ഓർമകളെക്കുറിച്ച് ശരിയായി ഓർക്കുന്നതു കൃത്യമായ രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. ജീവിതത്തിൽ നേരിട്ടതും അനുഭവിച്ചതുമായ നീതികേടുകളെക്കുറിച്ചുള്ള ബോധ്യം ഊട്ടിയുറപ്പിക്കാൻ അവ സഹായിക്കുന്നു. സഹജീവികളോടുള്ള ഇടപെടലുകളിൽ രാഷ്ട്രീയ ശരിയുടെ പക്ഷത്തു നിലയുറപ്പിക്കാൻ അവ കരുത്തു പകരുന്നു. വി.കെ. സഞ്ജു എഴുതിയ

ഓർമകളെക്കുറിച്ച് ശരിയായി ഓർക്കുന്നതു കൃത്യമായ രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. ജീവിതത്തിൽ നേരിട്ടതും അനുഭവിച്ചതുമായ നീതികേടുകളെക്കുറിച്ചുള്ള ബോധ്യം ഊട്ടിയുറപ്പിക്കാൻ അവ സഹായിക്കുന്നു. സഹജീവികളോടുള്ള ഇടപെടലുകളിൽ രാഷ്ട്രീയ ശരിയുടെ പക്ഷത്തു നിലയുറപ്പിക്കാൻ അവ കരുത്തു പകരുന്നു. വി.കെ. സഞ്ജു എഴുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർമകളെക്കുറിച്ച് ശരിയായി ഓർക്കുന്നതു കൃത്യമായ രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. ജീവിതത്തിൽ നേരിട്ടതും അനുഭവിച്ചതുമായ നീതികേടുകളെക്കുറിച്ചുള്ള ബോധ്യം ഊട്ടിയുറപ്പിക്കാൻ അവ സഹായിക്കുന്നു. സഹജീവികളോടുള്ള ഇടപെടലുകളിൽ രാഷ്ട്രീയ ശരിയുടെ പക്ഷത്തു നിലയുറപ്പിക്കാൻ അവ കരുത്തു പകരുന്നു. വി.കെ. സഞ്ജു എഴുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർമകളെക്കുറിച്ച് ശരിയായി ഓർക്കുന്നതു കൃത്യമായ രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. ജീവിതത്തിൽ നേരിട്ടതും അനുഭവിച്ചതുമായ നീതികേടുകളെക്കുറിച്ചുള്ള ബോധ്യം ഊട്ടിയുറപ്പിക്കാൻ അവ സഹായിക്കുന്നു. സഹജീവികളോടുള്ള ഇടപെടലുകളിൽ രാഷ്ട്രീയ ശരിയുടെ പക്ഷത്തു നിലയുറപ്പിക്കാൻ അവ കരുത്തു പകരുന്നു. വി.കെ. സഞ്ജു എഴുതിയ ‘മൗനത്തിന്റെ പരിഭാഷ’ ഗൃഹാതുരതയുടെ വെറുമൊരു പകർത്തിയെഴുത്തല്ലാതായി മാറുന്നതു നിശിതമായ ആ രാഷ്ട്രീയ നിരീക്ഷണങ്ങളാൽ കൂടിയാണ്. തലമുറ തലമുറയായി പകർന്നു കിട്ടുന്ന അത്യന്തം മനുഷ്യത്വവിരുദ്ധമായ ആശയങ്ങൾ ഈ തലമുറയെങ്കിലും ഉപേക്ഷിച്ചാൽ അടുത്ത തലമുറയിലെങ്കിലും വിവേചനം കുറഞ്ഞിരിക്കുമെന്നു ബോധ്യമുള്ളയാളാണ് ഈ എഴുത്തുകാരൻ. പ്രണയവും സൗഹൃദവുമെല്ലാം പങ്കിടാൻ ഭാഷ പോലും ആവശ്യമില്ലെന്നും നിശബ്ദതയുടെ സംഗീതം രണ്ടു പേർ ഒരുപോലെ ആസ്വദിക്കുന്നിടത്താണു പ്രണയം വിരിയുന്നതെന്നും ‘മൗനത്തിന്റെ പരിഭാഷ’ എന്ന ഈ മനോഹരമായ പുസ്തകം പറഞ്ഞുവയ്ക്കുന്നു.

 

ADVERTISEMENT

ഗന്ധങ്ങൾ ഓർമകളിലേക്കുള്ള പാസ്‌വേഡ് ആണെന്നു സഞ്ജുവിന്റെ പുസ്തകം വായിച്ചപ്പോൾ തോന്നി. തിരുവനന്തപുരം കമലാലയം ലോഡ്ജിലെ മുഷിഞ്ഞ കുഴമ്പ് മണം, രാത്രിഗന്ധമുള്ള നക്ഷത്രങ്ങൾ, ചെമ്പകഗന്ധമൂറുന്ന മുടിയിഴകൾ, എറണാകുളം മറൈൻ ഡ്രൈവിലെ പായലിന്റെ മണം തുടങ്ങി സഞ്ജു ഓർത്തെടുക്കുന്ന മണങ്ങൾ പലതും വർത്തമാനകാലത്തിൽനിന്നു ഭൂതകാലത്തിലേക്കു നീണ്ട പാലങ്ങളായിരുന്നു. എങ്ങനെയാണ് ‘മൗനത്തിന്റെ പരിഭാഷ’യിലേക്ക് ഈ മണങ്ങൾ കയറിവന്നത്?

