പുളി വിറകിന്റെ മുട്ടികൾക്കിടയിൽ ചെറു പൂളു തിരുകി തീ പിടിപ്പിക്കാൻ നോക്കുകയായിരുന്നു കുഞ്ഞാണി. അടുപ്പിലെ ഈർച്ചപ്പൊടി നീറിപ്പുകയാൻ തുടങ്ങി. ചൂടു മൂത്ത് ചായ വെള്ളം തിളയ്ക്കുമ്പോഴേക്കു ജാനകി പാലുമായി എത്തും. ചായക്കട ഉഷാറാവുന്നത് അവളുടെ വരവോടെയാണ്. തൊട്ടു പിന്നാലെ പതിവുകാർ ഓരോരുത്തരായി വന്നു ബെഞ്ചിൽ

പുളി വിറകിന്റെ മുട്ടികൾക്കിടയിൽ ചെറു പൂളു തിരുകി തീ പിടിപ്പിക്കാൻ നോക്കുകയായിരുന്നു കുഞ്ഞാണി. അടുപ്പിലെ ഈർച്ചപ്പൊടി നീറിപ്പുകയാൻ തുടങ്ങി. ചൂടു മൂത്ത് ചായ വെള്ളം തിളയ്ക്കുമ്പോഴേക്കു ജാനകി പാലുമായി എത്തും. ചായക്കട ഉഷാറാവുന്നത് അവളുടെ വരവോടെയാണ്. തൊട്ടു പിന്നാലെ പതിവുകാർ ഓരോരുത്തരായി വന്നു ബെഞ്ചിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുളി വിറകിന്റെ മുട്ടികൾക്കിടയിൽ ചെറു പൂളു തിരുകി തീ പിടിപ്പിക്കാൻ നോക്കുകയായിരുന്നു കുഞ്ഞാണി. അടുപ്പിലെ ഈർച്ചപ്പൊടി നീറിപ്പുകയാൻ തുടങ്ങി. ചൂടു മൂത്ത് ചായ വെള്ളം തിളയ്ക്കുമ്പോഴേക്കു ജാനകി പാലുമായി എത്തും. ചായക്കട ഉഷാറാവുന്നത് അവളുടെ വരവോടെയാണ്. തൊട്ടു പിന്നാലെ പതിവുകാർ ഓരോരുത്തരായി വന്നു ബെഞ്ചിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുളി വിറകിന്റെ മുട്ടികൾക്കിടയിൽ ചെറു പൂളു തിരുകി തീ പിടിപ്പിക്കാൻ നോക്കുകയായിരുന്നു കുഞ്ഞാണി. അടുപ്പിലെ ഈർച്ചപ്പൊടി നീറിപ്പുകയാൻ തുടങ്ങി. ചൂടു മൂത്ത് ചായ വെള്ളം തിളയ്ക്കുമ്പോഴേക്കു ജാനകി പാലുമായി എത്തും. ചായക്കട ഉഷാറാവുന്നത് അവളുടെ വരവോടെയാണ്. തൊട്ടു പിന്നാലെ പതിവുകാർ ഓരോരുത്തരായി വന്നു ബെഞ്ചിൽ കൂനിക്കൂടിയിരുപ്പു തുടങ്ങും. ജാനകിയുടെ നടത്തയിലെയും അരപ്പിലെയും തേപ്പിലെയും അളവുകോണുകൾ ചവച്ചിറക്കി ആ ഇരിപ്പങ്ങനെ നീളും. സമാവറിലിട്ട നാണയം താളമേളങ്ങളുണ്ടാക്കിയിട്ടും ആരെയും കാണുന്നില്ലല്ലോ എന്ന നോട്ടം പുറത്തേക്കിട്ടപ്പോഴാണു കുഞ്ഞാണി ആ കാഴ്ച കണ്ടത്. 

 

ADVERTISEMENT

ആൾക്കാരെല്ലാം ഏതോ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്. വടിയും കുത്തി ശ്വാസം വിലങ്ങിയ ചുമയും കാറലും തുപ്പലുമായി കണ്ണും തള്ളിച്ച് ആഞ്ഞു നടക്കുന്ന പര്യാണിത്തന്ത കുഞ്ഞാണിയെ കൈകാട്ടി വിളിച്ചു. തന്തയുടെ ആംഗ്യത്തിലും ചുമയിലും കുരുങ്ങി പുറത്തേക്കു വന്ന വാക്കുകളെ പിടിച്ചൊതുക്കിക്കിട്ടിയ മറുപടി കുഞ്ഞാണിയുടെ മുന്നിൽ നീണ്ടു പരന്നു നിന്നു. ‘‘പീട്യ അടച്ചാളാ, ഇന്നാരും വരൂല. അവടെ മ്മടെ മറിയ പാക്കനൊര് മുട്ടൻ പണി കൊട്ത്തണ്ണ’’. ആളിക്കത്തുന്ന അടുപ്പിലേക്ക് വെള്ളം പാർന്ന് കെടുത്തി തട്ടിക വാതിലെടുത്ത് കടയടച്ച് കുഞ്ഞാണിയും ഓട്ടക്കാരോടൊപ്പം ചേർന്നു. എല്ലാ കാലുകളും കണ്ണുകളും മറിയത്തിന്റെ വീട്ടുവളപ്പിലെ പ്ലാവിനെ ലക്ഷ്യം വച്ചു നീങ്ങി. ‘‘ഫ, കഴുവേറി മോളെ, പാക്കന്റെ മുണ്ട് പറിക്കാനായോടി നിയ്യ്.. ഞാനീടന്ന് എറങ്ങ്യാ ഇന്നന്റെ നടു രണ്ട് കണ്ടാ. അണക്ക് ന്നെ ശരിക്കറീല്ല’’.

