ഒരു സ്നേഹിതനെ കാത്ത് ഒരിക്കൽ സന്ധ്യക്ക് ഒരു മലയോര പട്ടണത്തിൽ ഞാൻ നിൽക്കുകയാണ്. മൊബൈൽ ഫോൺ ഉപയോഗത്തിൽ വരുന്നതിനു മുൻപേയാണത്. ബസ് എത്തുന്ന സമയം അവൻ അവിടെ കാണുമെന്നു പറഞ്ഞു. ബസിറങ്ങി അരമണിക്കൂർ കഴിഞ്ഞും ആളെത്തിയില്ല. ഒഴിഞ്ഞ കടത്തിണ്ണയിൽ കാത്തുനിൽപു നീണ്ടു. അതിനിടെ ചിലരൊക്കെ ആ തിണ്ണയിൽ വന്നിരുന്നു പല

ഒരു സ്നേഹിതനെ കാത്ത് ഒരിക്കൽ സന്ധ്യക്ക് ഒരു മലയോര പട്ടണത്തിൽ ഞാൻ നിൽക്കുകയാണ്. മൊബൈൽ ഫോൺ ഉപയോഗത്തിൽ വരുന്നതിനു മുൻപേയാണത്. ബസ് എത്തുന്ന സമയം അവൻ അവിടെ കാണുമെന്നു പറഞ്ഞു. ബസിറങ്ങി അരമണിക്കൂർ കഴിഞ്ഞും ആളെത്തിയില്ല. ഒഴിഞ്ഞ കടത്തിണ്ണയിൽ കാത്തുനിൽപു നീണ്ടു. അതിനിടെ ചിലരൊക്കെ ആ തിണ്ണയിൽ വന്നിരുന്നു പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സ്നേഹിതനെ കാത്ത് ഒരിക്കൽ സന്ധ്യക്ക് ഒരു മലയോര പട്ടണത്തിൽ ഞാൻ നിൽക്കുകയാണ്. മൊബൈൽ ഫോൺ ഉപയോഗത്തിൽ വരുന്നതിനു മുൻപേയാണത്. ബസ് എത്തുന്ന സമയം അവൻ അവിടെ കാണുമെന്നു പറഞ്ഞു. ബസിറങ്ങി അരമണിക്കൂർ കഴിഞ്ഞും ആളെത്തിയില്ല. ഒഴിഞ്ഞ കടത്തിണ്ണയിൽ കാത്തുനിൽപു നീണ്ടു. അതിനിടെ ചിലരൊക്കെ ആ തിണ്ണയിൽ വന്നിരുന്നു പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സ്നേഹിതനെ കാത്ത് ഒരിക്കൽ സന്ധ്യക്ക് ഒരു മലയോര പട്ടണത്തിൽ ഞാൻ നിൽക്കുകയാണ്. മൊബൈൽ ഫോൺ ഉപയോഗത്തിൽ വരുന്നതിനു മുൻപേയാണത്. ബസ് എത്തുന്ന സമയം അവൻ അവിടെ കാണുമെന്നു പറഞ്ഞു. ബസിറങ്ങി അരമണിക്കൂർ കഴിഞ്ഞും ആളെത്തിയില്ല. ഒഴിഞ്ഞ കടത്തിണ്ണയിൽ കാത്തുനിൽപു നീണ്ടു. അതിനിടെ ചിലരൊക്കെ ആ തിണ്ണയിൽ വന്നിരുന്നു പല വിഷയങ്ങളെപ്പറ്റി സംസാരിച്ചു പിരിഞ്ഞു. കൂട്ടുകാരനെ തിരഞ്ഞ് അവിടെ എത്തിയതു തെറ്റായിപ്പോയെന്നു തോന്നി. അതോടെ കഠിനമായ വിരസത എന്നെ പിടികൂടി. രണ്ടോ മൂന്നോ സിഗരറ്റ് അവിടെനിന്നു വലിച്ചു. വിരസത വേഗം ഉൽക്കണ്ഠയിലേക്കു മാറി. അവിടെനിന്ന് എത്രയും വേഗം മടങ്ങണം എന്നു തോന്നി. ബസിന്റെ സമയം തിരക്കിയിട്ടു വന്നു വീണ്ടും ഞാൻ അവിടെത്തന്നെ നിന്നു. അതായിരുന്നു അടയാളം. അവിടെ അവൻ ഉണ്ടാകുമെന്നു പറഞ്ഞതുകൊണ്ട് അവിടെനിന്നോ അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ നിന്നു. ഒരു മണിക്കൂറിലേറെ വൈകി അവൻ വരുമ്പോൾ ഞാൻ ഏതാണ്ടു കുഴഞ്ഞുവീഴുന്ന അവസ്ഥയിലായിരുന്നു. 

