ഞങ്ങളുടെ വായനശാലയിലെ ഏറ്റവും മുഷിഞ്ഞവയുടെ കൂട്ടത്തിലായിരുന്നു എം. മുകുന്ദന്റെ പുസ്തകങ്ങൾ. ഒരുപാടുപേർ വായിച്ചതുകൊണ്ട് ആ താളുകൾ മുഷിഞ്ഞു വിണ്ടുപോയതാണ്. മുപ്പതു വർഷം മുൻപുള്ള ആ ദിവസങ്ങളിലെ ചർച്ചകളിൽ മുകുന്ദൻ സ്ഥിരമായി കടന്നുവന്നു. ‘ആദിത്യനും രാധയും മറ്റു ചിലരും’ വാരികയിൽ ഖണ്ഡശഃ വന്നപ്പോൾ ആ വായന ഒരുതരം

ഞങ്ങളുടെ വായനശാലയിലെ ഏറ്റവും മുഷിഞ്ഞവയുടെ കൂട്ടത്തിലായിരുന്നു എം. മുകുന്ദന്റെ പുസ്തകങ്ങൾ. ഒരുപാടുപേർ വായിച്ചതുകൊണ്ട് ആ താളുകൾ മുഷിഞ്ഞു വിണ്ടുപോയതാണ്. മുപ്പതു വർഷം മുൻപുള്ള ആ ദിവസങ്ങളിലെ ചർച്ചകളിൽ മുകുന്ദൻ സ്ഥിരമായി കടന്നുവന്നു. ‘ആദിത്യനും രാധയും മറ്റു ചിലരും’ വാരികയിൽ ഖണ്ഡശഃ വന്നപ്പോൾ ആ വായന ഒരുതരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞങ്ങളുടെ വായനശാലയിലെ ഏറ്റവും മുഷിഞ്ഞവയുടെ കൂട്ടത്തിലായിരുന്നു എം. മുകുന്ദന്റെ പുസ്തകങ്ങൾ. ഒരുപാടുപേർ വായിച്ചതുകൊണ്ട് ആ താളുകൾ മുഷിഞ്ഞു വിണ്ടുപോയതാണ്. മുപ്പതു വർഷം മുൻപുള്ള ആ ദിവസങ്ങളിലെ ചർച്ചകളിൽ മുകുന്ദൻ സ്ഥിരമായി കടന്നുവന്നു. ‘ആദിത്യനും രാധയും മറ്റു ചിലരും’ വാരികയിൽ ഖണ്ഡശഃ വന്നപ്പോൾ ആ വായന ഒരുതരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞങ്ങളുടെ വായനശാലയിലെ ഏറ്റവും മുഷിഞ്ഞവയുടെ കൂട്ടത്തിലായിരുന്നു എം. മുകുന്ദന്റെ പുസ്തകങ്ങൾ. ഒരുപാടുപേർ വായിച്ചതുകൊണ്ട് ആ താളുകൾ മുഷിഞ്ഞു വിണ്ടുപോയതാണ്. മുപ്പതു വർഷം മുൻപുള്ള ആ ദിവസങ്ങളിലെ ചർച്ചകളിൽ  മുകുന്ദൻ സ്ഥിരമായി കടന്നുവന്നു. ‘ആദിത്യനും രാധയും മറ്റു ചിലരും’  വാരികയിൽ ഖണ്ഡശഃ വന്നപ്പോൾ ആ വായന ഒരുതരം അദ്ഭുതമാണു പകർന്നത്. ആ നോവലിന്റെ ശൈലി വ്യത്യസ്തമായിരുന്നു. ഭാവിഭൂതവർത്തമാനങ്ങൾ അതിൽ കുഴമറിഞ്ഞുകിടന്നു അതു കേരളത്തിൽ നടക്കുന്ന കഥയല്ല. കാലഘടനയെ കുഴമറിക്കുന്ന ആ കഥപറച്ചിൽ നല്ല രസമാണു നൽകിയത്. 

