ജ്യോതി ശങ്കർ കഥയെഴുതുന്നതു മനസ്സുകൊണ്ടാണ്. ആ വാക്കുകൾ വായനക്കാരുടെ മനസ്സിലേക്കു മെല്ലെ പ്രവേശിച്ച് അവരുടെ കൂടെ നടക്കും. ഒരുമാത്രയിൽ വായനക്കാരും കഥാപാത്രങ്ങളായി മാറും. ചിലപ്പോൾ മറിച്ചും. ‘പവിഴമല്ലിയുടെ വഴി’ എന്ന കഥയിലെ ലെനിനും ‘കുരുതിക്കളി’യിലെ ഗിസയും വായനയുടെ ഏതോ നിമിഷത്തിൽ നമ്മൾ തന്നെയായി

ജ്യോതി ശങ്കർ കഥയെഴുതുന്നതു മനസ്സുകൊണ്ടാണ്. ആ വാക്കുകൾ വായനക്കാരുടെ മനസ്സിലേക്കു മെല്ലെ പ്രവേശിച്ച് അവരുടെ കൂടെ നടക്കും. ഒരുമാത്രയിൽ വായനക്കാരും കഥാപാത്രങ്ങളായി മാറും. ചിലപ്പോൾ മറിച്ചും. ‘പവിഴമല്ലിയുടെ വഴി’ എന്ന കഥയിലെ ലെനിനും ‘കുരുതിക്കളി’യിലെ ഗിസയും വായനയുടെ ഏതോ നിമിഷത്തിൽ നമ്മൾ തന്നെയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജ്യോതി ശങ്കർ കഥയെഴുതുന്നതു മനസ്സുകൊണ്ടാണ്. ആ വാക്കുകൾ വായനക്കാരുടെ മനസ്സിലേക്കു മെല്ലെ പ്രവേശിച്ച് അവരുടെ കൂടെ നടക്കും. ഒരുമാത്രയിൽ വായനക്കാരും കഥാപാത്രങ്ങളായി മാറും. ചിലപ്പോൾ മറിച്ചും. ‘പവിഴമല്ലിയുടെ വഴി’ എന്ന കഥയിലെ ലെനിനും ‘കുരുതിക്കളി’യിലെ ഗിസയും വായനയുടെ ഏതോ നിമിഷത്തിൽ നമ്മൾ തന്നെയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജ്യോതി ശങ്കർ കഥയെഴുതുന്നതു മനസ്സുകൊണ്ടാണ്. ആ വാക്കുകൾ വായനക്കാരുടെ മനസ്സിലേക്കു മെല്ലെ പ്രവേശിച്ച് അവരുടെ കൂടെ നടക്കും. ഒരുമാത്രയിൽ വായനക്കാരും കഥാപാത്രങ്ങളായി മാറും. ചിലപ്പോൾ മറിച്ചും. ‘പവിഴമല്ലിയുടെ വഴി’ എന്ന കഥയിലെ ലെനിനും ‘കുരുതിക്കളി’യിലെ ഗിസയും വായനയുടെ ഏതോ നിമിഷത്തിൽ നമ്മൾ തന്നെയായി മാറുന്നത് ഉള്ളു വേവോടെ മാത്രമെ അനുഭവിക്കാനാകൂ. ജ്യോതി സംസാരിക്കുന്നതു വളരെ പതിയെയാണ്. കഥാപാത്രങ്ങളുമതെ. ഓരോ വാക്കുകളിലും സ്നേഹവും സന്തോഷവും ദുഃഖവും ദേഷ്യവുമൊക്കെ നിറഞ്ഞിട്ടുണ്ടാകും. പക്ഷേ, വലിയ ബഹളങ്ങളോ പ്രകടനങ്ങളോ ആക്രോശങ്ങളോ ഉണ്ടാകില്ല. നിറയെ പൂക്കളുള്ള ഒരു വള്ളിച്ചെടി പോലെ അതു നമ്മളെ ചുറ്റിപ്പിടിക്കും. നല്ലൊരു കഥ വായിച്ചതിന്റെ കുളിർമയും സുഗന്ധവും മനസ്സിൽ നിറയും.