 

മരത്തടിയിലെ ഏറ്റവും വണ്ണമുള്ള കൊമ്പിന്റെ കവിളിയിലേക്ക് ഞരങ്ങി നീങ്ങി കാലുകൾ  ന്നുകൂടി കൂട്ടിപ്പിണച്ചുവച്ച് പാക്കൻ അലറി. മരക്കൊമ്പിലെ സ്ഥിരതാമസക്കാരായ കാക്കയും പൂത്താങ്കീരികളും അണ്ണാനും പുതിയ അതിഥിയെ പ്രതിരോധിക്കാനെന്നോണം  കലപില ചിലച്ചു കൊണ്ടേയിരുന്നു. പുളിനീറുകൾ മർമ സ്ഥാനങ്ങളിൽ കടിച്ചുതൂങ്ങുന്നു. അവറ്റയെ വിരലിടുക്കിലിട്ട്  ഇറുക്കിക്കൊല്ലാൻ പോയിട്ട് പെറുക്കി കളയാൻ പോലും കഴിയാതെ പാക്കൻ പുളഞ്ഞു. ‘‘നീരോലിപ്പോത്തേ, ഞാൻ പിന്നേം പറയാ. ന്റെ തുണി ഇങ്ങട് എറിഞ്ഞോ.  ഇന്നന്റെ അവസാനാ  പാക്കനോടാ കളി’’.

 

ADVERTISEMENT

കൈകൾ വിറയ്ക്കാൻ തുടങ്ങീട്ടുണ്ട്. വയറ്റിൽ ഒന്നുമില്ലാത്തേന്റെ പരവേശം തലച്ചോറിലേക്ക് പയ്യെ കയറി വരുന്നുണ്ട്. ക്ഷീണത്തിന്റെയും നാണക്കേടിന്റെയും നേരിയ മങ്ങൽ വീണ കണ്ണുകൾ  തിരിച്ച് പാക്കൻ ചുറ്റും നോക്കി. പരിസരത്തുള്ള എല്ലാ പന്നകളും ദൂരെ മാറി എത്തിക്കൂടിയിട്ടുണ്ട്. ചിലർ നിലത്ത് കുത്തിയിരിപ്പായിരിക്കുന്നു. എതവരമ്പത്ത് കൂനിക്കൂടിയിരുന്ന് ബീഡിച്ചൂടിലേക്ക് പരദൂഷണം ഊതിപ്പറപ്പിച്ച് വേറൊരു കൂട്ടം അങ്ങനെ. അപ്പുറത്ത് പെണ്ണുങ്ങള് മൂക്കത്ത് കൈവച്ച് കൂട്ടം കൂടി നിൽക്കുന്നു. ഈറ്റങ്ങക്കൊന്നും ഒരുപണിയൂല്ലേ തമ്പുരാനേ.

 

‘‘ന്ത് മറ്റേടത്തെ കാഴ്ച കാണാൻ നിക്കാടാ നീയൊക്കെ? കടന്നുപോടാ പന്നികളേ..’’ സങ്കടവും ദേഷ്യവും കൂടിക്കലർന്ന് ഇടറിയ ശബ്ദത്തിൽ ഒന്നു കൂടി തൊള്ളയിട്ടു നോക്കി. ഓരോ തവണയും ശബ്ദത്തിന്റെ ബലവും കടുപ്പവും കുറഞ്ഞു വരുന്നതായി പാക്കനു തോന്നി. അയാൾ തടിയിൽ ഒന്നു കൂടി അമർന്നിരുന്നു. ഊതക്കാറ്റ് വന്ന് ഇലകളെ വിറപ്പിക്കുന്നു. ശരീരത്തെ മരത്തടിയിലേക്ക് ചേർത്തുവച്ച ആ ഇരിപ്പിൽ തടുക്കാനാവാത്ത വിധത്തിലൊരു മൂത്രശ്ശങ്ക ഉയർന്നു വരുന്നതറിഞ്ഞ് അയാളുടെ കണ്ണു നീറി. തണുപ്പടിക്കുമ്പോഴും പെണ്ണുങ്ങളെ കാണുമ്പോഴും മുള്ളാൻ മുട്ടുന്ന സ്വഭാവം പണ്ടേ ഉള്ളതാണ്. നടവഴികളിൽ വച്ച് പെൺ കാറ്റടിക്കുമ്പോൾ പാക്കന് മുള്ളാൻ തോന്നും. ആ പെൺമണത്തിൽ വഴിയരികിലെ പൊന്തയിലേക്കു തിരിഞ്ഞിരുന്നു കാര്യം സാധിക്കുമ്പോൾ വല്ലാത്തൊരു സുഖമാണ് മനസ്സിൽ നിറയാറ്. ഇപ്പോൾ അതല്ല, ഒന്നു മൂത്രമൊഴിച്ചില്ലെങ്കിൽ മരിച്ചു പോവും എന്നു തോന്നുന്ന അസ്വസ്ഥത വന്നു മേലാകെ കുളിരു കോരുന്നു.

