സംഘടനാ ചായ്‌വുകൾ ഉണ്ടായിരുന്നിട്ടും കൃഷ്ണൻ സാർ ആളെ നോക്കിയാണ് വോട്ട് ചെയ്തിരുന്നത്. അനാവശ്യ പിരിവുകൾ ഒഴിവാക്കിയിരുന്നു എങ്കിലും വിവിധ സഹായനിധികളിലേക്ക് ഒരു തുക മുടങ്ങാതെ കൊടുത്തിരുന്നു. സർക്കാർ സർവീസിൽ ഇരുന്നപ്പോൾ കൈക്കൂലി മേടിച്ചില്ല. തന്റെ മേശയ്ക്കു മുന്നിൽ എത്തിപ്പെടുന്നവരുടെ ഗതികേട്

സംഘടനാ ചായ്‌വുകൾ ഉണ്ടായിരുന്നിട്ടും കൃഷ്ണൻ സാർ ആളെ നോക്കിയാണ് വോട്ട് ചെയ്തിരുന്നത്. അനാവശ്യ പിരിവുകൾ ഒഴിവാക്കിയിരുന്നു എങ്കിലും വിവിധ സഹായനിധികളിലേക്ക് ഒരു തുക മുടങ്ങാതെ കൊടുത്തിരുന്നു. സർക്കാർ സർവീസിൽ ഇരുന്നപ്പോൾ കൈക്കൂലി മേടിച്ചില്ല. തന്റെ മേശയ്ക്കു മുന്നിൽ എത്തിപ്പെടുന്നവരുടെ ഗതികേട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഘടനാ ചായ്‌വുകൾ ഉണ്ടായിരുന്നിട്ടും കൃഷ്ണൻ സാർ ആളെ നോക്കിയാണ് വോട്ട് ചെയ്തിരുന്നത്. അനാവശ്യ പിരിവുകൾ ഒഴിവാക്കിയിരുന്നു എങ്കിലും വിവിധ സഹായനിധികളിലേക്ക് ഒരു തുക മുടങ്ങാതെ കൊടുത്തിരുന്നു. സർക്കാർ സർവീസിൽ ഇരുന്നപ്പോൾ കൈക്കൂലി മേടിച്ചില്ല. തന്റെ മേശയ്ക്കു മുന്നിൽ എത്തിപ്പെടുന്നവരുടെ ഗതികേട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഘടനാ ചായ്‌വുകൾ ഉണ്ടായിരുന്നിട്ടും കൃഷ്ണൻ സാർ ആളെ നോക്കിയാണ് വോട്ട് ചെയ്തിരുന്നത്. അനാവശ്യ പിരിവുകൾ ഒഴിവാക്കിയിരുന്നു എങ്കിലും വിവിധ സഹായനിധികളിലേക്ക് ഒരു തുക മുടങ്ങാതെ കൊടുത്തിരുന്നു. സർക്കാർ സർവീസിൽ ഇരുന്നപ്പോൾ കൈക്കൂലി മേടിച്ചില്ല. തന്റെ മേശയ്ക്കു മുന്നിൽ എത്തിപ്പെടുന്നവരുടെ ഗതികേട് അവരേലുമേറ്റം മനസ്സിലാക്കി, അധികം നടത്താതെ കാര്യങ്ങൾ ചെയ്തു കൊടുത്തു. മദ്യപിക്കുകയോ ബീഡിവലിക്കുകയോ ചെയ്തില്ല. രണ്ടായിരത്തി ഇരുപത്തിയൊന്ന് ഫെബ്രുവരിയിൽ വിരമിച്ച ശേഷം വീട്ടിൽ ഒതുങ്ങിക്കൂടാതെ ചെറിയ രീതിയിൽ പച്ചക്കറി കൃഷി തുടങ്ങി. മുടങ്ങിക്കിടന്ന വായന തുടങ്ങി. വായന വലിയ തള്ളൽ സൃഷ്ടിച്ചപ്പോൾ കവിതകൾ കുത്തിക്കുറിച്ച് സൊസൈറ്റിയുടെ മാസികയിലേക്ക് മുടങ്ങാതെ അയച്ചു. ഒരിക്കൽ പോലും കറുപ്പ് മഷിയിൽ സ്വന്തം അക്ഷരങ്ങൾ കണ്ടില്ല. എങ്കിലും മുപ്പതാം തീയതി തന്നെ മാസവരി കൃത്യമായി പുതുക്കി.

