ചുറ്റുമുള്ളവരുടെ സന്തോഷവും സങ്കടവും ദേഷ്യവും സ്നേഹവുമെല്ലാം പതിയുന്നൊരു ഒപ്പു കടലാസാണ് നവീന്റെ മനസ്സ്. യാത്രയ്ക്കിടയിൽ ഉള്ളിൽ കോറിയിടുന്നൊരു ദൃശ്യം, വീട്ടിലെത്തുന്നൊരാളുടെ കണ്ണിലെ ആഴം, ജോലിക്കിടയിലൊരു ഫയലിൽ നിന്നുയരുന്ന നിലവിളി തുടങ്ങിയവ അതുകൊണ്ടുതന്നെ ആ മനസ്സിൽ കുടികിടപ്പു തുടങ്ങും. പിന്നീടു

ചുറ്റുമുള്ളവരുടെ സന്തോഷവും സങ്കടവും ദേഷ്യവും സ്നേഹവുമെല്ലാം പതിയുന്നൊരു ഒപ്പു കടലാസാണ് നവീന്റെ മനസ്സ്. യാത്രയ്ക്കിടയിൽ ഉള്ളിൽ കോറിയിടുന്നൊരു ദൃശ്യം, വീട്ടിലെത്തുന്നൊരാളുടെ കണ്ണിലെ ആഴം, ജോലിക്കിടയിലൊരു ഫയലിൽ നിന്നുയരുന്ന നിലവിളി തുടങ്ങിയവ അതുകൊണ്ടുതന്നെ ആ മനസ്സിൽ കുടികിടപ്പു തുടങ്ങും. പിന്നീടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റുമുള്ളവരുടെ സന്തോഷവും സങ്കടവും ദേഷ്യവും സ്നേഹവുമെല്ലാം പതിയുന്നൊരു ഒപ്പു കടലാസാണ് നവീന്റെ മനസ്സ്. യാത്രയ്ക്കിടയിൽ ഉള്ളിൽ കോറിയിടുന്നൊരു ദൃശ്യം, വീട്ടിലെത്തുന്നൊരാളുടെ കണ്ണിലെ ആഴം, ജോലിക്കിടയിലൊരു ഫയലിൽ നിന്നുയരുന്ന നിലവിളി തുടങ്ങിയവ അതുകൊണ്ടുതന്നെ ആ മനസ്സിൽ കുടികിടപ്പു തുടങ്ങും. പിന്നീടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റുമുള്ളവരുടെ സന്തോഷവും സങ്കടവും ദേഷ്യവും സ്നേഹവുമെല്ലാം പതിയുന്നൊരു ഒപ്പു കടലാസാണ് നവീന്റെ മനസ്സ്. യാത്രയ്ക്കിടയിൽ ഉള്ളിൽ കോറിയിടുന്നൊരു ദൃശ്യം, വീട്ടിലെത്തുന്നൊരാളുടെ കണ്ണിലെ ആഴം, ജോലിക്കിടയിലൊരു ഫയലിൽ നിന്നുയരുന്ന നിലവിളി തുടങ്ങിയവ അതുകൊണ്ടുതന്നെ ആ മനസ്സിൽ കുടികിടപ്പു തുടങ്ങും. പിന്നീടു മറ്റൊരു കാഴ്ചയായി, മറ്റൊരു നോവായി, മറ്റൊരു തേങ്ങലായി അവ കഥയുടെ രൂപത്തിൽ പുറത്തെത്തും. നമുക്കു ചുറ്റുമുള്ളവർ തന്നെയാണു നവീൻ എസ്. എന്ന എഴുത്തുകാരന്റെ കഥാപാത്രങ്ങളേറെയും. ആക്രമിക്കപ്പെടുന്ന സ്ത്രീത്വം, കോവിഡിനെത്തുടർന്ന് ഉപജീവനമാർഗം നഷ്ടപ്പെട്ടവർ, പുതിയകാലത്തിലേക്കു പരിണമിക്കപ്പെടാതെ കാലഹരണപ്പെടുന്നവർ, ബന്ധങ്ങളുടെ തകർച്ചയും തളിർക്കലും തുടങ്ങി വ്യവസ്ഥിതിയോടു കലഹിച്ചു ജീവിതത്തിൽ തോറ്റുപോകുന്നവരുടെയും അപൂർവമായി മാത്രം ജയിക്കുന്നവരുടെയും കഥകളാണു നവീൻ പറയുന്നത്. ആ കഥകൾ വായനക്കാരെ അസ്വസ്ഥരാക്കുന്നു, ചിന്തിപ്പിക്കുന്നു. ഗുൽമോഹർ തണലിൽ, ‘ഗോ’സ് ഓൺ കൺട്രി, ഒരു വായനക്കാരൻ എഴുതിയ കഥകൾ എന്നിവയാണു നവീൻ എഴുതിയ പുസ്തകങ്ങൾ. 

