എല്ലാ യക്ഷികളും ഒരുപോലെയല്ല പോലും. ഏകാന്ത രാത്രികളിൽ രാപ്പൂക്കളുടെ ഗന്ധവുമായി വന്ന് ചുണ്ണാമ്പു ചോദിക്കുന്ന സുന്ദരികൾ. പൂർത്തീകരിക്കപ്പെടാതെ പോയ സ്ത്രൈണകാമങ്ങളാണ് ചില യക്ഷികൾ. ആത്മഹത്യ ചെയ്തവർ. പ്രതികാരദാഹികൾ. മറ്റു ചിലർ ഭഗ്ന പ്രണയിനികളാണ്.

എല്ലാ യക്ഷികളും ഒരുപോലെയല്ല പോലും. ഏകാന്ത രാത്രികളിൽ രാപ്പൂക്കളുടെ ഗന്ധവുമായി വന്ന് ചുണ്ണാമ്പു ചോദിക്കുന്ന സുന്ദരികൾ. പൂർത്തീകരിക്കപ്പെടാതെ പോയ സ്ത്രൈണകാമങ്ങളാണ് ചില യക്ഷികൾ. ആത്മഹത്യ ചെയ്തവർ. പ്രതികാരദാഹികൾ. മറ്റു ചിലർ ഭഗ്ന പ്രണയിനികളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ യക്ഷികളും ഒരുപോലെയല്ല പോലും. ഏകാന്ത രാത്രികളിൽ രാപ്പൂക്കളുടെ ഗന്ധവുമായി വന്ന് ചുണ്ണാമ്പു ചോദിക്കുന്ന സുന്ദരികൾ. പൂർത്തീകരിക്കപ്പെടാതെ പോയ സ്ത്രൈണകാമങ്ങളാണ് ചില യക്ഷികൾ. ആത്മഹത്യ ചെയ്തവർ. പ്രതികാരദാഹികൾ. മറ്റു ചിലർ ഭഗ്ന പ്രണയിനികളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈന പരമ്പരയിൽ ഇരുപത്തിനാല് തീർത്ഥങ്കരൻമാരാണ്. പൂർവാശ്രമത്തിൽ കാശിയിലെ രാജാവായിരുന്ന പാർശ്വനാഥനാണ് ഇരുപത്തിമൂന്നാമത്തെയാൾ. നാമെല്ലാമറിയുന്ന മഹാവീരൻ ഒടുവിലത്തെ തീർത്ഥങ്കരനും. ഇരുപത്തിനാലാമൻ.

 

ADVERTISEMENT

കരിങ്കൽ ശ്രീകോവിലിന് മുകളിൽ ഉയർന്നു നിൽക്കുന്ന കൃഷ്ണശിലയുടെ മുൻഭാഗത്തെ ജൈന തീർത്ഥങ്കര തൂപത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് സിദ്ധു പറഞ്ഞു. ‘‘അവസാനത്തെ ജൈന തീർത്ഥങ്കരനാണ്. ഇവിടെ ശിവ സങ്കൽപ്പമാണത്രെ.’’ കണ്ണടച്ച് ധ്യാനത്തിലെന്ന പോലെയുള്ള രൂപം. ഒറ്റനോട്ടത്തിൽ ബുദ്ധനെപ്പോലെയുണ്ട്.

 

സർപ്പങ്ങളായിരുന്ന കാലത്ത് പത്മാവതിയെയും ധരണേന്ദ്രനെയും ശത്രുക്കൾ തീയിലിട്ട് ചുട്ടുകൊല്ലാൻ ശ്രമിച്ചു. അവരെ രക്ഷിച്ചയാളാണ് പാർശ്വനാഥൻ. പിന്നീടു നാഗലോകത്തേക്ക് പോയ ധരണേന്ദ്രൻ ദേവൻമാരുടെ രാജാവായി വാണു. പത്മാവതിയെ വിവാഹം കഴിച്ചു. രാജസ്ഥാനം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച പാർശ്വനാഥനെ പ്രളയത്തിൽ മുക്കിക്കൊല്ലാൻ വേണ്ടി ശത്രുക്കൾ ശക്തമായ മഴ പെയ്യിച്ചു. കനത്ത മഴയിൽ ഭൂമിയിൽ വെള്ളം ഉയർന്നുപൊങ്ങി. അതേസമയം തന്നെ അപകടസൂചനയായി ധരണേന്ദ്രന്റെ ദേവ സിംഹാസനം കുലുങ്ങി. വിവരമറിഞ്ഞ് പത്മാവതി ദേവി തലയിൽ താമരപ്പൂവുമായി പാർശ്വനാഥനെ തേടി വന്നു. ജലനിരപ്പിനൊപ്പമുയരുന്ന താമരപ്പൂവിൽ പാർശ്വനാഥനെ നിർത്തി. നാഗഫണക്കുട വിടർത്തി മഴയിൽ നിന്നു രക്ഷിച്ച് ധരണേന്ദ്രൻ പാർശ്വനാഥന് കാവൽ നിന്നു.

 

ADVERTISEMENT

ബൈക്ക് താഴെ നിർത്തി സിദ്ധുവിന്റെയൊപ്പം മല കയറി ചെല്ലുമ്പോൾ ഉച്ചവെയിൽ ചാഞ്ഞിരുന്നു. ചവിട്ടുപടികളിൽ വിശ്രമിക്കുമ്പോൾ സിദ്ധു കിതപ്പോടെ പറഞ്ഞു. ‘‘ഓരോ തീർത്ഥങ്കരൻമാർക്കും ഓരോ രക്ഷാദേവതകളുണ്ട്. നേമിനാഥതീർത്ഥങ്കരന് കൂശ്മാണ്ഡിനി, പാർശ്വനാഥന് പത്മാവതി, ചന്ദ്രപ്രഭാതീർത്ഥങ്കരന് ജ്വാലാമാലിനി, മഹാവീരന് സിദ്ധായിക.’’

