കണ്ണുകൾക്കിരുപുറവും നിറയെ വരകളുമായി കരയുകയാണോ ചിരിക്കുകയാണോ എന്നുറപ്പിക്കാൻ പറ്റാത്ത ബേബീസിനെപ്പോലെയുള്ള മുഖം. കറുപ്പിൽ വീണ്ടും കറുപ്പടിച്ചാൽ കിട്ടുന്ന നിറം. കൊച്ചു സ്പ്രിങ്ങുകൾ നിറയെ പാകിയ പോലെ മുടി

കണ്ണുകൾക്കിരുപുറവും നിറയെ വരകളുമായി കരയുകയാണോ ചിരിക്കുകയാണോ എന്നുറപ്പിക്കാൻ പറ്റാത്ത ബേബീസിനെപ്പോലെയുള്ള മുഖം. കറുപ്പിൽ വീണ്ടും കറുപ്പടിച്ചാൽ കിട്ടുന്ന നിറം. കൊച്ചു സ്പ്രിങ്ങുകൾ നിറയെ പാകിയ പോലെ മുടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണുകൾക്കിരുപുറവും നിറയെ വരകളുമായി കരയുകയാണോ ചിരിക്കുകയാണോ എന്നുറപ്പിക്കാൻ പറ്റാത്ത ബേബീസിനെപ്പോലെയുള്ള മുഖം. കറുപ്പിൽ വീണ്ടും കറുപ്പടിച്ചാൽ കിട്ടുന്ന നിറം. കൊച്ചു സ്പ്രിങ്ങുകൾ നിറയെ പാകിയ പോലെ മുടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണുകൾക്കിരുപുറവും നിറയെ വരകളുമായി കരയുകയാണോ ചിരിക്കുകയാണോ എന്നുറപ്പിക്കാൻ പറ്റാത്ത ബേബീസിനെപ്പോലെയുള്ള മുഖം. കറുപ്പിൽ വീണ്ടും കറുപ്പടിച്ചാൽ കിട്ടുന്ന നിറം. കൊച്ചു സ്പ്രിങ്ങുകൾ നിറയെ പാകിയ പോലെ മുടി. 

 

ADVERTISEMENT

അവൻ ചിരിക്കുകയാണെന്നു കരുതിയിട്ടാകാം മൈക്കിൾ കുറച്ചുറക്കെ പിറുപിറുത്തത്. 

 

പാവം! ചിരിയല്ലായിരുന്നു അത്. നിലത്ത് കുന്തിച്ചിരുന്ന് പൊട്ടിയ കപ്പും സോസറും പെറുക്കുമ്പോളതാ അവൻ തേങ്ങുന്നു. 

 

ADVERTISEMENT

എന്നിലെ മലയാളി ഉണർന്നു. 

 

ഹേയ്, ടേക്കിറ്റീസി മാൻ. ഗെറ്റ് അപ്പ്. 

 

ADVERTISEMENT

ഞാൻ പറഞ്ഞു. 

 

അന്നു പതിവിലും നേരത്തെ ഓഫിസിലെത്തിയതാണു ഞാൻ. പ്രോജ്ക്റ്റ് റിപ്പോർട്ടിന്റെ മിനുക്കുപണികൾ ഉച്ചയ്ക്കു മുന്നേ തീർക്കണം. ഡെഡ്​ലൈൻ 11 മണിയാണ്! ഓഫിസ് സമയത്തിനു രണ്ടു മണിക്കൂർ മുമ്പു വന്നാൽ പണി നീങ്ങും. ടൈം ആയാൽ പിന്നെ കോൾസും മറ്റും തുടങ്ങും. തല റിപ്പോർട്ടിൽ നിക്ഷേപിക്കാൻ പറ്റില്ല. 

