60 വർഷം തന്നെ ചേർത്തുപിടിച്ച കൈകളിൽ കാത്ത മരണത്തിന്റെ തണുപ്പറിഞ്ഞു. 1999 ഏപ്രിൽ 10ന് തകഴി ശങ്കരമംഗലത്തെ സ്വന്തം വീട്ടിൽ വച്ച് തകഴി ശിവശങ്കരപ്പിള്ള എന്ന ജ്ഞാനവൃദ്ധൻ മരിച്ചതിന്റെ വാർത്ത മലയാള മനോരമ ദിനപത്രത്തിലെ എന്റെ സഹപ്രവർത്തകൻ എൻ. ജയചന്ദ്രൻ എഴുതിത്തുടങ്ങിയത് ഇങ്ങനെയാണ്. തകഴിയുടെ ജീവിതത്തെയും

60 വർഷം തന്നെ ചേർത്തുപിടിച്ച കൈകളിൽ കാത്ത മരണത്തിന്റെ തണുപ്പറിഞ്ഞു. 1999 ഏപ്രിൽ 10ന് തകഴി ശങ്കരമംഗലത്തെ സ്വന്തം വീട്ടിൽ വച്ച് തകഴി ശിവശങ്കരപ്പിള്ള എന്ന ജ്ഞാനവൃദ്ധൻ മരിച്ചതിന്റെ വാർത്ത മലയാള മനോരമ ദിനപത്രത്തിലെ എന്റെ സഹപ്രവർത്തകൻ എൻ. ജയചന്ദ്രൻ എഴുതിത്തുടങ്ങിയത് ഇങ്ങനെയാണ്. തകഴിയുടെ ജീവിതത്തെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

60 വർഷം തന്നെ ചേർത്തുപിടിച്ച കൈകളിൽ കാത്ത മരണത്തിന്റെ തണുപ്പറിഞ്ഞു. 1999 ഏപ്രിൽ 10ന് തകഴി ശങ്കരമംഗലത്തെ സ്വന്തം വീട്ടിൽ വച്ച് തകഴി ശിവശങ്കരപ്പിള്ള എന്ന ജ്ഞാനവൃദ്ധൻ മരിച്ചതിന്റെ വാർത്ത മലയാള മനോരമ ദിനപത്രത്തിലെ എന്റെ സഹപ്രവർത്തകൻ എൻ. ജയചന്ദ്രൻ എഴുതിത്തുടങ്ങിയത് ഇങ്ങനെയാണ്. തകഴിയുടെ ജീവിതത്തെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

60 വർഷം തന്നെ ചേർത്തുപിടിച്ച കൈകളിൽ കാത്ത മരണത്തിന്റെ തണുപ്പറിഞ്ഞു. 1999 ഏപ്രിൽ 10ന് തകഴി ശങ്കരമംഗലത്തെ സ്വന്തം വീട്ടിൽ വച്ച് തകഴി ശിവശങ്കരപ്പിള്ള എന്ന ജ്ഞാനവൃദ്ധൻ മരിച്ചതിന്റെ വാർത്ത മലയാള മനോരമ ദിനപത്രത്തിലെ എന്റെ സഹപ്രവർത്തകൻ എൻ. ജയചന്ദ്രൻ എഴുതിത്തുടങ്ങിയത് ഇങ്ങനെയാണ്. തകഴിയുടെ ജീവിതത്തെയും എഴുത്തിനെയും കാച്ചിക്കുറുക്കിയൊരു വാചകമാണിത്. ഈ ഒറ്റവാചകത്തിൽനിന്ന് പടർന്നുകയറി തകഴിയെക്കുറിച്ചു വിചാരിക്കാൻ തീരുമാനിച്ചാൽ നമ്മൾ എത്തിപ്പെടുക ഒരു നൂറ്റാണ്ടിന്റെ മലയാളി ജീവിതത്തെയും ചരിത്രത്തെയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്ത് ആകാശം മുട്ടെ വളർന്നു നിന്നൊരു മഹാവൃക്ഷത്തിന്റെ ചുവട്ടിലാണ്. ഇന്നു കാണുന്ന കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, സാംസ്‌കാരിക ജീവിതങ്ങൾ ഇങ്ങനെയായിരിക്കുന്നതിൽ മൃതരായിപ്പോയ ഒട്ടേറെപ്പേരുടെ സംഭാവനകളുണ്ട്. അവരെയെല്ലാവരെയും കൂടി ഒരു പൊതുവേദിയിൽ വിളിച്ചുവരുത്തിയാൽ അക്കൂട്ടത്തിൽ ഏറ്റവും തിളക്കമുള്ള ചുരുക്കം പേരിലൊരാൾ തകഴി ശിവശങ്കരപ്പിള്ളയായിരിക്കും.

 

ADVERTISEMENT

തകഴി മരിച്ചിട്ട് ഇപ്പോൾ 23 വർഷമായി. അദ്ദേഹം ജീവനോടെയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 110 വയസ്സ് കണ്ടേനേ. 110 വർഷം മുമ്പ്, അതായത് 1912 ഏപ്രിൽ 17ന് അദ്ദേഹം ജനിക്കുമ്പോൾ കേരളം എന്തായിരുന്നോ, അതിന്റെ മറുവശമാണ് ഇന്നത്തെ കേരളം. ഒരു നാണയം മറിച്ചിട്ടതുമാതിരി കേരളം മാറിപ്പോയി. 

 

1985 ൽ പ്രസിദ്ധീകരിച്ച ‘ഓർമയുടെ തീരങ്ങളിൽ’ എന്ന ആത്മകഥയിൽ തന്റെ കുട്ടിക്കാലത്തെ കേരളത്തെ അദ്ദേഹം വിശദമായി അവതരിപ്പിക്കുന്നുണ്ട്. 

 

ADVERTISEMENT

കേരളത്തിന്റെ നെല്ലറയും തണ്ണീർത്തടവുമൊക്കെയായ കുട്ടനാട്ടിലെ തകഴിയിലാണ് അദ്ദേഹം ജനിച്ചത്. അന്നു കേരളമില്ല. കുട്ടനാട് തിരുവിതാംകൂറിലാണ്. കുട്ടനാട്ടിൽ അന്ന് വൈദ്യുതി പോയിട്ട് മണ്ണെണ്ണ പോലും എത്തിയിട്ടില്ല. വീടുകളിൽ വെളിച്ചം കാണാൻ പുന്നയ്ക്ക എണ്ണയാണ് ഉപയോഗിച്ചിരുന്നത്. മൂന്നു നാലു രീതികളിലുള്ള വിളക്കുകൾ വീടുകളിൽ കാണാമായിരുന്നു. അമ്പലപ്പുഴ ഇംഗ്ലിഷ് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് പുന്നയ്ക്ക എണ്ണ ഒഴിച്ചു കത്തിച്ച വിളക്കിന്റെ ചുവട്ടിലിരുന്നാണ് തകഴി പാഠങ്ങൾ വായിച്ചിരുന്നത്. അന്ന് ഉടുപ്പ് തകഴിയിലെത്തിയിട്ടില്ല. വിശേഷ ദിവസങ്ങളിൽ ആണുങ്ങളുടെ വേഷം മുണ്ടും തോർത്തുമാണ്. പെണ്ണുങ്ങൾ പുടവയുടുത്ത് തോർത്തു പുതയ്ക്കും. വീടുകളിൽ മാറുമറയ്ക്കാതെ എല്ലാ പ്രായക്കാരെയും കാണാം. പതിനെട്ടും ഇരുപതും വയസ്സായ ഒരുപാടു ചേച്ചിമാർ നെഞ്ചത്തൊരു നൂലുപോലുമില്ലാതെ മുലയും തള്ളിച്ച് എന്റെ മുന്നിൽകൂടി കടന്നുപോകുമായിരുന്നു എന്നാണ് തകഴി ആത്മകഥയിലെഴുതിയിട്ടുള്ളത്. കുട്ടികൾക്കു വേഷം കോണകമായിരുന്നു.