 

ADVERTISEMENT

പിന്നീടു മിലാൻ കുന്ദേരയുടെ ‘ഇമ്മോർട്ടാലിറ്റി’ വായിക്കുമ്പോൾ എനിക്കു മുകുന്ദനെ വീണ്ടും ഓർമ വന്നു. പ്രമേയപരമായ സാമ്യം കൊണ്ടല്ല, ഇമ്മോർട്ടാലിറ്റിയിലെ ക്രമരഹിതമായ കാലം, ‘ആദിത്യനും രാധയും മറ്റു ചിലരും’ എന്ന ഓർമ കൊണ്ടുവന്നു. ഈ രണ്ടു പുസ്തകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏതോ ഒരു അനുഭവം എനിക്ക് കിട്ടിയത് രസകരമായിരുന്നു. ഞാൻ അതേപ്പറ്റി പലപ്പോഴും ഓർക്കാറുണ്ട്. ഡൽഹിയിലായിരുന്ന കാലത്ത് എം. മുകുന്ദൻ ഇമ്മോർട്ടാലിറ്റി കയ്യിൽ പിടിച്ചു റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്ന ഒരു രംഗം എന്റെ മനസ്സിൽ ജനിക്കുകയും ചെയ്തു.

 

എഴുത്ത് തനിക്ക് എപ്പോഴും വിശേഷപ്പെട്ട ഒരു ജീവിതമാർഗമാണെന്ന് ഫ്ലോബേർ പറഞ്ഞിട്ടുണ്ട്. ഫ്ലോബേറിനെ വായിക്കുമ്പോൾ നാം അനുഭവിക്കുന്നു, വായനയും ഒരു വിശേഷപ്പെട്ട ജീവിതമാർഗമാണ് എന്ന്. മലയാളത്തിലെ ആധുനികതയുടെ ഏറ്റവും പ്രശസ്തമായ മുഖമായി ഉയർന്ന മുകുന്ദന്റെ രചനകൾ ഈ പ്രത്യേകതരം ജീവിതം അക്കാലത്തെ വായനക്കാർക്കു നൽകി. താൻ വായിക്കുന്ന കഥയുടെയും കഥാപാത്രങ്ങളുടെയും പ്രതിരൂപമായി സ്വയം മാറാനുള്ള സുന്ദരമായ ചപലത അക്കാലത്തെ ചില വായനക്കാരുടെ സ്വഭാവമായിരുന്നു. അത് ചിലർക്ക് അസ്തിത്വ ദുഃഖമായോ ജീവിത വിരക്തിയായോ പ്രത്യക്ഷമാകുകയും ചെയ്തു. ലോകത്തോട് ഏറ്റവും അടുത്തു നിൽക്കാനും ലോകത്തെ നന്നായി മനസ്സിലാക്കാനുമുള്ള വ്യഗ്രതയിലാണ് സാധാരണ മനുഷ്യർ അസാധാരണമായി പെരുമാറാൻ തുടങ്ങിയത്. പുസ്തകം അവർക്ക് അപാരമായ കാഴ്ചകൾ തുറന്നുകൊടുത്തു. മുകുന്ദന്റെ ഒരു കഥയിൽ, നാലുവയസ്സായിട്ടും മുല കുടിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുണ്ട്, മുലപ്പാലല്ലാതെ മറ്റൊന്നും കഴിക്കാത്ത, മറ്റൊരു രുചിയുമറിയാത്ത ആ കുട്ടി ഒടുവിൽ നിസ്സഹായനായി, നിരാലംബനായി, വീടിനു പുറത്തേക്ക്, ഒരു നായയുടെ മുലത്തടത്തിലേക്ക് ഇഴഞ്ഞുപോകുന്ന തരം ദയനീയ അവസ്ഥകൾ മുകുന്ദനിൽ നാം വായിച്ചു.

‘ദൈവത്തിന്റെ വികൃതികൾ’ ഈ വഴിയിൽ എന്നന്നേക്കുമായി മനസ്സിൽ ഉറച്ചുപോയ നോവലാണ്. ‘എഴുത്ത് ഒരു സമ്പൂർണ ഉണ്മയാണ്’ എന്ന് റൊളങ് ബാർത്ത് പറയുന്നു - എഴുത്തും ചിന്തയും ഒന്നായിത്തീരുമ്പോഴാണ് ഈ ഉണ്മ നമുക്കു ലഭിക്കുന്നത്. ‘ദൈവത്തിന്റെ വികൃതികൾ’ സമ്പൂർണ ഉണ്മയായ ഒരു നോവലായാണു ഞാൻ വായിച്ചത്.

