തുടക്കം അന്നാണ്, 1919 ൽ. ഇറ്റാലിയൻ ഭാഷയിൽ അതിന്റെ പേര് കടിച്ചാൽ പൊട്ടില്ല. ‘ഇറ്റാലിയൻ പോരാളികൾ’ എന്നർഥം വരും. വരാനിരിക്കുന്ന വിപത്തിനെ കുറിച്ചുള്ള യാതൊരു സൂചനയും ആ പേരിലുണ്ടായിരുന്നില്ല. രണ്ടു വർഷത്തിനുള്ളിൽ കാര്യങ്ങൾക്ക് കൂടുതൽ തെളിച്ചം വന്നു, പേരും മാറി. പിൽക്കാലത്ത്, ലോകത്തിനു മുകളിൽ പലയിടത്തും

തുടക്കം അന്നാണ്, 1919 ൽ. ഇറ്റാലിയൻ ഭാഷയിൽ അതിന്റെ പേര് കടിച്ചാൽ പൊട്ടില്ല. ‘ഇറ്റാലിയൻ പോരാളികൾ’ എന്നർഥം വരും. വരാനിരിക്കുന്ന വിപത്തിനെ കുറിച്ചുള്ള യാതൊരു സൂചനയും ആ പേരിലുണ്ടായിരുന്നില്ല. രണ്ടു വർഷത്തിനുള്ളിൽ കാര്യങ്ങൾക്ക് കൂടുതൽ തെളിച്ചം വന്നു, പേരും മാറി. പിൽക്കാലത്ത്, ലോകത്തിനു മുകളിൽ പലയിടത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടക്കം അന്നാണ്, 1919 ൽ. ഇറ്റാലിയൻ ഭാഷയിൽ അതിന്റെ പേര് കടിച്ചാൽ പൊട്ടില്ല. ‘ഇറ്റാലിയൻ പോരാളികൾ’ എന്നർഥം വരും. വരാനിരിക്കുന്ന വിപത്തിനെ കുറിച്ചുള്ള യാതൊരു സൂചനയും ആ പേരിലുണ്ടായിരുന്നില്ല. രണ്ടു വർഷത്തിനുള്ളിൽ കാര്യങ്ങൾക്ക് കൂടുതൽ തെളിച്ചം വന്നു, പേരും മാറി. പിൽക്കാലത്ത്, ലോകത്തിനു മുകളിൽ പലയിടത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടക്കം അന്നാണ്, 1919 ൽ. ഇറ്റാലിയൻ ഭാഷയിൽ അതിന്റെ പേര് കടിച്ചാൽ പൊട്ടില്ല. ‘ഇറ്റാലിയൻ പോരാളികൾ’ എന്നർഥം വരും. വരാനിരിക്കുന്ന വിപത്തിനെ കുറിച്ചുള്ള യാതൊരു സൂചനയും ആ പേരിലുണ്ടായിരുന്നില്ല. രണ്ടു വർഷത്തിനുള്ളിൽ കാര്യങ്ങൾക്ക് കൂടുതൽ തെളിച്ചം വന്നു, പേരും മാറി. പിൽക്കാലത്ത്, ലോകത്തിനു മുകളിൽ പലയിടത്തും പല കാലങ്ങളിലും പടർന്ന കറുപ്പു നിറത്തിന്റെ ഉദയം അവിടെ നിന്നായിരുന്നു, നാഷനൽ ഫാഷിസ്റ്റ് പാർട്ടി എന്ന ആ സംഘടനയിൽനിന്ന്. ഒരു കൊല്ലന്റെ മകനായി ജനിച്ച്, പത്രപ്രവർത്തകനായി വളർന്ന്, സോഷ്യലിസ്റ്റ് ആണെന്ന് ഭള്ള് പറഞ്ഞ്, ലോകത്തെ വിനാശത്തിന്റെ വക്കോളമെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ച ബെനിറ്റോ മുസോളിനി രൂപീകരിച്ച ആ സംഘടനയിൽനിന്ന്. രാജാവ് എന്ന പേരിന്റെ കുടയില്ലാതെ, ഒരു ഏകാധിപതിയുടെ കീഴിലുള്ള, ഒറ്റക്കല്ലിൽ പടുത്ത, ദേശസങ്കൽപം അവിടെ തുടങ്ങുന്നു.