 

നെൽപാടത്തെ എല്ലാ കൃഷിപ്പണിക്കും കൂലി നെല്ലാണ്. പുലയരും പറയരുമാണ് കൃഷിപ്പണിക്കാർ. അവർ പണി കഴിഞ്ഞ് പുട്ടിലും വട്ടിയും നിരത്തിവച്ചിട്ട് തീണ്ടാപ്പാടകലെ മാറി നിൽക്കും. ഭൂവുടമയോ കാര്യസ്ഥനോ ഓരോ വട്ടിയും ആരുടെയാണെന്നു വിളിച്ചു ചോദിച്ചിട്ട് കൂലിച്ചങ്ങഴി വച്ച് ഓരോന്നിലായി നെല്ലളന്നു വയ്ക്കും. അളവു കഴിഞ്ഞ് അളവുകാരൻ മാറിക്കഴിഞ്ഞാൽ അയിത്തജാതിക്കാരായ പണിക്കാർ വന്നു കൂലി എടുത്തുകൊണ്ടുപോകും. 

 

ADVERTISEMENT

പുലയർക്കും പറയർക്കും അന്നു സ്‌കൂളിൽ പ്രവേശനമില്ല. മേൽജാതിക്കാർ നടക്കുന്ന വഴിയിൽക്കൂടി അന്ന് ഈഴവരടക്കമുള്ളവർ നടക്കുകയില്ല. അഥവാ പോകേണ്ടി വന്നാൽ തീണ്ടാവിളി വിളിച്ചുകൊണ്ടേ പോകാറുള്ളൂ. ഓ..ഹേ.... ഓ... ഹേ... ഈ വിളി കേട്ടാൽ തീണ്ടൽജാതിക്കാരൻ വരുന്നുവെന്നാണ് സൂചന. അവർ തന്നെ വഴിമാറിപ്പോകുകയും ചെയ്യും. മേൽജാതിക്കാരന് നേരേ നടന്നുപോകാം. തീണ്ടൽ ജാതിക്കാർ തീണ്ടാവിളി വിളിക്കാതെ പോകാറില്ല. അത് തങ്ങൾ അനുഷ്ഠിക്കേണ്ട ഒരു കാര്യമായി അവർ കരുതിയിരുന്നു. മറിച്ചു സംഭവിക്കാറില്ല.

 

നായർത്തറവാടുകളിലെല്ലാം മരുമക്കത്തായമാണ്. അമ്മാവന്മാരാണ് കുടുംബം ഭരിക്കുന്നത്. അച്ഛന് കുടുംബത്തിലൊരു സ്ഥാനവുമില്ലാത്ത അവസ്ഥ കണ്ടാണ് കുട്ടികൾ വളർന്നു വരുന്നത്. 

 

കൃഷിയാണ് നാടിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ചിരുന്നത്. ജന്മി- കുടിയാൻ സമ്പ്രദായത്തിലാണ് അതു നടന്നുപോയത്. ഒരു ജന്മി. അയാൾക്ക് നീണ്ടു നിവർന്നു കിടക്കുന്ന പാടശേഖരവും കരഭൂമിയും. ആ ഭൂമിയിൽ അയാൾക്കാവശ്യമുള്ള പണിക്കാരെ കുടിയാന്മാരായി താമസിപ്പിക്കും. അവർക്കു ഭൂമിയിൽ അവകാശമില്ല. സൂര്യനുദിക്കും മുമ്പ് അവർ പാടത്തായാലും പറമ്പിലായാലും പണിക്കിറങ്ങും. ഇരുട്ടിക്കഴിഞ്ഞേ തിരിച്ചുകയറൂ. അവർക്കു കൂലിയെക്കുറിച്ച് ധാരണയൊന്നുമില്ല. ജന്മിയോ അയാളുടെ കാര്യസ്ഥനോ കൊടുക്കുന്ന നെല്ലു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളണം, അതെത്രയായാലും. ജന്മിയോടോ കാര്യസ്ഥന്മാരോടോ അവർക്കിഷ്ടമില്ലാത്ത രീതിയിൽ സംസാരിക്കാൻ കുടിയാൻ ധൈര്യപ്പെടുകയില്ല. അഥവാ തിരുവായ്‌ക്കെതിർവായെങ്ങാനും പറഞ്ഞാൽ പ്രതിഫലം ചീത്തവിളി മാത്രമാവില്ല, അടിയും മറ്റു ശിക്ഷകളുമുണ്ടാകും.

 

കടകൾ ഇന്നത്തെ പോലെ വ്യാപകമല്ല. വളരെ ചുരുക്കമായുള്ള കടകളിൽനിന്നു പലവ്യഞ്ജനമോ തുണിയോ ഒക്കെ വാങ്ങുന്നത് പണം കൊടുത്തല്ല. നെല്ലോ തേങ്ങയോ കൊടുത്താണ്. പണം ആരുടെയും കയ്യിൽ ഉണ്ടാവാറില്ല. പണത്തിന്റെ ആവശ്യം ആർക്കും തോന്നാറുമില്ല. ഭൂസ്വത്തും അതിലെ നെല്ലും തേങ്ങയും ആണ് സമ്പത്തിന്റെ നിലവാരം തീരുമാനിച്ചിരുന്നത്. ഇപ്പോൾ വിഭാവന ചെയ്യാൻ പോലും കഴിയാത്ത ഈ പ്രത്യേക സാമൂഹിക സ്ഥിതിയിലേക്കു പിറന്നുവീണ തകഴിക്ക് ഓർമയുറച്ച ശേഷം വളരെ പെട്ടെന്നാണ് ഈ കാര്യങ്ങൾക്കെല്ലാം മാറ്റമുണ്ടായത്. 

 

തകഴി ജനിക്കുന്നതിന് 100 വർഷം മുമ്പ് തെക്കൻ തിരുവിതാംകൂറിൽ ജനിച്ച അയ്യാ വൈകുണ്ഠ സ്വാമി തിരുവനന്തപുരത്തിനു തെക്ക് ഇപ്പോൾ തമിഴ്‌നാടായി കഴിയുന്ന പ്രദേശത്ത് ആരംഭിച്ച നവോത്ഥാനപ്രവർത്തനങ്ങളുടെ തുടർച്ചയായി തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിൽ പലതരത്തിലുള്ള നവോത്ഥാന മുന്നേറ്റങ്ങൾ വിവിധ സമുദായങ്ങൾക്കിടയിൽ ആരംഭിച്ചിരുന്നു.

 

ശ്രീനാരായണഗുരു (1856- 1928), ചട്ടമ്പി സ്വാമി (1853- 1924), മഹാത്മാ അയ്യങ്കാളി (1863- 1941), മന്നത്തു പത്മനാഭൻ (1878- 1970), വി.ടി.ഭട്ടതിരിപ്പാട് (1896- 1982) തുടങ്ങി കേരളത്തെ ഇളക്കിമറിച്ച ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കരണ നേതാക്കൾ എല്ലാം അവരുടെ പ്രവർത്തനങ്ങൾ സജീവമായി നടത്തിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അതിന്റെ അലയൊലികളാവാം തകഴിയുടെ ബാല്യകാലത്തുതന്നെ നേരിട്ടു പ്രകടമായ സാമൂഹിക മാറ്റങ്ങൾ. ശ്രീനാരായണ ഗുരു ഭക്തൻ കൂടിയായ വാടപ്പുറം ബാവാ 1922 ൽ രൂപീകരിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷൻ ആലപ്പുഴയിലെ കയർ ഫാക്ടറി തൊഴിലാളികൾക്കിടയിൽ ആരംഭിച്ച അവകാശ സമരങ്ങളുടെ ചൂടും കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും എത്തിയിട്ടുണ്ടാവണം. എന്തായാലും ഈ മാറ്റങ്ങളും മാറ്റത്തിനു വേണ്ടിയുള്ള ചിന്തകളും തകഴിയെ പ്രലോഭിപ്പിച്ചിട്ടുണ്ടാവാം. 

