എണ്ണ വറ്റുമ്പോഴും കാറ്റിനോടു പൊരുതി മുനിഞ്ഞുനിൽക്കുന്നൊരു ചെറുനാളം പോലെയാണ് പല മനുഷ്യരുടെയും ജീവിതമെന്നു പറയുന്നുണ്ട് രേഖ കെ.യുടെ കഥകൾ. വീണു മണ്ണിൽ‌ത്തൊടുന്ന നിമിഷം പോലും, ഉയർന്നു കുതിക്കുന്നതു സ്വപ്നം കാണുന്ന മനുഷ്യർ. അവരിൽ ധിക്കാരികളും നിസ്സഹായരും പാവങ്ങളും സൂത്രക്കാരുമൊക്കെയുണ്ട്. എതിരെ

എണ്ണ വറ്റുമ്പോഴും കാറ്റിനോടു പൊരുതി മുനിഞ്ഞുനിൽക്കുന്നൊരു ചെറുനാളം പോലെയാണ് പല മനുഷ്യരുടെയും ജീവിതമെന്നു പറയുന്നുണ്ട് രേഖ കെ.യുടെ കഥകൾ. വീണു മണ്ണിൽ‌ത്തൊടുന്ന നിമിഷം പോലും, ഉയർന്നു കുതിക്കുന്നതു സ്വപ്നം കാണുന്ന മനുഷ്യർ. അവരിൽ ധിക്കാരികളും നിസ്സഹായരും പാവങ്ങളും സൂത്രക്കാരുമൊക്കെയുണ്ട്. എതിരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എണ്ണ വറ്റുമ്പോഴും കാറ്റിനോടു പൊരുതി മുനിഞ്ഞുനിൽക്കുന്നൊരു ചെറുനാളം പോലെയാണ് പല മനുഷ്യരുടെയും ജീവിതമെന്നു പറയുന്നുണ്ട് രേഖ കെ.യുടെ കഥകൾ. വീണു മണ്ണിൽ‌ത്തൊടുന്ന നിമിഷം പോലും, ഉയർന്നു കുതിക്കുന്നതു സ്വപ്നം കാണുന്ന മനുഷ്യർ. അവരിൽ ധിക്കാരികളും നിസ്സഹായരും പാവങ്ങളും സൂത്രക്കാരുമൊക്കെയുണ്ട്. എതിരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എണ്ണ വറ്റുമ്പോഴും കാറ്റിനോടു പൊരുതി മുനിഞ്ഞുനിൽക്കുന്നൊരു ചെറുനാളം പോലെയാണ് പല മനുഷ്യരുടെയും ജീവിതമെന്നു പറയുന്നുണ്ട് രേഖ കെ.യുടെ കഥകൾ. വീണു മണ്ണിൽ‌ത്തൊടുന്ന നിമിഷം പോലും, ഉയർന്നു കുതിക്കുന്നതു സ്വപ്നം കാണുന്ന മനുഷ്യർ. അവരിൽ ധിക്കാരികളും നിസ്സഹായരും പാവങ്ങളും സൂത്രക്കാരുമൊക്കെയുണ്ട്. എതിരെ നിൽക്കുന്ന കാലത്തോടും അതിന്റെ മുൾമൂർച്ചയുള്ള കള്ളത്തരങ്ങളോടും അവർ പൊരുതിക്കൊണ്ടേയിരിക്കുന്നു. ചിലർ അവിടെനിന്ന് ഓടിക്കയറുകയും ചിലർ വീണുപോകുകയും ചെയ്യുന്നു. അത്തരം ജീവിതങ്ങളെപ്പറ്റി, അവ പ്രതിഫലിക്കുന്ന എഴുത്തിനെപ്പറ്റി, നിലപാടുകളെപ്പറ്റി സംസാരിക്കുകയാണ് രേഖ കെ. 

 

ADVERTISEMENT

∙ എഴുത്തുകാരിയാവാനുള്ള ആഗ്രഹത്തിന്റെ തുടക്കം എവിടെയാണെന്ന് ഓർക്കുന്നുണ്ടോ? വായനയുടെ ആദ്യകാലത്തെപ്പറ്റി പറയാമോ?

 

എഴുത്തിന്റെ ഒരന്തരീക്ഷം വീട്ടിലുണ്ടായിരുന്നു. തൃശ്ശൂരിനെക്കുറിച്ചുള്ള തമാശയുണ്ടല്ലോ, കണ്ടുമുട്ടുന്ന അഞ്ചിൽ ഒരാൾ കവിയായിരിക്കും എന്ന്. ഇരിങ്ങാലക്കുടയ്ക്കും അങ്ങനെ ഒരു സാഹിത്യ പാരമ്പര്യം ഉണ്ടായിരുന്നു. ഉണ്ണായി വാര്യരിൽ തുടങ്ങി സച്ചിദാനന്ദനും ആനന്ദും ടി.വി. കൊച്ചു ബാവയും അശോകൻ ചരിവിലും ഒക്കെയുള്ള ഒരു സാംസ്കാരിക പാരമ്പര്യം. എഴുത്ത് വലിയ ഒരു സംഗതിയാണെന്ന തോന്നൽ ചെറുപ്പം മുതൽ ഉണ്ടായിരുന്നു. നന്നായി വായിക്കുന്നവരായിരുന്നു അമ്മയും സഹോദരങ്ങളുമൊക്കെ. അമ്മ ഒരു പരാജയപ്പെട്ട കഥാകൃത്താണ്. വിവാഹം കഴിഞ്ഞ് കുടുംബപ്രാരാബ്ധങ്ങൾക്കിടയിൽ എഴുതാൻ പറ്റാതെ പോയ ഒരാൾ. മക്കൾ ധാരാളം എഴുതണം, വായിക്കണം എന്നൊക്കെ അമ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ മാതൃഭൂമിയുടെ ബാലപംക്തിയിൽ കഥകളെഴുതിത്തുടങ്ങിയിരുന്നു. കുഞ്ഞുണ്ണിമാഷായിരുന്നു അന്നു കുട്ടേട്ടൻ. മാഷിന്റെ നിരന്തര പ്രേരണയുണ്ടായിരുന്നു. കുഞ്ഞുണ്ണിമാഷിന് കഥകൾ അയച്ചു കൊടുക്കും. മാഷ് അത് എഡിറ്റ് ചെയ്ത് തരും. പിന്നീട് എന്റെ ജീവിതത്തിന്റെ അന്നം നേടിത്തന്ന പത്രപ്രവർത്തനം തൊഴിലായപ്പോൾ എനിക്ക് കുഞ്ഞുണ്ണിമാഷ്ടെ ആ എ‍ഡിറ്റിങ് സ്കൂളിൽനിന്നു കിട്ടിയ പാഠമായിരുന്നു ഗുണം ചെയ്തത്. മാഷിന് 10 പേജുള്ള ഒരു കഥ അയച്ചു കൊടുത്താൽ രണ്ടു പാരഗ്രാഫായി തിരിച്ചയച്ചു തരും. പിന്നെയും വെട്ടിത്തിരുത്തി അയച്ചു കൊടുക്കും. ഈ ഒരു പ്രോസസ്സിലൂടെ കഥയെഴുത്തിന്റെ സാധ്യതകളും എഴുത്തിനെക്കുറിച്ചുള്ള ആലോചനകളുമൊക്കെ വികസിച്ചു വന്നു. 