 

വലിയ കരിങ്കൽപ്പാറ മേൽക്കൂരയാക്കിയ ശ്രീകോവിൽ. ചുറ്റും നോക്കിക്കാണാവുന്ന കരിങ്കൽ പാറ കീറി വിരിച്ച മുറ്റം. ചുറ്റും പരന്നു കിടക്കുന്ന കുന്നിൽ ചെരിവിൽ ചെറിയ പാറക്കൂട്ടങ്ങൾ. കാഴ്ചകൾ കണ്ടു നടന്ന് വെയിൽ മങ്ങിയ നേരം ഞങ്ങൾ ആൽമരത്തണലിലെ പാറപ്പുറത്തു വിശ്രമിക്കാൻ കിടന്നു. തണുപ്പുമായി കുണുങ്ങി വന്ന് വിയർപ്പാറ്റിയ മലങ്കാറ്റിൽ പാലപ്പൂ മണത്തു. കാറ്റിന്റെ സീൽക്കാരത്തിന് സിദ്ധു ചെവിയോർത്ത് നിന്നു. ‘‘നിലാവുള്ള രാവുകളും വെയിൽ പരക്കുന്ന നിശബ്ദമായ ഉച്ചകളുമാണ് യക്ഷികൾക്കിഷ്ടം. മയങ്ങിപ്പോവാതെ ശ്രദ്ധിക്കൂ.’’

 

ADVERTISEMENT

സിദ്ധു കാര്യങ്ങൾ ഓരോന്നായി പറഞ്ഞു. ആനന്ദങ്ങൾക്ക് കൂട്ടായിരുന്ന ഗന്ധർവ്വ യക്ഷ കിന്നരൻമാരെക്കുറിച്ച്. ആര്യ മതങ്ങൾ തങ്ങളുടെ കടന്നുകയറ്റത്തിൽ നിരുപദ്രവികളായ ജൈനദേവതകളെ കടുത്ത ചായമിട്ട ഭീകരരൂപികളായി മാറ്റിയ കഥ പറഞ്ഞപ്പോൾ ഞാൻ വായ് പൊളിച്ചു. ഹോസ്റ്റലിൽ വച്ച് രാത്രിയിൽ ഉറങ്ങാതിരുന്ന് ഇവൻ ഓരോന്ന് വായിച്ചു കൂട്ടിയതു യക്ഷികളുടെ കഥകളായിരുന്നോ?

 

ആനന്ദങ്ങളുടെ ആകാശത്തു നിന്നാണ് ജൈനയക്ഷഗന്ധർവ്വകിന്നരൻമാരെ ഭൂമിയിലെ സ്പർധകൾക്കിടയിലേക്കവർ പിടിച്ചിറക്കിയത്.

രമിച്ചും രസിച്ചും നൃത്തമാടിയും ആനന്ദത്തോടെ കഴിഞ്ഞ അവർ കഥകളിൽ ക്രൗര്യത്തിന്റെ പര്യായങ്ങളായി. നടക്കുമ്പോൾ ഉറുമ്പുകൾക്കു പോലും നോവാതിരിക്കാൻ മയിൽപ്പീലിച്ചൂലുമായി നടന്ന ദിഗംബരരായ ജൈന തീർത്ഥങ്കരൻമാരുടെ പിൻമുറക്കാർ ഇന്നറിയപ്പെടുന്നത് യക്ഷികളുടെ പേരിലാണ്.

 

കുന്നിറങ്ങും മുൻപ് ഞങ്ങൾ അടച്ചിട്ട ശ്രീകോവിലിനു മുന്നിൽ നിന്നു ചിത്രങ്ങളെടുത്തു. ‘‘‌അകത്ത് ശ്രീകോവിലിനുള്ളിലെ ഭിത്തിയിൽ പാർശ്വനാഥ തീർത്ഥങ്കരനുണ്ട്. ഇപ്പോൾ ബ്രഹ്മസങ്കൽപ്പമാണ്. ഭഗവതിയായി ആരാധിക്കുന്നത് കൈയ്യിൽ താമരപ്പൂവുമായി നിൽക്കുന്ന പത്മാവതിയെയാണ്. പാർശ്വനാഥ തീർഥങ്കരന്റെ രക്ഷാദേവത’’.

 

തിരിച്ചുപോരുന്നതിനിടയിലും അവൻ ഓരോന്നു പിറുപിറുത്തു കൊണ്ടിരുന്നു. എല്ലാ യക്ഷികളും ഒരുപോലെയല്ല പോലും. ഏകാന്ത രാത്രികളിൽ രാപ്പൂക്കളുടെ ഗന്ധവുമായി വന്ന് ചുണ്ണാമ്പു ചോദിക്കുന്ന സുന്ദരികൾ. പൂർത്തീകരിക്കപ്പെടാതെ പോയ സ്ത്രൈണകാമങ്ങളാണ് ചില യക്ഷികൾ. ആത്മഹത്യ ചെയ്തവർ. പ്രതികാരദാഹികൾ. മറ്റു ചിലർ ഭഗ്ന പ്രണയിനികളാണ്. ആനന്ദമാർഗികളായ ഗന്ധർവ യക്ഷി കിന്നരൻമാരുടെ സ്വർഗരാജ്യത്തേക്ക് അനധികൃത കുടിയേറ്റം നടത്തുന്നവരെ തിരിച്ചറിയണം.

 

‘‘നീയെന്തിനാണ് ഇതേക്കുറിച്ചു പഠിക്കുന്നത്?’’