അമിതമായ ഉൽക്കണ്ഠയുടെ പല ആവർത്തനങ്ങളിലൂടെ ഞാൻ പിന്നീടു കടന്നുപോയിട്ടുണ്ട്. ആ മലയോര പട്ടണത്തിലൂടെ പിന്നീടു കടന്നുപോയപ്പോൾ, നേരിയ ഇരുട്ടു പരന്നു തുടങ്ങിയ ആ പഴയ സന്ധ്യ ശക്തിയോടെ ഓർമയിലേക്കു വന്നു. വയറ്റിനുള്ളിൽ കുത്തുന്ന വേദന വീണ്ടും അനുഭവപ്പെട്ടു. ഉൽക്കണ്ഠ ഒരു താൽക്കാലിക മനോനിലയല്ല, ഒരാളെ മരണത്തോളം പിൻതുടരുന്ന ആതുരതയാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. മനസ്സും ശരീരവും ഒന്നാകുന്ന പീഡയാണത്. 

ADVERTISEMENT

 

തന്റെ ആങ്സൈറ്റി നീക്കാനാണു ഡയറി എഴുതാൻ തുടങ്ങിയതെന്ന് ഫ്രാൻസ് കാഫ്ക പറയുന്നുണ്ട്. അങ്ങനെയെഴുതിയ ഡയറിക്കുറിപ്പുകൾ പിന്നീടു കാഫ്ക സാഹിത്യത്തിലെ ഏറ്റവും പ്രധാന ഭാഗമായി മാറുകയും ചെയ്തു. എന്നാൽ തന്റെ ഡയറിയിൽ കാര്യമായി ഒരു മൂല്യവുമില്ലെന്നും കാഫ്ക ഒരിക്കൽ വിലയിരുത്തി; സാഹിത്യമൂല്യം ഇല്ലെങ്കിലും അത് എറിഞ്ഞു കളയാൻ കഴിയില്ലന്നും. ഒരാളുടെ സ്വകാര്യജീവിതം രേഖപ്പെടുത്തുന്ന ജേണലുകളുടെ സവിശേഷതകളെപ്പറ്റിയുള്ള പ്രബന്ധത്തിൽ ബാർത്ത് (Roland Barthes) അമ്മ രോഗിയായ ശേഷമുള്ള ദിവസങ്ങളിൽ എഴുതിയ േജണലിലെ ചില ഭാഗങ്ങൾ കൂടി പങ്കുവയ്ക്കുന്നുണ്ട്. ജേണൽ എഴുത്തിന്റെ ഒരു പ്രധാന സവിശേഷത അത് എഴുതുന്ന സമയത്തെ സുഖം തന്നെയാണ്. എന്നാൽ ഈ സുഖം അപ്പോൾ മാത്രമേയുള്ളൂ. പിറ്റേന്നു വായിക്കുമ്പോൾ തലേന്ന് എഴുതിയതു നിലവാരമില്ലാത്തതോ മോശമോ ആയിത്തോന്നും പലർക്കും. ഇക്കാരണത്താൽ തന്നെയാണ് ഡയറി സൂക്ഷിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്കു ചിലർ എത്തിച്ചേരുന്നത്. അവർക്ക് പറയാനോ എഴുതാനോ കഴിയാത്തതു കൊണ്ടല്ല, അതു വേണ്ടെന്നു വച്ചിട്ടാണ്. 