 

രേഖ കെ.
ADVERTISEMENT

ചെറിയ കുട്ടിയായിരിക്കെത്തന്നെ വായന ഉണ്ടായിരുന്നു. ടി.വി. കൊച്ചുബാവയൊക്കെ വീട്ടിൽ സ്ഥിരം വരുന്നവരായിരുന്നു. കൊച്ചുബാവയുടെ കൈയിൽ അന്ന് നല്ല പുസ്തകശേഖരം ഉണ്ടായിരുന്നു. അതിലുള്ള ‘ആയിരത്തൊന്നു രാവുകളി’ലാണ് എന്റെ ഓർമയിൽ ഏറ്റവും നല്ല ആദ്യത്തെ വായനയുടെ ലഹരി അറിഞ്ഞത്. അറേബ്യൻ നൈറ്റ്സ് എന്ന പുസ്തകം ആയിരത്തൊന്നു രാവുകൾ എന്ന പേരിൽ ഡോ. എം.അച്യുതൻ പരിഭാഷപ്പെടുത്തിയിരുന്നു. അതു വായിച്ചാണ് ഫാന്റസിയുടെ, സങ്കൽപത്തിന്റെ വായനയുടെയൊക്കെ ഒരു വല്ലാത്ത ലോകത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞത്. കുഞ്ഞുണ്ണിമാഷിന്റെ പ്രേരണയും ഇന്നയിന്ന പുസ്തകങ്ങൾ വായിക്കണം എന്ന ഓർമപ്പെടുത്തലുകളും ഉണ്ടായിരുന്നു. കൊച്ചുബാവയും കുഞ്ഞുണ്ണിമാഷുമാണ് എന്നെ വായനയിലേക്കു നയിച്ചതിൽ പ്രധാനികളെന്നു തോന്നുന്നത്.

 

∙ നാൽക്കാലി, മഞ്ഞുകുട്ടികൾ, പാലാഴിമഥനം അടക്കമുള്ള പല കഥകളും വാർത്തകളിൽ നിന്നുണ്ടായതാണല്ലോ. പത്രപ്രവർത്തനം എഴുത്തിനെ എങ്ങനെയാണു സ്വാധീനിച്ചത്?

 

ADVERTISEMENT

കഥയെഴുത്തിന് എന്നും എന്റെ ജീവിതത്തിൽ ഒന്നാംസ്ഥാനമുണ്ട്. കുടുംബത്തേക്കാൾ, എന്റെ ഭർത്താവിനെക്കാൾ, കുട്ടികളെക്കാൾ എനിക്കു വലുത് എഴുത്തു തന്നെയായിരുന്നു. എഴുത്തിനു പറ്റുന്ന തൊഴിൽ ഏതാണെന്ന ആലോചനയിൽ നിന്നാണ് പത്രപ്രവർത്തനത്തിലേക്കു വരുന്നത്. ‍ഇരിങ്ങാലക്കുടയിലെ ഒരു ഉൾഗ്രാമത്തിലാണ് ഞാൻ ജനിച്ച് ജീവിച്ചു വളർന്നത്. ആ ഗ്രാമത്തിലെ മുഴുവൻ മനുഷ്യരെയും എനിക്ക് അറിയാം. ജീവിതത്തിൽ സാധാരണയില്‍ കവിഞ്ഞ് അദ്ഭുതങ്ങളൊന്നും ഇല്ലാത്ത സാധാരണക്കാരാണ് അവിടെ. അക്കാലത്ത് പുസ്തകങ്ങൾ വായിക്കുമ്പോഴും എഴുത്തുകാരുടെ അനുഭവക്കുറിപ്പുകളിലും അഭിമുഖങ്ങളിലുമൊക്കെ അവർ പറയും നമ്മുടെ നാട്ടിൽ മികച്ച സാഹിത്യം ഉണ്ടാകാത്തത് തീവ്രമായ അനുഭവങ്ങളോ ഉൾക്കാഴ്ചയോ ഇല്ലാത്തതു കൊണ്ടാണെന്ന്. അപ്പോൾ ഞാൻ ആലോചിച്ചു, ഈ ഗ്രാമത്തിലെ ആയിരം മനുഷ്യരെ എനിക്കറിയാം. അവരുടെ ജീവിതത്തിൽനിന്ന് എനിക്ക് അദ്ഭുതങ്ങളൊന്നും കണ്ടെടുക്കാനാവില്ല. അപ്പോൾ അതിനപ്പുറത്ത് ലോകം കാണാൻ പറ്റുന്ന ഒരു തൊഴിൽ ഏതാണെന്ന ആലോചനയിലാണ് പത്രപ്രവര്‍ത്തനം വരുന്നത്. ഞാൻ പത്രപ്രവർത്തനത്തിലേക്കു വരുന്നത് സ്ത്രീകളെ പത്രങ്ങളിൽ എടുക്കാൻ മടിക്കുന്ന കാലത്തായിരുന്നു. ന്യൂസ് ചാനലുകള്‍ വളരെ കുറവായിരുന്നു. ഒരേയൊരു ന്യൂസ് ചാനലേ അന്നുണ്ടായിരുന്നുള്ളൂ. പത്രങ്ങൾ, രാത്രിയിൽ ജോലി ചെയ്യാന്‍ സ്ത്രീകളെ എടുക്കാൻ മടിക്കുന്ന കാലമാണ്. അതൊരു വെല്ലുവിളിയായിത്തോന്നി. എഴുത്തുകാരുടെ ഉള്ളിലുള്ള ഒരു റിബൽ സ്വഭാവം എന്റെയുള്ളിലും ഉണ്ടായിരുന്നു. ഇന്നതു ചെയ്യരുത് എന്നു പറയുമ്പോൾ ‌അതു ചെയ്യുന്ന ഒരു ധിക്കാരം എഴുത്തുകാരി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഉണ്ടായിരുന്നു. അങ്ങനെയാണ് പത്രപ്രവർത്തകയാകുന്നത്.

 

ഇപ്പോഴും എന്റെയുള്ളിൽ ഒരു എഡിറ്ററുണ്ട്. ഇത്ര വാക്കുകൾ ഉപയോഗിക്കണം, അവ അളന്നു തിട്ടപ്പെടുത്തി ഓരോ വാക്കിന്റെയും മൂല്യം നിശ്ചയിച്ച് എഴുതണം എന്നിങ്ങനെ പറയുന്ന എഡിറ്റർ. അത് എന്നിലെ കഥാകൃത്തിനെ ഒരുപാടു സഹായിക്കാറുണ്ട്. മൂന്നു തരത്തിലാണ് ആ സഹായം. ഒന്ന്, അനുഭവങ്ങളുടെ ഒരു വലിയ ലോകം കാട്ടിത്തന്നു. രണ്ട്, വ്യക്തി എന്ന നിലയിൽ കുറേക്കൂടി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും കാര്യങ്ങളും കഥയും കണ്ടെടുക്കാനുമുള്ള ശേഷി എന്നിൽ ഉണ്ടാക്കിയെടുത്തു. മൂന്ന്, ഉള്ളിലൊരു നല്ല എഡിറ്ററെ വളർത്തിയെടുക്കാൻ സഹായിച്ചു. 

 

∙ ജീവിതത്തിൽ കണ്ട കരുത്തയായ സ്ത്രീ അമ്മയാണെന്ന് എഴുതിയിട്ടുണ്ടല്ലോ. ആ ഊറ്റമാണോ താങ്കളുടെ പെൺകഥാപാത്രങ്ങളിലുള്ളത്?

