അഞ്ചു പേരെ വിവാഹം കഴിച്ചവൾ (അഞ്ചാമത്തെ വിവാഹം കഴിക്കുമ്പോൾ എയ്മിയ്ക്ക് വയസ്സ് 62, ഭർത്താവിന് 26 ഉം), അതിലേറെ പേരെ പ്രണയിച്ചവൾ, അഞ്ചു മക്കളുടെ അമ്മ, പൈതൃകമായി കിട്ടിയ സ്വത്ത് ലോകസഞ്ചാരങ്ങൾക്കും പാർട്ടികൾക്കും വേണ്ടി ധൂർത്തടിച്ചവൾ

അഞ്ചു പേരെ വിവാഹം കഴിച്ചവൾ (അഞ്ചാമത്തെ വിവാഹം കഴിക്കുമ്പോൾ എയ്മിയ്ക്ക് വയസ്സ് 62, ഭർത്താവിന് 26 ഉം), അതിലേറെ പേരെ പ്രണയിച്ചവൾ, അഞ്ചു മക്കളുടെ അമ്മ, പൈതൃകമായി കിട്ടിയ സ്വത്ത് ലോകസഞ്ചാരങ്ങൾക്കും പാർട്ടികൾക്കും വേണ്ടി ധൂർത്തടിച്ചവൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചു പേരെ വിവാഹം കഴിച്ചവൾ (അഞ്ചാമത്തെ വിവാഹം കഴിക്കുമ്പോൾ എയ്മിയ്ക്ക് വയസ്സ് 62, ഭർത്താവിന് 26 ഉം), അതിലേറെ പേരെ പ്രണയിച്ചവൾ, അഞ്ചു മക്കളുടെ അമ്മ, പൈതൃകമായി കിട്ടിയ സ്വത്ത് ലോകസഞ്ചാരങ്ങൾക്കും പാർട്ടികൾക്കും വേണ്ടി ധൂർത്തടിച്ചവൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എയ്മി ഇസബെല്ല ക്രോക്കർ (Aimee Isabelle Crocker) അറിയപ്പെട്ടിരുന്നത് ബൊഹീമിയയുടെ രാജ്ഞി എന്ന പേരിലാണ്. എന്നാൽ ചെക്ക് റിപ്പബ്ളിക്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബൊഹീമിയ എന്ന പ്രദേശം അവർ കണ്ടിട്ടുപോലുമുണ്ടാകാൻ വഴിയില്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും അവർ സഞ്ചരിച്ചിട്ടുണ്ടെങ്കിലും. പിന്നെ അവരെങ്ങനെ ആ നാടിന്റെ റാണിയാകും? 

 

ADVERTISEMENT

കലിഫോര്‍ണിയയിലെ ഒരു ആർട്ട് മ്യൂസിയത്തിന്റെ സ്ഥാപകനും അതിധനികനുമായിരുന്ന എഡ്വിൻ ക്രോക്കറുടെ നാല് പെൺമക്കളിൽ മൂത്തവൾ, അഞ്ചു പതിറ്റാണ്ടുകളിലായി മുപ്പതിന് താഴെ മാത്രം പ്രായമുള്ള അഞ്ചു പേരെ വിവാഹം കഴിച്ചവൾ (അഞ്ചാമത്തെ വിവാഹം കഴിക്കുമ്പോൾ എയ്മിയ്ക്ക് വയസ്സ് 62, ഭർത്താവിന് 26 ഉം), അതിലേറെ പേരെ പ്രണയിച്ചവൾ, അഞ്ചു മക്കളുടെ അമ്മ, പൈതൃകമായി കിട്ടിയ സ്വത്ത് ലോകസഞ്ചാരങ്ങൾക്കും പാർട്ടികൾക്കും വേണ്ടി ധൂർത്തടിച്ചവൾ, പെരുമ്പാമ്പുമായി കിടക്ക പങ്കിട്ടവൾ, മൂന്ന് വധശ്രമങ്ങളെ അതിജീവിച്ചവൾ, ജീവിതത്തിന്റെ അറ്റങ്ങളിൽ മാത്രം നടന്നവൾ, എയ്മി അതൊക്കെയായിരുന്നു. ഈ ലോകത്തിന് നൽകാവുന്ന സുഖങ്ങൾ മുഴുവൻ ആസ്വദിക്കുമ്പോഴും അവളൊന്നും അവൾക്കായി മാത്രം കരുതിവച്ചില്ല, സ്വന്തം ഭൗതികാവശിഷ്ടങ്ങൾ പോലും - മരണ ശേഷം അവളുടെ ചിതാഭസ്മം അടങ്ങിയ കലശം ആരോ മോഷ്ടിച്ചു കൊണ്ടു പോയിരുന്നു, പിന്നെയത് കണ്ടെത്താനായതേയില്ല. 

