കലയോടുള്ള എന്റെ മനോഭാവം തന്നെയാണ് ഒരു വ്യക്തി എന്ന നിലയിൽ എന്റെ സ്വഭാവം നിർണയിക്കുന്നത്. ഇക്കാരണത്താൽ രാഷ്ട്രീയമടക്കം മിക്കവാറും എല്ലാ വ്യവഹാരങ്ങളിലും ഞാൻ ഇടപെടുമ്പോൾ എന്റെ കലാവീക്ഷണങ്ങളുടെയും സാഹിത്യാനുഭവങ്ങളുടെയും സ്വാധീനം അതിലുണ്ടാവും...Ajai P Mangattu, Ezhuthumesha, Manorama Literature

കലയോടുള്ള എന്റെ മനോഭാവം തന്നെയാണ് ഒരു വ്യക്തി എന്ന നിലയിൽ എന്റെ സ്വഭാവം നിർണയിക്കുന്നത്. ഇക്കാരണത്താൽ രാഷ്ട്രീയമടക്കം മിക്കവാറും എല്ലാ വ്യവഹാരങ്ങളിലും ഞാൻ ഇടപെടുമ്പോൾ എന്റെ കലാവീക്ഷണങ്ങളുടെയും സാഹിത്യാനുഭവങ്ങളുടെയും സ്വാധീനം അതിലുണ്ടാവും...Ajai P Mangattu, Ezhuthumesha, Manorama Literature

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലയോടുള്ള എന്റെ മനോഭാവം തന്നെയാണ് ഒരു വ്യക്തി എന്ന നിലയിൽ എന്റെ സ്വഭാവം നിർണയിക്കുന്നത്. ഇക്കാരണത്താൽ രാഷ്ട്രീയമടക്കം മിക്കവാറും എല്ലാ വ്യവഹാരങ്ങളിലും ഞാൻ ഇടപെടുമ്പോൾ എന്റെ കലാവീക്ഷണങ്ങളുടെയും സാഹിത്യാനുഭവങ്ങളുടെയും സ്വാധീനം അതിലുണ്ടാവും...Ajai P Mangattu, Ezhuthumesha, Manorama Literature

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലയോടുള്ള എന്റെ മനോഭാവം തന്നെയാണ് ഒരു വ്യക്തി എന്ന നിലയിൽ എന്റെ സ്വഭാവം നിർണയിക്കുന്നത്. ഇക്കാരണത്താൽ രാഷ്ട്രീയമടക്കം മിക്കവാറും എല്ലാ വ്യവഹാരങ്ങളിലും ഞാൻ ഇടപെടുമ്പോൾ എന്റെ കലാവീക്ഷണങ്ങളുടെയും സാഹിത്യാനുഭവങ്ങളുടെയും സ്വാധീനം അതിലുണ്ടാവും. മറുവശത്താകട്ടെ ദൈനംദിന ജീവിതത്തിൽ കൂട്ടുകാരുമായും ബന്ധുക്കളുമായും സഹപ്രവർത്തകരുമായും ഇടപഴകുമ്പോൾ സംഭാഷണങ്ങളിൽ കല ഒരു വിഷയമായി വരുന്ന സന്ദർഭങ്ങൾ കുറവായിരിക്കുകയും ചെയ്യും. എനിക്കു കലാകാരന്മാരുമായോ എഴുത്തുകാരുമായോ സ്നേഹബന്ധങ്ങൾ കുറവാണ്. എന്റെ ഏറ്റവും നല്ല സ്നേഹിതരിൽ പുസ്തകം വായിക്കുന്നവർ ഇല്ലെന്നു തന്നെ പറയാം. എന്നാൽ എഴുത്തുകാരോ കലാകാരന്മാരോ വലിയ കൂട്ടുകാരായി വരാത്തത് എന്നെ അലട്ടുന്നില്ല. അതേസമയം സാഹിത്യബന്ധമില്ലാത്ത, കലാപരിചയമില്ലാത്ത മനുഷ്യർ പലപ്പോഴും എനിക്ക് അപാരമായ കഥകളും സന്ദർഭങ്ങളും കൊണ്ടുവരികയും ചെയ്യാറുണ്ട്. ഞാൻ എന്നിലെ വായനക്കാരന്റെയോ എഴുത്തുകാരന്റെയോ ശാഠ്യങ്ങളെ അവരുടെ മുന്നിൽ വയ്ക്കാൻ ആഗഹിക്കുന്നില്ല. ഞാനെഴുതുന്നത് അവർ വായിക്കണമെന്നോ വിലയിരുത്തണമെന്നോ പ്രതീക്ഷിക്കാറില്ല. പകരം അജ്ഞാതരായ വായനക്കാരുമായും എഴുത്തുകാരുമായും സാങ്കൽപിക വിനിമയങ്ങൾ നടത്താനാണ് ഇഷ്ടം.  