 

ADVERTISEMENT

പാക്കൻ കഴിയുന്നത്ര ബലം കൊടുത്ത് കാലുകൾ കൂട്ടിപ്പിണച്ചു. ഉൾവായു മേലോട്ടു വലിച്ചു പിടിച്ചു. എല്ലാ മുട്ടലുകളും മുകളിലേക്കുയരട്ടെ. പണ്ടു വാറ്റുചാരായം പിടിക്കാൻ വരുന്ന പോലീസുമായിട്ട് ഒളിച്ചുകളി നടത്തുമ്പഴാണ് ഇങ്ങനെ ശ്വാസം പിടിച്ച് ഒതുങ്ങിക്കൂടല്. കലങ്ങളൊക്കെ ചവിട്ടിയൊഴുക്കി വേട്ട നടത്തി പാക്കനെ മാത്രം കിട്ടാതെ എത്രയോ തവണ അവര് മടങ്ങിപ്പോയിരിക്കുന്നു. അമ്പാടിക്കുന്നിലെ ഒളിക്കാടുകളെല്ലാം പാക്കന്റെ മുന്നില് എന്നും തല കുനിച്ചിട്ടേയുള്ളൂ. ആരുടെ മുന്നിലും ഇന്നേ വരെ തോറ്റിട്ടില്ല. ഇതിപ്പോ ഒരു പെണ്ണിന്റെ മുന്നില്, അതും കണ്ടോരടെ കൂടെ കഴിയണ ഒരുത്തീടെ മുന്നിലാണ് ആദ്യത്തെ തോൽവി. ‘‘എടീ പുന്നാര മോളെ ഞാനീടന്ന് എറങ്ങ്യാ അന്റെ കുത്തിക്കഴപ്പൊക്കെ തീർക്കും. ഇയ്യ് മര്യാദക്ക് ന്റെ തുണി തന്നോ’’.

 

പ്ലാവിന്റെ വലിയ കൊമ്പു കാവൽ നിൽക്കുന്ന ഒറ്റമുറിപ്പുരയുടെ അടുക്കള വരാന്തയിലിരുന്ന് മറിയ കിണ്ണത്തിലേക്ക് ചൂടുള്ള കഞ്ഞി ഒഴിച്ചു. കാന്താരിമുളകിൽ മധുരപ്പുളിങ്ങയും ഉപ്പും കുത്തിച്ചേർത്തത് കുഞ്ഞിക്കിണ്ണത്തിലെടുത്തു. തലേന്ന് ചുട്ടുവച്ച മീൻ തല രണ്ടെണ്ണം എടുത്ത് കഞ്ഞിയിലിട്ടു. ജീവനില്ലാത്ത മീനുകൾ കഞ്ഞി വെള്ളത്തിൽ ഒഴുകി നടന്നു. കിണ്ണങ്ങൾ പുറം തിണ്ണയിലേക്കു വച്ച് ലുങ്കി ഒന്നുകൂടി കയറ്റിക്കുത്തി മറിയ പ്ലാവിലയിൽ കഞ്ഞി കോരി വായിലൊഴിച്ചു. പടിക്കു പുറത്തു നിന്നിരുന്ന ആൺ കണ്ണുകൾ മറിയയുടെ കണങ്കാലും വെളുത്ത മാറും കോരിക്കുടിക്കാൻ തുടങ്ങി. ആൺ കണ്ണുകളിലെ തിളപ്പ് കണ്ടറിഞ്ഞ പെണ്ണാളുകൾ ചുറ്റിനും കാർക്കിച്ച് തുപ്പി ആശ്വസിച്ചു. 

മീൻ മണം കിണ്ണത്തിൽ നിന്നിറങ്ങി മുറ്റത്തു നിക്കണ പ്ലാവിലൂടെ മുകളിലേക്കു കയറി, പാക്കന്റെ മൂക്കിലൂടെ കാലി വയറിലേക്കെത്തി പ്രകമ്പനമുണ്ടാക്കി. അവന്റെ ശരീരചോദനകൾ വീണ്ടും ഉണർന്ന് ആക്രമിക്കാൻ തുടങ്ങി.

 