 

സ്കൂൾ വിദ്യാർഥിയായിരിക്കെ ഒരു മലയാളം മാഷ് നിർദേശിച്ചിട്ടു ഞാൻ ശീലിച്ച രണ്ടു കാര്യങ്ങൾ, മലയാളത്തിൽ ഒപ്പിടാനും ഡയറി എഴുതാനുമാണ്. മലയാളത്തിൽ അന്ന് ശീലിച്ച അതേ ഒപ്പ് ഇപ്പോഴും തുടരുന്നുവെങ്കിലും ഡയറി എഴുത്ത് എംഎ പഠനകാലത്തോടെ അവസാനിപ്പിച്ചു. കാരണം ഡയറി സകലതും എഴുതാനുള്ള ഒരിടമായിരുന്നു. അതിൽ ഏറ്റവും ജുഗുപ്സാവഹമായ ചിന്തകൾ മുതൽ പരിഹാസ്യമായ വിചാരങ്ങൾ വരെ ആവർത്തിച്ചുകൊണ്ടിരുന്നു. അതു പിന്നീടു വായിച്ചുനോക്കുമ്പോഴാകട്ടെ അതിലെ പല വിവരണങ്ങളും വീണ്ടും ഉൽക്കണ്ഠയെ തിരിച്ചുകൊണ്ടുവരികയാണു ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നു. അതോടെ ജേണലിന് അന്ത്യമാകുന്നു.

ADVERTISEMENT

 

കിണറിനു സമീപമുള്ള കൽക്കെട്ടിനുള്ളിലാണ് എട്ടൊൻപതു വർഷത്തെ എഴുത്തുകടലാസുകൾ കൂട്ടിയിട്ടു കത്തിച്ചത്. ആ കടലാസ്സുകൾ കത്തിത്തീരാൻ, പൂർണമായും ചാരമാകാൻ ഉദ്ദേശിച്ചതിലും കൂടുതൽ സമയമെടുത്തു. ബാർത്ത് പറയുന്നുണ്ട്, പാഴ്ക്കടലാസുകൾ കത്തിക്കുമ്പോൾ അതിലെ പ്ലാസ്റ്റിക് കൂട് വേഗം എരിഞ്ഞുതീരും. കടലാസ്സുകൾ മെല്ലെയാണു കത്തുക. കടലാസ്സ് വെണ്ണീറാകാൻ ഇത്രയേറെ സമയമെടുക്കുന്നത് എന്താണ്. ഇതിനെ ഒരു മെറ്റഫർ ആയും പരിഗണിക്കാമെന്നു ബാർത്ത് പറയുന്നു. നിങ്ങൾക്കു ഭൂതകാലത്തെ അങ്ങനെ എരിച്ചുകളയാനാവില്ല.

 

ഉൽക്കണ്ഠയുടെ മറ്റൊരു രൂപം നമ്മുടെ കുറ്റബോധത്തിൽനിന്നോ നഷ്ടബോധത്തിൽനിന്നോ വരുന്നതാകാം. മരിച്ചയാളെ ഊട്ടുന്നതുപോലെയുള്ള പ്രതീകാത്മകത ഓർമയെഴുത്തിനുണ്ട്. കോവിഡ് കാലത്ത് അടച്ചിരുപ്പിന്റെ മാസങ്ങൾ നീണ്ടുപോയപ്പോൾ, മരിച്ചുപോയ മാതാപിതാക്കളുടെയും സഹോദരന്റെയും ഓർമകൾ തിരിച്ചെത്തിയതും അത് കഠിനമായ ഹൃദയവേദനകളിലേക്കു തന്നെ കൊണ്ടുപോയതും എൻ. പ്രഭാകരൻ ‘ഞാൻ മാത്രമല്ലാത്ത ഞാൻ’ എന്ന ആത്മകഥയിൽ എഴുതുന്നു. ഇതിലെ ‘എഴുതാൻ ഭയന്ന ഡയറിക്കുറിപ്പ്’ എന്ന ഭാഗം എഴുത്തുകാരന്റെ മരിച്ചുപോയ സഹോദരനെപ്പറ്റിയാണ്. ഇരുപത്തിയെട്ടാം വയസ്സിൽ ജീവനൊടുക്കിയ അനിയനെപ്പറ്റി എഴുതാതിരിക്കാനാവില്ല, അവനെ താൻ ഒരു വലിയ മനുഷ്യനായിട്ടാണു കാണുന്നതെന്ന് എൻ. പ്രഭാകരൻ പറയുന്നു. ഒരാൾ ആത്മകഥ എഴുതുമ്പോൾ അതിൽ പ്രത്യക്ഷപ്പെടുന്ന ‘ഞാൻ’ വെറുപ്പിക്കുന്ന അഹന്തയുടെയോ അല്ലെങ്കിൽ ആത്മനിന്ദയുടെയോ പ്രതിരൂപമായി മാറാനുള്ള സാധ്യതയേറെയാണ്. ഇവിടെ പ്രഭാകരൻ എന്ന എഴുത്തുകാരൻ സ്വന്തം നാടിനെയും വീടിനെയും സംബന്ധിച്ച് എഴുതുമ്പോൾ അത് അഹന്തയോടുള്ള സമരമായി മാറുകയാണു ചെയ്യുന്നത്. 