 

ഗന്ധം മാത്രമല്ല, ഇതിൽ ആവർത്തിച്ചു വരുന്ന പല ഘടകങ്ങളും പ്ലാൻ ചെയ്ത് എഴുതിയതല്ല, ഓർമകളുടെ സ്വാഭാവികമായ ഭാഗം തന്നെയാണതെല്ലാം. ഇരുപതു വർഷം മുൻപെഴുതിയ കുറിപ്പിലാണു രാത്രിയുടെ ഗന്ധമൊക്കെ വന്നിട്ടുള്ളത്. ഇടക്കാലത്ത് എഴുതിയ ഒന്നിൽ കുഴമ്പുമണവും ഏറ്റവുമൊടുവിൽ പായലുമെല്ലാം വന്നിട്ടുണ്ട്. ആറ് ഇന്ദ്രിയങ്ങളും സിങ്ക് ആയി കിടക്കുന്ന ഓർമകൾ മാത്രമായിരിക്കും ജീവസ്സോടെ നിലനിൽക്കുന്നത് എന്നതാവാം കാരണം. ഭക്ഷണത്തിന്റെ ഉദാഹരണമെടുത്താൽ, രുചി മാത്രമുണ്ടായിട്ടു കാര്യമില്ലല്ലോ. സ്വാദിനൊപ്പം, കണ്ടും കേട്ടും തൊട്ടും മണത്തും കൂടി അറിയുമ്പോഴാണ് രുചി പൂർണമാകുന്നത്. വീണ്ടും കഴിക്കണമെന്ന തോന്നൽ ഉണ്ടാകണമെങ്കിൽ ഇതെല്ലാം മനസ്സിൽ സ്റ്റോർ ചെയ്യപ്പെട്ടിരിക്കുകയും വേണം. ഓർമകളുടെ കാര്യത്തിലായാലും ഈ ആറു ഘടകങ്ങളും പാകത്തിനു ചേർന്നു കിടക്കണം. അക്കൂട്ടത്തിൽ ഗന്ധം സ്വാഭാവികമായ ഒരു അനിവാര്യതയായി മാറുകയാണ്.

 

ADVERTISEMENT

‘ഭൂതകാലത്തെക്കുറിച്ചു സംസാരിച്ചു സൗഹൃദം സ്ഥാപിക്കുന്നവർ പുരാണം പറഞ്ഞു കഴിയുമ്പോൾ വർത്തമാനകാലത്തിലേക്കു വർത്തമാനത്തെ പറിച്ചുനടും. അവിടെയും വാക്കുകൾ‌ക്കു മുട്ടുണ്ടാവാതെ വന്നാൽ മാത്രം ആ സൗഹൃദം കാലങ്ങളോളം നിലനിൽക്കും’. മൗനത്തിന്റെ പരിഭാഷ എന്ന പുസ്തകം ആത്യന്തികമായി സഞ്ജുവിന്റെ സൗഹൃദങ്ങളെക്കുറിച്ചുള്ള പുസ്തകം കൂടിയാണ്. മതിലിനു പുറത്തുനിന്ന് ഹായ് പറഞ്ഞവരെക്കുറിച്ചും, ഗേറ്റ് കടന്ന് മുറ്റത്തെത്തി വിശേഷം ചോദിച്ചവരെക്കുറിച്ചും പൂമുഖത്തു കയറിയിരുന്നവരെക്കുറിച്ചും അകത്തു കയറി ഊണുമേശയിലിരുന്നു ചായ കുടിച്ചവരെക്കുറിച്ചുമെല്ലാം സഞ്ജു എഴുതുന്നു. ആദ്യം പറഞ്ഞ ആ വാചകം പുസ്തകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട വാചകങ്ങളിലൊന്നായതും ആ സത്യസന്ധമായ അവതരണരീതി കൊണ്ടുകൂടിയാണ്. പുസ്തകമെഴുതിയപ്പോൾ എങ്ങനെയായിരുന്നു ആ സൗഹൃദങ്ങളുടെ വീണ്ടെടുപ്പ്?

 