 

ADVERTISEMENT

എന്നാൽ, പ്രകൃതിയുടെ തിരുത്തൽശക്തി അയാളെ കാത്തു നിന്നിരുന്നു, സ്വിസ് അതിർത്തിയിൽ. രണ്ടാം ലോകയുദ്ധത്തിന്റെ ഒടുക്കത്തിൽ, തോൽവിയല്ലാതെ മറ്റൊരു പരിണതിയില്ല എന്ന തിരിച്ചറിവായപ്പോൾ, ഒരവസാന ശ്രമം കൂടി നടത്തി നോക്കി അയാൾ. കർദിനാൾ ആൽഫ്രഡ് ഷൂസ്റ്ററുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയും പരാജയപ്പെട്ടപ്പോൾ കാമുകിയായ ക്ലാര പെറ്റാച്ചിയുമൊത്ത് അയാൾ ഒളിച്ചോടി. ആ ഓട്ടത്തിനിടയിൽ അതിർത്തിയിൽ, കോമോ തടാകത്തിനടുത്ത് നിന്നാണ് 1945 ഏപ്രിൽ 28 ന് ഇറ്റാലിയൻ ദേശസ്നേഹികൾ അയാളെ പിടികൂടുന്നത്. അടുത്ത ദിവസം വില്ല ബെൽമോണ്ട് എന്നൊരു പ്രഭുഭവനത്തിനു മുന്നിൽ വച്ച് അവർ അയാളെ വെടിവച്ചു കൊന്നു, ശരീരം പിയാസാൽ ലൊറേറ്റോ ചത്വരത്തിൽ– കുറേ മാസങ്ങൾക്കു മുമ്പ് അയാൾ പതിനഞ്ച് ദേശസ്നേഹികളെ വെടിവച്ചു കൊന്ന അതേ ചത്വരത്തിൽ– കൊണ്ടിട്ടു. കാഴ്ച കാണാൻ ഒത്തുകൂടിയവർ മുസോളിനിയുടെയും കാമുകിയുടെയും ശവശരീരങ്ങളിൽ അടിച്ചു, ഇടിച്ചു, കല്ലുകളെറിഞ്ഞു, തുപ്പി, ഇതിനിടയിൽ പ്രായമായ ഒരു സ്ത്രീ– അൽപം തടിച്ച ശരീരമാണ്– നിലത്തു കിടക്കുന്ന സ്വേച്ഛാധിപതിയുടെ മുകളിൽ കാലുകൾ വിടർത്തി നിന്നു, മുട്ടിനു താഴെ വരെ നീണ്ട പാവാട ഉയർത്തി, ഒരുകാലത്ത് ധാർഷ്ട്യം മാത്രം സ്ഥിരഭാവമായിരുന്ന ആ മുഖത്തേക്ക് മൂത്രമൊഴിച്ചു. (മുസോളിനിയുടെ അന്ത്യദിനങ്ങൾ - The Last Days of Mussolini - എന്ന കാർലോ ലിസ്സാനി ചിത്രത്തിന്റെ പ്രമേയം തന്നെയിതാണ്, മുസോളിനിയായി റോഡ് സ്റ്റീഗറുടെ അസാമാന്യ പ്രകടനം ഇതിൽ കാണാം). രണ്ടു ദിവസം കഴിഞ്ഞ്, ഒരു ബങ്കറിന്റെ ഇരുട്ടിനുള്ളിൽ, ഈവ ബ്രൗണിനോടൊത്ത് അഡോൾഫ് ഹിറ്റ്ലറും ജീവിതം അവസാനിപ്പിച്ചുവെന്നത് ചരിത്രം പഠിക്കുന്നവരെ അദ്ഭുതപ്പെടുത്തിക്കാണില്ല, കർമഫലം എന്നത് ഒരു വെറും സാധ്യതയല്ല, അനിവാര്യത തന്നെയാണ് എന്ന് ഇത്തരം സംഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നു.