 

ഒരു പരാജയപ്പെട്ട കഥാകൃത്തായിരുന്നു അമ്മയെന്നു പറഞ്ഞല്ലോ. വളരെ നന്നായി എഴുതാൻ ശേഷി ഉണ്ടാകുമായിരുന്ന, നല്ല ബുദ്ധിയുള്ള, വായനയുള്ള അമ്മ വിവാഹം കഴിക്കുന്നതു വരെയുള്ള കാലഘട്ടത്തിൽ, വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടെയും വരെയുള്ള എല്ലാ കവിതകളും കാണാതറിയാം. ഇതെപ്പോഴും ചൊല്ലുകയും ചെയ്യും. എന്തു സംസാരിക്കുമ്പോഴും കവിതയാണ് അമ്മയുടെ മനസ്സിൽ ഉണ്ടായിരുന്നത്. പക്ഷേ തന്നെക്കാൾ 16 വയസ്സ് മുതിർന്ന ഒരാളെ വിവാഹം കഴിച്ചു, ജീവിതം ഒട്ടും നല്ലതായിരുന്നില്ല, വളരെ നേരത്തേതന്നെ ഭർത്താവ് മരിച്ചു, അഞ്ചു കുട്ടികൾ.. ഇങ്ങനെ ജീവിതത്തിന്റെ  വളരെ ദുഃഖകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ ഒരു പ്രൈമറി സ്കൂൾ അധ്യാപിക. പലപ്പോഴും സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് എഴുത്തിന്റെ ലോകത്തുനിന്നുതന്നെ മാറേണ്ടി വന്നു. പക്ഷേ തന്റെ മക്കൾ വായിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് പലപ്പോഴും അമ്മയുടെ ശമ്പളത്തിനു താങ്ങാനാവാത്തത്ര വിലയുള്ള പുസ്തകങ്ങളൊക്കെ വാങ്ങിത്തരാൻ ഒരു മടിയും ഉണ്ടായിരുന്നില്ല. ആ ധൈര്യം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ ധൈര്യം എന്റെ കുട്ടികളുടെ കാര്യത്തിൽ എനിക്കില്ല. അതുപോലെ നമ്മുടെ ഇഷ്ടങ്ങളുടെ ലോകത്ത് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം. മാതാപിതാക്കൾക്ക് നമ്മുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ പറ്റും. പക്ഷേ കുറേക്കൂടി സ്വാതന്ത്ര്യബോധത്തോടു കൂടി അമ്മ ഞങ്ങളെ വളർത്തി. ഇഷ്ടങ്ങളുടെ ലോകത്ത് പറന്നു നടക്കാനും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. അമ്മയെപ്പോലെ ഒരാൾ അവിടെയുണ്ടായിരുന്നതു കൊണ്ടാവാം, അല്ലെങ്കിൽ കൃത്യമായ, ശക്തമായ ഒരു നിലപാടുമായി അങ്ങനെയൊരാൾ പുറകിൽ ഉണ്ടായിരുന്നതു കൊണ്ടാവാം ഞാനൊരു എഴുത്തുകാരിയായത് എന്നെനിക്കു തോന്നിയിട്ടുണ്ട്. 

 

∙ പൊതുസമൂഹം ആഘോഷിക്കുന്ന ചില സംഭവങ്ങളുടെ വൈകാരികവും നിസ്സഹായവുമായ മറുവശം കാട്ടിത്തരുന്നു മഞ്ഞുകുട്ടികൾ, അച്ഛൻ പ്രതി തുടങ്ങിയ കഥകൾ. പലപ്പോഴും സമൂഹം സൃഷ്ടിച്ചുവയ്ക്കുന്ന ചില കാഴ്ചകളുടെ അതിവൈകാരിക പരിസരങ്ങളെ തകർക്കുന്നുമുണ്ട് അവ.

രേഖ കെ.

 

മഞ്ഞുകുട്ടികൾ എന്ന കഥ എഴുതാൻ കാരണം കേരളത്തിൽ അക്കാലത്തുണ്ടായ ഒരു സംഭവമായിരുന്നു. ഒരു യുവാവ് കശ്മീരിൽ പോയി തീവ്രവാദിയായി പട്ടാളത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ വാർത്ത വരുമ്പോൾ അയാളുടെ അമ്മ അയാളുടെ ബോഡി കാണേണ്ട എന്നു പറയുന്നു. ഇതു കേട്ടപ്പോൾ ഇതിന് ഒരു മറുവശമുണ്ടെന്ന് എനിക്കു തോന്നി. മകൻ എത്ര തീവ്രവാദി ആയിക്കോട്ടെ, എത്ര വലിയ കുറ്റകൃത്യം ചെയ്തോട്ടെ, അവനെ കാണണമെന്ന് അടിസ്ഥാനപരമായി ഒരമ്മയ്ക്കുണ്ടാകുന്ന ആഗ്രഹത്തിനു മാറ്റമുണ്ടാവില്ല. ലോകത്തെ ഭയന്ന്, എനിക്കവനെ കാണേണ്ട എന്നു പറയുമ്പോൾ പോലും ആ അമ്മ അനുഭവിക്കുന്ന ഹൃദയവ്യഥ നമുക്ക് ഊഹിക്കാവുന്നതിന്റെയൊക്കെ അപ്പുറത്താണ്. പത്രവാർത്തകൾ നമ്മുടെ മുൻപിലേക്കു വരുമ്പോൾ എപ്പോഴും ഇത്തരത്തിൽ ഒരു ബദൽ ന്യായം നമുക്കു തോന്നും. ലോകം പറയുന്ന നീതിക്കപ്പുറത്ത് ഒരു ന്യായമുണ്ട് അതിൽ. അതുപോലെ ‘അച്ഛൻ പ്രതി’ എന്ന കഥ. അക്കാലത്ത് വളരെ കുപ്രസിദ്ധമായ ഒരു സ്ത്രീപീഡനക്കേസിൽ, പ്രശസ്തനായ ഒരു ഉദ്യോഗസ്ഥൻ പ്രതിയായി. അയാൾക്ക് മനോദൗർബല്യമുള്ള ഒരു കുഞ്ഞുണ്ടായിരുന്നു. അതിനെയും കൊണ്ട് അയാളുടെ ഭാര്യ ആത്മഹത്യ ചെയ്തു എന്നൊരു വാർത്ത വന്നിരുന്നു. ആ വാർത്തയിൽ നിന്നാണ് ‘അച്ഛൻ പ്രതി’ എന്ന കഥയുണ്ടായത്. ഇത്തരത്തിൽ ഒരു വാർത്ത വരുമ്പോൾ വാർത്തയുടെ അപ്പുറത്തുള്ള മനുഷ്യരെക്കുറിച്ച്, ആ വാർത്ത ബാധിക്കുന്ന മനുഷ്യരെക്കുറിച്ച് ഉള്ള ഒരു വേവലാതി എഴുത്തുകാരി എന്ന നിലയ്ക്ക് എനിക്കുണ്ടാവാറുണ്ട്. പത്രപ്രവർത്തക എന്ന നിലയിൽ തീർച്ചയായും മറുപക്ഷത്തിന്റെ കൂടെ നിൽക്കേണ്ടി വരുമ്പോഴും എഴുത്തുകാരി അല്ലെങ്കിൽ വ്യക്തി എന്ന നിലയിൽ ഇതിന്റപ്പുറത്ത് സത്യം തേടുന്ന ഒരു മനസ്സ് ഉണ്ടായിരുന്നു. 

