തൃശൂരിലെ വലിയ ബ്ലേഡ് പലിശക്കാരനാണ് ചെമ്പു മത്തായി. സ്വർണം ഈടുവാങ്ങി പണം കടംകൊടുക്കുന്ന ആൾ. ഒരു ദിവസം വളരെ വിചിത്രമായൊരു പണയവസ്തു അയാളുടെ അടുത്തെത്തി. ഒരു റേഡിയോ. തയ്യൽക്കാരൻ ചാക്കുണ്ണിയുടേതായിരുന്നു അത്. അസുഖം ബാധിച്ച മകന് മരുന്നുവാങ്ങിക്കാനാണ് ചാക്കുണ്ണി റേഡിയോ പണയം വയ്ക്കുന്നത്. റേഡിയോ ഈടുവാങ്ങി

തൃശൂരിലെ വലിയ ബ്ലേഡ് പലിശക്കാരനാണ് ചെമ്പു മത്തായി. സ്വർണം ഈടുവാങ്ങി പണം കടംകൊടുക്കുന്ന ആൾ. ഒരു ദിവസം വളരെ വിചിത്രമായൊരു പണയവസ്തു അയാളുടെ അടുത്തെത്തി. ഒരു റേഡിയോ. തയ്യൽക്കാരൻ ചാക്കുണ്ണിയുടേതായിരുന്നു അത്. അസുഖം ബാധിച്ച മകന് മരുന്നുവാങ്ങിക്കാനാണ് ചാക്കുണ്ണി റേഡിയോ പണയം വയ്ക്കുന്നത്. റേഡിയോ ഈടുവാങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂരിലെ വലിയ ബ്ലേഡ് പലിശക്കാരനാണ് ചെമ്പു മത്തായി. സ്വർണം ഈടുവാങ്ങി പണം കടംകൊടുക്കുന്ന ആൾ. ഒരു ദിവസം വളരെ വിചിത്രമായൊരു പണയവസ്തു അയാളുടെ അടുത്തെത്തി. ഒരു റേഡിയോ. തയ്യൽക്കാരൻ ചാക്കുണ്ണിയുടേതായിരുന്നു അത്. അസുഖം ബാധിച്ച മകന് മരുന്നുവാങ്ങിക്കാനാണ് ചാക്കുണ്ണി റേഡിയോ പണയം വയ്ക്കുന്നത്. റേഡിയോ ഈടുവാങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂരിലെ വലിയ ബ്ലേഡ് പലിശക്കാരനാണ് ചെമ്പു മത്തായി. സ്വർണം ഈടുവാങ്ങി പണം കടംകൊടുക്കുന്ന ആൾ. ഒരു ദിവസം വളരെ വിചിത്രമായൊരു പണയവസ്തു അയാളുടെ അടുത്തെത്തി. ഒരു റേഡിയോ. തയ്യൽക്കാരൻ ചാക്കുണ്ണിയുടേതായിരുന്നു അത്. അസുഖം ബാധിച്ച മകന് മരുന്നുവാങ്ങിക്കാനാണ് ചാക്കുണ്ണി റേഡിയോ പണയം വയ്ക്കുന്നത്. റേഡിയോ ഈടുവാങ്ങി 50 രൂപ കടം കൊടുക്കാൻ മത്തായിക്ക് തീരെ താൽപര്യം ഇല്ലായിരുന്നു. എങ്കിലും ചാക്കുണ്ണിയല്ലേ, തന്റെ വീട്ടിലെ തുണിയെല്ലാം തയ്ക്കുന്നയാളല്ലേ എന്നോർത്ത് മത്തായി റേഡിയോ ഈടായി സ്വീകരിച്ചു പണം നൽകി. തന്റെ സന്തത സഹചാരി ആയിരുന്ന, ഓരോ തുണി തുന്നുമ്പോഴും അളവുകൾ കൃത്യമായി സൂചിത്തുമ്പിലെത്തിച്ചിരുന്ന റേഡിയോ പോയതോടെ ചാക്കുണ്ണിയുടെ താളം തെറ്റി. അളവുകൾ തെറ്റിച്ച് അയാൾ ഉടുപ്പുകൾ തുന്നി. അതു തിരിച്ചറിഞ്ഞപ്പോൾ തുന്നിയ നൂലുകൾ അയാൾ വല്ലാതെ ബുദ്ധിമുട്ടി അഴിച്ചെടുത്തു. തുണികളിലൂടെ കത്രിക തെറ്റി സഞ്ചരിച്ചു. ചക്രം ചവിട്ടുമ്പോഴും സൂചി ഉയർന്നു താഴുമ്പോഴുമെല്ലാം അയാൾ അജ്ഞാതമായൊരു പാട്ടിനുവേണ്ടി കാതോർത്തു. മനസ്സിലെ നാടകത്തിൽ നിന്നും ഏതെല്ലാമോ കഥാപാത്രങ്ങൾ ഒച്ചയെടുത്തു സംസാരിച്ചു, തേങ്ങി. ചുറ്റുപാടും നിരവധി ആളുകൾ ഉണ്ടായിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരേകാന്തത അപ്പോൾ അയാളെ വലയം ചെയ്തു. ആറാട്ടുകുന്നിൽ റേഡിയോ വാങ്ങിച്ച ആദ്യത്തെ പൗരന് ജീവിതം ഇരുളടയുന്നതായി തോന്നി.

 

ADVERTISEMENT

റേഡിയോ പണയം വയ്ക്കുന്നതിൽ ചാക്കുണ്ണിക്ക് താൽപര്യമുണ്ടായിട്ടല്ല. ഭാര്യയും കുട്ടികളും അക്കാര്യത്തിൽ സങ്കടപ്പെട്ടിരുന്നു. പക്ഷേ, വേറെ നിവൃത്തിയില്ല. ഇളയ കുട്ടിക്ക് പെട്ടെന്ന് ഒരസുഖം പിടിപെട്ടു. അതിനെ ചികിൽസിക്കാൻ തുന്നലിൽനിന്നു കിട്ടുന്ന വരുമാനവും പലരോടും കൈവായ്പ വാങ്ങുന്ന പണവുമൊന്നും തികയാതെ വന്നപ്പോഴാണ് റേഡിയോ പണയം വയ്ക്കാൻ നിർബന്ധിതനായത്. 

 

ഏറെ ദിവസങ്ങൾക്കു ശേഷം ഒരു ഞായറാഴ്ച രാവിലെ ചാക്കുണ്ണി രണ്ടു ബാറ്ററിയുമായി ചെമ്പുമത്തായിയെ കാണാനെത്തി. ഞായറാഴ്ച പണയം തിരിച്ചെടുക്കാൻ പറ്റില്ലെന്ന് മത്തായി പറഞ്ഞു. റേഡിയോ തിരിച്ചെടുക്കാനല്ല, മറിച്ച് ബാറ്ററി ഇട്ടാൽ അതു കേൾക്കുമോന്നറിയാനാണ് വന്നതെന്നായി ചാക്കുണ്ണി. മനസ്സില്ലാമനസ്സോടെ മത്തായി റേഡിയോ എടുത്തുകൊടുത്തു. 

 

ADVERTISEMENT

തുണിസഞ്ചി തുറന്ന് ചാക്കുണ്ണി റേഡിയോയെ തൊട്ടുനോക്കി. അയാളുടെ കണ്ണുകൾ വിടർന്നിരുന്നു. പുറകിലെ ഭാഗത്തെ കുട്ടിയുടെ ചിത്രത്തിലേക്ക് അയാൾ ഉറ്റുനോക്കി. പിന്നെ അടപ്പൂരി രണ്ടു ബാറ്ററികളും അതിലിട്ടു. റേഡിയോ ഓൺചെയ്തപ്പോൾ കുട്ടികളുടെ പാട്ടുകേട്ടു. ആരോ താളമടിക്കുന്നു, തപ്പുകൊട്ടുന്നു. തിണ്ണയിലിരുന്ന് ചാക്കുണ്ണി അതു ശ്രദ്ധിച്ചു. പതുക്കെ തലയാട്ടി. 

ദെന്താ, ചാക്കുണ്ണ്യേ, കുട്ട്യോളടെ പാട്ടോ?