ADVERTISEMENT

 

അനായാസവും സുതാര്യവുമായ ചടുലതയോടെയാണു മുകുന്ദൻ കഥ പറയുന്നത്, തെളിനീരു പോലെ ഭാഷ ഒഴുകിവീണുപരക്കുന്നതു നാം അറിയുന്നു. ഉടലിൽ തേച്ചു പിടിപ്പിക്കുന്ന സുഗന്ധം പരിസരം അറിയുന്നതുപോലെ, കണ്ണീരോ നൈരാശ്യമോ നിറഞ്ഞ സന്ദർഭങ്ങളിലും നർമം നേർമയോടെ പരക്കുന്നു. മുകുന്ദന്റെ പാദമുദ്രയായി തോന്നിയതു കഥയിലായാലും നോവലിലായാലും അദ്ദേഹം ഒരുക്കുന്ന സൂക്ഷ്മദൃശ്യങ്ങളാണ്. കഥാഗതിയിലെ ഒരു നിസ്സാര സന്ദർഭത്തെ സൂക്ഷ്മതയോടെ എടുത്തുകാട്ടുന്നതിലൂടെ ആ കഥാനിമിഷത്തെ ഭദ്രവും ദൃഢവുമാക്കി മാറ്റാൻ മുകുന്ദനു കഴിയുന്നു. ചിലപ്പോൾ അത് കഥയിലെ അപ്രധാനമായ ഒരു വാക്യം പോലുമാകാം, പക്ഷേ അതുളവാക്കുന്ന സൗന്ദര്യം വിശേഷപ്പെട്ടതാണ്. ഒരു കഥയിൽ, ഒരു യുവാവ് തന്റെ പഴയ ഒരു കൂട്ടുകാരിയെ തിരക്കി അവളുടെ വീട്ടിൽ പോകുന്നു. അവൾ വിദ്യാർഥിപ്രസ്ഥാന നേതാവായിരുന്നു. നാട്ടിൻപുറത്ത് അവളുടെ വീട്ടിൽ ചെല്ലുമ്പോൾ അത് അടഞ്ഞുകിടക്കുന്നു. കാത്തിരിക്കൂ, അവൾ ഇപ്പോൾ വരുമെന്ന് അയൽവാസി പറയുന്നു. ഈ യുവാവ് അവളെ കാത്ത് തിണ്ണയിലെ ബെഞ്ചിൽ ഇരിക്കുന്നു, നേരം പോകുന്നു. സന്ധ്യയാകുന്നു. അപ്പോൾ വില കുറഞ്ഞ കോട്ടൻസാരി ഉടുത്ത ആ യുവതി വീട്ടിലേക്കു കയറി വരുന്നു. അവർക്കു പരസ്പരം മനസ്സിലാകുന്നു. യുവതി തിണ്ണയിലേക്കു കയറിയിട്ട് ആദ്യം ചെയ്തത് ആ ഭിത്തിയിലെ സ്വിച്ചിന് അടുത്തേക്കു പോയി അതു ഞെക്കി വിളക്ക് തെളിക്കുന്നതാണ്. ഭിത്തിയുടെ അടുത്തേക്കു ചെന്ന് അവൾ സ്വിച്ചിടുന്നതോടെ അവിടെ പരക്കുന്ന പ്രകാശം നാം കാണുന്നു, നമ്മുടെ മനസ്സിലേക്കു പടരുന്ന ആ ദീപ്തിയിലാണ് ആ കഥയിലെ സഹാനുഭൂതി നിറഞ്ഞ മാനുഷികത നിലനിൽക്കുന്നതെന്ന് എനിക്കു തോന്നി. 

 

