“I meant,” said Ipslore bitterly,” what is there in this world that truly makes living worthwhile?” Death thought about it. CATS, he said eventually. CATS ARE NICE.” Terry Pratchett, Sourcery 1 “നീയിപ്പോഴും അവരെ ഓർക്കാറുണ്ടോ?” ക്ലയന്റ് കോളിന്റെ ഇടവേളയിലാണ് ഡെന്നീസ് ആ ചോദ്യം ചോദിച്ചത്.

“I meant,” said Ipslore bitterly,” what is there in this world that truly makes living worthwhile?” Death thought about it. CATS, he said eventually. CATS ARE NICE.” Terry Pratchett, Sourcery 1 “നീയിപ്പോഴും അവരെ ഓർക്കാറുണ്ടോ?” ക്ലയന്റ് കോളിന്റെ ഇടവേളയിലാണ് ഡെന്നീസ് ആ ചോദ്യം ചോദിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

“I meant,” said Ipslore bitterly,” what is there in this world that truly makes living worthwhile?” Death thought about it. CATS, he said eventually. CATS ARE NICE.” Terry Pratchett, Sourcery 1 “നീയിപ്പോഴും അവരെ ഓർക്കാറുണ്ടോ?” ക്ലയന്റ് കോളിന്റെ ഇടവേളയിലാണ് ഡെന്നീസ് ആ ചോദ്യം ചോദിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

“I meant,” said Ipslore bitterly,” what is there in this world that truly makes living worthwhile?”

Death thought about it.

ADVERTISEMENT

CATS, he said eventually. CATS ARE NICE.”

Terry Pratchett, Sourcery

 

1

ADVERTISEMENT

 

“നീയിപ്പോഴും അവരെ ഓർക്കാറുണ്ടോ?”

ക്ലയന്റ് കോളിന്റെ ഇടവേളയിലാണ് ഡെന്നീസ് ആ ചോദ്യം ചോദിച്ചത്. ഉറക്കം മതിയാവാതെ കുഴിഞ്ഞുപോയ കണ്ണുകളുയർത്തി മേഘ്ന അയാളെ നോക്കി. അയാൾ പറഞ്ഞു, “ഞാൻ അവരെ സ്വപ്നം കണ്ടിരുന്നു... കഴിഞ്ഞ ദിവസം... നിന്നോട് പറയണോ എന്നു സംശയിച്ചു. പിന്നെ തോന്നി, ചിലപ്പോൾ നിന്റെ സ്വപ്നത്തിലും അവർ വരുന്നുണ്ടാവുമെന്ന്.” പതിഞ്ഞ ശബ്ദമായിരുന്നു അയാളുടേത്.

 

ADVERTISEMENT

“ഇല്ല. അവരെ ഞാൻ സ്വപ്നം കാണാറില്ല.” ദ്രുതഗതിയിൽ മറുപടിയേകി അവൾ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് മടങ്ങി.

 

“ചിലപ്പോഴൊക്കെ എനിക്കു തോന്നും, അവർ കാരണമാണ് ഞാൻ ഇവിടെ തനിക്കൊപ്പം താമസിക്കുന്നതെന്ന്. എന്നെ അവർ തന്നെ തിരഞ്ഞെടുത്തതാണെന്ന്. തന്റെ പൊറുതികേടുകൾ മറ്റാർക്ക് മനസിലാവാനാണ്.”

 

കീബോർഡിൽ ദ്രുതഗതിയിൽ ചലിച്ചിരുന്ന മേഘ്നയുടെ വിരലുകൾ പൊടുന്നനെ നിശ്ചലമായി. അവൾ അസ്വസ്ഥയാവുന്നെന്നു തിരിച്ചറിഞ്ഞതും അയാൾ മൗനം പാലിച്ചു. തുടർവാചകങ്ങളൊന്നും കേൾക്കാതായപ്പോൾ മേഘ്ന ടൈപ്പിംഗ്‌ പുനരാരംഭിച്ചു. പക്ഷേ, അധികനേരം ശ്രദ്ധയോടെ ജോലി തുടരാൻ കഴിഞ്ഞില്ല. ഡെന്നീസിന്റെ വാക്കുകൾ അവളുടെ ചെവിയിൽ തുടർച്ചയായി മുഴങ്ങി.

 

‘ഞാൻ അവരെ സ്വപ്നം കണ്ടിരുന്നു...’

 

‘നീയിപ്പോഴും അവരെ ഓർക്കാറുണ്ടോ?’

 

അസ്വസ്ഥതയോടെ മേഘ്ന ലാപ്ടോപ്പ് അടച്ചു. വീർത്ത വയറുമായി കസേരയിൽ നിന്ന് എഴുന്നേറ്റ് ബെഡ്റൂമിലേക്ക് പ്രാഞ്ചി നടക്കുന്ന അവളുടെ രൂപം കണ്ടതും അയാൾ വല്ലാതായി. ചോദിക്കേണ്ടിയിരുന്നില്ല... ഒന്നും...

 

2

 

കത്തുകൾ അയയ്ക്കണമെന്നു നീ പറഞ്ഞിരുന്നു. മറുപടിയായി ഉറപ്പായും അയക്കാമെന്നു ഞാൻ ഭംഗിവാക്ക് പറഞ്ഞു. സത്യത്തിൽ ഞാൻ കത്തുകൾ എഴുതുന്ന ആളായിരുന്നില്ല. എഴുതിയ ഒരേയൊരു കത്തിലാകട്ടെ എന്നോട് കൂടുതൽ അടുക്കരുത്, അപകടകാരിയാണ്, സ്നേഹംകൊണ്ടു വല്ല വിഷവും തീറ്റിച്ചേക്കും നിന്നെ എന്നാണ് എഴുതിയത്. ഒട്ടും ശീലമില്ലാത്ത എഴുത്ത്, ഉപയോഗിക്കാറേയില്ലാത്ത പേന, തിടുക്കത്തിൽ എവിടെനിന്നോ ചീന്തിയെടുത്ത പേപ്പർ, ഇതെല്ലാം ചേർന്നു രൂപം കൊണ്ടൊരു കത്ത്. ജീവനില്ലാത്ത ഒന്ന്. അതിനു ജീവൻ കൊടുക്കുന്നത്, വായിക്കുന്നയാളും. പക്ഷേ, അതിലെ വാചകങ്ങൾ ജീവിതത്തേക്കാൾ മരണത്തെക്കുറിച്ചാവുമ്പോൾ, ബാക്കിയാവുന്നതെന്താവും?

 

നിന്റെ കത്തുകളിൽ ജീവിതം നിറഞ്ഞുനിന്നിരുന്നു. എന്നാൽ അതുകാണാനുള്ള തെളിച്ചം എന്റെ കാഴ്ചക്കുണ്ടായിരുന്നില്ല. ഞാൻ മറുപടി എഴുതാഞ്ഞത് മനപ്പൂർവമാണെന്നു തോന്നിയോ? സത്യമാണ്. മനപ്പൂർവം തന്നെ. അത് പക്ഷേ, നിന്റെ കത്തുകൾ വായിക്കാത്തതു കൊണ്ടല്ല കേട്ടോ. അവ ഞാൻ പലവട്ടം വായിച്ചിരുന്നു. പക്ഷേ, മറുപടി എഴുതാൻ തോന്നിയില്ല. നിനക്കറിയുമോ, നമ്മൾ സത്യത്തിൽ രണ്ടു വിഭിന്നകാലങ്ങളിലിരുന്നാണു സ്നേഹിച്ചത്. ഒരുതരത്തിൽ, നീയെനിക്ക് എഴുതിയതുപോലും. വേണമെന്നു വിചാരിച്ചാൽ കൂടിയും മുറിച്ചുകടക്കാൻ കഴിയാത്ത ഒരു നദിക്കിരുപുറമായിരുന്നു നമ്മൾ... സമയം... അവിടെ എനിക്ക് ജീവനോടിരിക്കാൻ നിന്നെ വേദനിപ്പിച്ചേ മതിയാകുമായിരുന്നുള്ളൂ. നിനക്ക് വേദനിച്ചിരുന്നോ?