രണ്ടു തരത്തിലുള്ള സുഹൃത്തുക്കളാണ് എനിക്കുള്ളതെന്നു തോന്നിയിട്ടുണ്ട്. ഒന്നാമത്തേത്, പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ ഫോണിലോ നേരിട്ടോ ഒക്കെ മണിക്കൂറുകളോളം വെറുതേ സംസാരിച്ചിരിക്കാൻ പറ്റുന്നവർ. അവിടെ രണ്ടു പേർക്കിടയിൽ പൂർണമാണ് ആ സൗഹൃദം. പക്ഷേ, അങ്ങനെയുള്ളവർ വളരെ കുറവായിരുന്നു എല്ലാ കാലത്തും, ഏറിയാൽ മൂന്നോ നാലോ പേർ. അത്തരം സൗഹൃദങ്ങൾ ശാന്തതയും സന്തോഷവും സമാശ്വാസവും സ്‌നേഹവുമൊക്കെയാണ്,  ആഘോഷങ്ങളല്ല. ഒന്നും മിണ്ടാതെ അടുത്തടുത്തിരുന്നാലും ബോറടിക്കില്ല. ഈ പുസ്തകത്തിന്റെ കാര്യത്തിൽപ്പോലും ഞാൻ അങ്ങനെയൊരാളോട് കടപ്പെട്ടിരിക്കുന്നു. ആ സൗഹൃദത്തിനു തന്നെയാണ് ഈ പുസ്തകം സമർപ്പിച്ചിട്ടുള്ളതും. രണ്ടാമത്തെ കാറ്റഗറിയിൽ വരുന്നത്, രണ്ടു പേരിൽ പൂർണമാകാതെ, സപ്ലിമെന്ററിയായി മൂന്നാമതൊരാൾ കൂടി ആവശ്യമുള്ള സൗഹൃദങ്ങളാണ്. എപ്പോൾ കണ്ടാലും അതിനു മുൻപ് അവസാനിപ്പിച്ചിടത്തുനിന്ന് തുടർന്നു നടക്കാൻ കഴിയുന്നവർ തന്നെയാണ് അവരും. പക്ഷേ, അവിടെ സൗഹൃദമെന്നാൽ അതൊരാഘോഷമാണ്. അങ്ങനെയുള്ളവരുടെ കാര്യത്തിൽ, മിനിമം മൂന്നു പേരെങ്കിലുമില്ലെങ്കിൽ അധികം ദൂരം ബോറടിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല. അത്തരം ബന്ധങ്ങൾക്കാണ് വീണ്ടെടുപ്പ് ആവശ്യമായി വന്നത്. ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ പലരും മനസ്സിലേക്ക് ഇടിച്ചു കയറിവരും. അപ്പോൾ അതേ ആവേശത്തോടെ വിളിക്കാനോ കാണാനോ ഒന്നുമുള്ള കംഫർട്ട് ലെവൽ എനിക്ക് ഉണ്ടായിരിക്കൊള്ളണമെന്നില്ല. ടെക്സ്റ്റ് ചെയ്യുന്നത് കൂടുതൽ എളുപ്പമാണു താനും. അതുകൊണ്ടുതന്നെ ഇതെഴുതുന്ന കാലത്ത് സോഷ്യൽ മീഡിയയിലും മറ്റും സ്വയമറിയാതെ കൂടുതൽ സജീവമായിട്ടുണ്ട്. അതിലൂടെ ഇത്തരത്തിൽ ചില സൗഹൃദങ്ങളുടെ വീണ്ടെടുപ്പ് സാധ്യമായിട്ടുമുണ്ട്.

തോറ്റവരുടെ ശ്മശാനം എന്ന അധ്യായം ആസ്‌പദമാക്കി സഞ്ജു വരച്ച പെയിന്റിങ്

 

ADVERTISEMENT

തമ്പാനൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോൾ പെയ്ത മഴ പിന്നീടെത്രയോ ട്രെയിൻ യാത്രകളിലും നടത്തങ്ങളിലും ബൈക്ക്, ബസ് യാത്രകളിലും പെയ്തത് പുസ്തകത്തിന്റെ ഓരോ താളുകളിലുമുണ്ട്. മഴ, മൗനം, മണം എന്നീ മൂന്നു ‘മ’കളിലായിരിക്കും ഒരുപക്ഷേ, ഈ പുസ്തകത്തിന്റെ സൗന്ദര്യാത്മകതയിരിക്കുന്നത്. എഴുത്തുകാരൻ നനഞ്ഞ ഓരോ മഴയും വ്യത്യസ്തമായിരിക്കുന്നതു പോലെയാണ് ഈ പുസ്തകത്തിന്റെ ഓരോ വായനയും വ്യത്യസ്തമായിരിക്കുന്നത്. ഓരോ വായനക്കാരനും ഓർമകളുടെ കംപ്യൂട്ടറിലേക്ക് ലോഗ് ഇൻ ചെയ്യാനൊരു വ്യത്യസ്ത പാസ്‌വേഡ് ‘മൗനത്തിന്റെ പരിഭാഷ’ നൽകുന്നുണ്ട്. പുസ്തകം വായിച്ചു കഴിയുമ്പോൾ ചെറിയൊരു മഴ നനഞ്ഞ പോലെ. മഴ എഴുത്തിലേക്ക് വന്നതെങ്ങനെയാണ്?

 

യഥാർഥത്തിൽ എഴുത്തിലേക്ക് മഴ കയറി വരുകയായിരുന്നില്ല, മഴയിലേക്ക് എഴുത്ത് ഇറങ്ങിച്ചെല്ലുകയായിരുന്നു. ഹൈസ്‌കൂൾ കാലത്തെപ്പോഴോ ഒരു പുതുമഴയുടെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയപ്പോഴാണ് കഥ പോലെ എന്തോ ഒന്ന് ആദ്യമായി എഴുതിയതെന്നാണ് ഓർമ. പിന്നീടു പലവട്ടം മഴയുടെ ആ മാജിക്ക് വ്യക്തിഗതമായി ആവർത്തിച്ചിട്ടുണ്ട്. ചിലപ്പോൾ, മഴയുടെ ശബ്ദവും ഗന്ധവും കുളിരുമെല്ലാം ചേർന്നു തലച്ചോറിലുണ്ടാക്കുന്ന എന്തെങ്കിലും രാസപ്രവർത്തനമായിരിക്കാം. തോറ്റവരുടെ ശ്മശാനം, കമലാലയം ലോഡ്ജ് തുടങ്ങിയ അധ്യായങ്ങളിൽത്തന്നെ പറയുന്നുണ്ട്, മഴയത്ത് പൊടിച്ചുവന്ന ഓർമകളാണവയെന്ന്. പിന്നീടു സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ജീവിതത്തിന്റെയുമെല്ലാം നിർണായകമായ വഴിത്തിരിവുകളിൽ മഴ മനോഹരമായ യാദൃച്ഛികതയായി കടന്നു വരുമ്പോൾ അതൊട്ടും അവഗണിക്കാനും സാധിക്കുമായിരുന്നില്ല. പക്ഷേ, 2018ലെ പ്രളയത്തിനു ശേഷം മഴയുണർത്തുന്ന വികാരങ്ങളിലേക്ക് വലിയ തോതിൽ മനസ്സ് ചായാതായിരിക്കുന്നു എന്നതും അനുഭവമാണ്.