 

റോമനികൾ, അല്ലെങ്കിൽ റോമകൾ, ഇവർ സഞ്ചാരികളാണ്, ജിപ്സികൾ എന്ന് പൊതുവെ പറയാം, യൂറോപ്പിലും അമേരിക്കയിലും പരന്നു കിടക്കുന്ന ഒരു വംശം. ഈ ജനതയേയും ഇന്നത്തെ ചെക് റിപ്പബ്ളിക്കിന്റെ ഭാഗമായ ബൊഹീമിയ എന്ന പ്രദേശത്തേയും ചേർത്ത്, കൃത്യമായ വിശദീകരണങ്ങൾ ഇല്ലാത്ത ചില നാട്ടുകഥകളിൽ നിന്നാണു ബൊഹീമിയനിസം എന്ന വാക്ക് ഉദിക്കുന്നത്, കലയും സാഹിത്യവുമായി ബന്ധപ്പെട്ടവരുടെ അതിരുകളില്ലാത്ത ജീവിതശൈലിയെ ആ വാക്ക് സൂചിപ്പിക്കുന്നു. ഇവിടെ കേരളത്തിൽ അത്തരം ജീവിതം ജീവിച്ച് മതിയാകാതെ മരിച്ച പലരെയും നമുക്കുമറിയാം. 

വിക്ടർ ലീനസ്

 

ADVERTISEMENT

1.

 

ജീവിതത്തിന്റെ, അതത്ര നീണ്ടതൊന്നുമായിരുന്നില്ല, നല്ല ഭാഗം പത്രപ്രവർത്തകനായി ജീവിച്ചതുകൊണ്ടാവണമെന്നില്ല അയാൾ അവസാനത്തെ ശയനത്തിനായി ആ നിരത്ത് തിരഞ്ഞെടുത്തത്. മലയാള മനോരമയുടെ പനമ്പിള്ളി നഗറിലെ ഓഫിസിന്റെ മുന്നിലെ റോഡരികിൽ ആയിരുന്നു അയാൾ കിടന്നിരുന്നത്, കുടിച്ച് അബോധാവസ്ഥയിലായിരുന്നു കിടപ്പ്. കാണുമ്പോൾ ശ്വാസമുണ്ടായിരുന്നു എന്നാണ് അയാളെ കണ്ടെത്തിയ വഴിപോക്കർ പറഞ്ഞത്, എന്നാൽ ആശുപത്രിയിൽ മരിച്ച നിലയിലാണ് എത്തിയതെന്ന് ഡോക്ടർമാർ പറയുന്നു. ഭിന്നമായ കഥകൾ ഇനിയും പലതുമുണ്ട് –  തിരിച്ചറിയാതിരുന്നതുകൊണ്ടു പൊതുശ്മശാനത്തിൽ അടക്കം ചെയ്യാൻ അധികൃതർ തയാറെടുത്തുവെന്നും സാഹിത്യകാരനും സുഹൃത്തുമായ ജോസഫ് വൈറ്റില ആളെ തിരിച്ചറിഞ്ഞുവെന്നും അതുകൊണ്ടു മാത്രം മൃതദേഹം തൈക്കൂടം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ സാധിച്ചുവെന്നും ഒക്കെ സംസാരമുണ്ടായിരുന്നു, മദ്യത്തിൽ വിഷം ചേർത്തു കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു അയാൾ എന്നുവരെ. 1992 ഫെബ്രുവരിയിൽ നാൽപ്പത്താറു വയസ് തികയുന്നതിനു മുമ്പ് മരിച്ച വിക്ടർ ലീനസ്‌ ആത്മഹത്യയുമായി ഒരു കൂട്ടിമുട്ടൽ അതിനകം തന്നെ നടത്തിയിരുന്നു, അയാളുടെ ഭാര്യ ഒരു വർഷം മുമ്പേ ജീവിതം സ്വയം അവസാനിപ്പിച്ചിരുന്നു. 