 

ADVERTISEMENT

മാംസാഹാരം വർജിച്ച് മിതവ്യയ ജീവിതമായിരുന്നിട്ടും ഏപ്രിൽ മാസത്തിലെ പന്ത്രണ്ടാം തീയതി രാത്രിയിൽ ഒരു ചെറിയ ശ്വാസംമുട്ടൽ തോന്നിയ കൃഷ്ണൻ സാർ സ്വയം ആംബുലൻസ് വിളിച്ചു. അദ്ദേഹം ഭാര്യയുടെ സഹായമില്ലാതെ വീടിന്റെ പടി നടന്നിറങ്ങി. തനിക്ക് കലശലായി ഒന്നുമില്ല അതുകൊണ്ടു സൈറൺ ഇടേണ്ട എന്ന് ആംബുലൻസ് ഡ്രൈവറോടു പിൻസീറ്റിൽ ഇരുന്ന് ചിരിച്ചു കൊണ്ടു പറഞ്ഞ കൃഷ്ണൻ സാർ ആശുപത്രിയിൽ എത്തും മുൻപു മരിച്ചു. സാറിനെ കൊണ്ടുപോയ വണ്ടിക്കു പിന്നാലെ ആശുപത്രിയിൽ ചെന്ന സൊസൈറ്റിക്കാരോടു ശരീരം വിട്ടുതരണമെങ്കിൽ കോവിഡ് ടെസ്റ്റ് എടുക്കണമെന്ന ആവശ്യം ഡോക്ടർ പറഞ്ഞതോടെ അദ്ദേഹത്തിന്റെ മരണത്തിന് ഒരു കൃത്രിമത്വം പിടിപെട്ടു. ടെസ്റ്റ് റിസൽട്ട് കാത്ത് അദ്ദേഹം തലവഴി വെള്ള പുതച്ച് ബോഡിബാഗിലെ ചൂടുപറ്റിക്കിടന്ന വാർത്ത അറിഞ്ഞവർ ഓരോരുത്തരും പ്രതികരിച്ചു. മണിക്കൂറുകൾക്കകം അതു രണ്ടു പക്ഷമായി. മരിച്ചപ്പോൾ അദ്ദേഹം കോവിഡ്ബാധിതനായിരുന്നു എന്ന അപവാദത്തെ ഭാര്യ ശക്തമായി എതിർത്തു കൊണ്ടിരുന്നു. എങ്കിലും സംഖ്യാരേഖയുടെ പൂജ്യത്തിനിരുപുറവുമിരുന്ന് ആളുകൾ കൃഷ്ണൻ സാറിന്റെ മരണത്തെ പഠിക്കുകയും വിമർശിക്കുകയും ചെയ്തു. ഒരറ്റത്ത് അയാൾ തികഞ്ഞ അരാഷ്ട്രീയ വാദിയും സഹകരണമനോഭാവമില്ലാത്തവനുമായപ്പോൾ മറുപുറത്തു തികഞ്ഞ സാമൂഹിക ജീവിയായിരുന്നു അദ്ദേഹം. ഇവയൊന്നാലും ബാധിക്കപ്പെടാത്ത കുറച്ചു പേർ ചാരായം വാറ്റിയും വിഡിയോ ഗെയിം കളിച്ചുമൊക്കെയിരുന്നു. പകലിനു വായ്ക്കരി വച്ചസന്ധ്യയുടെ എള്ളും ചോറും പതിയെ ആകാശത്ത് പരന്നു. ഇരുട്ടിനു കനം കൂടുംതോറും അവയിൽ ചിലതു മിന്നിത്തിളങ്ങി.

 

അസ്വാഭാവിക മരണം ആയതുകൊണ്ടു അന്നു രാത്രി കാവലിന് ആരുമില്ലായിരുന്നു. മൂക്കിനു താഴെ മാസ്ക് വച്ച രണ്ടു പേർ കൃഷ്ണൻ സാറിന്റെ വീടിനടുത്തുള്ള ആലിൻചുവട്ടിൽ നിന്നു സിഗരറ്റ് വലിച്ചുകൊണ്ടിരുന്നു. വിരലിനിടയ്ക്ക് നാട്ടിയ സിഗരറ്റ് താഴെ വീഴാതെ ഫോണിൽ സന്ദേശം കൈമാറിനിന്ന അവരുടെ അടുത്തുകൂടെ രണ്ടു കാറുകൾ വേഗത്തിൽ കടന്നുപോയി.‌ നാല് ഇൻഡിക്കേറ്ററും ഒരുപോലെ ഓണാക്കി, ഹോൺ നിർത്താതെ മുഴക്കിക്കൊണ്ട് വണ്ടി സാറിന്റെ വീട്ടുപടിക്കൽ കുലുങ്ങി നിന്നു. നിലവിളിയുടെ കാഹളങ്ങൾ മുഴക്കിക്കൊണ്ട് കാറുകളുടെ പിൻവാതിൽ തുറക്കപ്പെട്ടു. അയൽവക്കത്തെ ചിലവീടുകളിൽ വെട്ടം തെളിഞ്ഞപ്പോൾ മറ്റു ചിലയിടത്തു ജനാലയ്ക്കൽ ഇരുൾരൂപങ്ങൾ പ്രത്യക്ഷപ്പെട്ടു. ആരും വെളിയിൽ ഇറങ്ങിയില്ല.