 

1939 ൽ കണ്ണൂരിലെ പിണറായിയിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിക്കുമ്പോൾ തകഴിക്ക് വയസ്സ് 27. അന്ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ സ്വാതന്ത്ര്യസമരവും തിരുവിതാംകൂറിനു പുറത്ത് ഇന്ത്യയൊട്ടാകെ ശക്തമായിക്കഴിഞ്ഞിരുന്നു. നാട്ടുരാജാക്കന്മാർ ഭരിക്കുന്ന സ്ഥലങ്ങളിൽ സ്വാതന്ത്ര്യസമരം ആവശ്യമില്ലെന്ന ഗാന്ധിജിയുടെ അഭിപ്രായം മൂലമാണ് തിരുവിതാംകൂറിൽ സ്വാതന്ത്ര്യസമരം നടക്കാതിരുന്നത്. എന്നാൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ട ശേഷം അതിന്റെ കൂടിയും നേതൃത്വത്തിൽ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ്  രാജഭരണത്തിനും ദിവാന്റെ സ്വേച്ഛാധിപത്യത്തിനും എതിരായി തിരുവിതാംകൂറിലും പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയായിരുന്നു 1946 ലെ പുന്നപ്ര വയലാർ സമരം. ചുരുക്കത്തിൽ തകഴിയുടെ ബാല്യ, കൗമാര, യൗവന കാലങ്ങളെ കാണേണ്ടത് രാജ്യത്തെയും തിരുവിതാംകൂറിലെയും ഏറ്റവും പ്രക്ഷുബ്ധമായ കാലമായിട്ടായിരിക്കണം. ഈ പശ്ചാത്തലങ്ങൾ കൂടി മനസ്സിൽ വച്ചുകൊണ്ടു വേണം തകഴി ശിവശങ്കരപ്പിള്ള എന്ന എഴുത്തുകാരനെ കുറിച്ച് നാം പരിശോധിക്കേണ്ടത്. 

 

ഇനി അദ്ദേഹത്തിലേക്കു കേന്ദ്രീകരിച്ചുകൊണ്ടാവാം നമ്മുടെ വിചാരം. തകഴി പടഹാരം മുറിയിൽ അരീപ്പുറത്തു വീട്ടിൽ പാർവതി അമ്മയുടെയും പൊയ്പ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. അമ്മയുടെ തറവാട് കൊച്ചുകാങ്കോലിൽ ആയിരുന്നു. അങ്ങനെയാണ് കെ. കെ. എന്ന ഇനിഷ്യൽ അദ്ദേഹത്തിനു ലഭിച്ചത്. ആദ്യകാലങ്ങളിൽ കെ.കെ. ശിവശങ്കരപ്പിള്ള എന്ന പേരിലാണ് അദ്ദേഹത്തിന്റെ കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളത്. അൽപമൊന്നു പ്രസിദ്ധനായ ശേഷമാണ് പേര് തകഴി ശിവശങ്കരപ്പിള്ള എന്നു പരിഷ്‌കരിച്ചത്.

 

അച്ഛന്റെ അനുജൻ ഗുരു കുഞ്ചുക്കുറുപ്പ് അതിപ്രശസ്തനായ കഥകളി നടനായിരുന്നു. കഥകളിയിലെ തെക്കൻചിട്ടയുടെ ആചാര്യനായിരുന്നു അദ്ദേഹം. കുട്ടനാട് കേന്ദ്രീകരിച്ച് തകഴിവഴി എന്ന പേരിൽ ഒരു പ്രത്യേക കഥകളി സമ്പ്രദായം അന്നേ നിലവിൽ വന്നിരുന്നു. ഒട്ടേറെ കഥകളി കലാകാരന്മാർ ഈ പാരമ്പര്യത്തിലൂടെ പ്രശസ്തരായിട്ടുണ്ട്. തകഴിയുടെ അച്ഛൻ ശങ്കരക്കുറുപ്പും കഥകളി നടനും ഓട്ടൻതുള്ളൽ കലാകാരനും ഒക്കെയായിരുന്നു. അതിനു പുറമെ അദ്ദേഹത്തിനു മറ്റൊരു കഴിവും കൂടിയുണ്ടായിരുന്നു– പുരാണ പാരായണം.  ശങ്കരക്കുറുപ്പ് നല്ലൊരു നെൽകൃഷിക്കാരനും കൂടിയായിരുന്നു. ആദ്യകാലങ്ങളിൽ സ്വന്തമായി കൃഷിഭൂമിയില്ലായിരുന്നെങ്കിലും അദ്ദേഹം നിലങ്ങൾ പാട്ടത്തിനെടുത്തു കൃഷി ചെയ്യുമായിരുന്നു. പിന്നീടെപ്പോഴോ കുറച്ചു നിലം വാങ്ങിയും കൃഷി ചെയ്തിട്ടുണ്ട്. രാത്രികളിൽ അച്ഛൻ മടിയിലിരുത്തി പറഞ്ഞുകൊടുത്ത പുരാണ കഥകളാണ് തകഴിയുടെ കഥയെഴുത്തിന്റെ ആദ്യ പ്രചോദനം. മുദ്രകളും മറ്റും കാട്ടി അഭിനയിച്ചാണ് അച്ഛൻ മകനു പുരാണകഥകൾ പറഞ്ഞുകൊടുത്തിരുന്നത്. 

 

തകഴിയുടെ അച്ഛന് അദ്ദേഹത്തെക്കാൾ പ്രായത്തിൽ മുതിർന്ന ചില സുഹൃത്തുക്കളുണ്ടായിരുന്നു. അവർ എല്ലാവരും കൃഷിക്കാരായിരുന്നു. ഇടയ്‌ക്കൊക്കെ ഒത്തുകൂടുന്ന ആ സംഘത്തിലൊരു കുഞ്ഞാണ്ടമ്മാവൻ ഉണ്ടായിരുന്നു. അച്ഛൻ കൂട്ടുകാരെ കാണാൻ പോകുമ്പോൾ മകനെയും കൂടെ കൂട്ടും. കുഞ്ഞാണ്ടമ്മാവനും വലിയ കഥ പറച്ചിലുകാരനാണ്. അദ്ദേഹം പുരാണകഥകളല്ല പറയുന്നത്. നാട്ടിലെ കൊച്ചുവർത്തമാനങ്ങളും പഴയ കഥകളുമൊക്കെ ആളുകളെ പിടിച്ചിരുത്തുന്ന മട്ടിൽ വിവരിച്ചു പറയും. ഈ കുഞ്ഞാണ്ടമ്മാവന്റെ കഥപറച്ചിലുകളും തന്നിലൊരു എഴുത്തുകാരനെ രൂപപ്പെടുത്തിയിട്ടുണ്ടാവുമെന്ന് തകഴി വിശ്വസിക്കുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസം നടത്തിയ കരുവാറ്റ എൻഎസ്എസ് സ്‌കൂളിലെ ഹെഡ്മാസ്റ്റർ കൈനിക്കര കുമാരപിള്ളയുടെ ഇംഗ്ലിഷ് ക്ലാസുകളും മലയാള ചെറുകഥാസാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധപ്പെടുത്തിയ വിഖ്യാത പത്രാധിപർ കേസരി ബാലകൃഷ്ണപിള്ളയും തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ പത്രംഓഫിസിലെ നിത്യേനയുള്ള സാഹിത്യസദസ്സുകളുമൊക്കെ തന്റെ എഴുത്തിനെ രൂപപ്പെടുത്തിയതായി തകഴി വിശ്വസിക്കുന്നു.