 

ADVERTISEMENT

വിക്ടർ ലീനസിന്റെ ജീവിതത്തെക്കുറിച്ച് അധികമൊന്നും എഴുതപ്പെട്ടതായി അറിയില്ല. എഴുതപ്പെട്ടവയിൽ ഏറ്റവും മനോഹരം പി. എഫ്. മാത്യൂസിന്റെ ‘‘മരണത്താൽ ജ്ഞാനസ്നാനം’’ എന്ന ചെറുകഥയാവണം. ജോസഫ് വൈറ്റില ഒരു ലേഖനമെഴുതിയിട്ടുണ്ട് എന്ന് അറിയുന്നു. അദ്ദേഹത്തിന്റെ കഥകളെ കുറിച്ച് ഇ.ജെ. സക്കറിയാസും ഫ്രാൻസിസ് നൊറോണയും അടുത്ത കാലത്ത് എഴുതിയിരുന്നു. വിക്ടറിനറിയാമായിരുന്നു താനെഴുതുന്ന കഥകൾ കാലത്തിന് മുമ്പേ നടക്കുന്നവയാണെന്ന്. 1985 ൽ ഒമ്പത് കഥകളടങ്ങിയ ആദ്യസമാഹാരം പുറത്തിറങ്ങിയപ്പോൾ ഒരു കോപ്പി ചോദിച്ച രാംകുമാറിനോട് വിക്ടർ പറഞ്ഞത് ‘‘അത് നിനക്കൊന്നും മനസ്സിലാകില്ല’’ എന്നാണ്, രാംകുമാർ എന്ന രാമൻ, എറണാകുളത്തെ സിനിമാപ്രേമികൾക്ക് നല്ല പരിചയമുള്ള, ശ്രീധർ സിനിമയുടെ മുൻ മാനേജർ ആയിരുന്ന രാമൻ, അത്ര മോശം വായനക്കാരനൊന്നുമായിരുന്നില്ല.

 

ജോൺ എബ്രഹാം

2.

 

കൊച്ചിയിൽ പാലാരിവട്ടം ജംക്ഷനിൽ നിന്ന് കാക്കനാട്ടേക്കുള്ള വഴിയിൽ, ബൈപാസ് മുറിച്ച് കടന്നാൽ കത്തോലിക്കാ സമൂഹത്തിന്റെ പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ വലതുഭാഗത്ത് കാണാം. ചുവന്ന ചായമടിച്ച ആ കെട്ടിടത്തിന്റെ മുന്നിൽ നിന്ന് കിഴക്കോട്ട് നോക്കിയാൽ റോഡ് ഇടത്തോട്ട് വളയുന്നുണ്ട്, ഒരു കൈവഴി - അത് എരൂർ ഭാഗത്തേക്ക് പോകുന്ന വഴിയാണ് - നേരേയും പോകുന്നുണ്ട്, അതാണ് ആലിൻചുവട് കവല. റോഡ് രണ്ടായി പിരിയുന്നതിന്റെ മൂലയ്ക്കുള്ള കടയുടെ തിണ്ണയിൽ ആരോ മരിച്ചു കിടക്കുന്നു. രാമചന്ദ്രൻ നമ്പ്യാർ ആണ് കിടന്നിരുന്നത്, മുറുക്കുക ഒരു ശീലമായിരുന്നതുകൊണ്ട് ചുണ്ടിന്റെ കോണിലൂടെ ഒലിച്ചിറങ്ങിയ ഉമിനീരിൽ ഒരു ചുവപ്പ് നിറം പടർന്നിരിക്കണം. തന്റെ നിയോജക മണ്ഡലത്തിൽ നടന്ന അനാഥ മരണം പി ടി തോമസ് എം എൽ എ അറിഞ്ഞു, കൂടുതൽ അന്വേഷണങ്ങളായി, ആളെ തിരിച്ചറിഞ്ഞു. ടി. രാമചന്ദ്രൻ എന്നാണ് യഥാർഥ പേര്, ടീയാർ എന്ന പേരിൽ വായനക്കാരും അറിയും. 