ബാലമണ്ഡലം. ചാക്കുണ്ണി മെല്ലിച്ച ഒച്ചയിൽ പറഞ്ഞു. ഞായറാഴ്ച രാവിലെ അതാ സ്‌പെഷല്. 

 

ADVERTISEMENT

ഞായറാഴ്ച പള്ളിയിൽ പോകാതിരുന്ന് പാട്ടു കേൾക്കുന്നതിന് ചെമ്പുമത്തായി ചാക്കുണ്ണിയെ ശകാരിച്ചു, ഗുണദോഷിച്ചു. എന്നിട്ടും ചാക്കുണ്ണി റേഡിയോ നിർത്തിയില്ല. ബാലമണ്ഡലം തീർന്നപ്പോൾ അയാൾ തിണ്ണയിൽ നിന്നെഴുന്നേറ്റു. റേഡിയോയുടെ പിറകിൽ നിന്ന് അടപ്പൂരി ബാറ്ററികൾ തിരിച്ചെടുത്തു. 

 

അതവിടെ ഇരുന്നോട്ടേ, ചാക്കുണ്ണ്യേ. തിരിച്ചുകൊണ്ടു പോവുമ്പോ നെനക്കെടുക്കാലോ. മത്തായി പറഞ്ഞു. 

 

അതുവേണ്ട മൂപ്പരേ. വെറുതെ ഇരുന്നാല് ബാറ്ററി ചീത്തയാവും. ഒരൂട്ടം വെള്ളം ഒലിക്കും അതീന്ന്. 

ബാറ്ററി പൊതിഞ്ഞുകൊണ്ട് ചാക്കുണ്ണി പറഞ്ഞു.

 

അപ്പോ ഇദ് നീയ് അടുത്തൊന്നും കൊണ്ടോവാനുള്ള പരിപാടീല്ല്യാന്ന് സാരം. ആട്ടെ, നാളെ ഞാനാ വഴി വര്ണ്ട്. ഈ അളവില് ഒരു കുപ്പായം കൂടി അടിക്കണം. തുണി ഞാനെടുത്തു തരാം. തയ്പുകൂലി പലിശേല് ഇരുന്നോട്ടെ. 

നാളെ ഞാന് കടേല് വരില്ല്യ മൂപ്പരേ. കൊറച്ച് ദെവസത്തിക്ക് ഞാനില്ല്യ. പടികളിറങ്ങുമ്പോൾ ചാക്കുണ്ണി പറഞ്ഞു.

അതെന്തേ?

മുറ്റത്തെത്തിയപ്പോൾ ചാക്കുണ്ണി തിരിഞ്ഞു നിന്നു. 

 

എന്റെ ക്ടാവ് മരിച്ചു മൂപ്പരേ. ഇന്നലെ. പറ്റാവുന്ന ചികിൽസ്യൊക്കെ നോക്കി. തമ്പുരാൻ തന്നില്ല്യ. ഇന്നലെ രാത്രീല് കെടന്നിട്ട് ഒറക്കം വന്നില്ല്യ. അവന് വല്ല്യ ഇഷ്ടാർന്നു ഈ ബാലമണ്ഡലം. അതു കേൾക്കാനാ ഞാൻ വന്നത്. കേട്ടപ്പോ എനിക്കു കൊറച്ച് ആശ്വാസായി. അതില് കുട്ട്യോള് പാട്വേം ചിരിക്ക്വേമൊക്കെ ചെയ്യ്ണ്ടല്ലോ. വീട്ടില് ആര്ക്കും അദിന് പറ്റ്ണില്ലാ. മനസ്സിന്റെ കനംത്തിരി കൊറഞ്ഞത് ഇപ്പളാ. 

 

അയാൾ കണ്ണുകൾ തുടച്ചുകൊണ്ട് തുടർന്നു. എന്റെ കണക്കൊക്കെ തെറ്റീലോ മത്തായി മൂപ്പരേ, ഒക്കെ നിങ്ങള് എഴുതി വയ്ക്കണം. പിന്നെ മിക്കവാറും ദ്രവിച്ച റബർ ചെരുപ്പിട്ട് ആണി ബാധിച്ച കാലുകൾ മണ്ണിലൂടെ ഇഴച്ചുകൊണ്ട് അയാൾ തിരിഞ്ഞുനോക്കാതെ നടന്നു. 

 

തുന്നൽക്കാരൻ ചാക്കുണ്ണി തിരിഞ്ഞുനോക്കാതെ നടക്കുമ്പോൾ നമ്മൾ വായനക്കാർ തിരിഞ്ഞുനോക്കാനുള്ള വെപ്രാളത്തിലാവും. ഇ. സന്തോഷ്‌കുമാറിന്റെ പണയം എന്ന കഥയിലേക്കു തിരിഞ്ഞുനോക്കാൻ. നാരകങ്ങളുടെ ഉപമ എന്ന സമാഹാരത്തിലെ ഈ കഥ സന്തോഷ്‌കുമാറിന്റെ രചനാവൈവിധ്യത്തിന്റെയും ഭാവതീവ്രശൈലിയുടെയും നിദർശനമായി നമ്മെ രസിപ്പിച്ചുനിൽക്കുമ്പോൾ എങ്ങനെ തിരിഞ്ഞുനോക്കാതിരിക്കാനാവും.

സന്തോഷ്‌കുമാറിന്റെ എല്ലാ കഥകൾക്കും ഈയൊരു പ്രത്യേകതയുണ്ട്. പലവട്ടം തിരിഞ്ഞുനോക്കാനും വീണ്ടും വീണ്ടും സന്ദർശിക്കാനും പ്രേരിപ്പിക്കുന്ന ഒരു കാന്തികമണ്ഡലം അവയ്‌ക്കൊക്കെയുണ്ട്. മൂന്നു പതിറ്റാണ്ടായി നൂലു കോർത്തു കുഴിഞ്ഞുപോയ കണ്ണുകൾ കൊണ്ട് ചാക്കുണ്ണി ചുറ്റുപാടും നോക്കുമ്പോൾ പലതവണ തിരിഞ്ഞുനോക്കി കുഴിഞ്ഞുപോയ കണ്ണുകൊണ്ട് വായനക്കാരൻ തിരിഞ്ഞുനോക്കുന്നതാവും അയാൾ കാണുക. അത് സന്തോഷ്‌കുമാറിന്റെ കഥകളിലെ ഭാഷാവൈഭവത്തിന്റെ തുന്നൽ സൂക്ഷ്മത. 

വിരളമാണ്, പക്ഷേ അങ്ങിങ്ങ് നർമത്തിന്റെ നൂലുകളും സന്തോഷ് കഥകളിലുണ്ട്. 

 

പരുന്ത് എന്ന കഥയിൽ നിന്ന്: 

ഞങ്ങൾ കയറിച്ചെന്ന നേരത്ത് മുൻവശത്ത് ഒരു വയസ്സൻ നായ കിടപ്പുണ്ടായിരുന്നു. ഒരു കടമ എന്ന നിലയ്ക്ക് അതു കുറച്ചുനേരം കുരച്ചു. പിന്നെ കുരയ്ക്കുന്നതു കൊണ്ടൊന്നും ഒരർഥവുമില്ലെന്ന മട്ടിൽ എഴുന്നേറ്റു പുറകുവശത്തേക്കു പോയി. 

അവന്റെ കണ്ണുകളിൽ പേടി പൂത്തുനിൽക്കുന്നത് അവർ കണ്ടു എന്ന് പരുന്തിന്റെ മറ്റൊരു ഭാഗത്തു പറയുമ്പോൾ അതുവരെ ആ കഥയുടെ അടിത്തട്ടിൽ ഒളിഞ്ഞുകിടന്ന പേടി പതുക്കെ ഫണമുയർത്തി വായനക്കാരനെ നോക്കി ചീറ്റാൻ തുടങ്ങുന്നുണ്ടാവും.