‘‘ടീ കള്ള.. മോളേ.. അന്റെ ഒട്ക്കത്തെ തീറ്റാൺടീ.. ഞാനെറങ്ങ്യാ ചബിട്ടീട്ട് പണ്ടം കലക്കൂടീ’’. വാക്കുകൾ പിന്നെയും ദുർബലമാവുന്നു. അവസാന ആശ്രയത്തിനായി പിന്നെയും അയാൾ തിരിഞ്ഞുനോക്കി. ആണുങ്ങളെല്ലാം മറിയപ്പെണ്ണിന്റെ കാലും നോക്കി ഊത്ത ഒലിപ്പിച്ച് നിൽക്കുന്നു. പെണ്ണുങ്ങള് കാറിയും തുപ്പിയും പുലയാട്ട് പാടിയും ദേഷ്യം തീർക്കുന്നു. ‘‘കാഴ്ചേം കണ്ട് നിക്കണ ചെറ്റോളേ. ഒരു തുണിക്കണ്ടം ഇങ്ങട്ട് കൊണ്ടരടാ നായ്ക്കളെ. ഇന്റെ കൂടെ നക്കാനും പെഴക്കാനും നടന്ന എല്ലാ അവൻമാരും ഓർത്തോ. പാക്കനിട്ട് പണിയാനാണെങ്കില് എണ്ണിക്കോടാ. ഇയ്യൊന്നും നേരെ നടക്കൂല’’. ‘‘ഒന്ന് മുണ്ടാണ്ടിരിക്കട പാക്കാ. ഞാൻ ഫയർഫോഴ്സിനെ അറീച്ചിണ്ട്. ഓല് വന്നാ പിന്നെ അന്നെ തുണി ഉടുപ്പിച്ച് എറക്കിത്തരും. ഒരു മറിയേം അനങ്ങൂല’’. പ്രതീക്ഷയോടെ പാക്കൻ ശരീരം വളച്ച് എത്തി നോക്കി. മെമ്പറ് പ്രാഞ്ചിയാണ്. ബഡായി വർത്തമാനല്ലാതെ ഒന്നും നടക്കില്ല. ‘‘പ്രാഞ്ചീസേ, ഓനല്ലെങ്കിലേ പ്രാന്തെളകി കുത്തിരിക്ക്യാവും. ഇങ്ങള് കൂളൂസെളക്കാതെ എന്തേലും വഴി ആലോയ്ക്കീ. ഇതിപ്പോ ഓന്റെ മാനത്തിന്റെ പ്രശ്നാ. ഫയർഫോഴ്സ് വന്നാല് ചാനലാരും മണത്ത് വരും. പിന്നെ ഓന് പൊറത്തെറങ്ങാൻ പറ്റൂല’’.

 

പാക്കന്റെ പഴയ കമ്പനി ആയിരുന്ന ചായക്കടക്കാരൻ കുഞ്ഞാണി, പ്രാഞ്ചി മെമ്പറോട് കൂട്ടം കൂടുന്നതു കണ്ട ആണുങ്ങൾ ഒറ്റയ്ക്കും തെറ്റയ്ക്കും അഭിപ്രായങ്ങളുമായെത്തി. ക്രമേണ അതു രണ്ടു ചേരികളായി തിരിഞ്ഞു. പാക്കനെ ഇറക്കണമെന്നും മറിയയെ പാഠം പഠിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ഞാണി വിഭാഗവും പോലീസിനെ വിളിക്കണോ ഫയർഫോഴ്സിനെ വിളിക്കണോ പാക്കൻ തനിയെ ഇറങ്ങണമോ എന്ന ചിന്തകളുമായി പ്രാഞ്ചി വിഭാഗവും നിന്നു. ഈ സമയത്താണ് മുളവടിയുടെ ബലത്തിലേക്ക് ശരീരം താങ്ങി നിന്ന് ക്ഷീണിച്ച പര്യാണിത്തന്ത അക്ഷമയോടെ വിളിച്ചു പറഞ്ഞത്. ‘‘ഇയ്യിങ്ങട് എറങ്ങി ഓടിക്കട പാക്കാ. ഇന്നാട്ടിലാരാപ്പാ ഇത് കാണാത്തോല്. പാങ്ങില്ലാത്തോറ്റ തിരിഞ്ഞ് നിന്നോളും’’. ‘‘തന്തേ മുണ്ടാണ്ടിരുന്നോളീം. അങ്ങനങ്ങട് അവസാനിപ്പിക്കാനൊന്നും പറ്റൂല. ഇവടെ ഞങ്ങളാ ചെലരൊക്കെ ഉണ്ട്. ചെല തീരുമാനങ്ങള് ഒക്കെ എടുക്കാണ്ടെ ഇവടെ ആരും അനങ്ങൂല’’.

 

രണ്ട് വിഭാഗങ്ങളും ഒരേ സ്വരത്തിൽ എതിർത്തത് കേട്ട് പെൺകൂട്ടം ആശ്വാസത്തോടെ പേൻ നോട്ടം തുടർന്നു. ഇറങ്ങി ഓടണോ എന്ന ചിന്ത പാക്കന്റെ മനസ്സിലും വീണുടഞ്ഞ നേരമായിരുന്നു അത്. രക്ഷയ്ക്കൊരു വഴി കാണാനാവാതെ അവൻ ചുറ്റും നോക്കി. ദൂരെ മണ്ണാൻ ചേക്കൂന്റെ തൊടീലെ തൊഴുത്തിനു പിന്നിലേക്കൊതുങ്ങുന്ന തല വറീതിന്റെ അല്ലെ, പാക്കൻ കണ്ണൊന്നു ചിമ്മിത്തുറന്നു. ചീമ്പ്രൻ തലമുടിയും കള്ളിമുണ്ടും അതവൻ തന്നെ. ആ നാറി. അവൻ കാരണമാണ് ജനിച്ച പടി മരക്കൊമ്പില് ഈ ഇരുത്തം വേണ്ടി വന്നത്. ‘‘വറീതേ, നായേ.. ഇനീം കാണണ്ടോരാ നമ്മള്. ഇയ്യൊരു തുണിക്കഷണം എത്തിച്ചില്ലെങ്കി അന്നെ ഞാൻ കുത്തിക്കോരൂടാ പന്നീ’’. അതൊരു ദയനീയമായ നിലവിളി പോലെയാണ് വറീതിന്റെ ചെവിയിലെത്തിയത്. ദൂരെ മറിയേടെ പറമ്പിലെ പ്ലാവിന്റെ കവിളിയിൽ തുണിയില്ലാതെ കൂനിക്കൂടി ഇരിക്കുന്ന രൂപം  പാക്കന്റേതല്ല, ഒരു വലിയ കാട്ടുകുരങ്ങിന്റേതാണ് എന്നവനു തോന്നി. കറുത്തു ചടച്ച് രോമം നിറഞ്ഞ ആ ശരീരം മരത്തടിയിലേക്കു ഒട്ടിച്ചു വച്ച പോലെയുണ്ട്. ഇന്നലെ തീക്കണ്ണിപ്പാറമടയില് മറിയടെ കറുത്ത സുന്ദരിയാടിന്റെ തുടയെല്ല് കടിച്ചു വലിച്ച് ഇരുന്നിരുന്ന ആ വലിയ രൂപത്തിന് ഒറ്റ രാത്രി കൊണ്ട് ഇത്ര മാറ്റം വരുമോ. ആ തീറ്റയും കുടിയുമാണല്ലോ ഇതിനൊക്കെ വഴി വെട്ടിയത്  എന്നവനോർത്തു. 