 

അക്ഷരം പഠിക്കാൻ തകഴി രണ്ടുദിവസമേ കുടിപ്പള്ളിക്കൂടത്തിൽ പോയിട്ടുള്ളൂ. കോണകമുടുത്തുകൊണ്ടാണ് ആ രണ്ടുദിവസവും പോയത്. രണ്ടുപേർക്കിരിക്കാവുന്ന കൊച്ചുവള്ളത്തിലിരുത്തി അമ്മയാണ് കുടിപ്പള്ളിക്കൂടത്തിലേക്കു തുഴഞ്ഞു കൊണ്ടു പോയത്. ആശാൻ അടിക്കുകയും വഴക്കു പറയുകയും ചെയ്യുന്ന കോപിഷ്ഠനാണെന്ന് വിചാരിച്ച്, രണ്ടാം ദിവസം, അമ്മയോടൊപ്പം പോകുമ്പോൾ, വള്ളത്തിൽനിന്ന് ആഴമുള്ള തോട്ടിലേക്ക് എടുത്തൊരു ചാട്ടം. അമ്മ കൂടെച്ചാടി മുങ്ങിപ്പോയ കുഞ്ഞിനെ രക്ഷിച്ചെടുത്തു. മടിയൻ കുഞ്ഞിനെ പിന്നെ അച്ഛൻ വീട്ടിലിരുത്തിയാണ് അക്ഷരം പഠിപ്പിച്ചത്. 

സ്‌കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നത് തകഴിയിലെ മലയാളം സ്‌കൂളിലാണ്. അവിടെ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകൻ ഉമ്മൻസാറിന്റെ നിർദേശപ്രകാരം രചനക്ലാസിൽ കുട്ടികളുടെ മുമ്പിൽ കഥ പറയാൻ തുടങ്ങി. അച്ഛനിൽനിന്നു മനസ്സിലാക്കിയ പുരാണ കഥകളാണ് അന്നൊക്കെ തന്മയത്വത്തോടെ പറഞ്ഞുഫലിപ്പിച്ചത്.

 

നാലാം ക്ലാസ് കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ ഇംഗ്ലിഷ് മിഡിൽ സ്‌കൂളിൽ ചേർന്ന് പഠനം തുടർന്നു. അവിടെ തേഡ് ഫോറം പാസായിക്കഴിഞ്ഞപ്പോൾ തുടർ പഠനം ഒരു പ്രശ്‌നമായി. അടുത്തൊന്നും ഇംഗ്ലിഷ് ഹൈസ്‌കൂളില്ല. ആഹാരത്തിനു മുട്ടുണ്ടായിട്ടില്ലെങ്കിലും വീട്ടിൽ, എടുത്തു പെരുമാറാൻ പൈസയില്ലാത്തതിന്റെ നല്ല ബുദ്ധിമുട്ടും. അപ്പോഴാണ് വൈക്കത്ത് എക്‌സൈസ് ഇൻസ്‌പെക്ടറായി ജോലി ചെയ്തിരുന്ന അളിയൻ (ചേച്ചിയുടെ ഭർത്താവ്) സഹായം വാഗ്ദാനം ചെയ്തത്. വൈക്കത്തിനു കിഴക്ക് വടയാർ എന്ന സ്ഥലത്തായിരുന്നു അളിയന്റെയും ചേച്ചിയുടെയും താമസം. അവരുടെ വീട്ടിൽ താമസിച്ച് വൈക്കം ഇംഗ്ലിഷ് ഹൈസ്‌കൂളിൽ ചേർന്നു ഹൈസ്‌കൂൾ പഠനം ആരംഭിച്ചു. അക്കാലത്താണ് തകഴി കഥയെഴുത്തു തുടങ്ങുന്നത്.

തകഴി ഭാര്യ കാത്തയ്ക്കൊപ്പം

 

ആദ്യത്തെ കഥയെഴുത്തിന് അദ്ദേഹത്തിന്റെ സഫലമാകാതെ പോയൊരു പ്രണയവുമായി ബന്ധമുണ്ട്. വടയാറിൽനിന്ന് അഞ്ചു മൈലോളം ദിവസവും നടന്നുപോയാണ് തകഴി വൈക്കം സ്‌കൂളിൽ പഠിച്ചിരുന്നത്. വടയാറിൽനിന്ന് തന്നേക്കാൾ മുതിർന്ന ഏതാനും പെൺകുട്ടികളോടൊപ്പമാണ് ദിവസവും നടന്നു പോയിരുന്നത്. സംഘമങ്ങനെ നടന്നു പോകുമ്പോൾ കുറച്ചകലെ വഴിയിൽ കാത്തുനിന്ന് ഒരു പെൺകുട്ടിയും ഒപ്പം  ചേരുമായിരുന്നു. ആ കുട്ടി തകഴിയുടെ ക്ലാസിൽ തന്നെയാണ് പഠിച്ചിരുന്നത്. തകഴിക്ക് ആ കുട്ടിയോട് ഒരിഷ്ടം. നേരിട്ടു പറയാനൊട്ടു ധൈര്യവുമില്ല. അങ്ങനെയിരിക്കെ അവളെ നായികയാക്കി ഗദ്യത്തിൽ ഒരു കഥയെഴുതി. തകഴി എഴുതിയ ആദ്യകഥ. കഥയ്ക്ക് അവളുടെ പേരിട്ടു. അതിനുമുമ്പ് ചില കഥകളൊക്കെ എഴുതിയിട്ടുണ്ട്. പക്ഷേ, അവയെല്ലാം പദ്യത്തിലായിരുന്നു. 

 

കഥയെങ്ങനെ കൂട്ടുകാരിക്കു കൈമാറും എന്നതായി പിന്നത്തെ ആലോചന. നോട്ട് പകർത്തിയെടുക്കാൻ നേച്ചർ സ്റ്റഡി ബുക്ക് ഒന്നു തരാമോ എന്ന് അവളോടു ചോദിച്ചു. ഇതാണ് അവളോടു നടത്തിയ ആദ്യ വർത്തമാനം. പിറ്റേന്ന് നോട്ട് ബുക്ക് തിരികെ കൊടുത്തപ്പോൾ കഥ അതിനുള്ളിൽ വച്ചിരുന്നു. അവൾ ഹെഡ്മാസ്റ്ററോടു പറഞ്ഞ് തല്ലുകൊള്ളിക്കുമോ എന്നു പേടിയുണ്ടായിരുന്നെങ്കിലും പിറ്റേന്ന് എ വെരി ഗുഡ് സ്റ്റോറി- കൺഗ്രാജുലേഷൻസ് എന്ന് കഥയ്ക്കു മുകളിൽ അഭിപ്രായമെഴുതി അവൾ തിരികെ കൊടുത്തു. പതിമൂന്നാം വയസ്സിൽ തകഴി എഴുതിയ ആ ആദ്യകഥയുടെ പേര് കമലം എന്നായിരുന്നു. കമല എന്നു പേരുള്ള ആ പെൺകുട്ടിക്കു പിന്നെയെന്തു സംഭവിച്ചുവെന്നറിയില്ല. പക്ഷേ പിന്നീട് വർഷങ്ങൾക്കു ശേഷം തകഴി വിവാഹം കഴിച്ചത് വീട്ടുകാർ കണ്ടെത്തിയ മറ്റൊരു കമലയെയാണ്– കമലാക്ഷിയമ്മ. സ്വന്തം ചേച്ചിയുടെ പേരും കമലാക്ഷി എന്നായതിനാൽ തകഴി ഭാര്യയെ കാത്ത എന്നു വിളിച്ചു. കാത്ത തകഴിയെ ജീവിതാന്ത്യം വരെ കാത്തുസൂക്ഷിച്ചു; തകഴി തിരിച്ചും. തകഴി മരിച്ച് 12 വർഷത്തിനു ശേഷമായിരുന്നു അവരുടെ മരണം.