 

കൊരുന്ന്യോടത്ത് കോമുട്ടി, ജാസക്കിനെ കൊല്ലരുത്, നാം നാളെയുടെ നാണക്കേട് - മലയാള സാഹിത്യത്തിന്റെ മൂല്യം ഉയർത്താൻ കെൽപ്പുള്ള കുറെ രചനകൾ ടീയാറിന്റേതായുണ്ട്. എന്നാൽ 56 വർഷം മാത്രം നീണ്ട ആ ജീവിതം, ആ ജീവിതത്തിന്റെ ക്രമമില്ലായ്മ, ഇതൊക്കെ അതിനു തടസ്സമായി, കരിങ്കണ്ണ് പറ്റിയ മാതിരി. അല്ലെങ്കിൽ ഇംഗ്ലിഷ് ഭാഷയിൽ പാണ്ഡിത്യമുണ്ടായിരുന്ന, ലോക സാഹിത്യത്തെ അടുത്തറിഞ്ഞിരുന്ന ടീയാർ - അദ്ദേഹമാണ് 1975ൽ ഗുന്തർ ഗ്രസ് കൊച്ചിയിലെത്തിയപ്പോൾ അഭിമുഖം നടത്തിയത് - എന്തേ സാമാന്യരീതിയിലുള്ള ഒരു അധ്യാപകനായില്ല? മഹാരാജാസ് കോളജിലെ വിദ്യാർഥികൾ അദ്ദേഹത്തിന്റെ ക്ലാസുകളെ അത്ര ഉയരത്തിലൊന്നും എടുത്തു വയ്ക്കുന്നില്ല, എങ്കിലും വിദ്യാർഥി പക്ഷക്കാരനായിരുന്നു ടീയാറെന്ന് സമ്മതിക്കുകയും ചെയ്യുന്നു. അത് കലാലയത്തിന്റെ ഉള്ളിൽ മാത്രമായിരുന്നില്ല, പുറത്തും. എഴുപതുകളിൽ കൊച്ചിയുടെ മുക്കിലും മൂലയിലും നടന്നിരുന്ന സാഹിത്യ സദസ്സുകളിൽ അദ്ദേഹം ഒരു സ്ഥിര സാന്നിധ്യമായിരുന്നു. ഒരു സംഭവം ഞാൻ ഓർക്കുന്നു: എറണാകുളം സൗത്തിലെ ഒരു ഹാളിൽ നടന്ന ഒരു കഥാശിബിരത്തിൽ പി.എഫ്. മാത്യൂസ്, ജോർജ് ജോസഫ് കെ. എന്നിവരോടൊപ്പം ഞാനും പങ്കെടുത്തിരുന്നു. ഗുരുസ്ഥാനത്ത് ഉണ്ടായിരുന്നത് എം. തോമസ് മാത്യുവും ടീയാറും. അന്ന് ഞാനവിടെ വായിച്ച കഥയെ കുറിച്ച് ടീയാർ നല്ല വാക്കുകൾ പറഞ്ഞു, എന്റെ കയ്യിൽ നിന്നു കയ്യെഴുത്തുപ്രതി വാങ്ങുകയും ചെയ്തു, മലയാള നാടിൽ പ്രസിദ്ധീകരിക്കാനാണ് എന്നു പറഞ്ഞു. അത് നടന്നില്ല, ഒരേ ഒരു കോപ്പി മാത്രം കയ്യിലുണ്ടായിരുന്നുള്ളു. ആ കഥ അതോടെ നഷ്ടപ്പെട്ടു, പിന്നെ പലവട്ടം കണ്ടെങ്കിലും അതിനെ കുറിച്ച് ചോദിക്കാൻ എനിക്ക് ധൈര്യവുമുണ്ടായില്ല. ഒരു തവണ കണ്ടത് കലാപീഠത്തിൽ വച്ച്, മാധവിക്കുട്ടിയുടെ സന്ദർശന സമയത്ത്. ചടങ്ങ് കഴിഞ്ഞുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ വത്സലയെ അറിയുമോയെന്ന് ടീയാർ മാധവിക്കുട്ടിയോട് ചോദിച്ചു, കൃതികൾ വായിച്ചിട്ടുണ്ടെന്ന് അവരുടെ മറുപടി. തനിക്കവരോട് വല്ലാത്ത വിനയവും അവരെ പേടിയുമാണെന്ന് ടീയാർ. കൂടെ നിന്നവർ ചിരി മറച്ചു പിടിച്ചു. ടീയാറിന്റെ ഭാര്യയുടെ പേര് വത്സല എന്നാണെന്ന് അവർക്കേ അറിയുമായിരുന്നുള്ളൂ. 