 

കൂപ്പിലെ തടിപ്പണിയാണ് പാക്കന്. മൂന്നാഴ്ച പണിയെടുത്തു കിട്ടുന്ന പൈസയും കൊണ്ട് കാടിറങ്ങിവരും. നാലാമത്തെ ആഴ്ച ആഘോഷിക്കലാണ്. തീക്കണ്ണിപ്പാറമടയിൽ ആളും അനക്കവും നിറയും. പാറയിൽ കെട്ടിപ്പൊക്കിയ കുന്താലിയിൽ കിടന്ന് വെടിയിറച്ചികളിലെ നെയ്യൂറും. വറീത് വാറ്റു കലങ്ങളിലെ ചാരായത്തിന്റെ വീര്യം കൂട്ടി പതപ്പിച്ചൊഴുക്കും. ഈ ദിവസങ്ങളിൽ പാറയിലേക്കു കയറാൻ ഇരുട്ടുപോലും മടിച്ചു മാറി നിൽക്കും. പക്ഷേ, മറിയ കയറി വന്നു. അതൊരു വരവായിരുന്നു. ഹസ്സൻ കുട്ടിടെ ചായക്കുറീല് അര നറുക്കു വീണ കാശു കൊണ്ടാണ് മറിയ ഒരു ആടിനെ വാങ്ങുന്നത്. കറുത്തു മിനുത്ത അതിനെ സുന്ദരി എന്നു പേരും വിളിച്ചാണ് മറിയ സ്വന്തമാക്കിയത്. സുന്ദരിയുടെ ആട്ടിൻ ചൂരിലേക്ക് മറിയ എന്ന ഒറ്റാന്തടിക്കാരി ഒതുങ്ങിക്കൂടുകയായിരുന്നു. ആ സുന്ദരിയാട് പാക്കൻ പാറപ്പുറത്ത് വെയിൽ കൊള്ളിക്കാനിട്ട ചുവന്ന ട്രൗസറിനെ കടിച്ചു വലിച്ച് മണ്ണിലിട്ടുരുട്ടിയതോടെയാണു പ്രശ്നം തുടങ്ങുന്നത്. മടയുടെ താഴത്തെ കണ്ണിയിൽ നിന്ന് കുളിച്ചു കേറി വന്ന പാക്കൻ തന്റെ പുരുഷാർത്ഥത്തിനു വന്ന ഗതികേടിൽ ദേഷ്യം കയറി ആടിനെ കല്ലെറിഞ്ഞു. കാലിൽ ഏറു കൊണ്ട നൊണ്ടു കാലുമായി സുന്ദരിആട് ‘നിന്നെ എടുത്തോളാമെടാ കാട്ടു മാക്കാനെ’ എന്ന രൂക്ഷമായ നോട്ടത്തോടെ തിരിഞ്ഞോടി. കേസ് ഫയലിൽ സ്വീകരിച്ച മറിയ വിറഞ്ഞു തുള്ളിയാണ് പാറമട കയറിയത്. രണ്ടു പേരും നാവിട്ടു വട്ടം ചുഴറ്റുകയായിരുന്നു. കാലങ്ങളായി ആ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന തെറികൾക്കും ഉപതെറികൾക്കും പുറമെ സ്വന്തം ആവനാഴികളിലെ അപൂർവ വാക്കുകളും അവിടെ ചിതറി വീണു. അവസാനം

മറിയയുടെ ഭാഷാപ്രയോഗങ്ങളോടു നാക്കു കൊണ്ടു കിടപിടിക്കാനാവാതെ പാക്കൻ വാക്കത്തിയെടുത്ത് ചാടി.