 

3

 

അവസാനമായി തമ്മിൽ കണ്ട ദിവസം മഴ പെയ്തിരുന്നു. പരിചയമില്ലാത്ത നഗരത്തിൽ ഉച്ചയോടെ ട്രെയിൻ ഇറങ്ങുമ്പോൾ പുറത്ത് അവർ വരുമെന്നതായിരുന്നു മേഘ്നയുടെ പ്രതീക്ഷ. ആ നഗരത്തിൽ കാണാമെന്നത് അവരുടെ ആശയമായിരുന്നല്ലോ. സ്റ്റേഷന് വെളിയിൽ ഇറങ്ങിയിട്ടും ആളെ കാണാഞ്ഞപ്പോൾ മേഘ്ന അവർക്ക് ഫോൺ ചെയ്തു. മഴക്കോള് തുടങ്ങിയിരുന്നു. അധികനേരം ബെൽ അടിക്കുന്നതിന് മുൻപേ അവർ കോൾ അറ്റൻഡ് ചെയ്തു. അവിടെ അടുത്തുതന്നെയുണ്ടായിരുന്നു അവർ. ഫോൺ കട്ട് ചെയ്യാതെതന്നെ മേഘ്ന അവർ പറഞ്ഞ വഴിയിലൂടെ നടന്നു. അടുത്തു വന്ന് അവളെ ഗാഢമായ ഒരു ആശ്ലേഷത്തിലൊതുക്കുമ്പോഴേക്കും മഴ ഇരച്ചെത്തി.

 

മഴയിൽ മുങ്ങിപ്പോവാതിരിക്കാൻ ഓട്ടോ വിളിക്കേണ്ടതായിവന്നു അവർക്ക്. ഇരുവശവും കെട്ടിമറച്ചിരുന്നിട്ടും ശക്തിയായ കാറ്റിൽ അവളുടെ ദേഹം നനഞ്ഞുകുതിർന്നു. മഴയിൽ ഡ്രൈവർക്കും വഴിതെറ്റിയിരിക്കണം. രണ്ടുവട്ടം ആ തെരുവിലൂടെ മുഴുവൻ കറങ്ങിയിട്ടും അവർക്ക് പോകേണ്ടയിടം കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞില്ല. മൂന്നാമത്തെയൊ ചിലപ്പോൾ നാലാമത്തെയോ കറക്കത്തിലും അയാൾക്കതിന് കഴിഞ്ഞേക്കില്ല എന്ന തോന്നൽ വന്നതും ഓട്ടോ നിർത്തി അവരിരുവരും ഇറങ്ങി. മഴ അപ്പോഴും ശമിച്ചിരുന്നില്ല.

 

നനയാതിരിക്കാൻ ഓടിക്കയറിയത് ഒരു ചെറിയ ടീഷോപ്പിലേക്കാണ്. ഇപ്പോൾ മേഘ്നക്ക് പേരുപോലും ഓർമയില്ലാത്ത ഒരിടം. സത്യമായും അവളുടെ പദ്ധതിയിൽ അങ്ങനെയൊരു സ്ഥലം ഉണ്ടായിരുന്നില്ല. എന്നിട്ടും മഴ ശമിക്കുന്നത്‌ വരെ അവർ അവിടെയിരുന്നു. മൺകോപ്പയിൽ ചായ തരുന്ന ബംഗാൾ ശൈലി അനുകരിക്കാൻ ടീഷോപ്പുകാരൻ ശ്രമിച്ചിരുന്നു എന്നതു കൊണ്ടാവണം മേഘ്ന ആ സ്ഥലം ഇപ്പോഴും ഓർത്തിരിക്കുന്നത്. പൊതുവേ ആ കാലത്തെക്കുറിച്ച് ഒന്നും തന്നെ ഓർമയില്ല അവൾക്ക്.

 

നിങ്ങൾക്കതിൽ അത്ഭുതം തോന്നേണ്ടതില്ല. ജീവിച്ചിരിക്കുക എന്നതു മാത്രമായിരുന്നു പ്രധാനം. ഏതു വിധേനയും. ഏതൊരു പ്രകോപനത്തിലും സമചിത്തത കൈവിടാതെ ജീവനോടിരിക്കൽ അത്ര എളുപ്പവുമായിരുന്നില്ല. എന്നിട്ടും അവർ തമ്മിൽ അതൊരിക്കലും ചർച്ചയായില്ല. മൺകോപ്പയിലെ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ പോലും, പഞ്ചസാരയ്ക്ക് പകരമായി പനംചക്കര ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചാണു പ്രായം ചെന്ന സ്ത്രീ സംസാരിച്ചത്. അവർ വല്ലാതെ മാറിയിരിക്കുന്നല്ലോ എന്നു മേഘ്ന അത്ഭുതം കൂറി. മഴ ഒതുങ്ങിയപ്പോൾ അവർ അവിടം വിട്ടു.

 

തെരുവിനപ്പുറം കൗതുകവസ്തുക്കളും പഴയ പുസ്തകങ്ങളും വിൽക്കുന്ന ഒരു കെട്ടിടത്തിലാണ് യാത്ര അവസാനിച്ചത്. കഷ്ടിച്ച് നാലുപേർക്ക് ഇരിക്കാവുന്ന ഇടത്ത് ഒരു ചായ മാത്രം വാങ്ങി ഒരുപാടു സമയം ചെലവഴിക്കുന്നത് ശരിയല്ല എന്ന തോന്നൽ കൊണ്ടാവാം ചിലപ്പോൾ ടീഷോപ്പിൽ നിന്ന് ഇറങ്ങാൻ അവർ തിടുക്കം കൂട്ടിയത്.

 

പൊടി മണക്കുന്ന പുസ്തകങ്ങൾ. ഏതോ കാലത്ത് ആരെല്ലാമോ വായിച്ചവ. സ്വന്തമെന്നു ലാളിച്ചവ. ഒരുകാലത്തും വിട്ടുപിരിയില്ലെന്ന് ഉറപ്പിച്ചവ. എന്നിട്ടിപ്പോൾ ഇവിടെ പലയിടങ്ങളിൽ നിന്നും സമാനമായ വ്യഥയും പേറി വന്ന പുസ്തകങ്ങൾക്കൊത്ത് മൗനത്തിൽ തുടരുന്നു. മേഘ്നക്ക് അവയെ തൊട്ടുതലോടാൻ തോന്നി. വിചിത്രങ്ങളായ പലപുസ്തകങ്ങളും ഉണ്ടായിരുന്നു അവിടെ. നൂറ്റാണ്ടിനടുത്തു പഴക്കമുള്ള ആദ്യ പതിപ്പുകൾ. ഇനി ഒരിക്കലും പുറത്തിറങ്ങാൻ സാധ്യതയില്ലാത്ത ലെതർബൗണ്ട് എഡിഷനുകൾ. ചെറുതായി ചിതൽ തിന്ന, മടക്കുകളും കീറലുകളും വീണ പുസ്തകങ്ങൾ. അവയ്ക്ക് മുന്നിൽ നിൽക്കവേ അവൾ സമയം മറന്നു. അവൾക്കൊപ്പം വന്ന പ്രായം ചെന്ന സ്ത്രീയെ മറന്നു. നേരമാവുന്നുവെന്നു തിടുക്കപ്പെട്ട അവരെ “ഇറങ്ങിക്കോളൂ, അടുത്തവട്ടം വിശദമായി കാണാം” എന്നു പറഞ്ഞ് മേഘ്ന യാത്രയാക്കി.