 

ADVERTISEMENT

ആലിൻചുവട്ടിൽ വെട്ടം വീണതോടെ അവടെ നിന്നവർ ഫോൺ പോക്കറ്റിലിട്ടു. സിഗരറ്റിന്റെ അവസാന പുക ആഞ്ഞുവലിച്ചുകൊണ്ട് ഒരാൾ പറഞ്ഞു: ‘‘മക്കളാ....ഇനിയിപ്പോ ചെവിതല കേക്കണ്ട. വാ പോകാം’’.

ചിത്രീകരണം : വിഷ്ണു വിജയൻ

 

മക്കൾ അകത്തേക്കു കയറിയതും പറഞ്ഞുറപ്പിച്ചതു പോലെ ഒരു കൂട്ടനിലവിളി. ഇരുവരും പതിയെ വീട്ടിലേക്ക് നടന്നു. ഇടവഴി കയറി ഒരുപാടു നടന്നു വീടെത്തിയിട്ടും വാതിലടച്ചു കുറ്റിയിട്ടിട്ടും എണ്ണിപ്പാടിസേവയിലെ മൂർച്ചയുള്ള ചില ശബ്ദങ്ങൾ ഇരുട്ടിൽ വഴി തെറ്റി അവർക്കൊപ്പം കൂടി. നിലവിളികൾ കരച്ചിലായി, കരച്ചിലുകൾ തേങ്ങലായി, തേങ്ങലുകൾ ചെറിയ മൂളലായി. മൂളലുകൾ ഗദ്ഗദങ്ങൾക്കും നേരിയ ഏങ്ങലടികൾക്കും വഴിമാറിയതോടെ പരിസരത്ത് മരണക്കറുപ്പിന്റെ അനാഥത്വവും ഭീതിയും നിറഞ്ഞു.

 

ADVERTISEMENT

വൈകിയ മരണമായതുകൊണ്ടു പത്രത്തിന്റെ രണ്ടാം പതിപ്പിലാണ് കൃഷ്ണൻസാറിന്റെ മരണ വാർത്ത കയറിയത്. ഒരു നാലുവരി വാർത്തയിൽ കൃഷ്ണൻ സാർ ചരമപ്പേജിന്റെ മൂലയിലായിപ്പോയിട്ടും വാസുക്കുട്ടൻ കൃത്യമായി വാർത്ത കണ്ടു. രണ്ടായിരം രൂപ മുടക്കി തലേന്നടിച്ച കാട്ടു റമ്മിന്റെ ഹാങ്ങോവറിൽ ഇരുന്ന വാസുക്കുട്ടന്റെ കണ്ണു തള്ളി താഴെ വീഴാറായി നിന്നു. വീണു പിടച്ച്, കിട്ടിയ ഷർട്ടുമിട്ട് അയാൾ സ്കൂട്ടറിൽ കയറി. പോക്കറ്റിൽ നിന്നു കുങ്കുമപ്പൊതി തുറന്നു. ഒരു നുള്ളെടുത്തു ചുവന്ന നിറം ഇടതു ചെവിയിൽ തൂത്തു. മാസ്ക് ധരിച്ചു. ഡബിൾ മാസ്കിൽ മദ്യത്തിന്റെ മണം തങ്ങി നിന്നു. 

 