 

ADVERTISEMENT

മികച്ച വായനക്കാരോ എഴുത്തുകാരോ ആയ കുറച്ചുപേരെ എനിക്കു നേരിട്ട് അറിയാം. അവരാകട്ടെ എന്റെ ശാഠ്യങ്ങളിൽ എന്നോടു സഹതപിക്കുമ്പോഴും സാഹിത്യാനുഭൂതികളിൽ എനിക്കുള്ള ആനന്ദം വകവച്ചുതരികയും ചെയ്യുന്നു. എന്താണു കലയുടെ ആകർഷകശക്തി? അതു ലഹരി പകരുന്നുവെന്നതാണോ ? പ്ലേറ്റോ മുതൽക്കുള്ള വിഷയമാണത്. എനിക്കു തോന്നുന്നത്, കലയ്ക്കുള്ളിൽ നമുക്ക് കലയെ തന്നെയും ചോദ്യം ചെയ്യാമെന്നതാണ്. നിങ്ങൾ കലകളെയും കലാകാരന്മാരെയും ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുമ്പോഴും നിങ്ങൾക്ക് അവരെ തള്ളിക്കളയാനോ കലയുടെ ധാർമികതകളെ നിശിതമായി ചോദ്യം ചെയ്യാനോ കല തന്നെയും ഇടം തരുന്നുവെന്നതാണ്. അതുകൊണ്ടാണു കലാ-സാഹിത്യവിമർശനം എന്നത് നോവലിലെ ഏറ്റവും ശക്തമായ പ്രമേയമായിത്തീരുന്നത്. നിങ്ങൾ ഒരു കഥ പറയുന്നു, ആ കഥയ്ക്കൊപ്പം നിങ്ങൾ കഥാവിമർശനം കൂടി നടത്തുന്നതിനെയാണു നോവൽ എന്നു വിളിക്കുന്നത്. ഒരു ഉദാഹരണം പറഞ്ഞാൽ, റഷ്യൻ കൃതിയായ ‘ഇൻ മെമ്മറി ഓഫ് മെമ്മറി’ (2021 ൽ ഇംഗ്ലിഷ് പരിഭാഷ). മരിയ സ്റ്റെപ്പാനോവ തന്റെ രചനയ്ക്ക് എ റൊമാൻസ് എന്ന ഉപശീർഷകം നൽകിയിട്ടുണ്ട്. “പോസ്റ്റ്മെമ്മറി” എന്ന സംജ്ഞയെ മുൻനിർത്തി, സോവിയറ്റ് റഷ്യയിലെ ജൂതകുടുംബ സ്മരണകളാണ് സ്റ്റെപ്പാനോവ എഴുതുന്നത്. സ്വന്തം അമ്മായിയുടെ മരണാനന്തരം അവരുടെ മുറിയിൽനിന്നു ലഭിച്ച ഡയറികളിലൂടെയും ഫോട്ടോഗ്രഫുകളിലൂടെയും സോവിയറ്റ്കാല വസ്തുക്കളിലൂടെയും സ്മരണകളെ നിർമിച്ചെടുക്കുന്ന രീതിയാണത്. എന്നാൽ ഈ നോവലിന്റെ നല്ലൊരു ഭാഗം, സ്മരണയുമായി ബന്ധപ്പെട്ടു പല പുസ്തകങ്ങളുടെയും വിശകലനങ്ങളാണ്. ഉദാഹരണത്തിന്  ജർമൻ നോവലിസ്റ്റ് ഡബ്ല്യു.ജി. സെബാൾഡും റഷ്യൻ കവി ഒസിപ് മാന്തേംസ്റ്റമും ഓർമയെ എങ്ങനെ ഉപയോഗിച്ചുവെന്നതു വിശകലനം ചെയ്യുന്നു. സ്വാഭാവികമായും  ഒരു കഥ മാത്രം തിരഞ്ഞുപോകുന്നവരെ സ്റ്റെപ്പാനോവ നിരാശപ്പെടുത്തുകയും ചെയ്യുന്നു.