 

അവനെന്നെ നോക്കി, ഉൻമാദത്തോടെ ചിരിച്ചു. ഒരടയാളമുണ്ടാവുമത്രെ തിരിച്ചറിയാൻ ഓരോ യക്ഷിക്കും. അതറിയണ്ടേ? പലരും മനുഷ്യരൂപത്തിലാവും. നല്ലവരെ തിരിച്ചറിയണം. ഇല്ലെങ്കിൽ പെട്ടു പോകും.

 

കാലങ്ങൾക്കു ശേഷം സിദ്ധുവുമൊത്തുള്ള യാത്രയെ ഓർമിപ്പിച്ചത് അതിരാവിലെ വന്ന രേഖയുടെ ഫോൺകോളാണ്.

 

‘‘സൂരജ്.!’’ ഉറക്കം ഞെട്ടിച്ച മൊബൈൽ വിളിയിൽ രേഖയുടെ ഒച്ച ചിലമ്പിച്ചിരുന്നു. പുറത്ത് പാൽക്കാരൻ ഗേറ്റ് തുറക്കുന്ന കരകര ശബ്ദം. ഇനി ഓരോ ശബ്ദങ്ങളായി കേൾക്കാം. പത്രക്കാരന്റെ സൈക്കിൾ ബെൽ, പത്രം മുറ്റത്ത് വീഴുന്ന ശബ്ദം, പ്രഭാതസവാരിക്കാരുടെ കാലടി ശബ്ദം. പരിചിതമായിക്കഴിഞ്ഞാൽ പലതും ശബ്ദങ്ങൾകൊണ്ടു മാത്രം തിരിച്ചറിയാൻ കഴിയും. ഓർത്തെടുക്കാൻ മനസ്സിന് ഭൂതകാലത്തിൽ നിന്ന് ഒരു പാദപതനശബ്ദം മാത്രം മതി.

 

രേഖയുടെ ശബ്ദത്തിൽ ഭയം നിറഞ്ഞിരുന്നു. ആരാണു വിളിക്കുന്നതെന്ന് എനിക്കാദ്യം മനസ്സിലായിരുന്നില്ല. മനസിന്റെ അടരുകളിലെവിടെയോ 

ഒളിഞ്ഞു കിടന്ന അവളെ ഓർമപുസ്തകത്തിന്റെ പതിമൂന്നാം പേജിൽ നിന്നാണ് തപ്പിയെടുത്തത്.

 

‘‘സൂരജ്, നീയെണീറ്റില്ലേ? സിദ്ധുവിന്റെ വിവരമെന്തെങ്കിലും?’’

‘‘ഇല്ല.. അവൻ വിളിച്ചിട്ട് കുറച്ചുനാളായല്ലോ?’’

 

അപ്പുറത്ത് അവളുടെ  നിശ്വാസം.

 

‘‘സൂരജ്, ഐ വാണ്ട് ടു സീ യു, ടുഡെ ഇറ്റ് സെൽഫ്’’

 

അങ്ങനെയാണ് ആ കൂടിക്കാഴ്ച്ച ഉണ്ടായത്. ഒത്തിരിക്കാലത്തിനു ശേഷം. കാർ ബേസ്മെന്റിൽ പാർക്ക് ചെയ്ത് ഞാൻ മാളിലെ റസ്റ്ററന്റിൽ എത്തുമ്പോൾ രേഖാ ജയിംസ് അക്ഷമയോടെ എന്നെ കാത്തിരിക്കുന്നു. വീർത്തുകെട്ടിയ മുഖം. ഇന്നലെ അവൾ ഉറങ്ങിയിട്ടുണ്ടാവില്ലെന്നു തോന്നി.

 

റസ്റ്ററന്റിലെ ആളൊഴിഞ്ഞ മൂലയിൽ ഇരുന്നപ്പോൾ അവളുടെ മുഖത്തെ ആകുലതകൾ എനിക്ക് വായിച്ചെടുക്കാമായിരുന്നു. നെറ്റിയിലെ വിയർപ്പൊപ്പി അവൾ ശബ്ദം താഴ്ത്തി.

 

‘‘സിദ്ധു എന്നാണ് അവസാനമായി വിളിച്ചത്?’’

 

എനിക്ക് ഓർത്തെടുക്കാനാവുന്നില്ലായിരുന്നു.

 

അവൻ എന്നാണ് അവസാനമായി വിളിച്ചത്?

 

രേഖ എന്നെത്തന്നെ നോക്കിയിരിക്കുന്നു. കണ്ണുകളിൽ നേരിയ പ്രതീക്ഷ.

 

രേഖയെ നോക്കി നിന്നപ്പോൾ ഞെട്ടലോടെ ഓർത്തു. 

 

സിദ്ധാർത്ഥ് അവസാനമായി വിളിച്ചത്...

 

അതു രേഖയുടെ കഴിഞ്ഞ ജൻമദിനത്തിലാണ്! അന്നവൻ ഹിമാചലിലെ ഒരു അതിർത്തി ഗ്രാമത്തിലായിരുന്നു. പുള്ളിപ്പാവാട തെറുത്തുയർത്തി മടിക്കുത്തിൽ തിരുകി ചെമ്മരിയാടുകളുമായി മലയിറങ്ങി വന്ന പഹാഡി പെൺകുട്ടിയുടെ വെളുത്ത കാലുകൾ രേഖയെ ഓർമിപ്പിച്ചുവത്രെ. അന്നവളുടെ ബർത്ത്ഡേയാണ്.

 

‘‘രേഖയുടെ ഡേറ്റ് ഓഫ് ബർത്ത്?’’

 

എന്റെ ചോദ്യം കേട്ട് അവളുടെ കണ്ണിൽ സംശയം ഉരുണ്ടുകൂടി.