 

അവസാനത്തെ ആശ്ലേഷത്തിലും പന്തികേടൊന്നും തോന്നിയില്ല. അല്ലെങ്കിലും പന്തികേടുകൾ തിരിച്ചറിയാൻ മേഘ്നക്ക് കഴിവുണ്ടായിരുന്നോ എന്നത് എന്നും തർക്കവിഷയമാണ്. അവർ പോയി പിന്നെയും മണിക്കൂറുകൾക്ക് ശേഷമാണ് മുകൾനിലയിലെ പുസ്തകക്കൂട്ടത്തിൽ നിന്നു കുറച്ചധികം പുസ്തകങ്ങളുമായി അവൾ താഴേക്ക് വന്നത്. കോണിയിറങ്ങി ബില്ലിംഗ് സെക്ഷനിലേക്ക് നടക്കുമ്പോൾ യാദൃശ്ചികമായി അവിടെ അടുക്കിവെച്ചിരുന്ന പോസ്റ്റ്‌കാർഡുകൾ മേഘ്നയുടെ കണ്ണിൽ പെട്ടു. അതിലൊന്ന് അവളെ വല്ലാതെ ആകർഷിച്ചു. ഇളംമഞ്ഞ നിറമുള്ള ഒരു പെയിന്റിങ്ങായിരുന്നു അതിൽ. നിരനിരയായി അടുക്കിയ പുസ്തകങ്ങൾക്ക് മുന്നിൽ സ്വയം മറന്ന് നിൽക്കുന്ന രണ്ടുപേർ. പക്ഷേ, രണ്ടു പേർക്കുമിടയിലെ ദൂരം അപ്പോൾ അവളുടെ കണ്ണിൽ പെട്ടില്ല.

 

ബിൽ ചെയ്യാൻ നേരം തനിക്ക് ബാക്കി കിട്ടേണ്ട തുകയ്ക്ക് പകരമായി മേഘ്ന ആ പോസ്റ്റ്‌കാർഡ് എടുത്തു. സത്യത്തിൽ അവൾക്കതുകൊണ്ട് ഒരുപയോഗവും ഇല്ലായിരുന്നു. സ്ഥിരമായി കത്തുകൾ എഴുതുന്ന, ഓർമപുതുക്കലിനായി എന്തെങ്കിലും സൂക്ഷിക്കുന്ന ആളായിരുന്നില്ല മേഘ്ന. എന്നിട്ടും, എന്തിനോ.... ആ ഓർമ പോലും അവളുടേതു മാത്രമാക്കി ആ സ്ത്രീ മരണപ്പെട്ടിരിക്കുന്നു. അന്നു വാങ്ങിയ പുസ്തകങ്ങളാകട്ടെ ഇനിയൊരിക്കലും വായിക്കപ്പെടില്ല എന്ന ഉറപ്പിൽ ഏതോ അലമാരയിൽ വിശ്രമിക്കുന്നു. എന്നിട്ടും ആ പോസ്റ്റ്‌കാർഡ് മേഘ്നക്ക് കയ്യെത്തിച്ചെടുക്കാവുന്ന അകലത്തുണ്ട്.

 

ഒരുമിച്ച് ഒരേയിടത്തായിരുന്നപ്പോഴും കാതങ്ങൾ അകലെയായിരുന്ന രണ്ടുപേരുടെ വേർപിരിയലിനെ ഓർമിപ്പിക്കാൻ അതിലും മനോഹരമായ മറ്റെന്താണ്? കാലപ്പഴക്കത്തിൽ അതിന്റെ നിറം മങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും അവൾക്കതു സന്തോഷകരമായ ഓർമ തന്നെയാവും. പരസ്പരം കടിച്ചുകീറി ഉണങ്ങാത്ത മുറിവുകൾ അവശേഷിപ്പിക്കുന്ന രണ്ടു പേരായി തരംതാണില്ലല്ലോ അവർ.

 

4

 

“ആ പോസ്റ്റ്‌ കാർഡുകൾ മഴയിൽ നനഞ്ഞിരുന്നോ?”

 

“ഏത്?” എരിയുന്ന സിഗരറ്റ് കെടുത്തിക്കൊണ്ട് മേഘ്ന തലയുയർത്തി അയാളെ നോക്കി.

 

“അന്നു വാങ്ങിയവ. അവർ നേരത്തെ ഇറങ്ങിയ ദിവസം. നീയെന്നോട് ഒരിക്കൽ അതേക്കുറിച്ച് പറഞ്ഞിരുന്നു.” ഡെന്നീസ് ആകാംക്ഷയോടെ ചോദിച്ചു.

 

അവൾ ഒരുനിമിഷം അയാളെ നോക്കിനിന്നു. മാറ്റങ്ങൾ ഒന്നും തന്നെയില്ല. അലസമായി വളർന്ന മുടി. കട്ടിയുള്ള മേൽമീശ. ചുണ്ടിന് താഴെ നനുത്തൊരു മറുക്.

 

“ഇല്ല. തിരിച്ചുവരുമ്പോൾ മഴ ഉണ്ടായിരുന്നില്ല. ഒരാളല്ലേ ഉള്ളൂ. ഒരാൾക്ക് നനയാൻ എന്തിനാണ് ഡെന്നീസ് മഴ?” അവളുടെ മറുപടി കേട്ടതും ഡെന്നീസ് നിശബ്ദനായി. മേഘ്ന ആദ്യമായി അയാളെ കണ്ട ദിവസം ഓർത്തു.

 

5

 

മഴയുണ്ടായിരുന്നു അന്നും. ക്രിമറ്റോറിയത്തിനു വെളിയിൽ നൂൽവണ്ണത്തിൽ ചാറിക്കൊണ്ടിരുന്ന ഒന്ന്. അധികമാരും ഉണ്ടായിരുന്നില്ല അവിടെ. നീല നിറത്തിലുള്ള സ്യൂട്ട് ധരിച്ച ഒരാൾ ജനൽപ്പാളിയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നത് മേഘ്ന കണ്ടു. ശവസംസ്കാരങ്ങൾക്ക് യോജിച്ച വസ്ത്രം എന്ന് അവൾ ചുണ്ടുകോട്ടി. എന്തായിരുന്നിരിക്കും അവർ തമ്മിലെന്നു സംശയിച്ചപ്പോഴും അയാളുടെ പേരെന്തെന്നോ, തങ്ങൾ ഇനിയും സംസാരിക്കേണ്ടവരാണെന്നോ അവൾക്കറിയില്ലായിരുന്നു.

