മലയാള ലിപികൾ ഭാഗികമായി പഴയ രീതിയിലേക്കു മാറണമെന്ന ഭാഷാ മാർഗനിർദേശ വിദഗ്ധ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗിക ഭാഷാ സമിതി അംഗീകരിച്ചിരിക്കുന്നു. 1971നു ശേഷം മലയാളത്തിലുണ്ടാകുന്ന പ്രധാന ലിപി പരിഷ്കരണ നിർദേശമാണിത്. മലയാളത്തിന്റെ എഴുത്തുരീതിയിലും അച്ചടിയിലും അധ്യയനത്തിലും വലിയ

മലയാള ലിപികൾ ഭാഗികമായി പഴയ രീതിയിലേക്കു മാറണമെന്ന ഭാഷാ മാർഗനിർദേശ വിദഗ്ധ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗിക ഭാഷാ സമിതി അംഗീകരിച്ചിരിക്കുന്നു. 1971നു ശേഷം മലയാളത്തിലുണ്ടാകുന്ന പ്രധാന ലിപി പരിഷ്കരണ നിർദേശമാണിത്. മലയാളത്തിന്റെ എഴുത്തുരീതിയിലും അച്ചടിയിലും അധ്യയനത്തിലും വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള ലിപികൾ ഭാഗികമായി പഴയ രീതിയിലേക്കു മാറണമെന്ന ഭാഷാ മാർഗനിർദേശ വിദഗ്ധ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗിക ഭാഷാ സമിതി അംഗീകരിച്ചിരിക്കുന്നു. 1971നു ശേഷം മലയാളത്തിലുണ്ടാകുന്ന പ്രധാന ലിപി പരിഷ്കരണ നിർദേശമാണിത്. മലയാളത്തിന്റെ എഴുത്തുരീതിയിലും അച്ചടിയിലും അധ്യയനത്തിലും വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള ലിപികൾ ഭാഗികമായി പഴയ രീതിയിലേക്കു മാറണമെന്ന ഭാഷാ മാർഗനിർദേശ വിദഗ്ധ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗിക ഭാഷാ സമിതി അംഗീകരിച്ചിരിക്കുന്നു. 1971നു ശേഷം മലയാളത്തിലുണ്ടാകുന്ന പ്രധാന ലിപി പരിഷ്കരണ നിർദേശമാണിത്. മലയാളത്തിന്റെ എഴുത്തുരീതിയിലും അച്ചടിയിലും അധ്യയനത്തിലും വലിയ മാറ്റങ്ങളുണ്ടാകാൻ ഇടയാക്കുന്നതാണ് പുതിയ നിർദേശം. എഴുത്തിനും അച്ചടിക്കും ഏകീകൃത രീതി വേണമെന്നും മാധ്യമങ്ങളിലും പാഠപുസ്തകങ്ങളിലുമടക്കം ഏകീകൃത ലിപിരീതി സ്വീകരിക്കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. 

അച്ചടിയിലെ സാങ്കേതികമായ പരിമിതികളടക്കമുള്ള കാര്യങ്ങളാണ് മലയാള ലിപികളിൽ വലിയ അവ്യവസ്ഥയ്ക്കിടയാക്കിയത്. പുതിയ കാലത്ത് ഈ പരിമിതികളിലധികവും പരിഹരിക്കപ്പെടുകയും ഏകീകൃത ലിപിവ്യവസ്ഥ സാധ്യമാകുന്ന സാഹചര്യം വന്നുചേരുകയും ചെയ്തതുകൂടി കണക്കിലെടുത്താണ് പുതിയ നിർദേശങ്ങൾ വരുന്നത്. പാഠപുസ്തകങ്ങളിൽ പുതിയ ലിപിരീതി നടപ്പാവുകയും അച്ചടിയിൽ ഈ രീതി സ്വീകരിക്കണമെന്ന് സർക്കാർ നിഷ്കർഷിക്കുകയും ചെയ്താൽ മലയാളത്തിന് അതിവേഗം ഏകീകൃത ലിപിരീതിയിലേക്കു മാറാനാവും. ഇത് ഭാഷാപരിഷ്കരണ ശ്രമങ്ങളിലെ പുതിയ ചുവടുവയ്പായി മാറുകയും ചെയ്യും.