 

‘‘പെണ്ണുങ്ങടെ നേരെ നിക്കാൻ പറ്റാത്ത അന്റെ വാള് കൊണ്ടോയ് കൊളത്തിലെറിയടാ’’ എന്ന് മറിയയും ‘‘ഇന്റെ മുന്നില് കെടന്ന് മദിച്ചേന് അന്റെ ആടിനെ ഞാനീ കുന്താലീല് കെട്ടിത്തൂക്കും’’ എന്ന് പാക്കനും അലറി വിളിച്ചു. ആടിന് തിന്നാൻ പ്ലാവില കെട്ടിക്കൊടുത്ത് ഓല വലിക്കാൻ  വേണ്ടി മാപ്ലടെ പറമ്പിലേക്കൊരു പോക്കുണ്ട് മറിയയ്ക്ക്. ആ തക്കം നോക്കി വളച്ചാക്കിലേക്ക് ആടിനെ ഒതുക്കിക്കടത്തിയത് പാക്കനാണ്. മുക്കാലിത്തണ്ടിൽ കിടന്ന് അവനങ്ങനെ ഉരുകുമ്പോൾ ‘മറിയേടെ സാധനങ്ങള് കിട്ടാൻ ഇച്ചിരി പണിയാ. പക്ഷേ, കിട്ട്യാല് തെകയൂല അയിന് ഇങ്ങളന്നെ വേണം’ എന്നു പറഞ്ഞു പാക്കനെ സുഖിപ്പിച്ചത് കുപ്പിക്കും എറച്ചിക്കും വേണ്ടിത്തന്നെയാണ്. കാലി കുപ്പികളുടെയും എല്ലുകളടെയും ഇടയില് കിടന്നെണീറ്റപ്പോ തീക്കോലം തുള്ളി നിക്കണ മറിയേനെ ആണ് കണ്ടത്. പാക്കന്റെ തുണി അപ്പോഴും നിലത്തേർന്നു. പക്ഷേ, അന്ന് അരയില് ചുവന്ന ട്രൗസറുണ്ടായിരുന്നു. ‘‘കെടന്ന് പെടക്കാതെ വീട്ടിപ്പോടീ. അന്റെ സാധനങ്ങള് ഓരോന്നായിട്ട് ഞാൻ നോട്ടം വെച്ചണ്ണു. ഇനി അത് സാദോക്കീട്ടേ വേറെ കച്ചോടള്ളൂ. പെണ്ണ്ങ്ങക്ക് ഇത്ര തെളപ്പ് പാടില്ല. അന്റെ തെളപ്പ് നിർത്താന് ള്ള മൊതല് ഇയ്യിന്നേ വരെ കണ്ടട്ട്ണ്ടാവില്ല. അത് അനക്ക് ഞാൻ തീർത്തരാടി’’ എന്ന് പാക്കനും ‘‘ന്റെ തെളപ്പ് തീർക്കാൻ ഇക്കറിയാടാ. കട്ടും വെട്ടീം കൊറേണ്ടാക്കീച്ചിട്ട് അന്റെ അതികാരോം തൂക്കി ന്റെ വളപ്പില് ഇനി കാലു കുത്ത്യാ ഈ മറിയടെ തനിക്കൊണം ഇയ്യറിയും പാക്കാ. നാട്ടിലും വീട്ടിലും നിക്കപ്പൊറുതില്ലാണ്ടെ ഇയ്യ് പായും’’  എന്ന് മറിയയും  രണ്ടാം വട്ടം കൊമ്പുകോർത്തു. പെണ്ണിന്റെ മേൽക്കോയ്മ കണ്ട പാക്കന് കലികയറി. ആ കലിയിലാണ് ഇന്നലെ രാത്രിയില് കുട്ടാണിടെ ഷാപ്പില് ഗ്ലാസുകള് കുറേ പൊട്ടിവീണത്. അപ്പോൾ മുമ്പിലെ ബഞ്ചിലിരുന്ന് ചീലൻ തോമ എറച്ചിച്ചാറില് മുക്കി വെളമ്പീത് മറിയക്കഥകളേർന്നു. 

 