 

ADVERTISEMENT

‘പോയാലൊരു ചിരി അത്രല്ലേള്ളൂ’. പുഞ്ചിരിയുടെ പ്രത്യയശാസ്ത്രം എന്ന കഥ സ്ത്രീകളുടെ നിതാന്തമായ ആശങ്കകളെയും ഭയത്തെയും അതു മറികടക്കാനുള്ള വിവിധ ശ്രമങ്ങളെയും അടയാളപ്പെടുത്തുന്നതാണ്. ഭയത്തെ ഒരു പുഞ്ചിരി കൊണ്ടു മറച്ചുപിടിക്കുന്നതുൾപ്പെടെയുള്ള എത്രയെത്ര സർക്കസുകളിലൂടെയാണു സ്ത്രീകൾ ഇവിടെ ഓരോ ദിവസവും ജീവിച്ചു തീർക്കുന്നതെന്നു കഥ ഓർമപ്പെടുത്തുന്നു. കഥയിലെ നായകന്റെ ഭാഗത്തുനിന്നു നോക്കുമ്പോൾ നവീൻ പുരുഷൻമാരോട് എന്തു പറയാനാണു ശ്രമിച്ചത്? 

 

‘‘സ്ത്രീകളെ ഉപദേശിച്ചതു മതി; ഇനി ആണുങ്ങളോട് നന്നാവാൻ പറയൂ’’ എന്ന പ്രസക്തമായ ആവശ്യത്തോട് ഐക്യപ്പെട്ടു കൊണ്ടു തന്നെ പറയട്ടെ, സ്ത്രീകളോടു ചിലതു പറയാനാണ് ആ കഥയിലൂടെ ഞാൻ ശ്രമിച്ചത്. ഒറ്റയായ ഒരു പെണ്ണിനെ ആക്രമിക്കുന്ന ഒരാണിന്റെ മാനസികാവസ്ഥ ഭീതിദമാണ്. കടിക്കാൻ വരുന്ന പട്ടിയെ കണ്ടാൽ ഭയന്ന് ഓടരുതെന്നാണു പറയുക. തിരിഞ്ഞു നിന്ന് ഒരു കല്ലെറിയാനോങ്ങിയാൽ അതു തിരിഞ്ഞോടിക്കൊള്ളും. അതേപോലെ, ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ധൈര്യം കാണിക്കാൻ പെണ്ണിനു കഴിയട്ടെ എന്ന പ്രതീക്ഷയാണ് ആ കഥ. സ്വയം കരുതാൻ പെപ്പർ സ്പ്രേയും സേഫ്റ്റി പിന്നും കൊടുത്തു വിടുന്നതിനൊപ്പം അതൊക്കെ ആവശ്യത്തിന് ഉപയോഗിക്കാനുള്ള ധൈര്യം കൂടി പെൺകുട്ടികൾക്ക് പകർന്നു നൽകാൻ നമുക്കാവണം. കഥയുടെ പേരു സൂചിപ്പിക്കുന്ന പോലെ ഒരു പ്രത്യയശാസ്ത്രമാണു ഞാൻ മുന്നോട്ടു വയ്ക്കുന്നത്. സ്ത്രീകളുടെ ധീരമായ പ്രതികരണം എല്ലായ്പ്പോഴും ഫലവത്താവണമെന്നില്ല. ഇനി അഥവാ ആക്രമിക്കപ്പെട്ടാലും, ഒരു പേപ്പട്ടി കടിച്ച ലാഘവത്തോടെ ആ ദുരനുഭവത്തെ മറന്നു കളയാൻ പെൺകുട്ടിയെ സഹായിക്കുന്ന തരത്തിൽ കുടുംബ/സാമൂഹിക വ്യവസ്ഥിതി മാറണം. ആണുങ്ങളോട് ഇത്രയേ പറയുന്നുള്ളൂ; ലഹരിയും പ്രണയവും നൽകിയാൽ വളഞ്ഞു പോകുന്നത്ര അശക്തരാണ് സ്ത്രീകളെല്ലാമെന്ന മിഥ്യാധാരണ മാറ്റേണ്ടതുണ്ട്. ഒരു പെണ്ണ് നേരേ കണ്ണിൽ നോക്കി ചിരിച്ചാൽ ചോർന്നു പോകുന്നത്രയും ശിഥിലമാണ് ഊതിപ്പെരുപ്പിച്ച ആണത്തമെന്നാണു കഥയിലൂടെ പറയാൻ ശ്രമിച്ചത്.