 

ആ ദിവസത്തെ അവസാനത്തെ മൃതദേഹമായിരുന്നു ആ സ്ത്രീയുടേത്‌. എത്ര വൈകിയാലും മേഘ്ന എത്തിച്ചേരും എന്നു പ്രതീക്ഷിച്ചിരുന്നിരിക്കും അവർ. ആരൊക്കെ വന്നുപോയി, അറിയില്ല. പഴയതുപോലെയല്ലല്ലോ. നിയന്ത്രണങ്ങളുണ്ട്. വേണമെന്ന് വിചാരിച്ചാൽ പോലും എത്തിച്ചേരാൻ കഴിയില്ല പലർക്കും. എല്ലാം കത്തിത്തീരുന്നത് വരെ അവിടെ അവശേഷിച്ചത് മേഘ്നയും അപരിചിതനും മാത്രം. മരണത്തിനു മാത്രം നീക്കാൻ കഴിയുന്ന അപരിചിതത്വം മറികടന്ന്, ഇടക്കെപ്പോഴോ രണ്ടുപേരും പരിഭ്രമം കലർന്നൊരു ചിരി കൈമാറി.

 

ചിതാഭസ്മം ഏറ്റുവാങ്ങാൻ നേരം അയാൾ മേഘ്നയെ നോക്കി. അയാളുടെ കൈകൾ വിറച്ചിരുന്നു. പക്ഷേ, സാക്ഷ്യപത്രങ്ങൾ ഒപ്പിടുമ്പോൾ എന്തേ വിരലുകൾ വിറച്ചില്ല എന്നൊരു കുന്നായ്മ തോന്നി അവൾക്ക്. ഗേറ്റിന് പുറത്തെത്തുമ്പോൾ ഇരുട്ടിയിരുന്നു. മഴ അവസാനിച്ചിരുന്നില്ല. അയാൾ കാറിലേക്ക് കൈചൂണ്ടി. അവർക്ക് അത്ര പ്രിയപ്പെട്ട ആളായിരുന്നിരിക്കും എന്ന തോന്നൽ വന്നതും മേഘ്ന മടിക്കാതെ കാറിൽ കയറി. നഗരത്തിൽ പഴയ തിരക്കുണ്ടായിരുന്നില്ല. ഇടയ്ക്കിടെ കർഫ്യൂ ഉറപ്പുവരുത്താൻ ചീറിപ്പായുന്ന പോലീസ് വാഹനങ്ങൾ കണ്ടു. ഒരിടത്ത് അവർ കൈകാണിച്ചെങ്കിലും കലശം കണ്ടതോടെ കൂടുതൽ ചോദ്യങ്ങളുണ്ടായില്ല. അയാൾ നന്നായി സംസാരിക്കുന്നെന്ന് അവൾ കൗതുകത്തോടെ കണ്ടു.

 

ഭക്ഷണം എവിടെനിന്നു വാങ്ങണം എന്നയാൾ ചോദിച്ചപ്പോഴാണ് തങ്ങൾ നഗരത്തിന് പുറത്ത് കടക്കുകയാണെന്നു മേഘ്ന തിരിച്ചറിഞ്ഞത്. അയാൾ രണ്ട് റസ്റ്ററന്റുകളുടെ പേര് പറഞ്ഞു. രണ്ടും അവൾക്ക് അപരിചിതമായിരുന്നു. അല്ലെങ്കിലും വിശദാംശങ്ങൾ ഓർത്തുവയ്ക്കുക എന്നത് മേഘ്നക്ക് എന്നും ബുദ്ധിമുട്ടായിരുന്നു.

 

“വണ്ടി നിങ്ങളുടെ വീട്ടിലേക്ക് വിടൂ” എന്നു പറയാനാണ് അവൾക്ക് തോന്നിയത്.

 

അയാൾ അത്ഭുതത്തോടെ അവളെ നോക്കി. കാറിന്റെ ചില്ലിലൂടെ പുറത്തെ രാത്രി കാണുകയായിരുന്നു മേഘ്ന. അയാൾക്ക് രാത്രി വളരെ പരിചിതമാണെന്ന് തോന്നി. ഇപ്പോളെന്തേ തനിക്ക് ഇരുളിനോട് ഭയം തോന്നാത്തതെന്നായിരുന്നു മേഘ്നയുടെ ചിന്ത. ജൂലൈയിലെ അവസാനത്തെ ആഴ്ചയായിരുന്നു അത്.

 

“കർമങ്ങളും മറ്റ് ചടങ്ങുകളും എങ്ങനെ വേണമെന്ന് എനിക്കറിയില്ല. എനിക്ക് ഇതൊന്നും പരിചയമില്ല.”

 

സങ്കോചത്തോടെയാണ് അയാളത് പറഞ്ഞത്. എന്ത് ചെയ്യണമെന്നറിയില്ലെങ്കിൽ പിന്നെന്തിനാണ് വലിയ അധികാരത്തിൽ ചിതാഭസ്മം ഏറ്റുവാങ്ങിയതെന്നു നീരസം തോന്നാതിരുന്നില്ല മേഘ്നക്ക്. മറുപടിയില്ലെന്ന് കണ്ടതും അയാൾ ഒരിക്കൽ കൂടി അവളെ നോക്കി.

 

“ചെയ്യാം. നിങ്ങളുടെ പേരിനിയും പറഞ്ഞില്ല. ഞാൻ ചോദിച്ചുമില്ല. പക്ഷേ, നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്നു നിങ്ങൾ മറ്റൊരു വിശ്വാസം പിന്തുടരുന്നന്നയാളെന്ന് എനിക്ക് തോന്നിയിരുന്നു. അല്ലെങ്കിൽ ഇതിനെക്കുറിച്ച് ഒരു ചെറിയ ധാരണയെങ്കിലും നിങ്ങൾക്ക് ഉണ്ടാവേണ്ടതല്ലേ?”

 

അപ്രതീക്ഷിതമായി ഉയർന്ന പരുക്കൻ ചോദ്യത്തിൽ കാറിലെ അന്തരീക്ഷം പൊടുന്നനെ കനത്തു.

 

“ശരിയാണ്. പക്ഷേ, അതിനിവിടെ പ്രസക്തിയുണ്ടോ? പ്രത്യേകിച്ച് അവർക്കിത്തരം കർമങ്ങളിലൊന്നും തീരെ വിശ്വാസമില്ലാഞ്ഞ സ്ഥിതിക്ക്.” തെല്ലിടനേരത്തെ മൗനത്തിന്‌ ശേഷം അയാൾ ചോദിച്ചു.

 

“ഉണ്ടല്ലോ. എന്താ സംശയം. മുഖാവരണങ്ങളോട് അത്രയധികം പൊരുത്തപ്പെട്ടുപോയത് കൊണ്ടാണോ, അതോ ഇതൊന്നും മനസിലാക്കാൻ കഴിയാത്തത്ര നിഷ്കളങ്കനാണോ നിങ്ങൾ?”

 

“ക്ഷോഭിക്കാതിരിക്കൂ. അവർ കത്തിത്തീർന്നിട്ട് അധികസമയമായില്ല എന്നു മറക്കാതെ.”

