സമീപകാലത്തെ വായനയിൽ തങ്ങളെ ഗാഢമായി സ്പർശിച്ച, കൊളുത്തിവലിച്ച പുസ്തകങ്ങളെക്കുറിച്ച്, കഥകളെക്കുറിച്ച്, കവിതകളെക്കുറിച്ച്, മറ്റെഴുത്തുകളെക്കുറിച്ച് വായനദിനത്തിൽ പുതുതലമുറ എഴുത്തുകാരിൽ ചിലർ ഓർമിക്കുന്നു. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ധ്യാനാത്മകമായ ഒരു സംവാദത്തിലൂടെയാണു വായന സ്വകാര്യമായ

സമീപകാലത്തെ വായനയിൽ തങ്ങളെ ഗാഢമായി സ്പർശിച്ച, കൊളുത്തിവലിച്ച പുസ്തകങ്ങളെക്കുറിച്ച്, കഥകളെക്കുറിച്ച്, കവിതകളെക്കുറിച്ച്, മറ്റെഴുത്തുകളെക്കുറിച്ച് വായനദിനത്തിൽ പുതുതലമുറ എഴുത്തുകാരിൽ ചിലർ ഓർമിക്കുന്നു. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ധ്യാനാത്മകമായ ഒരു സംവാദത്തിലൂടെയാണു വായന സ്വകാര്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലത്തെ വായനയിൽ തങ്ങളെ ഗാഢമായി സ്പർശിച്ച, കൊളുത്തിവലിച്ച പുസ്തകങ്ങളെക്കുറിച്ച്, കഥകളെക്കുറിച്ച്, കവിതകളെക്കുറിച്ച്, മറ്റെഴുത്തുകളെക്കുറിച്ച് വായനദിനത്തിൽ പുതുതലമുറ എഴുത്തുകാരിൽ ചിലർ ഓർമിക്കുന്നു. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ധ്യാനാത്മകമായ ഒരു സംവാദത്തിലൂടെയാണു വായന സ്വകാര്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലത്തെ വായനയിൽ തങ്ങളെ ഗാഢമായി സ്പർശിച്ച, കൊളുത്തിവലിച്ച പുസ്തകങ്ങളെക്കുറിച്ച്, കഥകളെക്കുറിച്ച്, കവിതകളെക്കുറിച്ച്, മറ്റെഴുത്തുകളെക്കുറിച്ച് വായനദിനത്തിൽ പുതുതലമുറ എഴുത്തുകാരിൽ ചിലർ ഓർമിക്കുന്നു. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ധ്യാനാത്മകമായ ഒരു സംവാദത്തിലൂടെയാണു വായന സ്വകാര്യമായ ഒരാനന്ദത്തിന്റെ തലത്തിലേക്കു വളരുന്നത്. അതെപ്പോഴും സംഭവിക്കുന്ന ഒന്നല്ല. വായനക്കാരൻ/വായനക്കാരി കണ്ട അതേ സ്വപ്നം എഴുത്തുകാരൻ/എഴുത്തുകാരി കാണുമ്പോഴും എഴുത്തുകാരൻ/എഴുത്തുകാരി അനുഭവിച്ച മനോവ്യഥകൾ അതേയളവിൽ വായനക്കാരിലുണ്ടാകുമ്പോഴുമാണ് അതു സാധ്യമാകുന്നത്. ചുരുക്കം ചില പുസ്തകങ്ങൾക്കും എഴുത്തുകൾക്കും മാത്രം പകർന്നു തരാൻ കഴിയുന്ന ഒന്നാണത്. അത്തരമൊരു ആനന്ദനിർവൃതിക്കായുള്ള അന്വേഷണത്തിലാണ് ഓരോ വായനക്കാരനും വായന തുടർന്നുകൊണ്ടിരിക്കുന്നത്. വായനയിൽ തങ്ങളെ അത്തരത്തിൽ പിടിച്ചുകുലുക്കിയവയെക്കുറിച്ചാണു മികച്ച വായനക്കാർ കൂടിയായ ഈ എഴുത്തുകാരുടെ കുറിപ്പുകൾ. നമ്മുടെ ശ്രദ്ധയിൽപ്പെടാത്ത പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകളെക്കുറിച്ചും ചില വായനശീലങ്ങളെക്കുറിച്ചും വേറിട്ട അറിവുകളുണ്ട് ഈ കുറിപ്പുകളിൽ. 

 

ADVERTISEMENT

∙∙∙

 

വ്യവസ്ഥിതിയെ തോൽപിച്ച മനുഷ്യൻ

പ്രിയ ജോസഫ്

ADVERTISEMENT

 

ഇക്കഴിഞ്ഞ ദിവസമാണ്‌ ഡോ.എം. കുഞ്ഞാമന്റെ ആത്മകഥയായ ‘എതിര്’ വായിച്ചടച്ചത്‌. “തലച്ചോറല്ല ശരീരത്തിന്റെ പ്രധാന അവയവം, വയറാണ്‌, അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാത്തവന്‌ അഭിമാനം എന്നൊന്നില്ല’’ എന്നും കുഴികുത്തി കഞ്ഞിയതിൽ ഒഴിച്ചുകൊടുത്തപ്പോൾ അതു കഴിക്കാൻ വന്ന പട്ടിയോടു മത്സരിക്കേണ്ടി വന്നു എന്നും കണ്ണു നിറഞ്ഞാണ്‌ വായിച്ചത്‌. ഈ പുസ്തകം അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌. ‘‘ഇതു പരാജയപ്പെടുത്തപ്പെട്ട ഒരാളുടെ വിചാരങ്ങളാണ്‌, വ്യവസ്ഥിതിയാൽ നിസ്സഹായനാക്കപ്പെട്ട ഒരാളുടെ’’. പക്ഷേ, എനിക്കു തോന്നിയത്‌ നേരെ തിരിച്ചാണ്‌. വിദ്യാഭ്യാസം കൊണ്ട്‌ വിജയിച്ച ഒരു മനുഷ്യനെയാണ്‌ ഞാനിതിൽ കണ്ടത്‌. പുസ്തകം വായിച്ചടപ്പോൾ രണ്ടു കാര്യങ്ങളാണ്‌ മനസ്സിലേക്ക്‌ വന്നത്‌. ഒന്ന്, ചുമലിൽ വലിയ ചാക്കുകെട്ടുമായി നിൽക്കുന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ ഒരു ചിത്രം. അവിടെ നിന്നാണ്‌ അദ്ദേഹം അമേരിക്കൻ പ്രസിഡന്റായത്‌. വിദ്യാഭ്യാസത്തിന്റെ പിൻബലം ഒന്നുകൊണ്ടുമാത്രം. രണ്ടാമത്‌ ഓർമ വന്നത്‌ James McBrideന്റെ The Color of Water: A Black Man's Tribute to His White Mother എന്ന പുസ്തകത്തിലെ വാചകങ്ങളാണ്‌- ‘‘I asked her if I was black or white. She replied you are a human being. Educate yourself or you will be a nobody”. പ്രിയപ്പെട്ട കുഞ്ഞാമൻ സർ, എനിക്ക് താങ്കളൊരിക്കലും പരാജയപ്പെട്ട മനുഷ്യനല്ല, വ്യവസ്ഥിതിയെ തോൽപിച്ച് മുന്നേറിയ മനുഷ്യനാണ്‌.

 

∙∙∙

ADVERTISEMENT

 

നിരന്തരാഘാതങ്ങളുടെ പരമ്പര

അഖിൽ എസ്. മുരളീധരൻ

 

‘‘ആ സ്വപ്നത്തിൽനിന്നുണരാൻ ഞാൻ ആഗ്രഹിച്ചില്ല. എരിയുടെ രേഖകളില്ലാത്ത വർഷങ്ങളെക്കുറിച്ച് ആലോചിച്ചുകിടന്ന എന്റെ സ്വപ്നം യാഥാർഥ്യം തന്നെയാണെന്നു ഞാൻ തീരുമാനിച്ചു. മനുഷ്യന്റെ വികാരങ്ങൾ ഓർമകളുടെ മഹാപ്രളയത്തിന്റെ ഭാഗമാണെന്നും അതു സാമൂഹികമാണെന്നും ഞാൻ വ്യാഖ്യാനിക്കാൻ തീരുമാനിച്ചു. എല്ലാ വ്യക്തിഗതമായ ഓർമകളും ഈ സാമൂഹികമായ ഓർമകളിലാണ് വിലയം കൊള്ളുന്നത് എന്ന് ഞാനതിനെ വിശദീകരിക്കാൻ ശ്രമിച്ചു. ഞാൻ എഴുതാൻ തുടങ്ങി.’’ ‘എരി’ എന്ന നോവൽ ഇങ്ങനെ അവസാനിക്കുന്നു. വന്യമായ ഭൂപ്രദേശങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴൊക്കെ പറയൻ എരി ഓർമയിൽ വരും. നിഗൂഢമായ ആ അത്ഭുത ജീവൻ മിത്തെന്നോ യാഥാർഥ്യമെന്നോ ബോധമില്ലാതെ തലക്കുള്ളിലിരുന്ന് പിറുപിറുക്കും. പറയാൻ കഴിയാത്ത തലമുറകളുടെ പാപവും ദുഃഖവും തികട്ടി വരും. പറയൻ എരി മലയാള സാഹിത്യത്തിലെ വേറിട്ടൊരു എടാണ്. ചരിത്രബോധത്തിൽനിന്ന് സിദ്ധിച്ച ഒരിതിഹാസം. എരിയുടെ സൃഷ്ടാവ് ഡോ. പ്രദീപൻ പാമ്പിരികുന്ന് അകാലത്തിൽ ലോകം വിട്ടുപോയെങ്കിലും എരി തുടരുന്ന സമരമുണ്ട്, പ്രവർത്തിക്കുന്ന ചരിത്ര ബോധ്യങ്ങളുണ്ട്. ദലിത്‌ അവബോധമുണ്ട്. സമൂഹത്തിന് നിരന്തരാഘാതങ്ങളുടെ ഒരു പരമ്പര അതിന്നും കൊടുത്തുകൊണ്ടിരിക്കുന്നു. എരി വായിക്കുമ്പോൾ പറയൻ എരിയും എഴുത്തുകാരനും തങ്ങളുടെ സമരങ്ങൾ തുടരുന്നു എന്നു കരുതാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

 

∙∙∙

 

പ്രണയത്തിന്റെ വൈദ്യുതാലിംഗനം

ബിപിൻ ചന്ദ്രൻ

 

രാഘവൻ പറഞ്ഞു:

‘കൂ കൂ.’