ADVERTISEMENT

 

പുതിയ നിർദേശങ്ങൾ

 

ഉ, ഊ സ്വരങ്ങളുടെ ഉപലിപികൾ (ു, ൂ) ഉപയോഗിക്കുന്നതു സംബന്ധിച്ചും കൂട്ടക്ഷരങ്ങൾ അച്ചടിരീതിയിൽ ചന്ദ്രക്കലയിട്ട് വേറിട്ടെഴുതുന്നതു സംബന്ധിച്ചുമാണ് ഭാഷാ മാർഗനിർദേശ വിദഗ്ധ സമിതി പ്രധാനമായും നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ു, ൂ ഉപലിപികൾ നിലവിൽ എഴുത്തിലും അച്ചടിയിലും രണ്ടു രീതിയിലാണ് ഉപയോഗിക്കുന്നത്. എഴുത്തിൽ അക്ഷരങ്ങളോടു ചേർത്ത് പ്രത്യേക അക്ഷരരൂപങ്ങളായാണ് എഴുതുന്നത്. അച്ചടിയിൽ കുറ്റം, കൂട്ടം, തുക, തൂത, ചുരം, ചൂണ്ട, രുദ്രം, രൂക്ഷം എന്നൊക്കെ വ്യഞ്ജനത്തിൽനിന്ന് വേറിട്ട് ു, ൂ ഉപലിപി ചേർക്കുമ്പോൾ എഴുത്തിൽ ഓരോന്നിനും വേറിട്ട  അക്ഷരക്കൂട്ടുകളാണ് ഉപയോഗിക്കുന്നത്. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ ഇനി ഇപ്പോഴത്തെ അച്ചടിരീതിയിൽ ു, ൂ ഉപലിപികൾ വേറിട്ടെഴുതണമെന്നാണ് സമിതി നിർദേശിക്കുന്നത്. എന്നാൽ ഋ/റ്/ര് എന്നിവയുടെ ചിഹ്നങ്ങൾ അക്ഷരങ്ങളോടു ചേർത്തെഴുതുമ്പോൾ (ഉദാ: കൃ, തൃ, പൃ, ക്ര, ത്ര, പ്ര ) വേറിട്ടെഴുതുന്നതിനു പകരം പഴയ എഴുത്തുരീതിയിൽ അക്ഷരങ്ങളോടു ചേർത്തെഴുതണമെന്നും നിർദേശിക്കുന്നു. 

ADVERTISEMENT

പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തണമെന്നും അതിൽ സ്വരങ്ങൾ എഴുതുമ്പോൾ ം, ഃ എന്നിവയ്ക്കൊപ്പം ബ്രായ്ക്കറ്റിൽ അനുസ്വാരം, വിസർഗം എന്നു ചേർത്തെഴുതണമെന്നും പറയുന്നു. ം (അനുസ്വാരം), ഃ (വിസർഗം) എന്ന രീതിയിൽ. 

Photo Credit : ebipm/ Shutterstock.com

 

കൂട്ടക്ഷരങ്ങളുടെ കാര്യത്തിലാണ് മറ്റൊരു പ്രധാന നിർദേശം. ഇപ്പോൾ അച്ചടിയിലുള്ളതുപോലെ ചന്ദ്രക്കലയിട്ട് വേർതിരിക്കുന്ന രീതി ഒഴിവാക്കി എഴുതുന്ന രീതിയിൽ ചേർത്തെഴുതണമെന്നാണു നിർദേശം. എഴുത്തിലും അർഥത്തിലും അക്ഷരങ്ങൾ പിരിച്ചെഴുതേണ്ട ആവശ്യം വരുന്നിടത്തു മാത്രമേ പിരിച്ചെഴുതാവൂ എന്നാണു നിഷ്കർഷിച്ചിരിക്കുന്നത്. ഏതൊക്കെ പദങ്ങൾ ചേർത്തെഴുതണം, പിരിച്ചെഴുതണം എന്നതടക്കം ലിപിവിന്യാസം സംബന്ധിച്ചും ചില ഏകീകരണ നിർദേശങ്ങൾ സമിതി നൽകിയിട്ടുണ്ട്.

 

ADVERTISEMENT

ഈ മാറ്റങ്ങളെല്ലാം നടപ്പാകണമെങ്കിൽ കംപ്യൂട്ടർ ഫോണ്ടുകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. കംപ്യൂട്ടർ കീബോർഡുകളും പുതിയ ലിപിരീതിയനുസരിച്ച് ഏകീകരിക്കേണ്ടിവരും. ഈ ആവശ്യങ്ങൾക്ക് അനുസൃതമായി കംപ്യൂട്ടറിലെ മലയാളം ഫോണ്ടുകൾ പരിഷ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങളിൽ പുതിയ ലിപിരീതി ഉപയോഗിക്കണമെന്നു നിർദേശിച്ചിട്ടുണ്ടെങ്കിലും പാഠ്യപദ്ധതി പരിഷ്കരണത്തിനൊപ്പമാകും ഇതു നടപ്പാവുക. 