 

രണ്ടുരണ്ടരമണിക്കൂർ ഇരുന്നതേ അറിഞ്ഞില്ല. ഹോ! ആ പണി ഫുൾ തീർത്തു. ഇനി റിലാക്സ് ചെയ്യാം എന്നോർത്ത് ഒരു ചായ കുടിക്കാൻ പാൻട്രിയിൽ എത്തിയതാണ്. രാവിലെ ജോലി തുടങ്ങും മുമ്പ് സ്വയം പ്രിപ്പേർ ചെയ്ത ഒരു കട്ടൻ ചായ പതിവുണ്ട്. ഓഫിസ് ബോയ് ഷക്കീബിനെക്കൊണ്ട് ചെയ്യിക്കില്ല. എന്റെ ആ ഒരു രുചിയിലേക്ക് എത്തണം. ഒരു പുതീന ഇലയും ഒരേ ഒരു‌ മണി കുരുമുളകും ഒരേ ഒരു കരാമ്പൂവും ഒന്ന് സോസർ കൊണ്ട് ക്രഷ് ആക്കിയിട്ട് അതും ഒരിറ്റു കൽക്കണ്ടവും ഇട്ട കപ്പിലേക്ക് കെറ്റിലിന്റെ സ്വിച്ച് ട്രിപ്പാവാനനുവദിക്കാതെ അമർത്തിപ്പിടിച്ചു കൂടുതൽ കൂടുതൽ വെട്ടിത്തിളപ്പിച്ച വെള്ളം ഉയരത്തിൽ നിന്നൊഴിച്ചു നിറയ്ക്കണം. എന്നിട്ടാ കപ്പ് ഉള്ളം കൈ‌കൊണ്ടു മൂടണം. കൈരേഖകളിൽ ആ ആവി കയറും. ഒരു മിനിറ്റ്. പിന്നെ ആ കൈ മണക്കണം. ഹോ! ഇന്റോക്സിക്കേറ്റിങ്! ഷക്കീബ് നോക്കട്ടെ സാർ എന്നു പറഞ്ഞു കൈ മണക്കും. എന്നിട്ടവന്റെ ഒരു തംസപ്പുണ്ട്. 

 

ആ മണം ഓഫിസ് ടൈം കഴിയും വരെ എന്റെ സിഗ്നേച്വർ സ്മെൽ ആയി നിൽക്കുമത്രെ. 

 

ഷക്കീബ് ബംഗ്ലദേശിയാണ്. അവൻ ആന്വൽ ലീവിനു പോയി. 

 

ഞാൻ കൈകൊണ്ട് ചായക്കോപ്പ അമർത്തിപ്പിടിച്ച് പറഞ്ഞു. 

 

നീയിവിടിരിക്ക്. 

 

അവന്റെ ദേഹത്തേക്കാണ് ചായ മറിഞ്ഞത്. മൈക്കിളാണ് വന്ന് ഇടിച്ചതും. എന്നിട്ടും! പാവം പയ്യൻ. 

 

നീയാണോ പുതിയ ഓഫിസ് ബോയ്? 

 

പയ്യൻ സ്റ്റൂളിൽ ഇരുന്നു, ചുമരും ചാരി. ഇപ്പോഴും കണ്ണുകളിലെ ദൈന്യത മാറിയിട്ടില്ല! 

 

ആഫ്രിക്കനാണ്. എന്നാൽ പൊതുവെ അവരിൽ കാണുന്ന കൂറ്റൻ ശരീരമല്ല. ഒരു ശിശു സഹജ ലുക്ക്. ഏറിയാൽ ഇരുപത്തഞ്ച് വയസ്സ്. അമ്മക്കിളിയുടെ ചൂട് പറ്റിയിരിക്കുന്ന കുഞ്ഞിക്കിളിയുടെ മട്ട്! ടെമ്പററി അപ്പോയന്റ്മെന്റാകും. ഷക്കീബ് മുപ്പതാം നാൾ തിരിച്ചെത്തും. കൈ കപ്പിൽ നിന്നു മാറ്റി ഞാൻ. കപ്പിന്റെ വാവട്ടത്തിൽ ആവി കേറി ചുവന്നിരിക്കുന്നു. മണത്തു! പെർഫെക്റ്റ്‌ മിക്സ്. 