‘ങും?’ നന്ദിനി ചോദിച്ചു.

‘ഇച്ച്മിനി.’

നന്ദിനി പുരികം ഉയർത്തി.

‘ബൂ’

‘എന്താണീ പറയുന്നത്?’

‘ലമ്മ ലമ്മ’

‘ശരി.’ നന്ദിനി സമ്മതിച്ചുകൊടുത്തു.

‘ബേ’.

നന്ദിനി കേൾക്കാത്ത ഭാവം നടിച്ചു.

‘ട്റ് റേ’.

‘ശരിയെന്നു പറഞ്ഞില്ലേ?’

‘ജ്‌ധൂം ജ്‌ധൂം’.

‘മണ്ണാങ്കട്ട.’ നന്ദിനി പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ രാഘവൻ പറഞ്ഞു: ‘ഭാഷയിലൂടെ സംസാരിച്ച് അറിയിക്കാൻ പറ്റാത്ത സ്നേഹമാണ് എനിക്കിപ്പോൾ.’

‘മര്യാദയ്ക്ക് സംസാരിച്ചാൽ എന്താണ്?’

‘ഭാഷയിലൂടെ സംസാരിച്ചാൽ ചിന്തിക്കേണ്ടി വരും.’

‘ചിന്തിച്ചാൽ എന്താണു കുഴപ്പം?’

‘അയ്യോ, പാടില്ല’, നന്ദിനിയെ കെട്ടിപ്പിടിച്ചുകൊണ്ട് രാഘവൻ പറഞ്ഞു: ‘എന്റെ മനസ്സു നിറച്ചു നീയാണ്. ആ വിചാരത്തിൽ വ്യാകരണം പാടില്ല. എന്റെ മനസ്സ് അതിന്റെ പാടുനോക്കി ചിലയ്ക്കട്ടെ.’

- ആയിരത്തിരണ്ടാമത്തെ രാവ് (എൻ.എസ്.മാധവൻ)

 

വെസ്റ്റ്ഇൻഡീസിന്റെ മുൻ ക്യാപ്റ്റനായിരുന്ന സർ ഗ്യാരി സോബേഴ്സ് സിംഗിളും ഡബിളുമൊക്കെ എടുക്കാൻ താൽപര്യം കുറഞ്ഞ കളിക്കാരനായിരുന്നെന്നു കേട്ടിട്ടുണ്ട്. സിക്സറുകളായിരുന്നത്രേ പത്ഥ്യം. അടിക്കുമ്പോൾ കുറഞ്ഞ പക്ഷം നാലു റണ്ണെങ്കിലും കിട്ടണമെന്നതായിരുന്നു പുള്ളിക്കാരന്റെ ലൈൻ. അതേപോലെ ചെറുകഥയിൽ സിക്സും ഫോറും മാത്രമടിക്കുന്ന എഴുത്തുകാരനാണ് എൻ.എസ്. മാധവൻ. എന്നും കുന്നും എഴുതില്ല. പക്ഷേ, എഴുതിയാൽ അത് ഒന്നൊന്നര എഴുത്തായിരിക്കും. കാൽ നൂറ്റാണ്ട് മുൻപ് ഒരു രാത്രിയിലാണ് ചങ്ങനാശ്ശേരിയിലെ ഒരു പഴഞ്ചൻ ലോഡ്ജിലെ മൂട്ടക്കട്ടിലിൽ കൊതുകുകടിയും കൊണ്ട് കിടന്ന് ആയിരത്തി രണ്ടാമത്തെ രാവ് വായിക്കുന്നത്. അന്നു വെളുക്കും വരെ എന്നെ ഉറങ്ങാൻ അനുവദിക്കാതിരുന്ന ആ  വായനാനുഭവത്തിൽ നിന്ന് ഞാനിന്നും മുക്തനായിട്ടില്ല. പ്രണയകഥകളെക്കുറിച്ചോർക്കുമ്പോൾ  ബഷീർ കൃതികളും പത്മരാജന്റെ ലോലയും പ്രിയ.എ.എസിന്റെ മിച്ചസമയവുമൊക്കെ മനസ്സിലേക്ക് ഇരച്ചുപൊന്തിവരാറുണ്ട്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം പ്രണയം എന്ന പദത്തിന് പര്യായമായി ഉപയോഗിക്കാവുന്ന ഒന്നാണ് മേൽപറഞ്ഞ മാധവകഥ. പ്രണയത്തിന്റെ അതിതീവ്രമായ വൈദ്യുതാലിംഗനം അക്ഷരങ്ങളിലൂടെ അനുഭവിപ്പിച്ചുതന്ന ഈ കഥയെക്കുറിച്ച് അധികമാരും പറയുന്നത് കേട്ടിട്ടില്ല. മറ്റുള്ളവർ പറഞ്ഞില്ലെന്നു വച്ച് നമ്മളനുഭവിച്ചറിഞ്ഞ സൗന്ദര്യത്തിന്റെ മാറ്റും മൂല്യവും കുറയുന്നില്ലല്ലോ.

 

∙∙∙

 

ഗർഭപാത്രത്തിന്റെ മണം

സുധ തെക്കേമഠം

 

‘‘കഴിഞ്ഞ അൻപത്തിമൂന്നുവർഷത്തെ ദിനചര്യയുടെ തുടർച്ച പോലെ വന്നൊരു പതിവു ദിവസമാണെങ്കിലും അവിടെ അങ്ങനെ ഇരുന്നപ്പോൾ സച്ചിദാനന്ദന് കടലിന്റെ മണം അനുഭവപ്പെട്ടു. അടുത്തെങ്ങും കടലിന്റെ സാന്നിധ്യം പോലും ഇല്ലായിരുന്നു എന്നതാണ് കൗതുകകരം. ആഴക്കടലിൽ താഴെ നിഗൂഢമായ ഒരു ലോകവും ജീവിതവും ഉണ്ട്. അവിടെ നിന്നാണ് അജ്ഞാതത്തിൽ നിന്നുള്ള വിളി പോലെ ആ ഗന്ധം വരുന്നത്. ഗർഭപാത്രത്തിന്റെ മണമാണതെന്ന വിചിത്രമായൊരു തോന്നലും ആ നേരത്തുണ്ടായി’’. പി.എഫ്. മാത്യൂസിന്റെ പുതിയ നോവൽ കടലിന്റെ മണത്തിലെ ആദ്യ പേജിൽ നിന്നുള്ള വരികളാണ്. കടലിന്റെ മണത്തിൽ തുടങ്ങുന്ന നോവൽ പിന്നീട് ഒരു അലകടലായി മാറുകയാണ് ചെയ്യുന്നത്. ഭയത്തിൽ കുതിർന്ന ദൗർബല്യങ്ങളും ജീവിക്കാനുള്ള തത്രപ്പാടുകളും അധികാരക്കൊതികളും ആർത്തികളും കരുക്കളാക്കി മാറ്റുന്ന ഒരുപിടി മനുഷ്യരാണ് ഇതിലെ കഥാപാത്രങ്ങൾ. വായനക്കാരനെ അടിയോടെ വലിച്ചെടുത്ത് അനുഭവച്ചുഴികളിലിട്ട് അമ്മാനമാടി മരണത്തുഞ്ചത്തേക്കിട്ട് തിരിച്ചെടുക്കുന്നു. ഇതുവരെയുള്ള എല്ലാ വായനയനുഭവങ്ങളെയും തുടച്ചെടുത്ത് പുതിയ കഥാപാത്രങ്ങളും അവരുടെ മാനസിക സംഘർഷങ്ങളും കടലായി മാറി തിരകളിളക്കുന്നു. പതിയെ അരിച്ചെത്തി ചീറ്റലായി മാറുന്ന കടലിന്റെ മണത്തിലേക്ക് വായനക്കാരനും കണ്ണു തുറക്കുന്നു.

 

∙∙∙

 

വായനയുടെ ജ്വാല

കെ.എസ്. രതീഷ്

 

‘‘ആ പുസ്തകങ്ങളെപ്പറ്റി കേട്ടപ്പോൾ എന്റെ മനസൊന്ന് പിടഞ്ഞു. ആ പുസ്തകങ്ങൾ തേടി വന്ന വായനക്കാരെയും അവരുടെ സംഭാഷണങ്ങളും ഓർമയിൽ വന്നു. അന്ന് ഒന്നിനും ഇന്നത്തെ അത്ര വേഗതയില്ലായിരുന്നു. ആളുകൾക്ക് പുസ്തകം വായിക്കാനും ഒന്നിച്ചിരുന്നു സംസാരിക്കാനും സമയമുണ്ടായിരുന്നു. ചിലർ പുസ്തകം വായിച്ച് മനോഹരമായ ഒരു ലോകം സ്വപ്നം കണ്ടിരുന്നു. നമ്മുടെ രാജ്യത്തിന്റെ പോക്ക് ശരിയല്ലെന്ന് പരാതി പറഞ്ഞിരുന്നു. സത്യത്തിൽ നമ്മുടെ ലൈബ്രറി വെറും പുസ്തകങ്ങൾ മാത്രം അടുക്കി വച്ചിരുന്ന മുറി മാത്രമായിരുന്നോ. നമ്മുടെ ഈ കൊച്ചു ഗ്രാമത്തിന്റെ കഴിഞ്ഞ അൻപതു വർഷത്തെ ചരിത്രത്തിന്റെ തടി ജ്വാലലൈബ്രറിയായിരുന്നില്ലേ?