 

ADVERTISEMENT

ജീവിതത്തിലെ നിഷ്ക്രിയ ആസ്തികൾ പലർക്കും പലതായിരിക്കും. ചിലർക്കതു സ്വത്തും പണവുമായിരിക്കുമ്പോൾ മറ്റു ചിലർക്കതു ബന്ധങ്ങളായിരിക്കും. ‘നിഷ്ക്രിയ ആസ്തി’യിലെ തോമസ് സാറിനതു തന്റെ ബന്ധങ്ങളായിരുന്നു. ആശുപത്രിയിൽ വച്ചു പരിചയപ്പെട്ട നഴ്സ് ആൻ മരിയ അഗസ്റ്റിനെ വീട്ടിലേക്കു കൂട്ടുമ്പോൾ ആ വയോധികന്റെ നിഷ്ക്രിയ ആസ്തികളിൽ കാര്യമായ കുറവുണ്ടാകുകയാണ്. ബാങ്കിങ് രംഗത്തെ അനുഭവങ്ങളിൽ നിന്നാണോ ഈ കഥയുണ്ടാകുന്നത്?

 

വളരെ ശരിയാണ്. ബാങ്കിങ് അനുഭവം നൽകിയ കഥയാണിത്. സ്റ്റേറ്റ് ബാങ്കിന്റെ കുട്ടനാടൻ ബ്രാഞ്ചിലെ സേവന കാലത്ത് ഒരുപാട് ‘‘ആൻ മരിയമാരെ’’ കണ്ടിട്ടുണ്ട്. കാർഷിക വായ്പ കഴിഞ്ഞാൽ പിന്നെ നഴ്സിങ് പഠനത്തിനായുള്ള വിദ്യാഭ്യാസ വായ്പകളാവും അവിടങ്ങളിലെ ബാങ്ക് ശാഖകളിലേറെയും. കാലങ്ങൾക്കു ശേഷം, വായ്പ നൽകിയ മാനേജരും തിരിച്ചടവു മുടക്കി നടപടി നേരിട്ട വിദ്യാർഥിനിയും കണ്ടുമുട്ടിയാലെന്തു സംഭവിക്കുമെന്ന ചിന്തയാണ് ആ കഥയിലേക്കെത്തിച്ചത്. ഒരു ബാങ്കിനെ സംബന്ധിച്ചിടത്തോളം ആസ്തി എന്നത് അതു നൽകിയ വായ്പകളാണ്. ഒരുപാടു പരിശോധനകൾക്കും കണക്കുകൂട്ടലുകൾക്കും ശേഷം അനുവദിക്കപ്പെടുന്ന വായ്പയിൽനിന്നു പ്രതീക്ഷിക്കുന്ന വരുമാനത്തിലാണ് ബാങ്കിന്റെ നിലനിൽപ്. പക്ഷേ, ചിലപ്പോഴൊക്കെ കണക്കുകൂട്ടലുകൾ തെറ്റുന്നു. തിരിച്ചടവു മുടങ്ങുന്ന വായ്പയെ നിഷ്ക്രിയ ആസ്തിയായി കണക്കാക്കേണ്ടി വരുന്നു. കഥയിലെ തോമസ് സാറിന്റെ ആസ്തി അയാൾ ഏറെ പ്രതീക്ഷയോടെ നട്ടു നനച്ചു വളർത്തിയ രക്തബന്ധങ്ങളാണ്. പക്ഷേ, കണക്കുകൂട്ടലുകൾ പിഴച്ചത് തിരിച്ചറിയുമ്പോൾ അത്തരം ബന്ധങ്ങളെ, ജീവിതത്തിന്റെ കണക്കുപുസ്തകത്തിൽ, നിഷ്ക്രിയ ആസ്തികളായി അയാൾ തരം തിരിക്കുന്നു. ആൻ മരിയയുമായുള്ള അപ്രതീക്ഷിത കണ്ടുമുട്ടലും ഭാര്യയുമായി ചേർന്നെടുത്ത വലിയ തീരുമാനവും സാറിന് പുതിയ പ്രതീക്ഷകളാകുന്നു.