 

കാർ നഗരവീഥികളിലൂടെ സാവധാനം സഞ്ചരിച്ചുകൊണ്ടിരുന്നു. അവൾ പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു. ഇടയ്ക്കിടെ മിന്നിമായുന്ന നിയോൺ വെളിച്ചങ്ങൾ പോലും സാവധാനം അപ്രത്യക്ഷമാവുന്ന രാത്രി. കേട്ടുപരിചയിച്ച ഭീതികഥകളിൽ നിന്ന് ഇറങ്ങിവന്നത് പോലൊന്ന്. യാത്ര തീരുംവരെ അയാൾ പിന്നെയൊന്നും സംസാരിച്ചില്ല.

 

6

 

എന്റെ സ്വകാര്യതയെ ഞാനെത്ര വിലമതിച്ചിരുന്നെന്ന് നിനക്കറിയാമല്ലോ. പലപ്പോഴും നിന്റെ കുശലാന്വേഷണങ്ങൾ എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ഞാൻ കണ്ടത്. നീയിപ്പോൾ ചിന്തിക്കുന്നതു തികച്ചും സത്യമാണ്. എന്നെക്കുറിച്ച് ഞാൻ ഒന്നുംതന്നെ സംസാരിച്ചിരുന്നില്ല. നിന്നെക്കുറിച്ചു ധാരാളം സംസാരിക്കുകയും ചെയ്തിരുന്നു. അതെങ്ങനെയാണ്‌ ഒഴിവാക്കലാവുക എന്നു മനസിലാക്കാൻ ചിലപ്പോൾ നിനക്ക് ബുദ്ധിമുട്ടാവാം. പക്ഷേ, എന്തൊക്കെ പറയണം, പറയരുത് എന്നെല്ലാം എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനപ്പുറം ഒരു വാചകവും ഞാൻ സംസാരിച്ചിരുന്നില്ല. ഒന്നാലോചിച്ചാൽ നിനക്കത് സത്യമാണെന്ന് മനസിലാവും.

 

മീറ്റിങ്ങുകളെല്ലാം ഓൺലൈൻ ആയതോടെ കാര്യങ്ങൾ എന്റെ നിയന്ത്രണത്തിന് പുറത്തായി. അടഞ്ഞുകിടക്കുന്ന മുറികൾ എന്നെ വല്ലാതെ ഭയപ്പെടുത്തി. എപ്പോൾ വേണമെങ്കിലും ആരെങ്കിലും വാതിലിൽ മുട്ടുമെന്നും അവർക്ക് പറയാനുള്ള വാർത്ത എന്റെ നിലതെറ്റിച്ചേക്കുമെന്നുമായിരുന്നു എന്റെ പേടി. ആളുകളോട് ഇടപഴുകുന്നതിനെ ഭയപ്പെട്ട് ജീവിച്ച ഒരു നശിച്ച കാലത്തെ ഓർമിപ്പിച്ചു അത്. അവിചാരിതമായി കേൾക്കാനിടയുള്ള വാതിലിൽമുട്ടുകൾ ഒഴിവാക്കാനായി, വാതിൽ തുറന്നിട്ടുമാത്രം ഞാൻ മീറ്റിങ്ങുകളിൽ പങ്കെടുത്തു.

 

ഉറക്കം അകന്നുനിന്നു. അതിനു മാത്രം മാറ്റം ഉണ്ടായിരുന്നില്ല. പുലർച്ചെ നാല് മണി വരെ ഓരോ സൂചിയുടെയും ചലനത്തിന് കാതോർത്തു കിടന്നിരുന്നു ഞാൻ. അതിന് ശേഷം തീർത്തും പരിക്ഷീണയായി മയങ്ങിയാലായി. അപ്പോഴും ഉറക്കത്തിന്റെ ആഴങ്ങൾ അന്യമായി തുടർന്നു. ഭീതിപ്പെടുത്തുന്ന സ്വപ്നങ്ങളിൽ ഞാൻ ഇടയ്ക്കിടെ ഞെട്ടി എണീറ്റുകൊണ്ടിരുന്നു.

 

7

 

“എന്തായിരുന്നു ആ സ്വപ്നം?” മേഘ്ന ചോദിച്ചു.

 

“അവ്യക്തമായ ഒന്നായിരുന്നു. ഇതെല്ലാം തുടങ്ങിയതിനു ശേഷം കൃത്യമായി സ്വപ്‌നങ്ങൾ ഓർത്തെടുക്കാൻ എനിക്ക് കഴിയാറില്ല. ഉറക്കത്തിൽ ഞാൻ കിടന്നു പുളഞ്ഞതു നീ കണ്ടില്ലേ?” ഡെന്നീസിന്റെ സ്വരത്തിൽ അത്ഭുതം കലർന്നിരുന്നു.

 

“ഞാൻ എന്റെ ദുസ്വപ്നങ്ങളിൽ മരിച്ചുവീഴുകയാണ് ഓരോ രാത്രിയിലും. അവിടെ നിന്റെ പിടച്ചിൽ കാണാനുള്ള ദയാവായ്പ്പൊന്നും എനിക്കില്ല.”

 

 അയാളുടെ ശരീരഭാഷയിൽ നിരാശ കലർന്നതു പോലെ തോന്നി. അവൾ തുടർന്നു.

 

“പറയ്‌. എന്തിനെക്കുറിച്ചായിരുന്നു അത്. ആ സ്വപ്നം.”

 

“ഓർമകൾ. ഞങ്ങളുടെ ചില സംഭാഷണങ്ങളെക്കുറിച്ചുള്ള ഓർമകൾ.” ഡെന്നീസ് സാവധാനം പറഞ്ഞു.

 

“നിങ്ങളുടെ സംസാരങ്ങളെക്കുറിച്ച് സ്വപ്നം കണ്ടെന്നോ?” അവളുടെ സ്വരത്തിൽ പരിഹാസമുണ്ടോ എന്നയാൾ സംശയിച്ചു. അവൾ വീണ്ടും ചോദിച്ചു.

 

“എന്നെപ്പോലെ സ്വപ്നങ്ങളിൽ പോലും സ്വന്തം കാര്യങ്ങളാണോ നിനക്കും? നമ്മൾ തീർത്തും സ്വാർത്ഥരായ രണ്ടുപേരായി മാറി എന്നു തോന്നുന്നുണ്ടോ നിനക്ക്?”

 

8

 

നമ്മൾ ഒരിക്കലും ഒരുപോലെയായിരുന്നില്ല. എനിക്കറിയാം. നമുക്കിടയിലെ പ്രായവ്യത്യാസമല്ല ഞാൻ ഉദ്ദേശിച്ചത്. അതു നമുക്കിടയിൽ ഒരിക്കലുമൊരു തടസമായിരുന്നില്ല. ഒരുപക്ഷെ നമുക്കിടയിൽ പ്രതിബന്ധമാവാതിരുന്ന ഒരേയൊരു കാര്യമാവുമത്. പരസ്പരം അത്ര സ്നേഹിച്ചപ്പോഴും നമ്മളെ വേറിട്ട്‌ നിർത്തിയ എത്രയോ കാര്യങ്ങളുണ്ടായിരുന്നു. നമ്മുടെ അഭിരുചികൾ പോലും വിഭിന്നം. പക്ഷേ, അവയെല്ലാം വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നെന്നോർക്കുന്നു.