സന്തോഷവും ദുഃഖവുമൊക്കെപ്പോലെ പേടിയും സ്ഥായിയല്ലെന്നറിയാൻ പരുന്തിലെ മറ്റൊരു ഭാഗം-

ഞാൻ ആലോചിച്ചു. സ്വയം ഒരു പരുന്താണെന്ന് അതിനു മനസ്സിലാകുന്നുണ്ടാവില്ല. അതാണ് അതിന്റെ പ്രശ്‌നം. അങ്ങനെ തിരിച്ചറിയാൻ കഴിഞ്ഞാൽ വിദൂരമായ ആകാശങ്ങളിലേക്ക് അതിന് ചിറകടിച്ച് ഉയർന്നു പോകാൻ സാധിക്കും. ചൂഴ്ന്നിറങ്ങുന്ന കണ്ണുകൾ ഉള്ളതിനാൽ മനുഷ്യർക്കു കാണാനാവാത്ത കാഴ്ചകൾ കാണാൻ സാധിക്കും. പക്ഷേ, ആർത്തലച്ചു വന്ന ഒരു കൊടുങ്കാറ്റ് അതിന്റെ ജന്മലക്ഷ്യങ്ങളെ ഉപരോധിച്ചു.ദൂരങ്ങളെ ചുരുക്കി. ഇനിയിപ്പോൾ ചുറ്റുപാടുമുള്ള സാധാരണ കിളികളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഗരുഡജന്മമാണ് തന്റേതെന്ന് ആരാണ് അതിനു പറഞ്ഞുകൊടുക്കുക?

പരുന്തിന് അതിനെ തിരിച്ചറിയാൻ പറ്റാത്തതിനാലാണ് സദാസമയവും ആൾപ്പാർപ്പുള്ള വീട്ടിലെ സിമന്റു തൊട്ടിയിൽ, അതിലെ വെള്ളത്തിലേക്കു നോക്കിക്കൊണ്ട് ഒറ്റക്കാലിൽ നിൽക്കുന്നത്.

അതിന് സ്വയം തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിലും തന്റെ കീശയിൽ എടുത്തിട്ട അതിന്റെ തൂവൽ പരുന്തിന്റേതു തന്നെയെന്ന് ഉറപ്പിക്കാൻ നായകനായ ചിത്രകാരനു കഴിയുന്നുണ്ട്. എന്റെ ഉറപ്പാണ് പ്രധാനം എന്ന് അയാൾ ഭാര്യയോടു പറയുകയും ചെയ്യുന്നു.

സ്വയം തിരിച്ചറിയാനാവാത്ത പരുന്തുകളുടെ സമൂഹത്തിൽ വായനക്കാരന് വിലപ്പെട്ട തിരിച്ചറിവുകൾ നൽകുന്നത്, ഉറപ്പായും, മികച്ച സാഹിത്യരചനകൾ തന്നെയാണ്. അത്തരം മികച്ച രചനകളുടെ ഗണത്തിലാണ് ഇ. സന്തോഷ്‌കുമാറിന്റെ കഥകളും പെടുക. ഈ സമാഹാരത്തിലെ മറ്റു കഥകൾ മാത്രമല്ല അദ്ദേഹത്തിന്റെ മറ്റു രചനകളും ഈ യാഥാർഥ്യം നമ്മെ ഓർമിപ്പിക്കും. സംഭാഷണങ്ങളിൽ അതു കൂടുതൽ വ്യക്തമാവും. ഇ. സന്തോഷ് കുമാറിനെ കേൾക്കാം. 

 

നമുക്കു മാത്രം ബോധ്യമാവുന്ന, നമ്മുടെ പൈതൃകത്തിന്റെയും സാംസ്‌കാരിക ധാരയുടെയും ആഖ്യാനമായാണ് നാരകങ്ങളുടെ ഉപമ എന്ന കഥ എനിക്കനുഭവപ്പെട്ടത്. ഒരു പക്ഷേ, ഇന്ത്യയെമ്പാടുമുള്ള ബുദ്ധിജീവികളെ ഇക്കാലത്ത് ഏറ്റവും അധികം ചിന്തിപ്പിക്കുന്ന വിഷയവും ഇതുതന്നെയാകാം. ഈ കഥ എഴുതാൻ താങ്കളെ പ്രേരിപ്പിച്ച ഘടകം എന്താണ് ?

 

അതൊരു വ്യത്യസ്തമായ വായനയാണെന്നു തോന്നുന്നു. നന്ദി. ആ കഥ എഴുതുമ്പോൾ ഞാനങ്ങനെ ആലോചിച്ചിട്ടില്ല. ഒരു പക്ഷേ, ലോകത്തിന്റെ തിടുക്കങ്ങളെയും അതിനിടയിൽ നമുക്കു നഷ്ടമാവുന്ന ജീവിതം എന്ന അനുഭവത്തെയും കുറിച്ചുള്ള ചില ആധികൾ ആ കഥയെഴുതുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം. ഈ കഥ കുറെക്കാലം കൊണ്ടു രൂപപ്പെട്ടുവന്നതാണെന്നാണ് എന്റെ തോന്നൽ. ഹാരപ്പൻ നാഗരികതയുടെ കേന്ദ്രമായ അഹമ്മദാബാദിനടുത്തുള്ള ലൊതാളിൽ 2009 ൽ ഞാൻ പോയിരുന്നു. അവിടെയുള്ള ഫലകങ്ങളിൽ പത്തുമൂവായിരം കൊല്ലം മുമ്പുള്ള ജനജീവിതത്തെപ്പറ്റി അദ്ഭുതത്തോടെ വായിച്ചു. പിന്നീട് 2018 ൽ പുണെയിൽ ഡെക്കാൻ കോളജിന്റെ വൈസ് ചാൻസലറായ പ്രമുഖ പുരാവസ്തുഗവേഷകൻ ഡോ. വസന്ത് ഷിന്റേയുമായി മാധ്യമം ആഴ്ചപ്പതിപ്പിന്റെ അന്നത്തെ എഡിറ്റർ വി. മുസഫർ അഹമ്മദ് അഭിമുഖം നടത്തുമ്പോൾ ഞാൻ കൂടെ പോയിരുന്നു. അന്ന് അദ്ദേഹം വിവരിച്ച പുരാവസ്തു ഖനന-ഗവേഷണങ്ങളുടെ കാര്യങ്ങൾ ആ കഥയുടെ പശ്ചാത്തലമാണ്. പഴയ കാലത്തെക്കുറിച്ചു വായിക്കുമ്പോൾ, അല്ലെങ്കിൽ പുരാവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങൾ പോയി കാണുമ്പോൾ വേറെയേതോ ഒരു കാലത്തു ചെന്നു നില്ക്കുകയാണെന്നു തോന്നും. അത്തരം ചില കാര്യങ്ങളാണ് നാരകങ്ങളുടെ ഉപമയുടെ ട്രിഗർ എന്നു പറയാം.

 

ഭൂതകാലത്തേക്കോ പൗരാണികതയിലേക്കൊ ഒക്കെ നടത്തുന്ന ഖനനം കൂടിയാണ് ആ കഥ. ജനസമൂഹങ്ങൾ, ജാതികൾ, മതങ്ങൾ ഒക്കെ അവരവരുടെ പൗരാണികതയിലേക്കും വിശ്വാസ സ്വത്വത്തിലേക്കും മടങ്ങുന്ന കാലത്ത് കഥ കൂടുതൽ പ്രസക്തമാവുന്നു. ഇന്ത്യയെമ്പാടും വിവിധ സമൂഹങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സ്വത്വ ഖനനങ്ങളെ എങ്ങനെ കാണുന്നു?