 

ADVERTISEMENT

ഒരു കഥയെഴുതുമ്പോൾ മനസ്സിലെ വായനക്കാരൻ എടുക്കുന്ന നിലപാടുകൾ ജ്യോതിയെ സ്വാധീനിക്കാറുണ്ടോ? എഴുതിക്കഴിഞ്ഞുള്ള വായനയിൽ കഥാകൃത്തായല്ലാതെ, വായനക്കാരനായി മാറി നിന്നു വായിക്കാറുണ്ടോ? ‘പവിഴമല്ലിയുടെ വഴി’ എന്ന കഥ വായിക്കുമ്പോൾ വായനക്കാരന്റെ മനസ്സിനോട് ഏറെ ചേർന്നു നിൽക്കുന്ന ഒരെഴുത്തുകാരനെ അനുഭവിക്കാൻ കഴിയുന്നുണ്ട്. പി.എ. ലെനിൻ അതിനാൽ തന്നെ മനുഷ്യപക്ഷത്തുള്ള ഓരോ വായനക്കാരന്റെയും പ്രതിനിധിയായി മാറുന്നു. അരികുവത്കരിക്കപ്പെട്ടവരുടെ, എന്നും സഹായി ആയി മാത്രം ജനിക്കാൻ വിധിക്കപ്പെട്ടവരുടെ ജീവിതാവസ്ഥകളെ ഒട്ടും അതിശയോക്തിയില്ലാതെ, കഥയോട് അത്രയും ചേർന്ന് അവതരിപ്പിക്കുമ്പോൾ വായനക്കാരുടെ മനസ്സ് കഥാകൃത്തിനൊപ്പം അനായാസം സഞ്ചരിക്കുകയാണ്.

 

ഒരു കഥയെഴുതുമ്പോൾ മൂന്നു ഘട്ടങ്ങളിലൂടെ എല്ലാ എഴുത്തുകാരും കടന്നുപോകാറുണ്ടെന്നു തോന്നുന്നു. ആദ്യം എഴുത്തുകാരനായി മാത്രം, പിന്നെ എഴുത്തുകാരനും വായനക്കാരനുമായി, പിന്നെ വായനക്കാരനായി. ഇതിൽ മൂന്നാമത്തെ ഘട്ടത്തിലേക്ക് എത്തിച്ചേരുവാനുള്ള സമയം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. ചിലർക്കതു മാസങ്ങളോളം വേണ്ടി വന്നേക്കാം. ചിലർക്കു നിമിഷങ്ങൾ മതിയാകും. തമിഴ് എഴുത്തുകാരൻ ജയമോഹനൊക്കെ വെണ്മുരശു പോലൊരു മഹാഖ്യാനം ചെയ്യുന്നത് ഒരു ദിവസം ഒരു അധ്യായം എന്ന നിലയ്ക്കാണ്. ശരിക്കും ഈ മൂന്നാം ഘട്ടത്തിൽ നിന്നു വായിക്കുമ്പോഴാണു പോരായ്മകൾ നമുക്കു ശരിക്കും മനസിലാകുക. എന്നാൽ വായന ഒരു നിലപാടിന്റെ പുറത്തു നടക്കുന്നതാണെന്നു തോന്നുന്നില്ല. വായനക്കാരന് എഴുത്തുകൊണ്ടു തനിക്കു പറയുവാനുള്ളതു പ്രകാശിപ്പിച്ചു കൊടുക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. ശരിക്കും ഈ ഒരൊറ്റ ബിന്ദുവിലാണ് എഴുത്തുകാരൻ വിജയിയോ പരാജിതനോ ആയിത്തീരുന്നത്. ‘നിങ്ങൾക്ക് പറയുവാനുള്ളതു പറഞ്ഞോ?’ എന്ന ചോദ്യത്തിന് അതെയെന്നും ‘അതു നേരിട്ട് തെളിച്ചു പറഞ്ഞോ?’ എന്ന ഉപചോദ്യത്തിന് ഇല്ലായെന്നും ഉത്തരം നൽകുവാൻ കഴിഞ്ഞാൽ ബാക്കി വായനക്കാർക്ക് വിട്ടുകൊടുക്കുക എന്നേയുള്ളു. കഥകളെക്കുറിച്ച് എത്ര വിവിധങ്ങളായ വായനകൾ ഉണ്ടാകുന്നുവോ അത്രയും നല്ലത് എന്നാണു ഞാൻ കരുതുന്നത്.