 

എന്തോ, അങ്ങനെ പറയത്തക്ക കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല നമ്മുടെ അകൽച്ചക്ക്. ആ സമയം ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു എന്നു പറയുന്നത് വളരെ ബാലിശമായ ഒരു ന്യായീകരണമായി തോന്നിയാലും തെറ്റു പറയാൻ കഴിയില്ല. പക്ഷേ, അതായിരുന്നു സത്യം. ആളുകളെ ഞാൻ ഒഴിവാക്കിത്തുടങ്ങി. ആരിൽ നിന്നാവും എന്റെ മാനസികനിലയെ തകിടം മറിക്കുന്ന വാചകം വന്നുവീഴുക എന്നു ഞാൻ ഭയന്നു. നിന്റെ ചോദ്യങ്ങൾ എനിക്ക് കേൾക്കാം. നീ അങ്ങനെ ചെയ്യില്ലായിരിക്കാം. മനപ്പൂർവം എന്നെ മുറിവേൽപ്പിക്കുന്ന ഒന്നും തന്നെ നീ ചെയ്യില്ല. പക്ഷേ, നീയെന്നെ മുറിപ്പെടുത്തുന്നെന്നു നിനക്ക് മനസിലായില്ലെങ്കിലോ? സാധാരണഗതിയിൽ വെറുതെ ചിരിച്ച് ഒഴിവാക്കാവുന്ന കാര്യങ്ങൾ പോലും അക്കാലത്ത് എന്നെ ആഴ്ചകളോളം മുറിക്കുള്ളിൽ കുടുക്കിയിടാൻ പര്യാപ്തമായിരുന്നു.

 

നിന്നോട് ഇതേപ്പറ്റി സംസാരിക്കാൻ പലവട്ടം ശ്രമിച്ചു. പക്ഷേ, കഴിഞ്ഞില്ല. നമ്മൾ തമ്മിൽ കാണാതായിട്ട് നാളുകൾ കഴിഞ്ഞിരുന്നു. ഫോൺകോളുകളും തീരെ കുറഞ്ഞു. നിരന്തരം വിളിച്ചു ശല്യപ്പെടുത്തുന്ന സ്വഭാവം നിനക്കില്ലായിരുന്നല്ലോ. നീയെന്തേ വിളിക്കാത്തതെന്നു ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്നെ അറിയുന്ന പലരും എന്റെ മാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ചപ്പോഴും നീ മാത്രം എന്തോ എന്നെ വിധിക്കാതെ മാറിനിന്നു.

 

നീ എന്തിനാണങ്ങനെ പെരുമാറിയതെന്നെനിക്കറിയില്ല. ഒരുപക്ഷേ, നീയെന്നോട്‌ കരുണ കാണിച്ചതാവാം. ഒരുപാടൊന്നും ചോദിച്ച് ബുദ്ധിമുട്ടിക്കണ്ടെന്ന നിന്റെ നല്ല മനസ്സ് തന്നെയാണ് നമുക്കിടയിലെ ദൂരം കൂട്ടിയത് എന്നു പറഞ്ഞാൽ നിനക്കതു വിചിത്രമായി തോന്നും. തോന്നണം. ആർക്കായാലും അതു തോന്നും. അങ്ങനെ തോന്നുന്നില്ലെങ്കിലാണു പ്രശ്നം. ഒരാളും അതിരുകവിഞ്ഞ ദയാവായ്പൊന്നും മറ്റൊരാളോടു കാണിക്കരുത്. സ്നേഹത്തിന്റെ പേരിൽ പ്രത്യേകിച്ചും. എന്നേക്കുമായി ഒരു കുരുക്കിൽ കൊളുത്തിയിടാം എന്നല്ലാതെ അതുകൊണ്ട് ഒരു പ്രയോജനവുമില്ല.

 

മറ്റുള്ളവരെപ്പോലെ നിനക്കും എന്നോടു കലഹിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ, ഒരുപക്ഷേ, നമുക്കിടയിൽ കടന്നുകൂടിയ വരണ്ട മൗനത്തെ നാം അതിജീവിച്ചേനെ. നീ എന്നോടെന്തിനാണ് കരുണ കാണിച്ചത്?

 

9

 

“താൻ ജനലിലൂടെ ഇങ്ങനെ നോക്കിനിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.”

 

ബാൽക്കണിയിലേക്ക് തുറക്കുന്ന ജനലിനരികിൽ നിന്ന മേഘ്ന പെട്ടെന്നു തിരിഞ്ഞുനോക്കി. കയ്യിൽ രണ്ട് വൈൻ ഗ്ലാസുകളുമായി ഡെന്നീസ്. ശാന്തമായ രാത്രി. മേഘങ്ങളുടെ മറവിൽ നിന്ന് ഇടയ്ക്കിടെ എത്തിനോക്കുന്ന ചന്ദ്രൻ. ചെറിയ തണുപ്പുള്ള കാറ്റ്. കുളിർന്നിട്ടെന്നപോലെ അവൾ ഗ്ലാസ്‌ കൈനീട്ടിവാങ്ങി അടുക്കളയിലെ ഇരുണ്ട കോണിലേക്ക് നടന്നു. മൈക്രോവേവ് 25 മിനിട്ടിലേക്കാണ് സെറ്റ് ചെയ്തിരുന്നത്. ഇനിയും സമയമുണ്ട്. അതുകൊണ്ടാവും ഇടവേളയിൽ അയാൾ മദ്യം പകർന്നത്.

 

“ക്ഷമിക്കണം, നിങ്ങൾ എന്താണ് കുറച്ചുമുൻപ്‌ പറഞ്ഞത്?”

 

“ഒന്നും കേട്ടില്ലേ?”

 

“ഞാൻ ശ്രദ്ധിച്ചില്ല. മറ്റെവിടോ ആയിരുന്നു.”

 

“താൻ ജനലിലൂടെ ഇങ്ങനെ നോക്കിനിൽക്കുന്നതു കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ഞാൻ പറഞ്ഞത്. കാറിലും താൻ പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നല്ലോ.”

 

“അത് ശ്രദ്ധിച്ചിരുന്നോ?”

 

“പിന്നെ. റിയർവ്യൂ മിററിന്റെ പ്രയോജനം തന്നെ അതല്ലേ.”

 

ഡെന്നീസ് ഭംഗിയോടെ ചിരിച്ചു.

 

“ഞാൻ മാത്രമല്ലല്ലോ. നിങ്ങളും ജനാലയിലൂടെ മഴപെയ്യുന്നത് നോക്കി നിന്നില്ലേ? ക്രിമറ്റൊറിയത്തിൽ വെച്ച്.” അവൾ കുസൃതിയോടെ ചോദിച്ചു.

 

“താനത് ശ്രദ്ധിച്ചോ?” അയാളുടെ ശബ്ദത്തിൽ അത്ഭുതം കലർന്നു.

 

“റിയർവ്യൂ മിറർ ഒന്നുമില്ലെങ്കിലും ഞാനും കണ്ടിരുന്നു. എനിക്കെന്റെ ഇടത്തേക്ക് ഒന്നു പാളിനോക്കേണ്ട കാര്യമല്ലേ ഉള്ളൂ.”

 

അവർ എത്ര അടുത്താണ് നിൽക്കുന്നതെന്ന് അവൾ അപ്പോഴാണ് ശ്രദ്ധിച്ചത്. ആ സംഭാഷണം വല്ലാതെ മോഹിപ്പിക്കുന്ന ഒന്നായിരുന്നു. അയാൾ പതിയെ നടന്നടുത്തത് അറിഞ്ഞേയില്ലല്ലോ എന്ന് അവൾ വിസ്മയിച്ചു. നിശ്വാസം പോലും തൊട്ടറിയാവുന്നത്ര അടുത്തായിരുന്നു അയാളിപ്പോൾ. വളരെയടുത്ത്. ഡെന്നീസ് അവളെ തന്നെ നോക്കുകയായിരുന്നു. അവൾ മുഖം തിരിച്ചു. അയാളുടെ കണ്ണുകളിൽ നോക്കാതിരിക്കാൻ ബദ്ധപ്പെട്ടുകൊണ്ട് അവൾ തപ്പിത്തടഞ്ഞുനീങ്ങി.