അതിന്റെ വേര് ഈ ഗ്രാമം മുഴുവൻ പടർന്നു കിടക്കുന്നുണ്ട്. അതിന്റെ തടിയാണ് ഇന്നലെ കത്തിപ്പോയത്’. കത്തിയുരുകിയ ലെതർ ജാക്കറ്റുള്ള ഒരു പുസ്തകം കണ്ടു. ഞാനത് കുനിഞ്ഞു കൈയിലെടുത്തു. അതിന്റെ പേജുകൾ പൂർണമായും കത്തിപ്പോയിരുന്നു. ഞാൻ ലെതർ ജാക്കറ്റിന്റെ ഭാഗം ഇളക്കി നോക്കി. കഷ്ടിച്ചു വായിക്കാവുന്ന ഒരു വരി മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.അതും ഡയറിയുടെ അവസാന പേജിൽ.

 

‘എങ്കിലും എനിക്ക് മനുഷ്യരിൽ വിശ്വാസമുണ്ട്, പ്രതീക്ഷയും’. വിശ്വൻ  വിങ്ങിപ്പോയി...!

 

‘ജ്വാല ലൈബ്രറിയിലെ തീപ്പിടുത്തം’ (കഥ, പ്രവീൺചന്ദ്രൻ). കഴിഞ്ഞ ഏറെ നാളുകളായി വായനയ്ക്ക് വേണ്ടി ഞാനൊന്നും ചെയ്യാറില്ല. മരുന്നുപോലെ ഞാൻ വായിക്കുന്നു, വായിച്ചതിൽ നല്ലത് സോഷ്യൽ മീഡിയയിൽ വിളിച്ചു പറയുന്നു. സ്‌കൂളിലെ വായനശാലയിലേക്ക് പിള്ളേരെ വിളിച്ചുകൊണ്ടു പോകുന്നു അത്ര തന്നെ. അത്രയും മതിയെന്ന് എന്നോട് ആശ്വസിക്കാൻ പറയാൻ ഈ കഥയിലെ വരികൾക്കും കഴിഞ്ഞു. ഉറക്കെ ശബ്ദിച്ചവർ, സ്വപ്നം കണ്ടവർ, ഈ ജ്വാലയിൽ നിന്നാണെന്നല്ലാതെ മറ്റെന്താണ്. ഈ വായനയുടെ പുതുക്കൽ നാളിൽ നിങ്ങളോട് ഇതല്ലാതെ മറ്റെന്തു പറയാൻ...!!

 

∙∙∙

 

നഷ്ടപ്പെട്ടതും തിരിച്ചുകിട്ടിയതും!

പ്രിയ സുനിൽ

 

‘‘ഞങ്ങൾക്ക് നഷ്ടമായത് കാലൊടിഞ്ഞ പുണ്യാളനെയാണ്. വേദനയും മുറിവുമുള്ള പുണ്യാളനെയാണ്. പക്ഷേ, എനിക്ക് ലഭിച്ചതോ സുഖപ്പെട്ട പുണ്യാളനെയും. വേദനിക്കുന്നവനും വേദന തീർന്നു പോയവനും തമ്മിൽ വ്യത്യാസമുണ്ട്. രണ്ടും രണ്ടു പേരാണ്. അതുകൊണ്ടാണ് ഞാനതു തിരിച്ചു പൊയ്ക്കോട്ടേയെന്ന് തീരുമാനിച്ചത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ നമുക്ക് എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കും.’’ പീറ്റർ വിശദീകരിക്കാൻ ശ്രമിച്ചു. ‘‘അനുനിമിഷം മാറുന്നതിനാൽ ഒന്നും തിരിച്ചെടുക്കാനും പറ്റത്തില്ല.’’ എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ, അതു കേട്ടപ്പോൾ എന്റെ പ്രേമത്തെ ഓർത്ത് എനിക്ക് കരച്ചിൽ വന്നു എന്നത് വാസ്തവമാണ്.

 

സമീപകാലത്ത് വായിച്ചവയിൽ എന്നെ ഏറെ സ്പർശിച്ച ഒരു കഥയുടെ അവസാന ഭാഗമാണിത്. തുടക്കം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ഒരു കഥയുടെ ഒടുക്കവും. വായന അവസാനിക്കുന്നതോടെ ഒടുങ്ങുന്നതല്ല മറിച്ച് വായനക്കാരന്റെയുള്ളിൽ ഓളങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നതാണ് ഒരു നല്ല കഥ! ഷനോജ് ആർ. ചന്ദ്രന്റെ ‘കാലൊടിഞ്ഞ പുണ്യാളൻ’ ആണു മുകളിൽ സൂചിപ്പിച്ച കഥ. രണ്ട് നൂറ്റാണ്ട് മുൻപ് കൊല്ലത്തെ വെളുത്ത പുണ്യാളൻ പള്ളിയുടെ മച്ചിൽ നിന്ന് അരമനക്കാരുടെ സമ്മതത്തോടെ കടത്തിക്കൊണ്ടു വന്ന വിശുദ്ധ സാവിയോയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ച് സ്വന്തമായി പള്ളി പണിഞ്ഞവരാണ് കടപ്രക്കാർ. തങ്ങളുടെ പുണ്യാളനെ തിരിച്ചുകിട്ടാൻ അന്നു മുതൽ കൊല്ലംകാർ പരിശ്രമം തുടങ്ങിയെങ്കിലും പെരുന്നാളിന് എട്ടാമിടത്തിൽ പുണ്യാളനെ എഴുന്നെള്ളിക്കാമെന്ന അവകാശത്തിൽ തൃപ്തരാവേണ്ടി വന്നു അവർക്ക്. എന്തുവന്നാലും സാവിയോ പുണ്യാളനെ തിരിച്ചെടുക്കണമെന്നുറപ്പിച്ചിറങ്ങിയ ഗൂഢസംഘത്തിലെ പ്രതിനിധിയാണ് പീറ്റർ. കടപ്രയിലെ പള്ളി പെരുന്നാളിന് പുണ്യാളന്റെ തിരുസ്വരൂപം മോഷ്ടിച്ച് കൊല്ലത്തേക്ക് കടത്താൻ ശ്രമിച്ചെങ്കിലും നഷ്ടപ്പെട്ട പുണ്യാളനെയല്ല തനിക്ക് തിരിച്ച് കിട്ടിയതെന്ന് മനസ്സിലായതോടെ ആ പദ്ധതി ഉപേക്ഷിച്ച് പൊലീസിന് പിടികൊടുക്കുന്നു. പീറ്റർ സഹതടവുകാരനോട് പുണ്യാളനെ വിട്ടു കൊടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തുന്നതാണ് കഥയുടെ അവസാന രംഗം. നഷ്ടപ്പെട്ടത് അതേ പരിശുദ്ധിയോടെ തിരിച്ചെടുക്കൽ സാധ്യമല്ല. പ്രിയപ്പെട്ടതൊന്നും നഷ്ടമാകാതിരിക്കാൻ ഓരോ നിമിഷവും ജാഗ്രതയോടെയിരിക്കാം എന്ന ആശയത്തെ കഥയാക്കി മാറ്റാൻ ഷനോജ് സൃഷ്ടിച്ചെടുത്ത ഭാവനാലോകവും വികാരതീവ്രമായ കഥാസന്ദർഭങ്ങളും വായനക്കാരെ ആകർഷിക്കും, കഥയിൽ തളച്ചിടും, കുറേക്കാലം കഥയിൽ തന്നെ ജീവിപ്പിക്കുകയും ചെയ്യും.

 

∙∙∙ 

 

പെണ്മയുടെ മുറിവെഴുത്തുകൾ

വീണ റോസ്കോട്ട്

 

‘‘തിളങ്ങുന്ന, അവസാനത്തെ ഓറഞ്ചുവെയിൽ. വെളുത്ത വസ്ത്രം ധരിച്ച മനുഷ്യൻ. ചോരയൊഴുകുന്ന കാലടികൾ. നെഞ്ചിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും ജീവിക്കാൻ വിടാത്തതുമായ അദൃശ്യമായ ഒരേ മുറിവ്. ഒരു മുറിവ് ആർത്തിയോടെ മറ്റൊരു മുറിവിനെ തിരഞ്ഞുകണ്ടെത്തുന്നു. രണ്ട് മുറിവുകൾ, രണ്ടുതരം ചോരച്ചാലുകൾ. ഒറ്റ ചോരപ്പുഴ. ഇളംപച്ച ഇലകളുള്ള മരത്തിനു കീഴിലപ്പോൾ സന്ധ്യ വന്നു വീഴുന്നു. സന്ധ്യകളിൽ വിഷാദവും സമാധാനവും ഒരുപോലെയനുഭവിക്കാറുള്ള പെൺകുട്ടി മങ്ങിയ വെളിച്ചത്തിലെ മായക്കാഴ്ചയാവുന്നു. രണ്ട് മനുഷ്യരുടെ കണ്ടുമുട്ടലുകളിലും വേർപിരിയലുകളിലും അതേ സന്ധ്യ. പകലൊടുങ്ങുന്നതിന്റെ അനിവാര്യത, രാത്രിയാവുന്നതിലെ മനോഹരമായ ഇരുളിമ. പ്രായമാവുന്നതുപോലെ, ഭൂമിയിലെ ഓരോ ദിനം കൊഴിഞ്ഞുപോകുന്നതിലെ വേദന കലർന്ന ആനന്ദം പോലെ, അറിയാത്ത എന്തോ ഒന്ന്. പോകരുത് എന്ന് പറഞ്ഞിട്ടും പോകുന്നു. ഇരുട്ടരുതെന്ന് കരുതിയിട്ടും നേരമിരുട്ടുന്നു. ഇനിയൊരു പകലിലെന്നോർക്കുമ്പോഴേക്കും ഒന്നുമറിയാതെ പകലുകൾ വെളിപ്പെടുന്നു. നൽകാൻ കയ്യിലൊന്നുമില്ലാതിരുന്ന, സ്നേഹിക്കുമ്പോഴും കാമിക്കുമ്പോഴും കരയുന്ന, ഇരുട്ടിനെ മാത്രമിഷ്ടപ്പെടുന്ന, ഉറങ്ങാത്ത സ്ത്രീ. ഞാൻ നിനക്ക് കടുംനീലനിറമുള്ള നേരങ്ങൾ മാത്രം തരാമെന്ന് വാഗ്‍ദാനം ചെയ്യുന്നു’’.