 

‘‘റിയലി ഐ ഡോണ്ട് വാൺഡ് ടു നോ.. ബട്ട്.. നിന്റെ കഴിഞ്ഞ ബർത്ത്ഡേക്ക് ആണ് അവൻ അവസാനം വിളിച്ചത്.’’

 

അവളുടെ കണ്ണുകളിൽ ഭീതി ഇരച്ചുവന്നു.

 

‘‘രേഖാ.. ഐ തിങ്ക് ഹി സ്റ്റിൽ ലവ് യൂ.’’

 

ഞാൻ ശബ്ദം താഴ്ത്തി.

 

‘‘ഐ നോ, ഐ നോ.. ബട്ട്.’’

 

അവളുടെ ഹൃദയവേദന തിരിച്ചറിയാൻ  എനിക്ക് ശബ്ദങ്ങളുടെ ആവശ്യമില്ലായിരുന്നു.

 

ഓർഡറുകൾ എടുക്കാൻ ബയറർ വന്നു. വല്ലാതെയായ അവളുടെ മുഖം കാണാതിരിക്കാൻ ഞാൻ താഴേക്ക് നോക്കി. അത് അതിലേറെ കുഴപ്പമായി. മേശക്കപ്പുറത്ത് സ്കർട്ടിന് താഴെ തെളിഞ്ഞു കണ്ടത് അവളുടെ വെളുത്ത തുടകൾ.

 

ഞാൻ മുഖമുയർത്തി രേഖയെ ശ്രദ്ധിച്ചു. അവൾ എന്നെത്തന്നെ നോക്കിയിരിക്കുന്നു. 

 

‘‘നീയെന്താ എന്നെ ഒളിക്കുന്നത്? തുറന്നു പറ. എന്നാലേ എനിക്ക് സഹായിക്കാൻ കഴിയൂ.’’ എന്റെ ക്ഷമ കെട്ടുതുടങ്ങിയിരുന്നു.

 

അവൾ ചുറ്റും നോക്കി.

 

‘‘എനിക്ക് പേടിയാവുന്നു സൂരജ്.’’

 

രേഖയുടെ മുഖം വിളറി. ഒന്നും പറയാനാവാതെ ഞാൻ ഉഴറി നിന്നപ്പോൾ രേഖ ശബ്ദം താഴ്ത്തിപ്പറഞ്ഞു.

 

‘‘ശരത്താണ് പറഞ്ഞത്.’’

 

അവൾ മുന്നോട്ടാഞ്ഞ് അവൾ ശരത്തിന്റെ വാക്കുകൾ ആവർത്തിച്ചു.

 

‘‘സിദ്ധു ഇവിടെയുണ്ട്. അവൻ എന്നെ കാണാൻ വരും. തീർച്ച.’’

 

ഇവളെന്തിന് അവനെ പേടിക്കുന്നു?

 

യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിലോർത്തു. സിദ്ധുവിനെ ഭയക്കുന്ന ഇവളെയാണോ അവൻ അത്രമേൽ സ്നേഹിച്ചിരുന്നത്? രേഖയെ മറക്കണമെങ്കിൽ മരിക്കുകയോ മനോരോഗം ബാധിക്കുകയോ േവണമെന്ന് പറഞ്ഞത്? അവന്റെ ജീവിതം എന്നും ഒരൊറ്റമുറി വീടായിരുന്നു. പുറത്തേക്ക് മാത്രം തുറക്കുന്ന ഒരൊറ്റജാലകവാതിൽ മാത്രമുള്ള ഒറ്റമുറി വീട്. 

 

കോളജിൽ നിന്നു പിരിഞ്ഞ ശേഷം ഹോസ്റ്റൽ റൂമിൽ ഒന്നിച്ചു താമസിച്ചിരുന്നവർക്ക് സംഭവിക്കുന്ന കാര്യങ്ങളേ ഞങ്ങൾക്കിടയിൽ സംഭവിച്ചിരുന്നുള്ളു. ഒരു കോൾ സെന്റർ ജീവനക്കാരനായ എന്നെ സിദ്ധാർത്ഥ് വല്ലപ്പോഴും വിളിക്കുന്നതു തന്നെ അൽഭുതം. ഞാൻ പലവട്ടം കമ്പനികൾ മാറി. പതുക്കെ പതുക്കെ ഞങ്ങൾ തമ്മിലുള്ള വിളികളുടെ അന്തരം കൂടി. ഇപ്പോൾ വല്ലപ്പോഴും വിളിച്ചാലായി. 

 

രേഖയുമായി സിദ്ധു പിരിഞ്ഞത് അറിയാൻ ഏറെ വൈകി. വെക്കേഷന് പിരിയും മുമ്പ് ബൈക്കിൽ ബുക്ക്സ്റ്റാളിലേക്ക് പോയത് ഒന്നിച്ചാണ്. ബില്ലടച്ച് പുറത്തിറങ്ങാൻ നേരമാണു രേഖയെ കണ്ടത്. അവൾ താഴെ നിന്നു പടികൾ കയറി വരുമ്പോൾ. തിരിച്ചിറങ്ങാൻ തുടങ്ങിയ ഞാൻ ഒതുങ്ങി നിന്നു. രേഖ സിദ്ധാർത്ഥുമായി സംസാരിച്ചോട്ടെ. 

 

എന്നാൽ അവർ ഒന്നും മിണ്ടാതെ, പരസ്പരം നോക്കുക കൂടി ചെയ്യാതെ ഇരുഭാഗത്തേക്കും നടന്നകന്നു. 

 

ഒപ്പം ചെന്ന് അവന്റെ ബൈക്കിന്റെ പിന്നിൽ കയറി.

 

‘‘നീയെന്താ രേഖയെ കണ്ടിട്ട്, ഒന്നും മിണ്ടാതെ?’’