എം. മുകുന്ദൻ

മറ്റൊരു ഉദാഹരണം ഓർമ വരുന്നത്, കേശവന്റെ വിലാപങ്ങൾ എന്ന നോവലിൽ യുവാവായ കേശവൻ, എല്ലാ യുവാക്കളെയും പോലെ കാമത്തിന്റെ തള്ളലാൽ ലജ്ജിച്ചും ഖേദിച്ചും ദാഹിച്ചും കഴിയുന്ന കാലം വിവരിക്കുമ്പോൾ, (ഞാൻ ഓർമയിൽനിന്ന് എഴുതുകയാണ്) കേശവനെ എന്നും മോഹിപ്പിക്കാറുള്ള അയൽപക്കത്തെ വീട്ടമ്മ, കുളി കഴിഞ്ഞു വന്ന് തുണികൾ ഉണങ്ങാനിടുകയാണ്. അവൻ അത് മുറ്റത്തുനിന്നു കാണുന്നു, അവളോട് ഇന്നു തന്നെ പോയി തന്റെ മനസ്സ് കേഴുന്നു എന്നു പറയണം, എന്തു വന്നാലും വേണ്ടില്ല എന്നു കരുതി അവൻ ഉണങ്ങാനിട്ട ഈർപ്പമൂറുന്ന പെൺവസ്ത്രങ്ങൾക്കിടയിലൂടെ നടക്കുന്നു, അടിപ്പാവാടയുടെ വെള്ളമൂറുന്ന ചരട് അവന്റെ മുഖത്ത്, കവിളിൽ സ്പർശിക്കുന്നു. ഒരു തണുപ്പ്,  നനവ്, അവിവാഹിതനായ ചെറുപ്പക്കാരൻ വിവാഹിതയായ ഒരു മുതിർന്ന യുവതിയുടെ മുന്നിലെത്തുമ്പോൾ സംഭവിക്കാവുന്ന അതേ പാരവശ്യം - അവന് ഒന്നും പറയാനാവാതെ നിസ്സാരനായി, നിശ്ശൂന്യനായി നിൽക്കേണ്ടിവരുന്നു. ഉണങ്ങാനിട്ട പാവാടയുടെ നീണ്ട ചരടിന്റെ ഈർപ്പം മുഖത്തറിയുന്ന ആ നിമിഷമാണ് ആ രംഗത്തെ ചലപമായ ഏതോ അനുഭൂതിയുടെ സുന്ദരചിത്രമാക്കി മാറ്റുന്നത്.

ADVERTISEMENT

 

പണ്ടു പതിവായി പോയിരുന്ന ഒരു പഴയ പട്ടണത്തിന്റെ ഓർമ പോലെയാണ് ഞാൻ ഇപ്പോൾ എം. മുകുന്ദൻ എന്ന വായനാനുഭവത്തെ നോക്കുന്നത്. അത് എന്റെ ഉള്ളിലെതന്നെ മറ്റൊരു ജീവിതത്തിന്റെ മുദ്ര കൂടിയാണ്. ആ പഴയ പട്ടണത്തിലേക്ക് ഇപ്പോൾ പോയാൽ പഴയ എടുപ്പുകളോ തെരുവുകളുടെ അടയാളങ്ങളോ ഒന്നും അങ്ങനെതന്നെ കാണണമെന്നില്ല. പക്ഷേ ചിന്തയും എഴുത്തും ഒന്നാകുന്ന ഒരു സമ്പൂർണ ഉണ്മയാൽ അത് ദുരൂഹമായ ഒരിടത്തു നശിക്കാതെ തുടരുന്നുണ്ട്. യഥാർഥത്തിൽ ഉണ്ടായിരുന്നതിനേക്കാൾ മിഴിവോടെ, നിസ്സാരതകൾ പകരുന്ന സന്തോഷങ്ങളുടെ വിശദാംശങ്ങളോടെ, വിവിധ ചാപല്യങ്ങളോടെ ആ പട്ടണം ജീവിക്കുന്നു.  ഇതു വായനക്കാരന്റെ വിശേഷപ്പെട്ട ജീവിതവഴിയാണ്. സമീപകാലത്തു ഞാൻ മുകുന്ദന്റെ ഒരു കഥ വായിച്ചപ്പോൾ അതിൽ,   “...പഴയ കാലത്തെ പെണ്ണുങ്ങളുടെ വെളിച്ചെണ്ണ തേച്ചു ചീകിയ തലമുടി പോലെ തിളക്കമുള്ള ഇരുട്ട് ശ്രീപാർവതിയുടെ കിടപ്പുമുറിയിൽ പതിയെ വന്നു നിറഞ്ഞു..” എന്ന വാക്യം കണ്ടു. എത്ര അനായാസമായാണ് മുകുന്ദൻ തിളക്കമുള്ള പദങ്ങൾ എടുത്തുവയ്ക്കുന്നത്.

 

മുകുന്ദന്റെ ശൈലി എന്നതു രണ്ടു സുഹൃത്തുക്കൾക്കിടയിലെ സംസാരം പോലെ ഹൃദ്യവും അടുപ്പമുള്ളതുമായിരുന്നു. അതാണ് ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് ഏറ്റവും നല്ലതായി തോന്നിയത്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ മുകുന്ദനെപ്പോലെ എഴുതാനോ കഥപറയാനോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അതേസമയം അദ്ദേഹത്തിന്റെ സരളത ഒരു മാതൃകയായി മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുന്നു. 