 

ADVERTISEMENT

എത്ര പെട്ടെന്നാണ് മനുഷ്യനും അവന്റെ സ്വപ്നങ്ങളും കാലഹരണപ്പെട്ടതാകുന്നതെന്ന് കുമാരേട്ടന്റെ കഥയിലൂടെ ‘ഇൻസ്റ്റലേഷൻ’ കാണിച്ചു തരുന്നു. മറ്റുള്ളവർക്കെല്ലാം പാട്ടവണ്ടിയാണെങ്കിലും അര നൂറ്റാണ്ട് പഴക്കമുള്ള അംബാസഡർ കാർ കുമാരേട്ടനു കുടുംബാംഗത്തെപ്പോലെയാണ്. അയാളുടെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾക്കെല്ലാം സാക്ഷിയായിരിക്കുന്നത് ആ കാറാണ്. അയാളെപ്പോലെ പുതിയ കാലത്തിനു പറ്റാത്ത മട്ടിൽ കാലഹരണപ്പെട്ടുപോയ ആ വണ്ടി ഒടുവിൽ ടയറുകളെലെല്ലാം ഊരിമാറ്റി കൊച്ചി ബിനാലെയിലെ ഒരു ഇൻസ്റ്റലേഷൻ ആയി മാറുന്നു. അതു കണ്ടുനിൽക്കാനാകാതെ കുമാരേട്ടനും ഈ ലോകത്തോടു വിടപറയുകയും ‘മരണ ഇൻസ്റ്റലേഷനായി’ മാറുകയും ചെയ്യുന്നു. ‘ഇൻസ്റ്റലേഷൻ’ എന്ന കഥ രൂപപ്പെട്ടതെങ്ങനെയാണ്?

 

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുമൊരിക്കൽ കിട്ടിയ പ്രീപെയ്ഡ് ടാക്സി അംബാസഡർ കാറായിരുന്നു. അതിൽ യാത്ര ചെയ്തപ്പോൾ ഈ കാറൊക്കെ ഇപ്പോഴുമുണ്ടോയെന്ന് അതിശയപ്പെട്ടിരുന്നു. ബിനാലെക്ക് പോയപ്പോൾ അവിടെ ബോഡി മുഴുവൻ പെയിന്റടിച്ചു വച്ച ഒരു കാറിന്റെ ഇൻസ്റ്റലേഷനും കണ്ടിട്ടുണ്ട്. പക്ഷേ, വർഷങ്ങളുടെ അന്തരമുള്ള ഈ രണ്ട് അനുഭവങ്ങളെങ്ങനെ ഒന്നിച്ചു ചേർന്ന് ഒരു കഥയായി മാറിയെന്നു ചോദിച്ചാൽ എനിക്കുത്തരമില്ല. നമ്മുടെ വീടിനുള്ളിൽ കണ്ണോടിച്ചാൽത്തന്നെ കാലഹരണപ്പെട്ടുപോയ എത്ര വസ്തുക്കൾ കാണാൻ സാധിക്കും. അവയെ ആശ്രയിച്ച് ജീവിതം പുലർത്തിയിരുന്നവർ വികസനത്തിന്റെ വേഗതക്കൊപ്പമെത്താനാകാതെ അരികുവൽക്കരിക്കപ്പെടുന്നവരാണ്. ഉദാഹരണത്തിന് എസ്ടിഡി ബൂത്ത് നടത്തിയിരുന്നവരും റേഡിയോ റിപ്പയർ ചെയ്തിരുന്നവരും. ഇവരെയൊക്കെയാണു കുമാരേട്ടൻ പ്രതിനിധാനം ചെയ്യുന്നത്.