 

ADVERTISEMENT

കാലം കഥാപുരുഷനായി വരുന്ന കഥയാണ് ജ്യോതിയുടെ ‘യവനിക’. പലകാലങ്ങളിലെ പല ബിംബങ്ങൾ വളരെ കൃത്യമായി ആ കഥയ്ക്കുള്ളിൽ ഉൾച്ചേർന്നിരിക്കുന്നു. കഥാനായകനായ സണ്ണി പഠിച്ച സ്കൂൾ വിവരിക്കുമ്പോൾ ‘വാര്യർ മാഷിന്റെ കയ്യിൽ കാലങ്ങൾക്കു മുൻപേ വച്ചു പിടിപ്പിച്ച ചൂരൽ’ എന്ന പ്രയോഗവും ‘ഫൗണ്ടൻ പേനയിൽ മഷി നിറച്ചു കൊടുത്തു പൈസ വാങ്ങുന്ന’ ചായക്കടക്കാരൻ അയ്യപ്പൻപിള്ളയുടെ ചിത്രീകരണവും എൺപതുകളിലേക്കോ എഴുപതുകളിലേക്കോ വായനയെ പെട്ടെന്നു പ്ലേസ് ചെയ്യുന്നു. പിന്നീടു ഗ്രാമഫോൺ റെക്കോർഡിൽ നിന്നു റേഡിയോയിലേക്കും ടേപ്പ് റെക്കോർഡറിലേക്കും ടെലിവിഷനിലേക്കും മൊബൈലിലേക്കും ക്രമാനുഗതമായി കഥയിലെ കാലം വളരുന്നുണ്ട്. നാടകത്തിൽ നിന്നു ഗാനമേളയിലേക്കും സിനിമയിലേക്കും യുട്യൂബ് വിഡിയോയിലേക്കും കാഴ്ചശീലങ്ങളും പുരോഗമിക്കുന്നുണ്ട്. ആകൃതിയൊത്ത ഒരു ശിൽപമെന്ന പോലെ കഥയിൽ ഇവയെല്ലാം മികവോടെ സംയോജിപ്പിച്ചത് വായനക്കാരനു നൽകുന്ന അനുഭൂതി വിവരണാതീതമാണ്. സണ്ണിയുടെ ആ ജീവിത കഥ പറയുമ്പോൾ ‘കാലം’ എങ്ങനെയൊക്കെ കഥാകൃത്തിനെ വശീകരിച്ചു?

 