 

റിനിയുടെ ഫെയ്സ്ബുക്കിൽ എഴുതുന്ന കുറിപ്പുകളിൽ നിന്നൊരു ഭാഗം. ‘ഉൾമരങ്ങൾ’ എന്ന ഓർമക്കുറിപ്പുകളും ‘പെണ്ണുങ്ങളുടെ പ്രേമവിചാരങ്ങളും’ എഴുതിയ / എഡിറ്റ് ചെയ്ത റിനി രവീന്ദ്രന്റെ പോസ്റ്റുകൾ അതിമനോഹരങ്ങളാണ്. ഓരോ സ്ത്രീയും വെട്ടിപ്പിടിക്കേണ്ട ലോകത്തെ റിനി എഴുത്തിലൂടെ അതിസുന്ദരമായ ഭാഷയിൽ ആത്മാവിനെ മുറിപ്പെടുത്തി കൊണ്ട് ആവിഷ്‌കരിക്കുന്നു. ഈ ലോകത്ത് സ്ത്രീകൾ അവർക്കായി മാത്രം കാത്തുസൂക്ഷിക്കുന്ന രഹസ്യങ്ങൾ, ഭ്രാന്തുകൾ, മോഹങ്ങൾ ഇവ റിനി തന്റെ എഴുത്തിൽ നിറച്ചുവയ്ക്കുന്നു. ഓർമയും മറവിയും ഇരുട്ടും വെളിച്ചവും പോലെ കൈകൊരുക്കുന്ന ജീവിതാവസ്ഥകളെ വരഞ്ഞിടുന്നു. അതിവിഷാദത്തോടെ, ഏകാന്തതയോടെ, എന്നാൽ ചിലപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് പെണ്ണുങ്ങൾ അവരുടെ രാജ്യത്ത് സ്വാതന്ത്ര്യം ആഘോഷിക്കുന്നു. പെണ്മയുടെ ബോധത്തെ, ആത്മാന്വേഷണങ്ങളെ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട് റിനിയുടെ സാമൂഹമാധ്യമത്തിലെ എഴുത്ത്.

 

∙∙∙

 

അവസാനമില്ലാത്ത പ്രണയം

സ്മിത ഗിരീഷ്

 

ഹുവാൻ റൂൾഫോയുടെ പെദ്രോ പരാമോ അധികാരാസക്തിയുടെ പ്രതിരൂപമാണ്. ജീവിച്ചിരിക്കുമ്പോൾ മരിച്ചവനും മരിച്ചതിനു ശേഷം ജീവിച്ചയാളുമായാണ് പെദ്രോയെ തോന്നിയത്. കൊമാല എന്ന നാടിനെ പിടിച്ചടക്കിയതും പ്രേതനഗരമാക്കിയതും അയാളാണ്. പെണ്ണും പ്രേമവും ബലം പ്രയോഗിച്ചും വില കൊടുത്തും വാങ്ങാമെന്ന് പെദ്രോ ധരിക്കുന്നു. പാറക്കല്ലു പോലെ ഉറച്ച മനുഷ്യനാണയാൾ. പക്ഷേ, ബാല്യകാലസഖിയായ സുസാന സാൻ ഹുവാനോടുള്ള നിലയ്ക്കാത്ത പ്രണയത്തിന് മുന്നിൽ മാത്രം പെദ്രോ നിസ്സഹായനായിപ്പോകുന്നു.  സൂസാനയാവട്ടെ, ആ ബാല്യകാല സൗഹൃദത്തെ പിൽക്കാലത്ത് അവഗണിച്ച്, തന്റെ അടച്ചു വച്ച സ്വപ്നലോകത്തിൽ കഴിയുന്നവളാണ്.

 

‘‘ഹുവാൻ റൂൾഫോയ്ക്ക് മരണമുഖമാണ്. പ്രണയമുഖമുള്ള റൂൾഫോയെ സങ്കൽപ്പിക്കാനേ പ്രയാസം. ഭാര്യയായ ക്ലാര അപാരീസ്യോയ്ക്ക് എഴുതിയ പ്രേമലേഖനം കവിതയല്ലാതെ വേറെന്ത്’’ എന്ന ആമുഖത്തോടെ കണ്ട ജയകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് റൂൾഫോയുടെ മരണമുഖങ്ങളുടെ കഥയായ ‘പെദ്രോ പരാമോ’ തേടിയെടുത്ത് വായിക്കാൻ പ്രചോദനം. കൊറോണയും കൊമാലയും രണ്ടല്ലാത്ത, നോക്കിയിരിക്കെ മനുഷ്യർ അപ്രത്യക്ഷരാവുന്ന, അനിശ്ചിതത്വങ്ങളുടെ, സമയബന്ധിതമല്ലാത്ത കാലദേശങ്ങളിലിരുന്ന് പെദ്രോ പരാമ വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കുന്നു. രാത്രികളിൽ വാതിലുകളും ഭിത്തികളുമില്ലാത്ത വീടുകളിൽ ഒഴുകി നടക്കുന്ന പ്രേത മനുഷ്യരെ കാണുന്നു. അടുത്തുവന്നിരുന്നവർ തേങ്ങി പതം പറയുന്നു. പകലുകളിൽ മണ്ണിനടിയിലെ ശവ പേടകങ്ങളിൽ കിടന്ന് ദേശത്തിന്റെയും ദുരകളുടെയും കഥകൾ പാതിപറഞ്ഞ്, ഏറെയും പറയാതെ വിട്ട് മർമരങ്ങളായി എഴുന്നേറ്റ് എവിടേക്കോ പോകുന്നു. കൊന്നവരും പോയവരും ഓർമകളും ആഗ്രഹങ്ങളും മരണത്തേക്കാൾ വലിയ കരച്ചിലായി ഉള്ളിൽ പ്രതിധ്വനിക്കുന്നു, ശ്വാസം മുട്ടുന്നു. റൂൾഫോയുടെ പ്രേതമനുഷ്യർ പക്ഷേ, ഭയപ്പെടുത്തുന്ന അറുകൊലകളല്ല. മോക്ഷമില്ലാത്ത നിസ്സഹായതകളാണ്. പ്രണയം മരിച്ചവരുടേതെന്ന്, മരണപ്പെട്ടവരെ തിരികെ വിളിക്കുന്നതാണെന്ന് ഉറപ്പിക്കുന്നവരാണ്. 

 

‘‘നീ പോയിട്ട് ഒരുപാടു നേരമായി സൂസാന, ഞാനീ വാതിലിനടുത്ത് ഇരിക്കുകയായിരുന്നു. പ്രഭാതമാകുന്നതു നോക്കി. നീ സ്വർഗത്തിലേക്കുള്ള പാതയിലേക്ക് യാത്രയാവുന്നത് നോക്കി, അവിടെ ആകാശം വെളിച്ചം കൊണ്ട് തിളങ്ങുമിടത്ത്, എന്നെ ഉപേക്ഷിച്ച് ഭൂമിയുടെ നിഴലുകൾക്കിടയിൽ മങ്ങി, മങ്ങി, നീ യാത്രയായി. അപ്പോഴായിരുന്നു ഞാൻ നിന്നെ അവസാനമായി കണ്ടത്. നീ അപ്രത്യക്ഷയായി. പിന്നിൽ നിന്ന് ഞാൻ വിളിച്ചു. മടങ്ങി വരൂ സുസാന...മടങ്ങി വരൂ....’’ മരിച്ചുപോയ സുസാനയെ ആത്മാവിന്റെ ഭാഷയിൽ പെദ്രോ പരാമോ  തിരിച്ചുവിളിക്കുകയാണ്. മരണത്തിലേക്ക് പോകുന്ന, മരിച്ചയാളാണോ എന്നുറപ്പില്ലാത്ത പെദ്രോയുടെ ഈ വേദനയാണ്, പാറക്കല്ലുകൾക്കുള്ളിൽ പ്രതിധ്വനിക്കുന്ന ഈ കവിതയാണ്, മുൻപും പിൻപും കുഴഞ്ഞു കിടക്കുന്ന, പ്രേത ലോകത്തോട് പ്രണയം തോന്നിപ്പിക്കുന്ന ഈ ഭാഗമാണ്, ഇപ്പോൾ വായിക്കുന്ന, ഒരിക്കലും വായന തീർക്കാനിഷ്ടമില്ലാത്ത ഈ പുസ്തകത്തിലെ ഏറ്റവും ഇഷ്ടവരികളായി മനസ്സിൽ ഒട്ടിപ്പിടിച്ചിരിക്കുന്നത്.

 

∙∙∙

 

കവിതയിലെ കുറ്റാന്വേഷണം

യാക്കോബ് തോമസ്

 

കുറ്റകൃത്യങ്ങളുടെ കഥപറയുന്ന അപസർപ്പകസാഹിത്യം എന്ന ജനുസ്സ് സാഹിത്യത്തിലുണ്ടെങ്കിലും മിക്ക ആഖ്യാനങ്ങളിലും അപസർപ്പകത്വം ഒളിഞ്ഞിരിക്കുന്നതു കാണാം. എന്നല്ല വായന എന്ന പ്രക്രിയ തന്നെ അടിസ്ഥാനപരമായി കുറ്റാന്വേഷണംപോലെ വാക്കുകളുടെ പൊരുൾ കണ്ടെത്തുന്ന അപസർപ്പകത്വമാണെന്നു പറയാം. ഈയർഥത്തിൽ അപസർപ്പകം ജനപ്രിയമെന്നു പറയുന്ന ‘നിലവാരംകുറഞ്ഞ’ സാഹിത്യശൈലിയുടെ സൂചകം മാത്രമല്ല, മറിച്ച് ക്ലാസിക് എന്നു വിശേഷിപ്പിക്കുന്നവയുടെ കൂടെ ഉൾപൊരുളാണ്. സൈബർലോകം സാഹിത്യത്തിന്റെ പരമ്പരാഗതരൂപങ്ങളെയും ശൈലികളെയും ഇല്ലാതാക്കുന്ന ഇന്ന് മലയാളത്തിൽ അപസർപ്പകസാഹിത്യം സാഹിത്യകാനോനകളെയെല്ലാം ലംഘിക്കുന്ന വിധത്തിൽ വളരുന്നത് ദൃശ്യമാകുന്നു. കവിതയിൽപോലും അപസർപ്പകത്വം പ്രത്യക്ഷപ്പെട്ട് ‘അപസർപ്പകകവിത’ രൂപപ്പെടുകയും ചെയ്യുന്നു. അഗതാക്രിസ്റ്റിയുടെ നീലത്തീവണ്ടിയിലെ കൊലപാതകം എന്ന നോവൽ വായിക്കുന്ന കവിയുടെ അനുഭവം പകർത്തുന്ന നിഷി ജോർജിന്റെ ‘വായന അഥവാ സമാന്തരജീവിതം’ (മഴയുടെ വെബ്സൈറ്റ് സന്ദർശിക്കുന്ന ആകാശം) എന്ന കവിത വായനയെ അപസർപ്പകത്വമാക്കുന്ന സഞ്ചാരമാണ്.