 

ഒരാൾ എഴുത്തുകാരനായി പരിശീലനം നേടുന്നതിനു മുൻപുള്ള വർഷങ്ങളിൽ അയാൾ വായനക്കാരൻ മാത്രമായിരുന്നു. വായനക്കാരനാകുന്നതിനും മുൻപുള്ള വർഷങ്ങളിൽ അയാൾ ആരായിരുന്നു? ഓർമകൾ അവിടേക്ക് എത്തുന്നില്ല. വിദൂരവും അവ്യക്തമായ ചില ചിത്രങ്ങൾ അവശേഷിക്കുന്നുവെങ്കിലും അത് പൊള്ളുന്ന വെയിലുള്ള ഒരു ഉച്ചയിൽ വീടിന്റെ തിണ്ണയിലിരുന്നു പുറത്തേക്ക് നോക്കുന്നതു പോലെ വിഷാദമുള്ള എന്തോ ഒന്നാണ്. സത്യത്തിൽ ഒരു മനുഷ്യൻ സ്വന്തം കയ്യൊപ്പു ശീലിക്കുന്നതിനു മുൻപേയുള്ള നാളുകളിൽ, സ്വന്തം പേര് എഴുതാൻ പഠിക്കുന്നതിനും മുൻപേയുള്ള വർഷങ്ങളിൽ ലോകത്തുനിന്ന് എന്താണു എടുത്തത്? നാം സ്മരണയിൽനിന്നു ചോർന്നുപോയതു മാത്രം അന്വേഷിക്കുന്നു. പ്രശ്നം എന്താണെന്നു വച്ചാൽ അവിടേക്കു തനിച്ചു പോകാൻ മാത്രമേ സാധിക്കൂ. അങ്ങനെ ചെന്നാൽ ലഭിക്കുന്നതാണു നാം എഴുതുന്നത്.  

 

ADVERTISEMENT

സദാ നേരവും സാഹിത്യവിചാരവുമായി കഴിയുന്ന ഒരു മനുഷ്യൻ, അയാളുടെ തൊഴിൽസമയവും വീട്ടുകാര്യങ്ങളും കഴിഞ്ഞാൽ പിന്നീടുള്ള സമയം ലോകത്തെ ഭാവനയുടെ ഒരു പ്രദേശമായാണ് അനുഭവിക്കുന്നത്. രാഷ്ട്രീയമോ മതമോ ഭാഷയോ സമുദായമോ ഒന്നും അയാൾക്കു സ്വന്തം ഭാവനയുടെ ആനന്ദത്തെക്കാൾ വലുതല്ല എന്നു വരുമ്പോൾ അയാൾ ഒരു ബോറനായേക്കാം. ഇങ്ങനെ ബോറന്മാരായിരിക്കുന്നതു യഥാർഥ കലാജീവിതത്തിൽ ഒഴിവാക്കാനാവില്ല. 

 

കഥയിലും നോവലിലും എഴുതുന്നതെല്ലാം സത്യമാണെന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദ്യമുയരാറുണ്ട്. സത്യമാണോ അല്ലയോ എന്നല്ല, സാഹിത്യത്തോളം ആനന്ദകരമായ മറ്റൊരു അനുഭവമില്ലെന്നാണ് എനിക്കു മറുപടി പറയാനുള്ളത്. കേവല സത്യം എന്ന ഒന്നില്ലാത്തതിനാൽ കലാനുഭവം തന്നെയും വലിയ ഒരു സത്യമായിത്തീരുന്നു. നിങ്ങൾ ആരുടെ സത്യത്തിനൊപ്പം നിൽക്കുന്നു എന്നതാണ് ശരിയായ ചോദ്യം.