 

ഒരോർമ്മ കൂടി മനസ്സിലുണ്ട്. 2000 ജൂലൈ 27ലെ മാതൃഭൂമിയിൽ - മരണത്തിന്റെ തൊട്ടടുത്ത ദിവസം - ടീയാറിന്റെ ചരമവാർത്തയുടെ കൂടെയുള്ള ഒരു ഫോട്ടോ, അതിൽ ഒരു വൃദ്ധൻ, അയാൾ കുന്തിച്ചിരിക്കുകയാണ്, രണ്ടു കൈയും തലയിൽ വച്ചിരിക്കുന്നു, ഏതോ അത്യാപത്ത് തലയിൽ വന്നു വീണ മട്ടിൽ. 

അയ്യപ്പൻ

 

3.

 

തൊള്ളായിരത്തി എഴുപത്തി ഒമ്പതിലാണോയെന്ന് സംശയം, വർഷം കൃത്യമായി ഓർമയില്ല, സ്ഥലം കൊച്ചി ഫൈൻ ആർട്ട്സ് ഹാൾ, ചലച്ചിത്ര സംബന്ധിയായ ചടങ്ങാണ്, സംസാരിക്കുന്നത് പി കെ നായർ, അന്ന് നാഷണൽ ഫിലിം ആർക്കൈവ്സിന്റെ ഡയറക്ടറാണ് നായർ. പുതിയ സിനിമ നേരിടുന്ന ബുദ്ധിമുട്ടുകളെകുറിച്ച് പറയുന്നതിനിടെ നായർ ജോൺ എബ്രഹാം അനുഭവിച്ച പ്രയാസങ്ങളെ കുറിച്ച് കൂടി പറഞ്ഞു. ഉടനെ സദസ്സിൽ നിന്ന് ‘‘ഇൻക്വിലാബ് സിന്ദാബാദ്’’ എന്ന മുദ്രാവാക്യം കേട്ടു. ജോൺ എബ്രഹാം വാതിലിനരികിൽ നിൽക്കുന്നുണ്ടെന്ന് അപ്പോഴാണ് സഭ തിരിച്ചറിയുന്നത്. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ നിന്ന് അമ്മ അറിയാനിലേക്കുള്ള യാത്രയിലായിരുന്നു അന്ന് ജോൺ. 

 

ജോണിനെ കുറിച്ച് കഥകളൊരുപാട് കേൾക്കുന്ന കാലം, അതൊക്കെ ഇപ്പോൾ ജോൺ എബ്രഹാം ഫോക് ലോറിന്റെ ഭാഗമാണ്. അതിലൊന്ന് അടൂർ ഭാസിയേയും ബന്ധപ്പെടുത്തിയായിരുന്നു. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളുടെ ഷൂട്ടിങ്ങിനിടയിൽ ശാരീരിക പ്രയാസങ്ങളുള്ള ഭാസിയെ തെങ്ങിന്റെ മുകളിൽ കയറ്റിയെന്നും അദ്ദേഹം തെങ്ങിന്റെ മുകളിരിക്കുമ്പോൾ താഴെ കായലിൽ കൂടി താറാവ് കൂട്ടം നീന്തിപ്പോകുന്നത് കണ്ടുവെന്നും ഭാസിയെ വിട്ട് ജോണും സംഘവും താറാവിനെ ഷൂട്ട് ചെയ്യാൻ പോയിയെന്നും ഒക്കെ അന്ന് പറഞ്ഞു കേട്ടിരുന്നു. ഈയൊരു അരാജകത്വം അദ്ദേഹത്തിന്റെ സിനിമയിലൊ ചെറുകഥകളിലൊ കാണാനാകുമായിരുന്നില്ല, ഒരു തരത്തിൽ വഴികാട്ടികളായിരുന്നു അദ്ദേഹത്തിന്റെ മൂന്ന് സിനിമകളും (വിദ്യാർഥികളെ ഇതിലെ ഇതിലെ എന്ന ആദ്യ ചലച്ചിത്രത്തെ ഞാൻ കണക്കിലെടുക്കുന്നില്ല) രണ്ടു ചെറുകഥാ സമാഹാരങ്ങളും. 