 

ഞാനപ്പോൾ നീലത്തീവണ്ടിയിലെ കൊലപാതകമെന്ന നോവൽ വായിക്കുകയായിരുന്നു എന്നുതുടങ്ങുന്ന കവിത വായനയ്ക്കിടയിൽ കവി നീലത്തീവണ്ടിയെന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് ചേർക്കപ്പെട്ടപ്പോൾ വായന തീവണ്ടിസഞ്ചാരമായി മാറുന്നു. തീവണ്ടി പോലെ അധ്യായങ്ങളാൽ നീണ്ടുകിടക്കുന്ന നോവലിന്റെ ഓരോ പുറങ്ങളിലൂടെയുമുള്ള കടന്നുപോകൽ ആരാണ്, എന്തുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന ചോദ്യവുമായി ആകാംക്ഷനിറഞ്ഞ സഞ്ചാരമായി മാറുന്നു.

 

വാക്കുകൾ

വഴിതെളിക്കുന്ന കോഡുകളാണെന്നും

ഞാനവയെ അഴിച്ചെടുത്ത്

അർഥത്തിലേക്കു എത്തേണ്ടതുണ്ടെന്നും

കണക്കുകൂട്ടി എന്നു പറയുന്നിടത്ത് കുറ്റാന്വേഷക/ൻ നോവലിൽ ചെയ്യുന്ന അന്വേഷണം വായനക്കാർ ചെയ്യുന്നതായി മാറുന്നു. ജീവിതമെന്ന തെളിവിനെ കുറ്റാന്വേഷകരെപ്പോലെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കവി ചെയ്യുന്നതെന്നും വായനയിൽ കവിതയെന്ന ശരീരത്തെ വായനക്കാർ അപസർപ്പണം ചെയ്യുകയാണെന്നും വ്യക്തമാകുന്നു. ഒടുവിൽ ‘സാന്ദ്രമെന്നൊരു സന്ദേശവാക്കിനെ അഴിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ അതിൽനിന്നുയർന്ന തിരമാലകളാൽ നനഞ്ഞതെങ്ങനെയെന്ന്’ കവി അത്ഭുതപ്പടുന്നിടത്താണ് കവിതയെന്ന തീവണ്ടി കവയിത്രി അപായച്ചങ്ങല വലിച്ചുനിർത്തുന്നത്. കുറ്റാന്വേഷകയുടെ ബുദ്ധിയുപയോഗിച്ച് കൃത്യമായ തെളിവുകളിലെത്തി അവസാനിക്കുന്നതാണ് കുറ്റാന്വേഷണമെന്ന അപസർപ്പണത്തിന്റെ ക്ലാസിക് രീതിയെ റദ്ദാക്കുന്ന പുതിയ അപസർപ്പകാഖ്യാനങ്ങൾ അന്വേഷണത്തെ ഒരുപാടു സന്ദേഹങ്ങളിലേക്കു നയിക്കുന്ന വാതിലായി തുറന്നിടുകയാണ് ചെയ്യുന്നത്. ആര്, എന്ത് എന്നതിനുത്തരമായിട്ടും തീവണ്ടിയോടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നു പറയുന്ന കവിത ഉത്തരമായാലും കൂടുതൽ പ്രശ്നങ്ങളിലേക്കു നയിക്കുന്ന വായനയെന്ന പ്രക്രിയയെ അടയാളപ്പെടുത്തുന്നു. ചോദ്യങ്ങളുടെ കാട്ടിലേക്ക് വായനക്കാരെ എടുത്തെറിയാനുള്ള അടയാളമായി നിലകൊള്ളുന്ന കീറിമുറിക്കപ്പെട്ട ശരീരമാണ് ഓരോ കവിതയും എന്ന് ഈ കവിത പറയുന്നു.

 

∙∙∙

 

ഭാരമില്ലാത്ത ഭാഷകൊണ്ടുള്ള എഴുത്ത്

വിനോദ് കൃഷ്ണ

 

എനിക്കൊരു ചങ്ങാതിയുണ്ടായിരുന്നു. റിയാസ്. രണ്ടാംമൂഴം അവന് മനഃപാഠമാണ്. ഉറക്കത്ത് എഴുന്നേൽപ്പിച്ചു ചോദിച്ചാലും അവനതിലെ വാക്കുകൾ, സന്ദർഭങ്ങൾ, വലിയ പാരഗ്രാഫുകൾ തെറ്റാതെ പറയും. കാഥികനെപോലെ. എനിക്ക് പക്ഷേ, ഈ സിദ്ധിയില്ല. വായിച്ചതൊക്കെയും ഹൃദയത്തിന്റെ ബ്ലാക്ക് ബോക്സിൽ ഒളിപ്പിച്ചുവയ്ക്കാൻ എനിക്കറിയില്ല. അതിനാൽ അടുത്തിടെ വായിക്കുന്നത് മാത്രമേ പറയാനൊക്കൂ. പണ്ട് വായിച്ചതും ആസ്വദിച്ചതും വള്ളിപുള്ളി തെറ്റാതെ വിവരിക്കാനാവില്ല. അജയ് പി. മാങ്ങാട്ട് എഴുതിയ ‘മൂന്ന് കല്ലുകൾ’ ആണിപ്പോൾ വായിക്കുന്നത്. അതിലെ ഒരു സന്ദർഭം, ജീവിതമൂഹൂർത്തം, മനുഷ്യർ തമ്മിലുള്ള കെട്ടുപാടുകൾ എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. കാളിയുടെ ജീവിതമാണത്. അയാളുടെ മകന്റെ ജീവിതമാണത്. ഈ ഭൂമിയിൽ അച്ഛനോട് ഹ്രസ്വകാല പക പുലർത്തുന്ന എല്ലാ ആൺമക്കളുടെയും ജീവിതമാണത്. ആ ഭാഗം വായിച്ചപ്പോൾ ഞാൻ വല്ലാതായിപ്പോയി. അന്ന് അത്താഴം കഴിക്കാൻ തോന്നിയില്ല. വാതിലും ജനലും എല്ലാം തുറന്നിട്ട്‌ അച്ഛനെ ഓർത്തിരിക്കാൻ തോന്നി. ഭാരമില്ലാത്ത ഭാഷകൊണ്ട് എഴുത്തുകാരൻ ഒരു ജീവിതമെഴുതുമ്പോൾ ആ കഥാപാത്രം നമ്മളായി തീരും. ജീനിയസ് ആയ ഒരു എഴുത്തുകാരൻ വായനക്കാരനിൽ വരുത്തുന്ന ട്രാൻസ്‌ക്രീയേഷൻ ആണിത്. വായനാദിനത്തിൽ ഞാൻ അതേക്കുറിച്ചു പറയട്ടെ. കാളിയുടെ ജീവിതം...

 

‘‘കാളി അയാളുടെ യൗവനം മുഴുവനായും കുടിച്ചു തീർത്ത മനുഷ്യനാണ്. കുടിച്ചു കഴിഞ്ഞാൽ അക്രമകാരിയായി മാറുന്ന അയാൾ പ്രാവിന്നുര് ചന്തയിലും മലമുണ്ടയിലെ കവലയിലും പതിവായി അടിയുണ്ടാക്കി. വീട്ടിലെത്തിയാൽ രണ്ടുമക്കളെയും ഭാര്യയെയും കണക്കില്ലാതെ ദ്രോഹിച്ചു. അപ്പന്റെ അടിയും പഴിയും വാങ്ങിയാണ് മക്കൾ വളർന്നത്. ഒരു രാത്രി കുടിച്ചു ലക്കുക്കെട്ടു കാളിയപ്പൻ ഭാര്യയെ അടിച്ചു. ആ സ്ത്രീ തലയടിച്ചു വീണു തൽക്ഷണം മരിച്ചുപോയി.’’  ചുട്ടുപൊള്ളുന്ന കരിമ്പാറയ്ക്കു മുകളിലൂടെ നഗ്നപാദനായി നടന്നു വന്ന ഒരാൾ തണുത്ത വെള്ളമൊഴുകുന്ന കാട്ടാറിൽ കാൽ മുക്കുംപോലെയുള്ള ഒരു അനുഭവമാണ് ഇതു കഴിഞ്ഞുള്ള വിവരണം വായിക്കുമ്പോൾ നമുക്ക് കിട്ടുക.