 

ADVERTISEMENT

നെതർലൻഡ്സിൽ താൻ പിഞ്ചുകുഞ്ഞായിരിക്കെ ചെലവഴിച്ച വർഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലം എന്നു ജർമൻ നോവലിസ്റ്റും നാടകകൃത്തും കവിയുമായ തോമസ് ബേൺഹാഡ് എഴുതിയിട്ടുണ്ട്. പിറവി മുതൽ ഒരു വയസ്സുവരെയുള്ള വർഷങ്ങളെപ്പറ്റിയാണു ബേൺഹാഡ് പറയുന്നതെന്ന് ഓർക്കണം. ഒരു ഓസ്ട്രിയൻ ഗ്രാമത്തിൽ അവിവാഹിതയായിരിക്കെയാണ് ബേൺഹാഡിന്റെ അമ്മ ഹെർത്ത ഗർഭിണിയായത്. ഉത്തരവാദിയായ ആൾ ജർമനിയിലേക്ക് നാടുവിട്ടുപോയതോടെ ഹെർത്തയും നാണക്കേടു സഹിക്കാനാവാതെ ഗ്രാമം വിടുന്നു. അവിവാഹിതരായ അമ്മമാർക്ക് അഭയം നൽകുന്ന നെതർലൻഡ്സിലെ ഒരു ആശ്രയമന്ദിരത്തിലെത്തിയാണ് ഹെർത്ത ബേൺഹാഡിനെ പ്രസവിച്ചത്. അവിടെ ചെലവഴിച്ച ഒരു വർഷമാണ് തനിക്കേറ്റവും സന്തോഷകരമായ കാലം എന്നു ബേൺഹാഡ് എഴുതുമ്പോൾ നാം മനസ്സിലാക്കുന്നതു ജീവിതകാലമത്രയും എഴുത്തുകാരൻ സന്തോഷവാനായിരുന്നില്ല എന്നു കൂടിയാണ്. (You do not understand me. Sleep beside me, be quiet, I must grieve)

 

2

 

ഈ കഥ യുക്തിഭദ്രമല്ല എന്നു നാം പലപ്പോഴും കേൾക്കാറുണ്ട്. ഇതുകേട്ടാൽ തോന്നും നമ്മുടെ ജീവിതാനുഭവമെല്ലാം യുക്തിപൂർണമാണെന്ന്. യുക്തിയിൽ ഉറച്ചുനിൽക്കുന്ന ഒരു രചനയും ഞാൻ വായിക്കാൻ ഇഷ്ടപ്പെടുന്നില്ല. പല കൃതികളും ഇടയ്ക്ക് വായന ഉപേക്ഷിക്കേണ്ടിവരുന്നത് അതിലെ സിദ്ധാന്തമോ യുക്തിയോ അസഹ്യമാകുന്നതുകൊണ്ടാണ്. നിയമബന്ധിതമോ യുക്തിനിഷ്ഠമോ സൈദ്ധാന്തികമോ ആയ ഏതു കാര്യവും ഭാവനാമണ്ഡലത്തിൽ പ്രവേശിക്കുന്നതോടെ കാലഹരണപ്പെടുന്നു. അഥവാ വിരസമോ അസംബന്ധം നിറഞ്ഞതോ ആയ ജീവിതപ്രശ്നങ്ങൾക്കു നടുവിൽനിന്ന് ഒരു ബദൽ ഉണ്ടാക്കുകയാണു സാഹിത്യവും കലയും ചെയ്യുന്നത്. സാധാരണ നിലയിൽ വിസ്മൃതിയിലേക്കു നഷ്ടമാകേണ്ട ചില സന്ദർഭങ്ങളെ, മനുഷ്യരെ, വിചാരങ്ങളെ, സ്വപ്നങ്ങളെ എല്ലാം പെറുക്കിക്കൂട്ടുന്നു. വിശദാംശങ്ങൾ നഷ്ടപ്പെടുന്ന ജീവിതത്തിലേക്ക് ഏറ്റവും ചെറുതെന്ന് നാം കരുതിയ കാര്യങ്ങളെയും വസ്തുക്കളെയും പ്രതിഷ്ഠിക്കുകയാണു സാഹിത്യം. പഴയൊരു കത്ത്, പോസ്റ്റ്കാർഡ്, പാവ, വാച്ച്, ഉടുപ്പ്– ഇത്തരം പ്രതിഷ്ഠകളെ വച്ചാണു നാം എഴുതുന്നത്. 