‘‘മറിയ, ഓളൊര് മറുതേണ്. പാക്കാ, ഒന്ന് ഞാമ്പറേണ് ഇയ്യ്ന്നേ വരെ മുട്ട്യെ പെണ്ണോളെ പോലല്ല ഓള്. ഒന്ന് തൂക്ഷിച്ചോ. മരുന്നും മന്ത്രൂണ്ടന്നാണ് കേൾവി. ഇന്നാട്ടിലെ  രു മായിരി ആണുങ്ങളൊന്നും ഓളടെ ചൂടിന് മെനക്കടാത്തും അതോണ്ടാ. നോക്ക്യോലൊക്കെ ആകെ തഞ്ചും തരായീം കെട്ട ചേല്ക്കാവൂം ചെയ്തു’’. പാക്കൻ താറാമുട്ട കഷണങ്ങളാക്കി ചാറിൽ മുക്കി വിഴുങ്ങിക്കൊണ്ടിരുന്നതല്ലാതെ മിണ്ടിയതേയില്ല. തോമ ശബ്ദം താഴ്ത്തി കണ്ണു കൂർപ്പിച്ചു തുടർന്നു.് ‘‘കാലനന്ത്രു, കേട്ടിട്ട്ണ്ടാ. പുല്യേർന്ന് പുലി. ചീട്ട് കളിടെ എടേല് ബെറ്റ് ഇട്ട്. മറിയടെ ഒപ്പം രണ്ട് രാത്രി കഴിയുംന്ന്. ഓളടെ കെട്ട്യോൻ ഒറക്കംതൂങ്ങി പാപ്പൻ നാടുകാണീൽക്ക് മരുന്നെടുക്കാൻ പോണ ദിവസം കണക്കൂട്ടി അന്ത്രു പൊരേല് കേറി. ഞങ്ങള് കൊറേ ആള്ക്കാര് തൊടിപ്പൊറത്ത് കാവല് നിന്നു. രണ്ടൂസം കഴിഞ്ഞ് മറിയ തൊറന്ന വാതിലിക്കൂടെ വന്ന അന്ത്രു നേരെ പോട്ടയ്ക്കുള്ള ബസ്സ് പിടിച്ചു. എന്താണ്ടായീന്ന് ഇത്ര കാലോം ഓൻ മുണ്ടീട്ടില്ല. അങ്ങനത്ത ആളാ ഓള്. പാപ്പനും ചത്തേപ്പിന്നെ ഓളടെ മൂച്ച് കൂടി’’. പാക്കൻ കുപ്പിക്കഴുത്ത് ഞെരിച്ചു. പല്ലിറുമ്മി. ‘‘ഓള് ഇന്നേ വരെ ആണ്ങ്ങളോട് മുട്ടീണ്ടാവില്ല. നാളെ പെലച്ചയ്ക്ക് ഇങ്ങള് കേക്കും. ഓളടെ നെലോളി’’.

 

ഇതും പറഞ്ഞു മുണ്ടും മടക്കിക്കുത്തി പോയ പരാക്രമി ആണല്ലോ ഉണ്ണീശോ ആയി മരക്കൊമ്പില് കുത്തിരിക്കണത് എന്നാലോചിച്ച് വറീതിന് ചിരി വന്നു. പക്ഷേ, സന്ദർഭത്തിന്റെ ഗൗരവം ഓർമയിലെത്തിയതും അവനാ ചിരിയെ തുടച്ചു മാറ്റി. അയക്കോലിൽ തൂങ്ങിക്കിടക്കണ നാറ്റത്തോർത്ത് വലിച്ചെടുത്ത് ഉരുട്ടിക്കൂട്ടി ഒരു ധീരനായകനെ പോലെ അവൻ മറിയപ്പടിക്കലെത്തി. കാല് കവക്കാൻ വേണ്ടി ഉയർത്തിയതും കണ്ടു. മറിയടെ കൈയില് തിളങ്ങുന്ന വെട്ടുകത്തി. ‘‘ന്റെ പടി കടന്നാ ഏത് നാറ്യാച്ചാലും കാല് ഞാൻ വെട്ടും. ഇത് മറിയടെ വാക്കാ’’.

 

കാണികൾ കൂക്കിവിളി തുടങ്ങി. കുറച്ചെങ്കിലും ജയിക്കാൻ വേണ്ടി വറീത് തുണിയിൽ കല്ലുരുട്ടിക്കെട്ടി പ്ലാവിനു മുകളിലേക്ക് ഉന്നം പിടിച്ച് എറിഞ്ഞു. മറിയ കത്തിയുമായി മുറ്റത്തേക്കു ചാടി. കല്ലും തുണിയും ഉന്നം പാലിച്ചു ചെന്നു വീണത് പാക്കൻ്റെ ഊരയിൽ തന്നെ. വേദനിച്ചു പുളഞ്ഞ പാക്കന്റെ നിയന്ത്രണം പോയ നിമിഷമായിരുന്നു അത്. തടഞ്ഞുവച്ചതെല്ലാം ചാലുകളായി ഒഴുകിയിറങ്ങുന്നത് അറിഞ്ഞ പാക്കൻ അലറിക്കരഞ്ഞു. വറീത് തിരിഞ്ഞോടി. കൂക്കുവിളി ഉയർന്നു. ആശ്വാസത്തിന്റെയും ഉന്മാദത്തിന്റെയും നിമിഷത്തിൽ പാക്കന് മരത്തടി അമ്മയായി. അയാളതിനെ ഇറുക്കെ പിടിച്ച് കണ്ണടച്ചു കിടന്നു. മരത്തടി മടിത്തട്ടായി മാറി. ഇലകൾ ഇളം കാറ്റ് വീശിക്കൊടുത്തു. മട്ടിപ്പശയുടെ മണം ചുറ്റും പരക്കുന്നു. ‘‘അപ്പനെ പോല്യാവര്ത് ട്ടാ, കുഞ്ഞാ. നയിച്ച് തിന്നണേനെ നേരുള്ളൂ. അതിനേ കർത്താവ് സാക്ഷ്യം പറയൂ. അല്ലാത്തേല് സാത്താനാണ് ണ്ടാവാ’’. പാക്കൻ മെല്ലെ കണ്ണു മിഴിച്ച് മുകളിലേക്കു നോക്കി. സൂര്യൻ ചെറിയ പൊട്ടുകളായി ഇറങ്ങി വരുന്നു. ഇലകളുടെ പച്ചപ്പ് ഇരുട്ടാവുന്നു. കറുത്ത കുട. വലിയ കറുത്ത കുടക്കീഴിൽ വല്യപ്പന്റെ കയ്യിൽ തൂങ്ങി നടക്കുന്ന കുട്ടിയായി പാക്കൻ. ചുളിഞ്ഞ തൊലിപ്പുറം പാക്കന്റെ കയ്യിലുരസി ഇക്കിളിയാക്കി. ‘‘മോനേ, പാക്കാ. ഈ പൂമി ആരാണ്ടൊക്കീത്’’? ‘‘ദൈവല്ലേ വല്യപ്പാ?’’ ‘‘അല്ലട  പുല്ലേ, ഇത് തന്നെണ്ടായിക്കൂടിതാടാ. മൃഗങ്ങളും മനുഷരും ഒക്കെ പയ്യെപ്പയ്യെണ്ടായി വളർന്ന് വളർന്ന് ഇന്നത്തെ നെലേലായി. ഇനി പറ, ഈ പൂമി ആരടേതാ?’’ ‘‘നമ്മടേം മൃഗങ്ങളടേം’’. ‘‘ആ ആ ബോധം വേണട്ടാ എന്നും’’. ഇരുട്ട് പിന്നെയും കനക്കുന്നു. ഇപ്പോൾ പാക്കൻ മറിയടെ വീട്ടുമുറ്റത്താണ്. തലേ ദിവസത്തെ കെട്ടിറങ്ങും മുന്നേ പ്രതികാരം നടത്താൻ വന്നതാണ്. മറിയ മുണ്ട് കേറ്റിക്കുത്തി മുറ്റമടിച്ചു കൊണ്ടേയിരിക്കുന്നു.

