചന്ദ്രന് മനഃപ്പാഠമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വീട്ടുലൈബ്രറിയുടെ ചിത്രം കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടിട്ടുണ്ട്.

 

ഇന്ത്യയെമ്പാടും യാത്ര ചെയ്തിട്ടുണ്ടല്ലോ. ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു യാത്രാനുഭവം പങ്കുവയ്ക്കാമോ?

 

പല സമയമങ്ങളിലായി യാത്രകൾ തനിച്ചും അല്ലാതെയും ചെയ്തിട്ടുണ്ട്. പലപ്പോഴും എന്തോ തേടിയാണു പോയിട്ടുള്ളത് .എന്താണെന്ന് അന്നുമറിയില്ല, ഇപ്പഴുമറിയില്ല. പല ആശ്രമങ്ങളിലും താമസിച്ചു. എവിടെയും സ്ഥിരമായി നിന്നില്ല. പ്രധാനപ്പെട്ടൊരു ആശ്രമത്തിലെ സ്വാമിക്ക് ഒരിക്കൽ ദീർഘമായ കത്തെഴുതി. സ്വാമി വരാൻ പറഞ്ഞു. എട്ടു ദിവസം അവിടെ താമസിച്ച് ഒൻപതാം ദിവസം രാവിലെ ബാഗും തൂക്കി  പുറത്തിറങ്ങി. കണ്ടെങ്കിലും പോകുകയാണോ എന്നു സ്വാമി ചോദിച്ചില്ല. പോകുകയാണെന്നു ഞാൻ പറഞ്ഞതുമില്ല. ഞങ്ങൾ പരസ്പരം പുഞ്ചിരിക്കുക മാത്രം ചെയ്തു. അതു നല്ലൊരനുഭവമായിരുന്നു. പിന്നീട് കാശിയും ഹരിദ്വാറും ഋഷികേശും ബദരി - ഹിമാലയങ്ങളെല്ലാമലഞ്ഞു. ഒന്നും കിട്ടിയില്ല. തേടിയതൊന്നും കണ്ടില്ല. വിഗ്രഹങ്ങളും ആരാധനകളും ചില സന്യാസിമാരുടെ കപടതകളും മാത്രം കണ്ടു. യഥാർത്ഥത്തിൽ ആത്മീയതയ്ക്കും ഭൗതികതയ്ക്കുമിടയിൽ സ്തംഭിച്ചു പോയ ജീവിതമായിരുന്നു എന്റേത്. രണ്ടിലും പരിപൂർണമായും എത്തിപ്പെട്ടില്ല.

ഒരിക്കലും മറക്കാനാവാത്ത അനുഭവം ജാർഖണ്ഡിലെ സിദോ കാനു മുർമു മേഖലയിലെ പത്തു ദിവസത്തെ താമസമാണ്. മലയാളം മാത്രം കുഴപ്പമില്ലാതെ പറയാനറിയുന്ന എനിക്ക് അവിടെയുള്ള പ്രായം ചെന്നവരെ ഹിന്ദിയിലും ഇംഗ്ലിഷിലും പേരഴുതാൻ പഠിപ്പിക്കുകയായിരുന്നു പ്രധാന ജോലി. ഈ രണ്ടു ഭാഷയും നല്ല രീതിയിൽ കൈകാര്യം ചെയ്യാനറിയാത്ത എനിക്ക് അതൊരു വലിയ അനുഭവമായിരുന്നു. തലേദിവസം അവരുടെ പേരുകൾ അറിഞ്ഞു വയ്ക്കുകയും രാത്രി എഴുതിപ്പഠിക്കുകയും പിറ്റേന്ന് പഠിപ്പിക്കുകയും ചെയ്തു. ഒപ്പം സഹായത്തിനുണ്ടായിരുന്ന സൊനാലാൽ മുർമുവിനെ ഓർക്കുന്നു; അവന്റെ മനോഹരമായ സാന്താലി ഗാനത്തെയും. വീട്ടിലേക്കു വിളിക്കാൻ നിർവാഹമില്ലാത്തതിനാൽ ടെലിഫോൺ ബൂത്ത് തേടി പോകേണ്ടി വന്നു. ക്യാംപിൽ വച്ചു പരിചയപ്പെട്ട ഭാരതി പഥക് എന്ന പെൺകുട്ടി സൈക്കിൾ റിക്ഷയിൽ എന്നെ ബൂത്തിലേക്കു നയിച്ചു. പച്ചക്കുന്നുകൾക്കിടയിലെ വഴിയിൽ പൂത്തുലഞ്ഞ പൂച്ചവാലൻ ചെടികളെ വകഞ്ഞുമാറ്റി റിക്ഷ സഞ്ചരിച്ചു. സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നു തിരിച്ചറിയാനാകാതെ ഇരുന്നത് ഓർക്കുന്നു. പിന്നീട് മാസങ്ങൾക്കു ശേഷം അവളുടെ കത്ത് എന്നെത്തേടി വന്നു. ഹിന്ദിയാണോ സാന്താലിയാണോ മറ്റേതെങ്കിലും പ്രാദേശിക ഭാഷയാണോ എന്ന് മനസിലായില്ല. അതിലെ ഹിന്ദി അക്ഷരങ്ങൾ ചേർത്ത് കൂട്ടി ചില അർത്ഥങ്ങൾ മാത്രം തിരിച്ചറിയാനായി. വർഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇന്നും ആ കത്ത് ഞാൻ നന്നായി സൂക്ഷിക്കുന്നു.