ADVERTISEMENT

 

എഴുത്തുകാരന്റെ ദുഃഖവും സമരങ്ങളും വായനക്കാരുടെ സിരകളിലേക്കു നേരിട്ടു പ്രവേശിക്കുന്നു. നിസ്സഹായമായ സത്യസന്ധതയാൽ ആ ഓർമകൾ വായനക്കാർക്കു താൻ ജീവിക്കുന്ന ജീവിതത്തിന്റെയും കാലത്തിന്റെയും ലിഖിതങ്ങളായി അനുഭവപ്പെടുകയും ചെയ്യുന്നു.

 

എഴുത്തുകാരന്റെ സഹോദരനായ പ്രദീപൻ (കുട്ടൻ), കടുത്ത സ്കിസോഫ്രേനിയയുടെ പിടിയിലായിരുന്നു. എന്നാൽ അവനു ചുറ്റുമുള്ള പലർക്കും അവന്റെ ഉള്ളിലെ വിക്ഷോഭം അതിന്റെ ഭയാനകതയിൽ തിരിച്ചറിയാനായില്ല. കഠിനമായ മാനസികാരോഗ്യപ്രശ്നങ്ങളിൽ വീണുപോകുന്ന ഒരാളെ എങ്ങനെയാണു പരിചരിക്കുക, എങ്ങനെയാണ് അയാളെ മോചിപ്പിക്കുക എന്നതു സംബന്ധിച്ചു നമ്മുടെ സമൂഹത്തിന് എന്നും ആശയക്കുഴപ്പങ്ങളുണ്ട്. അതിന്റെ സാംസ്കാരികരേഖ കൂടിയായി ആത്മകഥ മാറുന്നു.

ടാഗോർ

 

വർഷങ്ങൾ കടന്നുപോയാലും സ്നേഹനഷ്ടങ്ങളുടെ സ്മരണകൾ നമ്മെ വിട്ടുപോകുകയില്ല. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ അനുജന്റെ അകാല വേർപാട് ഒഴിവാക്കാമായിരുന്നു എന്ന ചിന്ത എഴുത്തുകാരനെ വേട്ടയാടുന്നുണ്ട്. അദ്ദേഹം അത് സഹോദരന് എഴുതാൻ കഴിയാതെ പോയ കത്തിൽ ഇപ്പോൾ വേദനയോടെ എഴുതുകയും ചെയ്യുന്നു – ‘എന്റെ മക്കൾക്കു നൽകിയ അത്രയും സ്നേഹം നിനക്കും തരേണ്ടതായിരുന്നു. അവരോടു പെരുമാറിയ അതേ വാൽസല്യത്തോടെ നിന്നോടു ഞാൻ പെരുമാറേണ്ടതായിരുന്നു. അങ്ങനെ ചെയ്താൽ ഒരുവേള നീ രക്ഷപ്പെടുമായിരുന്നു എന്നൊക്കെ ഞാൻ ചിന്തിക്കുന്നുണ്ട്.’