 

നാൽക്കാലി എന്ന കഥയും ഇത്തരത്തിൽ ഉണ്ടായതാണ്. ഒരു സിനിമാതാരത്തിന്റെ പടം വിദേശത്തുള്ള ഒരു ചെറുപ്പക്കാരന് അയച്ചു കൊടുത്ത്, ഭിന്നശേഷിയുള്ള ഒരു പെൺകുട്ടി അയാളുടെ കൈയിൽനിന്ന് ഒരുപാട് ഉപഹാരങ്ങൾ കൈപ്പറ്റുന്നു. ഒടുവിൽ അയാൾ അവളെ കാണാൻ വരുന്നു. അയാൾ ശ്രീലങ്കക്കാരനാണ്. പത്രത്തിൽ വാർത്ത വരുന്നത് ഇന്റർനെറ്റിലൂടെ സിനിമാ താരത്തിന്റെ ചിത്രം അയച്ചു കൊടുത്തു തട്ടിപ്പു നടത്തിയ പെൺകുട്ടി പിടിയിൽ എന്നാണ്. വാർത്ത വായിക്കുമ്പോഴാണ് പോളിയോ വന്ന് കാൽ തളർന്ന പെൺകുട്ടിയാണ് അവളെന്ന് അറിയുന്നത്. ആ അവസ്ഥയിലും അവളുടെയുള്ളിൽ പ്രണയം ഉണ്ട്. ആ പ്രണയത്തെ പത്രവാർത്തകളോ സമൂഹമോ അംഗീകരിക്കുന്നില്ല. അവളെ തട്ടിപ്പുകാരിയായിട്ടാണ് കാണുന്നത്. ചെറുപ്പക്കാരനോട് ഒരിക്കലും അവൾ സമ്മാനം അയച്ചു തരാൻ ആവശ്യപ്പെട്ടിരുന്നില്ല. അയാൾ സ്വമനസ്സാലേ പ്രണയത്തിന്റെ പേരിൽ അവൾക്കു നൽകുന്ന ഉപഹാരങ്ങളാണവ. പക്ഷേ വാർത്തകളിലും പൊലീസ് റിപ്പോർട്ടിലും അവൾ തട്ടിപ്പുകാരിയാണ്. സുന്ദരിയായ സിനിമാനടിയുടെ ചിത്രം അയച്ചു കൊടുത്ത് തന്റെ രൂപം മറച്ചു വച്ച തട്ടിപ്പുകാരി. പക്ഷേ മനുഷ്യത്വത്തിന്റെ ത്രാസിൽ വച്ചുനോക്കുമ്പോൾ അവൾ ഒരു തരത്തിലും തെറ്റുകാരിയല്ല. ആ തോന്നലിൽ നിന്നാണ് ‘നാൽക്കാലി’ എന്ന കഥയുണ്ടാകുന്നത്. പത്രവാർത്തകളോടു ചേർന്നു നടക്കുമ്പോള്‍ നമുക്കുണ്ടാകുന്ന ഒരു ഗുണം, അതിന്റപ്പുറത്തുള്ള ഒരു ബദൽ ന്യായം തേടാനുള്ള മനസ്സു കൂടി ഉണ്ടാകുമെന്നതാണ് എന്നെനിക്കു തോന്നുന്നു. 

 

∙ തീർത്തും നിസ്സഹായരായ, എന്നാൽ വീഴാതെ പൊരുതി നിൽക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ പല കഥകളിലുമുണ്ട്. ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി), മാനം നോക്കി സഞ്ചാരം, പാലാഴിമഥനം, വില്ലുവണ്ടി, ഒറ്റക്കല്ല്, ചുവന്ന പൊട്ട് തുടങ്ങിയ കഥകൾ ഉദാഹരണം.

 

‘ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)’ എന്ന കഥയിലെ പെൺകുട്ടിക്കെതിരെ ഒരു പ്രസ്ഥാനവും നാടും എല്ലാവരും നിൽക്കുകയാണ്. അവൾക്ക് അവളുടെ വഴി കണ്ടെത്തിയേ പറ്റൂ. അവൾ അതു വരെ ശരി മാത്രം ചെയ്തവളാണ്, സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിച്ചവളാണ്. ഒരു പ്രസ്ഥാനത്തിനു വേണ്ടി ഏറ്റവും ചെറുപ്പത്തിൽത്തന്നെ ജീവിതം കളഞ്ഞവളാണ്. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരു നാടിന്റെ പ്രതിനിധി കൂടിയാണ്. ഇങ്ങനെയുള്ള പെൺകുട്ടികൾ അവസാനനിമിഷം അവിടെനിന്നു പുറത്താക്കപ്പെടുമ്പോൾ, എനിക്ക് തോന്നുന്നത് അവർ അങ്ങനെ തോറ്റുകൊടുക്കുന്നവരാവില്ല. ഏറ്റവും ചെറുപ്പത്തിൽത്തന്നെ അതിനുവേണ്ടി പോരാടാൻ തയ്യാറായി വരുന്നവരാണ്. 

 

ഇത്തരത്തിൽ വാശിയുള്ള ഒരു പെൺകുട്ടി എന്റെയുള്ളിലും ഉണ്ട്. ഏഴു വയസ്സിൽ അച്ഛൻ മരിച്ച കുട്ടിയാണ് ഞാന്‍‍. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു ജീവിതം. അവിടെനിന്ന് അടുത്ത ഘട്ടത്തിലേക്കു പോകണം എന്നു തോന്നുന്നത് വാശിയുള്ള പെൺകുട്ടി ആയതുകൊണ്ടാണ്. നിഷേധിക്കപ്പെടുന്നതിനോടാണ് എപ്പോഴും എനിക്കു താൽപര്യം. ഇവിടെ നീ യോഗ്യയല്ല, ഇവിടെ നീ പുറത്തേക്കു പോയേ പറ്റൂ എന്നു വാശി പിടിക്കുന്ന ഒരു അവസ്ഥയിൽ, അതിനോട് ബദൽ നിൽക്കാൻ, അല്ലെങ്കിൽ അതിനെ എതിർത്തുകൊണ്ട് മറ്റൊരിടത്തേക്ക് പോകാൻ, ഒരിടം കണ്ടെത്താനുള്ള തന്റേടം വ്യക്തിജീവിതത്തിൽ എനിക്കുണ്ട്. ആ തന്റേടം എന്റെ കഥാപാത്രങ്ങളിലേക്കു കടന്നു വരുന്നതാകാം. അർഹതപ്പെട്ടത് നിഷേധിക്കുന്നതിനോട്, നിഷേധിക്കുന്നവരോട് എന്റേതായ സൗമ്യമായ ശൈലിയിലാണ് പലപ്പോഴും പ്രതികരിക്കുക. നേരിട്ടു ബഹളത്തിനു നിൽക്കാതെ എന്റേതായ രീതിയിൽ വിജയമെന്നു കരുതുന്ന ഒരിടത്ത് എത്തിപ്പെടണമെന്ന് ആഗ്രഹമുള്ള പെൺകുട്ടിയായിരുന്നു ഞാൻ. ആ സ്വഭാവം എന്റെ കഥാപാത്രങ്ങള്‍ക്കും ഉണ്ടാകുന്നതായിരിക്കാം. 

 

∙ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സൈദ്ധാന്തിക പുറന്തോടു മാത്രമുള്ള ‘പാർട്ടികൾ’ മാത്രമാകുന്ന അവസ്ഥയുടെ രാഷ്ട്രീയ വായനയാണോ ‘ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)’?