 

സമകാലീന എഴുത്തുകാരിൽ ബിനീഷ് ഹൃദയം നൽകിയിരിക്കുന്നത് ആർക്കൊക്കെയാണ്? അവരുടെ എഴുത്തിന്റെ സവിശേഷതകളെന്തെല്ലാമാണ്?

 

അതൊരു കുഴക്കുന്ന ചോദ്യമാണ്. ധാരാളം പേരുണ്ട്. ഒരാളുടെ പേരു വിട്ടു പോയാൽ ഇഷ്ടപ്പെടുന്ന മറ്റെഴുത്തുകളെ കാണാതെ പോകലാവും. പുതുകാലത്തെ ഒട്ടുമിക്ക എഴുത്തുകാരുടെയും പുസ്തകങ്ങൾ ആർത്തിയോടെ വായിച്ചിട്ടുണ്ട്. അതിൽ വിസ്മയിപ്പിച്ചവരുമുണ്ട്.

 

ഈയടുത്തു വായിച്ചവയിൽ ഏറ്റവും ഇഷ്ടമായ അല്ലെങ്കിൽ ഞെട്ടിച്ച ഒരു പുസ്തകം? എഴുത്ത്?

 

വീണ്ടും കുഴക്കുന്ന ചോദ്യം തന്നെ. എങ്കിലും പറയാം. വായിച്ച നാൾ തൊട്ട് എന്റെ ഹൃദയത്തിനൊപ്പം നിൽക്കുന്ന പുസ്തകം കസൻസ്ദ് സാക്കിസിന്റെ ‘സെയ്ന്റ് ഫ്രാൻസി’സാണ്. അതു പുറത്തിറങ്ങിയിട്ട് എത്രയോ വർഷങ്ങളായി. വായിച്ചതും ഏറെ മുമ്പാണ്. പക്ഷേ, ഇപ്പോഴും അതെന്നെ ഉലയ്ക്കുന്നു. ബഷീറിന്റെ കൃതികളും വായിച്ചാലും വായിച്ചാലും മതിയാവാറില്ല. ഓൺലൈൻ എഴുത്തുകളിൽ അജയ് പി. മങ്ങാട്ടിന്റെ ‘എഴുത്തുമേശ’ എന്ന കോളം പിന്തുടർന്നു വായിക്കാറുണ്ട്.

 

കൈതക്കാട്ടിലെ കവിതയിൽ നിന്ന് പൊടുന്നനെ അവർ എന്ന 15–ാം പുസ്തകത്തിലെത്തി നിൽക്കുന്നു ബിനീഷിന്റെ സർഗ്ഗജീവിതം. ഇവ കൂടാതെ പുസ്തകരൂപത്തിലാകാത്ത ഒട്ടേറെ ഓൺലൈൻ എഴുത്തുകളും. ഇവയിൽ ഹ‍ൃദയത്തോട് എറ്റവും അടുത്തു നിൽക്കുന്ന പുസ്തകമേതാണ്? അല്ലെങ്കിൽ സൃഷ്ടിയേതാണ്? ആ ഇഷ്ടത്തിനുള്ള കാരണവും വിശദമായി പങ്കുവയ്ക്കാമോ?