 

അനിയനും എഴുത്തുകാരനും തമ്മിൽ പതിനാലര വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ഈ വ്യത്യാസം അവർക്കിടയിലെ ആശയവിനിമയത്തിൽ ചില തടസ്സങ്ങളുണ്ടാക്കി. എങ്കിലും അനിയൻ ജ്യേഷ്ഠനെ അത്യധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ജ്യേഷ്ഠനെ പോലെ എഴുത്തുകാരനാകാൻ അവനും ആഗ്രഹിച്ചിരുന്നു. സിനിമ പിടിക്കണമെന്നായിരുന്നു അവന്റെ വലിയ മോഹം. ദെസ്തോവസ്കിയുടെ ‘ദി ഇഡിയറ്റ്’ എന്ന നോവലായിരുന്നു അവനു പ്രിയങ്കരം. അവൻ അതിന്റെ ഒരു കോപ്പി മനോഹരമായി പൊതിഞ്ഞു കയ്യിൽ സൂക്ഷിച്ചിരുന്നു. ക്രിസ്തുവിന്റെ പ്രതിരൂപമായി ദെസ്തോവസ്കി സൃഷ്ടിച്ച പ്രിൻസ് മിഷ്കിനാണ് ആ നോവലിലെ കേന്ദ്ര കഥാപാത്രം. അപാരമായ പ്രേമവും സഹാനുഭൂതിയും ഉള്ളിലുള്ളവർ യഥാർഥ ജീവിതത്തിൽ ഇഡിയോട്ടിക് ആയി പെരുമാറുകയും അങ്ങനെ ഒരു ബഹിഷ്കൃതന്റെ നിലയിലേക്കു പുറന്തള്ളപ്പെടുകയും ചെയ്യുമെന്ന ആശയമായിരുന്നു ആ നോവലിൽ പ്രവർത്തിച്ചത്. തന്റെ സഹോദരന്റെ ജീവിതം ഹ്രസ്വമെങ്കിലും ഉന്നതമായിരുന്നു. കുട്ടൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ ഒരു സംഭവം എൻ. പ്രഭാകരൻ എഴുതുന്നു. എഴുത്തുകാരൻ അന്ന് എംഎ വിദ്യാർഥിയാണ്. ഇരുവരും മാത്രമുള്ളപ്പോൾ വീട്ടുമുറ്റത്തുനിന്ന് കോഴിക്കുഞ്ഞിനെ പരുന്ത് റാഞ്ചാൻ ശ്രമിച്ചു. സഹോദരങ്ങൾ രണ്ടുപേരും ഒച്ചവച്ചതോടെ പരുന്ത് കോഴിക്കുഞ്ഞിനെ താഴേക്കിട്ടു പറന്നുപോയി. അതിന്റെ കഴുത്തിൽ മുറിവേറ്റിരുന്നു. ദയനീയമായ അതിന്റെ പിടച്ചിലും കരച്ചിലും നോക്കിനിൽക്കെ, കുട്ടൻ പെട്ടെന്നു പറഞ്ഞു, “ഏട്ടാ, എനിക്കു വലുതായാൽ യേശുവാകണം.”

 

രോഗം മൂർച്ഛിച്ചകാലത്തു കുട്ടൻ പലരോടും പറഞ്ഞത്, എൻ. പ്രഭാകരൻ എഴുതുന്നതെല്ലാം അവനിൽനിന്നു മോഷ്ടിച്ച കാര്യങ്ങളാണ് എന്നാണ്. വേദനാജനകമായ ഈ ആരോപണം പലപ്പോഴായി അവൻ ആവർത്തിക്കുന്നുണ്ട്. ഒരിക്കൽ അവൻ എൻ. പ്രഭാകരനോടു ചോദിച്ചു. 

 

“ഒരാളുടെ വേദനകൾ മോഷ്ടിക്കുന്നത് ശരിയാണോ? എന്റെ വേദനകൾ ഞാൻ അനുഭവിക്കുന്നതാണ്. അതിനുമേൽ നിനക്കെന്താണ് അവകാശം..” 

 

തന്റെ സഹോദരനെ മോഷ്ടിച്ചുവെന്ന് അവൻ പറഞ്ഞതിലും ശരിയുണ്ട് എന്നു തനിക്ക് ഇപ്പോൾ തോന്നുന്നുവെന്ന് എൻ. പ്രഭാകരൻ ആത്മകഥയുടെ അവസാന താളിൽ എഴുതുന്നു. കാരണം ഇരുവരുടെയും ജീവിതം രണ്ടുവഴിയിലൂടെയാണു നീങ്ങിയതെങ്കിലും ഒരു ഘട്ടം വരെ മനസ്സു കൊണ്ടു തങ്ങൾ ഒന്നായിരുന്നു, അവനെ നയിച്ചിരുന്ന വികാരങ്ങളും ലോകാനുരാഗവും തന്നിലും പ്രവർത്തിച്ചിരുന്നു.