 

ആദ്യ കഥയ്ക്കു കിട്ടിയ അഭിനന്ദനം - അതും സ്വന്തം കാമുകിയുടെ കയ്യിൽ നിന്നുള്ളത് - അദ്ദേഹത്തിനു വലിയ പ്രോൽസാഹനമായി. കഥയെഴുതി കാമുകിയുടെ മനസ്സിൽ ഇടംപിടിച്ചെങ്കിലും കഥയെഴുത്തിൽ മുഴുകിയ തകഴി ഫിഫ്ത്ത് ഫോമിൽ തോറ്റു. കാമുകി ഉയർന്ന ക്ലാസിൽ പഠിക്കുമ്പോൾ താഴത്തെ ക്ലാസിൽ പഠിക്കാൻ മടി തോന്നിയതിനാൽ തകഴി പിന്നീട് വൈക്കത്തു നിന്നില്ല. തകഴിയിലെ വീട്ടിലേക്കു മടങ്ങി. കരുവാറ്റ എൻഎസ്എസ് ഹൈസ്‌കൂളിൽ ചേർന്നാണ് ബാക്കി ഹൈസ്‌കൂൾ പഠനം പൂർത്തീകരിച്ചത്. അവിടെ പഠിക്കുമ്പോഴാണ് ആദ്യകഥ അച്ചടിച്ചു വരുന്നത്– 1929 ൽ. അന്നു തകഴിക്കു പ്രായം 17 വയസ്സ്. നായർ സർവീസ് സൊസൈറ്റിയുടെ മുഖപത്രമായ സർവീസ് വാരികയിലാണ് അത് അച്ചടിച്ചു വന്നത്. കഥയുടെ പേര് സാധുക്കൾ. കെ.കെ. ശിവശങ്കരപ്പിള്ള എന്ന പേരിലാണ് ആ കഥ അച്ചടിച്ചു വന്നത്. അതേവർഷം തന്നെ മലയാള മനോരമയിലും അതേ പേരിൽ ഒന്നു രണ്ടു കഥകൾ ‌വന്നു.

 

ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ തകഴി തുടർന്നു പഠിക്കാൻ പണമില്ലാതെ രണ്ടുവർഷം വീട്ടിൽ ചുമ്മാതെ നിന്നു. തിരുവനന്തപുരത്തുപോയി ബിഎ പരീക്ഷ പാസായി സർക്കാർ ഉദ്യേഗസ്ഥനാവുക എന്ന ആഗ്രഹം ദാരിദ്ര്യം മൂലം ഉപേക്ഷിക്കേണ്ടി വന്നത് അദ്ദേഹത്തെ വല്ലാതെ നിരാശനാക്കി. ‌നിരാശ മറികടക്കാൻ അദ്ദേഹം വിശ്രമമില്ലാതെ കഥകൾ എഴുതി.  ചിലതെല്ലാം അച്ചടിച്ചു വന്നു. പലതും അച്ചടിക്കപ്പെടാതെ തിരികെ വന്നു. അക്കൂട്ടത്തിൽ തിരികെ വന്ന ചില കഥകൾ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. തിരുവനന്തപുരത്തുനിന്ന് ആയിടെ ആരംഭിച്ച പ്രബോധകൻ മാസികയുടെ പത്രാധിപർ കേസരി എ. ബാലകൃഷ്ണപിള്ള കഥയോടൊപ്പം ഒരു കത്തും കൂടി എഴുതുമായിരുന്നു. എങ്ങനെയാണ് കഥയെഴുതേണ്ടത് എന്ന മാർഗനിർദേശമായിരുന്നു ഓരോ കത്തും. മോപ്പസാങ്, ചെക്കോവ്, ബൽസാക്ക് തുടങ്ങി പ്രസിദ്ധരായ വിദേശ എഴുത്തുകാരുടെ കഥകൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി പ്രബോധകനിൽ പ്രസിദ്ധീകരിക്കുമായിരുന്നു. ഈ കഥകൾ വായിക്കാൻ തുടങ്ങിയതോടെ തകഴിയുടെ കഥയെഴുത്തിന്റെ സ്വഭാവം മാറി.

 

മുമ്പ് കരുവാറ്റ സ്‌കൂളിൽ പഠിക്കുമ്പോൾ, കൈനിക്കര കുമാരപിള്ള പരിചയപ്പെടുത്തിയ രബീന്ദ്രനാഥ ടഗോറിന്റെ കഥാലോകമായിരുന്നു തകഴിയെ വിസ്മയിപ്പിച്ചതെങ്കിൽ ഇപ്പോൾ പാശ്ചാത്യ കഥകളുടെ വിശാലലോകം പുത്തൻ വിസ്മയമായി. രണ്ടു വർഷത്തെ വീട്ടുജീവിതത്തിനുശേഷം അച്ഛനെയും അമ്മയെയും സ്വാധീനിച്ച് പ്ലീഡർഷിപ് പരീക്ഷയ്ക്കു പഠിക്കാൻ തിരുവനന്തപുരത്തേക്കു പോകാൻ തകഴിയെ പ്രേരിപ്പിച്ചത് പ്രബോധകൻ മാസികയും കേസരി ബാലകൃഷ്ണപിള്ളയുമായി എഴുത്തുവഴിയായി രൂപപ്പെട്ട ബന്ധവുമാണ്. തിരുവനന്തപുരം ലോ കോളജിലെ  പഠനകാലവും പിന്നീട് അവിടെത്തന്നെ ഏതാനും വർഷം പത്രപ്രവർത്തകനായി ജോലി ചെയ്ത സമയവുമാണ് തകഴിയെ കേരളമറിയുന്ന എഴുത്തുകാരനാക്കിയത്. കേസരിയുടെ പത്രം ഓഫിസുമായി ബന്ധപ്പെടാത്ത എഴുത്തുകാർ കുറവായിരുന്നു. അവിടത്തെ നിത്യസന്ദർശകനായ തകഴി അവരുമായെല്ലാം ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചു. ഇ.വി. കൃഷ്ണപിള്ള, കെ.എ. ദാമോദരമേനോൻ, സി. നാരായണപിള്ള, സി.വി. കുഞ്ഞുരാമൻ, ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവൻപിള്ള, സദസ്യതിലകൻ ടി.കെ.വേലുപ്പിള്ള തുടങ്ങിയ വലിയ എഴുത്തുകാരും പട്ടം താണുപിള്ള, സി. കേശവൻ, ടി.എം. വർഗീസ് തുടങ്ങിയ പ്രഗത്ഭ രാഷ്ട്രീയക്കാരും മള്ളൂർ ഗോവിന്ദക്കുറുപ്പിനെപ്പോലെയുള്ള പ്രമുഖ അഭിഭാഷകരുമൊക്കെയായുള്ള അടുപ്പവും  ജീവിതത്തിലെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെയുള്ള കടന്നുപോക്കും തകഴിയുടെ എഴുത്തിനെ രൂപപ്പെടുത്തി.

 

ലോ കോളജിൽ പഠിക്കുന്ന സമയത്ത് അദ്ദേഹം തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെയും നിത്യസന്ദർശകനായിരുന്നു. കേസരി സദസ്സിൽനിന്നും മറ്റു സമ്പർക്കങ്ങളിൽനിന്നും  ലഭിക്കുന്ന മാർഗനിർദേശങ്ങൾ പ്രകാരം ഫ്രോയിഡിയൻ മനശ്ശാസ്ത്രം, മാർക്‌സിയൻ സാമ്പത്തിക ശാസ്ത്രം, യൂറോപ്യൻ സാഹിത്യ സിദ്ധാന്തങ്ങൾ എന്നിവയൊക്കെയനുസരിച്ചുള്ള എണ്ണമില്ലാത്ത പുസ്തകങ്ങൾ അദ്ദേഹം അവിടെനിന്ന് എടുത്തു വായിച്ചുകൊണ്ടിരുന്നു. ഈ കാലത്താണ് മലയാള ചെറുകഥയിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായ ‘വെള്ളപ്പൊക്കത്തിൽ’ അദ്ദേഹം എഴുതുന്നത്. പുരാണ കഥാപാത്രങ്ങളോ രാജാക്കന്മാരോ സാധാരണ മനുഷ്യരോ ഒക്കെ മുഖ്യ കഥാപാത്രങ്ങളായി വരുന്നവയാണ് അതുവരെയിറങ്ങിയിട്ടുള്ള കഥകളെങ്കിൽ അതിദരിദ്രനും ജാതിയിൽ താണവനുമായ ഒരു കൃഷിപ്പണിക്കാരന്റെ വളർത്തുനായ മുഖ്യകഥാപാത്രമായി എഴുതപ്പെട്ട കഥ മലയാള ചെറുകഥാലോകത്ത് ഒരു പുതുവഴി വെട്ടിത്തുറക്കുകയായിരുന്നു. തിരുവനന്തപുരം ജീവിതകാലത്തു തന്നെ അദ്ദേഹത്തിന്റെ ആദ്യനോവൽ പ്രസിദ്ധപ്പെടുത്തി– ‘ത്യാഗത്തിനു പ്രതിഫലം.’ 