 

‘മൗനത്തിന്റെ പരിഭാഷ’യുടെ വായന വെറുമൊരു ഗൃഹാതുരതയുടെ ഉൾക്കുളിർ മാത്രമല്ല സമ്മാനിക്കുന്നത്. തികച്ചും വ്യക്തിപരമായ ഓർമകൾക്കുപരി അതിൽ ചില നിശിത നിരീക്ഷണങ്ങളുമുണ്ട്. സ്ത്രീവിരുദ്ധമായതെല്ലാം തമാശകളാകുന്നതിനെക്കുറിച്ചും പേരുകൾ മനഃപൂർവം അവഹേളനപദങ്ങളായി മാറുന്നതിനെക്കുറിച്ചും ജാതിവിവേചനത്തെക്കുറിച്ചും ബോഡി ഷെയിമിങ്ങിനെക്കുറിച്ചുമെല്ലാമുള്ള നിരീക്ഷണങ്ങൾ സഞ്ജു സ്വന്തം ജീവിതത്തിൽനിന്നു കണ്ടെടുത്ത് അവതരിപ്പിച്ചിട്ടുണ്ട്. നൂറു ശതമാനം സാക്ഷരത നേടിയ, ഏറ്റവും പുരോഗമനമെന്നവകാശപ്പെടുന്ന കേരള സമൂഹം സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിൽ മാത്രം ഒരു നൂറ്റാണ്ടു പുറകിൽ നിൽക്കുന്നതെന്തുകൊണ്ടാണ്? ജീവിതത്തിൽ ഒരു പുരുഷനെന്ന നിലയിൽ സഞ്ജു അഭിമുഖീകരിക്കുന്ന സ്ത്രീവിരുദ്ധത എത്രമാത്രമുണ്ട്?

വി.കെ.സഞ്ജു

 

ജീവിതത്തിൽനിന്നു കണ്ടെടുത്ത് അവതരിപ്പിച്ചു എന്നു പറയുന്ന നിരീക്ഷണങ്ങൾ ഒരിക്കലും അതിലേതെങ്കിലും അനുഭവിച്ച സമയത്തോ സാക്ഷിയായ സമയത്തോ മനസ്സിലാക്കിയ കാര്യങ്ങളല്ല. പരിഹസിക്കപ്പെടുന്നവർ പോലും ചിലപ്പോൾ അതു തിരിച്ചറിയാതിരിക്കുകയും, തങ്ങൾ അതിന് അർഹരാണെന്ന് വിശ്വസിക്കുകയും ആസ്വദിക്കുന്നതായി അഭിനയിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. സമൂഹത്തിൽ ഉറച്ചു പോയ ചില ധാരണകളും സ്റ്റീരിയോടൈപ്പുകളും ഒക്കെയാണ് അതിനു കാരണം. ആരും ഇതിൽനിന്ന് പൂർണമുക്തരല്ല. സ്വയം നവീകരണത്തിലൂടെ മാത്രമാണ് ഇതൊക്കെ തിരിച്ചറിയാനും ഒരു പരിധി വരെയെങ്കിലും പുറത്തുകടക്കാനും സാധിക്കുക. എന്നെ സംബന്ധിച്ച് അത്തരമൊരു നവീകരണത്തിനു വഴി കാണിച്ചു തന്നതു തെളിമയോടെ ചിന്തിക്കാനും കൺവിൻസ് ചെയ്യാനും ശേഷിയുള്ള ചില സ്ത്രീസുഹൃത്തുക്കളാണ്. അവരിൽ പലരും ഈ പറഞ്ഞ പ്രതിസന്ധികൾ ഏതെങ്കിലും തരത്തിൽ അഭിമുഖീകരിക്കുകയും പിൽക്കാലത്തു മാത്രം അതു സ്വയം തിരിച്ചറിയുകയും ചെയ്തവരാണ്. ഏറ്റവും ആഴത്തിൽ അനുഭവിച്ചവർക്കു മാത്രമേ അത്രയും വ്യക്തമായി അത് ബോധ്യപ്പെടുത്താൻ കഴിയൂ. അതു നമുക്കു പ്രിയപ്പെട്ടവർ കൂടിയാകുമ്പോൾ അനുഭവങ്ങളോട് ഐക്യപ്പെടാനും എളുപ്പമാണ്. എന്റെ കാര്യത്തിൽ വളരെ ഗ്രാജ്വലായി ഉണ്ടായിക്കൊണ്ടിരുന്ന ഒരു മാറ്റമായിരുന്നു അത്. എന്നാൽ, ശബരിമല പ്രശ്‌നമൊക്കെ നടക്കുന്ന കാലത്തെ ചർച്ചകളും സംഭാഷണങ്ങളുമെല്ലാം ആ മാറ്റത്തിന്റെ ഗതിവേഗം വർധിപ്പിച്ചിട്ടുണ്ട്. പുരുഷനെന്ന നിലയിൽ അഭിമുഖീകരിക്കുന്ന സ്ത്രീവിരുദ്ധത, ഇതിനൊക്കെ പലപ്പോഴും മൂകസാക്ഷിയാകേണ്ടി വരുന്നു എന്നുള്ളതാണ്. സ്വയം മനസ്സിലാക്കിയ പല കാര്യങ്ങളും മറ്റുള്ളവരെ കൺവിൻസ് ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. സ്ത്രീകളുടെ നിലപാടിനെ, അല്ലെങ്കിൽ ഏതെങ്കിലുമൊരു ഫെമിനിസ്റ്റ് കാഴ്ചപ്പാടിനെ പിന്തുണച്ചു സംസാരിക്കുകയോ എഴുതുകയോ ചെയ്താൽ പരിഹാസം നേരിടാറുണ്ട്. പഴയ ക്ലാസ് ഗ്രൂപ്പുകളിൽ എവിടെയെങ്കിലും സ്ത്രീ വിരുദ്ധതതയെയോ വർണ വിവേചനത്തെയോ ചോദ്യം ചെയ്താൽ, ഇതു പൊളിറ്റിക്കൽ കറക്റ്റ്‌നസ് പഠിപ്പിക്കാനുള്ള ഇടമല്ല എന്ന മറുപടിയാണു കിട്ടാറുള്ളത്. ഇതേ വിവേചനം നേരിടുന്നവർ പോലും, ‘തമാശ’ മനസ്സിലാക്കാൻ കഴിയാത്ത ആളായി നമ്മളെ മുദ്ര കുത്തിയെന്നിരിക്കും. പഠിച്ചിരുന്ന കാലത്ത് എങ്ങനെയായിരുന്നോ അതുപോലെ തന്നെയായിരിക്കണം ആ ക്ലാസിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലും എന്നൊക്കെയാണു പൊതുബോധം. എൽകെജി ക്ലാസിൽ ഒരുമിച്ച് പഠിച്ചവർ പിൽക്കാലത്ത് വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നു വച്ച് അതുപയോഗിക്കുമ്പോൾ നിക്കറിൽ മുള്ളാൻ പറ്റില്ലല്ലോ. അതുപോലെ, പ്രായത്തിനും കാലത്തിനുമൊത്ത് മാറ്റങ്ങൾ ഉണ്ടായേ മതിയാവൂ. പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത വർത്തമാനങ്ങൾ തലമുറ തലമുറയായി പകർന്നു കിട്ടുന്നതാണ്. ഈ തലമുറ അത് ആവർത്തിക്കാതിരുന്നാൽ അടുത്ത തലമുറയിലെങ്കിലും വിവേചനം കുറഞ്ഞിരിക്കും.