 

‘‘അമ്മയുടെ മരണശേഷം മകന് വീട്ടിൽനിന്നു മാറിനിൽക്കാൻ കഴിയാതെയായി. ഒരു ദിവസം അത്താഴമേശയിൽ കോപാകുലനായ അച്ഛൻ മകളെ ചെകിടത്ത് അടിച്ചത് അവൻ കണ്ടു നിന്നു. അന്നു രാത്രി ആ ചെറുപ്പക്കാരൻ അച്ഛനെ കൊല്ലണമെന്ന് തീരുമാനിച്ചു.’’ ഉന്മാദിയായ ഒരു എഴുത്തുകാരന്റെ ക്ലാസ് നറേഷൻ ആണ് പിന്നെ നമുക്ക് അനുഭവപ്പെടുന്നത്. കാളിയെ മകൻ വിഷം കൊടുത്തു കൊല്ലാൻ തീരുമാനിക്കുന്നു. സയനൈഡ് തേടിയുള്ള അവന്റെ രാത്രിയാത്ര ഭ്രമാത്‌മകമാണ്. വായനക്കാരൻ ആ  ലാബിരിംതിൽ കുടുങ്ങിപ്പോകും. സുഖമുള്ള നോവുണ്ടാക്കുന്ന ഒരു മഹാക്കുഴക്കാണത്. ‘‘കട്ടയിരുട്ടിൽ ടോർച്ചിന്റെ അരണ്ട വെളിച്ചത്തിൽ തപ്പിയും തടഞ്ഞുമാണ് വീടിരിക്കുന്ന ചെരുവിലെത്തിയത്. ചെറിയ ഓലപ്പുരയായിരുന്നു അത്. വീടിനു ചുറ്റും കിടങ്ങുണ്ടായിരുന്നു. ടോർച്ച് മിന്നിച്ചു കിടങ്ങിന് അടുത്തേക്ക് എത്തിയതും ഇരുട്ടിനെ നടുക്കി പട്ടികൾ കുരയ്ക്കാൻ തുടങ്ങി. എവിടെ നിന്നാണ് കുര വരുന്നത്. കിടങ്ങിനു അപ്പുറത്തു നിന്നാണോ ഇപ്പുറത്തു നിന്നാണോ എന്നറിയാതെ ചെറുപ്പക്കാർ നടുങ്ങി’’. വിഷം വാങ്ങാൻ ചെന്നവർക്കു കിടങ്ങിനു കുറുകെ നടക്കാനുള്ള തടിപ്പാലം ഇട്ടുകൊടുക്കുമ്പോൾ അയാൾ പറയുന്നത്, ‘മക്കളെ പട്ടികൾ നിങ്ങളെ തിന്നേനെ’ എന്നാണ്. വിചിത്ര മനുഷ്യരും വിചിത്ര വിചാരങ്ങളും ചേർന്നുള്ള അസാധാരണമായ ഒരു അന്തരീക്ഷം ആണെങ്കിലും നാം മുമ്പ് എന്നോ അനുഭവിച്ച പോലെ ഒരു തോന്നലുണ്ടാവും. എഴുത്തിന്റെ മാന്ത്രികതയാണത്. മകൻ അച്ഛന് വിഷം മദ്യത്തിൽ കലക്കികൊടുക്കുന്ന ഒരു സന്ദർഭം ഉണ്ട്. നാം അടിമുടി ഉലഞ്ഞു പോകും. ‘‘മകൻ മുറിയിലേക്ക് വേഗം കയറുമ്പോൾ കാളി വീണ്ടും തുമ്മുകയും ആ തുമ്മലിൽ ഒരു ക്ഷണം നിലയ്ക്കുന്ന അയാളുടെ പ്രാണനോട് തെറിവാക്കുകൾ പറയാൻ ശ്രമിക്കുകയും ചെയ്യുന്നു’’. അച്ഛൻ മരിക്കുന്നില്ല. പകരം മകൻ മരിക്കുന്നു. കുറ്റബോധം കൊണ്ട് അവൻ ചത്തുപോയതായി വായനക്കാരൻ അറിയുകയാണ്. മകൻ തന്നെ കൊല്ലാൻ ശ്രമിച്ചത് അയാൾ കുറേ കഴിഞ്ഞാണ് അറിയുന്നത്. അറിഞ്ഞ ആ നിമിഷം അയാൾ മരിക്കുന്നു. അയാളിലെ പഴയ മനുഷ്യൻ എന്നെന്നേക്കുമായി തീപ്പെടുകയാണ്. പിന്നീടുള്ള കാളി പഴയ കാളിയല്ല. കാഫ്കയുടെ ‘ലെറ്റർ ടു ഹിസ് ഫാദർ’ ഒക്കെ ഓർക്കുന്നവർക്ക് കാളിയുടെ ജീവിതത്തിന്റെ ആഴം കൂടുതൽ മനസിലാവും. ജീവിതം സ്നേഹം മാത്രമല്ല, സ്നേഹത്തിന്റെ ഏറ്റുമുട്ടൽ കൂടിയാണ്!

 

∙∙∙

 

അസാധാരണ ചരിത്രം

രതീഷ് ഇളമാട്

 

ഉണർന്നു ജീവിക്കുന്ന ഒരു മനുഷ്യന്റെ ആത്മകഥയാണ് ചരിത്രം. അസമാനമായ തന്റെ യാത്രയിൽ ബഷീറിനെപ്പോലെ ലാവണ്യത്തിന്റെ ഒരു മറുലോകം മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഈ നൂറ്റാണ്ടിൽ സൃഷ്ടിച്ചിട്ടില്ല. ബഷീറിനെക്കുറിച്ച് വിജയൻ മാഷ് ‘മരുഭൂമികൾ പൂക്കുമ്പോൾ’ എന്ന പുസ്തകത്തിൽ എഴുതിയ വരികളാണിവ. ഭ്രാന്തനും ഉന്മാദിയും സന്യാസിയും രാഗവാനും ചരിത്രകാരനുമായ ഈ ബഷീറിനെ അസാധാരണ രീതിയിൽ പുനസൃഷ്ടിച്ചിരിക്കുകയാണ് എസ്.ഹരീഷ് തന്റെ ഏറ്റവും പുതിയ നോവലായ ആഗസ്റ്റ് 17ൽ. പ്രതിചരിത്രമെന്നോ സമാന്തര ചരിത്രമെന്നോ വിശേഷിപ്പിക്കാവുന്ന ഈ ചരിത്രാഖ്യായിക എഴുത്തുകാരന്റെ ഉദാത്തമായ ഭാവന കൊണ്ട് വായനക്കാരനെ അതിശയിപ്പിക്കുന്നു. ഞാൻ എന്ന് ആഖ്യായികകാരനെക്കൊണ്ട് (അയാളെ സിഐഡി എന്നോ ഭാസിയെന്നോ സിപിയുടെ ഭക്തൻ എന്നോ അതുമല്ലെങ്കിൽ ഭ്രാന്ത കഥാവിദ്യ കൈമുതലാക്കിയ എഴുത്തുകാരനെന്നോ വിശേഷിപ്പിക്കാം) തിരുവിതാംകൂറിന്റെ ചരിത്രം പ്രതിരൂപത്തിൽ അവതരിപ്പിക്കുന്ന എഴുത്തുകാരനെക്കുറിച്ച് പറയുമ്പോൾ അയാൾ കഥയെഴുത്തുകാരനല്ല, മറിച്ച് വിനീതനായ ചരിത്രകാരൻ ആണ് (ഇത് നോവലിൽ ബഷീർ തന്നെ പറയുന്ന വാക്കുകളാണ്. ഉന്നതമായ ഭാവന ചെയ്ത നോവൽ ഭാഗം).

 

ഉറക്കത്തിനിടെ അയാളുടെ കൈ അറിയാതെ എന്റെ അരയിലെത്തി. ഞാനതു സാവധാനം എടുത്തുമാറ്റി. പിന്നെ ഒരു സ്വപ്നത്തിലേക്ക് വീണു. കൊല്ലം തങ്കശ്ശേരി കടപ്പുറത്തെ നടുവന്റെ വീട്ടിൽ നിന്നിറങ്ങിയ ഞാൻ അങ്ങോട്ട് ചുവടുവച്ചപ്പോഴേക്കും പൂങ്കുന്നത്തുള്ള ബഷീറിന്റെ വാടകവീട്ടിലെത്തുന്നു. ഇടയ്ക്ക് അത് എറണാകുളം സീതി ബിൽഡിങ്ങിലെ അടുക്കള പോലെയും തോന്നിച്ചു. ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുള്ള പ്രായം ചെന്ന ബഷീറാണ് അയാൾ.

എന്നിട്ട് നീ ഇപ്പോഴാണോ വരുന്നത്?

ബഷീർ എന്നെ നോക്കി ചോദിച്ചു.

എന്താണ് സംഭവം?

ഞാൻ ചിരിച്ചു.

എന്റെ കമ്യൂണിസ്റ്റ് ഡെൻ എന്ന കഥയിൽ നീയുണ്ട്. അയാൾ പറഞ്ഞു.

ഞാനും കെ.ദാമോദരനും കെ.സി. ജോർജും കൂടി സിനിമയ്ക്ക് പോകുമ്പോൾ തൊഴിലാളി വേഷത്തിൽ വന്ന് ടിക്കറ്റെടുത്ത് തരാമെന്ന് പറഞ്ഞ് ഒരു രൂപ വാങ്ങിച്ച് മുങ്ങിയ സിഐഡി നീയാണ്. തുടർന്ന് അയാൾ 1986ൽ എഴുതിയ ‘എന്റെ ചരമക്കുറിപ്പ്’ എന്ന കഥയിലെ ഭാഗം വായിച്ചു കേൾപ്പിച്ചു. സുന്ദരമായ ഈ ഭൂഗോളത്തിൽ എനിക്ക് അനുവദിച്ചു തന്ന സമയം പരിപൂർണമായി അവസാനിച്ചു. സമയം തീരെ ഇല്ല. അല്ലാഹുവിന്റെ ഖജനാവിൽ മാത്രമാകുന്നു സമയം ഉള്ളത്. ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത സമയം.... അനന്തം.... അനന്തമായി സമയം.

ചരിത്രപുരുഷന്മാരും ചരിത്രവും അതിനെ ചലിപ്പിച്ച സംഭവങ്ങളും മറ്റൊരു വിധമായിരുന്നു എങ്കിൽ നമ്മുടെ വർത്തമാനം എങ്ങനെ ആകുമായിരുന്നു.

 

∙∙∙∙

 

ആശ്വാസകാവ്യം

അശ്വനി എ.പി.