 

“ഈ രാത്രി ഇങ്ങനെയാവും എന്നു ഞാൻ പ്രതീക്ഷിച്ചില്ല.”

 

“എങ്ങനെ?”

 

“നമ്മൾ ഇതാ ഒരുമിച്ച് അത്താഴം കഴിക്കാൻ ഒരുങ്ങുന്നുവെന്ന്. ഡെന്നീസ് എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുന്നുവെന്ന്.”

 

“അതിലിത്ര വലിയ കാര്യമെന്താണ്. അവരുടെ ഓർമയിലാണ് നമ്മളിവിടെ ഒരുമിച്ച് കൂടുന്നത്. ദിസ്‌ ഈസ്‌ ദി ലീസ്റ്റ് ഐ കുഡ് ഡൂ.”

 

മേഘ്ന കൗതുകപൂർവം ഡെന്നീസിനെ നോക്കി. അയാളുടെ കണ്ണുകൾ ഒരു നിമിഷം മുറിയിലാകെ പാളുന്നത് അവൾ കണ്ടു. അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിയെ സ്വീകരിക്കാൻ ഉതകുംവിധമാണോ തന്റെ മുറി എന്നു തിരക്കിട്ട് ഉറപ്പ് വരുത്തുകയായിരുന്നു അയാൾ. കാഴ്ചയിൽ അയാൾക്ക് വലിയ പ്രായമൊന്നും മതിച്ചിരുന്നില്ല. ഏറിയാൽ മുപ്പത്തഞ്ച്.

 

“സത്യത്തിൽ താനെന്റെ വീട്ടിലേക്ക് വരുമെന്ന് ഞാൻ കരുതിയില്ല. താൻ വണ്ടിയിൽ കയറിയപ്പോഴും ഏതെങ്കിലും സുഹൃത്തിന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്യാൻ പറയുമെന്നാണ് ഞാൻ വിചാരിച്ചത്.”

 

മേഘ്നയുടെ മുഖം മങ്ങി. ഡെന്നീസ് അവളെ സാകൂതം നോക്കി. അവൾ തിരക്കിട്ട് വൈൻ ഗ്ലാസ് മൊത്തി. സാവധാനം അവളുടെ മുഖത്ത് പഴയ ശാന്തത തെളിഞ്ഞു.

 

“എനിക്ക് ഈ നഗരത്തിൽ ഒരേയൊരു സുഹൃത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഡെന്നീസ്.. ഒരേയൊരു സുഹൃത്ത്.”

 

 

10

 

“ഞാൻ പറയുന്നത് ഒന്നു ശ്രദ്ധിച്ചുകേട്ടുനോക്കൂ. ഞാൻ മനസിലാക്കിയത് ശരിയാണോ എന്ന് ഉറപ്പിക്കാനാണ്.”

 

മേഘ്നയുടെ സ്വരത്തിലെ പുച്ഛം തിരിച്ചറിഞ്ഞതും ഡെന്നീസ് ചൂളി. അവൾ തുടർന്നു.

 

“നിങ്ങൾ അവരെ സ്വപ്നം കണ്ടു. സ്വപ്നത്തിൽ നിങ്ങൾ പരസ്പരം സംസാരിക്കുകയായിരുന്നു. നിങ്ങളുടെ ചില സംഭാഷണങ്ങളെക്കുറിച്ചുള്ള ഓർമകൾ എന്നു പറയുമ്പോൾ നിങ്ങൾ തമ്മിൽ സംസാരിച്ചു എന്നു തന്നെയാവുമല്ലോ.”

 

ഡെന്നീസിന് അവളുടെ ഭാവമാറ്റത്തിൽ ഭയം തോന്നി.

 

“നീ ടെൻഷനാവാതെ. ഇതിലങ്ങനെ സങ്കീർണ്ണമായ ഒന്നുമില്ല.”

 

“അവർ മരിച്ചിട്ട് രണ്ട് വർഷമാവുന്നു ഡെന്നീസ്. അവരുടെ സംസ്കാരചടങ്ങിലാണ് നമ്മൾ കണ്ടുമുട്ടിയത്. അതോർമയില്ലേ നിനക്ക്?”

 

അവളുടെ സ്വരത്തിൽ ഒളിപ്പിച്ചുവെച്ച ഒരു ദുസ്സൂചന അയാളറിഞ്ഞു.

 

“നിനക്ക് തന്നെ അറിയാമല്ലോ ഈ പറയുന്ന സ്വപ്നങ്ങളും യാഥാർഥ്യങ്ങളും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന്. വളരെക്കുറച്ച് സമയമാണ് ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ചത്. അക്കാലത്തെ ചില ഓർമകൾ. അത്ര മാത്രം.” ഡെന്നീസ് അസ്വസ്ഥതയോടെ പറഞ്ഞു.

 

“ഏതൊക്കെ ഓർമകൾ? മാർവിൻ??” അയാൾ സ്തബ്ധനായി അവളെ നോക്കി.

 

 

11

 

ഉയരമുള്ള ഒരു സ്റ്റൂളിൽ അടുക്കളയുടെ സ്ലാബിനോടു പുറം ചേർത്ത്, കാലുകൾ എതിർവശത്തെ തണുത്ത ഗ്രാനൈറ്റ് ടോപ്പിൽ കയറ്റിവച്ചായിരുന്നു മേഘ്നയുടെ ഇരിപ്പ്. വൈൻഗ്ലാസ്സുകൾ അതിനോടകം കോക്ക്ടെയിലുകൾക്ക് വഴിമാറിയിരുന്നു. പ്രശാന്തമായ ഒരു നിശബ്ദത അവിടെ നിറഞ്ഞുനിന്നു.

 

ഡിന്നർ വളരെ ആനന്ദകരമായിരുന്നു. ഒരു ശവസംസ്കാരത്തിൽ നിന്നുമാണ് മടങ്ങിവന്നത് എന്നതിന്റെ യാതൊരു ലാഞ്ഛനയുമില്ലാത്തത്ര സന്തോഷം നിറഞ്ഞ ഒന്ന്. ഒരുപക്ഷേ, അവരുടെ ദുഃഖം സാധാരണ മനുഷ്യരുടേതിൽ നിന്നു വിഭിന്നമായിരിക്കും. കണ്ണുനീരില്ല. കയ്പ്പേറിയ ഓർമകളില്ല. ഇനിയൊരിക്കലും നേരിൽ കാണില്ലെന്ന ഞെട്ടിക്കുന്ന തിരിച്ചറിവില്ല. അവർ വളരെ സന്തോഷം നിറഞ്ഞ മനുഷ്യരായി തോന്നിച്ചു.