 

ബൈക്കിലെ പെട്രോൾ ടാങ്കിന്റെ മുകളിൽ പുസ്തകങ്ങൾ വച്ച് അവൻ പറഞ്ഞത് കടവാതിലുകൾ ചിറകടിക്കുന്ന ശബ്ദത്തിലാണ്.

 

‘‘ചിലരെയൊക്കെ നമുക്ക് വെറുതേ നോവിക്കേണ്ടി വരും.’’ ബൈക്ക് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്ത് അവൻ പൂർത്തിയാക്കി.

 

‘‘അവരെ നമ്മൾ അത്രമേൽ സ്നേഹിക്കുന്നതു കൊണ്ട്.’’

 

എനിക്കൊന്നും മനസ്സിലായില്ല. എങ്കിലും തലകുലുക്കി. രേഖയ്ക്കും സിദ്ധാർത്ഥിനും തമ്മിലെന്തെന്ന സങ്കടത്തോടെ.

 

തിരിച്ചുപോരുമ്പോൾ പലതുമോർത്തു. സിദ്ധുവുമായുള്ള അവസാനത്തെ കൂടി കാഴ്ച ഇന്നും ഓർമയിലുണ്ട്. കോഴ്സ് തീർന്ന ദിവസം വീട്ടിലേക്ക് തിരിച്ചുപോകാൻ ഹോസ്റ്റൽ റൂമിന് പുറത്തിറങ്ങി ഞാൻ ഒരവസാന ശ്രമം കൂടി നടത്തി ‘‘'നീ എന്റെ കൂടെ വാടാ സിദ്ധാർത്ഥ്. അറ്റ് ലീസ്റ്റ് ഫോർ ടൂ വീക്ക്സ്. ഒരു കൂട്ടാവും.’’

 

കോഴ്സ് തീർന്നു. ഇനി ഒരു മാസം കൂടിയേ ഹോസ്റ്റലിൽ തുടരാനാവൂ.

 

സിദ്ധാർത്ഥ് എനിക്കൊപ്പം താഴെ വന്നു. പുറത്ത് പകലിനെ ഇരിക്കപ്പിണ്ഡം വച്ച് ഇരുട്ട് പരന്നു തുടങ്ങുന്നതേയുള്ളു. ഡ്രൈവർക്കൊപ്പം കാറിലേക്ക് ലഗേജ് എടുത്തുവയ്ക്കുമ്പോൾ അവൻ അടുത്തുവന്ന് കെട്ടിപ്പിടിച്ചു.

 

‘‘നീ വീട്ടിൽ ചെന്നിട്ട് വിളിക്ക്.’’

 

രാത്രി സിദ്ധാർത്ഥ്  വിളിച്ചു.

 

‘‘എടാ, നീ കൊച്ചിയിലുണ്ടോ?’’

 

ഉറക്കത്തിന്റെ കെട്ട് വിടാതെ ഞാൻ ഫോണെടുത്തു.

 

‘‘നീ എവിടെയാ?’’

 

അവൻ പറയുന്നത് വ്യക്തമല്ല. ലൈനിൽ പൊട്ടലും ചീറ്റലും. 

 

‘‘എടാ, ഞാൻ യു.പിയിലാണ്. ഇവിടെ മൊബൈലിന് റേഞ്ച് ഇല്ല. ബി.എസ്.എൻ.എൽ. ലാൻഡ് ലൈനിൽ നിന്നാണ് വിളിക്കുന്നത്.’’

വെറുതേയല്ല ഇത്രയും പൊട്ടലും ചീറ്റലും.

 

‘‘ഞാൻ നാളയോ മറ്റന്നാളോ എത്തും. എനിക്ക് വരാതിരിക്കാനാവില്ലല്ലോ.’’

 

ഞാൻ വീണ്ടും ഉറക്കത്തിലേക്ക് ഊളിയിട്ടു. മങ്ങുന്ന ഓർമയിൽ മരക്കൊമ്പുകൾക്ക് താഴെ വീണു കിടന്ന നിലാവ്. തൂമഞ്ഞ് തോർന്ന പുൽമേട്ടിന് കുറുകെ ഒറ്റയടിപ്പാത. പാതയോരം ചേർന്ന വൃക്ഷത്തലപ്പുകളിൽ തൂങ്ങി കിടന്ന ചുണ്ണാമ്പുവള്ളികൾ നിലാവിൽ വെള്ളിനൂലുകളായിളകുന്നു.

 

നിലാവിന്റെ നേരിയ വെളിച്ചത്തിൽ മങ്ങിയ അകല കാഴ്ചയിൽ ക്ഷണവാക്യം പോലൊരു കുന്ന്. കുന്നിന്റെ നെറുകയിൽ ഭൂമിമറുക് പോലെയുള്ള കുറ്റൻ പാറയിൽ കൊത്തിയടുക്കിയ പടവുകൾ. വീശി വന്ന കാറ്റ് കടം തന്നത് കടുത്ത ചെമ്പകപ്പൂ ഗന്ധം. നടവഴിത്താരയിൽ ഒറ്റയ്ക്ക് നിന്ന് 

മഞ്ഞിൻകിരീടമണിഞ്ഞൊരു പുൽനാമ്പ് ചോദിച്ചു. ‘‘കാത്തിരിക്കുകയായിരുന്നല്ലോ നിന്നെ? ഞാനിത്രനാളും.’’ കൽപ്പടവുകളിൽ കാൽവയ്ക്കുമ്പോൾ ഗന്ധർവ്വസംഗീതമുണർന്നു. അമ്പരപ്പോടെ ചുറ്റും നോക്കി. ഗന്ധർവ്വ യക്ഷ കിന്നരൻമാർ ആകാശങ്ങളിൽ നിറഞ്ഞു നിന്ന് പാടുകയാണ്.