കാലം എന്നതിലപ്പുറം വിവരസാങ്കേതികത കൊണ്ടുവന്ന പരിണാമമാണ് എന്നെ ഭ്രമിപ്പിച്ചത്. അക്കാദമികമായി ഞാൻ ഈ പറയുന്നത് എത്ര ശരിയാണ് എന്നതറിയില്ല, എങ്കിലും നമ്മുടെ സാഹിത്യം സാങ്കേതികതയുടെ ഒരു തലോടൽ അനുഭവിക്കുന്നുണ്ട്. നോവലുകളുടെ പ്രചാരത്തെക്കുറിച്ച് ഒരു നിരീക്ഷണം തന്നെയുണ്ടല്ലോ. യന്ത്രവത്കരണത്തിന്റെ സന്തതിയാണു നോവലുകളെന്ന്. യന്ത്രങ്ങൾ വന്നു കൂടുതൽ ഒഴിവുനേരങ്ങൾ കിട്ടിയതോടെയാണു നമ്മൾ വലിയ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്. അന്നേക്ക് തുടങ്ങി ഈയടുത്തു പുറത്തു വന്ന നൊബേൽ ജേതാവ് കഷുവോ ഇഷിഗുരോയുടെ ക്ലാര ആൻഡ് സൺ വരെ ഒളിഞ്ഞു തെളിഞ്ഞും ഈ യന്ത്രപ്രഭാവമുണ്ട്. ഒരുപാടു കൊല്ലം മുൻപു കഥയിൽ നമുക്ക് ഒരാളുടെ സംഭാഷണം കൊണ്ടുവരണം എങ്കിൽ അയാൾ നേരിട്ട് പ്രത്യക്ഷപ്പെടണം. കുറച്ചു കഴിഞ്ഞപ്പോൾ ടെലിഫോണുകൾ വന്നു. പിന്നെ കാഴ്ചയും കൂടി ചേർന്നു വെർച്വൽ റിയാലിറ്റി വരെ എത്തി നിൽക്കുന്നു ആ സങ്കേതം. ഈ മാറ്റത്തെ അടയാളപ്പെടുത്താനാണു നാടകവും സിനിമയും പോലെയുള്ള ജനകീയ മാധ്യമങ്ങൾ കഥയിൽ കൊണ്ടുവന്നത്. അതോടൊപ്പം തന്നെ കെ.ജി. ജോർജ് എന്ന ജീനിയസിനോടുള്ള ആരാധന. സ്വകാര്യ സൗഹൃദകൂട്ടായ്മകളിൽ പ്രിയപ്പെട്ട ഒരു സഹപ്രവർത്തകൻ പാടിപ്പാടി ഉള്ളിൽ പതിഞ്ഞുപോയ യവനികയിലെ ഗാനം. അതോടൊപ്പം ഞങ്ങളുടെ നാട്ടിൽ ഞാൻ തന്നെ കണ്ടുമുട്ടിയിട്ടുള്ള ഒരു പാട്ടുകാരൻ ഒക്കെയും ചേർന്നപ്പോൾ ജനിച്ച കഥയാണ് ‘യവനിക’.

 

ADVERTISEMENT

‘ശബ്ദതാരാവലി’ എന്ന കഥയിൽ എഴുത്തുകാരൻ ആശങ്കപ്പെടുന്നതു പോലെ നിഘണ്ടു അച്ചടിക്കാത്ത, വാക്കുകൾ ചിതലെടുക്കുന്ന ഒരു കാലം ഭാഷയിലുണ്ടാകുമോ? ഒടുവിൽ ഓരോ അക്ഷരങ്ങളായി നമുക്കു വീണ്ടെടുക്കേണ്ടി വരുമോ?

 

സാഹിത്യം, വായന ഒക്കെ വരേണ്യതയ്ക്ക് മാത്രം അവകാശപ്പെട്ടിരുന്ന ഒരു കാലം നമ്മുടെ ഭാഷയ്ക്കുണ്ട്. അവിടെ നിന്നിറങ്ങി അതു പതിയെയെങ്കിലും സാധാരണക്കാരന്റെ ഭാഷയാകുന്നത് നമ്മൾ കണ്ടതാണ്. പിൻപറ്റിയതു ഭക്തിപ്രസ്ഥാനത്തെയെങ്കിലും രാമപ്പണിക്കരും എഴുത്തച്ഛനുമൊക്കെ ആ സാഹിത്യത്തെ സാധാരണക്കാർക്ക് മനസിലാകുന്ന നിലയിലേക്കു മാറ്റിയെടുത്തു. എങ്കിലും ഈയടുത്ത കാലത്ത് ഒരു തിരിച്ചുപോക്ക് നമ്മുടെ ഭാഷയിൽ എവിടെയെങ്കിലും സംഭവിച്ചുവോ, വരേണ്യതയുടെ അടയാളചിഹ്നമായി സാഹിത്യം മാറിയോ എന്നതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്. ഹീബ്രു, ഗികുയു ഭാഷകളുടെ പതനവും പുനരുജ്ജീവനവും നമ്മൾ കണ്ടതാണ്. നമ്മുടേത് ഒരു ചെറിയ ഭാഷയാണ്. എന്റെ അഭിപ്രായത്തിൽ കഴിയുന്നത്രയും ആളുകൾ മലയാളത്തിൽ എഴുതണം എന്നാണ്. അതിന്റെ സാഹിത്യമൂല്യം രണ്ടാമതായേ നാം പരിഗണിക്കേണ്ടതുള്ളൂ. ശരിക്കും സാഹിത്യമൂല്യം തീരുമാനിക്കേണ്ടതു കാലമാണ്. അങ്ങനെയെങ്കിൽ മാത്രമേ മലയാളം പോലൊരു ഭാഷ നിലനിൽക്കൂ എന്നാണു ഞാൻ കരുതുന്നത്.