 

പിയാസാൽ ലൊറേറ്റ ചത്വരത്തിൽ കണ്ടത് കടിഞ്ഞാണില്ലാത്ത വെറുപ്പാണ്, ഈ വികാരം തന്നെയാണ് ഫാഷിസത്തിന്റെ രണ്ടു തലയ്ക്കലും, പീഡകന്റെയും പീഡിതന്റെയും ഉള്ളിൽ ഉള്ളത്. ഇതേ വെറുപ്പു തന്നെയാണ് ലൂയി ഫെർഡിനാന്റ് സെലീൻ എന്ന ഫ്രഞ്ച് സാഹിത്യകാരന്റെ ആദ്യ നോവലായ ‘രാത്രിയുടെ അന്ത്യത്തിലേക്കുള്ള യാത്ര’ (The Journey to the End of the Night) എന്ന കൃതിയിലുമുള്ളത്. നോവലിന്റെ തുടക്കത്തിലെ ഒരു സംഭവം ശ്രദ്ധിക്കൂ... യുദ്ധാരംഭത്തിൽ ഒരു ഫ്രഞ്ച് കേണലും പട്ടാളക്കാരനും തമ്മിലുള്ള സംഭാഷണമാണ്...

 

ADVERTISEMENT

‘‘കേണൽ... സാർജന്റ് ബറൂസ്സ് കൊല്ലപ്പെട്ടു’’

‘‘അതിന് ?’’

‘‘അയാൾ റൊട്ടി കൊണ്ടുവരുന്ന വണ്ടിയുടെ അടുത്തേക്ക് നടക്കുകയായിരുന്നു.’’

‘‘അതിന്?’’

ADVERTISEMENT

‘‘ഷെല്ലാക്രമണത്തിൽ അയാൾ ചിതറിപ്പോയി’’

‘‘ശല്യം... അതിന് ?’’

‘‘അതാണ് നടന്നത്, കേണൽ’’

‘‘അത്രേയുള്ളോ?’’

‘‘അതെ, കേണൽ’’

‘‘അപ്പോൾ റൊട്ടിയുടെ കാര്യം?’’ കേണൽ ചോദിക്കുന്നു. 

 

തൊട്ടടുത്ത പേജുകളിലൊന്നിൽ, ഇതേ കേണലും പട്ടാളക്കാരനും മരിച്ചുകിടക്കുന്നത് സെലീൻ ഇങ്ങനെ വിവരിക്കുന്നു: ‘‘... കാലാൾപ്പടയാളിക്ക് തലയുണ്ടായിരുന്നില്ല, ആകെയുണ്ടായിരുന്നത് കഴുത്തിന് മുകളിലെ ഒരു തുള മാത്രമാണ്, അതിലൂടെ രക്തം കുമിളയിട്ട് തുളുമ്പിക്കൊണ്ടിരുന്നു, ഒരു കെറ്റിലിൽ ജാം തിളയ്ക്കുന്നതുപോലെ. കേണലിന്റെ ഉദരം വെട്ടിത്തുറന്ന മട്ടിൽ. അയാൾക്ക് അതിഷ്ടപ്പെട്ടിട്ടില്ലെന്ന് അയാളുടെ മുഖം കണ്ടാലറിയാം.’’