 

ഒന്നാമത്തെ ചോദ്യവുമായി ഈ ചോദ്യത്തെ ഇണക്കാമെന്നു തോന്നുന്നു. ആദ്യം സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചു പറയാം. ഞാനിപ്പോൾ ലോകത്തിന്റെ സംക്ഷിപ്തചരിത്രം വിവരിക്കുന്ന നാലു വോള്യങ്ങളുള്ള കുറച്ചു വലിയ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. പാതി കഴിഞ്ഞു. അതു വായിക്കുമ്പോൾ നാം മനസ്സിലാക്കുന്നത് സംസ്‌കാരം എന്നു നാം വിവക്ഷിക്കുന്ന സംഗതി രൂപപ്പെട്ടുവന്ന കാലം മുതൽ മനുഷ്യവംശത്തിന് അധികാരമത്സരങ്ങളുടെയും ആക്രമണങ്ങളുടെയുമൊക്കെ നിരന്തരമായ ചരിത്രമാണുള്ളത് എന്നാണ്. ഇപ്പോൾ ലോകത്തു നടക്കുന്ന യുദ്ധങ്ങളും ഭീകരതയുമെല്ലാം അവയുടെ തുടർച്ച തന്നെയാണ്. ഓരോ കാലത്തും പലതരം കാരണങ്ങൾ കൊണ്ട്- മതമാവാം, ദേശീയതയാവാം, രാഷ്ട്രീയ ആശയങ്ങളാവാം - ജനങ്ങൾ ഈ ആക്രമണങ്ങൾക്ക് ആർപ്പു വിളിക്കുന്നു എന്നേയുള്ളൂ. ഭൂരിഭാഗത്തിനും കഷ്ടപ്പാടുകൾ മാത്രം സമ്മാനിക്കുന്ന ഈ ആക്രമണകാരികളുടെ പൈതൃകത്തെക്കുറിച്ചോർത്ത് നാം കോൾമയിർ കൊള്ളേണ്ടതുണ്ടോ എന്നും ആലോചിക്കേണ്ടതാണ്. ഒരു തറവാടിത്തഘോഷണമായിട്ടേ അതിനെ എടുക്കാൻ പറ്റൂ. അതേ സമയം ഇന്ത്യയിലെന്നല്ല, ലോകമെമ്പാടുമുള്ള പാവപ്പെട്ട സമൂഹങ്ങൾ അവരുടെ അധഃസ്ഥിതമായിരുന്ന ഭൂതകാലത്തെയും അടിമത്തത്തിനെതിരെ അവരുടെ മുൻതലമുറകൾ ദുർബലമായിട്ടെങ്കിലും ഉയർത്തിയിരുന്ന പ്രതിരോധത്തെയും കുറിച്ച് ആലോചിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. അത് നേരത്തേ പറഞ്ഞതിന്റെ എതിർദിശയിലുള്ള കാര്യമാണ്. നമ്മുടെ നാട്ടിലെ ജാതിപീഡനങ്ങൾ, യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഒരു കാലത്ത് സജീവമായിരുന്ന - സകല മതങ്ങളുടെയും അനുമതിയുണ്ടായിരുന്നു ഇവയ്‌ക്കെല്ലാം - അടിമക്കച്ചവടം, വർണവിവേചനം തുടങ്ങിയ നിരവധി ദുഷ്ടതകളിലൂടെ കടന്നുപോയ സമൂഹങ്ങൾ തീർച്ചയായും അവരുടെ വേദനാകരമായ ഭൂതകാലത്തെ അന്വേഷിക്കുന്നതു സ്വാഭാവികമാണല്ലോ.

 

ചിത്രകാരനായ നായകന്റെ കയ്യിലെ പരുന്തിന്റെ തൂവൽ കണ്ട ഭാര്യ സാലി അയാളോടു പറയുന്നു, ഓ, ഈ പൂട കണ്ടാൽ പരുന്തിന്റെ തൂവലാണെന്ന് ആരു പറയും? അപ്പോൾ നായകന്റെ മറുപടി: ആരും പറയണ്ട. പക്ഷേ, പരുന്തിന്റെ തൂവലാണെന്ന് എനിക്കറിയാമല്ലോ. എന്റെ ഉറപ്പാണ് പ്രധാനം.

ഒരു പാട് മാനങ്ങളുള്ള ഒരു മറുപടിയാണിത്. രാഷ്ട്രീയ വായനയിൽ താൽപര്യമുള്ളവർക്ക് അങ്ങനെ. സാമാന്യ വായനയിൽ താൽപര്യമുള്ളവർക്ക് അങ്ങനെ. അതെന്തുമാകട്ടെ, ആകെമൊത്തത്തിൽ, സ്വന്തമായ ഉറപ്പുകളൊന്നുമില്ലാതെ ആട്ടിത്തെളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആൾക്കൂട്ടങ്ങളായി മാറിക്കഴിഞ്ഞ നമ്മുടെ നാട്ടുകാരെ കഥ കൊണ്ട് നേരേയാക്കാമെന്ന് കരുതുന്നുണ്ടോ?

 

ശരിയാണ്, ആരെയും കഥയെഴുതി നേരെയാക്കാമെന്നു കരുതുന്നില്ല. പിന്നെ, നേരേയാക്കുക എന്നതിൽപ്പോലും എഴുത്തുകാരായ നാം ശരിയാണ് എന്ന ഒരു വീക്ഷണമല്ലേ ഉള്ളത്? നമ്മുടെ ശരികൾ സമൂഹത്തിൽ മൊത്തം ശരിയായി പ്രവർത്തിക്കണമെന്നില്ല. ആ കഥയിലെ നായകൻ ചിത്രകാരനായതുകൊണ്ട് അയാൾ അയാളുടെ സൃഷ്ടികളെപ്പറ്റി പറയുന്നതാണെന്നു വിചാരിക്കാം. ഒരു കലാസൃഷ്ടി നല്ലതാണെന്ന് മറ്റാരെങ്കിലും പറയുന്നതിനപ്പുറം ആ സ്രഷ്ടാവിനുതന്നെ ഒരുറപ്പുണ്ടാവണമല്ലോ. സൃഷ്ടിക്കു ശേഷം ചിലപ്പോൾ മറ്റു പലർക്കും അതിഷ്ടപ്പെട്ടേക്കാം എന്നുമാത്രം. ഇത്തരം ചില സന്ദേഹങ്ങൾ മുമ്പുതന്നെ ഞാൻ പല കഥകളിലും ഉപയോഗിച്ചിട്ടുണ്ട്. അവിടെയെല്ലാം പലപ്പോഴും നമ്മുടെ ഭാഷ അപരനു മനസ്സിലാവുന്നുണ്ടോ എന്നുള്ള സംശയങ്ങളായിരുന്നു. ആ കഥയിൽ ഉയരങ്ങളിലേക്കു പറക്കാൻ ശ്രമിക്കാതെ ഒരു വെള്ളത്തൊട്ടിയിലേക്കു സ്വന്തം പ്രതിബിംബം നോക്കി ഒരല്പം അപകർഷതയോടെയോ ആത്മാനുരാഗത്തോടെയോ ഇരിക്കുന്ന പരുന്താണ് കേന്ദ്രകഥാപാത്രം. എന്റെ തന്നെ നോവൽ അന്ധകാരനഴിയുമായി മറ്റൊരു തരത്തിൽ അതിനു ബന്ധമുണ്ടെന്നു പറയാം. ആ നോവലിന്റെ ഓർമയിൽ വായിച്ചാൽ പരുന്ത് അത്ര വിദൂരമല്ലാത്ത നമ്മുടെ രാഷ്ട്രീയ ഭൂതകാലത്തിന്റെ പ്രതിനിധിയാണ്. 

 

അവസാനത്തെ വാചകത്തിൽ ഞെട്ടൽ ഒളിപ്പിച്ചു വയ്ക്കുന്ന കഥകൾ വായനക്കാരുടെ പ്രിയകഥകളായി മാറാറുണ്ട്. സന്തോഷിന്റെ പല കഥകളിലും അങ്ങനെയൊരു ഞെട്ടൽ ഇല്ല. പക്ഷേ, വായനക്കാരന്റെ തോളിൽ കയ്യിട്ട് കൂടെ കൊണ്ടു പോകുന്ന മിത്രത്വം സൂക്ഷിക്കുന്ന കഥാഗാത്രങ്ങളാണ് എല്ലാം തന്നെ. നരേഷനിലെ മികവാണ് അവയുടെ പ്രത്യേകത. ഈ ശൈലി എങ്ങനെ രൂപപ്പെടുത്തിയെടുത്തു?