 

എന്താണെന്നറിയില്ല. ഷക്കീബാണെന്ന ഓർമയിലാകാം ഞാൻ കൈ ഈ പയ്യന്റെ മൂക്കിനു നേരെ നീട്ടി. അവൻ ആദ്യമൊന്ന് പകച്ചു. പിന്നെ ഡീപ്പായ് മണത്തു. മുഖം പെട്ടെന്ന് കരയുന്ന പോലെ ചുളിഞ്ഞു. ഓഹ് മൈ ഗോഡ്! വെളുത്തപല്ലുകൾ തെളിയുന്നു. യെസ്. അവൻ ചിരിക്കുകയാണ്. 

 

ബെർഫെക്റ്റ് സർ. അവൻ തംസപ് കാട്ടി പറഞ്ഞു. 

 

യുവർ നേം? 

 

സുലൈമാൻ സർ. 

 

ആ സുലൈമാൻ. യൂ ആർ ഫ്രം? 

 

സോമാലിയ സർ 

 

ആഹ! കൊള്ളാം. 

 

സോ യു ആർ എ പൈറേറ്റ്? ഹ ഹ ഹ! 

 

അധീശത്വഭാവം കൊണ്ടുമാത്രം നമ്മിലുണ്ടാകുന്ന അഹങ്കാരം കൊണ്ടാകണം ഞാൻ ആ ജോക്കടിച്ചത്. പക്ഷേ, അവന്റെ മുഖം മങ്ങി. 

 

ഓഹ്! സോറി, സുലൈമാൻ, സോറി. ജസ്റ്റ് എ ജോക്ക്! ജസ്റ്റ് എ ജോക്ക്. 

 

ഇറ്റ്സ് നോട്ട് ന്യൂ സർ! ജോക്സ് ആർ നോട്ട് ന്യൂ ഫോർ അസ്! 

 

ഹേയ് കമോൺ മാൻ. റിയലി സോറി. സീ വീ കേരളൈറ്റ്സ് ആർ നെവർ റേസിസ്റ്റ്സ്! യു സീ ബോത്ത് ഓഫ് ഔർ ഷാഡോസ് ആർ ബ്ലാക്ക്. 

 

ബട്ട് ഷാഡോസ് ആർ നോട്ട് റിയൽ സർ. 

 

ചായയുമായി തിരികെ സീറ്റിൽ വന്നിരിക്കുമ്പോൾ എന്നെ അകാരണമായൊരു മൂഡോഫ് പൊതിഞ്ഞു. ച്ഛേ! വിചാരിച്ചതിലും‌ നേരത്തെ റിപ്പോർട്ട് റെഡിയായതാണ്. ഇനി ഒരു മൂന്നു മണിക്കൂർ റിലാക്സ് ആയി ഇരിക്കേണ്ടതായിരുന്നു. എന്തോ, ഒന്നിനും ഒരു മൂഡില്ലാത്ത അവസ്ഥ! 

 

ഇടയ്ക്ക് സുലൈമാൻ ഓരോ സീറ്റിലും ചായയും കോഫിയുമായി ഒക്കെ നടക്കുന്ന കണ്ടു. ആകെ അവന് കൺഫ്യൂഷനാണ്. ആദ്യമായിട്ടാണെന്നു തോന്നുന്നു അവൻ ഇങ്ങനെ ഒരു ഓഫിസിൽ ജോലി ചെയ്യുന്നത്. 

 

അമ്മക്കിളിയുടെ ചിറകിൽ നിന്ന് ആദ്യമായി പറക്കാൻ ശ്രമിക്കുന്ന ഒരു കുഞ്ഞു കിളിയുടെ പകപ്പ് അവന്റെ മുഖത്തുണ്ട്. 

 

പാവം! 