 

രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പലപ്പോഴും ഒരാൾ അയാളുടെ ജീവൻ കൊടുത്ത് അല്ലെങ്കിൽ ഏറ്റവും ചെറിയ പ്രായം മുതൽ ഒരു പ്രത്യയശാസ്ത്രത്തിൽ ഉറച്ചു വിശ്വസിച്ച് അതിനുവേണ്ടി ജീവിതം മുഴുവൻ അർപ്പിക്കുന്നു. എനിക്കു തോന്നിയിട്ടുള്ളത് ജാഥകളിലൊക്കെ പെൺകുട്ടികളെ ബാനർ പിടിപ്പിച്ച് മുന്നിൽ നിർത്തുന്നതല്ലാതെ പോരാട്ട വീര്യത്തോടെ നയിക്കാനോ ആശയത്തിന്റെ തലത്തിലോ ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ട തലത്തിലോ പെൺകുട്ടികൾക്ക് അഭിപ്രായം പറയാനോ ഉള്ള ഇടം പലപ്പോഴും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ കുറവാണ്. ‘പെൺകുട്ടി’ ഒരു ഐക്കൺ മാത്രമായിപ്പോകുന്നു. പക്ഷേ ഇപ്പോള്‍ കുറേക്കൂടി കാലം മാറി.

 

ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി) എഴുതുന്ന കാലത്ത്, ഇപ്പറഞ്ഞതുപോലെ സമരം ചെയ്യാനും പൊലീസുകാരുടെ നേർക്ക് ആക്രോശിക്കുവാനും സമരമുഖത്തിന് നിറം കൊടുക്കാനും മാത്രമാണ് പെൺകുട്ടികൾ എന്ന് കരുതുന്നിടത്ത്, കൃത്യമായ രാഷ്ട്രീയ വിശ്വാസമുള്ള, രാഷ്ട്രീയ ബോധ്യമുള്ള ഒരു പെൺകുട്ടി വരുമ്പോൾ അവളതിനെ എതിർക്കാനും തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കാനും –പ്രണയത്തിലായാലും രാഷ്ട്രീയത്തിലായാലും – ശ്രമിക്കും. ആ കഥയിൽ പറയുന്നുണ്ട്, രജസ്വലയായ പെൺകുട്ടി രക്തമൊലിക്കുന്ന ശരീരത്തോടെയാണ് റോഡിലൂടെ പല സമരങ്ങൾക്കിടയിലും റോഡിലൂെട വലിച്ചിഴയ്ക്കപ്പെടുന്നത്. 

 

അന്തിക്കാട്ടുകാരി ജീവിക്കുന്ന കഥാപാത്രം തന്നെയാണ്. ഒരു പ്രശസ്ത കഥാകാരി കൂടിയാണ്. അവരുടെ ജീവിതം ഞാൻ മാറിനിന്ന് നിരീക്ഷിച്ചപ്പോൾ ഒരു പ്രസ്ഥാനത്തിനു വേണ്ടി യൗവനം മുഴുവന്‍ ചെലവിട്ട്, വിവാഹം പോലും കഴിക്കാനാകാതെ ജീവിതം നീണ്ടു പോയയാളാണ്. പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും വിജയികളെയാണു വേണ്ടത്; ശരിയായ നേട്ടങ്ങൾ കൊയ്യുന്നവരെയും കൃത്യമായ ലക്ഷ്യങ്ങളോടെ മുന്നേറുന്നവരെയും. അംബീഷ്യസ് ആയ ആളുകളെയാണ് അവർക്കിഷ്ടം. അവിടെ മനുഷ്യപ്പറ്റുള്ള ആളുകൾ പുറന്തള്ളപ്പെടും. അത്തരത്തിലുള്ള കഥാപാത്രമാണ് അന്തിക്കാട്ടുകാരിയിലെ നായിക. 

 

∙ ഒടുവിൽ വന്ന കഥകളിൽ കുശാഗ്രബുദ്ധിക്കാരായ പെൺകഥാപാത്രങ്ങളെ കാണാം. അങ്കമാലിയിലെ മാങ്ങാക്കറി, കുഴപ്പക്കാരി, അവളാര് തുടങ്ങിയ കഥകൾ ഉദാഹരണം.

 

എഴുത്തുകാരുടെ ജീവിതത്തിലും കാഴ്ചപ്പാടുകളിലുമുണ്ടാകുന്ന വ്യതിയാനങ്ങൾ അവരുടെ കൃതികളിലും പ്രതിഫലിക്കുമല്ലോ. വ്യക്തി എന്ന നിലയിൽ എന്റെ ചിന്തകളിൽ വന്ന മാറ്റമായിരിക്കാം ഒരു കാരണമായി തോന്നുന്നത്. മറുവശത്ത് എനിക്ക് തോന്നിയിട്ടുള്ളത്, സ്ത്രീകൾക്കെപ്പോഴും സ്ത്രീകളെക്കുറിച്ചുള്ള പ്രധാന ആക്ഷേപം ഫലിതബോധം ഇല്ല എന്നതാണ്. ഫലിതത്തിന്റെ സാധ്യതകൾ ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിൽ വികെഎന്നിന്റെ ഒക്കെ കാര്യം പറയുമല്ലോ. താങ്കൾ കുഞ്ചൻ നമ്പ്യാരുടെ പുനർജന്മം ആണെന്ന് പറഞ്ഞാൽ എന്തു തോന്നുമെന്നു വികെഎന്നിനോടു ചോദിച്ചാൽ മറുപടി, ഒന്നു തുള്ളാൻ തോന്നും എന്നാണ്. ഇത്തരത്തിലുള്ള സുന്ദരമായ നർമം സ്ത്രീകൾക്ക് വഴങ്ങില്ല എന്നുള്ള തോന്നലുണ്ട്. പക്ഷേ വളരെ നർമം പറയുന്ന, നർമത്തിൽ ജീവിക്കുന്ന സ്ത്രീകളും ഉണ്ട്. പലപ്പോഴും നമ്മളത് കാണുന്നില്ല. സ്ത്രീകൾ പല വലിയ പ്രശ്നങ്ങൾക്കും പരിഹാരം േതടുന്നത് നല്ല സുന്ദരമായ നർമത്തിലൂടെയാണ്. ജീവിതത്തിലെ വിഷമസന്ധികളെ നല്ല ഫലിതബോധത്തോടെ നേരിടുന്ന സ്ത്രീകളും ഉണ്ട്. അത്തരത്തിലുള്ള സ്ത്രീകളെ കൂടുതൽ പരിചയിച്ചതു കൊണ്ടും ജീവിതത്തിന്റെ കാഠിന്യം കൂടുതലായിട്ട് അറിഞ്ഞതു കൊണ്ടും ആയിരിക്കാം ഏറ്റവും പുതിയ കഥകളിൽ ഇത്തരത്തിൽ സ്ത്രീകളുടെ ഒരു മാറ്റം. അല്ലെങ്കിൽ എന്റെ വ്യക്തിജീവിതത്തിലെയും സ്വാധീനം ആയിരിക്കാം. വ്യക്തിജീവിതത്തിൽ കൂടുതൽ കരുത്താർന്ന കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നപ്പോൾ എന്റെ കഥാപാത്രങ്ങളും അത്തരത്തിൽ മാറിയതായിരിക്കാം.

 

∙ തിരക്കുകൾക്കും ആൾക്കൂട്ടങ്ങൾക്കും ഇടയിൽ പോലും ഏകാകികളായിപ്പോവുന്ന മനുഷ്യരെ താങ്കളുടെ കഥകളിൽ കണ്ടുമുട്ടാം. വ്യക്തികൾ എന്ന നിലയിൽ മനുഷ്യർ ഒറ്റയാവുന്ന ഇക്കാലമാണോ അത്തരം കഥകളുടെ പ്രേരണ?