 

ഒരുപക്ഷേ, താൻ കുട്ടിയായിരിക്കെ ആദ്യമായി സൈക്കിളിൽ വീട്ടുമുറ്റത്തിനു പുറത്തേക്കു തനിച്ച് ഓടിച്ചുപോയതാകും പിന്നീട് ഒരു വ്യക്തി തന്റെ ജീവിതത്തിലെ ഏറ്റവും ഹരം പകർന്ന സംഭവമായി വിവരിക്കുന്നത്. ഏതാനും മിനിറ്റുകൾ മാത്രം നീണ്ട ആ അനുഭവം പിന്നീട് ഒരു സാഹിത്യരചനയായോ കവിതയായോ പരിവർത്തനം ചെയ്യുന്നു. വീടിനടുത്തുള്ള കടയിൽനിന്ന് എന്തെങ്കിലും വാങ്ങാനായി അമ്മ നിന്നോടു പറയുന്നു. നീ സൈക്കിളിൽ അന്നാദ്യമായി വീട്ടുമുറ്റത്തിനു പുറത്തേക്ക്, റോഡിലേക്ക് ഓടിച്ചുപോകുന്നു. അടുക്കള ജനാലയിലൂടെ അമ്മ നിന്നെത്തന്നെ നോക്കിനിൽക്കുന്നു. നീ കടയിൽനിന്നു സാധനം വാങ്ങി തിരിച്ചുവീട്ടിലേക്കു വരുന്നതു വരെ അമ്മ അവിടെത്തന്നെ നിൽക്കുന്നു. ആ നോട്ടത്തിനു കീഴിലാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ നിമിഷങ്ങൾ സംഭവിക്കുന്നത്.     

 

അച്ഛനൊപ്പം മീൻ പിടിക്കാൻ പോയത് റെയ്മണ്ട് കാർവറുടെ കഥകളിലും കവിതകളിലും ആവർത്തിച്ചുവരുന്നത് ഓർമിക്കുക. ഏറ്റവും പ്രധാന ആനന്ദങ്ങൾ നാം മറന്നുപോകുന്നു. അല്ലെങ്കിൽ അവ ഓർമയിലെവിടെയോ ഒരിടത്തു മാത്രം, പെട്ടെന്നു കണ്ടുപിടിക്കാൻ കഴിയാത്ത ഒരിടത്തു മാത്രമിരിക്കുന്നു. കുട്ടിക്കാലത്ത് അതിരാവിലെ ഉണർന്ന് മുത്തച്ഛൻ പശുവിനെ കറക്കാൻ പോകുമ്പോൾ ഒപ്പം പോയതിനെപ്പറ്റി ബേൺഹാഡ് എഴുതുന്നു. ഓസ്ട്രിയയിലെ ഏതോ ഗ്രാമത്തിലെ ആ പുലരികൾക്കുശേഷം ആയിരം വർഷങ്ങൾ കടന്നുപോയിരിക്കുന്നുവെന്നാണു ബേൺഹാഡ് എഴുതിയത്.

 

3

 

വർഷാന്ത്യത്തിൽ ഈ നിമിഷം വരെ വായിക്കുകയോ സങ്കൽപിക്കുകയോ ചെയ്ത കാര്യങ്ങളിലേറെയും മറന്നതായി തോന്നുന്നു. ചിലപ്പോൾ അതെല്ലാം പെട്ടെന്നു മറ്റൊരു ദിവസം ഓർമിക്കാൻ വേണ്ടിയാണെന്നും പ്രതീക്ഷിക്കുന്നു. ഒരു ബസ് യാത്രയ്ക്കിടയിലെ ഏതോ ദിവാസ്വപ്നത്തിലാവും ആ ഓർമ പെട്ടെന്ന് വരിക - വായിച്ചുമറന്നുവെന്നു കരുതിയ ഏതോ പുസ്തകത്തിലെ വരിയാണോ, എഴുതാൻ വിചാരിക്കുന്ന ഫിക്‌ഷനിലെ ഒരു രംഗമായിരിക്കുമോ എന്ന് അപ്പോൾ സംശയിക്കുന്നു. രണ്ടായാലും അത് എഴുതിവയ്ക്കുമ്പോൾ, തോമസ് ബേൺഹാഡ് സൂചിപ്പിച്ച ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഏക വർഷം പോലെ, മറ്റെവിടെയോ സ്ഥിതി ചെയ്യുന്ന ഒന്നാണെന്നു കൂടി അറിയുന്നു. ആ ഓർമ ഇതാണ്-