 

സിദ്ധാർത്ഥ് ഏതോ പഹാഡി പെണ്ണിനൊപ്പം കരിങ്കൽ പടവുകളിറങ്ങി വരുന്നു. മഞ്ഞിൽ മുകളിലൂടെ തെന്നിത്തെറിച്ച് താഴേക്ക് വന്ന പെൺകുട്ടി ഇടത് കൈ കൊണ്ട് അവന്റെ കൈകോർത്ത് പിടിച്ചിരുന്നു. വലത് കൈകൊണ്ട് ഉയർത്തിപ്പിടിച്ച പുള്ളിപ്പാവാട. റസ്റ്ററന്റിൽ വച്ചു കണ്ട രേഖയുടെ സ്നിഗ്ദ്ധമായ തുടകളുടെ ഓർമയിൽ ഞാൻ ചാടിയെഴുന്നേറ്റു. ഇപ്പോഴാണ്  ഓർത്തത്. മൈഗോഡ്! രേഖ! രേഖയെ വിളിക്കണം.! വാക്ക് പറഞ്ഞതാണല്ലോ.

 

ഒറ്റ റിങ്ങിൽ അവൾ മൊബൈലെടുത്തു.

 

‘‘നീ ഉറങ്ങിയില്ലേ ഇതുവരെ?’’

 

‘‘എങ്ങനെ ഉറങ്ങാൻ? മനസ് മുഴുവൻ അവനാണ്.’’

 

‘‘സിദ്ധാർത്ഥ് വിളിച്ചിരുന്നു. ദാ ഇപ്പോൾ. അവൻ വരുന്നുണ്ടത്രെ.’’

 

രേഖ ഭയപ്പെടുമെന്നു കരുതിയ എനിക്കാണ് തെറ്റിയത്.

 

‘‘ഞാൻ അതു പ്രതീക്ഷിച്ചിരിക്കുകയാണ് സൂരജ്, I'm prepared for the worst.’’

 

ഞാൻ വീണ്ടും സിദ്ധുവിനെ ഓർത്തു. അന്ന് അവനും പറഞ്ഞത് ഇതേവാക്കുകൾ തന്നെയാണ്. ‘‘I'm prepared for the worst.’’

 

പുതപ്പ് മൂടി വീണ്ടും ഉറങ്ങാൻ കിടക്കുമ്പോൾ എനിക്കുറപ്പായിരുന്നു ഇനി വരാനിരിക്കുന്ന ദിനങ്ങൾ സംഭ്രമങ്ങളുടേതാണെന്ന്.

 

സിദ്ധു രേഖയുമായി അകന്നിട്ട് അന്ന് അധികമായിരുന്നില്ല. രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാതെ പുസ്തകത്തിൽ തന്നെ കണ്ണും നട്ടിരിക്കുന്ന സിദ്ധുവിനെ കണ്ട് എനിക്ക് ദേഷ്യം വന്നു. ‘‘ലൈറ്റണച്ചിട്ട് കിടക്ക്.’’

 

അവൻ ഏതൊക്കെയോ ബുക്കുകൾ യാതൊരു മടുപ്പുമില്ലാതെ വായിച്ചുതള്ളുകയാണ്. ഇടയ്ക്ക് ചിലതൊക്കെ കുത്തിക്കുറിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസവും നെറ്റിൽ എന്തൊക്കെയോ തിരഞ്ഞു.

 

‘‘ചങ്ങലകളാണ് നല്ലത്.’’ അവൻ പിറുപിറുത്തു.

 

‘‘ഇങ്ങനെ പോയാൽ നിനക്കതു വേണ്ടി വരും. ചെറിയ ചങ്ങല മതിയാവില്ല.’’ എനിക്ക് ദേഷ്യം വന്നു.

 

അവൻ ചിരിച്ചു.

 

‘‘എന്തിന്?’’

 

എനിക്ക് നിയന്ത്രിക്കാനായില്ല.

 

‘‘ചങ്ങലകളാണ് നല്ലത്. അമാനുഷിക ശക്തികളെ ബന്ധിക്കാൻ.’’ സിദ്ധു ഉൽസാഹത്തിലാണ്.

 

ഞാൻ പുതപ്പ് തലയ്ക്ക് മുകളിലേക്ക് വലിച്ചിട്ടു. ഇനി അവനോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. അവൻ മനസ്സിൽ വിചാരിച്ചത് നടക്കണം. അതു വരെ സ്വൈരമുണ്ടാവില്ല.

 

വെക്കേഷന്റെ പിറ്റേന്ന് പൂമുഖത്തിരുന്ന് പത്രം വായിക്കുമ്പോൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ കണ്ടത് അകത്തേക്ക് നടന്നു വരുന്ന സിദ്ധുവിനെയാണ്. ഷേവ് ചെയ്യാത്ത മുഖം. തലമുടി ചീകിയിട്ടേയില്ല. കയ്യിലുള്ള സഞ്ചിയിൽ നിറയെ പുസ്തകങ്ങൾ. അവന് എന്തുകൊണ്ടോ എന്നെ കാണണമെന്ന തോന്നലുണ്ടായെന്ന് പറഞ്ഞ് എന്റെ കൈ പിടിച്ചു.

 

‘‘എടാ, എനിക്കെന്തൊക്കെയോ സംഭവിക്കാൻ പോകുന്നതുപോലെ. പേടിയാവുന്നു.’’ അവന്റെ മുഖം വല്ലാതിരുന്നു. 

 

‘‘നിനക്ക് ഞങ്ങളൊക്കെയില്ലേടാ.’’ കൈപിടിച്ച അവന്റെ കണ്ണുകളിൽ ഭയവും ഉൻമാദവും നിറഞ്ഞു.