 

ബോധപൂർവ്വം കൊണ്ടുവരുന്ന ശൈലിയല്ല. അങ്ങനെ വളരെ ബുദ്ധിമുട്ടി ഒരു ശൈലി രൂപപ്പെടുത്താൻ ശ്രമിച്ചിട്ടില്ല എന്നതുകൊണ്ടാവാം ഒരു പക്ഷേ, താങ്കൾ പറഞ്ഞ വായനക്കാരോടുള്ള ചങ്ങാത്തം സാധ്യമാവുന്നത്. ഏറ്റവും ലളിതമായി പറയുന്നതിനേക്കാൾ കഠിനമായി ഒന്നുമില്ല. നമുക്ക് അത്രതന്നെ ബോധ്യമില്ലാത്ത കാര്യങ്ങൾ കുറച്ച് ആലഭാരത്തോടെ എഴുതിയാൽ കുറച്ചുകാലം വായനക്കാരെ കബളിപ്പിക്കാൻ കഴിഞ്ഞേക്കും. പക്ഷേ, അതിലൊന്നും വലിയ കാര്യമില്ല. പലപല കാര്യങ്ങളിലും നമ്മേക്കാളൊക്കെ അനുഭവവും പ്രതിഭയുമുള്ള ആളുകളാണ് വായനക്കാരിൽ പലരും. അവരുടെ മുന്നിൽ, ഇല്ലാത്ത കാര്യങ്ങൾ എഴുതിയും പറഞ്ഞും കാപട്യം കാണിക്കാൻ പോയി പരിഹാസ്യരായിട്ട് എന്തു കാര്യം? എനിക്ക് വായിക്കാൻ ഇഷ്ടമുള്ള എഴുത്തുരീതിയാണ് ഞാൻ എന്റെ എഴുത്തിലും ഉപയോഗിക്കുന്നത്. ക്രാഫ്റ്റിനെക്കുറിച്ച് അങ്ങനെ ആലോചിക്കാറില്ല. ഓരോ പ്രമേയത്തിനും അനുസൃതമായ രൂപവും ശൈലിയും രചനകൾ സ്വയം സ്വീകരിക്കുന്നു എന്നാണ് തോന്നുന്നത്.

 

സ്വന്തം കൃഷിഭൂമി നോട്ടമില്ലാതെ കാടുപിടിച്ചിട്ടും അന്വേഷിക്കാൻ വരാത്തവരുടെ കഥ കൂടിയാണ് പരുന്ത്. കൃഷിയിൽനിന്ന് മലയാളി വഴിമാറി നടക്കുന്നതിലുള്ള വിയോജിപ്പ് കൂടി ഈ കഥയിൽ വായിച്ചെടുക്കാം. ബാല്യ, കൗമാര, യൗവനങ്ങളിൽ എവിടെയെങ്കിലും കൃഷി ചെയ്ത അനുഭവം ഉണ്ടോ? ചെയ്യാൻ കഴിയാതെ പോയതിന്റെ നിരാശ?

 

കൃഷിക്കാരുടെ ഗ്രാമത്തിൽ നിന്നുതന്നെയാണ് വരുന്നത്. പക്ഷേ, അങ്ങനെ കൃഷി ചെയ്ത അനുഭവമൊന്നുമില്ല. ഒന്നാമത്, കൃഷിയൊന്നും കുടുംബത്തിലില്ലായിരുന്നു. മുൻതലമുറയിലും കാർഷികത്തൊഴിലാളികളാണുണ്ടായിരുന്നത്, സ്വന്തമായി കൃഷിഭൂമിയുള്ളവർ കുറവായിരുന്നു. ഇനി ഉണ്ടായാലും, അത്തരം കാര്യങ്ങളിലൊക്കെ സാമാന്യം നല്ല തോതിലുള്ള മടി കൈവശമുണ്ട്. പരുന്തിലെ കലാകാരൻ വാങ്ങിയ കൃഷിഭൂമി ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും ചേർന്നു കൃഷി ചെയ്യാമെന്ന കാല്പനികസങ്കല്പത്തിനു പുറത്തു വാങ്ങിയ ഒരു ഭൂമിയുടെ കഥ തന്നെയാണ്. ഇപ്പോൾ അവിടേക്കു പോയിട്ടുതന്നെ കുറേയായി. ഈ കഥ എഴുതാൻ കഴിഞ്ഞു എന്നതല്ലാതെ മറ്റൊരു ഗുണവും ആ ഭൂമിയിൽ നിന്നുണ്ടായിട്ടില്ല. 

 

വാവ, രാമൻ -രാഘവൻ  എന്നീ കഥകളെ ചെറുകഥകളെന്ന് പറയാനാവില്ല. നീണ്ടകഥയുടെയും നോവലെറ്റിന്റെയുമൊക്കെ സ്വഭാവമുണ്ടവയ്ക്ക്. ചെറുകഥയുടെ നീളം / വലുപ്പം, സ്വഭാവം എന്നിവ സംബന്ധിച്ച് സ്വന്തം കാഴ്ചപ്പാട് എന്താണ്?

 

ഇക്കാര്യം ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാൻ എഴുതിത്തുടങ്ങുന്ന സമയത്ത് കഥകളുടെ വലുപ്പത്തെക്കുറിച്ചൊക്കെ വലിയ ആശങ്കകൾ മലയാളത്തിൽ പറഞ്ഞുകേൾക്കാറുണ്ടായിരുന്നു. കഥയുടെ വലുപ്പം എന്നത് ആ കഥയുടെ പ്രമേയം നിർണയിക്കുന്ന ഒന്നല്ലേ? നമ്മുടെ ആഴ്ചപ്പതിപ്പുകൾ അനുവദിക്കുന്ന സ്ഥലത്തിനനുസരിച്ചാവാം മലയാളത്തിൽ അങ്ങനെയൊരു ചിന്ത ഉണ്ടായി വരാൻ കാരണം. പുറത്ത് പല കഥകൾക്കും ഇരുപതും മുപ്പതും പുറങ്ങളുണ്ടാവുക സാധാരണമാണ്. അതേസമയം തീരെ ചെറിയ കഥകളെഴുതുന്ന എഴുത്തുകാരുമുണ്ട്. ഒരു പക്ഷേ, ഈ പറഞ്ഞ കഥകൾ കുറേക്കൂടി ദീർഘമായ ജീവിതകാലം ഉൾക്കൊള്ളുന്നുണ്ടാവണം. അതാണ് ആ ദൈർഘ്യത്തിനു കാരണം. നേരത്തേ ക്രാഫ്റ്റിന്റെ കാര്യത്തെക്കുറിച്ചു പറഞ്ഞതുപോലെ, ദൈർഘ്യത്തെക്കുറിച്ചും ഞാനങ്ങനെ വേവലാതിപ്പെടുന്നില്ല. അതാവാം എന്റെ രീതി. കാര്യങ്ങളൊക്കെ പറഞ്ഞുവരുമ്പോൾ കഥ കുറച്ചു വലുതാവുന്നു എന്നേയുള്ളൂ. ചെറുകഥ എന്നുതന്നെ വിളിക്കണം എന്നു വാശിയില്ല. വലിയ കഥ എന്നു വിളിച്ചാലും, ആളുകളെ മുഷിപ്പുകൂടാതെ വായിപ്പിക്കുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം.

 

വാക്കുകൾ കൊണ്ട് സ്ഥലജല ഭ്രാന്തിയുടെ ദൃശ്യാനുഭവം സൃഷ്ടിക്കുന്ന അസാധാരണ ക്ലൈമാക്‌സാണ് വാവയുടെ പ്രത്യേകത. ഇത് താങ്കളുടെ തന്നെ മറ്റ് കഥകളിൽ നിന്ന് വാവയെ വ്യത്യസ്തമാക്കുന്നു. ആ കഥയുടെ രചനാനുഭവം ഒന്ന് വിശദീകരിക്കാമോ?