 

പരിഷ്കരണത്തിന്റെ സാഹചര്യം

 

മലയാളത്തിലെ സ്കൂൾ പാഠപുസ്തകങ്ങളിലൊന്നും അക്ഷരമാല പഠിപ്പിക്കുന്നില്ലെന്ന കാര്യം ചർച്ചയായതോടെയാണ് മലയാളത്തിലെ ലിപി രീതികളിലെ അവ്യവസ്ഥയും ചർച്ചചെയ്യപ്പെട്ടത്. തുടർന്ന് അക്ഷരമാല ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തുടർന്നാണ് ഭാഷാ നിർദേശ വിദഗ്ധ സമിതി ഇതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തത്. 

 

ലിപി പരിഷ്കരണത്തിലെ നിർദേശങ്ങൾ ഇതിന് ഏറെക്കാലം മുൻപുതന്നെ ചർച്ചചെയ്തു വരുന്നതാണ്. മലയാളം കംപ്യൂട്ടിങ്ങിനു തുടക്കം കുറിച്ച കാലം മുതൽ ലിപി വ്യവസ്ഥയിൽ ചില മടങ്ങിപ്പോക്കുകൾ വേണമെന്നു നിർദേശമുയർന്നിരുന്നു. തനതു ലിപിവാദം ഉയരുകയും പാഠപുസ്തകങ്ങളടക്കം പഴയ എഴുത്തുരീതിയിലേക്കു മടങ്ങണമെന്ന് വാദം ഉയരുകയും ഒരു ഘട്ടത്തിൽ പാഠപുസ്തകങ്ങളിൽ ഇത്തരമൊരു മാറ്റത്തിന് തത്വത്തിൽ തീരുമാനമാവുകയും ചെയ്തിരുന്നതാണ്. എന്നാൽ ഒറ്റയടിക്കുള്ള അത്തരമൊരു മടങ്ങിപ്പോക്ക്, നിലവിൽ തന്നെ സങ്കീർണ ലിപിഘടനയുള്ള മലയാളത്തെ കൂടുതൽ സങ്കീർണമാക്കുമെന്നും പുതിയ തലമുറയെ മലയാളത്തോട് അടുപ്പിക്കുന്നതിനു പകരം അകറ്റാനേ ഉപകരിക്കൂ എന്നും വാദമുയർന്നതോടെ മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോൾ പുതിയ പരിഷ്കരണ നിർദേശത്തിലും ഭാഗികമായി മാത്രം മടങ്ങിപ്പോക്ക് നിർദേശിക്കുന്നതിനു പിന്നിലും ഈയൊരു നിലപാടാണുള്ളത്.

 

എഴുത്തിനൊരു മലയാളം, അച്ചടിക്കൊരു മലയാളം

 

എഴുത്തിലും അച്ചടിയിലും രണ്ടു രീതി എന്നതാണല്ലോ ഭാഷയിലെ അവ്യവസ്ഥയ്ക്ക് പ്രധാന കാരണം. എന്തുകൊണ്ട് ഇങ്ങനെയൊരു ആശയക്കുഴപ്പം വന്നു എന്നു പരിശോധിക്കേണ്ടതുണ്ട്. ഇംഗ്ലിഷിൽ 26 അക്ഷരങ്ങൾ (വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും ചേർത്താൽ 52) മാത്രമുള്ളപ്പോൾ മലയാളത്തിന് അതിസങ്കീർണമായ ലിപിഘടനയാണുള്ളത്. സ്വരങ്ങളും വ്യഞ്ജനങ്ങളുമായി അക്ഷരങ്ങൾ 51 എന്ന് വ്യവസ്ഥപ്പെടുത്തിയപ്പോഴും കൂട്ടക്ഷരങ്ങളും (ക്ക, ച്ച, ട്ട, ത്ത, ഞ്ഞ, ങ്ങ) ഉപലിപികൾ ഉപയോഗിച്ചുള്ള അക്ഷരങ്ങളും ചില്ലക്ഷരങ്ങളും രണ്ടു വ്യത്യസ്ത അക്ഷരങ്ങൾ ചേർന്നുള്ള സംയുക്താക്ഷരങ്ങളും (ങ്ക, സ്ഥ, ക്ഷ, ത്ഥ, ന്ധ) കൂട്ടക്ഷരങ്ങളും ഉപലിപികളും ചേർന്നുള്ള രൂപങ്ങളും എല്ലാമായി ലിപികളുടെ എണ്ണം പല മടങ്ങായി വർധിച്ചു. മലയാളത്തിൽ ആദ്യം അച്ചടിച്ച പുസ്തകമായ സംക്ഷേപവേദാർത്ഥം റോമിൽ അച്ചടിക്കാൻ ഉപയോഗിച്ചത് 1128 അക്ഷര അച്ചുകളായിരുന്നു. (അന്ന് ഓരോ അക്ഷരവും ലോഹത്തിൽ കൊത്തിയുണ്ടാക്കിയത് അച്ചുനിരത്തി ആയിരുന്നല്ലോ അച്ചടി). 