 

ഉത്‌പന്നമായതു നശിക്കു, മണുക്കൾ നിൽക്കും

ഉത്‌പന്നനാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും

ഉത്‌പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ

കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ

 

ആശാന്റെ വീണപൂവിനെ ഞാൻ ആശ്വാസകാവ്യം എന്നു വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. കൊടിയ വേദനകളിൽ നിന്ന് മനുഷ്യരെ കരകയറ്റാൻ പ്രേരിപ്പിക്കുന്നതു കൂടിയാണല്ലോ സാഹിത്യം. അതു ജീവിതത്തെ അത്രമേൽ ചേർത്തുപിടിയ്ക്കുന്നു. നിമിഷത്തെ അതിജീവിക്കാനും നിമിഷങ്ങളിൽ നിന്ന് ഒളിച്ചോടാനും പ്രേരിപ്പിക്കുന്നു. സാഹിത്യവും കലയുമില്ലാതിരുന്നെങ്കിൽ ലോകത്തിന് ഭ്രാന്തുപിടിക്കുമായിരുന്നു. നാം ഉൺമയും ഉന്മാദവുമായ വാക്കിനെ തേടി നടക്കുകയും വേദനയിലൂടെ വേദനയെ മറികടക്കുകയും ചെയ്യുന്നു. മരണമാണ് ആത്യന്തികമായ സത്യമെന്ന് തിരിച്ചറിയുമ്പോഴും ജീവിതത്തോടുള്ള ഒടുങ്ങാത്ത കൊതി ഉളളിൽ നിരന്തരം മരണഭയം തീർക്കുന്നുണ്ട്. ഒന്നുകൊണ്ടും പകരം വയ്ക്കാൻ കഴിയാത്ത വേദനയാണ് മരണം. ഓർമയ്ക്ക് വേദന എന്നുകൂടി അർഥം വരുന്നത് മരണത്തിനു മുന്നിലാണ്. മരിച്ചവരൊക്കെ ഓർമകളാണ്. ഓർമയുടെ നഷ്ടവും മരണമാണ്. മരണങ്ങൾക്കിടലേക്ക് ഇറങ്ങിച്ചെന്നു കൊണ്ട് ഒരു പരിധി വരെ മരണഭയത്തെ അതിജീവിക്കാൻ കഴിയും. മരണത്തിന്റെ ആകുലതകളിലൂടെ ഭയത്തെ അതിജീവിക്കാനുളള ശ്രമം ആശാന്റെ കവിതകളിൽ നിഴലിച്ചു കിടപ്പുണ്ട്. മരണത്തിൽ നിന്ന് ജീവിതത്തിന്റെ തത്ത്വശാസ്ത്രം കണ്ടെത്തുക, ആശ്വസിക്കുക. ആശാന്റെ വരികളിൽ പറഞ്ഞാൽ ശ്രീ ഭൂവിലസ്ഥിരമാണ്.

 

കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു

മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ

എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു

കണ്ണീരിനാൽ അവനിവാഴ്‌വു കിനാവു കഷ്ടം.

 

വേർപാടിനെ, വേദനയെ കവിതകൊണ്ട് അതിജീവിക്കാൻ കഴിയുമെങ്കിൽ അതിന് ഉത്തമ ഉദാഹരണമാണ് വീണപൂവ്. ലൗകികമായ ജീവിതത്തിന്റെ നിസാരതകളെ, അതിന്റെ തത്വശാസ്ത്രത്തെ ആശാൻ എത്ര ലളിതവും സുന്ദരവുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. നിർമലമായ ആ പൂവ് എല്ലാ മനുഷ്യരുടെയും ഉള്ളിലെ നന്മയുടെ പ്രതീകമാണ്. ജീവന്റെ തേജസ്‌. മണ്ണോടലിഞ്ഞ് ഇല്ലാതാകുന്ന യാഥാർഥ്യം. അവനിവാഴ്‌വ് കിനാവാണെന്ന് പറഞ്ഞു നിർത്തിക്കൊണ്ട് വീണ്ടും ജീവിതത്തിലേയ്ക്ക് ചേർത്തു പിടിക്കുന്നുണ്ട് വരികൾ. ഞാൻ കൊടിയ വേദനകളിൽ നിന്ന് ആശ്വാസം തേടി ചെല്ലുന്നത് എപ്പോഴും ആശാന്റെ വരികളിലേക്കാണ്. ഭാഷ പോലും അപൂർണമാകുന്ന നിമിഷങ്ങളെ അലോചനങ്ങൾ കൊണ്ട് പൂരണം ചെയ്യുന്നതാണ് ആശാന്റെ വരികൾ. അവ ജീവിതത്തിന്റെ നിസ്സാരതയിൽ നിന്ന് ജീവിക്കാനുള്ള ധൈര്യമേകുന്നു.

 

∙∙∙

 

അലിവിന്റെ ജലം നിറഞ്ഞ വാക്ക്

മനോജ് വെങ്ങോല

 

‘തന്നത്താനറിയാത്ത ദേശത്തേക്കൊഴുകുന്ന

പുഴ തന്നൊഴുക്കവൾ, മനസ്സു പറക്കുന്ന

മേഘമാണതിൽ തിങ്ങും മഴവെള്ളത്തിൻ ഗർഭം!

തൻ വഴി വരുന്നോർക്ക് തണല്, ആലിൻപച്ച,

വിണ്ണിലെ നക്ഷത്രങ്ങൾ നീന്തുന്ന തണ്ണീർക്കണ്ണ്,

അലിവിൻ പുഴ, പാത തൻ അനന്തത’

 

അരുണ ആലഞ്ചേരിയുടെ ‘ബോധാസക്ത’ എന്ന കവിതയിലെ ചില വരികളാണ് മേലുദ്ധരിച്ചത്. അടുത്തിടെ വായിച്ച കവിതകളിൽ എനിക്കേറെ ഇഷ്ടം തോന്നിയ വരികളാണിവ. ഈ രചനയിലൂടെ കടന്നുപോകവേ, ഏതോ ദേശകാലങ്ങളിലേക്ക് ഒഴുകിപ്പോകുന്ന പുഴയുടെ ഒഴുക്കായി ഞാൻ മാറുന്നത് ഉള്ളാലെ അനുഭവിച്ചു. മേഘങ്ങൾ, തീരത്തെ മരങ്ങൾ, ആകാശത്തെ നക്ഷത്രങ്ങൾ, ആകാശം അപ്പാടെയും എന്നിൽ പ്രതിഫലിക്കുന്നതറിഞ്ഞു. കണ്ണടച്ചിരുന്ന് ഈ വരികൾ വീണ്ടും വീണ്ടും ഉരുവിടുമ്പോൾ അലിവിന്റെ ജലം എന്നിലൂടെ നിറഞ്ഞൊഴുകുന്നതും അറിയാനായി. അനന്തമായി നീളുന്ന പാതകളുടെ അസ്ഥിരതയും അനിശ്ചിതത്വവും എന്നെ മോഹിപ്പിച്ചു എന്നും പറയണം. സാധ്യമാകാൻ ഇടയുള്ള ഒരു സാർവത്രികതയിലേക്ക് കവിത എന്നെ കൈപിടിച്ചു നടത്തുകയായിരുന്നു. ഇവിടെ ഞാൻ എടുത്തെഴുതിയത് ബോധാസക്ത എന്ന ഈ കവിതയിലെ ആറുവരികൾ മാത്രമാണ്. അതിനുമപ്പുറം ഈ കവിതയിൽ സിദ്ധാർത്ഥനും രാഹുലനും യശോധരയും ഉണ്ട്. കൊട്ടാരം വിട്ടിറങ്ങുന്ന ഉന്മാദവും പിന്തുടരുന്ന നിഴലുകളും  ജ്വരവും കാപ്പിപ്പൂക്കളും മണ്ണും ധ്യാനവും സ്നേഹവും വാത്സല്യവും വേദനകളും ഉണ്ട്. അതുകൊണ്ടുതന്നെ, ജീവിതത്തിന്റെ സൗന്ദര്യവും അർത്ഥവും നിരർത്ഥകതയും തിരയാൻ പ്രേരിപ്പിക്കുന്ന ബോധപ്രകാശമായി കവിത എന്നിൽ പ്രവർത്തിച്ചു എന്നുവേണം പറയാൻ. വേദനകളിലേക്ക് യശോധരയെ വിളിച്ചുണർത്തുന്ന മുറിവുകളുടെ ആഴം അന്വേഷിക്കുകയാണ് അരുണയുടെ കവിത. അനുവാചകന്റെ ഹൃദയത്തിൽ, ‘വിണ്ട കാലിലെ ചോരകൊണ്ടടയാളം വെച്ചുപോവുന്നു യശോധര’.

 

∙∙∙

 

നഷ്ടവാക്കുകളുടെ സ്വപ്നം

ഷാഹിന ഇ.കെ.

 

മലയാള മനോരമയുടെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിലെ വാർഷികപ്പതിപ്പിൽ ‘മഴ പെയ്യുന്ന പുസ്തകം’ എന്നൊരു കവിതയുണ്ടായിരുന്നു. ഡി.വിനയചന്ദ്രന്റെ.

 

‘ഞാനോ മറന്നത് നീയോ മറന്നത് 

ഞാനായിരിക്കാം

മഴക്കാലമല്ലയോ’

 

എന്ന് അതിന്റെ വായന തുടങ്ങിയപ്പോൾ ഉള്ളിൽ ഒരു കരിനീലപ്പച്ച മഴ പെയ്യാൻ തുടങ്ങി. മഴ, പെരുമഴ, തോരാമഴക്കാലം. ഇപ്പോഴുമോർക്കുന്നു. ആ തണുവും താളവും ചന്തവും. ആ കവിത ശേഷിപ്പിച്ച മരപ്പെയ്ത്ത് ശേഷിക്കുന്നതിനാലാവണം ഭൂതകാലത്തിന്റെ ചിതലുകൾക്കും മറവിയുടെ മഞ്ഞിനും കൊടുക്കാതെ ഞാനാ വരികൾ ഉള്ളിലത്ര സൂക്ഷിക്കുന്നതും. എത്ര തവണ വായിച്ചു കാണും ‘മഴ പെയ്യുന്ന പുസ്തകം’ ഞാൻ? തീർത്തും എണ്ണമറ്റ്. വായിച്ചും ഈണമിട്ടും ചൊല്ലിയും അത്രയേറെ അതെന്റെ ഭാഗമായിരുന്നു ആ കാലം മുഴുക്കെ.