 

ചാവറിയിപ്പ്, വിഷാദം കൊന്നിട്ട കണ്ണുകൾ, ഏകാന്തതയുടെ നരപ്പ് – കുരുതിക്കളി എന്ന കഥയിൽ മനസ്സിനെ വരിഞ്ഞുമുറുക്കുന്ന ഇത്തരം വാക്കുകളിലൂടെ ജ്യോതി സൃഷ്ടിക്കുന്ന അന്തരീക്ഷം വായനക്കാരെ നേരിട്ട് കഥയുടെ മൂഡിലേക്കു വലിച്ചിടുകയാണ്. പിറവിയുടെ ഇരട്ടവരകൾ തേടിയുള്ള ആദിത്യന്റെയും ഗിസയുടെയും കാത്തിരിപ്പ് മൃതിയുടെ തുടർച്ചകൾ മാത്രമെ സൃഷ്ടിക്കുന്നുള്ളൂ. വാക്കുകളുടെ തിരഞ്ഞെടുപ്പ് ഒരു കഥയുടെ ആശയം ശക്തമായി വായനക്കാരിലേക്കെത്തിക്കുന്നതിൽ എത്ര പ്രധാനമാണ് എന്നതിന്റെ മികച്ച ഉദാഹരണമാണ് കുരുതിക്കളി. ആ കഥയെഴുതിയ അനുഭവം പങ്കുവയ്ക്കാമോ?

 

കുരുതിക്കളി ഭാഗങ്ങളായി എഴുതിയ കഥയാണ്. ആ കഥ എഴുതാനായി എടുത്തണിഞ്ഞ വിഷാദത്തിന്റെ പടം പൊഴിഞ്ഞുപോകുന്നു എന്നു തോന്നുമ്പോളെല്ലാം ഞാൻ ആ കഥ എഴുതുന്നതു നിർത്തിവച്ചു. പലയിടങ്ങളിലും അതു തട്ടിനിന്നു. ലോലമായ വാക്കുകളെ വെട്ടിനീക്കി വിഷാദത്തിന്റെ കനപ്പെട്ട തൊങ്ങലിട്ട വാക്കുകൾ ഞാനതിൽ ചേർത്തിട്ടുണ്ട്. കഥയേക്കാളേറെ ഭാഷയ്ക്കു ശ്രദ്ധ കൊടുത്തു എന്നതു ശരിയാണ്.

 

ജ്യോതി ശങ്കർ വരുന്നത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനടുത്തുള്ള കരിപ്പൂരിൽ നിന്നാണ്. സമകാലീന മലയാള സാഹിത്യത്തിൽ ശ്രദ്ധേയ രചനകൾ നടത്തിയിട്ടുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ നാടാണു നെടുമങ്ങാട്. നെടുമങ്ങാടിയൻ സാഹിത്യം എന്നു പോലും വിളിക്കാവുന്ന തരത്തിൽ ആ നാടിനും പരിസരപ്രദേശങ്ങൾക്കും ഇടയിൽ നിന്ന് ഒരുകൂട്ടം ശ്രദ്ധേയരായ എഴുത്തുകാർ ഉണ്ടാകുന്നു. വി.ഷിനിലാൽ, എസ്.ആർ.ലാൽ, അമൽ, അസീം താന്നിമൂട്, സലിൻ മാങ്കുഴി, മനോജ് വെള്ളനാട് തുടങ്ങിയവ ഓർമയിൽ പെട്ടെന്നു വരുന്ന പേരുകൾ മാത്രം. ദേശം ജ്യോതിയുടെ എഴുത്തിനെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്?