 

ലഞ്ച് കഴിഞ്ഞ് എന്റെയാ പ്രോജക്റ്റ് റിപ്പോർട്ടിന്മേൽ ഒരു മീറ്റിങ് ആയിരുന്നു. പതിവില്ലാത്ത വിധം അഭിനന്ദനങ്ങൾ കിട്ടിയൊരു ദിനം. മൂന്നുമാസമായി ഇതിനുപിറകെ ആയിരുന്നു. പ്ലാനിങ് എന്നാൽ മുൻകൂട്ടി കാര്യങ്ങൾ കാണലാണല്ലോ. ഒരു തരം ഫിക്‌ഷനെഴുത്ത്. എന്നാൽ ആണോ? അല്ലതാനും. പൊതുവെ നല്ല വാക്കു പറയുന്നതിൽ പിശുക്കനായ ജിഎം ഇന്നെന്തോ ചിരിച്ചു സംസാരിച്ചു. ‘വെൽഡൺ’ എന്നും പറഞ്ഞു. മിഡിലീസ്റ്റിൽ കമ്പനി ചെയ്യാൻ പോകുന്ന ഏറ്റവും വിഷമകരമായ പ്രോജക്റ്റ് ആയതുകൊണ്ടാകണം സിഇഒ, ഗ്രീസിലെ ഹെഡ് ഓഫിസിൽ നിന്ന് മീറ്റിങ്ങിൽ അവസാന അരമണിക്കൂർ പങ്കെടുത്തു. സാധാരണഗതിയിൽ ഞങ്ങളൊക്കെ വിറയ്ക്കും. ഇന്നും വിറച്ചു. പക്ഷേ, സിഇഒ എന്റെ പേരെടുത്ത് അഭിനന്ദിച്ചു. കാരണം എന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്ന രണ്ട് റിസ്ക് അനാലിസിസുകൾ ആയിരുന്നു. വെൽഡൺ മൈ ബോയ്, യു യൂസ്ഡ് എ തേഡ് ഐ ഓൺ ഇറ്റ്. അദർ വൈസ് ദാറ്റ് വുഡ് ഹാവ് ബീൻ നെഗ്ലറ്റഡ് ആൻഡ് മൈറ്റ് ഹാവ് ബീൻ എ ഡിസാസ്റ്റർ!! ഹോ! പൊന്തിയ രോമങ്ങൾ താഴ്ന്നിട്ടില്ല. 

 

വീണ്ടും ഇരുന്നു. ഒന്നൂടി കൂലങ്കുഷമായി നോക്കി. അഭിമാനം. 

 

വൈകിട്ട് ഇറങ്ങാൻ നേരം പാൻട്രിയിൽ ചെന്നു രാവിലത്തെ അതേ കട്ടൻ ഒരെണ്ണം കൂടി കുടിക്കുന്ന പതിവുണ്ട്. എണീറ്റു. ഏറെ വൈകിയിരിക്കുന്നു. എല്ലാവരും പോയിക്കഴിഞ്ഞു. അപ്രതീക്ഷമായി സിഇഒയുടെ സർട്ടിഫിക്കറ്റ് കിട്ടിയതിൽ എല്ലാവർക്കും ഉള്ളിൽ ഒരു കുണ്ഠിതം ഉണ്ട്. ഹഹ! ഊറിചിരിച്ചുകൊണ്ട് പാൻട്രിയിൽ കടന്നു. 

 

ഹൊ! ഇവൻ പോയില്ലേ.. 

 

നോ സർ! 

 

എടാ, ജിഎം പോയാൽ നിന്റെ ടൈം ഓവർ. എന്തിനിവിടെ ഇരിക്കുന്നു. 

 

പോകാൻ സ്ഥലമില്ലാത്തവർക്ക് അങ്ങനെയാണ് സർ. 

 

ഓഹ്! ഇവനെപ്പറ്റി മറന്നിരിക്കുകയായിരുന്നു. 

 

ഞാൻ രണ്ട് സ്പെഷൽ കട്ടൻ ഉണ്ടാക്കി. എന്നെ അനുകരിച്ച് അവന്റെ കപ്പ് അവനും ഉള്ളം കൈ കൊണ്ട് പൊത്തി. 

 

നോക്കട്ടെ സർ. 

 

അവൻ എന്റെ ഉള്ളം കൈ ഇൻഹേൽ ചെയ്തു കണ്ണടച്ചു. 