നവീൻ എസ്.

 

‘‘അപ്പോഴേക്കും മാന്യവസ്ത്രധാരിയുടെ സഞ്ചിയിലെ തക്കാളികൾക്ക് വിയർപ്പിൽ കുതിർന്ന വായു ശ്വസിക്കാനാകാതെ ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു’’. ‘ഓർഗാനിക്’ എന്ന കഥയിലെ ട്വിസ്റ്റ് ആ അവസാന വരിയിലാണ്. ഒട്ടും ഓർഗാനിക് അല്ലാത്ത മാനസികാവസ്ഥ സൂക്ഷിക്കുന്ന മാന്യവസ്ത്രധാരിയായ ആളിന്റെ സഞ്ചിയിലെ ജൈവ തക്കാളികളും ഒടുവിൽ അയാളുടെ രീതിയിലേക്കു മാറുകയാണ്. മുഷിഞ്ഞ വസ്ത്രങ്ങളിഞ്ഞ കൃഷിക്കാരന്റെ വിയർപ്പുമണം അവരെയും അയാളെപ്പോലെ ശ്വാസം മുട്ടിക്കുന്നു. കപടതയുടെ പരാഗരേണുക്കൾ എത്രയെളുപ്പമാണു പടർന്നുകയറുന്നതെന്നു കഥ ചൂണ്ടിക്കാട്ടുന്നു. ആ കഥയെഴുതിയ അനുഭവം വ്യക്തമാക്കാമോ?

നവീൻ കുടുംബത്തോടൊപ്പം

 

ബെംഗളൂരുവിലെ ഓഫിസ് യാത്രകൾ മിക്കവാറും മെട്രോ ട്രെയിനിലാണ്. ആളുകൾ തിങ്ങി നിറഞ്ഞ കംപാർട്ട്മെന്റിൽ ഭൂരിഭാഗവും നല്ല രീതിയിൽ വസ്ത്രധാരണം നടത്തിയവരാവും. അതിനിടയിൽ അപൂർവം ചില ‘‘മുഷിഞ്ഞ വസ്ത്രധാരികളെ’’ എളുപ്പം കണ്ടുപിടിക്കാനാവും. ആ തിരക്കിലും അങ്ങനെയുള്ളവരോട് അകലം പാലിക്കാൻ ഞാനുൾപ്പെടുന്ന ‘മാന്യവസ്ത്രധാരികൾ’ നടത്തുന്ന ശ്രമങ്ങളിൽ നിന്നാണ് ആ കഥ രൂപപ്പെടുന്നത്. തെരുവിൽ സമരം ചെയ്യുന്ന കർഷകനെ പരിഹസിച്ച ശേഷം, അവൻ നട്ടു നനച്ചുണ്ടാക്കിയവ കൊണ്ടു വയറു നിറയ്ക്കുന്നവരോടുള്ള കലഹം കൂടിയാണ് ആ കഥ.

 

കൊറോണക്കാലത്തെ ഡിജിറ്റൽ ഡിവൈഡിന്റെ, സാമ്പത്തിക അസമത്വങ്ങളുടെ, തൊഴിൽ സുരക്ഷയില്ലായ്മയുടെ നേർചിത്രണമാണ് നവീന്റെ ഏറ്റവുമൊടുവിൽ പ്രസിദ്ധീകൃതമായ ‘അയൺമാൻ’ എന്ന കഥ. അയൺമാൻ എന്ന കരുത്തേറിയ പേരിനു പുറകിലെ നിസ്സഹായനായ, ദരിദ്രനായ, നിസ്വനായ, ഏറ്റവും സാധാരണക്കാരനായ മനുഷ്യന്റെ മാനസിക വ്യാപാരങ്ങൾ ഹ‍‍‍ൃദയസ്പർശിയായി കഥയിൽ അവതരിപ്പിച്ചിരിക്കുന്നു. ഈ കോവിഡ് കാലത്ത് ഇത്തരം ഒട്ടേറെ മനുഷ്യരെ വഴിയരികിലും കടകളിലും വീട്ടുമുറ്റങ്ങളിലും ഫ്ലാറ്റുകൾക്കു മുന്നിലും റോഡിലും നമ്മൾ കണ്ടുമുട്ടിക്കൊണ്ടേയിരിക്കുകയാണ്. ജീവിതം വൈറസ് ബാധയേറ്റു തകർന്നു തരിപ്പണമായിപ്പോയ നിശബ്ദ ഭൂരിപക്ഷങ്ങൾ. ആ കഥയെഴുതിക്കഴിഞ്ഞപ്പോൾ നവീന്റെ മനസ്സിലെന്തായിരുന്നു?