 

വാവയെപ്പോലുള്ള ഒരു കഥാപാത്രത്തെ എനിക്കു ബാല്യകാലം തൊട്ടേ പരിചയമുണ്ട്. എന്നാൽ ഒരു പക്ഷേ, എന്റെ നാട്ടിലെ സുഹൃത്തുക്കൾക്കുപോലും ഈ കഥയിലെ കഥാപാത്രം അയാളാണെന്നു മനസ്സിലായെന്നു വരില്ല. കാരണം, മറ്റെല്ലാ കഥാപാത്രങ്ങളെയുമെന്ന പോലെ വാവയും ഒന്നിലധികം മനുഷ്യരുടെ സ്വഭാവങ്ങളും രൂപവും സ്വീകരിച്ചിരിക്കുന്നു. ചില മനുഷ്യരെ കണ്ടിട്ടില്ലേ, യുദ്ധങ്ങളെ, വാഹനങ്ങളുടെ വേഗത്തെ, ആയുധങ്ങളെ, ശാരീരികമായ കരുത്തിനെയൊക്കെ വളരെയധികം ആരാധനയോടെ കാണുന്നവർ. ശാരീരികവും മാനസികവുമായ ഏതൊക്കെയോ അപര്യാപ്തതകളാണ് അവരെ ഇത്തരമൊരു മനോഭാവത്തിലേക്കു മാറ്റിത്തീർക്കുന്നത്. ഇതൊക്കെ ഒന്നു നീട്ടിയെടുത്താൽ ലോകത്തെമ്പാടും ഇന്നു നടക്കുന്ന ഹിംസയുടെ അധോതലം തെളിഞ്ഞുകിട്ടും. വാവ എന്ന കഥാപാത്രത്തിന് ഞാൻ ആധാരമാക്കിയ ഒരാൾ കുറച്ചൊക്കെ തീവ്രരാഷ്ട്രീയ ആരാധനയുള്ള ഒരാളായിരുന്നു. വിരൂപനാണെന്നു സ്വയം ധരിച്ചിരുന്നതുകൊണ്ട് വിവാഹം കഴിക്കേണ്ടെന്നു വച്ചു. തന്റെ വൈരൂപ്യം അടുത്ത തലമുറയ്ക്കു കൊടുക്കേണ്ടെന്നുള്ള ശാഠ്യം. പിന്നെ എന്തൊക്കെയോ കാരണങ്ങളാൽ അയാൾ ഒരു പെൺകുട്ടിയെ കൂടെക്കൂട്ടി. അവൾക്ക് ഉണ്ടാവുന്ന ഗർഭമെല്ലാം നിർബ്ബന്ധിച്ച് അലസിപ്പിച്ചു. അപ്പോൾ അയാളുടെ അമ്മ അയൽക്കാരെ എല്ലാവരേയും വിളിച്ചു ചോദിക്കും: ലോകാവസാനമാവുകയാണെന്ന് വേദപുസ്തകത്തിൽ പറയുന്നതിന് ഇതിനേക്കാൾ വലിയ തെളിവു വേണോ! കണ്ടില്ലേ ഈ ദുഷ്ടൻ കുഞ്ഞുങ്ങളെ ഗർഭം കലക്കി കൊന്നുകളയുന്നത്? ഇവൻ എന്റെ വയറ്റിൽ പിറന്നതാണോ! അതോ, ആശുപത്രിയിൽ പ്രസവത്തിനു പോയപ്പോൾ തെറ്റിക്കിട്ടിയതോ! നിങ്ങൾ പറയൂ.

 

പത്രവാർത്തകളാൽ സ്വാധീനിക്കപ്പെട്ട് എഴുതിയ കഥയാണ് രാമൻ - രാഘവൻ എന്ന് അവസാനത്തെ ടിപ്പണിയിൽനിന്ന് മനസ്സിലാക്കാം. എങ്ങനെയാണ് ഒരു കഥ താങ്കളുടെ മനസ്സിൽ ജന്മമെടുക്കുന്നതും വളർന്നു വികസിക്കുന്നതും?

 

രാമൻ രാഘവൻ ബോംബെയുടെ പശ്ചാത്തലത്തിൽ എഴുതിയ കഥയാണ്. 2015-16ൽ ഞാൻ അവിടെ ഒരു കൊല്ലം ജോലി ചെയ്തിരുന്നു. രാമൻ, രാഘവൻ എന്നീ രണ്ടു മലയാളി യുവാക്കൾ അടിയന്തരാവസ്ഥക്കാലത്ത് മഹാനഗരത്തിലേക്ക് കുടിയേറുന്നതാണ് പ്രമേയം. അതോടൊപ്പം ബോംബെയിലെ സീരിയൽ കില്ലറായ തിരുനെൽവേലിക്കാരൻ രാമൻ രാഘവന്റെ പേരും ആ കഥയിൽ ഉപയോഗിച്ചു. ഇരുളും വെളിച്ചവുമായിരുന്നു ആ രണ്ടു കഥാപാത്രങ്ങൾ. ഒരാൾ സത്യസന്ധതയുടേയും മാനുഷികതയുടേയും പ്രതീകം, അപരൻ സകല ദുഷ്ടതകളുടേയും പ്രതിനിധി. അങ്ങനെ ആരും ഉണ്ടാവില്ലല്ലോ. അപ്പോൾ രാമൻ രാഘവൻ എന്ന കൊലയാളിയുടെ പേര് പിരിച്ച് രണ്ടുപേർക്കായി ഉപയോഗിക്കുന്നതിൽ ഒരു സൂചനയുണ്ട്. 

കഥകൾ പലവിധത്തിൽ രൂപപ്പെട്ടുവരാം. കുന്നുകൾ നക്ഷത്രങ്ങൾ എന്ന കഥയിൽ ഒരു വിഷ്വലിലാണ് തുടക്കം. ഒരു സന്ധ്യാസമയത്ത്, എന്റെ ഗ്രാമത്തിനടത്തുള്ള ഒരു കുന്നിൻ ചെരുവിലെ വഴിയിൽ, പഴയൊരു അംബാസഡർ കാറിൽനിന്ന് ഇറങ്ങിവരുന്ന നല്ല ഉയരമുള്ള, തീരെ മെല്ലിച്ച ശരീരമുള്ള ഒരു വയസ്സന്റെ ചിത്രത്തിൽ നിന്നാണ് ആ കഥ ഉണ്ടാവുന്നത്. അയാൾ എങ്ങനെ ആ സമയത്ത് അവിടെ വന്നുപെട്ടു? എന്താണ് അവിടെ വണ്ടി നിർത്തി പുറത്തിറങ്ങാനുള്ള കാരണം? ഇത്തരം ചില ആലോചനകൾ കഥയിലേക്കു നയിച്ചതാവാം. ചിലപ്പോൾ ചില സ്ഥലങ്ങളിൽ പോകുമ്പോൾ പെട്ടെന്ന് നമുക്കൊരു ഫ്‌ളാഷ് പോലെ കഥകൾ കിട്ടിയെന്നു വരാം. 

 

മടിക്കേരിയിൽ രണ്ടുതവണ ആറുമാസം ഇടവിട്ട് പോയിരുന്നു. ആദ്യം നല്ല മഴക്കാലത്ത്, സുഹൃത്തുക്കളുടെയൊപ്പം. പിന്നെ ഫെബ്രുവരിയിൽ വരണ്ട കാലാവസ്ഥയിൽ കുടുംബവുമായി. മുളങ്കൂട്ടങ്ങൾ നിറഞ്ഞ കാവേരി നിസർഗധാം എന്ന ദ്വീപിൽ അരുവിയിലേക്കിറങ്ങിപ്പോകാവുന്ന കൈവരിക്കരികിൽ രണ്ടാമത്തെ തവണ ചെന്നപ്പോൾ പെട്ടെന്ന് ഇവിടെ ഇതേ സ്ഥലത്ത് മുമ്പ് ഞാൻ വന്നിട്ടുണ്ട് എന്ന് മനസ്സിൽ പറഞ്ഞു. ഈ വാക്യമാണ് പ്രകാശദൂരങ്ങൾ എന്ന കഥയെഴുതുമ്പോൾ ‘ജയിംസ്, ഞാനിവിടെ വന്നിട്ടുണ്ട്. ഇവിടെ ഈ കൈവരിയിൽ പിടിച്ചു നിന്നിട്ടുണ്ട്’ എന്ന് കഥാപാത്രമായ കമല പറയുന്നത്. ചാവുകളി എന്ന കഥ ഞാൻ തൃശ്ശൂരിൽ ജോലി ചെയ്യുമ്പോൾ ഇടിച്ചുനാശമായ വാഹനങ്ങൾ എടുക്കാനായി ഓഫിസിൽ വന്ന (ഇൻഷുറൻസ് കമ്പനികളിൽ അങ്ങനെയുള്ള ഏർപ്പാടുകളുണ്ട്) അധോതലബന്ധം അവകാശപ്പെട്ട ഒരു സന്ദർശകനിൽ നിന്നാണ്. അങ്ങനെ പലതരത്തിൽ കഥകൾ വരാം. പിന്നീട് അവയെ മാറ്റിയും മറിച്ചും എഴുതിനോക്കുന്നു, പരിഷ്‌കരിക്കുന്നു. എഴുത്തിനിടയിൽത്തന്നെ വിചാരിച്ചിരുന്ന പ്രമേയങ്ങൾ മാറിവരുന്നു. ഈയിടെ എഴുതിയ വ്യാഘ്രവധു എന്ന കഥ അതിലെ പ്രമേയം സൂചിപ്പിക്കുന്നതു പോലെ സുന്ദർബൻസ് യാത്രയുടെ പശ്ചാത്തലത്തിൽ എഴുതിയ ഒന്നാണ്. പക്ഷേ, എഴുത്തിനിടയിൽ അറിയാതെ ചില കഥാപാത്രങ്ങൾ കൂടെ വന്നു. ദിബാകർ ബിശ്വാസ് അത്തരമൊരു കഥാപാത്രമാണ്.