 

പൊസിഷൻ ഒക്കെ മറന്ന് അവന്റെ കൈ ഞാനും. ഛി. എന്റെ മുഖം‌ ചുളിഞ്ഞു. 

 

സുലൈമാൻ. ഈ സ്പൈസസ് നീരാവി നിന്റെ സ്കിന്നിൽ കേറുന്നില്ലല്ലോ? 

 

അതേ സർ. നിങ്ങൾ സുഗന്ധം എന്നു വിചാരിക്കുന്നതല്ല ഞങ്ങൾക്ക് സുഗന്ധം. സർ! 

 

ഇതെന്തു മണമാണെടാ? പച്ചമീൻ ഗന്ധമാണല്ലോ? നീയുച്ചയ്ക്ക് മീൻ വാങ്ങാൻ പോയോ ജിഎമ്മിന്? 

 

അല്ല സർ. അത് ബ്ലൂ മാർലിൻ ഗന്ധമാണ്. 

 

ബ്ലൂ മാർലിൻ? 

 

അതേ സർ! ഞാനൊരു ബ്ലൂ മാർലിൻ വേട്ടക്കാരനാണ്. കടലിൽ. 

 

പാൻട്രിയിലെ പ്രഭാതവും സന്ധ്യകളും. ഞാനും സുലൈമാനും. അല്ലെങ്കിൽ തന്നെ ആഫ്രിക്കനെയും ലാറ്റിനമേരിക്കനെയും മലയാളിയെയും ബന്ധിപ്പിക്കുന്ന എന്തോ ഒന്നുണ്ടല്ലോ. 

 

എന്തായാലും സുലൈമാന്റെ ചരിത്രം എന്റെ ഉള്ളംകൈ രേഖ പോലെ എനിക്ക് ഫെമിലെയർ ആയി. 

 

സോമാലിയായിലെ ഗരോവെ എന്ന ഗ്രാമം. 

 

നാലു ഭാര്യമാരുള്ള അവന്റെ ബാബ. 

 

ബാബ മരിച്ചു. അഞ്ചു പെങ്ങമ്മാരും നാലു ഉമ്മമാരും. 

 

സുലൈമാൻ കടൽക്കൊള്ളക്കാരനായില്ല. 

 

അതൊരു വിഡിയോ ഗേം ആണു സർ. ഠപ്പേ ടപ്പേ എന്നു വെടികളാണ്. കൊള്ളാതിരുന്നാൽ കൊള്ളാം. കൊണ്ടാൽ കടലിലെ സ്രാവുകൾക്ക് കുശാൽ. ത്രില്ലർ ഗെയിമാണ്. ഞാനാ ത്രില്ലറിൽ പങ്കെടുത്തില്ല. ഒറ്റ സെക്കൻഡ് കൊണ്ട് ഞാൻ രക്ഷപ്പെടുമായിരിക്കും പക്ഷേ, ഒൻപത് വയറുകൾ!! അതിനേക്കാൾ ത്രില്ലുള്ള ഒന്നിലായിരുന്നു സർ എനിക്ക് കമ്പം. 

 

അതെന്ത്? 

 

ബ്ലൂ മാർലിൻ വേട്ട. ഒറ്റവഞ്ചിയിൽ കടലിൽ. ചാട്ടുളിച്ചൂണ്ടയുമായി. കാത്തിരിപ്പിന്റെ ത്രിൽ. അവൻ നമ്മെ തേടിവരും. കൊല്ലത്തിൽ രണ്ടോ മൂന്നോ. മതി, ഞങ്ങൾക്ക് ജീവിക്കാൻ അതുമതി സർ! 

 

പിന്നെ നീ ഇവിടെ? ഈ ചെറിയ ജോലിയിൽ? 

 

ബ്ലൂ മാർലിനുകൾക്ക് ഒരു പ്രത്യേകതയുണ്ട് സർ. ലക്ഷത്തിൽ ഒന്നിന്റെ തലച്ചോർ സവിശേഷമാണ്. പക്ഷേ, അവ പിടിതരില്ല. കടലിലെ വെള്ളത്തിന് നീല തീയിന്റെ കളർ ആകുന്ന ഒരു ദിവസമുണ്ട്. ആ ദിവസം പടിഞ്ഞാറ് ഒരു നക്ഷത്രം തെളിഞ്ഞാൽ. 