സീറ്റിൽ നിന്ന് ഇറങ്ങി ഇരുവശത്തേക്കും കാലിട്ടു നിന്നിട്ടാണു വാസുക്കുട്ടൻ വണ്ടി തിരിച്ചതും അതു സ്റ്റാർട്ടാക്കി കൃഷ്ണൻ സാറിന്റെ വീട്ടിലേക്കു യാത്ര തിരിച്ചതും. സ്കൂട്ടറിലിരുന്നാൽ നിലത്ത് എത്താത്ത കാലുകളെ നോക്കി, ‘ബ്രേക്ക് പിടിച്ചിട്ട് ചാടിക്കോടാ വാസൂ’ എന്നു കൃഷ്ണൻ സാർ പറയുമായിരുന്നു. വണ്ടിയോടിക്കാനും പിന്നിലിരിക്കാനും കൃഷ്ണൻ സാറിനു പേടിയായിരുന്നു. ഓർമകൾ പലതു വീശി, വണ്ടി വഴിയിലൊതുക്കി സാറിന്റെ വീട്ടിലേക്കു നട കയറിപ്പോകുന്ന വാസുക്കുട്ടനെ ആരും അധികം നോക്കിയില്ല. അസ്വസ്ഥതകൾ ഒരു മൂളലായി അവിടെമാകെ നിറഞ്ഞു നിന്നു. പുറത്ത്, ഷൂ റാക്കിനു വെളിയിൽ കുറേ ചെരുപ്പുകൾ കാലുകൾ മാറിയും മലർന്നും ചെറിയ ഭൂഖണ്ഡം പോലെ കാണപ്പെട്ടു. വാസു കാലുകൊണ്ട് അതിനെ ഒന്നൊതുക്കി. സ്ലിപ്പർ ഊരിയിട്ട് അകത്തേക്കു നടന്ന വാസുക്കുട്ടന്റെ നോട്ടം ആളൊഴിഞ്ഞ സ്വീകരണമുറിയിലേക്കു നീണ്ടു.

 

വെളുത്തു പൊക്കമുള്ള ഒരാൾ ഹാളിൽ ഇരിക്കുന്നതു കണ്ട വാസുക്കുട്ടൻ അടുത്തേക്കു ചെന്നു. സോഫയിൽ ഒപ്പമിരുന്നു. ചെസ്സ് ബോർഡിന്റെ തൊട്ടടുത്തുള്ള രണ്ടു കളങ്ങൾ പോലെ അവർ കാണപ്പെട്ടു. 

 

‘‘കൃഷ്ണൻ സാർ എന്റെ സൂപ്രണ്ടായിരുന്നു. ഒരേ ഓഫിസിൽ പതിമൂന്നു കൊല്ലം ജോലി ചെയ്തിട്ടുണ്ട്. വിനീതിനെ കല്യാണത്തിന്റെ അന്നു കണ്ടതാ. പിന്നെ ദേ ഇപ്പം.. ഇങ്ങനെ....സാറിന്റെ മകൾക്കും കുട്ടിക്കും?’’

 

മരുമകന്റെ നോട്ടത്തിന്റെ അർഥം മനസ്സിലാക്കി അയാൾ സംസാരം ചെറുതായി മുറിച്ചു.

 

‘‘ഞാൻ ലാസ്റ്റ് ഗ്രേഡായിരുന്നെങ്കിലും ഉച്ചയ്ക്കുള്ള ഭക്ഷണവും വൈകിട്ടത്തെ ചായയും സാറുമായിട്ടായിരുന്നു. പഞ്ചാരയും കൊഴുപ്പും തീരെയില്ലാതിരുന്നിട്ടും സാറ് വട മേടിക്കത്തില്ല. ഞാൻ ഒരണ്ണം മേടിക്കും. ഒരു മുറി സാറിന്. ടിഷ്യൂ പേപ്പറിൽ നല്ലവണ്ണം ഒപ്പി സാറ് എണ്ണമയം കളയുമ്പോഴേക്കും ഞാൻ ബാക്കി അകത്താക്കും. പകുതി കപ്പ് ചായയേ കൃഷ്ണൻ സാറ് കുടിക്കൂ... ആ... സമയം പെട്ടന്നാണ് കടന്നു പോയത്.’’ മരുമകൻ സോഫയുടെ ഒരറ്റത്തേക്ക് നീങ്ങിയിരുന്നു.

 

ഒരു ചെറിയ നിർത്തലിനു ശേഷം വാസു ചോദിച്ചു.

 

‘‘കൃഷ്ണൻ സാറിനെ എപ്പഴാ കൊണ്ടുവരുന്നത്?’’

 

റിങ് ചെയ്തു കൊണ്ടിരുന്ന ഫോൺ കട്ട് ചെയ്തു കൊണ്ടു വിനീത് പറഞ്ഞു:

 

‘‘ടെസ്റ്റ് നെഗറ്റീവാണ്. എങ്കിലും ഡ്രസ്സ് ചെയ്ത് ബോഡി... അല്ല, അച്ഛനെ കൊണ്ടുവരാൻ പന്ത്രണ്ടു മണി കഴിയും. ആകെ പ്രശ്നമാണ്. കർമങ്ങൾ ചെയ്യുന്ന എളേതിനെ കിട്ടാനില്ല. എല്ലാവരും തിരക്കിലാണ്. കോവിഡാണെന്നു നാട്ടുകാരു പറഞ്ഞു പരത്തിയതു കാരണം സൊസൈറ്റിയിലുള്ള ആരും വരണ്ട എന്നു തീരുമാനിച്ചു. വരുന്നവർ ഗേറ്റിനു പുറത്തുനിന്നു നോക്കിയ ശേഷം നടന്നു പോകും.’’ വാസുക്കുട്ടൻ നോക്കിയിരിക്കെ വിനീതിന്റെ ഫോൺ വീണ്ടും അടിച്ചു.