 

‘‘നിന്റെ അമ്മയ്ക്ക് ജ്വാലാമാലിനിയുടെ ഛായയുണ്ട്.’’ അവൻ പെട്ടി തുറന്ന് പുസ്തകങ്ങൾ എടുത്തു പുറത്തിട്ടു.

 

‘‘അതാര്? ഹേമമാലിനിയുടെ ചേച്ചിയോ?’’

 

അവൻ കിടക്ക കുടഞ്ഞു വിരിച്ചു. ‘‘അല്ലെടാ. അതൊരു പാവം യക്ഷിയുടെ പേരാണ്.’’

 

യക്ഷികളെങ്ങനെ പാവങ്ങളാവും? നിലാരാത്രികളിൽ നിലംപറ്റാത്ത പാദങ്ങളുമായി പൊള്ളയായപുറംമൂടി മുടിയഴിച്ചിട്ട് വന്നു ചുണ്ണാമ്പു ചോദിക്കുന്ന യക്ഷികൾ.

 

ഉറങ്ങും മുമ്പ് അവൻ അടുത്തു വന്നു.

 

‘‘Deep inside, something is happening to me. I know it.’’

 

‘‘രണ്ടു മൂന്നു ദിവസങ്ങളായി ഉറക്കം ശരിയാവുന്നില്ല. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നതു പോലെ.’’

 

ഒരുറക്കം കഴിഞ്ഞ് ഞാനുണർന്നു നോക്കി. അവൻ ഏതോ പുസ്തകവും വായിച്ചിരിക്കുകയാണ്. ഉൻമാദം നിറഞ്ഞ കണ്ണുകൾ.

 

രാവിലെ അവന്റെ മുഖത്ത് പതിവില്ലാത്ത ക്ഷീണം. എന്റെ നിർബന്ധത്താൽ ഞങ്ങൾ ഡോക്ടറെ കണ്ടു. അവൻ ഡിപ്രഷനിലാണെന്നും ഏറെ ശ്രദ്ധിക്കണമെന്നും പറഞ്ഞ് മരുന്നു തന്നു. അവന് ആവശ്യം സ്നേഹത്തോടെയുള്ള ശ്രദ്ധയാണ്. ഏതു വാലിയം ഗുളികകളേക്കാളും ഉപരി.

 

രേഖ ഈ വിവരം അറിയരുതെന്നു പറഞ്ഞ അവനോട് അവൾ നിന്നെ എന്നേ മറന്നുകഴിഞ്ഞുവെന്ന് ഞാൻ എങ്ങനെ പറയും? അതായിരുന്നു എന്റെ സങ്കടം.

 

‘‘എനിക്ക് കുറച്ചു പുസ്തകങ്ങൾ വേണം. യക്ഷികളെക്കുറിച്ചുള്ള പുസ്തകങ്ങൾ. മഹാമന്ത്രാർണ്ണവം, ത്രോതലോത്തരം.’’

 

‘‘യക്ഷികളെക്കുറിച്ച് സിദ്ധുവിന് എന്താണറിയേണ്ടത്?’’. ഡോക്ടർ ഡിക്രൂസ് സൗമ്യതയോടെ കൈയിൽ പിടിച്ചു.

 

‘‘യക്ഷികൾ പല തരത്തിലുണ്ട് ഡോക്ടർ. ജൻമംകൊണ്ട് തന്നെ യക്ഷികളായവർ. ഗന്ധർവ്വൻമാർക്കൊപ്പം ജീവിക്കുന്ന അവർ വളരെ നല്ലയാളുകളാണ്.’’

 

അവന്റെ മുഖം വിവർണ്ണമായി. ‘‘മരിച്ച മനുഷ്യസ്ത്രീകളും യക്ഷികളാകും. യക്ഷികൾ തന്നെ പലതരമുണ്ട്. എല്ലാ പേരും ഓർമവരുന്നില്ല.’’

അവന്റെ കണ്ണ് നിറഞ്ഞു. യക്ഷികളുടെ കാര്യമോർത്ത് ഇവനെന്തിനാണ് കരയുന്നത്? 

 

‘‘പക്ഷേ, പ്രശ്നമതല്ല. രണ്ടുതരം യക്ഷികളുണ്ട്. മാർഗമില്ല. മനുഷ്യനെ പോലെ തന്നെ. പുറമേ കണ്ടാൽ ഒരു പോലെയിരിക്കും.’’

 

‘‘എന്തിനാണ് സിദ്ധു യക്ഷികളെക്കുറിച്ച് വായിക്കുന്നത്?’’ ഡോക്ടർക്ക് സംശയം തീരുന്നില്ല.

 

‘‘ഞാൻ പറയാം. യക്ഷികളുടെ കഥ. പക്ഷേ, ഡോക്ടർ, ഡോക്ടർക്ക് പേടിയുണ്ടോ?’’ ഡോക്ടർ ഡിക്രൂസ് നിഷേധാർത്ഥത്തിൽ തലയാട്ടി.

 

സെഡേഷനെടുത്ത് അന്നുരാത്രി കിടക്കാൻ ലൈറ്റണക്കുമ്പോൾ അവൻ പിറുപിറുത്തു. ‘‘I'm prepared, prepared for the worst.’’

 

പിറ്റേന്ന് അതിരാവിലെ അമ്മ തട്ടി വിളിച്ചു. കയ്യിൽ ഫോൺ. 

 

‘‘സിദ്ധുവിന്റെ ഡോക്ടറാണ്.’’

 

ഫോൺ കയ്യിൽ വാങ്ങി.

ഡോക്ടർ ഡിക്രൂസിന്റെ ഘനഗംഭീരസ്വരം.

 

‘‘മിസ്റ്റർ സൂരജ്. ഇന്നു പുലർച്ചെ മുതൽ സിദ്ധുവിനെ കാണാനില്ല.!’’