 

തെളിഞ്ഞാൽ? 

 

വെറുതെ തെളിഞ്ഞാൽ പോരാ. അന്നു ചന്ദ്രക്കലയുണ്ടാകണം. അരിവാൾ പോലെ. അതും നക്ഷത്രവും ആകാശത്ത്. ഭൂമിയിലെ കടലിൽ നീലത്തീ. ഇങ്ങനെയുള്ള ദിവസം ബ്ലൂ മാർലിൻ ചൂണ്ടയിൽ കൊത്തിയാൽ.. 

 

കൊത്തിയാൽ? 

 

അതിന്റെ തലച്ചോറ് എടുക്കണം. അതു വെള്ളത്തിലിട്ടു വേവിക്കണം. മൂന്നു നാൾ തിളച്ച വെള്ളത്തിൽ. എന്നിട്ടത് അടുപ്പിനു മുകളിലെ പുകയിൽ ഉണക്കിയെടുക്കണം. പിന്നെ അതു പൊടിച്ചു കാപ്പിയിലിട്ട് പതിമൂന്ന് ദിവസം കൊണ്ടു കുടിക്കണം. കുടിച്ചുതീർക്കണം. ഒരാൾ മാത്രം. 

 

അപ്പോൾ? 

 

അയാൾ പിന്നെ അമരനാകും. മരണമില്ലാത്തവൻ. 

 

നിനക്ക് കിട്ടിയോ? 

 

അങ്ങനെ ഒരു ദിവസം നൂറ്റാണ്ടിലൊരിക്കലേ വരൂ. വന്നു. കഴിഞ്ഞ കൊല്ലം. ഹൊ! എന്റെ ചൂണ്ടയിലവൻ കൊത്തി. 

 

ഹൊ! സീംസ് ഇന്ററസ്റ്റിങ്, എന്നിട്ട്? 

 

ഇല്ല സർ. അവൻ എന്നെ അടിച്ചിട്ട് രക്ഷപ്പെട്ടു. എന്റെ വഞ്ചി മറിച്ചിട്ടു. 

 

ശ്ശെ! 

 

അന്നു ഞാനവിടം വിട്ടു. ഇപ്പോൾ ഇതാ ഇവിടെയെത്തി. കുറച്ച് ഇംഗ്ലിഷ് വശമുള്ളതുകൊണ്ട് ഈ ഓഫിസിൽ കുറച്ചു ദിവസം ജോലി ചെയ്യാൻ പറ്റി. 

 

എടാ സുലൈമാനെ. നിനക്ക് കുറച്ച് വിദ്യഭ്യാസം ഇല്ലേ. ഇതൊക്കെ മിത്തുകളാടോ. ഞങ്ങൾക്കും ഇമ്മാതിരി കുറെ മിത്തുകളുണ്ട്. 

 

പറക്കമുറ്റാത്ത ഒരു കിളിക്കുഞ്ഞ് ആണെന്ന് ആദ്യം എനിക്ക് തോന്നിയതു മാറി. 

 

എന്റെ മുത്തച്ഛൻ മാന്ത്രികനാണു സർ. മരിച്ചവരെ ജീവിപ്പിക്കുന്ന മാന്ത്രികൻ. അദ്ദേഹം എഴുതിവച്ചൊരു നോട്ട്ബുക്കുണ്ട് സർ. അതിൽ നിന്ന് കിട്ടിയതാണ്. ഞാനത് ഇംഗ്ലിഷിലേക്ക് മാറ്റുകയാണ്. ഒരു ദിവസം എന്റെ റൂമിൽ വരൂ. കൂട്ടുകാരൻ നാട്ടിൽപ്പോയി. ഇപ്പോൾ ഞാനാണതിന്റെ മുതലാളി. സാർ എഴുത്തുകാരനല്ലേ. അതൊക്കെ കാണിച്ചു തരാം. ഞാൻ പാചകം ചെയ്ത ഭക്ഷണവും കഴിക്കാം. 