 

എഴുതുമ്പോൾ ഇല്ലാത്ത സങ്കീർണതയാണ് അച്ചടിക്കുമ്പോൾ ഉണ്ടാകുന്നതെന്നു ചുരുക്കം. ഭാഷ രൂപപ്പെടുത്തിയത് അച്ചടിക്ക് അനുസൃതമായല്ല എന്ന കാര്യം ഇവിടെ പരിഗണിക്കണം. എഴുതുന്ന ഒരാൾക്ക് സത്യത്തിൽ ഈ ലിപിപ്പെരുപ്പമൊന്നും അനുഭവപ്പെടുകയുമില്ല. എന്നാൽ അച്ചടി തുടങ്ങിയതോടെ ഓരോ അക്ഷരത്തിനും കൂട്ടക്ഷരത്തിനും ചിഹ്നത്തിനും അക്കത്തിനുമൊക്കെ അക്ഷരഅച്ചുകൾ അഥവാ ടൈപ്പുകൾ വേണ്ടിവന്നതോടെയാണ് മലയാളത്തിലെ ലിപിഘടന സങ്കീർണമായത്.

 

തുടർന്ന് അച്ചടിയുടെ ആവശ്യത്തിനായി പലതരത്തിലുള്ള ലിപിച്ചുരുക്കങ്ങൾ പല ഘട്ടങ്ങളിലായി നടന്നു. അക്ഷരങ്ങളുടെ ടൈപ്പുകൾ സൂക്ഷിക്കുന്ന അക്ഷരപ്പെട്ടി അഥവാ കംപോസിങ് കെയ്സിന് ആയിരത്തിനടത്ത് കള്ളികൾ വേണ്ട സ്ഥിതിയായിരുന്നു മലയാളം അച്ചടിയുടെ തുടക്കത്തിൽ. ഇതിൽനിന്ന് ഓരോ അക്ഷരവും പെറുക്കിയെടുത്ത് കംപോസ് ചെയ്യുക ഭാരിച്ച ജോലിയുമായിരുന്നു. ഇതേത്തുടർന്നാണ് ലിപികളുടെ എണ്ണം ചുരുക്കാനുള്ള ശ്രമങ്ങൾ നടന്നത്. കോട്ടയത്ത് 1821ൽ  സിഎംഎസ് പ്രസ് സ്ഥാപിച്ച് കേരളത്തിൽ മലയാളം അച്ചടിക്ക് തുടക്കം കുറിച്ച ബെഞ്ചമിൻ ബെയ്‌ലി എന്ന വിദേശ വൈദികനാണ് ഇതിനായി ആദ്യ ശ്രമം നടത്തിയത്. ആയിരത്തിലേറെ ഉണ്ടായിരുന്ന ലിപികളെ അറുനൂറോളമാക്കി കുറയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. ഇ, ഈ സ്വരങ്ങളുടെ ഉപലിപികളായ ി, ീ ചിഹ്നങ്ങളെ അക്ഷരങ്ങളിൽനിന്ന് വേർപെടുത്തി പ്രത്യേകം ചേർത്താണ് അദ്ദേഹം പ്രധാനമായും അക്ഷരങ്ങൾ കുറച്ചത്. 1847ൽ മലയാളത്തിലെ ആദ്യത്തെ പത്രത്തിനു തുടക്കം കുറിച്ച വിദേശ വൈദികൻ ഹെർമൻ ഗുണ്ടർട്ടും ചില പരിഷ്കരണങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും അവ ലിപിച്ചുരുക്കത്തിന് ഉപയോഗപ്പെട്ടവയല്ല. പിന്നീട് കാര്യമായ ലിപിച്ചുരുക്കം വരുത്തുന്നത് മലയാള മനോരമ പത്രാധിപരായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിളയാണ്. മലയാളത്തിൽ ലിപിപ്പെരുപ്പത്തിനു പ്രധാന കാരണമായ കൂട്ടക്ഷരങ്ങളെ ചന്ദ്രക്കലയിട്ട് വേർപിരിക്കുക എന്നതായിരുന്ന അദ്ദേഹത്തിന്റെ പ്രധാന നിർദേശം. നൂറോളം കൂട്ടക്ഷരങ്ങളെ ഇതുവഴി കുറയ്ക്കാനായി. അതോടൊപ്പം രയുടെ അർധാക്ഷര അച്ചുകളും (അക്ഷരത്തിനു മുകളിൽ ർ സ്വരത്തിനു വേണ്ടി കുത്തിടുന്ന രീതി. സർപ്പം, കർപ്പൂരം എന്നൊക്കെ ഇങ്ങനെ പയ്ക്കു മുകളിൽ കുത്തിട്ടാണ് എഴുതിയിരുന്നത്) ഒഴിവാക്കി പകരം ർ എന്ന ചില്ലക്ഷരം ഉപയോഗിച്ചു. അറുപതോളം അക്ഷരക്കൂട്ടുകൾ ഇതോടെ ഇല്ലാതായി. ഉ, ഊ സ്വരങ്ങൾക്ക്  ു, ൂ എന്നീ ഉപലിപികൾ നടപ്പാക്കിയതാണ് അദ്ദേഹത്തിന്റെ മറ്റൊരു ക്രിയാത്മക നിർദേശം. ഓരോ അക്ഷരത്തിനും കൂട്ടക്ഷരങ്ങൾക്കുമൊപ്പം ഉ, ഊ സ്വരങ്ങൾ ചേർത്ത് എഴുത്തുരീതിയിലുള്ള നൂറുകണക്കിന് ടൈപ്പുകൾ വേണ്ടിയിരുന്ന സ്ഥാനത്ത് അക്ഷരങ്ങളും ചന്ദ്രക്കലയും ു, ൂ ചിഹ്നങ്ങളും മാത്രം മതിയെന്നായതോടെ നൂറുകണക്കിനു ടൈപ്പുകൾ ആവശ്യമില്ലാതായി. ഋ സ്വരത്തിന് ൃ ഉപലിപി ഉപയോഗിച്ചതു വഴിയും അൻപതോളം അക്ഷര അച്ചുകൾ ഒഴിവായി. ഏതായാലും ബെയ്‌ലി അഞ്ഞൂറിലേറെയായിക്കുറച്ച ലിപികൾ വർഗീസ് മാപ്പിള നാനൂറിൽ താഴെയാക്കി. 1890–93 കാലത്താണ് പലഘട്ടങ്ങളായി ഈ മാറ്റങ്ങൾ നടപ്പാകുന്നത്.

 