 

ഉച്ചഭാഷിണികൾ വാടകയ്ക്കു കൊടുക്കുന്ന തമ്പിയുടെ കടയിൽ ഒരു ദിവസം രണ്ടു കൂറ്റൻ സ്പീക്കറുകൾ പ്രത്യക്ഷപ്പെട്ടു. ആൾപ്പൊക്കത്തിലുള്ള അവ എത്തിയ ദിവസം അയാൾ അവ കടയുടെ മുന്നിൽ ഡിസ്പ്ലേ ചെയ്ത് അതിൽ നടത്തിയ സ്വരപരീക്ഷണങ്ങൾ രാത്രി വൈകിയും തുടർന്നു. ഗ്രാമീണ പട്ടണത്തിലെ കടകൾ അടഞ്ഞു. പാതകൾ വിജനമായി. എട്ടോ പത്തോ നീളൻ പടവുകൾ കയറിവേണം തമ്പിയുടെ കടയിലെത്താൻ. ആ കടയിലിരുന്നാൽ ആ തെരുവു മുഴുവൻ കാണാൻ കഴിയും. രണ്ടു സ്പീക്കറുകളും കടയുടെ തിണ്ണയിൽ ഇറക്കിവച്ച് തമ്പി അവ ഓൺ ചെയ്തു. ഒരു മൈക്ക് കയ്യിൽ പിടിച്ച് കടയ്ക്കകത്തിരുന്നു ഹലോ, ഹലോ, മൈക് ടെസ്റ്റിങ് ! എന്ന് ഇടവിട്ടു മണിക്കൂറുകളോളം ആവർത്തിച്ചുകൊണ്ടിരുന്നു. മറ്റൊന്നും പറയാതെ, ഹലോ ഹലോ എന്നുമാത്രം ! അതിന്റെ സ്വരവ്യതിയാനങ്ങൾ, പല തരംഗവേഗങ്ങളിൽ ഉറങ്ങുന്ന പട്ടണത്തിനു മീതേ പ്രസരിച്ചു. കുറച്ചുകഴിഞ്ഞ് അയാൾ മൈക്ക് ഓഫാക്കിയശേഷം സ്പീക്കറിലൂടെ സിനിമാഗാനങ്ങൾ അയയ്ക്കാൻ തുടങ്ങി. പട്ടണത്തോടു ചേർന്ന വീടുകളിൽ ഉറങ്ങാതെയിരുന്നവരും ഉറങ്ങാൻ കിടന്നവരും ആ ഈണങ്ങൾക്കു കാതോർത്തു. 

 

ചില രാത്രികളിൽ തമ്പി വീട്ടിൽ പോകാതെ കടയിൽത്തന്നെ ഉറങ്ങും. രാത്രി വൈകിയും വർത്തമാനം പറയാൻ ചില കൂട്ടുകാർ വരാറുണ്ട്. അവരിൽ ചിലർ ലഹരി തലയ്ക്കു പിടിക്കുമ്പോൾ മൈക്കിലൂടെ പാട്ടുപാടാൻ ആഗ്രഹിച്ചു തമ്പിയോടു കെഞ്ചും. ‘‘തമ്പിയണ്ണാ, ആ രണ്ടു വലിയ സ്പീക്കറുകൾ  ഓൺ ചെയ്യൂ..’’ അങ്ങനെ അപസ്വരങ്ങൾ മൈക്കിലൂടെ ഉയർന്ന രാത്രികൾ പതിവായിരുന്നു. സ്വരപരാജയത്തെ വകവയ്ക്കാതെ ചിലർ അവസാന വരി വരെയും ആലപിച്ചു. 