 

‘‘അതെ, ദഹനത്തിനു ഗ്യാസ് യൂണിറ്റ് പറഞ്ഞിരുന്നു... 

ഇന്നലെ ആറായിരം പറഞ്ഞത് ഇന്ന് എങ്ങനെയാണ് എണ്ണായിരം ആയത്?

ഇല്ല മരണകാരണം കോവിഡല്ല. ആരാ പറഞ്ഞത്?

സൊസൈറ്റിക്കാർ സംബന്ധിക്കുന്നില്ല. അതുകൊണ്ടാണു പറഞ്ഞത്. ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ട്.

ആന്റിജൻ അല്ല. ആർടിപിസിആറാണ്.

പതിനൊന്നരയ്ക്ക് തന്നെ എത്തണം, പന്ത്രണ്ടിന് കൊണ്ടുവരും. ക്ഷേത്ര നട അടച്ചാൽ ദഹിപ്പിക്കാം.

ഏഴായിരത്തിന് മാറ്റമില്ലല്ലോ അല്ലേ?

ഓക്കെ.’’

 

ഫോൺ കട്ടായപ്പോൾ വാസുക്കുട്ടൻ പറഞ്ഞു:

ചിത്രീകരണം : വിഷ്ണു വിജയൻ

 

‘‘മരിപ്പിനും എടങ്കോലിടുന്ന കൂട്ടങ്ങളാ!’’

 

വിനീത് താടി തിരുമ്മിക്കൊണ്ടിരുന്നു, ‘‘ചേട്ടാ കർമം ചെയ്യിക്കുവാൻ സൊസൈറ്റിക്കാരില്ല. ചേട്ടന് അറിയാവുന്ന എളേതങ്ങള് ആരേലും?. അമ്മയ്ക്ക് ഒരേ നിർബന്ധം, കർമങ്ങൾ എല്ലാം നടത്തി പതിനാറിന് ശപിണ്ണി ഉണ്ണിക്കണം എന്ന്. എണങ്ങൻമാരൊക്കെ ഇക്കാലത്ത് സംബന്ധിക്കുമോ?. കർമം ചെയ്യാൻ ആരേലും കിട്ടിയാ മതി എന്ന അവസ്ഥയാ. അപ്പഴാ..’’

 

വാസുച്ചേട്ടൻ ഒന്നാലോചിച്ച ശേഷം പറഞ്ഞു:

 

‘‘കർമം ചെയ്യാൻ എന്റെ വീടിന്റെ അടുത്ത് ഒരാളുണ്ട്.’’

 

വിനീത് ഫോണിൽ നിന്നു തല ഉയർത്തി നോക്കി.

 

‘‘ചേട്ടന്റെ വീടിനടുത്ത് എന്നു പറയുമ്പോൾ???..’’

 

വാസുക്കുട്ടൻ ചിരിവരുത്താൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു:

 

‘‘വിനീതേ, നിങ്ങള് ഉദ്ദേശിച്ച ആള് തന്നെയാ’’.

 

ഇത്രയും നേരം സോഫയുടെ മൂല പറ്റിയിരുന്ന വിനീത് ഇതുകേട്ടതോടെ വാസുക്കുട്ടന്റെ അടുത്തേക്കു നീങ്ങിയിരുന്നു.

 

‘‘ചേട്ടാ ഒന്നു റെഡിയാക്കി തരുമോ?. പൈസ ഒന്നും പ്രശ്നമല്ല’’.

 

‘‘റെഡിയാക്കാം വിനീതേ, ഞാൻ പോയി വിളിച്ചു കൊണ്ട്വരാം. ഫോൺ വിളിച്ചാലൊന്നും ആളു വരില്ല .സകല സാധനങ്ങളും എടുക്കാൻ ഒരാളു പോണം. പൂവ്, തുളസി, ചെറൂള, എള്ള്, മലര് എല്ലാം അയാള് കൊണ്ടുവരും. രണ്ടു നിലവിളക്കും തേങ്ങയും എടുത്തു വയ്ക്കണം. വലിയ കർക്കശക്കാരനാ പുള്ളി. വൃത്തിയായി കർമം ചെയ്യും. ചെയ്യിക്കുകയും ചെയ്യും. പറയുന്ന തുക കൊടുത്താൽ മതി. ഞാൻ ചെന്നു കൂട്ടിക്കൊണ്ടു വരാം.’’