87 വർഷം നീണ്ട ജീവിത കാലത്ത് അദ്ദേഹം അഞ്ഞൂറോളം ചെറുകഥകളും 39 നോവലുകളും ഒരു നാടകവും ഒരു യാത്രാവിവരണഗ്രന്ഥവും ആത്മകഥാ സ്വഭാവത്തിലുള്ള നാലു കൃതികളും എഴുതി. 

 

1939 ൽ 27-ാമത്തെ വയസ്സിൽ അമ്പലപ്പുഴ കോടതിയിൽ പ്ലീഡറായി അഭിഭാഷക വൃത്തി ആരംഭിച്ചെങ്കിലും അദ്ദേഹം സ്വയം വിശേഷിപ്പിച്ചിട്ടുള്ളത് കർഷകൻ എന്നാണ്. കാരണം അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും എഴുത്തിന്റെയും ഊടുംപാവും കുട്ടനാട്ടിലെ കൃഷിനിലങ്ങളായിരുന്നു. കുട്ടനാടിന്റെ ഇതിഹാസകാരൻ എന്ന് അദ്ദേഹം അറിയപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ എഴുത്തുകാരുടെ സഹകരണ സംഘം എന്ന ആശയവുമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം ആരംഭിച്ചപ്പോൾ ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം ‘തകഴിയുടെ കഥകൾ’ ആണ്- 1945ൽ. 

 

വെള്ളപ്പൊക്കത്തിൽ  മലയാള ചെറുകഥയിലെ വിപ്ലവമായിരുന്നുവെങ്കിൽ മലയാളത്തിലെ നോവൽ സാഹിത്യത്തിന്റെ രൂപം പൊളിച്ചുപണിതത് തകഴിയുടെ ‘തോട്ടിയുടെ മകൻ’ എന്ന നോവലാണ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ 1947 ലാണത് പുറത്തു വന്നത്. സാഹിത്യത്തിന്റെ മാത്രമല്ല മനുഷ്യരുടെ  തന്നെ ദൃഷ്ടിയിൽ പെടാൻ അവകാശമില്ലാത്ത വിധം അവഗണിക്കപ്പെട്ടും പാർശ്വവത്കരിക്കപ്പെട്ടും പുച്ഛിക്കപ്പെട്ടും പോയിരുന്ന, മനുഷ്യവിസർജ്യം കോരി മാറ്റി ജീവിച്ചുവന്ന കുറെപ്പേരുടെ കണ്ണീരും പ്രണയവും ആനന്ദവും എല്ലാം നോവൽ വായനക്കാരുടെ മുമ്പിലേക്ക്, അവരുടെ പൂമുഖത്തേക്കും കിടപ്പുമുറിയിലേക്കുമൊക്കെ എത്തിച്ചു. പിന്നീട് തോട്ടിപ്പണി നിരോധിക്കാനും തോട്ടിപ്പണി ചെയ്തു വന്നവരെ മനുഷ്യരായി പരിഗണിക്കാനും അധികാരികളെ പ്രേരിപ്പിച്ച പുസ്തകമായിരിക്കും ‘തോട്ടിയുടെ മകൻ’ എന്നുറപ്പ്.

 

‘തോട്ടിയുടെ മകൻ’ എഴുതുന്നതിനു മുമ്പ് ‘പതിതപങ്കജം’ എന്നൊരു നോവൽ അദ്ദേഹം എഴുതിയിട്ടുണ്ട്. 1935ൽ പ്രസിദ്ധപ്പെടുത്തിയ ‘പതിതപങ്കജം’ അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലാണ്. ഇതിലെ നായിക ഒരു വേശ്യയാണ്. ജീവിക്കാൻ മറ്റുവഴിയില്ലാതെ വേശ്യയാവാൻ നിർബന്ധിതയാക്കപ്പെട്ട ഗുണവതി എന്ന നർത്തകിയുടെ കഥയാണത്. സ്ത്രീപുരുഷ ബന്ധം, ലൈംഗികത, സദാചാരം തുടങ്ങിയ വിഷയങ്ങളിൽ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളെ പ്രഹരിക്കുന്ന നോവലാണത്. തകഴിയുടെ കയ്യിൽ കണ്ട കടലാസുകെട്ട് ‘പതിതപങ്കജ’ത്തിന്റെ പ്രൂഫ് കോപ്പിയാണെന്നു കേട്ടപ്പോൾ അതിപ്രശസ്തനായിരുന്ന ഇ.വി. കൃഷ്ണപിള്ള ചോദിച്ചുവാങ്ങി വായിക്കുകയും തകഴി ആവശ്യപ്പെടാതെതന്നെ അതിനൊരു അവതാരിക എഴുതിക്കൊടുക്കുകയും ചെയ്തു. തകഴിയുടെ ഒരൊറ്റ നോവലിനേ അവതാരികയുള്ളൂ. അതിതാണ്. 

 

തെണ്ടികൾ എങ്ങനെയുണ്ടാകുന്നു എന്ന സാമൂഹിക ശാസ്ത്രപരമായ വിഷയത്തെ മുൻനിർത്തി തകഴി എഴുതിയ നോവലാണ് ‘തെണ്ടിവർഗം’ (1950). സമൂഹത്തിന്റെ അസന്തുലിതമായ അവസ്ഥയും സാമ്പത്തികാനീതികളുമാണ് തെണ്ടികളെ സൃഷ്ടിക്കുന്നതെന്ന് നോവലിലൂടെ അദ്ദേഹം സ്ഥാപിക്കുന്നു. 

 

വേശ്യകളെയും തെണ്ടികളെയും കുറ്റവാളികളെയുമെല്ലാം സൃഷ്ടിക്കുന്നത് സമൂഹമാണെന്ന് തകഴി വിശ്വസിച്ചു. അതനുസരിച്ച് അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ എഴുത്ത് അതതു മേഖലയിൽപെട്ട മനുഷ്യർക്കു ലഭിച്ച അനുഗ്രഹവർഷങ്ങളോ സ്‌നേഹാലിംഗനങ്ങളോ ഒക്കെയായിരുന്നു. മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേക്കും അതിൽത്തന്നെ മുൻനിരയിലേക്കും തകഴിയെ ആനയിച്ച രചനകളാണവ. തകഴിയുടെ നോവലുകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടവയെന്ന നിലയ്ക്കു മാത്രമല്ല, മലയാള നോവൽ സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കൃതികൾ എന്ന നിലയ്ക്കു കൂടി പരിഗണിക്കേണ്ടവയാണ് ‘തോട്ടിയുടെ മകൻ’, ‘രണ്ടിടങ്ങഴി’, ‘ചെമ്മീൻ’, ‘ഏണിപ്പടികൾ’, ‘കയർ’ തുടങ്ങിയവ.