വി.കെ. സഞ്ജു

 

‘മൗനത്തിന്റെ പരിഭാഷ’ എന്ന തലക്കെട്ട് പിറന്നതെങ്ങനെയാണ്? മൗനം പരിഭാഷപ്പെടുത്താനാകുമോ?

 

ഭാഷയെ, വാക്കുകളുള്ള ഭാഷയെന്നും മൗനത്തിന്റെ ഭാഷയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട് ഓഷോ രജനീഷിനെപ്പോലുള്ളവർ. മൗനത്തിന്റെ കവിതയും മൗനത്തിന്റെ സംഗീതവും പരിഭാഷപ്പെടുത്തുന്നതിനു വാക്കുകളുള്ള ഭാഷ വേണം. കുറച്ചു കഴിഞ്ഞാൽ അടുത്തടുത്ത് വെറുതേയിരുന്നാൽ പോലും മൗനത്തിന്റെ ഭാഷ പരസ്പരം മനസ്സിലായിത്തുടങ്ങും. എന്നാൽ, മൂന്നാമതൊരാളിലേക്ക് അതു വിനിമയം ചെയ്യണമെങ്കിൽ അവിടെ പരിഭാഷ അനിവാര്യമാണ്. മൗനത്തിന്റെ കവിതയും സംഗീതവും വാക്കുകൾ കൊണ്ടു പരിഭാഷപ്പെടുത്തിയിരുന്ന രണ്ടു പേരുടെ സൗഹൃദം ‘ഒരു യാത്രയുടെ മൗനം’ എന്ന അധ്യായത്തിൽ കാണാനാവും; എന്നാൽ, അവരുടെ ആശയവിനിമയത്തിന് അവിടെ ഒരുപാട് പരിമിതികളുമുണ്ട്. അതേസമയം, ‘മൗനത്തിന്റെ പരിഭാഷ’ എന്ന അവസാന അധ്യായത്തിൽ എത്തുമ്പോഴേക്കും അവർക്കിടയിലെ സൗഹൃദം വാക്കുകളില്ലാതെ സംവദിക്കാൻ കഴിയുന്ന തലത്തിലേക്കു വളർന്നു കഴിഞ്ഞിട്ടുണ്ട്. യാത്രയുടെ മൗനത്തിൽ പരസ്പരം ബാക്കിവച്ച നിഗൂഢതകളാണു മൗനത്തിന്റെ പരിഭാഷയിൽ എത്തുമ്പോൾ മറയില്ലാത്ത മനസ്സുകളായി വികാസം പ്രാപിക്കുന്നത്. ആ ഹൃദയബന്ധത്തിന്റെ കഥയാണു മൗനത്തിന്റെ പരിഭാഷ, ബാക്കിയെല്ലാം അവർക്കിടയിലുണ്ടായ സംഭാഷണങ്ങൾ മാത്രം.

 

യാഹൂ മെസഞ്ചറിൽനിന്ന് ക്ലബ് ഹൗസിലേക്ക് വളർന്ന സൗഹൃദക്കൂട്ടായ്മകളെക്കുറിച്ചാണു സഞ്ജു പുസ്തകത്തിൽ എഴുതുന്നത്. hi, asl എന്നു ടൈപ്പ് ചെയ്തു തുടങ്ങിയ ഓൺലൈൻ സൗഹൃദ വാതായനങ്ങൾ ഇന്നു വിഡിയോ കോളിന്റെ തൽസമയ ചാരുതയിലേക്കു സൗഹൃദങ്ങളെ സൂം ചെയ്തെടുക്കുന്നു. കസെറ്റിൽ റിക്കോർഡ് ചെയ്തയച്ച സന്ദേശം ഉൾക്കുളിരോടെ കേട്ട വോക്‌മാനിൽനിന്ന് വാട്സാപ് ചാറ്റിലേക്കു മാറിയ പ്രണയനിമിഷങ്ങളെക്കുറിച്ചും എഴുതുന്നു. സാങ്കേതികവിദ്യയുടെ പ്രയാണം സൗഹൃദങ്ങളിലും പ്രണയത്തിലും എന്തെങ്കിലും മാറ്റമുണ്ടാക്കുന്നുണ്ടോ?