 

നമ്മൾ ഒരു ഇരുപതോ മുപ്പതോ കൊല്ലം മുൻപത്തെ സാഹിത്യകൃതികള്‍ വായിച്ചാൽ ഏറ്റവും പ്രധാനമായി കാണുന്നത് ഏകാന്തതയാണ്. പല എഴുത്തുകാരും പറയും ഏകാന്തതയുടെ അമാവാസിയിൽ എനിക്കു കൈവന്ന വിളക്കാണ് സാഹിത്യം എന്നൊക്കെ. പക്ഷേ ഏറ്റവും പുതിയ തലമുറയിൽ ഉള്ള ഒരാൾ പോലും, ഏകാന്തതയെക്കുറിച്ചോ ഏകാന്തമായ ബാല്യമോ യൗവനമോ ഉണ്ടായതുകൊണ്ടാണ് ഞാൻ എഴുത്തുകാരിയായത് അല്ലെങ്കിൽ എഴുത്തുകാരനായത് എന്നോ പറയുന്നത് ഞാൻ കേട്ടിട്ടില്ല. ഏകാന്തത എന്നൊരു സങ്കൽപം തന്നെ നമ്മുടെ സാഹിത്യത്തിൽനിന്ന് അപ്രസക്തമായി. ഒറ്റപ്പെട്ടിരിക്കുക എന്ന അവസ്ഥ നമ്മുടെ ജീവിതത്തിൽ തീരെ ഇല്ലാതായി. ഇന്ന് ഒറ്റയ്ക്കിരിക്കാനേ പറ്റില്ല. നമ്മുടെ കൂടെ ഒരു പക്ഷേ സമൂഹമാധ്യമങ്ങൾ ഉണ്ടായിരിക്കും. ലോകത്തിന്റെ മുഴുവൻ വിശേഷങ്ങളും നമ്മുടെ വിരൽത്തുമ്പിലെ മൊബൈലിൽ വന്നു ചേരും. പെട്ടെന്ന് നമുക്കൊരു ഏകാന്തത വരണമെങ്കില്‍ നമ്മുടെ മൊബൈലിെല ചാർജ് തീരണം. 

 

പക്ഷേ യഥാർഥത്തിൽ, ഉള്ളിന്റെയുള്ളിൽ എല്ലാ മനുഷ്യരും ഒറ്റയ്ക്കാണ്. ഒരു സങ്കടം വന്നാൽ, പ്രതിസന്ധികളിൽ ഒക്കെ നമ്മുടെ മാർഗം നമ്മൾ തന്നെ കണ്ടെത്തിയേ പറ്റൂ. ഒരു പ്രതിസന്ധിയോ സങ്കടമോ വന്നാൽ പെട്ടെന്ന് നമ്മൾ അനാഥരാക്കപ്പെടും. നമ്മുടെ കൂടെ ഉണ്ടാകുമെന്ന് കരുതിയ ഒരു മനുഷ്യനും ഉണ്ടാവില്ല. പ്രപഞ്ചം ഉണ്ടായതു മുതലുള്ള സത്യമാണത്. ഞാനായിട്ട് കണ്ടെത്തിയതല്ല. ഇത്തരം സന്ദർഭങ്ങളിൽ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യർ എന്നെ എപ്പോഴും ചിന്തിപ്പിച്ചിട്ടുണ്ട്. അത്തരം വ്യക്തികൾ,‍ അതുവരെ ഒരാൾക്കൂട്ടത്തിന്റെയോ സമൂഹത്തിന്റെയോ പിന്തുണ ഉണ്ടായിരുന്ന മനുഷ്യർ അവരുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു ചലനം സംഭവിച്ചാൽ പെട്ടെന്ന് ഒറ്റപ്പെട്ടു പോകും. കൂടെയുണ്ടാകും എന്നു കരുതിയ ഏറ്റവും പ്രിയപ്പെട്ടവർ പോലും ഉണ്ടാവില്ല. ഈ അവസ്ഥ എഴുത്തിലും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്, എഴുതാൻ പ്രേരിപ്പിച്ചിട്ടുണ്ട്. അതിനു പരിഹാരം സ്വയം കണ്ടെത്തുക മാത്രമേ മാർഗമുള്ളൂ. അത്തരം മനുഷ്യരായിരിക്കാം പുതിയ കഥകളിൽ കൂടുതലും വരുന്നത്.

 

∙ എന്തുകൊണ്ടാണ് ഒരു നോവൽ വൈകുന്നത്? 

 

വാസ്തവത്തിൽ പത്രപ്രവർത്തനം വിട്ട് കോളജ് അധ്യാപികയായത് നോവൽ എഴുതണം എന്ന ആഗ്രഹത്തിലാണ്. പക്ഷേ കോളജിൽ വന്നപ്പോൾ ജീവിതം കുറേക്കൂടി കോംപ്ലിക്കേറ്റഡ് ആയി എന്നു പറയാം. ഇപ്പോൾ സെമസ്റ്റർ സമ്പ്രദായമായതു കൊണ്ടു സമയം വളരെ കുറവാണ്. പണ്ടൊക്കെ ഏപ്രിൽ, മേയ് വെക്കേഷൻ എന്ന മോഹമൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതിന്റെ സാധ്യതകളൊക്കെ കുറഞ്ഞു. ഓൺലൈനിൽ കൂടി പഠിപ്പിക്കുക എന്നത് കുറേക്കൂടി ശ്രമകരമാണ്. അത്തരം അവസരത്തിൽ, സമയം കുറയുന്നു എന്നുള്ളതുകൊണ്ടു മാത്രമാണ് എഴുതാതിരിക്കുന്നത്. പിന്നെ ഞാൻ നല്ല മടി ഉള്ളയാളാണ്. അതും എഴുത്തിന് തടസ്സമാകുന്നുണ്ട്. പക്ഷേ നോവലിനെക്കുറിച്ചുള്ള ആലോചന തുടങ്ങിയിട്ട് 10 കൊല്ലമെങ്കിലും ആയിട്ടുണ്ട്. എഴുതണമെന്ന ആഗ്രഹം കൊണ്ട് മെറ്റീരിയൽ ഒക്കെ കളക്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ എഴുത്തു മേശയിലേക്ക് വരാനോ അതിനുവേണ്ടി ഇരിക്കാനോ സമർപ്പിക്കാനോ സമയമില്ലാതാകുന്നു എന്നതുകൊണ്ടു മാത്രമാണ് എഴുതാതിരിക്കുന്നത്. രണ്ടോ മൂന്നോ നോവലിനുള്ള വിഷയങ്ങളൊക്കെ ആലോചിച്ചുവയ്ക്കുകയും മറ്റുള്ളവരൊക്കെ എഴുതുമ്പോൾ വളരെ കൗതുകത്തോടെയും ആനന്ദത്തോടെയും അതൊക്കെ വായിക്കുകയും ചെയ്യും. പക്ഷേ വായനയും ആസ്വാദനവും പഠിപ്പിക്കലും ഒക്കെക്കഴിഞ്ഞ് നോവലിനു വേണ്ടി മാറ്റി വയ്ക്കാൻ സമയം ഇല്ലാതെ പോകുന്നു എന്നതാണ് വാസ്തവം. 

 

∙ സ്ത്രീജീവിതത്തിന്റെ സ്വാതന്ത്ര്യത്തെപ്പറ്റി വലിയ ബോധ്യങ്ങൾ പ്രതിഫലിക്കുന്ന സാഹിത്യ രചനകൾ കേരളത്തിലുണ്ടായിട്ടുണ്ട്. കെ. സരസ്വതിയമ്മ മുതൽ‍ ഇന്നുവരെയുള്ള അത്തരം എഴുത്തുകളൊക്കെ വായിക്കപ്പെടുമ്പോഴും ലിംഗനീതിയുടെയും തുല്യതയുടെയുമൊക്കെ കാര്യത്തിൽ കേരളം പിന്നോട്ടാണോ സഞ്ചരിക്കുന്നത്?