പിന്നീട് 1967ൽ ആണ് വ്യവസ്ഥാപിതമായ രീതിയിൽ ഒരു ലിപി പരിഷ്കരണം നടക്കുന്നത്. 1967ൽ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ശൂരനാട് കുഞ്ഞൻപിള്ള അധ്യക്ഷനായി രൂപം കൊടുത്ത ഭാഷാപരിഷ്കരണ സമിതിയാണ് ഈ മാറ്റങ്ങൾക്കായുള്ള നിർദേശങ്ങൾ നൽകിയത്. അപ്പോഴേക്കും മലയാളം കീബോർഡ് എന്ന ആലോചനയും തുടങ്ങിയിരുന്നു. ടൈപ്പ്റൈറ്ററിന് ഉതകുന്ന കീബോർഡിലേക്ക് ഭാഷയെ തളയ്ക്കാൻ ലിപികളുടെ എണ്ണം ഗണ്യമായി കുറക്കേണ്ടിയിരുന്നു. തുടർന്ന് സമിതി ലിപികളുടെ എണ്ണം തൊണ്ണൂറോളമായി കുറച്ചു. വർഗീസ് മാപ്പിള നിർദേശിച്ച ഉ, ഊ, ഋ  ഉപലിപികളുടെ ഉപയോഗം നിയമപ്രകാരം തന്നെ സ്ഥാപിച്ചെടുത്തു. ക്ര, പ്ര, ച്ര എന്നൊക്കെ പ്രത്യേകം അക്ഷരങ്ങളായിരുന്നത് മാറ്റി പ്രത്യേക ഉപലിപി കൊണ്ടുവന്നു. അക്ഷരത്തിനു മുകളിൽ കുത്തിടുന്ന രീതി നിർത്തി ർ ചില്ലക്ഷരം ഉപയോഗിക്കുന്നതിനും നിർദേശിച്ചു. ക്ക, ങ്ക, ങ്ങ, ച്ച, ഞ്ച, ഞ്ഞ, ണ്ട, ണ്ണ, ത്ത, ന്ത,  പ്പ, മ്പ, മ്മ, യ്യ, ല്ല, വ്വ എന്നീ 18 കൂട്ടക്ഷരങ്ങൾ ഒഴികെയുള്ളവയെല്ലാം ചന്ദ്രക്കല ഉപയോഗിച്ച് വിഭജിച്ചു. (ക്ത, ശ്ച, ന്ധ, സ്ഥ തുടങ്ങിയവ). 1967ൽ നിയമിക്കപ്പെട്ട ശൂരനാട് കുഞ്ഞൻപിള്ള അധ്യക്ഷനായ സമിതിയും 1969ൽ നിയമിക്കപ്പെട്ട എൻ. വി. കൃഷ്ണവാര്യർ അധ്യക്ഷനായ സമിതിയും സമർപ്പിച്ച റിപ്പോർട്ടുകൾ ക്രോഡീകരിച്ച് 1971 മാർച്ച് 23ന് ആണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവും അതോടൊപ്പം ലിപി പരിഷ്കരണം എന്ന ലഘുലേഖയും ഇറക്കുന്നത്. എട്ടു സ്വരാക്ഷരങ്ങളും 15 സ്വരചിഹ്നങ്ങളും 36 വ്യഞ്ജനങ്ങളും 26 കൂട്ടക്ഷരങ്ങളും 5 ചില്ലക്ഷരങ്ങളും അടക്കം 90 ലിപികളായാണ് സമിതി മലയാള അക്ഷരങ്ങളെ നിജപ്പെടുത്തിയത്. ഇതോടെ മലയാളം ലിപിയും അച്ചടിക്കും ടൈപ്പ്റൈറ്ററിനും കീബോർഡിനുമൊക്കെ വഴങ്ങാവുന്ന വിധത്തിലായി. 1971 ഏപ്രിൽ 15ന്റെ വിഷുദിനം മുതലാണ് പുതിയ ലിപി സമ്പ്രദായം ഔദ്യോഗികമായി നിലവിൽ വരുന്നത്. എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും എന്നപോലെ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും പുതിയ ലിപി സമ്പ്രദായം നടപ്പിലാക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു. 

 

കംപ്യൂട്ടറിന്റെ വരവ്

 