 

സൗഹൃദങ്ങളായാലും പ്രണയങ്ങളായാലും, പരിചയപ്പെടാനുള്ള ഒരു ടൂൾ മാത്രമാണ് സാങ്കേതികവിദ്യ എന്നാണു ഞാൻ കരുതുന്നത്. ഒരു കാലത്തു പാടവരമ്പത്തോ അമ്പലപ്പറമ്പിലോ കോളജ് വരാന്തയിലോ ആയിരുന്നു ആദ്യ സമാഗമങ്ങളെങ്കിൽ, പിന്നീട് യാഹൂ മെസഞ്ചറോ ഫെയ്‌സ്ബുക്കോ ക്ലബ് ഹൗസോ ഒക്കെ അതിനു വേദിയായിട്ടുണ്ട്. പക്ഷേ, ഒരിക്കൽ പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നെയുള്ളതെല്ലാം അതിൽ ഉൾപ്പെടുന്ന വ്യക്തികളെ മാത്രം ആശ്രയിച്ചിരിക്കുന്നു. അവർ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ടൂളുകളിൽ കാലത്തിനനുസരിച്ചുള്ള വ്യത്യാസം വരും. അതു കാരണം മനസുകളുടെ ഐക്യത്തിന്റെ കാര്യത്തിൽ എന്തെങ്കിലും മാറ്റം വരുമെന്നു തോന്നിയിട്ടില്ല. കത്തു കിട്ടാൻ ദിവസങ്ങളോ ആഴ്ചകളോ നീളുന്ന കാത്തിരിപ്പിനു പകരം നേരേ വിഡിയോ കോൾ വിളിക്കാനുള്ള സൗകര്യം ഏതായാലും ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടുമെന്നല്ലാതെ ഒരിക്കലും കുറയ്ക്കാൻ വഴിയില്ല. അതേസമയം, വ്യക്തിപരമായി എനിക്ക് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന കമ്യൂണിക്കേഷൻ ടൂൾ ടെക്‌സ്റ്റിങ് ആണെന്നു തോന്നാറുണ്ട്. ആ അർഥത്തിൽ, ഒരാളുമായുള്ള അടുക്കുന്നതിന്റെ വേഗം കൂട്ടാനും, അതു മുന്നോട്ടുപോകുമോ അതോ ഇടിച്ചുനിൽക്കുമോ എന്നൊക്കെ പെട്ടെന്ന് മനസിലാക്കാനും സാങ്കേതികവിദ്യ സഹായമാകുന്നുണ്ട്.

 

ഇഷ്ട എഴുത്തുകാരൻ/എഴുത്തുകാരി ആരാണ്? ആ ഇഷ്ടം രൂപപ്പെട്ടത് എങ്ങനെയാണ്?

 

അങ്ങനെ ഒരാളെ കൃത്യമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ല. ഭാഷയാണു മാനദണ്ഡമെങ്കിൽ എൻ. മോഹനനെയും സി.വി. ബാലകൃഷ്ണനെയുമാണ് ആദ്യം ഇഷ്ടപ്പെട്ടത്. ഒപ്പം, ബാലചന്ദ്രൻ ചുള്ളിക്കാടും ചങ്ങമ്പുഴയും വി. മധുസൂദനൻ നായരും. എന്നെ സംബന്ധിച്ച്, പ്രണയത്തിന്റെ സ്റ്റീരിയോടൈപ്പ് ആദ്യമായി പൊളിച്ചു കാണിച്ചയാൾ എന്ന നിലയിൽ ഗബ്രിയേൽ ഗാർഷ്യ മാർക്വിസിനെ ഇഷ്ടമാണ്. അനുഭവങ്ങളുടെ തീച്ചൂള എങ്ങനെയാണ് വാക്കുകളിലേക്ക് ആവാഹിക്കുന്നതെന്ന് ആദ്യമായി അറിയുന്നത് ഇർവിങ് സ്റ്റോണിന്റെ ലസ്റ്റ് ഫോർ ലൈഫിലൂടെയാണ്. പക്ഷേ, എന്റെ വായനകൾ ഏറെയും നോൺ ഫിക്‌ഷനായിരുന്നു. ആ രീതിയിൽ നോക്കിയാൽ, ചിന്തകളിലുണ്ടാക്കിയ സ്വാധീനമാണു പ്രധാനം. അതിൽ നിത്യചൈതന്യ യതിയും ഓഷോ രജനീഷും മുതൽ ജലാലുദ്ദീൻ റൂമിയും സ്വാമി വിവേകാനന്ദനും ഒ.വി. വിജയനും വരെ ഉൾപ്പെടുന്നു. ലാറി കോളിൻസിനെയും ഡൊമിനിക് ലാപിയറെയും പോലെ, അല്ലെങ്കിൽ മനു എസ്. പിള്ളയെ പോലെ ചരിത്ര വായനയ്ക്ക് വ്യത്യസ്ത തലം നൽകിയവരെയും ഇഷ്ടമാണ്.

 

സമീപകാലത്തു വായിച്ചവയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചു പറയാമോ?