 

പട്ടിക ഇനിയും നീണ്ടുപോകുന്നുണ്ട്. എഴുത്തുകാരൻ പി. കെ. സുധി അടക്കമുള്ളവരെ കണ്ടാണ് കരിപ്പൂർ ദേശത്തെ ഞങ്ങളുടെ തലമുറ വളരുന്നത്. കൊളോണിയൽ കാലഘട്ടത്തിന്റെ പതനത്തിനു ശേഷമോ അതുമല്ലെങ്കിൽ പ്രാദേശികമായ ജന്മിത്വ ഫ്യൂഡൽ വ്യവസ്ഥയുടെ പതനത്തിനു ശേഷമോ വിസ്മൃതിയിലാണ്ടുപോയ പല പ്രാദേശിക ബിംബങ്ങളെയും വീണ്ടെടുക്കാനുള്ള ശ്രമം ലോകസാഹിത്യത്തിൽ ഉണ്ടാകുന്നുണ്ട്. നെടുമങ്ങാടിനെ സംബന്ധിച്ച് പ്രധാനം ഞങ്ങളുടെ ഭാഷ തന്നെയാണ്. ദൂരെയുള്ള ബന്ധുക്കളോടൊക്കെ സംസാരിക്കുമ്പോൾ അവർ ഇടയ്ക്കിടയ്ക്കു ഞങ്ങൾ തമിഴ് പദങ്ങൾ സംസാരിക്കുന്നതായി പറയും. മനഃപൂർവമല്ല, അതിലെവിടെയൊക്കെയോ അൽപം തമിഴ് കലർന്നിട്ടുണ്ട്. തമിഴ് മാത്രമല്ല നല്ലൊരു രീതിയിൽ ഗോത്രഭാഷയും കലർന്നിട്ടുണ്ട് എന്നാണു ഞാൻ മനസിലാക്കുന്നത്. ആ തറയിൽ ചവിട്ടി നിന്നുകൊണ്ടാണ് ഇവിടെയുള്ളവർ എഴുതുന്നത്. ഷിനിലാലിന്റെ ‘കാക്കാലസദ്യ’യൊക്കെ ആ നിലയ്ക്ക് ചർച്ച ചെയ്യപ്പെട്ട കഥയാണ്. ഭാഷപരമായ ഈ കൂട്ട് മാത്രമല്ല വാണിജ്യത്തിന്റെ ഭാഗമായും വൈവിധ്യങ്ങളുടെ കൂടിച്ചേരൽ സംഭവിച്ചിട്ടുണ്ട്. വനമിറങ്ങി വന്നവരും തെങ്കാശിയിൽ നിന്നു ചുരം കയറി വന്നവരും ഞങ്ങളുടെ ചന്തകളിൽ വച്ചു കണ്ടുമുട്ടി, സ്നേഹിച്ചും കലഹിച്ചും ഇവിടുത്തെ ചരിത്രത്തെ സമൃദ്ധമാക്കി. ഇപ്പോൾ ലോകം കൂടുതൽ ചുരുങ്ങിയിരിക്കുന്നതു കൊണ്ടാണു ഞങ്ങളെക്കുറിച്ച് എല്ലാരും അറിയുന്നത്. എന്നാൽ ഇതിനെല്ലാം മുൻപു തന്നെ പ്രാദേശികമായ മൊഴിവഴക്കം പിൻപറ്റി ഞങ്ങളുടെ നാട്ടുകാരനായ പി. എ. ഉത്തമൻ ‘ചാവൊലി’ എഴുതുകയും അക്കാദമി അവാർഡ് നേടുകയും ചെയ്തിട്ടുണ്ട് .