അച്ചടിക്കും കീബോർഡിനും ഉതകുന്ന വിധത്തിൽ അക്ഷരങ്ങളെ കുറച്ചുവരികയാണ് ഈ ലിപി പരിഷ്കരണ ശ്രമങ്ങളിലെല്ലാം നടന്നത്. അതായത് അക്ഷരങ്ങൾ ചുരുക്കേണ്ടത് അച്ചടി എന്ന സാങ്കേതിക ജോലിക്കായുള്ള സൗകര്യപ്പെടുത്തലായിരുന്നു. അല്ലാതെ അത് ഭാഷയുടെ ആവശ്യമായിരുന്നില്ല. എന്നാൽ കംപ്യൂട്ടറുകളുടെ കടന്നുവരവോടെ അതുവരെയുള്ള സൗകര്യപ്പെടുത്തലുകളെല്ലാം അനാവശ്യമായി മാറുന്നതാണ് നമ്മൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ എൺപതുകൾ ആകുമ്പോൾ കാണുന്നത്. ഇക്കാലത്താണ് ലോഹം കൊണ്ടുണ്ടാക്കിയ അക്ഷര അച്ചുകൾ ഉപയോഗിച്ചുള്ള അച്ചടിക്കു പകരം കംപ്യൂട്ടറിൽ കംപോസ് ചെയ്ത് അതുപയോഗിച്ചുള്ള അച്ചടി തുടങ്ങുന്നത്. കംപ്യൂട്ടർ വന്നതോടെ എത്ര ആയിരം അക്ഷരങ്ങൾ വേണമെങ്കിലും ഉപയോഗിക്കാമെന്നായി. കൂട്ടക്ഷരങ്ങളും, പഴയ എഴുത്തുരീതിയിൽ അക്ഷരങ്ങളും ഉപലിപികളും ചേർന്ന രൂപങ്ങളുമെല്ലാം ലഭ്യമായിത്തുടങ്ങി. ഇതോടെയാണ് മലയാളത്തെ പഴയ ലിപിമാതൃകയിലേക്കു തിരിച്ചുകൊണ്ടുപോകണമെന്ന ആവശ്യം ഉയർന്നു തുടങ്ങിയത്. സാങ്കേതിക പരിമിതി കാരണം ഭാഷയിൽ വരുത്തിയ സൗകര്യപ്പെടുത്തലുകളെല്ലാം ഇനി ‘അൺഡു’ ചെയ്യാം എന്നായിരുന്നു മലയാളം കംപ്യൂട്ടിങ്ങിലെ ആദ്യകാല പ്രവർത്തകരുടെ വാദം. ഇത് അനായാസം സാധ്യമാക്കുന്ന രീതിയിൽ കംപ്യൂട്ടർ സാങ്കേതികവിദ്യ ഉയർന്നുവന്നതും അവരുടെ വാദത്തിന് ബലം പകർന്നു. വർഷങ്ങളായി എഴുത്തിന് ഒരു രീതിയും അച്ചടിക്ക് വേറൊരു രീതിയും പാഠപുസ്തകങ്ങളിൽ അച്ചടിരീതിയും പുതിയ തലമുറയ്ക്ക് രണ്ടും കലർന്ന മറ്റൊരു രീതിയുമൊക്കെയായപ്പോൾ മലയാള ഭാഷയിൽ നിലനിന്നിരുന്ന അവ്യവസ്ഥയ്ക്ക് പരിഹാരം വേണമെന്ന് ആഗ്രഹിച്ചവരും ഏകീകൃത ലിപിക്കായി വാദമുയർത്തി.

 

തിരിച്ചുപോക്കിലെ ആശങ്കകൾ

 