 

നവീൻ കുടുംബത്തോടൊപ്പം

ഞങ്ങളുടെ ഫ്ലാറ്റിലുമുണ്ടായിരുന്നു ഒരു ‘അയൺമാൻ’; രാജണ്ണ എന്ന കൃശഗാത്രനായ ഇസ്തിരിക്കാരൻ. ലോക്ഡൗണും തുടർന്നു വന്ന വർക്ക്-ഫ്രം-ഹോം സംവിധാനവും കാരണം വരുമാനം മുട്ടിയപ്പോൾ ആ വൃദ്ധന് ഉത്തര കർണാടകത്തിലെ ഏതോ ഗ്രാമത്തിലേക്ക് തിരിച്ചു പോകേണ്ടി വന്നു. അപാർട്ട്മെന്റിൽ കാർ വൃത്തിയാക്കുന്ന രമേഷാണ് മറ്റൊരാൾ. ആളുകൾ കാറുപയോഗിക്കുന്നത് കുറഞ്ഞതോടെ അയാളുടെ വരുമാനം നേർപകുതിയായി. എന്നാൽ, മറുവശത്ത് മക്കളുടെ പഠനം ഓൺലൈനായതോടെ, മൊബൈൽ ഫോണും അതിന്റെ റീച്ചാർജും പോലുള്ള അധികച്ചെലവുകൾ. കോവിഡ് മഹാമാരി കാരണം നടുവൊടിഞ്ഞ വലിയൊരു ജനവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് ഇവർ രണ്ടു പേരും. അവരുടെ ജീവിതവ്യഥ ഒരു കഥയിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ഒരു എഴുത്തുകാരനെന്ന നിലയിൽ ഉള്ളു പൊള്ളി എഴുതിയ കഥയാണത്.

 

നവീൻ കുടുംബത്തോടൊപ്പം

കാഴ്ചകളാണു നവീന്റെ കഥകളെന്നു തോന്നിയിട്ടുണ്ട്. ചുറ്റുമുള്ള കാഴ്ചകളെയെല്ലാം നവീൻ കഥകളാക്കി മാറ്റുന്നു. ഇവയിൽ പലതും നമ്മളെല്ലാവരും പലപ്പോഴും കാണുന്ന കാഴ്ചകളാണെങ്കിലും അതിനു പിന്നിലെ കഥകളിലേക്കു മനസ്സ് സഞ്ചരിക്കാറുണ്ടാകില്ല. കാഴ്ചകൾക്കു പിന്നിലെ ആ കഥകൾ കൃത്യമായി കണ്ടെടുക്കുന്നതിലാണു നവീന്റെ കഴിവ്. അതു ലളിതവും തീവ്രവുമായ ഭാഷയിൽ വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഒരു കഥയുടെ വിത്ത് മനസ്സിൽ വിതയ്ക്കപ്പെട്ട അനുഭവം ഒന്നു വിവരിക്കാമോ?

 