 

സ്കൂൾ ഘട്ടം മുതൽ ചെറുതായി എഴുതിത്തുടങ്ങിയിരുന്നു. മാതൃഭൂമി ബാലപംക്തിയിലായിരുന്നു പ്രസിദ്ധീകരിച്ച ആദ്യ എഴുത്ത്. ഗവേഷകനായിരുന്ന കാലത്ത് ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെയായി ധാരാളം എഴുതിക്കൂട്ടി. ആ കാലത്ത് ദേശാഭിമാനി വാരാന്തപ്പതിപ്പിൽ നാടകങ്ങളെക്കുറിച്ചും ചന്ദ്രികയിൽ ചിത്രകലയെക്കുറിച്ചും വർത്തമാനം പത്രത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ചും പ്രവാസി രിസാലയിൽ സമകാലിക സാഹിത്യത്തെക്കുറിച്ചും രണ്ട് വർഷം കോളങ്ങൾ ചെയ്തു. ഒരാഴ്ച തന്നെ മൂന്നു കോളങ്ങൾ എഴുതുക എന്നതിൽ പ്രയാസമുണ്ടായെങ്കിലും വിദ്യാർത്ഥി എന്ന നിലയിൽ ആസ്വദിച്ച് അതു ചെയ്തു. അങ്ങനെ പ്രസിദ്ധീകരിച്ച കുറിപ്പുകളടക്കം ആയിരത്തിലധികം എഴുത്തുകൾ പുസ്തക രൂപത്തിലാക്കാതെ മാറ്റി വച്ചിട്ടുണ്ട്. അതൊന്നും പുസ്തകമാക്കാൻ വേണ്ടിയുള്ള എഴുത്തുകളുമായിരുന്നില്ല. എഴുത്തുകാർ അച്ചടിച്ചു വരുന്നതെല്ലാം പുസ്തകമാക്കിയാൽ അത് ഉപദ്രവമാകുമെന്ന് വിശ്വസിക്കാനാണിഷ്ടം. ഡിസി ബുക്സ് ചെയ്ത പുസ്തകങ്ങളൊഴിച്ച് ബാക്കിയെല്ലാം ആവശ്യപ്പെട്ട പ്രസാധകർക്കു മാത്രമാണ് നൽകിയത്. പ്രസിദ്ധീകരിക്കപ്പെട്ട പതിനഞ്ചു പുസ്തകങ്ങളിൽ പണം കൊടുത്ത് ഒരു പുസ്തകവും ചെയ്തിട്ടില്ല. അതിൽ പലരും പറ്റാവുന്ന രീതിയിൽ റോയൽറ്റിയും തന്നു. ഏറ്റവും ഇഷ്ടപുസ്തകമെന്നത് ആദ്യ കാവ്യപുസ്തകമായ ‘കൈതക്കാട്ടിലെ കവിത’യാണ്. അതിനു കാരണവുമുണ്ട്. ഡിഗ്രി രണ്ടാം വർഷത്തിനു പഠിക്കുമ്പോൾ ക്യാംപസിലെ അധ്യാപക- ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ‘ഹാർട്ട്’ എന്റെ പുസ്തകമിറക്കാൻ തീരുമാനിച്ചു. എഴുപതു കവിതകൾ തിരഞ്ഞെടുത്ത് അവർ പ്രസിനു നൽകി. വായനക്കാരുടെ ഭാഗ്യവും എന്റെ നിർഭാഗ്യവുമെന്നു പറയട്ടെ ആ പ്രസ് ഷിഫ്റ്റ് ചെയ്യുന്നതിനിടയിൽ  അതു നഷ്ടപ്പെടുകയും കവിതകൾ അപ്രത്യക്ഷമാകുകയും ചെയ്തു. കവിത എഴുതിയ നോട്ടുപുസ്തകം അതേപടി അധ്യാപകരെ ഏൽപ്പിക്കുകയാണ് ചെയ്തത്. അതിനാൽ ഒരു കവിത പോലും മറ്റൊരിടത്ത് സൂക്ഷിച്ചിരുന്നില്ല. ആ നോട്ടുപുസ്തകവും എന്റെ വലിയ സ്വപ്നവും ഇല്ലാതായതോടെ കവിത എഴുതാതായി. പിന്നീട് പിജി കാലത്താണ് എഴുത്ത് തുടരുന്നത്. വാരികകളിൽ നിരന്തരമായി എഴുതി. അങ്ങനെയാണ് മാതൃഭൂമിയിൽ ‘കൈതക്കാട്ടിലെ കവിത’ വരുന്നത്. അതിന്റെ തൊട്ടടുത്ത ആഴ്ച ആ കവിതയെ മുൻനിർത്തി നോവലിസ്റ്റ് സുസ്മേഷ് ചന്ത്രോത്തിന്റെ കത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. മാധ്യമം ആഴ്ചപ്പതിപ്പിൽ എസ്.ജോസഫ് മാഷും ദീർഘമായി ആ കവിതയെക്കുറിച്ച് എഴുതി. എനിക്കു ലഭിച്ച വലിയ ഊർജമായിരുന്നു അത്. കവിതകളെല്ലാം ചേർത്ത് ഡിസി ബുക്സിനയച്ചപ്പോൾ പ്രസിദ്ധീകരണത്തിനു തിരഞ്ഞെടുത്തതായി അറിയിപ്പു കിട്ടി. സജയ് കെ.വി. മാഷിന്റെ അവതാരികയിൽ പുറത്തിറങ്ങിയ പുസ്തക പ്രകാശന ചടങ്ങും ഇരട്ടിമധുരമായിരുന്നു. മലയാളത്തിന്റെ പ്രിയ കവികളായ ഒഎൻ.വി കുറുപ്പ് സാറും സുഗതകുമാരി ടീച്ചറും ചേർന്നായിരുന്നു പ്രകാശനം. സ്വപ്നം കണ്ട ആദ്യ എഴുത്തും എന്റെ സുഖ-ദു:ഖങ്ങുടെ കൂട്ടുമായ ആ പുസ്തകം എനിക്കു പ്രിയപ്പെട്ടതാകുന്നു.