അതിങ്ങനെ തുടങ്ങുന്നതായിരുന്നു:

 

‘ഞാനോ മറന്നത്

നീയോ മറന്നത്, ഞാനായിരിക്കാം

മഴക്കാലമല്ലയോ

കാടിന്നകത്ത് മയങ്ങിക്കിടന്നു ഞാൻ

ചൂടേറ്റുണർന്നു 

കടുവയോ സിംഹമോ

ഏതോ നികൃഷ്ട ജന്മത്തെയെന്ന പോൽ പാടെയവഗണിച്ചെന്നെയാ 

വന്യത 

കാടേതു യാത്രയിലെന്നെ മറന്നു ഞാ-

നൂടുപാടില്ലാതുറങ്ങിയതെങ്ങനെ

ഏതു ഗ്രീഷ്മത്തിന്റെ തുമ്പി പിടിച്ചു ഞാൻ

നീ പോയ ഗന്ധപഥത്തെ തുടർന്നുവോ’

 

ഈ വരികളുടെയത്രയും മഴകളും പച്ചകളും പരിമളവും എന്നെ ഇപ്പോഴും തുടരുന്നുണ്ട്. അതുകൊണ്ടാവാം ഈ കവിതയുൾക്കൊള്ളുന്ന വിനയചന്ദ്രൻ മാഷിന്റെ സമാഹരമേതെന്ന് ഞാനിപ്പോഴും പുസ്തകശാലകളിൽ തിരയുന്നു. എന്റെ കൗമാരകാലത്തെയും അതിന്റെ നീലപ്പച്ചകളെയും കൂടി ‘മഴ പെയ്യുന്ന പുസ്തകം’ ഉൾക്കൊള്ളും പോലെ ഞാനാ വിട്ടുപോയ വരികളുടെ നഷ്ടമനുഭവിക്കുന്നുണ്ട് ഇപ്പോഴുമെപ്പോഴും. ഏതോ ഒരു പുസ്തകക്കടയിൽ, അതിന്റെ അപ്രധാനമായ ഒരു അറയിൽ അതെന്നെയും കാത്തിരിപ്പുണ്ടാകുമെന്ന് ഓരോ പുസ്തകത്തിരച്ചിലുകളിലും പ്രതീക്ഷിക്കുന്നു.

 

∙∙∙

 

മനുഷ്യരുടെ അകം പെയ്യുമ്പോൾ

പുണ്യ സി.ആർ.

 

വായന നമ്മെ നിരന്തരം പുതുക്കുന്നു, ഓർമപ്പെടുത്തുന്നു, മുറിവേൽപിക്കുന്നു, ആനന്ദിപ്പിക്കുന്നു. ചില എഴുത്തുകൾ വാക്കുകൾക്കതീതമാംവിധം നമ്മുടെ ഹൃദയത്തിലള്ളിപ്പിടിക്കുന്നു. എത്രയോ മനുഷ്യരുടെ വാക്കുകൾ ക്യാപ്ഷനുകളായും കഥകളായും പോസ്റ്റുകളായും കവിതകളായും എന്നിലേക്ക് പടർന്നുപിടിച്ചിട്ടുണ്ട്. സൈബർവായനാലോകത്തിന്റെ അനന്തസാധ്യതകൾ തിരിച്ചറിയുകയും അതു പരമാവധി വിനിയോഗിക്കുകയും ചെയ്യാറുള്ള ഞാൻ, അലീനയുടെ ‘പ്രവേശനം’ എന്ന കവിതയും മൃദുലിന്റെ ഏറ്റവും പുതിയ ‘കുളെ’ എന്ന കഥയുമെല്ലാം മൊബൈൽ ഫോണിലൂടെയാണ് ഈയടുത്ത് വായിച്ചതും വല്ലാതെ ആസ്വദിച്ചതും.

 

ഡോ. ഒ.കെ. സന്തോഷിന്റെ ‘മഴകൊണ്ട് മേഞ്ഞ വീട്’ എന്ന ഓർമക്കുറിപ്പ് യാദൃശ്ചികമായാണ് കഴിഞ്ഞ ദിവസം വായിക്കുന്നത്. എഴുത്തുകാരനും നിരൂപകനുമായ ഒ.കെ.സന്തോഷ് മദ്രാസ് സർവകലാശാല മലയാളം വിഭാഗത്തിൽ എന്റെ അധ്യാപകൻ കൂടിയാണ്. ഗഹനമായ ചിന്തകളും രാഷ്ട്രീയനിരീക്ഷണങ്ങളും എഴുത്തുകളിലൂടെ പങ്കുവയ്ക്കാറുള്ള അദ്ദേഹത്തിന്റെ വൈയക്തികവും വികാരസാന്ദ്രവുമായ ഓർമക്കുറിപ്പാണ് ഏതാണ്ട് പത്തുവർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട ‘മഴകൊണ്ട് മേഞ്ഞ വീട്’. കൂരാകൂരിരുട്ടും കോരിച്ചൊരിയുന്ന മഴയുമുള്ളൊരു രാത്രി സ്വന്തം വീട്ടിൽ നിന്നിറക്കിവിടപ്പെട്ട ഒൻപതാം ക്ലാസുകാരൻ, അനുഭവക്കുറിപ്പിലൂടെ നമുക്ക് മുന്നിൽ തെളിയുന്നു. അമ്മച്ചിയും മൂന്ന് സഹോദരന്മാരും ഒൻപതാം ക്ലാസുകാരനും കൂടി പുല്ലും കാട്ടുതടികളും ചേർത്ത് വച്ച് ഒരു പുതിയ വീടുണ്ടാക്കുന്നു. മണ്ണും പശയും കല്ലും ചേർത്തുണ്ടാക്കിയ തങ്ങളുടെ പഴയ വീടിന്റെ ഭിത്തികൾ ആഞ്ഞൊരു തള്ളിനു നിലംപൊത്തിച്ച അച്ചാച്ചനോടുള്ള പ്രതിഷേധവും പ്രതിരോധവുമാണ് ഒറ്റ രാത്രി കൊണ്ട് ഒരു വീടായി മാറുന്നത്. വീട് എന്ന വ്യവസ്ഥാപിത സങ്കൽപം പൊളിച്ചെഴുതുകയും മനുഷ്യർ പരസ്പരം വീടുകളാകുന്നതും മേൽക്കൂരകളാക്കുന്നതും എങ്ങനെയെന്ന് ഹൃദയഭേദമായി കുറിച്ചുവയ്ക്കുകയും ചെയ്യുന്നു എഴുത്തുകാരൻ. ‘സ്വപ്നങ്ങളും അളവുകളുമില്ലാതെ പണിത വീടാണ് എനിക്കമ്മച്ചി എന്ന് തോന്നിപ്പോകും. മഴകൊണ്ട് മേഞ്ഞ വീട് അമ്മയല്ലാതെ മറ്റാരാണ്..’ എന്നവസാനിക്കുന്ന കുറിപ്പ് എന്നിലിപ്പോഴും നിർത്താതെ പെയ്യുന്നു!

 

എഴുത്തിന്റെ മാജിക്

കെ.വി. മണികണ്ഠൻ

 

ക്ഷേത്രക്കുളത്തിനു സമീപത്തെ ചാഞ്ഞ തെങ്ങിൽ ചാരി കൈകൾ പിന്നോട്ടിട്ട് അതിനേയും കെട്ടിപ്പിടിച്ച് നിൽക്കുകയായിരുന്നു പൂക്കുഞ്ഞ്. അപ്പോഴാണ് ലൈലാത്ത മുന്നോട്ട് വന്നത്. അയാളോടല്ലെന്ന മട്ടിൽ ചോദിച്ചു:_

 

‘കെട്ടിപ്പിടിക്കാൻ തെങ്ങിനെ മാത്രമേ കിട്ടിയൊള്ളോ..’_

 

‘അതെങ്കിലും കിട്ടിയല്ലോ..’_ പൂക്കുഞ്ഞ് സ്വപ്നത്തിൽ നിന്ന് ഉണർന്ന് വന്നിട്ട് പറഞ്ഞു.

 

സെപ്റ്റംബർ 4, 2018 രാവിലെ 6:20നാണു ഞാനീ വാചകം വായിക്കുന്നത്‌. പക, ഗുണ്ടകൾ, ചോര അത്യന്തം വയലൻസ് നിറഞ്ഞ പടിഞ്ഞാറേ കൊല്ലം ചോരക്കാലം എന്ന കഥ ഒരു ക്ലാസിക് പ്രണയകഥയെന്ന് അറിഞ്ഞ/അനുഭവിച്ച നിമിഷം. കഥ വായിച്ച് തീർന്ന് പുസ്തകം മടക്കാതെ അപരിചിതനായ ജി.ആർ. ഇന്ദുഗോപന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ചത്! ഈയൊരു വയലൻസ്/പക തീമിനെ ഉജ്ജ്വലപ്രണയകഥ ആക്കാൻ ഈ എഴുത്തുകാരൻ ഉപയോഗിച്ച തുച്ഛമായ വാക്കുകൾ. എഴുതുന്നവർ തീർച്ചയായും പഠനവിധേയമാക്കേണ്ടുന്ന മാജിക്ക് ആണത്. പ്രണയം ഉരുത്തിരിയേണ്ട ഒറ്റ വാക്കുകളോ പ്രയോഗങ്ങളോ ഇല്ലാതെ പ്രണയം വരുത്തുന്ന ആ മാജിക്കിനു മുന്നിൽ നമിച്ചേ തീരൂ. ആദ്യവായനയിൽ ഇതുപോലെ എന്നെ കീഴ്മേൽ മറിച്ച മറ്റൊരനുഭവവും പെട്ടന്നോർമ്മയിൽ വരുന്നില്ല‌.

 

Content Summary: Writers on the books that influenced them