 

മലയാള സാഹിത്യത്തെ മാത്രമല്ല, കേരള രാഷ്ട്രീയത്തെയും സമൂഹത്തെയും മാറ്റിമറിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നോവലാണ് ‘രണ്ടിടങ്ങഴി’. 1947ൽ പുറത്തുവന്ന ‘തോട്ടിയുടെ മകനി’ൽ മനുഷ്യവിസർജ്യം നീക്കം ചെയ്യുന്ന പ്രാന്തവൽക്കരിക്കപ്പെട്ട മനുഷ്യർ വർഗബോധമാർജിച്ച് സംഘടിച്ച് അവകാശങ്ങൾ നേടിയെടുക്കാൻ തുടങ്ങുന്നതിന്റെ കഥയാണ് പറഞ്ഞതെങ്കിൽ തൊട്ടടുത്ത വർഷം പുറത്തുവന്ന ‘രണ്ടിടങ്ങഴി’ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ ദയനീയ ജീവിതവും അവർ സംഘടിച്ച് കർഷകരോട് അവകാശം ചോദിച്ചു വാങ്ങുന്നതിന്റെ കഥയുമാണ് വിവരിക്കുന്നത്. എഴുത്തുകാരനെന്ന നിലയിൽ തകഴിക്ക് മലയാള സാഹിത്യത്തിൽ കസേര ഉറപ്പിച്ചു കൊടുത്ത കൃതിയാണ് ‘രണ്ടിടങ്ങഴി’. മലയാള നോവലിന്റെ ചരിത്രത്തിലെ നാഴികക്കല്ലു കൂടിയാണത്. 

 

തകഴിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം നോവലും ‘രണ്ടിടങ്ങഴി’യാണ്. വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടതിലൂടെ കുട്ടനാട് എന്ന പ്രദേശത്തെ ലോകപ്രശസ്തമാക്കി എന്ന പ്രാധാന്യവും ‘രണ്ടിടങ്ങഴി’ക്കുണ്ട്. കമ്യൂണിസ്റ്റ് ആശയവും മാർക്‌സിയൻ ആശയവും തകഴിയിൽ സൃഷ്ടിച്ച വിപ്ലവാഭിമുഖ്യം തെളിഞ്ഞു നിൽക്കുന്ന നോവൽ കേരളമൊട്ടാകെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തി. 1957ൽ കമ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലെത്തിയതിന്റെ കാരണങ്ങൾ അടുക്കടുക്കായി അവതരിപ്പിച്ചാൽ അതിലൊന്ന് ‘രണ്ടിടങ്ങഴി’ ഉൾപ്പെടെ തകഴി അക്കാലത്തെഴുതിയ ചില നോവലുകൾ കൂടിയാണെന്നു കാണാം. മണ്ണിൽ പണിയെടുക്കുന്ന യഥാർഥ കർഷകർക്ക് അവകാശപ്പെട്ടതാണ് കൃഷിഭൂമി എന്ന ചിന്ത മുന്നോട്ടുവച്ച് ഭൂപരിഷ്‌കരണാശയത്തെ ഉദ്ദീപിപ്പിക്കുന്നതിലും ‘രണ്ടിടങ്ങഴി’ നിർണായക പങ്കു വഹിച്ചു.

 

തകഴിയുടെ നോവലുകളിൽ അതുവരെ കണ്ടുവന്ന രീതികളിൽനിന്ന് കൃത്യമായും ഒരു മാറിനടപ്പായിരുന്നു ‘ചെമ്മീൻ’. ‘തോട്ടിയുടെ മകൻ’ മുതലുള്ള തകഴിയുടെ മിക്ക നോവലുകളുടെയും അടിസ്ഥാനധാരയായി വർത്തിച്ചത് വർഗസമരം എന്ന കമ്യൂണിസ്റ്റ് ആശയമാണെങ്കിൽ സാധാരണ മനുഷ്യരുടെ വികാരജീവിതം ആണ് ചെമ്മീനിൽ മുന്നിട്ടു നിന്നത്. 

 

തനിക്കു ചിരപരിചിതരായ പുറക്കാട് കടപ്പുറത്തെ അരയ സമുദായത്തിൽ പെട്ട മൽസ്യത്തൊഴിലാളികളുടെ ജീവിതമാണ് അതിൽ ചിത്രീകരിച്ചത്. കരയിലിരിക്കുന്ന മുക്കുവത്തിയുടെ ചാരിത്ര്യത്തിലാണ് കടലിൽ പോകുന്ന മുക്കുവന്റെ ആയുസ്സിരിക്കുന്നത് എന്ന, ചെമ്മീൻ മുന്നോട്ടുവച്ച ചിന്ത അന്ധവിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണെന്ന് പുരോഗമനവാദികളും അരയരുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആ സമുദായത്തിൽ പെട്ടവരും ആക്ഷേപിച്ചെങ്കിലും മലയാള സാഹിത്യം അദ്ഭുതാദരങ്ങളോടെയാണ് ചെമ്മീനെ അന്നും ഇന്നും കാണുന്നത്. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ള തകഴിയുടെ നോവലും ചെമ്മീൻ ആയിരിക്കും.

 

ഈ നോവലിനെ ആധാരമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത അതേപേരിലുള്ള സിനിമയ്ക്ക് ദേശീയതലത്തിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ ലഭിച്ചു. ആ പുരസ്‌കാരം ആദ്യമായി മലയാളത്തിനു ലഭിക്കുകയായിരുന്നു. 1956ൽ എഴുതിയ ചെമ്മീൻ നോവലിന് തൊട്ടടുത്ത വർഷം (1957) കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. വായനക്കാർ ക്യൂ നിന്ന് വാങ്ങിയ പുസ്തകമാണ് ചെമ്മീൻ.

 

ചെമ്മീൻ നേടിക്കൊടുത്ത പ്രശസ്തിയുടെ മുകളിലിരുന്നുകൊണ്ട് അദ്ദേഹം എഴുതിയ നോവലാണ് ‘ഏണിപ്പടികൾ’. 1961ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരണം ആരംഭിച്ച നോവൽ 1964ൽ ആണ് പുസ്തകരൂപത്തിൽ പുറത്തു വന്നത്. 1965 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയും ചെയ്തു. രാജഭരണത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് കേരളം മാറിയതിന്റെ ചരിത്രമെന്നോ 1957 ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്താനിടയായ പശ്ചാത്തലം വിവരിക്കുന്ന മുപ്പതുവർഷത്തെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന നോവലാണത്. സെക്രട്ടേറിയറ്റിലെ സാധാരണ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച  കേശവപിള്ള തന്ത്രങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയും പടിപടിയായി ജോലിക്കയറ്റം ലഭിച്ച് ചീഫ് സെക്രട്ടറിയാവുന്നതിന്റെ കഥയാണ് ‘ഏണിപ്പടികൾ’. അധികാരം എങ്ങനെ മനുഷ്യരെ ദുഷിപ്പിക്കുന്നു എന്നതിന്റെ കൃത്യമായ ആഖ്യാനമായി ഏണിപ്പടികളെ വിലയിരുത്താം. മനുഷ്യ സ്വഭാവ വൈചിത്ര്യങ്ങളുടെ പ്രദർശനശാലയാണ് ‘ഏണിപ്പടികൾ’ എന്ന് കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി തകഴിയുടെ ലഘുജീവചരിത്രം തയാറാക്കിയ ഡോ. കെ.എസ്. രവികുമാർ അഭിപ്രായപ്പെടുന്നു. 

 

മലയാളത്തിലെ മുൻനിര എഴുത്തുകാരനായി തലയെടുപ്പോടെ തകഴി നിൽക്കുമ്പോഴാണ് ആധുനികതയുടെ കൊടുങ്കാറ്റ് പാശ്ചാത്യ സാഹിത്യ ലോകത്തുനിന്ന് മലയാളത്തിലേക്കു വീശിയടിക്കുന്നത്. ആ കൊടുങ്കാറ്റിൽപെട്ട് അതുവരെയുണ്ടായിരുന്ന സാഹിത്യ സങ്കൽപങ്ങളും എഴുത്തുരീതികളും പ്രമേയങ്ങളും എഴുത്തുകാരുമൊക്കെ ആടിയുലഞ്ഞു. പലരും പിന്നണിയിലേക്ക് ഒതുങ്ങിപ്പോയി. അക്കൂട്ടത്തിൽ തകഴിയും കുറച്ചുകാലം ഒതുക്കപ്പെട്ടു.