 

മൗലികതയാൽ, സർഗ്ഗാത്മകതയാൽ, ധൈഷണികതയാൽ പിടിച്ചുലച്ച സമീപകാലത്തെ ഒരു സിനിമ, അല്ലെങ്കിൽ സിനിമയിലെ ഒരു രംഗം ഏതാണ്? 

 

സത്യം പറഞ്ഞാൽ അങ്ങനെ പറയാനറിയില്ല. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്. ജോജിയിലെ അവസാന ഭാഗം സംസാരത്തേക്കാൾ കൂടുതൽ നിശബ്ദതകൊണ്ട് പൂരിപ്പിക്കുന്നതായി തോന്നി. കാണികളിലെ ശ്വാസത്തെ ഒതുക്കിയിരുത്താനും അതിനു കഴിഞ്ഞു. നായാട്ടിലെ ജോജുവിന്റെ ആത്മഹത്യാരംഗവും പിടിച്ചുലച്ചിട്ടുണ്ട്.

 

കുടുംബം

 

കോഴിക്കോട് വടകര പുതുപ്പണം സ്വദേശിയാണ്. അച്ഛൻ: കുഞ്ഞികൃഷ്ണക്കുറുപ്പ് അമ്മ: പത്മാവതി. സംസ്കൃത സർവകലാശാലയിൽ നിന്ന് എം.ഫിൽ ബിരുദവും ഡോക്ടറേറ്റും നേടി. കവിത, വ്യാഖ്യാനം, പഠനം തുടങ്ങിയ മേഖലകളിൽ പതിനഞ്ചു പുസ്തകങ്ങൾ രചിച്ചു. ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഇപ്പോൾ കൊല്ലം നിലമേൽ എൻഎസ്എസ് കോളജിൽ മലയാളം വിഭാഗത്തിൽ അസി.പൊഫസർ. കൈതക്കാട്ടിലെ കവിത, പൊടുന്നനെ അവർ, പാൽവിളി, ഭഗവദ്ഗീത: മതവും മതേതര വിചാരവും, ജ്ഞാന നിർമിതിയുടെ വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ. 2018ലെ വൈലോപ്പിള്ളിക്കവിതാ പുരസ്കാരം, സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ യൂത്ത് ഐക്കൺ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു.

 

English Summary : Puthuvakku column written by Ajish Muraleedharan - Talk with writer Bineesh Puthuppanam