 

‘രാധ- രാധ മാത്രം’ എന്ന കഥ ആദ്യം വായിച്ചപ്പോഴുണ്ടായ വിചിത്രമായ അനുഭൂതി ഇപ്പോഴും ഉള്ളിലുണ്ട്. രാധയുടെ നിസ്സഹായവസ്ഥ, രാധ നേരിടുന്ന അസംബന്ധം പിന്നീട് ആലോചിക്കുമ്പോൾ നാമെല്ലാം കടന്നുപോകുന്ന അതേ അനുഭവം തന്നെയാകുന്നു. കാഫ്കയുടെ രചനകളിൽ നാം കാണുന്ന അസംബന്ധവിധികളോട് അതിനു സാമ്യമുണ്ടായിരുന്നു. ഉന്മേഷവതിയായ ഒരു പെൺകുട്ടി പൊടുന്നനെ അദൃശ്യയായി, ആരുമല്ലാതാകുന്നു. നമ്മുടെ ഐഡിന്റിറ്റി എന്നത് നാമറിയാതെ നമ്മിൽനിന്നു ചോർന്നു പോകുന്നു. നാം ഈ ലോകത്തിനു ചേരാത്ത ജന്മമാകുന്നു. ഇത് മുകുന്ദന് ഇഷ്ടപ്പെട്ട പ്രമേയമാണ്, ഈ ലോകത്തിനു ചേരാത്തവരായ മനുഷ്യരുടെ നിസ്സഹായതകളും പലായനങ്ങളും. സമീപകാലത്തു മുകുന്ദൻ എഴുതിയ ‘മൈഥിലിയും കല്യാണിയും’ എന്ന കഥയിലാകട്ടെ സ്വത്വനഷ്ടം മാത്രമല്ല സ്വത്വരൂപാന്തരം കൂടി സംഭവിക്കുന്നു. പുതിയ കാലത്തിന്റെ ഒരു നീതിപ്രശ്നം കൂടി അവിടെ സംഭവിക്കുന്നുണ്ട്. വിവാഹത്തിനു തൊട്ടുമുൻപ് ഒരു പെണ്ണ് ഒറ്റയ്ക്കു യാത്ര പോകാൻ ആഗ്രഹിക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളോ വിദൂരസ്ഥലങ്ങളോ അല്ല, ബസ്സ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും തെരുവുകളിലും അലയാനാണ് അവൾ യാത്ര പോകുന്നത്. കയ്യിൽ കാശില്ല, കൂട്ടുകാരുമില്ല എന്നിട്ടും അവൾ വീടുവിട്ട് ഇറങ്ങി നടക്കുന്നു. അലയുന്നു. ഒരാൾ പൊതുക്രമത്തിൽനിന്ന് വഴിവിട്ടുപോകുന്നതോടെ അയാളുടെ സ്വത്വത്തിനു മേൽ പുറമേ നിന്നു വരുത്തുന്ന രൂപാന്തരത്തിന്റെ നടുക്കമാണ് ‘മൈഥിലിയും കല്യാണിയും’.

 

ചിലപ്പോൾ നാം വായിച്ചുവായിച്ച് ചില എഴുത്തുകാരുടെ പുസ്തകങ്ങളുമായി സുദീർഘവും സൗമ്യവുമായ ഒരു ബന്ധമുണ്ടാക്കും. ഇരുപതാം വയസ്സിൽ ഒരാൾ കൊണ്ടു നടന്ന ദൈവങ്ങളെല്ലാം പിന്നീടു കാലഹരണപ്പെട്ടുപോകാം. ഇരുപതാം വയസ്സിൽ സങ്കൽപിച്ച ലോകം തന്നെയും ഇല്ലാതായിത്തീരും. എങ്കിലും ഇരുപതിൽ തോന്നിയ സ്നേഹവും കാമവും വിരഹവും അലച്ചിലും കാലഹരണപ്പെടുന്നില്ല. ആ മുറിവുകൾ കഴിഞ്ഞാലും അതു നൽകിയ വേദന തീരുന്നില്ല. ദൊസ്തയേവ്സ്കിയുടെ തടവറയനുഭവങ്ങളിൽനിന്നു ജനിച്ച ‘നോട്സ് ഫ്രം എ ഡെഡ് ഹൗസ്’ എന്ന കൃതിയിൽ കുറ്റവാളികളായിത്തീർന്ന സാധാരണ മനുഷ്യരുടെ കഥകളാണ് ദൊസ്തയേവ്സ്കി വിവരിക്കുന്നത്. ശിക്ഷയ്ക്കു തൊട്ടുമുൻപുള്ള നിമിഷമാണ് ഏറ്റവും കഠിനം, അസഹനീയം എന്ന് ദൊസ്തയേവ്സ്കി എഴുതുന്നു. ശിക്ഷ എങ്ങനെയും ഒഴിവാക്കാനാണ് അപ്പോൾ ഏതു തടവുകാരനും ആഗ്രഹിക്കുക. 