 

സിനിമയായിരുന്നു ജോണിന്റെ മനസ്സിലാകമാനം എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്, സമാനമായ ഒരഭിപ്രായം ഒ. വി. വിജയനുമുണ്ടായിരുന്നു. കേരളസന്ദർശനത്തിന്റെ നാളുകളിലൊന്നിൽ വിജയൻ തസറാക്കിൽ ചെന്നു, ജോണും അവിടെ ചെന്നിരുന്നു. ഇതിഹാസം ചുരുളഴിഞ്ഞ വഴികളിലൂടെ അവർ ഒരുമിച്ച് നടന്നു. ആ നടത്തത്തിൽ ജോൺ ഖസാക്കിന്റെ ഇതിഹാസം തിരക്കഥയാക്കി. സീൻ തിരിച്ചുള്ള വിവരണം കേട്ട് ഇതിഹാസകാരൻ മന്ദഹസിച്ചു. 

 

1987ലെ മേയ് മാസം മുപ്പതാം തീയതിയും ജോൺ സിനിമാ ചിന്തകളുടെ നടുക്കായിരുന്നു. മദ്യത്തിന്റെ ലഹരിയിൽ, പണിതീരാത്ത ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽ തെറ്റി വീഴുന്നത് അത്തരം ചിന്തകളുടേയും സംസാരങ്ങളുടേയും ഇടയിൽ വച്ച്. ശേഷമുള്ള കാര്യങ്ങൾ പൊതുവേ അറിവുള്ളതാണ്, കോഴിക്കോട് മെഡിക്കൽ കോളജിൽ തിരിച്ചറിയപ്പെടാതെ കിടന്നത്, അന്നവിടെ ജോലി ചെയ്തിരുന്ന ഡോ. ബി. ഇക്ബാൽ യാദൃച്ഛികമായി തിരിച്ചറിഞ്ഞത്, ആശുപത്രിയിലെ ഡോക്ടർമാർക്ക് കൈത്തെറ്റ് പറ്റിയെന്ന് ഇക്ബാൽ പിന്നീട് കുറ്റപ്പെടുത്തിയത്, പിറ്റേ ദിവസം, അമ്പത് വയസ്സ് തികയുന്നതിനു മൂന്ന് മാസത്തിൽ താഴെ മാത്രം ബാക്കിയുള്ളപ്പോൾ, ജോണിന്റെ മരണം സംഭവിച്ചത്, എല്ലാം എല്ലാം. 

 

ജോൺ തന്റെ ഒടുക്കത്തിലേക്ക് നടന്നത് കവി അയ്യപ്പന്റെ മുറിയിൽ നിന്നായിരുന്നു, അയ്യപ്പനന്ന് കോഴിക്കോട്ടുള്ള ഒരു ലോഡ്ജിൽ താമസം. അവർ തമ്മിൽ എന്തെല്ലാമോ പറഞ്ഞ് തർക്കിച്ചുവെന്നും തർക്കത്തിനൊടുവിൽ കവിയുടെ പോക്കറ്റിൽ കിടന്ന നൂറ് രൂപ ബലമായി എടുത്ത് ജോൺ ഇറങ്ങിപ്പോയെന്നും പിൽക്കാലത്ത് അയ്യപ്പൻ പറഞ്ഞിരുന്നു. ജോണിന്റെ മെഡിക്കൽ കോളജിലെ അനുഭവങ്ങളും മരണവും അയ്യപ്പൻ പിറ്റേന്ന് അറിഞ്ഞു, 23 വർഷങ്ങൾക്കു ശേഷം അതേ അനുഭവങ്ങളിലൂടെ തനിക്കും കടന്നു പോകേണ്ടി വരുമെന്നു മാത്രം അറിഞ്ഞു കാണില്ല. 