ജ്ഞാനഭാരം എന്ന നോവലിന്റെ തുടക്കവും അങ്ങനെ ചില അനുഭവങ്ങളിൽ നിന്നാണ്. പുണെയിൽ വച്ച് പ്രായം ചെന്ന ഒരു മനുഷ്യനെ പരിചയപ്പെട്ടിരുന്നു. അയാളുടെ ജീവിതത്തിന്റെ ഏകാന്തതയിൽ നിന്നാണ് നോവലുണ്ടാവുന്നത്. നേരത്തേ പറഞ്ഞ പരുന്ത് എന്ന കഥ ഏറെക്കുറെ കൃത്യമായ ഭൂപ്രകൃതിയെ അവലംബിച്ചെഴുതിയതാണ്. അങ്ങനെ കഥകൾ മുഴുവനായോ അതിലെ ചില സന്ദർഭങ്ങളോ ഒക്കെ എനിക്കു ജീവിതത്തിൽ വീണുകിട്ടുന്നതാണ്. 

 

വിചാരമാണോ വികാരമാണോ കഥയിൽ മുന്നിട്ടു നിൽക്കേണ്ടത് എന്ന ചോദ്യം എല്ലാ എഴുത്തുകാരെയും പിന്തുടരുന്നുണ്ടാവാം. താങ്കളുടെ കഥകളിൽ പൊതുവേ വിചാരത്തിന് പ്രഥമ സ്ഥാനമുണ്ട്. പക്ഷേ, പണയവും സിനിമാ പറുദീസയും ഇമോഷനൽ കഥകളാണ്. വായിച്ചു തീരുമ്പോൾ കണ്ണു നനയും. താങ്കൾ ഇഷ്ടപ്പെടുന്നത് (എഴുതാനായാലും വായിക്കാനായാലും) ഏതുതരം കഥകളാണ്?

 

അങ്ങനെയൊരു പ്രത്യേകതരം കഥകൾ മാത്രമല്ലല്ലോ നമ്മളെല്ലാവരും വായിക്കുന്നത്. ഒരാളിൽ പല സമയത്തും പല ആളുകളുണ്ടെന്നു തോന്നിയിട്ടുണ്ട്. ചിന്തിക്കുന്ന മനുഷ്യരിൽ കരയുന്ന മനുഷ്യനുമുണ്ട്. രണ്ടു തരത്തിലുള്ള രചനകളും സിനിമകളും എനിക്കിഷ്ടമാണ്.

 

നോവലും കഥയും യാത്രാവിവരണവുമൊക്കെ എഴുതുന്ന ആളാണല്ലോ. അനായാസം എഴുതാൻ കഴിയുന്നത് ഏതാണ്?

 

അനായാസമായി ഒന്നും എഴുതാൻ പറ്റില്ല. പത്രപ്രവർത്തക സുഹൃത്തുക്കളൊക്കെ പെട്ടെന്ന് വലിയ ലേഖനങ്ങൾ എഴുതുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഒരു പക്ഷേ, പരിശീലനത്തിന്റെയും നിത്യഭ്യാസത്തിന്റെയും സഹായം കൊണ്ടാവണം. എനിക്ക് പതുക്കെ, സമയമെടുത്താണ് എഴുതാൻ സാധിക്കുക. അപൂർവം ചില കഥകൾ ഒറ്റയടിക്ക് എഴുതിയിട്ടുണ്ട്. പക്ഷേ, അവയുടെ എണ്ണം വളരെ കുറവാണ്. ആദ്യഖണ്ഡികയുടെ ആ കഠിനനദി കടന്നുകിട്ടുകയാണ് ഏറ്റവും വലിയ പണി. വെട്ടിയും തിരുത്തിയും സ്വയം ഒരു പരുവമാവും. ഈയിടെയായി ബംഗാളിലെ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മാതൃഭൂമി വാരാന്തപ്പതിപ്പിൽ മിഷ്ടി ദൊയ് എന്നൊരു പംക്തി എഴുതുന്നുണ്ടല്ലോ. ഓരോ ലേഖനവും എഴുതുന്നതിനു പിന്നിൽ കുറെ വായനകൾ വേണ്ടി വരാറുണ്ട്. സിനിമകൾ കാണേണ്ടിവരാറുണ്ട്. അതിനെല്ലാം ശേഷം കുറിപ്പുകളെഴുതി, പിന്നെ വികസിപ്പിച്ചെഴുതി -അങ്ങനെയൊരു നീണ്ട പ്രോസസ് ആണ് എഴുത്ത്. അതുകൊണ്ടുതന്നെ എഴുത്തിൽനിന്നു മാറി വെറുതേ ഇരിക്കുക എന്നതിലാണ് കൂടുതൽ സുഖം. 

 

പല പല സംസ്ഥാനങ്ങളിലാണ് താങ്കളുടെ കഥകൾ സംഭവിക്കുന്നത്. അതുകൊണ്ട് അവയ്ക്ക് ആകമാനത്തിലൊരു അഖില ഭാരതീയത ഉണ്ട്. നല്ല നല്ല കഥകൾ വായിക്കുമ്പോൾ മനസ്സുകൊണ്ട് നമ്മൾ ആ പ്രദേശങ്ങളിലൊക്കെ ജീവിക്കുന്നുമുണ്ട്. കഥയിലൂടെ നമ്മിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്വാതന്ത്ര്യബോധത്തെയും ദേശീയബോധത്തെയും എങ്ങനെ വ്യാഖ്യാനിക്കും?

 

എഴുത്തുകാർ തികച്ചും പ്രാദേശികമായ കഥകളും ഒപ്പം തന്നെ കുറേക്കൂടി വിസ്തൃതമായ ഭൂമികകളെ ഉൾക്കൊള്ളുന്ന കഥകളും എഴുതാറുണ്ടല്ലോ. രണ്ടു രീതിയിലും നല്ല രചനകൾ ഉണ്ടാവുന്നു. പക്ഷേ, പ്രാദേശികമായ രചനകൾ നമ്മുടെ ഭാഷയ്‌ക്കോ സംസ്‌കാരത്തിനോ പുറത്ത് ആളുകൾക്കു മനസ്സിലാവണം എന്നില്ല. ഖസാക്കിന്റെ ഇതിഹാസം, കടൽത്തീരത്ത്... അങ്ങനെ പ്രാദേശികധാരയിൽ ഉള്ള വലിയ രചനകളുണ്ട്. സുഭാഷ് ചന്ദ്രന്റെ പറുദീസാനഷ്ടം കേരളരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് എഴുതപ്പെടുന്നത്. ഇ.എം.എസ്, കേരളത്തിലെ കമ്യൂണിസ്റ്റ് പശ്ചാത്തലം, അതേസമയം ലോകത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടേയും തകർച്ച ഇതെല്ലാം ആ കഥയിൽ വരുന്നു. അതേ സമയം പുത്രകാമേഷ്ടി എന്ന കഥയ്ക്ക് യൂണിവേഴ്‌സലായ ഒരു മാനമുണ്ട്. രണ്ടും മികച്ച കഥകളല്ലേ? അതേ പോലെ എസ്. ഹരീഷിന്റെ ആദം എന്ന കഥയ്ക്ക് പ്രാപഞ്ചികമാനമുണ്ട്, മോദസ്ഥിതനായി... എന്നത് വളരെ നല്ല കഥയാവുമ്പോഴും ഒരു മലയാളിക്കേ അതു പൂർണമായി മനസ്സിലാവുകയുള്ളൂ. അങ്ങനെ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരുടെ രചനകൾ നോക്കൂ, ഈ കാര്യം കാണാൻ സാധിക്കും.