 

അക്കാലത്തു വീട്ടിലെല്ലാവരും ഉറങ്ങാൻ കിടന്നുകഴിയുമ്പോൾ, സിഗരറ്റ് വലിക്കാനായി വീടിന്റെ പിൻവാതിൽ തുറന്ന് മുറ്റത്തെ പാതിയിരുട്ടിൽ നിൽക്കുമ്പോൾ ഈ സ്വരങ്ങൾ എനിക്കു കൂട്ടായി വന്നു. ഒരു ദിവസം ഞാൻ ഇറങ്ങിച്ചെല്ലുമ്പോൾ തമ്പിച്ചേട്ടൻ ഒറ്റയ്ക്ക് ഒരു പാട്ട് സ്പീക്കറിൽ ഉച്ചത്തിൽ വച്ചശേഷം തെരുവിലിറങ്ങി ഒരു കടത്തിണ്ണയുടെ വരാന്തയിലിരുന്നു സിഗരറ്റ് വലിക്കുകയാണ്. എന്നെ കണ്ടപ്പോൾ, നീ ഇവിടെ ഇരിക്കൂ, ഞാൻ വേറെ പാട്ടു വച്ചു തരാം എന്നു പറഞ്ഞ് എണീറ്റു കടയിലേക്കു പടികൾ ഓടിക്കയറിപ്പോയി. ആ പാട്ടു വച്ചശേഷം വീണ്ടും പടവുകൾ ഇറങ്ങി ഞാനിരിക്കുന്നിടത്തു വന്നിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്നു സിഗരറ്റ് വലിച്ചു, പാട്ടു കേട്ടു, ചില തടിലോറികൾ മാത്രം ഇടയ്ക്ക് തെരുവിന്റെ വിജനതയിലൂടെ ഇരമ്പിക്കടന്നുപോയി.

 

4

 

കലയിൽ വിശ്വസിക്കുന്ന ഒരാൾ പൂർണ വിശ്വാസിയാണ്. അയാൾക്ക് അതു കൂടാതെ മുന്നോട്ടുപോകാനാവില്ല. വിശ്വാസം നഷ്ടമാകുമ്പോൾ നിങ്ങളുടെ ഭാഷ മൂകമായിത്തീരുന്നു. ഒരു മനുഷ്യന് എന്നും വിശ്വാസിയാകാൻ പ്രയാസമാണ്. അയാൾ സന്ദേഹിയായിത്തീർന്നേക്കാം. ജീവിതത്തിൽ ഇങ്ങനെ എഴുത്തുകാരനും ഭാഷ മൂകമായിത്തീരുന്ന വർഷങ്ങൾ ഉണ്ടാകാറുണ്ട്. എന്റെ മൂകതയുടെ വർഷങ്ങൾ ഒരു ദിവസം അവസാനിക്കുമ്പോൾ ഞാനതിനു സാക്ഷ്യം പറയുന്നു. തമ്പിച്ചേട്ടൻ മൈക് സൈറ്റുകളെല്ലാം ഓഫ് ചെയ്ത് അവയ്ക്കു നടുവിലിരുന്നു മണിക്കൂറുകളോളം വായിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. നിറം പിടിപ്പിച്ച നുണകൾ, അവകാശികൾ, കയർ, കരമസോവ് സഹോദരന്മാർ, ആയിരത്തൊന്നു രാവുകൾ എന്നിങ്ങനെ തടിയൻ പുസ്തകങ്ങൾ ആ മേശപ്പുറത്ത് അടയാളം വച്ച നിലയിൽ ഇരിക്കുന്നതു ഞാൻ ഓർമിക്കുന്നു. അയാളെപ്പോലെ എത്രയോ മനുഷ്യർ വിജനതകളിലേക്ക് തൊടുത്തുവിട്ട സ്വരങ്ങളും മൂകതകളുമാണ് എന്നെപ്പോലുള്ളവർക്കു പിന്നീട് ഊർജമായതെന്നു ഞാൻ കരുതുന്നു. ഇത്രയും ഗംഭീരമായ കൊടുക്കൽവാങ്ങലുകൾ കലയിൽ മാത്രമാണു സംഭവിക്കുക.

 

Content Summary : Ezhuthumesha Colum by Ajai P Mangattu - The virtual world of literature