ശരിയായിരിക്കാം; പലരും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഞാൻ കഥകൾ തേടി പോകാറില്ല. യാത്രകളിലാണു മിക്ക കഥകളും ഞാൻ കണ്ടെത്തിയിട്ടുള്ളത്. കാണുന്നതിൽ മുഴുവൻ കഥയുണ്ടാവണമെന്നില്ല. പക്ഷേ, ചില കാഴ്ചകൾ/അനുഭവങ്ങൾ ഉള്ളിലങ്ങനെ ഉണർന്നു കിടക്കും. ഏതിരുട്ടിലും തെളിഞ്ഞു വരും. പിന്നെയൊരു തിക്കുമുട്ടലാണ്; അതു കഥയായി എഴുതുന്നതു വരെ. ഭാഷയെക്കുറിച്ചു പറഞ്ഞതു ശരിയാണ്. കഴിയുന്നത്ര നേരായ, ലളിതമായ ഭാഷയിൽ കഥ പറയാനാണു ഞാൻ ശ്രമിക്കുക. ഞാൻ വായിക്കാനിഷ്ടപ്പെടുന്ന ഭാഷ അങ്ങനെയാണ്. പറയാനുള്ള കാര്യത്തിൽ പൂർണവിശ്വാസമുണ്ടെങ്കിൽ അത് വളച്ചുകെട്ടി പറയേണ്ടതില്ലല്ലോ. എന്റെ ‘കഥാബീജം’ എന്ന കഥ, ഒരു കഥയുടെ വിത്ത് ഉള്ളിൽ വിതയ്ക്കപ്പെട്ടതിനെപ്പറ്റിയാണ്. പൂർണമായല്ലെങ്കിലും അതൊരു അനുഭവ കഥയാണ്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഒരു പുലർച്ചെയിൽ, ഒരമ്മൂമ്മ തനിയെ ഭാരവും പേറി ഫ്ലൈഓവറിന്റെ പടികൾ ബുദ്ധിമുട്ടി കയറുന്നതു കാണുകയും അവരെ സഹായിക്കുകയുമുണ്ടായി. ആ അനുഭവം പിന്നീടൊരു കഥയായി മാറുകയായിരുന്നു.

 

നവീൻ എഴുത്തിലേക്ക് വരുന്നതെങ്ങനെയാണ്? കവിത സമാഹാരം ആണല്ലോ ആദ്യം പ്രസിദ്ധീകരിച്ചത്? പിന്നീടു രണ്ടു കഥാസമാഹാരങ്ങളും. കഥയിൽ ഉറച്ചു നിൽക്കാമെന്ന തീരുമാനത്തിലെത്തുന്നതെങ്ങനെയാണ്? 

 

എഴുത്തിലേക്ക് വരുന്നത് ക്യാംപസ് കാലത്താണ്. പ്രണയവും രാഷ്ട്രീയവും പരുവപ്പെടുത്തിയ മനസ്സിൽ കവിത വിളയാനെളുപ്പമാണല്ലോ. എന്നെ സംബന്ധിച്ചിടത്തോളം ഉള്ളിലുയരുന്ന ചിന്തകളെ, അതേ തീവ്രതയോടെ, ഏറ്റവും ഒറിജിനലായി ആവിഷ്കരിക്കാനുതകുന്ന മാധ്യമം കവിതയാണ്. അതു കൊണ്ടാണ്, ചില കഥകളെഴുതിയിരുന്നെങ്കിലും, അക്കാലത്ത് കവിതകളുടെ സാധ്യത ധാരാളമായി ഉപയോഗപ്പെടുത്തിയത്. പിന്നീട്, ക്യാംപസിനു പുറത്തെ ലോകത്തിന്റെ വിശാലതയിലേക്ക് എടുത്തെറിയപ്പെട്ടതാേടെ പറയാനുള്ള വിഷയങ്ങളുടെ ഭൂമിക വലുതായി. അതെന്റെ എഴുത്തിന്റെ സ്വാഭാവം മാറ്റി. എന്റെ എഴുത്തിലെ ദൃശ്യപരതയ്ക്ക് കൂടുതൽ ഉതകുന്ന രൂപം കഥയാവുമെന്ന തിരിച്ചറിവിലാണ് കഥയിലേക്കു ചുവടു മാറിയത്. അതു തികച്ചും സ്വാഭാവികമായ ഒരു മാറ്റമായിരുന്നു. എന്നാലും, ഇപ്പോഴും ഇടയ്ക്കൊക്കെ ഓരോ കവിതാ പരീക്ഷണം നടത്താറുണ്ട്.

 

വായനയിൽ ഏറ്റവും സ്വാധീനിച്ച ഒരു പുസ്തകത്തെപ്പറ്റി പറയാമോ?

 

ഏറ്റവും നന്നായി നനഞ്ഞ മഴയേതെന്നതു പോലെ കൃത്യമായ ഉത്തരമറിയാത്ത ഒരു ചോദ്യമാണ്. വായിച്ചതെല്ലാം ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ; അതുകൊണ്ടു തന്നെ ആർത്തിയോടെ കൂടുതൽ കൂടുതൽ വായിക്കാനും ശ്രമിക്കുന്നു.