 

1894 ൽ ലൂയി ഫെർഡിനാന്റ് ഓഗസ്റ്റ്‌ ഡിറ്റൂഷ് എന്ന പേരിൽ ജനിച്ച സെലീൻ 1961 ൽ മരിക്കുന്നതിനു മുമ്പ് സാഹിത്യപരമായി ശ്രേഷ്ഠമായ നാല് നോവലുകളും തീവ്രമായ ജൂതവിരോധം പ്രകടമാക്കുന്ന മറ്റു കൃതികളും എഴുതി, അതുവഴി സാഹിത്യ കുതുകികളുടെ ബഹുമാനവും പൊതുജനത്തിന്റെ വെറുപ്പും വാങ്ങിയെടുത്ത സാഹിത്യകാരനാണ്. ഫ്രഞ്ച് ജൂതന്മാരെ ഉന്മൂലനം ചെയ്യണമെന്ന് വാദിച്ചിരുന്ന, പട്ടികളെ സ്നേഹിച്ചിരുന്ന, കമ്യൂണിസത്തെയും സോവിയറ്റ് യൂണിയനെയും വെറുത്തിരുന്ന, പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള, തൊഴിൽ കൊണ്ട് ഡോക്ടറായിരുന്ന സെലീൻ എന്ന വ്യക്തിയെ ആർക്കും മനസ്സിലായിക്കാണില്ല. സാഹിത്യവൃത്തിയിൽ അദ്ദേഹം നേരേ ചൊവ്വേ ഒന്നും പറഞ്ഞിരുന്നില്ല. ഫ്രാൻസിലെ ദരിദ്ര ജനങ്ങൾ ഉപയോഗിച്ചിരുന്ന ഭാഷയുടെ പാരുഷ്യവും നിർദ്ദയത്വവും അസഹനീയമാം വിധം കടുത്ത ജൂതവിരോധത്തിൽ കുഴച്ച്, അനിതരസാധാരണമായ ലാവണ്യം സൃഷ്ടിച്ചു അദ്ദേഹം. അതു കൊണ്ടായിരിക്കാം ഫിലിപ്പ് റോത്ത് ഇങ്ങനെ പറഞ്ഞത്, ‘‘സെലീൻ എന്റെ പ്രൂസ്റ്റാണ്, അയാളുടെ ജൂതവിരോധം അയാളെ വെറുക്കപ്പെട്ട, സഹിക്കാനാവാത്ത ഒരു വ്യക്തിത്വമാക്കി മാറ്റുന്നുണ്ടെങ്കിൽ പോലും’’ (Celine is my Proust, even if his antisemitism made him an abject, intolerable person). റോത്തിന്റെ വികാരങ്ങളെ പ്രതിഫലിപ്പിക്കും വിധമാണ് ഒരിക്കൽ ഗാർഡിയൻ പത്രത്തിൽ ഒരു ലേഖനത്തിന്റെ തലക്കെട്ട് വന്നത്: ‘സെലീൻ - മഹാനായ സാഹിത്യകാരൻ, തികഞ്ഞ തന്തയില്ലാത്തവനും’ (Celine - Great Author and Absolute Bastard). അദ്ദേഹത്തെ കുറിച്ച് 2016 ൽ ഇറങ്ങിയ ‘Two Clowns for a Catastrophe’ എന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തയിലും ആ പത്രം ഏതാണ്ട് സമാനമായ ഒരു തലക്കെട്ട് ആണ് കൊടുത്തത്. 

 

സെലീൻ എന്ന സമസ്യയുടെ പൂരണം ഇനിയുമായിട്ടില്ല. കഴിഞ്ഞ വർഷം ഷോങ് പിയർ തിബോഡറ്റ് എന്ന എഴുത്തുകാരൻ കണ്ടെടുത്ത കയ്യെഴുത്തുപ്രതികൾ - രണ്ട് സ്യൂട്ട്കേസുകൾ നിറച്ചും, ഏതാണ്ട് 6000 പേജുകളോളം - ഇനിയും പൊതുവിടത്തിൽ എത്തിയിട്ടില്ല, അതെന്താണ് പുറത്തു കൊണ്ടു വരുന്നതെന്നുള്ളത് കൃത്യമായി അറിയുകയുമില്ല. ഒരു നോവൽ മുഴുവനായി ഉണ്ടെന്ന് റിപ്പോർട്ടുകൾ. കണ്ടെടുത്ത കയ്യെഴുത്തുപ്രതികളുടെ മൂല്യം, സാഹിത്യപരവും സാമ്പത്തികവും, കുറച്ചധികം തന്നെയാണ്, രണ്ടു ദശാബ്ദങ്ങൾ മുമ്പ് ‘രാത്രിയുടെ അന്ത്യത്തിലേക്കുള്ള യാത്ര’യുടെ കയ്യെഴുത്തുപ്രതി വിറ്റുപോയത് 23 ലക്ഷം ഡോളറിനാണ്, രൂപ കണക്കിൽ 16 കോടിയലധികം.