 

ഇറങ്ങാൻ തയ്യാറായി നിന്ന വാസുക്കുട്ടന്റെ അടുത്തുചെന്ന് വിനീത് വീണ്ടും ചോദിച്ചു,

 

‘‘ചേട്ടാ, കർമങ്ങൾ എല്ലാം നമ്മടെ രീതിക്ക് ചെയ്യുമല്ലോ? ഉറപ്പല്ലേ?’’

 

ഒന്നു നിന്ന ശേഷം വാസുക്കുട്ടൻ ശബ്ദം താഴ്ത്തിപ്പറഞ്ഞു:

 

‘‘ധൈര്യമായി ഇരിക്കൂ...ഒന്നും പേടിക്കണ്ട’’.

 

വാസുച്ചേട്ടൻ വീടിനു പുറത്തിറങ്ങി. പരിസരം നോക്കി. അകത്തേക്കു പോയപ്പോൾ ചിതറിക്കിടന്ന ചെരുപ്പുകൾ സ്റ്റാൻഡിൽ ഭംഗിയായി  അടുക്കിവച്ചിരുന്നു. കാൽവിരലുകൾ കൊണ്ട് സ്ട്രാപ്പിൽ പിടിച്ച് തോണ്ടിയെറിഞ്ഞതു പോലെ, തന്റെ ചെരുപ്പു മാത്രം കുറച്ചുമാറിക്കിടക്കുന്നു! വാസുക്കുട്ടൻ ചിരിച്ചു കൊണ്ടു ചെരുപ്പിട്ടു. സ്കൂട്ടർ സ്റ്റാർട്ടാക്കി. ഒരു തണുത്ത കാറ്റു വീശി നിന്നു. അരയാലിൽ നിന്ന്  മഞ്ഞയിലകൾക്കൊപ്പം കുറച്ച് കറുത്ത ആലിൻ കായ്കൾ റോഡിലേക്ക് വീണു കറ തുപ്പി. അയാൾ ഇടവഴിയിൽ നിന്നു റോഡിലേക്ക് വണ്ടി തിരിച്ചു. വാസുക്കുട്ടൻ കവലയിൽ എത്തിയപ്പോഴേക്കും ഒരു ആംബുലൻസ് കൃഷ്ണൻ സാറിന്റെ വീട്ടിലേക്കുള്ള വഴിയിലേക്കു തിരിഞ്ഞു.

 

വീട്ടിൽ, വലിയ ബഹളങ്ങളുടെ അകമ്പടിയോടെ കൃഷ്ണൻ സാറിനെ അകത്തേക്ക് കയറ്റി. ബോഡിബാഗിനുളളിൽ വെള്ളപുതച്ച് വടക്കോട്ട് തലവച്ച് നിലത്തു കടന്ന കൃഷ്ണൻ സാർ ഉറങ്ങുകയായിരുന്നു എന്നു കണ്ടു നിന്നവർ പരസ്പരം പറഞ്ഞു. മക്കളിൽ ആരോ ഒരാൾ വിളക്കും സാമ്പ്രാണിയും കത്തിച്ചു. ശരീരത്തിനു ചുറ്റും അരിപ്പൊടിയിട്ടു. ആളുകൾ പെട്ടന്നു തന്നെ സ്ഥലം കാലിയാക്കി. വായ്ക്കരിയിടാനായി ചെറുമകൻ കുളിച്ചു തയാറായി നിന്നു. ജനാലയിൽക്കൂടി ഇതെല്ലാം നോക്കിനിന്ന പുരോഗമന ചിന്താഗതിക്കാർ വീടിനു പുറത്തു മാറിനിന്നുകൊണ്ടു പരസ്പരം ചോദിച്ചു:

 

‘‘ശവത്തിനെന്തിനാടോ വായ്ക്കരി?. വിശക്കുമ്പ കൊറിക്കാനാ!’’