 

ഹോ! നിരസിക്കാനാകാത്ത ഓഫർ. 

 

അതൊരു വെള്ളിയാഴ്ചയായിരുന്നു. 

 

പോകുന്ന വഴി സുലൈമാന് സമ്മാനമായി കുറച്ച് മെജൊൾ ഇന്തപ്പഴം വാങ്ങി. 

 

റാഷിദിയയിലെ ഒരു പഴയ കെട്ടിടത്തിന് മുൻപിലാണ് സുലൈമാൻ അയച്ചുതന്ന ഗൂഗിൾ മാപ്പ് എന്നെ കൊണ്ടു നിർത്തിയത്. അവൻ അവിടെത്തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കുറച്ചു ഇടുങ്ങിയ വഴികളിലൂടെ ഒരു ചെറിയ മുറിയിലേക്കു നടന്നു ഞങ്ങൾ. 

 

കുടിക്കാൻ ടർക്കിഷ് ചായയോട് സാദൃശ്യം തോന്നിയ ഹവാഷ് എന്ന സൊമാലിയൻ ചായ തന്നു. നല്ല ഏലക്ക ഒക്കെ ഇട്ട ചായ. 

 

അടുക്കളയിൽ എന്തോ അടുപ്പത്ത് ഉണ്ട്. മസാലയുടെ നല്ല ഗന്ധം. 

 

സാധാരണ വീക്കെൻഡിൽ നിനക്കെന്താ പരിപാടികൾ? 

 

വീട്ടിൽ തന്നെയാണ് സാർ. ഒരു ഗേൾഫ്രണ്ട് ഉണ്ടായിരുന്നു. അവൾക്ക് എന്നോട് സ്നേഹം ഒന്നുമില്ല. എപ്പോൾ കാണുമ്പോഴും പൈസ വേണം. ഞാൻ ഉള്ളതൊക്കെ കൊടുക്കും. പൈസ കൊടുത്തിട്ട് ആണെങ്കിലും ഒരു സുഹൃത്ത് ഉള്ളതു വലിയ കാര്യമാണ്. പക്ഷേ, ഇപ്പോൾ അവൾ പോലും എന്നെ കാണാൻ വരാറില്ല. എന്താണെന്നറിയില്ല. വെള്ളിയാഴ്ചകളിൽ അവൾക്കെന്നെ പേടിയാണത്രെ! 

 

അതെന്താ? 

 

അപ്പോൾ സുലൈമാൻ ഒരു ചിരി ചിരിച്ചു. 

 

കണ്ണുകൾ ഇറുകാത്ത ചിരി. 

 

സർ ഇത് വായിക്കൂ. ഞാൻ വെള്ളം ഒന്നൂടി തിളപ്പിക്കട്ടെ. 

 

ഇംഗ്ലിഷിൽ സ്പൈറൽ ബൈൻഡ് ചെയ്ത ഒരു പുസ്തകം. 

 

ഇതെന്റെ മുത്തച്ഛന്റെ ഗ്രന്ഥം. ഞാൻ തന്നെ എഴുതിയതാ ഇംഗ്ലിഷിൽ. സാർ ഇതൊന്നു ശരിയാക്കിത്തരണം. ഭാഷ. 

 

അവൻ ഒരു പേജ് തുറന്നു. 

 

ഇതു വായിക്കൂ. കപ്പിനും ചുണ്ടിനുമിടയിൽ ബ്ലൂ മാർലിൻ ആ ദിനം നഷ്ടപ്പെട്ടവർക്ക് എന്താണു ചെയ്യേണ്ടത് എന്ന് അതിലുണ്ട്. 

 

ഞാൻ ഒന്ന് ഞടുങ്ങിയതെന്തിനെന്ന് എനിക്കറിയില്ല. 