 

ചാട്ടവാറടിക്കു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഭയങ്കരതയെ പറയുമ്പോൾ ദൊസ്തയേവ്സ്കി ഒരു കൊലപ്പുള്ളിയുടെ അനുഭവം വിവരിക്കുന്നു. കൊലപാതകക്കുറ്റത്തിനു സൈബീരിയയിലേക്കു നാടുകടത്തപ്പെട്ട അയാൾക്കു നാലായിരം ചാട്ടവാറടിയായിരുന്നു ശിക്ഷ കിട്ടിയത്. നാലായിരം അടി ഒരാൾ താങ്ങില്ലല്ലോ. അതിനു മുൻപേ അയാൾ മരിച്ചുപോകും. പക്ഷേ അടി ഘട്ടം ഘട്ടമായാണ്. നൂറുകണക്കിന് അടികളേറ്റ് ബോധശൂന്യനാകുന്ന ആളെ ഡോക്ടർ വന്നു പരിശോധിച്ചശേഷം ആശുപത്രിയിലേക്കു മാറ്റും. തടവറയിലെ ആശുപത്രിയിൽ അയാളുടെ മുതുകിലെ മുറിവുകൾ ശുശ്രൂഷിക്കും. ദിവസങ്ങൾ പിന്നിടുമ്പോൾ അത് ഉണങ്ങും. ഉണങ്ങിക്കഴിഞ്ഞാലുടൻ അവശേഷിക്കുന്ന അടികൾക്കായി വീണ്ടും കൊണ്ടുപോകുന്നു. ശിക്ഷ പൂർത്തീകരിക്കാൻ ഇതു നാലോ അഞ്ചോ വട്ടം ആവർത്തിക്കുകയാണ്. ഓരോ വട്ടവും വരാനിരിക്കുന്ന ശിക്ഷയുടെ ഓർമ കൊണ്ടുനടക്കലാണ് ഏറ്റവും കഠിനം. കുട്ടിക്കാലം മുതൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം ധാരാളം അടി കിട്ടി ശീലിച്ചതുകൊണ്ടാണു താൻ ജയിലിലെ നാലായിരം അടികൾ താങ്ങിയതെന്ന് അയാൾ ചിരിച്ചുകൊണ്ടു  ദൊസ്തയേവ്സ്കിയോടു പറയുന്നു. പക്ഷേ അയാൾ ഇപ്പോഴും ഉറക്കത്തിനിടെ ചാടവാറടിയേറ്റു പുളഞ്ഞ് ഉറക്കെ കരയാറുണ്ട്. ശിക്ഷ കഴിഞ്ഞാലും ഉറക്കത്തിൽ ആ പഴയ അടികളുടെ ഓർമകൾ ശരീരത്തിനുമീതേ ചാട്ടവാറുകളായി ഉയരുന്നതും ദേഹത്തു വീഴുന്നതും അയാൾ അറിയുന്നു. 

 

സാഹിത്യകൃതിയിൽ ലയിച്ചുപോകുന്ന ഒരാൾ, കഥാപാത്രങ്ങളുമായി ഹൃദയബന്ധത്തിലാകുന്ന ഒരു വായനക്കാരൻ എത്ര കാലം കടന്നുപോയാലും ആ നോവുകൾ, നോവുകൾക്കു മുൻപേയുള്ള ഉൽകണ്ഠകൾ മറക്കുന്നില്ല. പഴയ അനുഭവത്തിന്റെ വികാരങ്ങൾ ഇടയ്ക്കിടെ ഉണരുന്നത് അറിയുന്നു. മുകുന്ദൻ കൊണ്ടുപോയ ഇടങ്ങളിൽനിന്നാണു ഞങ്ങൾ വേറെയും തീരങ്ങളിലേക്കു പോയത്. പക്ഷേ ഏറ്റവും തിടുക്കമാർന്ന ഒരു സ്വപ്നത്തിലെന്ന പോലെ ആദ്യതീരങ്ങൾ ഓർമിക്കുക സാഹിത്യത്തിൽ എത്ര നല്ലതാണ്. 

 

Content Summary: Ezhuthumesha column on works of M Mukundan