 

നമ്മളെ അദ്ഭുതപ്പെടുത്തുന്ന കാര്യം, ഒരു വശത്ത് പെൺ ജീവിതങ്ങൾ വളരെ മുന്നോട്ടു പോകുകയാണ്. പെൺകുട്ടികൾക്കു നിഷേധിക്കപ്പെട്ട പല തൊഴിലുകളിലും അവർ എത്തപ്പെടുന്നു. പെൺകുട്ടികൾ അവർക്ക് സ്വപ്നത്തിൽ പോലും കരുതാൻ പറ്റാത്തത്ര നേട്ടങ്ങൾ ഉണ്ടാക്കുന്നു. പല തടസ്സങ്ങളെയും അതിജീവിക്കുന്നു. ഇത്തരത്തിൽ, സമൂഹം ഉണ്ടാക്കി വച്ച നിയമങ്ങൾ ധിക്കരിക്കാനുള്ള ശേഷി പെൺകുട്ടികൾ ആർജിക്കുന്നു. തങ്ങളെ ആക്രമിക്കുന്നവർക്കെതിരെ നിശബ്ദത പാലിച്ചിരുന്ന ഒരു സമൂഹത്തിനു പകരം തങ്ങളെ ആക്രമി‌ക്കുന്നവരെ പുറത്തു കാട്ടുന്ന ഒരു പെൺ സമൂഹം വളർന്നു വരുന്നു. അതെല്ലാം ഒരു വശത്ത് നടക്കുന്നു. 99 ൽ ‍ഞങ്ങൾ ജേണലിസം പഠിക്കുന്ന കാലത്ത് എന്റെ ക്ലാസ്സിൽ 9 പെൺകുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്; 41 ആൺകുട്ടികളും. അവർ പെൺകുട്ടികളോടു പറയും, നിങ്ങൾ ഇത് പഠിച്ചിട്ട് പ്രയോജനമില്ല പത്രങ്ങൾക്കൊന്നും പെൺകുട്ടികളെ വേണ്ട എന്ന്. പക്ഷേ ഇന്ന് പല മാധ്യമങ്ങളുടെയും തലപ്പത്ത്, പ്രധാന പദവികളിൽ പെൺകുട്ടികളാണ്. പ്രധാന വാർത്തകളും ചർച്ചകളുമെല്ലാം നയിക്കുന്നത് പെൺകുട്ടികളാണ്. ഗവേഷണ രംഗത്തും ശാസ്ത്രരംഗത്തുമൊക്കെ പെൺകുട്ടികൾ വളർന്നു വരുന്നുണ്ട്. പക്ഷേ മറുവശത്ത്, നമ്മളെയൊക്കെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, വളരെ പ്രാകൃതം എന്നു തോന്നുന്ന  രീതിയിൽ പെൺകുട്ടികൾ ആക്രമിക്കപ്പെടുന്നു. സ്ത്രീധന മരണങ്ങൾ ഉണ്ടാകുന്നു. സമൂഹം പഴയ സദാചാര നിയമങ്ങളിലേക്ക് പെൺകുട്ടികളെ വലിച്ചു കൊണ്ടു പോകുന്നു. സ്ത്രീധനമരണങ്ങളൊക്കെ നമ്മൾ ഏതു നൂറ്റാണ്ടിലെ മനുഷ്യരാണെന്ന് നമ്മളത്തന്നെ അദ്ഭുതപ്പെടുത്തുന്നു. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നു. ഇത് എത്രയും പ്രാകൃതമായ ഒരു സമൂഹമാണ്. ഈ വൈരുധ്യം സമൂഹത്തിൽ ഇപ്പോൾ വളരെ പ്രകടമാണ്. ഒരു വശത്ത് വളരെ മുന്നേറ്റം, അസാധ്യമെന്ന് കരു

തുന്ന പലയിടത്തും എത്തപ്പെടുന്നു. മറുവശത്ത് ഏറ്റവും പ്രാകൃതമായ, അഞ്ചോ പത്തോ നൂറ്റാണ്ട് മുൻപിലത്തെ അവസ്ഥയിലേക്ക് പെൺജീവിതങ്ങൾ തളച്ചിടാൻ നിർബന്ധിക്കപ്പെടുന്നു. 

 

പക്ഷേ ഒരർഥത്തിൽ സമൂഹത്തിൽ സ്ത്രീകൾ അവരുടെ അവകാശങ്ങളെക്കുറിച്ച് കുറച്ചു കൂടി ബോധമുള്ളവരാകുന്നുണ്ട്. സമൂഹത്തിൽ പെട്ടെന്നു വന്നൊരു മാറ്റമുണ്ട്. ഉദാഹരണത്തിന് പുരുഷന്മാർ അടുക്കളയില്‍ കയറുന്നു, അച്ഛൻ അടുക്കളയിൽ കയറുന്നു എന്നൊക്കെ പറയുന്നത് മുൻപ് വലിയ അപമാനകരമായിരുന്നു. എന്നെ കുട്ടിക്കാലത്ത് അച്ഛനാണു നോക്കിയിരുന്നത്. അച്ഛനാണു ഭക്ഷണം തന്ന് കുളിപ്പിച്ചിരുന്നത് എന്നൊക്കെ ഞാൻ പറയുമ്പോൾ സഹപാഠികളൊക്കെ പരിഹസിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്കു തോന്നുന്നത്, അച്ഛൻ അടുക്കളയിൽ കയറുന്നു, കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നു എന്നൊക്കെ പറയുന്നതിൽ അപമാനകരമായ യാതൊന്നും ഇല്ലെന്ന അവസ്ഥയായി. അത് സമൂഹത്തിന്റെ ഒരു മാറ്റത്തിന്റെ സൂചനയാണ്. പക്ഷേ ഈ മാറ്റം എല്ലാ തലത്തിലും ഉണ്ടാകുന്നില്ല എന്നുള്ളതാണ് സങ്കടകരം. 

 

∙ എഴുത്തുകാർ സാമൂഹിക പ്രശ്നങ്ങളോടു പ്രതികരിക്കണം എന്നൊരു വാശി പലപ്പോഴും വായനക്കാരും പൊതുസമൂഹം തന്നെയും പ്രകടിപ്പിക്കാറുണ്ട്. പലപ്പോഴും എഴുത്തുകാരുടെ പക്ഷപാതിത്വവും അവരുടെ രാഷ്ട്രീയവുമായൊക്കെ ബന്ധപ്പെടുത്തി വലിയ ചർച്ചയാവാറുണ്ട്. ചില എഴുത്തുകാർ പ്രത്യക്ഷനിലപാടുകളെടുക്കും ചിലർ എഴുത്തിലൂടെ പ്രതികരിക്കും. എന്താണ് ഇക്കാര്യത്തിൽ നിലപാട്?