 

4.

 

നേരം ഇരുട്ടിത്തുടങ്ങിയിരുന്നെങ്കിലും തമ്പാന്നൂരിൽ തിരക്കൊട്ടും കുറഞ്ഞിരുന്നില്ല. ബസ് സ്റ്റാന്റിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ഇറങ്ങുന്ന യാത്രക്കാർ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ കാർട്ടണുകൾക്കിടയിൽ കിടന്നിരുന്ന മനുഷ്യനെ കണ്ടു കാണില്ല, കണ്ടാൽ തന്നെ ശ്രദ്ധിച്ചു കാണില്ല, ശരീരത്തിൽ അവിടവിടെ മുറിവുണ്ടെങ്കിലും - റോഡപകടത്തിൽ നിന്ന് പറ്റിയതു പോലെ - നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് ആർക്കും വ്യക്തമാകും കിടപ്പു കണ്ടാൽ. അയാൾ ആ കിടപ്പ് കുറേ നേരം കിടന്നു. പിന്നെപ്പോഴോ ആരൊക്കെയോ ചേർന്ന് അയാളെ ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെയും അയാൾ കിടന്നു കുറെയധികം നേരം, ആരും തിരിച്ചറിയാതെ, കണ്ടവർ ഏതെങ്കിലും ഭിക്ഷക്കാരനാണെന്ന് കരുതിയിരിക്കും. പിന്നെപ്പോഴോ അയാൾ മരിച്ചു, അയാളുടെ പോക്കറ്റിൽ കവിതയെഴുതിയ ഒരു കടലാസ് അപ്പോഴും ഉണ്ടായിരുന്നു, കുറച്ചു ദിവസങ്ങൾക്കകം ചെന്നൈയിൽ ആശാൻ പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങിൽ ചൊല്ലാൻ കരുതിയതാവാം അത്. 

 

ജോൺ എബ്രഹാമിനെ പോലെ തന്നെ അയ്യപ്പനെ കുറിച്ചും കഥകൾ ഒരുപാടുണ്ട്. അതെല്ലാം പറയുന്നതൊന്നാണ്, അറുമുഖം ആചാരിയുടേയും മൂത്തമ്മാളിന്റേയും മകന് തന്റെ ജീവിതം അറുപത്തൊന്നു വർഷത്തോളം നീണ്ട പീഡാനുഭവമായിരുന്നു. 

 

മലയാളിയുടെ നിരത്തുകളിൽ മാത്രമല്ല പൊതു ഇടങ്ങളിൽ പലയിടത്തും ബൊഹീമിയൻ ജീവിതങ്ങളുടെ വരകൾ വീണിട്ടുണ്ട്, മാഞ്ഞു പോയിട്ടുമുണ്ട്. തിരുവനന്തപുരത്ത് ഒരു ക്ഷേത്രപരിസരത്തുള്ള സി. പി. സത്രം എന്ന ലോഡ്ജിൽ, ഇപ്പോഴും കാരണമറിയാതെ, പറയാതെ, യാത്രയവസാനിപ്പിച്ച പി. കുഞ്ഞിരാമൻ നായർ…

 

കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന്, വിഷം ചേർത്ത മദ്യം കഴിച്ച് സ്വയം തീർന്നു പോയ സുരാസു…

 

ഇനിയുമുണ്ടാകും മറ്റനവധിയാളുകൾ. ആഘോഷങ്ങൾക്ക് ഒടുവിലായി വന്നു ചേരുന്ന കണ്ണുനീരിന് ഉപ്പുരസം കൂടുമോ?

 

Content Summary: Famous creative artists who were found dead on roads