 

കർമിയെയും കൂട്ടി വന്ന വാസുക്കുട്ടൻ ഇതു കേട്ടുകൊണ്ടായിരുന്നു കർമിക്കൊപ്പം വീട്ടിലേക്ക് കയറിയത്. ആചാരമുറപ്രകാരം വേണ്ട സാധനങ്ങൾ തയാറാക്കി വച്ച ശേഷം പുറത്തിറങ്ങിയ വാസുച്ചേട്ടൻ പതിയെ അവരുടെ അടുക്കലേക്ക് ചേർന്നുനിന്നുകൊണ്ടു പതിയെപ്പറഞ്ഞു:

 

‘‘രണ്ടുപേർക്കിടയിലെ ചേരായ്മകളെ വഴക്കെന്നും രണ്ടു സമുദായങ്ങൾക്കിടയിടെ ചേരായ്മകളെ ലഹളയെന്നും രണ്ടു രാജ്യങ്ങൾക്കടിയിലുള്ള ചേരായ്മകളെ യുദ്ധമെന്നും വിളിക്കുന്ന വട്ടത്തിലല്ലേ അനിയാ നമ്മളൊക്കെ ജീവിക്കുന്നത്.’’

 

മാസ്ക് കേറ്റിയിട്ട്, അകത്തേക്ക് കയറിയ വാസുച്ചേട്ടനെ നോക്കി അവർ കുറച്ചു നേരം നിന്നു. പരിചയമില്ലാത്ത കാര്യങ്ങൾ കേട്ടതോടെ അവർ വീടിനു പുറത്തേക്കു നടന്നു.

 

നടത്തത്തിനിടെ ആലോചിച്ച ശേഷം ഒന്നാമൻ പറഞ്ഞു:

 

‘‘പുള്ളി പെലകാലേ നല്ല തണ്ണിയാ. എവിടുന്ന് കിട്ടുന്നോ എന്തോ?’’

 

രണ്ടാമന്റെ ഉത്തരം റെഡിയായിരുന്നു,

 

‘‘കാട്ടാംകുന്നിലെ നിവേദ്യം കള്ളാ. പുള്ളി അവിടുത്തെ കർമിയല്ലേ. അവിടുന്ന് കിട്ടിയതായിരിക്കും.’’ ‌

ആലിൻ ചുവട്ടിൽ അധികം നേരം നിൽക്കാതെ അവർ വീട്ടിലേക്ക് നടന്നു.

 

എള്ളും പൂവും ചെറൂളയും വാരിയിട്ട് നാരായണ നാമം ജപിച്ച് കർമി കൃഷ്ണൻ സാറിന്റെ നെറ്റിയിൽ കളഭം തൊടീച്ചു. കുടുംബാംഗങ്ങൾ അരിയും പൂവുമിട്ട് തൊഴുതു. കർമിയുടെ നോട്ടത്തിനു മറുപടിയായി വിനീത് പറഞ്ഞു:

 

‘‘ചിത റെഡിയാണ്’’.

 

കാടും പടർപ്പും വൃത്തിയാക്കി, വടക്കു പുറത്ത് ഗ്യാസ് കുറ്റിയിൽ ഘടിപ്പിച്ച ഇരുമ്പ് പെട്ടകത്തിൽ ചിത തയാറായിരുന്നു. കൊലക്കയറിൽ തൂങ്ങി നിൽക്കുന്ന ശവംമുറിച്ചെടുക്കുന്നവനെപ്പോലെ, മുൻപേർ പൈസ വാങ്ങി ഒരാൾ ശവംകത്തിക്കാൻ തയാറായി നിന്നു. വെട്ടി വെടിപ്പാക്കിയ വടക്കുഭാഗത്തെ പടർപ്പിൽ കൃഷ്ണൻ സാറ് നട്ടു വളർത്തി, പൂവിട്ട  മത്തനും വെള്ളരിയും വാടിക്കിടന്നു. മക്കൾ കൃഷ്ണൻ സാറിന്‌ വായ്ക്കരിയിട്ടു. സാറിന്റെ പേരക്കുട്ടി മൂന്നു വലം വച്ച ശേഷം കുടം താഴെയിട്ടു പൊട്ടിച്ചു. കാൽക്കൽ കർപ്പൂരം കത്തിച്ചു. തുണിയിലേക്ക് തീ ആളും മുൻപ് ഘനമുള്ള ഇരുമ്പ് അടപ്പു വച്ച് ചിതയടച്ചു. ഗ്യാസു കുറ്റിയിൽ നിന്നു പതിയെ തീആളി. 