 

ഫ്രാൻസിൽനിന്ന് വടക്കോട്ട് നീങ്ങിയാൽ സ്വിറ്റ്സർലൻഡിനപ്പുറം ഓസ്ട്രിയയായി; പീറ്റർ ഹാന്റ്കെയുടെ നാട്. 2019 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവാണ് ഹാന്റ്കെ, ‘പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഉത്കണ്ഠ’ (The Goalie's Anxiety at the Penalty Kick) പോലുള്ള മനോഹരമായ നോവലുകൾ എഴുതിയ ഹാന്റ്കെ തന്നെയാണ് ബാൾക്കൻ സംഘർഷങ്ങളിലെ സെർബിയയുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന ‘നദികളിലേക്ക് ഒരു യാത്ര - സെർബിയയ്ക്ക് നീതി’ (A Journey to the Rivers - Justice for Serbia) എന്ന വിവാദ കൃതി രചിച്ചതും സരയേവോയിലെ മുസ്‌ലിംകൾ സ്വയം കൂട്ടക്കൊല നടത്തിയതാണെന്നും സ്ലോബോദാൻ മിലോസെവിച് എന്ന സ്വേച്ഛാധിപതിക്ക് അതിൽ പങ്കില്ലെന്നു പറഞ്ഞതും. ഇത്തരം മനുഷ്യവിരുദ്ധമായ നിലപാടുകൾ 1999 ൽ ‘രാജ്യാന്തര മന്ദബുദ്ധി’ (International Moron of the Year) ആയി, ചാൾട്ടൺ ഹെസ്റ്റണ് (ബെൻഹർ സിനിമയിലെ ബെൻഹർ) പുറകിൽ രണ്ടാം സ്ഥാനം നേടുവാൻ ഹാന്റ്കെയെ സഹായിച്ചു. ഇത് കൂടി– തിരഞ്ഞെടുപ്പു നടത്തിയത് സൽമാൻ റഷ്ദിയാണ്, ഹെസ്റ്റന്റെ കടുത്ത തോക്ക് പ്രേമം (gun lobbying) അയാളെ ഒന്നാം സ്ഥാനത്തെത്തിക്കുകയും ചെയ്തു.

 

മുസോളിനി ഉദ്ഘാടനം ചെയ്ത വെറുപ്പിന്റെ രാഷ്ട്രീയത്തെ മനസ്സുകൊണ്ടും വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും പിന്താങ്ങിയവർ ഇനിയും ഏറെയുണ്ട്. ആധുനിക സാഹിത്യത്തിന്റെ തുടക്കക്കാരിലൊരാളും 1920 ലെ നൊബേൽ ജേതാവുമായ ന്യൂട്ട് ഹാംസുൺ ‘മണ്ണിന്റെ വളർച്ച’ ( Growth of the Soil) എന്ന ക്ലാസിക് മാത്രമല്ല ലോകത്തിന് മുന്നിൽ വച്ചത്, ഹിറ്റ്ലറോടുള്ള അതിസ്നേഹവും നാത്‌സികളോടുള്ള ആരാധനയും കൂടിയാണ്. ഹെൻറി വില്യംസൺ, തോമസ് വുൾഫ് അങ്ങനെ ആ നിര നീളുന്നു. അതിൽ അമേരിക്കയിൽ ജനിച്ച്, ഇംഗ്ലണ്ടിലും ഫ്രാൻസിലും മുസോളിനിയുടെ ഇറ്റലിയിലുമായി ജീവിച്ച ഒരാളുമുണ്ട്. 