 

അസുര: ടെയ്ൽ ഓഫ് ദ വാൻക്വിഷ്ഡ്. മിഥോളജിക്കൽ ഫിക്‌ഷൻ എന്നൊക്കെ പറയാമെങ്കിലും, ആനന്ദ് നീലകണ്ഠന്റെ ഈ നോവലിനെ ഒരു പൊളിറ്റിക്കൽ അറ്റംപ്റ്റായി കാണാനാണ് എനിക്കിഷ്ടം. ജയിക്കുന്നവൻ പറയുന്ന കഥയെയാണ് പലപ്പോഴും പിൻതലമുറ ചരിത്രമെന്നു വിളിക്കാറുള്ളത്. ആ അർഥത്തിൽ അപനിർമിക്കപ്പെട്ട ഒരുപാട് ചരിത്രങ്ങൾ ഇന്നും നമ്മുടെ ആചാരാനുഷ്ഠാനങ്ങളെയും നിത്യജീവിതത്തെയും വരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. പുരാണേതിഹാസങ്ങളിൽ പോലും ജയിക്കുന്നവരുടെ കാഴ്ചപ്പാടിനാണ് പ്രാമുഖ്യം. അതിൽനിന്നൊക്കെ മാറിനിന്നു കൊണ്ട്, അപനിർമിക്കപ്പെട്ട ഒരു ചരിത്രത്തെ ഭാവനാത്മകമായി പുനർനിർമിക്കാനുള്ള ശ്രമമായാണ് അസുര എനിക്കനുഭവപ്പെട്ടത്. അത്തരം എപ്പിക്കൽ ക്യാൻവാസുകളോടുള്ള ഇഷ്ടം തന്നെയാണ് സമീപകാലത്തു വായിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്ന് ഇതു തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം. അനേകം വാതിലുകളും ജാലകങ്ങളുമുള്ള മഹാസൗധങ്ങളാവണം നോവലുകൾ എന്ന് എം.ടി. വാസുദേവൻ നായർ പറഞ്ഞിട്ടുണ്ട്. ആ സൗധത്തിന്റെ ജാലകപ്പഴുതുകളിലൂടെ അതിനു പശ്ചാത്തലമായി നിൽക്കുന്ന കാലത്തിന്റെയും ജീവിതത്തിന്റെയും വിശാല ഭൂമികകൾ കാണാൻ കഴിയണം എന്നതാണ് അദ്ദേഹം നൽകുന്ന നിർവചനം. രാവണന്റെ കാഴ്ചപ്പാടിലൂടെ രാമായണത്തെ പുനരവതരിപ്പിക്കുന്ന അസുര, പൗരാണികമായ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു തന്നെ വർത്തമാനകാല രാഷ്ട്രീയത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. കക്ഷി രാഷ്ട്രീയമല്ല, ജാതിയുടെയും നിറത്തിന്റെയും അധിനിവേശത്തിന്റെയുമെല്ലാം രാഷ്ട്രീയമാണത്.

 

മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ സഞ്ജു പിന്തുടരുന്നത് ആരെയൊക്കെയാണ്?

 

ഒരു തലമുറയിലും ആരെയും ആത്മാർഥമായി പിന്തുടരുന്നില്ല എന്നതാണു യാഥാർഥ്യം. നല്ലതെന്നു തോന്നുന്ന ഭാഷയോ ചിന്തയോ ഉള്ള ആരെയും വായിക്കാൻ ഇഷ്ടമാണ്. പുതുതലമുറ എഴുത്തുകാരെന്നു പറയുമ്പോൾ സുഭാഷ് ചന്ദ്രനോ ആർ. രാജശ്രീക്കോ ഇപ്പുറത്തേക്ക് ഞാനിതു വരെ വന്നിട്ടില്ലെന്നു വേണം പറയാൻ. ഫിക്‌ഷൻ വായനയോട് ആഭിമുഖ്യം കുറവായതാണ് കാരണം. പക്ഷേ, ‘മനുഷ്യന് ഒരു ആമുഖ’ത്തിൽ ജിതേന്ദ്രൻ ആൻ മേരിക്ക് അയയ്ക്കുന്ന കത്തുകളും അതിൽ കടന്നു വരുന്ന നിരീക്ഷണങ്ങളും വിസ്മയിപ്പിച്ചിട്ടുണ്ട്. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’യിൽ ഡയലക്റ്റുകളിലൂടെ പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരിക സംഘർഷങ്ങളും ഏറെ ആകർഷിച്ച ഘടകങ്ങളാണ്.

 

‘ഒരു ചിത്രകാരന്റെ പാലറ്റ് പോലെ, പാറയുടെ കറുപ്പും മണ്ണിന്റെ ചുവപ്പും പുൽനാമ്പുകളുടെ പച്ചപ്പും തുഷാരബിന്ദുക്കളുമെല്ലാം അടുക്കുംചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന മുകൾപ്പരപ്പ്. അവിടെനിന്നു നോക്കിയാൽ കാണാം, അകലെ, ചെന്നി പൊട്ടി നീരൊഴുകുന്ന കാട്ടാനയെപ്പോലെ വെള്ളച്ചാട്ടങ്ങളും കാട്ടരുവികളും ചൂടി നിൽക്കുന്ന കരിമ്പാറക്കൂട്ടങ്ങളെ’. വാക്കുകളുടെ സൂക്ഷ്മമായ തിരഞ്ഞെടുപ്പുകൊണ്ടു സഞ്ജു മനോഹരമാക്കിയ ഈ വാചകങ്ങളാണ് പുസ്തകത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. കാൽപനികതയും സാഹിത്യഭംഗിയും നിറഞ്ഞ ഭാഷയിലാണു ‘മൗനത്തിന്റെ പരിഭാഷ’ സഞ്ജു തയാറാക്കിയിരിക്കുന്നത്. എഴുതുമ്പോൾ അതേപ്പറ്റി സന്ദേഹങ്ങളുണ്ടായിരുന്നോ? വായനക്കാർ, പ്രത്യേകിച്ചും സഞ്ജുവിനു ശേഷമുള്ള തലമുറയിലുള്ളവർ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നോ?