എന്നാൽ പൂർണമായ ഒരു തിരിച്ചുപോക്ക് അപകടമാണെന്ന വാദവും ഒപ്പം ഉയർന്നു. പഴയ ലിപിയിലേക്കു തിരിച്ചുപോകുന്നത് ഭാഷാപ്രവർത്തനങ്ങളെയും ഭാഷാധ്യയനത്തെയും വീണ്ടും സങ്കീർണമാക്കും എന്നായിരുന്നു ഇവർ ഉന്നയിച്ച വിയോജിപ്പ്. പാഠപുസ്തകങ്ങളിൽ പഴയ രീതി ഒരു കാരണവശാലും കൊണ്ടുവരരുതെന്നും ഈ വിഭാഗം അഭിപ്രായപ്പെട്ടു. 

 

ഇംഗ്ലിഷുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാള ലിപികളുടെ എണ്ണക്കൂടുതലും ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എിങ്ങനെയുള്ള ഒരക്ഷരത്തിന്റെ തന്നെ വിവിധ സ്വരരൂപങ്ങളുണ്ടാക്കുന്ന സങ്കീർണതയും കൂട്ടക്ഷരങ്ങളുടെ ആധിക്യവുമൊക്കെ അല്ലെങ്കിൽതന്നെ ഭാഷയിൽനിന്ന് അകലുന്ന പുതുതലമുറയെ കൂടുതൽ അകറ്റുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. അതുപോലെ അക്ഷരങ്ങൾ ഒന്നിനു താഴെ ഒന്നായി എഴുതുന്ന രീതി തിരിച്ചുവന്നാൽ അച്ചടിയിൽ ലൈൻ സ്പേസിങ് കൂട്ടേണ്ടിവരുന്ന സ്ഥിതിയുണ്ടാകും. അല്പനും മസ്തകവും (ലയുടെ താഴെ പ, സയുടെ താഴെ ക) പോലെ രണ്ടു നിലയുള്ള അക്ഷരങ്ങളും സ്കൂളും രാഷ്ട്രവും വസ്ത്രവും പോലെ മൂന്നു നിലയുള്ള അക്ഷരങ്ങളും സ്ക്രൂ പോലെ നാലുനിലയുള്ള അക്ഷരങ്ങളുമൊക്കെ വരുന്ന സാഹചര്യം പരിഗണിക്കേണ്ടിവരും. ഇതുസംബന്ധിച്ച് ഇപ്പോഴും വ്യക്തമായ നിർദേശം വന്നിട്ടില്ല. ഇത്തരം ഘട്ടങ്ങളിൽ ചന്ദ്രക്കല ഉപയോഗിച്ച് പിരിച്ചെഴുതുന്ന രീതി തുടർന്നില്ലെങ്കിൽ ലിപി സങ്കീർണതയ്ക്കും അച്ചടിയിലെ അഭംഗിക്കും കാരണമാകും. അതുകൊണ്ട് കൂട്ടക്ഷരങ്ങളുടെ സാധ്യത ഉപയോഗിക്കുകയും അതേസമയം പൂർണമായും പഴയ എഴുത്തുരീതിയിലേക്ക് അച്ചടിയെ തിരിച്ചുകൊണ്ടുപോകാതിരിക്കുകയും ചെയ്യുന്ന ഒരു ഇടനിലയാകും അഭികാമ്യമാവുക. ഒന്നിനു താഴെ ഒന്നായെഴുതുന്ന കൂട്ടക്ഷരങ്ങളെയും മുക്കൂട്ട് അക്ഷരങ്ങളെയും ഒഴിവാക്കുന്നതാകും കൂടുതൽ പ്രായോഗികമാവുക. 