ഈ വെല്ലുവിളി മറികടന്ന് അതിശക്തനായി തകഴി തിരിച്ചെത്തുകയും ജ്ഞാനപീഠം നേടുന്നതിലേക്കു വരെ വളർന്നുയരുകയും ചെയ്ത നോവലാണ് ‘കയർ’. 1978ൽ പ്രസിദ്ധീകരിച്ച ‘കയറി’ന് 139 അധ്യായങ്ങളിലായി ആയിരത്തിലേറെ പേജുകളുണ്ട്.

 

പേരു കേൾക്കുമ്പോൾ കയർ വ്യവസായത്തിന്റെ ചരിത്രം, കയർത്തൊഴിലാളികളുടെ ജീവിതം എന്നൊക്കെ തെറ്റിദ്ധരിക്കാമെങ്കിലും നോവലിന് അവയൊന്നുമായി ഒരു ബന്ധവുമില്ല. ചകിരിനാരു കൊണ്ട് കയർ പിരിക്കുംപോലെ മനുഷ്യ ബന്ധങ്ങളും ഭൂനിയമങ്ങളും കുട്ടനാട്ടിലെ രാഷ്ട്രീയ, സാമൂഹിക, കാർഷിക പരിണാമവുമൊക്കെ കൂടി പിരിച്ചു ചേർത്ത കഥയായതുകൊണ്ടാണ് അദ്ദേഹം നോവലിന് ‘കയർ’ എന്നു പേരിട്ടത്. കുട്ടനാടിന്റെ ഇതിഹാസമാണത്. ആദ്യഘട്ടങ്ങളിൽ കുട്ടനാട്ടിലെ ഭൂമികൈമാറ്റത്തിന് രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയിലെ ഒരു പിടി മണ്ണും പൂവും വെള്ളവും ചേർത്ത് ഭൂമിയുടെ ഉടമ മറ്റൊരാളുടെ കയ്യിലേക്കു വച്ചുകൊടുത്താൽ ഭൂമികൈമാറ്റമായി. ആ കാലഘട്ടം മുതൽ 1970 ലെ ഭൂപരിഷ്‌കരണ നിയമം വരെയുള്ള ഒരു നൂറ്റാണ്ടു കാലത്തെ ഭൂനിയമങ്ങളുടെയും ഭൂവുടമസ്ഥതകളുടെയും കഥ കൂടിയാണ് ‘കയർ’. വയലാർ അവാർഡും ആ കൃതിക്കു ലഭിച്ചു. ആധുനികതയുടെ തള്ളിക്കയറ്റത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ശേഷം എഴുതിയ നോവലായതുകൊണ്ടാവാം ‘കയർ’ അച്ചടിക്കാൻ  പ്രധാന പ്രസാധകരൊന്നും തയാറായില്ല. തന്റെ സുഹൃത്ത് തുമ്പമൺ തോമസ് തിരുവല്ലയിൽ നടത്തിക്കൊണ്ടിരുന്ന സമസ്യ എന്ന അപ്രധാന പ്രസാധക സ്ഥാപനമാണ് ‘കയർ’ പ്രസിദ്ധീകരിക്കാൻ തയാറായത്.

 

മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം എന്ന കേന്ദ്രപ്രമേയത്തെ നോവൽവൽക്കരിച്ച ‘കയർ’ പ്രസിദ്ധീകരിക്കപ്പെട്ടതോടെ തകഴി എന്ന എഴുത്തുകാരൻ ഉയർത്തെഴുന്നേൽക്കുകയായിരുന്നു. ജി.ശങ്കരക്കുറുപ്പിനും എസ്.കെ.പൊറ്റെക്കാടിനും ശേഷം ജ്ഞാനപീഠ പുരസ്‌കാരത്തെ മലയാളത്തിലേക്കു കൊണ്ടുവരാൻ ‘കയർ’ നിമിത്തമായി. അതിന്റെ ദൃശ്യരൂപാന്തരം ദൂരദർശന്റെ ദേശീയ ചാനലിൽ പരമ്പരയായി സംപ്രേഷണം ചെയ്തു.

 

നവോത്ഥാന ആശയങ്ങളാൽ പ്രചോദിതനായി എഴുത്ത് ആരംഭിച്ച തകഴി, കമ്യൂണിസവും മാർക്‌സിസവും കേരളീയ സമൂഹത്തെ പരിഷ്‌കരിച്ചുകൊണ്ട് നവോത്ഥാന ആശയമായിനിന്ന കാലത്ത് അതിന്റെയൊപ്പം സഞ്ചരിക്കുകയും എഴുത്തിലൂടെ അതിനെ കൂടുതൽ ജനകീയമാക്കുന്നതിൽ വലിയ സംഭാവന നൽകുകയും ചെയ്‌തെങ്കിൽ കമ്യൂണിസത്തിനും മാർക്‌സിസത്തിനും വഴി തെറ്റാൻ തുടങ്ങിയപ്പോൾ ഒട്ടും ഭയം കൂടാതെ അതിനെ വിമർശിക്കാനും അദ്ദേഹം മടിച്ചില്ല. പാർട്ടിയെ നന്നാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വിയോജിപ്പുകൾ. പക്ഷേ, പാർട്ടി തിരുത്തലുകൾ തൊലിപ്പുറ ചികിൽസയാക്കി മാറ്റിയതോടെ അദ്ദേഹം പാർട്ടിയിൽ നിന്നകന്നു. അതിനു മുമ്പും നേതാവോ സജീവ പ്രവർത്തകനോ ആയി അദ്ദേഹം പാർട്ടിയിൽ ഉണ്ടായിരുന്നില്ലെങ്കിലും ഉറച്ച അനുഭാവി ആയിരുന്നു. സഹയാത്രികനായിരുന്നു.

 

നവോത്ഥാനമാണ് തകഴിയെ എഴുത്തുകാരനാക്കിയതെന്ന് തുടക്കത്തിൽ പറഞ്ഞു. അദ്ദേഹം എഴുത്തിലൂടെ സാധിച്ചതും കേരളീയ സമൂഹത്തിന്റെ പരിഷ്‌കരണമാണ്. 500 വർഷം മുമ്പ് എഴുത്തച്ഛൻ, പൂന്താനം തുടങ്ങിയവരും  ഇരുപതാം നൂറ്റാണ്ടിൽ ഉള്ളൂർ എസ് പരമേശ്വരയ്യർ, കുമാരനാശാൻ, വള്ളത്തോൾ നാരായണ മേനോൻ, കേരളവർമ വലിയ കോയിതമ്പുരാൻ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ, പണ്ഡിറ്റ് കെ.പി. കറുപ്പൻ തുടങ്ങിയവരുമൊക്കെ എഴുത്തിലൂടെ നിർവഹിച്ചത് നവോത്ഥാനമാണെങ്കിൽ അതിന്റെ തുടർച്ച നിലനിർത്തുകയും നമ്മുടെ കൺമുന്നിൽ അത് നടപ്പാവുന്നതു കണ്ട് സന്തോഷിക്കുകയും ചെയ്ത ആളാണ് തകഴി ശിവശങ്കരപ്പിള്ള. എനിക്കദ്ദേഹവുമായി 1991 മുതൽ അടുത്തു പരിചയമുണ്ടായിരുന്നു. പിശുക്കൻ എന്ന പരിഹാസത്തിനു വിധേയനായിട്ടുള്ള തകഴി അടുത്തു പരിചയപ്പെടുന്നവരുടെ മുന്നിൽ സ്‌നേഹത്തിന്റെ പ്രതീകമായിരുന്നു. ഇഷ്ടക്കാർക്കു മുന്നിൽ ഒരുവിധ പിശുക്കും അദ്ദേഹം കാട്ടിയിട്ടുമില്ല. ഒട്ടും പിശുക്കു കാട്ടാതെ  അക്ഷരത്തെ കൈകാര്യം ചെയ്ത വലിയ എഴുത്തുകാരനാണ് തകഴി.

 

Content Summary: Ravivarma Thampuran remembers writer Thakazhi Sivasankara Pillai