 

കൃഷ്ണൻ സാർ അലിഞ്ഞുരുകി കറുത്ത പുകയായി പോകുന്നതു കാണാൻ പറ്റാതെ വാസുക്കുട്ടൻ തിരിഞ്ഞുനിന്നു. മരിപ്പിന്റെ അഞ്ചിന്റെ അന്നുള്ളതും പിന്നീടുള്ളതുമായ ചടങ്ങുകൾ ചെയ്യുവാൻ സന്നദ്ധത പ്രകടിപ്പിച്ച സൊസൈറ്റിക്കാരെ വിനീതും വീട്ടുകാരും ചേർന്ന് ആട്ടിപ്പായിച്ച കാഴ്ച കണ്ട വാസുച്ചേട്ടൻ ഒന്നും പറയാതെ സ്കൂട്ടറിന്റെ അടുത്തേക്ക് നിന്നു. നെഞ്ചത്തുള്ള വെള്ള നൂല് മറച്ച് ഷർട്ടിട്ടു വന്ന കർമിയെ വിനീത് ആനയിച്ചു. സീറ്റിൽ നിന്ന് ഇറങ്ങി നിന്നു വണ്ടി തിരിക്കാൻ പാടുപെട്ട വാസുക്കുട്ടന് കർമി തന്നെ വണ്ടി തിരിച്ചു കൊടുത്തു. യാത്ര പറഞ്ഞ് അവർ മെയിൻ റോഡിലേക്ക് കയറി. അയാളുടെ മുഖത്തേക്ക് വീശിയ ഓർമക്കാറ്റുകൾക്ക് കത്തുന്ന ചിതയുടെ ചൂടും മജ്ജയെ ഉരുക്കുന്ന കനലുകളുടെ തീക്ഷ്ണതയും തോന്നി.

 

സ്കൂട്ടർ വീട്ടിലേക്ക് കയറ്റി വച്ച വാസുക്കുട്ടൻ കയ്യും കാലും കഴുകി എറയത്തിരുന്നപ്പോഴാണ് ഒരു  ഫോൺ വരുന്നത്. ഉള്ളൊന്ന് കാളിയെങ്കിലും താഴ്ന്ന സ്വരത്തിൽ ഫോൺ എടുത്തു. മറുതലക്കൽ വിനീതായിരുന്നു. വേവലാതികളോടെ.

 

‘‘വാസുച്ചേട്ടാ.. അഞ്ചിന്റന്ന് മുതൽ പതിനാറ് വരെയുള്ള ബലിക്ക് കുറൂമഠത്തിലെ എളേത് വരാം എന്ന് ഏറ്റിട്ടുണ്ട്. ഇന്നു വന്ന അദ്ദേഹം മോശമാണ് എന്നല്ല. നാട്ടുകാരല്ലേ?. വാസുച്ചേട്ടൻ അദ്ദേഹത്തെ പോയി കൊണ്ടു വരുമോ?’’

 

‘‘ശരി വിനീതേ..’’

 

ചെറിയ മൗനത്തിനു ശേഷം ജാള്യതയോടെ വിനീത് പറഞ്ഞു:

 

‘‘പതിനാറിന്റന്ന്... ശപിണ്ണിക്ക് എണങ്ങൻമാർ ആരുമില്ല. അതുകൂടെ ഒന്ന്?’’

 

ഒരു ഭാവവത്യാസവുമില്ലാതെ വാസുക്കുട്ടൻ പറഞ്ഞു,

 

‘‘ആരെയും തപ്പണ്ട. കൃഷ്ണൻ സാറിന്റെ ശപിണ്ണി ഉണ്ണാൻ ഞാൻ വരാം.’’

 

വാസുക്കുട്ടൻ ഫോൺ കട്ടാക്കി.

 

കാലുനീട്ടി കൈ പിന്നിലേക്ക് കുത്തിയിരുന്ന അയാളുടെ നോട്ടം അതിരുകൾ തിരിക്കാത്ത അപ്പുറത്തെ വീടിന്റെ കിണറ്റുംകരയിലേക്കു നീണ്ടു.

 

ഒറ്റത്തോർത്തുടുത്തു ചാവുശുദ്ധി വരുത്തുകയായിരുന്ന കർമിക്കപ്പോൾ കോരിയ തൊട്ടിക്കണക്കുകൾ തെറ്റിയിരുന്നു എന്ന് വാസുക്കുട്ടന് മനസ്സിലായി. കാരണം കർമി മാറത്തിട്ടിരുന്ന ഇഴപിരിച്ച വെളുത്ത നൂല് ഗന്ധകം വീണ പാമ്പിനെപ്പോലെ സ്വന്തം ലുങ്കിത്തെറുപ്പിൽ കിടന്ന് പുളയുന്നുണ്ടായിരുന്നു. ഒരു കൈ കൊണ്ട് ഇടതുവശത്തെ തെറുപ്പിൽ മുറുക്കെപ്പിടിച്ചു കൊണ്ടു വാസുക്കുട്ടൻ തിണ്ണയിലേക്കു കിടന്നു. കണ്ണുകൾ പതിയെ അടച്ചു.

 

Content Summary: Marananantharam, Malayalam short story written by Govindan