 

സസ്യാഹാര ദർശനം സമകാലീന യൂറോപ്യൻ, ഏഷ്യൻ എഴുത്തിനെ എങ്ങനെ നിർണയിക്കുന്നു എന്ന് ‘തീൻമേശകൾ കവിയുന്ന ഇറച്ചി’ എന്ന ലേഖനത്തിൽ ജ്യോതി എഴുതിയതു വായിച്ചത് ഓർക്കുന്നു. ബുക്കർ ലഭിച്ച ഡച്ച് നോവലിസ്റ്റ് മാരിയെക് റിൻവെൽഡ്, കൊറിയൻ എഴുത്തുകാരി ഹാൻ കാങ്, നൊബേൽ സമ്മാനിതയായ ഓൾഗ ടോകചക്, ഫ്രഞ്ച് നോവലിസ്റ്റായ ജീൻ ബാപിസ്റ്റ് ഡെൽ അമോ എന്നിവരുടെ കൃതികളെ വിശകലനം ചെയ്താണ് അവരുടെ തന്നെ ഭൂതകാല ചെയ്തികളുടെ ഭാരമാണ് മൃഗഹിംസയ്ക്കും ഹിംസയ്ക്കുമെതിരായ എഴുത്തിലേക്ക് അവരെ നയിക്കുന്നതെന്ന് ജ്യോതി സമർഥിക്കുന്നത്. ജ്യോതിയുടെ യവനിക, ശബ്ദതാരാവലി, കുരുതിക്കളി, പവിഴമല്ലിയുടെ വഴി എന്നീ കഥകളെടുത്താൽ വിഷാദം, അസ്തിത്വദുഃഖം, അരികുജീവിതങ്ങളുടെ വ്യഥകൾ തുടങ്ങിയവ അടിസ്ഥാന ദർശനമായി പ്രവർത്തിക്കുന്നതു വായിക്കാനാകും. ഏതു കാലഘട്ടത്തിന്റെ, ഏതു തലമുറകളുടെ, ഏതു ദേശത്തിന്റെ വ്യഥകളാണു ജ്യോതി കഥകളിലേക്കു കൊണ്ടവരുന്നത്?

 

ശരിക്കും അത്തരം നോവലുകൾ അവരുടെ മാപ്പപേക്ഷപോലെയാണ് എനിക്ക് തോന്നിയിട്ടുമുള്ളത്. എന്നാൽ ഈ നോവലുകളിലെ ആശയം നമുക്ക് ഇന്ത്യയിൽ കൊണ്ടുവന്ന് ഇറക്കുമതി ചെയ്യാനാകില്ല. ചെയ്‌താൽ അത് അരുംകൊലകളിലേക്കാണ് വഴിവയ്ക്കുന്നത് എന്നു നമ്മൾ കണ്ടതാണ്. കടമ്മനിട്ടയുടെ ക്യാ എന്ന കവിത ഓർമയില്ലേ. നിങ്ങൾ മാംസാഹാരിയാണോ എന്നതാണു പ്രധാനചോദ്യം. നമ്മളെ പുലർത്തിയ ചരിത്രത്തോടും നമ്മളെ പുണർന്ന ജനസഞ്ചയത്തോടും നീതിപുലർത്തുന്ന എഴുത്തുകൾ ഉണ്ടാകണം എന്നു കരുതുന്നു. അതു ബോധപൂർവമായ പാകപ്പെടൽ അല്ല. വായിച്ച പുസ്തകങ്ങളും കണ്ട ജീവിതങ്ങളും സിനിമകളും എല്ലാം ആ ബോധനിർമിതിയുടെ കൂട്ടുകളാകുന്നതാണ്.

 

ജ്യോതി എഴുത്തിലേക്കു വരുന്നത് എങ്ങനെയാണ്? ആരൊക്കെയാണു പ്രചോദനങ്ങൾ?

 