 

തീർച്ചയായും സന്ദേഹങ്ങളുണ്ടായിരുന്നു, ചോദ്യത്തിൽ സൂചിപ്പിച്ചിരിക്കുന്ന അധ്യായത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. ഫൊട്ടോഗ്രഫിയും വിഡിയോഗ്രഫിയും സർവസാധാരണമായിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ ഇത്രയും വിശദമായ പ്രകൃതിവർണനകൾക്ക് പ്രസക്തിയുണ്ടോ എന്നതായിരുന്നു പ്രധാന സംശയം. മറ്റു മിക്ക അധ്യായങ്ങളുടെയും കാര്യത്തിൽ ഈ സംശയമുണ്ടായിട്ടില്ല. വാമൊഴി എന്നതു പോലെ വരമൊഴിക്കും ഒരു താളമുണ്ടാകണമെന്നത് എഴുത്ത് തുടങ്ങിയ കാലം മുതൽ അറിയാതെ പിന്തുടർന്നു പോരുന്ന ഒരു നിർബന്ധബുദ്ധിയാണ്. ഓരോ വാചകത്തിലും അതിനുള്ള ശ്രമങ്ങൾ നടത്താറുണ്ട്, എല്ലാം വിജയിക്കണമെന്നില്ലെങ്കിലും. ജോലിയുടെ ഭാഗമായി നിരന്തരം കൈകാര്യം ചെയ്യുന്ന വാർത്തകൾക്ക് എപ്പോഴും സെറ്റ് പാറ്റേണും ടെംപ്ലേറ്റുമൊക്കെയുണ്ടാവും. സ്‌പോർട്‌സോ സയൻസോ ഫീച്ചർ സ്‌റ്റോറികളോ ഒക്കെ കൈകാര്യം ചെയ്യുമ്പോഴാണ് ഈ ചട്ടക്കൂടുകളിൽ പെട്ടുപോകാതിരിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നത്. സോഷ്യൽ മീഡിയയിലെ എഴുത്തും അതിന്റെ ഭാഗം തന്നെയാണ്. അത്തരം എഴുത്തുകളുടെ ആകെത്തുകയാണ് 'മൗനത്തിന്റെ പരിഭാഷ'. എനിക്കു ശേഷമുള്ള തലമുറയല്ല, എന്റെ തലമുറയോ അതിനു മുൻപുള്ളവരോ ഇതെങ്ങനെ സ്വീകരിക്കുമെന്നതായിരുന്നു ആശങ്ക. കാരണം, പ്രസിദ്ധീകരിക്കും മുൻപേ ഇതു വായിച്ചിട്ടുള്ളവരിൽ ഏറെയും എനിക്കു ശേഷമുള്ള തലമുറയിൽപ്പെട്ടവരായിരുന്നു. സമീപ വർഷങ്ങളിലുണ്ടായ സൗഹൃദങ്ങളിൽ ഏറെയും എന്നെക്കാൾ പ്രായം കുറഞ്ഞവരാണ്. പോസിറ്റീവായാലും നെഗറ്റീവായാലും അഭിപ്രായം തുറന്നു പറയാൻ മനസ്സുള്ളവർ. അതുകൊണ്ടു തന്നെ അവരുടെ വിലയിരുത്തലുകൾ ഞാൻ വിശ്വാസത്തിലെടുത്തു. എന്നാൽ, എന്റെ തലമുറ മുതൽ പിന്നോട്ടുള്ളവരുടെ കാര്യത്തിൽ എനിക്കത്ര ആത്മവിശ്വാസമുണ്ടായിരുന്നില്ല. അങ്ങനെയുള്ളവരിൽ നിന്ന് അപൂർവമായി മാത്രമാണ് സ്വതന്ത്രമായ ഫീഡ്ബാക്കുകൾ കിട്ടിയിട്ടുള്ളത്. ഒരു പ്രായം കഴിഞ്ഞാൽ കാൽപനികതയൊക്കെ കാട്ടിലെറിയണമെന്നു കരുതുന്നവരും ഏറെയാണ്. എല്ലാ വിഭാഗം വായനക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ആർക്കും സാധിക്കുമെന്നു തോന്നുന്നില്ല. ആ നിലയ്ക്ക്, എനിക്ക് സെൽഫ് എക്‌സ്പ്രസ് ചെയ്യാൻ ഏറ്റവും കംഫർട്ടബിളായ രീതിയിൽ തന്നെ അതു ചെയ്യാനായിരുന്നു ശ്രമം. ഞാൻ സംസാരിക്കുന്നതു പോലെയല്ല എഴുതുന്നതെന്ന് നേരിട്ട് പരിചയമുള്ളവർക്കറിയാം. കാരണം, വാമൊഴിയെക്കാൾ എനിക്കു വഴങ്ങുന്നത് വരമൊഴിയാണ്. അതിനെ അതിന്റെ സ്വാഭാവികമായ ഒഴുക്കിനു വിട്ടുകൊടുക്കുക എന്നതല്ലാതെ മറ്റൊരു മാർഗവും എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല.

 

Content Summary: Puthuvakku Series - Talk with writer V.K. Sanju