 

ഞാൻ രണ്ടു തൊഴിലാണ് എന്റെ ജീവിതത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഒന്ന് പത്രപ്രവർത്തനം, രണ്ട് കോളജ് അധ്യാപനം. ഒരു സ്വതന്ത്ര പത്രത്തിൽ ജോലി ചെയ്യുമ്പോൾ, നിർബന്ധമായും എല്ലാ പ്രസ്ഥാനങ്ങളോടും എല്ലാ വ്യക്തികളോടും ബാലൻസ് ചെയ്തു പോകണം, എല്ലാ കാര്യങ്ങളിലും എടുത്തു ചാടി പ്രതികരിക്കരുത്, വളരെ ബുദ്ധിപൂർവം രണ്ടു പക്ഷത്തിന്റെയും ന്യായം കേൾക്കണം എന്നൊക്കെ എന്റെ ബ്രെയിൻ കണ്ടീഷൻഡ് ആയിക്കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ ഞാൻ കണ്ടെത്തിയ തൊഴിൽ കോളജ് അധ്യാപനം ആയിരുന്നു. ആ സമയത്ത് എല്ലാ പ്രസ്ഥാനങ്ങളിലെയും കുട്ടികൾ എന്റെ മുൻപിൽ ക്ലാസ്സ് കേൾക്കാനിരിക്കുകയാണ്. അവരിൽ ഒരു പക്ഷത്തിന്റെ ഭാഗം ഞാൻ പിടിക്കുന്നത് അനീതിയാണെന്നു തോന്നിയതു കൊണ്ട് അവിടെയും എന്റെ രാഷ്ട്രീയം പുറത്തു കാണിക്കാൻ പറ്റാറില്ല. വീട്ടിലും ഇത്തരത്തിലൊരു ബാലന്‍സിങ് ഉണ്ട്. എന്റെ അച്ഛനൊരു കോൺഗ്രസുകാരനായിരുന്നു. അച്യുതമേനോനും  ഇ. ഗോപാലകൃഷ്ണ മേനോനും പോലെയുള്ള കമ്യൂണിസ്റ്റുകാർക്ക് ഒളിത്താവളം ഒരുക്കിക്കൊടുത്ത ഒരു കോൺഗ്രസുകാരൻ. അമ്മ ഒരു ഇടതുപക്ഷ പ്രവർത്തകയായിരുന്നു. അതുകൊണ്ട് ഈ ബാലൻസിങ് എന്റെ ജീവിതത്തിൽ മുഴുവനുമുണ്ട്. പലപ്പോഴും എന്റെ വ്യക്തിപരമായ രാഷ്ട്രീയം പ്രകടിപ്പിക്കാൻ പല തരത്തില്‍ പ്രയാസം നേരിടുന്നുണ്ട്. 

 

പക്ഷേ ചില വിഷയങ്ങളിൽ, ഈ ബാലൻസിങ് പാലിച്ച്, ആലോചിച്ച് അഭിപ്രായം പറയണം എന്നുള്ള ചിന്ത കാരണം പലപ്പോഴും ആ ആലോചന നീണ്ടു പോകും. അപ്പോഴേക്കും ആ വിഷയം അപ്രസക്തമായി പോകുകയും ചെയ്യും. അങ്ങനെ പലപ്പോഴും പ്രതികരിക്കാതിരിക്കേണ്ടി വന്നിട്ടുണ്ട്. എടുത്തുചാടി പ്രതികരിക്കുന്നത് ബുദ്ധിപരമല്ല എന്നുള്ള ഒരു മുൻവിധി എനിക്കുണ്ട്. എഴുത്തുകാർ ഇത്തരത്തിൽ എല്ലാ വിഷയത്തിലും അഭിപ്രായ പ്രകടനം നടത്തുന്നത് ബുദ്ധിപരമല്ല. എഴുത്തുകാർ ചഞ്ചല ചിത്തരാണ്. അവരുടെ മനസ്സ് ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കും. നല്ല ഓളമുള്ള പുഴയിൽ സഞ്ചരിക്കുന്ന മീനിനെപ്പോലെ അവരിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുന്നവരാണ്. അത്രയും ചഞ്ചലചിത്തരായ ആളുകൾ സമൂഹത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ സൂക്ഷിച്ചു പറയണം. അല്ലെങ്കിൽ അവർക്ക് നല്ല ബോധ്യമുള്ള വിഷയങ്ങളിൽ മാത്രമേ അഭിപ്രായം പറയാൻ പാടുള്ളൂ. എഴുത്തുകാരുടെ അഭിപ്രായങ്ങൾ ഒരു കാലത്ത് ഇന്റലക്ച്വൽസ് എന്ന അർഥത്തിൽ സമൂഹം പരിഗണിച്ചിരുന്നു. പക്ഷേ ഇന്ന് എനിക്കു തോന്നുന്നത്,  പ്രതികരിക്കാം നമുക്ക്, പക്ഷേ സമൂഹത്തെ നയിക്കാൻ എഴുത്തുകാർ ബാധ്യസ്ഥരല്ല എന്നാണ്.

 

∙ കലയിലെ പൊളിറ്റിക്കൽ കറക്ട്നെസ് ഇന്നൊരു വലിയ ചർച്ചയാണ്. പ്രത്യയശാസ്ത്രപരമായ അനുഭാവങ്ങളാണോ എഴുത്തുകാരുടെ രാഷ്ട്രീയ ശരികളെ നിർണയിക്കേണ്ടത്? 

 

പൊളിറ്റിക്കൽ കറക്ട്നെസ് ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു ടേമാണ്. പക്ഷേ അതിന്റെ മാനദണ്ഡം, അത് എവിടെ വയ്ക്കണം അതിന്റെ മീറ്റർ അല്ലെങ്കിൽ അതു നിർണയിക്കുന്ന ഘടകം എവിടെ വയ്ക്കണം എന്നതിലാണ് സമൂഹത്തിനു വേണ്ടത്ര ബോധ്യമില്ലാത്തതെന്ന് എനിക്കു തോന്നുന്നു. എഴുത്തുകാരൻ രാഷ്ട്രീയത്തിന്റെ കൂടെ സഞ്ചരിക്കാൻ തുടങ്ങിയാൽ അയാൾ വളരെ പ്രായോഗികമായ സമീപനം സ്വീകരിക്കുന്നു എന്നുള്ളതായി മാറുകയാണ്. എഴുത്തുകാർ അങ്ങനെ പ്രായോഗികമതികളായിക്കൂടാ എന്നാണ് എനിക്കു തോന്നുന്നത്. 

 

ഒരു പൂവ് വീണു കിടന്നാൽ അതിൽ ലോകത്തിന്റെ അനീതി ‘അവനി വാഴ്‌വ് കിനാവു കഷ്ടം’ എന്ന് തിരിച്ചറിയുന്ന, ഭൂമിയിലെ ജീവിതം ഏതാനും നിമിഷങ്ങൾ മാത്രമേയുള്ളൂ എന്ന് ഒരു പൂവിനെ നോക്കി തിരിച്ചറിയേണ്ട ആളുകളാണ് എഴുത്തുകാർ. രാഷ്ട്രീയക്കാർ എപ്പോഴും വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി ശ്രമിക്കുന്ന തരം രാഷ്ട്രീയമാണ് ഇപ്പോൾ കണ്ടു വരുന്നത്. പൂവ് വീണു കിടക്കുമ്പോൾ പോലും ലോക ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു ചിന്തിക്കേണ്ടുന്ന ഒരു എഴുത്തുകാരൻ അത്തരക്കാരെ പിന്തുണയ്ക്കാൻ പാടില്ല. എഴുത്തുകാരൻ ഒരു പൂവ് വീണു കിടന്നാലും വേദനിക്കണം. പക്ഷേ പക്ഷം പിടിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ ഇന്ന പക്ഷത്തെ പൂവ് വീണാൽ മാത്രമേ വേദനിക്കാവൂ എന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. അതുകൊണ്ട് എഴുത്തുകാർക്ക് രാഷ്ട്രീയം ഇല്ലാതിരിക്കുന്നതാണ് നല്ലത് എന്നു തോന്നുന്നു.

 

Content Summary: Athmabhashanam series, Talk with writer Rekha K