 

“..കുട്ടാ, ജീവിച്ചിരുന്നെങ്കിൽ നിനക്ക് എഴുതാൻ കഴിയുമായിരുന്ന, ഒരുവേള നീ എഴുതുമായിരുന്ന കാര്യങ്ങൾ തന്നെയാണു ഞാനും എഴുതുന്നത്. ആ അർഥത്തിൽ നിന്റെ എഴുത്തിനെ ഞാൻ മുന്നോട്ടു കൊണ്ടുപോകുകയാണ്. ഞാൻ ഞാൻ മാത്രമല്ല, എന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയത് എഴുതുകയേ ചെയ്യാത്ത ഒരുപാടു മനുഷ്യരാണ്. അവരെല്ലാം കൂടിച്ചേരുന്നതാണു ഞാൻ....”

 

കലാകാരന്റെ അഹന്തയുടെ അന്ത്യത്തെപ്പറ്റി, ഗീതാഞ്ജലിയുടെ അവസാനഭാഗത്തു ടഗോർ എഴുതുന്നു, “എന്റെ എല്ലാ ഗാനങ്ങളും അതിന്റെ വിഭിന്നമായ കൈവഴികളെ ഒരുമിച്ചുകൂട്ടി ഏക പ്രവാഹമായി നീയെന്ന സമുദ്രത്തിലേക്ക് ഒഴുകട്ടെ. അത് അങ്ങേക്കുള്ള ഒരു അഭിവാദ്യമാകട്ടെ.”

 

രോഗിയായ അമ്മയോടൊപ്പം ചെലവഴിച്ച ദിവസങ്ങളിൽ ബാർത്ത് ‘യുദ്ധവും സമാധാനവും’ വായിക്കുകയായിരുന്നു. അതിൽ വൃദ്ധനായ പ്രിൻസ് ബെൽകോൻസ്കിയുടെ അന്ത്യരംഗങ്ങൾ വായിച്ചപ്പോൾ ബാർത്തിന്റെ ഉള്ളം വല്ലാതെയുലഞ്ഞു. വൃദ്ധൻ മരണക്കിടക്കയിൽ കിടന്നു മകളെ ആർദ്രമായി വിളിക്കുകയാണ്, “മൈ ഡാർലിങ്, മൈ ഫ്രണ്ട്..” മകൾ അച്ഛന്റെ അടുക്കലേക്കു ചെന്നിരുന്നില്ല. എന്നാൽ അച്ഛന്റെ അന്ത്യവാക്കുകൾ കേട്ടപ്പോൾ അവൾക്കു കുറ്റബോധം തോന്നുന്നു. അച്ഛൻ വേഗം മരിക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. അച്ഛൻ ഇല്ലെങ്കിൽ തനിക്കു താൻ ആഗ്രഹിച്ച സ്വാതന്ത്ര്യം ലഭിക്കുമെന്നും അവൾ കരുതിയിരുന്നു.

 

എഴുതുമ്പോൾ ‘ഞാനു’മായി മൽപിടിത്തമില്ലാതെ മുന്നോട്ടുപോകാനാവില്ല. എന്നിൽനിന്ന് പുറത്തേക്കു പോകാനായി ഞാനുമായി പോരാടാതെ വയ്യ. അതു വിജയകരമാകാൻ സാധ്യതയില്ലെങ്കിലും ചില ഘട്ടങ്ങളിൽ, ചില നിമിഷങ്ങളിൽ സ്നേഹാതുരമായ സ്മരണകൾക്കു മുന്നിൽ വ്യക്തിയിലെ ‘ ഞാൻ’ കണ്ണീരൊഴുക്കി നമസ്കരിച്ചുപോകുന്നു. 

 

Content Summary: Ezhuthumesha Column written by Ajai P Mangattu - Struggles of writer while writing real life experiences