 

കംപ്യൂട്ടറിന് എത്ര ആയിരം ലിപിവൈവിധ്യങ്ങളെയും ഉൾക്കൊള്ളാൻ ശേഷിയുണ്ട് എന്നതുകൊണ്ടു മാത്രം പഴയ രീതിയിലേക്കു മടങ്ങിപ്പോകണം എന്നു പറയുന്നത് അഭികാമ്യമാകില്ല. കംപ്യൂട്ടറിന്റെ ശേഷിയല്ല, ഭാഷാധ്യയനത്തെയും ഭാഷാഘടനയെയും തന്നെ ഇതു കൂടുതൽ സങ്കീർണമാക്കുകയാണു ചെയ്യുക എന്ന കാര്യം പരിഗണിക്കാതിരിക്കാനാവില്ല. ലിപി ചിഹ്നങ്ങളുടെ എണ്ണം കൂടുംതോറും ലിപിവ്യവസ്ഥയുടെ ലാളിത്യം കുറയും എന്ന കാര്യം പ്രത്യേകം കണക്കിലെടുക്കണം. ലൈൻ സ്പേസിങ് പോലുള്ള ഡിസൈൻ പരിഗണനകളും അച്ചടിക്ക് അനുഗുണമായ സാങ്കേതികയും  ഉൾക്കൊള്ളുന്നതാവണം പുതിയ ലിപി വ്യവസ്ഥ. അതോടൊപ്പം വ്യത്യസ്ത രീതിയിൽ ഉപയോഗിക്കുന്ന വാക്കുകളുടെ കാര്യത്തിലും (ഉദാ: താൽപര്യം, താത്പര്യം, താൽപ്പര്യം– അദ്ഭുതം, അത്‌ഭുതം, അൽഭുതം, ശിൽപ്പശാല, ശിൽപശാല, കുഴൽപ്പണം, കുഴൽപണം) ഏകീകൃത രീതി നിർദേശിക്കേണ്ടതായുണ്ട്. പത്രങ്ങളും പുസ്തകപ്രസാധകരും പാഠപുസ്തകങ്ങളും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സർക്കാർ സ്ഥാപനങ്ങളുമൊക്കെ വാക്കുകളുടെ ഉപയോഗത്തിൽ വ്യത്യസ്ത ശൈലികൾ സ്വീകരിക്കുന്നതു മാറ്റി ഏകീകൃത ശൈലിയിലേക്കു കൊണ്ടുവരാൻ സർക്കാർ മുൻകയ്യെടുക്കുക കൂടി ചെയ്താലേ പൂർണ അർഥത്തിലുള്ള ലിപി ഏകീകരണം സാധ്യമാകൂ. ഇതിനായി വിപുലമായ ചർച്ചകൾ ആവശ്യമായി വരും. ഭാഷാവിദഗ്ധരോടൊപ്പം സാങ്കേതിക വിദഗ്ധരുടെയും ലിപിവിന്യാസ വിദഗ്ധരുടെയും കൂടി അഭിപ്രായങ്ങൾ പരിഗണിക്കുന്നതും അഭികാമ്യമാകും. 

 

Content Summary: How modifications in Malayalam script change the usages