ഞാൻ അഞ്ചുവർഷം കേരളത്തിനു വെളിയിൽ ജീവിച്ചതുകൊണ്ട് ആ പരിസരങ്ങൾ എന്റെ കഥയിൽ വന്നു. ഒരു മലയാളി അന്യജീവിതങ്ങളുടെ നിസ്സംഗനായ നിരീക്ഷകൻ എന്ന നിലയിൽ കാണുന്നതായിട്ടാണ് എന്റെ സമീപകാലകഥകളും നോവലും. ഒന്നുരണ്ടു രചനകൾ കൂടി അങ്ങനെ എഴുതാനുണ്ട്. അജ്ഞാതനായി പുറത്തുജീവിക്കുക എന്നത് വലിയ സ്വാതന്ത്ര്യം തന്നെയാണ്. അത്തരം അജ്ഞാതവാസം ചില സമയങ്ങളിൽ ഞാൻ മിസ്സ് ചെയ്യുന്നു എന്നു പറയാം. 

ദേശീയബോധത്തെക്കുറിച്ചു ചോദിക്കുന്നത് കുറെക്കൂടി വിശാലമായ അർഥത്തിലാണെന്നു വിചാരിക്കുന്നു. പോയ നൂറ്റാണ്ടിന്റെ തുടക്കവർഷങ്ങളിൽ വലിയ മനുഷ്യർ അത്തരം ചില ആശയങ്ങൾ ഉയർത്തിയിട്ടുള്ളവരാണ്. ബർണാഡ് ഷാ, ആൽഡസ് ഹക്‌സിലി, ഐൻസ്റ്റീൻ, ചാപ്ലിൻ... അവരൊക്കെ സാർവദേശീയതയെ ഉൾക്കൊണ്ടിരുന്നു. ഇന്ത്യയിൽ വിശ്വമാനവികതയെ ഉയർത്തിക്കാണിച്ച ടഗോർ, ഗാന്ധിജി, നെഹ്‌റു.. ഇവരൊക്കെ ദേശീയവാദികളായിരിക്കെത്തന്നെ ആഗോളമായൊരു അവബോധം സൂക്ഷിച്ചവരായിരുന്നു. നിർഭാഗ്യവശാൽ, അവനവൻ ജനിച്ച, ജീവിക്കുന്ന പ്രദേശത്തെ മാത്രം ഉയർത്തിക്കാട്ടുന്ന, അവനവന്റെ മത, രാഷ്ട്രീയ സങ്കുചിത വീക്ഷണങ്ങളെ മാത്രം താലോലിക്കുന്ന ഒരു പിന്തിരിപ്പൻ കാലത്തിലേക്ക് ലോകം ഒരു നൂറ്റാണ്ടുകൊണ്ട് തിരിച്ചുനടന്നിട്ടുള്ളതായി തോന്നുന്നു.

 

തൊഴിൽ സംബന്ധമായി ഏറെക്കാലം കേരളത്തിന് പുറത്ത് ജീവിക്കേണ്ടി വന്നിട്ടുണ്ട്. ജോലിയാകട്ടെ എഴുത്തുമായി ബന്ധമില്ലാത്തതും. കേരളത്തിൽനിന്ന് അകന്നു കഴിയേണ്ടി വന്നതും ഒരു ബന്ധവുമില്ലാത്ത ജോലി ചെയ്യേണ്ടി വന്നതും ഒക്കെ സൃഷ്ടിച്ച മാനസിക സംഘർഷത്തെ മറികടന്നതെങ്ങനെ? 

 

ഞാൻ നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ 30 വർഷത്തിലധികം ജോലി ചെയ്തു. രണ്ടുവർഷം മുമ്പ് ഒരു പ്രമോഷനുവേണ്ടിയുള്ള ഇന്റർവ്യൂവിന് ചെന്നപ്പോൾ, എഴുത്തുകാരനാണ് എന്നറിഞ്ഞപ്പോൾ, ഇതേപോലുള്ള ഒരു ചോദ്യമുണ്ടായി. എങ്ങനെയാണ് വ്യത്യസ്തമായ എഴുത്തും ഇൻഷുറൻസും തമ്മിൽ ഒരുമിച്ചുകൊണ്ടുപോകുന്നത് എന്ന്. ഞാൻ പറഞ്ഞു: 'എഴുത്തും ഇൻഷുറൻസും അങ്ങനെ വ്യത്യാസമുള്ള കാര്യങ്ങളല്ല. രണ്ടും രണ്ടുരീതിയിൽ ദുരന്തങ്ങളെ (TRAGEDIES) കൈകാര്യം ചെയ്യുന്നുണ്ടല്ലോ.' പിരിമുറുക്കമുള്ള ജോലികളുണ്ട്. അതേസമയം, വളരെ ആസ്വദിച്ചും ജോലി ചെയ്തിട്ടുണ്ട്. ജോലി ചെയ്യുന്ന സമയത്ത് പൂർണമായും നമ്മൾ അതിൽത്തന്നെയായിരിക്കാനാണ് നോക്കാറ്. മറ്റൊന്നിനും സമയം കിട്ടിയെന്നുവരില്ല. ഉദാഹരണത്തിന് 2000 മുതൽ 2010 വരെ എഴുതിയതിന്റെ പകുതിയേ 2010 മുതലുള്ള 10 വർഷം എഴുതിയിട്ടുള്ളൂ.

 

ജോലിയിൽനിന്നു  നേരത്തേ വിരമിച്ചതിനെപ്പറ്റി...

 

കുറച്ചുകൂടി മന്ദഗതിയിലുള്ള ഒരു ജീവിതത്തിനുവേണ്ടിത്തന്നെയാണ്. ‘നാരകങ്ങളുടെ ഉപമ’ എന്ന കഥയിൽ അതു പറയുന്നുണ്ട്. 2018 ൽ ആണ് അതെഴുതുന്നത്. കൂടുതൽ ചെറുപ്പമായിരിക്കുമ്പോൾ രണ്ടും കുറെയൊക്കെ ഒരുമിച്ചുകൊണ്ടുപോകാൻ കഴിഞ്ഞെന്നുവരാം. പോകെപ്പോകെ, ഉയർന്ന ജോലികളിലേക്കു പോകുമ്പോൾ നമുക്ക് കൂടുതൽ ഉത്തരവാദിത്തമുള്ള കാര്യങ്ങൾ വരും. വലിയ ശ്രദ്ധ കൊടുക്കേണ്ട വളരെ സാമ്പത്തികപ്രാധാന്യമുള്ള ഫയലുകൾ... അങ്ങനെ.. എളുപ്പമല്ല. കുറച്ചുകാലമായി ആലോചിച്ചുകൊണ്ടിരുന്ന കാര്യമാണ് വിരമിക്കുക എന്നത്. വളരെയധികം സമയം ജോലിക്കു വേണ്ടി ചെലവഴിക്കുക, അങ്ങനെ സാധിക്കാതെ വരും എന്നു തോന്നിയപ്പോഴാണ് അത്. പിന്നെ കുറേക്കാലമായി ഒരേ തൊഴിലിൽത്തന്നെ തുടരുകയല്ലേ? വായിക്കാനും യാത്ര ചെയ്യാനും സിനിമ കാണാനും, ചിലപ്പോഴെങ്കിലും എഴുതാനുമൊക്കെയുള്ള സമയം കണ്ടെത്തേണ്ടതുണ്ടല്ലോ. ആകെക്കൂടി ഒരു ജീവിതമല്ലേ ഉള്ളൂ? എല്ലാം കൂടി നടക്കുകയില്ല. (പരലോകത്തിൽ അങ്ങനെ വിശ്വാസവുമില്ല.) 

 

Content Summary : Pusthakakkazcha Column by Ravi Varma Thampuran on E. Santhosh Kumar