 

വായിച്ചു: 

 

ആ ദിനം ബ്ലൂ മാർലിനെ പിടിക്കാൻ കഴിയില്ല. എന്നാൽ അവൻ ചൂണ്ടയിൽ കൊരുക്കപ്പെട്ടാൽ അതുതന്നെ മഹാഭാഗ്യം. അവർക്കു മുന്നിൽ ഇനിയൊരു വഴിയുണ്ട്. അവർക്ക് ആകാശം വഴികാട്ടും. അതു നോക്കി നോക്കി പോയാൽ ഒരു ദ്വീപിലെത്തും. ആ ദ്വീപിൽ ഒരു മനുഷ്യനുണ്ടാകും. അയാളുടെ ഉള്ളം കൈ ചൂടാക്കിയാൽ ബ്ലൂ മാർലിന്റെ തലച്ചോർ വെന്ത മണം ഉയരും. കിഴക്കൻ കാട്ടിലെ സുഗന്ധദ്രവ്യങ്ങളുടെ മണമായിരിക്കും ആ കൈയ്ക്ക്. ആ മനുഷ്യന്റെ തലച്ചോർ കൊല്ലാതെ തുരന്നെടുക്കണം. അതു മൂന്നു ദിവസം വിധിപ്രകാരം തിളപ്പിച്ചുണക്കുക. സേവിക്കുക. 

 

വായന പകുതി ആയപ്പോഴേക്കും ഞാൻ വിയർത്ത് തല ഉയർത്തി. 

 

അവൻ പുറംവാതിൽ കുറ്റിയിട്ട് ക്രോസ് ബാർ വയ്ക്കുന്നു. ചങ്ങല ചുറ്റുന്നു. 

 

അമ്മക്കിളിയുടെ ചിറകിൽ നിന്നു പറന്നുയരുന്ന ആ കിളി മാനത്ത് ഒരു കഴുകനെപ്പോലെ വട്ടമിട്ടു കറങ്ങി. 

 

സുലൈമാൻ ഒന്ന് അട്ടഹസിച്ചു. 

 

പിറുപിറുക്കും പോലെ അവൻ. 

 

കമോൺ മൈ ബ്ലു മാർലിൻ! 

 

 

∙∙∙∙∙ 

∙കഥ പിറന്ന നിമിഷം 

അതിസാധാരണക്കാരായി തോന്നുന്ന പലർക്കും അസാധാരണമായ ജീവിത അനുഭവങ്ങൾ ഉള്ളതായി എനിക്കറിയാം. ആ യാഥാർത്ഥ്യത്തിൽ നിന്ന് ഉരുവം കൊണ്ടതാണീ കഥ. 

 

∙∙∙∙ 

∙അനൂപ് കുമ്പനാട് 

1976 ജൂലൈ 24ന് പത്തനംതിട്ട ജില്ലയിലെ കുമ്പനാട്ട് ജനിച്ചു. അച്ഛൻ: പ്രഫ. വർഗീസ് ഉമ്മൻ. അമ്മ: മറിയാമ്മ വർഗീസ്. സഹോദരൻ: ഡോ. അരുൺ വർഗീസ്. മറ്റം സെന്റ് ജോൺസ് ഹൈസ്കൂൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, കെ.എൽ.എൻ. കോളജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 2002ൽ മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ. ‘രണ്ടു സാധാരണ പെൺകുട്ടികളുടെ അസാധാരണ കഥകൾ’ എന്ന പുസ്തകം ഫേബിയൻ ബുക്‌സും ‘ഈ മഴ തോരാതിരുന്നെങ്കിൽ’ എന്ന പുസ്തകം കൈരളി ബുക്‌സും പ്രസിദ്ധീകരിച്ചു. 2011ൽ പാറപ്പുറം ചെറുകഥാ പുരസ്കാരവും 2021ൽ പാം അക്ഷര തൂലിക കഥാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2005 മുതൽ ദുബായ് സീമെൻസിൽ ജോലി ചെയ്യുന്നു. കുടുബത്തോടൊപ്പം യുഎഇയിൽ താമസിക്കുന്നു. ഭാര്യ: നിഷ. മക്കൾ: ഹൃദ്യ, ആർദ്ര.

 

Content Summary: Blue Marlin, malayalam short story written by Anoop Kumbanad