 

അദ്ദേഹത്തിന്റെ സ്വാധീന വലയത്തിൽപ്പെടാത്ത ഒരു കവി പോലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനിച്ചിട്ടില്ല എന്നാണ് ഹെമിങ്‌വേ പറഞ്ഞത്. നെരൂദയുടെ സമശീർഷനാണ് അദ്ദേഹം എന്ന് എം. കൃഷ്ണൻ നായർ സാഹിത്യ വാരഫലത്തിന്റെ ഏതോ ലക്കത്തിൽ എഴുതിയത് എനിക്കിന്നും ഓർമയുണ്ട്. പറയുന്നത് എസ്ര വെസ്റ്റൺ ലൂമിസ് പൗണ്ട് എന്ന എസ്റ പൗണ്ടിനെ കുറിച്ചാണ്. കൃഷ്ണൻ നായരുടെ ഭാഷയിൽ, ഉദാത്തമായ കാവ്യോച്ചാരണം (supreme poetic utterance) എളുപ്പം സാധ്യമായിരുന്ന പൗണ്ട്, വീര്യം ഒട്ടും കുറയാത്ത ജൂത വിരോധം മൂലം ജൂതരെ ഇകഴ്ത്തിക് കാട്ടാനും ഹിറ്റ്ലറെ പുകഴ്ത്താനുമായി ഒരു പാട് വാക്കുകൾ പാഴാക്കിക്കളഞ്ഞിട്ടുണ്ട് എന്നുള്ളത് ചരിത്രത്തിലെ ഒരു വിരോധാഭാസമാണ്. അദ്ദേഹത്തിന്റെ ഈ മാനസികാവസ്ഥ തന്നെയാണ് 1933ൽ സാക്ഷാൽ മുസോളിനിയെ നേരിൽ കാണാൻ പ്രേരിപ്പിച്ചതും, തുടർന്ന് Jefferson and/or Mussolini: Fascism as I Have Seen It എന്ന കൃതിയുടെ എഴുത്തിലേക്ക് നീണ്ടതും. ചരിത്രത്തിന് ഒരു പക വീട്ടലുണ്ടല്ലോ, അത് പൗണ്ടിനെയും എത്തിപ്പിടിച്ചു, വിഷാദ രോഗത്തിനടിപ്പെട്ട്, മാനസികാരോഗ്യകേന്ദ്രത്തിൽ ബൈപോളാർ ഡിസോർഡറിനുള്ള ചികിത്സയിൽ കഴിഞ്ഞ്, 1972 ൽ മരിച്ചു അദ്ദേഹം. മരിക്കുന്നതിനു മുമ്പ്, അമേരിക്കൻ അക്കാ–മിയുടെ എമേഴ്സൺ-തോറോ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെട്ടെങ്കിലും അവസാന നിമിഷം അത് നിഷേധിക്കപ്പെടുകയും ചെയ്തു. 

 

സർഗ്ഗാത്മക ശക്തിയും സാമാന്യബുദ്ധിയും തമ്മിൽ ബന്ധമേതുമുണ്ടാകണമെന്നില്ല എന്നല്ലേ ഈ സാഹിത്യകാരന്മാരുടെ ജീവിതങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്? അതുമല്ലെങ്കിൽ, സ്വന്തം ന്യായാന്യായങ്ങൾ അശ്ലീലമാകാതെ കാത്തുവയ്ക്കാൻ അവരുടെ സർഗ്ഗശക്തി അവരെ സഹായിക്കുന്നില്ല എന്നതുമാകാം.

 

Content Summary: Varantha column by Jojo Antony on Fascism