 

മനസ് പറഞ്ഞു. കരുതൽ കാണിക്കേണ്ടയാൾ നീയായിരുന്നു. നീയായിരുന്നു തയാറാവേണ്ടിയിരുന്നത്, ഏറ്റവും വേദനാജനകമായ വാർത്ത കേൾക്കാൻ.

 

രാത്രിയിൽ കിടക്കാൻ നേരം രേഖയുടെ വിളി വന്നു. ‘‘സൂരജ്, സിദ്ധു വന്നോ?’’ ‘‘ഇല്ല. എന്തെങ്കിലും പ്രശ്നമുണ്ടോ?’’.

 

മറുപടിക്ക് അര നിമിഷം വൈകി. ‘‘തിരക്കില്ലെങ്കിൽ എന്റെ ഫ്ലാറ്റിലേക്ക് വരാമോ.?’’

 

അവളുടെ ശബ്ദത്തിൽ വിഷാദം.

 

ഞാൻ കാറെടുത്തിറങ്ങി.

 

എ.സിയുടെ നേർത്ത ഞരക്കം തങ്ങിനിൽക്കുന്ന ഫ്ലാറ്റിലെ തണുപ്പിൽ ഒന്നിച്ച് ചായ കുടിച്ചിരിക്കുമ്പോൾ രേഖയുടെ സങ്കടങ്ങൾ കുറഞ്ഞ പോലെ. 

 

‘‘സൂരജ്, നിങ്ങളൊന്നിച്ച് ഒരു പിക്നികിന് പോയിരുന്നില്ലേ? മലമുകളിലുള്ള ഒരമ്പലത്തിലേക്ക്?’’

 

അവൾ മൂഡിലായതുപോലെ തോന്നി.

 

ഞാനമ്പരന്നു.

 

‘‘നീ അതെങ്ങനെയറിഞ്ഞു.?’’ രേഖ അക്കാര്യമറിയരുതെന്ന് അവനു നിർബന്ധമുണ്ടായിരുന്നു.

 

കടുത്ത സങ്കടത്തിനിടയിലും കാർമേഘങ്ങൾക്കിടയിൽ നിന്നൂറി വീഴുന്ന വെയിൽ പോലെ അവൾ പുഞ്ചിരിച്ചു. നന്നായി ഫർണീഷ് ചെയ്ത  ഭിത്തിയിൽ മനോഹരമായ പെയിന്റിങ്. ഷോകേസിൽ രേഖയും ശരത്തും ചേർന്നു നിൽക്കുന്ന ചിത്രത്തിന് പിന്നിൽ സിദ്ധുവിന്റെ കളർ ഫോട്ടോ. മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന മുറിയിലെ ഭിത്തിയിലെ പെയിന്റിങ്ങിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞു.

 

‘‘സൂരജ്.’’

 

രേഖ അടുത്തേക്കു വന്നു.

 

വെൺതുടകളെ മറച്ച് ചുരിദാർ. ഇന്നലെ കണ്ട രേഖയല്ലല്ലോ ഇന്ന്. ഏറെ ഉൽസാഹത്തിലാണിവൾ. വിടർന്ന മുഖത്ത് നേരിയ പുഞ്ചിരി.

രേഖ സിദ്ധുവിന്റെ ചിത്രത്തിലേക്ക് വിരൽ ചൂണ്ടി.

 

‘‘ഓർമയില്ലേ സൂരജ് നിങ്ങൾ യാത്ര പോയത്.? അന്നു പോകും മുമ്പ് ഞാനെടുത്ത ഫോട്ടോയാണത്. അവസാന യാത്രയാണെന്നറിഞ്ഞിരുന്നെങ്കിൽ.’’

 

ഞാൻ മുഖമുയർത്തി. അവസാന യാത്രയോ? ഇന്നലെയും കൂടി അവനെന്നെ വിളിച്ചതല്ലേ?

 

എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ അവൾമുന്നിൽ നിന്നു. വിടർത്തിയ മുടിയഴിച്ചിട്ട രേഖ മറ്റൊരാളെന്നു തോന്നി. വല്ലാത്തൊരു ഭാവത്തോടെ അവളെന്റെ കയ്യിൽ തൊട്ടു. വിരലുകൾ മഞ്ഞു പോലെ തണുത്തിരുന്നു. ആ കണ്ണുകളിലെ നേരിയ തിരശ്ശീലക്കപ്പുറം ആസുരമായി നിന്ന കരിമ്പാറ. മഞ്ഞ വെയിൽ പുതച്ച പാറക്കൂട്ടങ്ങൾ. വീശുന്ന ഉച്ചക്കാറ്റിൽ കുണുങ്ങിയാടുന്ന ആലിലകൾ. പിന്നോക്കം വീഴുമ്പോൾ തുമ്പപ്പൂമൊട്ടു നിറമുള്ള പല്ലുകൾ കഴുത്തിലമർന്നു. സുഖകരമായൊരു നൊമ്പരത്തോടെ.

 

മൂക്കിലേക്കിരച്ചു കയറിയ കടുത്ത കാട്ടുചെമ്പക ഗന്ധത്തിൽ ബോധം മറയുമെന്ന് തോന്നിയ നേരം ഞാൻ കേട്ടു. അടച്ചിട്ട മുൻവാതിലിന് പുറത്ത് ചങ്ങലകളിളകുന്ന ശബ്ദം. മറഞ്ഞു പോകുന്ന ബോധത്തെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ സിദ്ധുവിന്റെ വാക്കുകളോർത്തു.

‘‘ഒരടയാളമുണ്ടാവും തിരിച്ചറിയാൻ. ഓരോ യക്ഷികൾക്കും. അതറിഞ്ഞിരിക്കേണ്ടേ?’’

 

Content Summary: Yaksham, Malayalam short story written by Ramesan Mullassery