ഞങ്ങൾ നെടുമങ്ങാട്ടുകാർക്ക് ഒരു ബാലചന്ദ്രൻ സാർ ഉണ്ട്. ഭീഷണിപ്പെടുത്തി പുസ്തകം വായിപ്പിക്കുക, വെറുതെ കഥയെഴുതിക്കുക എന്നതൊക്കെ അദ്ദേഹത്തിന്റെ വിനോദങ്ങളാണ്. ഹൈസ്‌കൂൾ ക്ലാസ്സിൽ അദ്ദേഹം എന്റെ അധ്യാപകനായിരുന്നു. പിന്നെ മുൻപു പറഞ്ഞ പ്രാദേശികമായ സാഹിത്യസംഘങ്ങൾ. എന്നാലും ഞാൻ 30 വയസിനോടടുത്താണ് ആദ്യത്തെ കഥയെഴുതിയത്. അന്നു തിരുവനന്തപുരത്ത് താമസമാക്കിയിരുന്ന എഴുത്തുകാരൻ കെ. വി. മണികണ്ഠനെ കാണുന്നതും ഇതേ സമയത്താണ്. ഞാൻ ആദ്യത്തെ കഥ അദ്ദേഹത്തെ കാണിച്ചു. നിഷ്കരുണം ആ കഥയെ വിമർശിക്കുകയും കുറെ ഉപദേശങ്ങൾ തരികയും ചെയ്തു. അൽപം കൂടി ധൈര്യമുണ്ടായിരുന്നുവെങ്കിൽ ഞാൻ പുള്ളിയെ ഒന്നു തല്ലുകയും എഴുത്ത്‌ നിർത്തുകയും ചെയ്തേനെ. എന്തായാലും അതു സംഭവിച്ചില്ല. കാലമുരുണ്ടു. ആ ഉപദേശങ്ങളിൽ കാതലുണ്ടെന്ന് എനിക്കു മനസിലായി. ഓരോ തവണയും സ്വയം പുതുക്കാൻ ശ്രമിച്ചു തോൽക്കുകയും ജയിക്കുകയും ചെയ്തു. തോൽവികളാണ് അധികമെങ്കിലും.

 

ഈയടുത്തകാലത്തു വായിച്ചതിൽ മനസ്സിനെ തൊട്ട ഒരു കഥ, നോവൽ, കവിത, ലേഖനം എന്നിവയെപ്പറ്റി പറയാമോ?

 

ഒരു കഥയിൽ മാത്രമായി മറുപടി ഒതുക്കാൻ കഴിയുമെന്നു തോന്നുന്നില്ല. മനോജ് വെള്ളനാടിന്റെ ‘പദപ്രശ്നവും’ മനോജ് വെങ്ങോലയുടെ ‘പൊറളും’ ഹരിയുടെ ‘ഝാൻസിറാണിയുടെ കുതിരകളും’ ഷബിതയുടെ ‘മന്ദാക്രാന്തയും’ പെട്ടെന്ന് ഓർമയിലേക്ക് വരുന്നുണ്ട്. ഇ. സന്തോഷ്കുമാറിന്റെ ‘ജ്ഞാനഭാരം’ എന്ന നോവൽ, അസീം താന്നിമൂടിന്റെ ‘ക്രോപ്പ്’ എന്ന കവിത, ആദിവാസികൾക്ക് പൊതുവിദ്യാഭ്യാസം എങ്ങനെ പ്രാവർത്തികമാക്കാം എന്നത് സംബന്ധിച്ച് ഷിനു സുകുമാരൻ മാതൃഭൂമിയിൽ എഴുതിയ ലേഖനം ഒക്കെ ഓർമയിലേക്ക് വരുന്നുണ്ട്.

 

സമകാലീന എഴുത്തുകാരിൽ ജ്യോതി ഏറ്റവും ശ്രദ്ധയോടെ പിന്തുടരുന്നവർ ആരൊക്കെയാണ്? എന്താണവരുടെ പ്രത്യേകതകൾ?

 

നമ്മൾ ഇതിനിടയിൽ പറഞ്ഞ പേരുകളൊക്കെയും ഞാൻ പിന്തുടരുന്ന എഴുത്തുകാരുടേതാണ്. വിട്ടുപോയവരാണ് അധികവും. അതോടൊപ്പം ഫർസാന, സുനു എ.വി. എന്നിവരുടെ കഥകളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

 

കുടുംബം, ജോലി?

 

ഞാൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനാണ്. വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗസ്ഥയായ അഞ്ജുവാണ് ജീവിതപങ്കാളി. മകൾ മണികർണിക.

 

English Summary : Puthuvakku column written by Ajish Muraleedharan - Talk with writer Jyothi Sankar