ജീവിതത്തിലെ ചില അനിശ്ചിതത്വങ്ങളുടെ സമയത്താണ് പൗലോ കൊയ്‌ലോയെ തുടർച്ചയായി വായിക്കുന്നത്. ‘ആൽക്കെമിസ്റ്റ്’, ‘സാഹിർ’ ഒക്കെ ആ സമയത്തെ ചിന്തകളെ, മാനസികനിലയെ ഒക്കെ ഏറെ സ്വാധീനിച്ചവയാണ്.

 

നവീന്റെ സമകാലികരായ എഴുത്തിന്റെ പുതുതലമുറയെ ശ്രദ്ധിക്കാറുണ്ടോ? സമീപകാലത്തു വായിച്ച കഥകളിൽ ഏറ്റവും ഇഷ്ടമായവയെപ്പറ്റി പറയാമോ?

 

തീർച്ചയായും. എല്ലാ തലമുറയിൽപ്പെട്ടവരെയും വായിക്കാറുണ്ടെങ്കിലും പുതിയ എഴുത്തുകാരുടെ കഥകൾക്ക് എപ്പോഴും പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. പുതിയ എഴുത്തുകാരുടേതായി അടുത്തിടെ വായിച്ച നല്ല കഥകളിൽ വിവേകേട്ടന്റെ ‘തടാകം’, മജീദിന്റെ ‘കുനാർ നദിക്കരയിലേക്ക് ഒരു രാത്രിയാത്ര’, രാഹുൽ ശങ്കുണ്ണിയുടെ ‘ചതുരമല’ ഒക്കെയാണ് പെട്ടെന്നോർമ വരുന്നത്.

 

നവീന്റെ ഹൃദയത്തിൽ സ്പർശിച്ച ഒരു വായനാക്കുറിപ്പ്, അല്ലെങ്കിൽ ഒരു വായനക്കാരന്റെ പ്രതികരണം?

 

വായനക്കാരന്റെ പ്രതികരണങ്ങൾ ഒരെഴുത്തുകാരന് എത്രത്തോളം പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. കഥകൾ വായിച്ചവരിൽനിന്നു ലഭിക്കുന്ന അഭിപ്രായങ്ങളൊക്കെ നല്ലവണ്ണം ശ്രദ്ധിക്കാറുണ്ട്. അവയൊക്കെ മുന്നോട്ടുള്ള എഴുത്തിനു സഹായകരമാവാറുമുണ്ട്. വായനക്കാരനെ മുഴുവനായി അവഗണിച്ചുള്ള എഴുത്തിനോട് യോജിപ്പില്ല. ഒരു വായനക്കാരനെയെങ്കിലും തൃപ്തിപ്പെടുത്താനായെങ്കിൽ എഴുത്ത് സഫലമായി എന്നാണ് എന്റെ വിശ്വാസം. എന്നെ ഏറ്റവും സ്പർശിച്ച ഒരു വായനാക്കുറിപ്പിനെ തിരഞ്ഞടുത്താൽ, അത് എഴുത്തുകാരി കൂടിയായ ഡോ.ശാലിനി ‘ഒരു വായനക്കാരനെഴുതിയ കഥകൾ’ എന്ന എന്റെ പുസ്തകത്തെ പറ്റി അടുത്തിടെ എഴുതിയ കുറിപ്പാണ്. എന്നെ നേരിട്ട് പരിചയമില്ലാതിരുന്ന അവർക്ക് മറ്റാെരു സുഹൃത്ത് വഴി പുസ്തകം ലഭിക്കുകയും അവരതു വായിച്ചു നല്ല രീതിയിൽ അവലോകനം നടത്തുകയും ചെയ്തിരുന്നു. എന്റെ എഴുത്തിന്റെ നല്ലതും മോശവുമായ വശങ്ങളെ കൃത്യമായി അപഗ്രഥിച്ചെഴുതിയ ആ കുറിപ്പ് എന്റെ എഴുത്തിന് വലിയ പ്രചോദനം നൽകി.

 

Content Summary: Puthuvakku Series - Talk with writer Naveen S.