 

‘‘എടീ, ഒരുമ്പെട്ടോളെ, ഇയ്യ് വീറുള്ള ആണുങ്ങളോട് മുട്ടീട്ടില്ല. അന്റെ പറമ്പില് കേറുംന്ന് പറഞ്ഞാ ഞാൻ കേറും. അന്റെ മൊതല് എടുക്കുംന്ന് പറഞ്ഞാ എടുക്കും’’. പാക്കന്റെ കണ്ണ് ചുറ്റും പരതി. എടുക്കാനുംവേണ്ടി ഇവടെ ഒരു മറിയേം ഉണ്ട് പ്ലാവില് മുഴുത്ത ചക്കേം ഉണ്ട്. മറിയ വേണോ ചക്ക വേണോ പാക്കൻ ആലോചിച്ചു. ഇപ്പ ഏതായാലും മറിയ വേണ്ട. ചക്ക മതി. മുണ്ട് ഒന്നുകൂടി മടക്കിക്കുത്തി പാക്കൻ പ്ലാവിലേക്ക് വലിഞ്ഞുകയറി. ചക്കയുടെ കയ്യെത്തും ദൂരത്ത് എത്തി താഴേക്കു നോക്കിയപ്പോൾ അരിവാൾത്തോട്ടിയുടെ തലപ്പിൽ പാറിക്കളിക്കുന്ന മുണ്ട് കണ്ടു. ആ നിമിഷമാണ് തോട്ടുവക്കിലെ പാറപ്പുറത്ത് തോരിട്ടു പോന്ന ചുവന്ന ട്രൗസർ അയാളുടെ ഓർമയിലെത്തിയത്. പകൽ വെളിച്ചത്തിലേക്കു തുറന്നു വച്ച നഗ്നതയിലേക്ക് മറിയ കാറിത്തുപ്പി. ‘‘കാണിക്കടാ, അന്റെ വീറ് ഈ നാട്ടാരും അന്റെ വീട്ടാരും ഒക്കെ കണ്ടറിയട്ടെ. വേണ്ടോളം കാണിക്ക്. എറങ്ങാൻ നോക്ക്യാ ഈ അരിവാത്തുമ്പോണ്ട് അന്റെ തിമർട്ട് ഞാനരീം’’.  ഇരുട്ട് കനം വയ്ക്കാൻ തുടങ്ങി. ചുറ്റും നിശ്ശബ്ദത പരക്കുന്നത് പാക്കനറിഞ്ഞു. ഇലകളുടെ തഴപ്പു പെരുത്തു വന്നു. ഏതോ മുന്നറിയിപ്പു കിട്ടിയതുപോലെ ജീവികൾ അനക്കമറ്റിരുന്നു. പാക്കൻ കണ്ണു വലിച്ചു തുറന്നു. വല്യപ്പൻ വെളുത്ത ഉടുപ്പിട്ട് മുന്നിൽ നിന്നു ചിരിച്ചു. അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത പുത്തൻ സുഗന്ധം പരിസരമാകെ പരന്നു. വല്യപ്പന്റെ നീട്ടിപ്പിടിച്ച കൈകളുടെ മാർദ്ദവത്തിൽ ഒന്നു തൊടാനാഗ്രഹിച്ച് പാക്കൻ പതിയെ എഴുന്നേറ്റു. തണുത്ത കാറ്റിൽ പൊതിഞ്ഞ ഇരുട്ടിലേക്ക് പാക്കൻ കൈകൾ നീട്ടിയിട്ടു. മരവിച്ച കാലടികൾ ഉയർത്തിവച്ച് അവൻ ഇരുട്ടിലേക്ക് നടന്നിറങ്ങി.

 

Content Summary: Kadhayarangu, Mariyappennu, Malayalam short story written by Sudha Thekkemadam