 

ആദ്യകാഴ്ചയിൽ മനസിലാവില്ലെങ്കിലും ഡെന്നീസ് മനോഹരമായി ഭക്ഷണം ഉണ്ടാക്കുന്ന ഒരാളായിരുന്നു. വളരെ പെട്ടെന്നു തയാറാക്കിയ ഡിന്നറായിരുന്നു ആ രാത്രിയിലേത്. മൂന്നോ നാലോ ചേരുവകൾ മാത്രമുള്ള വിഭവങ്ങൾ. അധികം വിഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല താനും. പക്ഷേ, അവൾക്ക് മതിപ്പ് തോന്നാൻ അത് ധാരാളമായിരുന്നു.

 

“ഭക്ഷണം വളരെ നന്നായിരുന്നു. സിമ്പിൾ. എലഗന്റ്. ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.”

 

“എന്റെ മിടുക്കൊന്നുമല്ല. ഫ്രിഡ്ജിൽ എപ്പോഴും എന്തെങ്കിലും സൂക്ഷിച്ചിട്ടുണ്ടാവും. എനിക്ക് തോന്നുമ്പോഴൊക്കെ പാചകം ചെയ്യാൻ പാകത്തിൽ.”

 

ഡെന്നീസ് പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു. മേഘ്നക്ക് അത്ഭുതം തോന്നി. അഭിനന്ദനവാക്കുകൾക്ക് മുന്നിൽ അയാൾ വല്ലാതെ ഉൾവലിയുന്നെന്ന് അവൾക്ക് തോന്നി. മേഘ്ന അയാളെ അടിമുടി നോക്കി. അയാളുടെ ആകാരം അവൾക്ക് പരിചയമുള്ള ആരെയോ ഓർമിപ്പിച്ചു. എന്നോ കണ്ടുമറന്ന ഏതോ ഒരാളെ. ഡെന്നീസിന്റെ മുഖത്ത് തന്നെ ദൃഷ്ടിയുറപ്പിച്ചുകൊണ്ട് അവൾ ആ വാചകം വളരെ സാവധാനം ഉരുവിട്ടു.

 

“നിങ്ങൾക്ക് തോന്നുമ്പോഴൊക്കെ പാചകം ചെയ്യാൻ...”

 

“അതേ.”

 

അവൾ ഗ്ലാസ് മുഖത്തോടടുപ്പിച്ച് കടുംചുവപ്പ് നിറമുള്ള ദ്രാവകത്തിലൂടെ അയാളെ നോക്കി. ഡെന്നീസ് മുഖം തിരിച്ചു.

 

“അനങ്ങാതെ നിൽക്കൂ.” അവൾ വിളിച്ചുപറഞ്ഞു.

 

പതിയെ കാലുകൾ നിലത്ത് ചവുട്ടി മേഘ്ന എഴുന്നേറ്റുനിന്നു. ഗ്ലാസ് അപ്പോഴും അവളുടെ കണ്ണുകളുടെ നിരപ്പിലായിരുന്നു. ഗ്ലാസിലൂടെ ഡെന്നീസിനെ ഇമചിമ്മാതെ നോക്കിയ അവളുടെ ചുണ്ടുകളിൽ സാവധാനം ഒരീണം പ്രത്യക്ഷപ്പെട്ടു. അയാൾക്ക് പരിചിതമായ, പെട്ടെന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്ത ഒന്ന്. അവൾ നോട്ടം മാറ്റാതെ തന്നെ അയാൾക്കരികിലേക്ക് സാവധാനം ചുവടുവച്ചു. ഡെന്നീസ് പുറകോട്ട് മാറാൻ ശ്രമിച്ചെങ്കിലും ഇടുങ്ങിയ അടുക്കളയിൽ അതിനുള്ള ഇടമുണ്ടായിരുന്നില്ല. അയാൾ കിച്ചൻ കൗണ്ടറിൽ തട്ടി നിന്നു. മേഘ്ന അപ്പോഴും ആ ഗ്ലാസിലൂടെ അയാളെ നോക്കുകയായിരുന്നു. അവളുടെ ഈണം കൂടുതൽ ദൃഢമായി. ഡെന്നീസ് സംഭ്രമത്തോടെ അവളെ കടന്നുപോകാനൊരുങ്ങി. പക്ഷേ, അവൾ അതു തടയും വിധം അയാളോടു ചേർന്നുനിന്നു.

 

പെട്ടെന്ന് അകത്തെവിടെയോ ഒരു പൂച്ചയുടെ മുരൾച്ച അവർ കേട്ടു. തീർത്തും അപ്രതീക്ഷിതമായ ശബ്ദം കേട്ടതും അവൾ ഞെട്ടി. കയ്യിലെ ഗ്ലാസ് തുളുമ്പി. സ്വതവേ ശാന്തമായ ഡെന്നീസിന്റെ മുഖത്തും പരിഭ്രമം നിറഞ്ഞു.

 

ദൈവമേ എന്നു വിളിച്ച് അയാൾ തിടുക്കത്തിൽ അകത്തേക്ക് നടന്നു. അവൾ തല തിരിച്ച് അയാൾ പോയ വഴിയിലേക്ക് കണ്ണുനട്ട് നിന്നു. അയാൾക്ക് ശരിക്കും ഒരു പൂച്ചയുണ്ടോ? പൂച്ചകളെപ്പറ്റി കാര്യമായി അറിയുന്ന ഒരാളായി തോന്നിയില്ലല്ലോ അയാൾ ഇതുവരെയും എന്നെല്ലാം ആലോചിച്ചുകൊണ്ട് അവൾ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു.

 

 

12

 

 

“ഞങ്ങൾ യാദൃശ്ചികമായി സുഹൃത്തുക്കളായവരാണ്. അവരെന്റെ ടി.എൽ. ആയിരുന്നു. അതുകൊണ്ടുതന്നെ ഗാഢമായ ഒരു സൗഹൃദം തുടക്കത്തിൽ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. വളരെ ഔപചാരികമായ സംഭാഷണങ്ങൾ മാത്രം.”

 

ഡെന്നീസ് അവരെക്കുറിച്ച് പറഞ്ഞുതുടങ്ങി. ബെഡിൽ ചാഞ്ഞിരുന്ന് അയാൾ പറയുന്നത് സാകൂതം കേൾക്കുകയായിരുന്ന മേഘ്ന പെട്ടെന്ന് ചോദിച്ചു.

 

“സത്യത്തിൽ അവർ വളരെ നന്നായി സംസാരിക്കുന്ന ഒരാളായിരുന്നില്ലേ?”

 

“അതേ. എങ്കിലും ആരംഭത്തിൽ അവരങ്ങനെ കാര്യമായി ഒന്നും സംസാരിച്ചിട്ടില്ല. അപരിചിതത്വത്തിന്റെ ഒരു മൂടുപടമുണ്ട് അവർക്ക്. അവരോട് ഇടപെടുന്നവരെ സൂക്ഷ്മമായി പഠിക്കാനായി കരുതിവയ്ക്കുന്ന നിശ്ചിതസമയം എന്നാണു ഞാനതിനെ മനസിലാക്കുന്നത്. ആ സമയം കടന്നുകിട്ടുന്നതുവരെ ഔപചാരികതകളൊഴിഞ്ഞ് അവരോട് ഇടപഴുകാൻ ബുദ്ധിമുട്ടാണ്. നിനക്ക് അങ്ങനെ ഒരു മുഖം പരിചയമില്ലേ?” ഡെന്നീസ് ചോദിച്ചു.

 

“എന്നോട് അവർ അങ്ങനെ അപരിചിതത്വമൊന്നും കാണിച്ചിട്ടില്ല. ഞങ്ങൾ എപ്പോഴും കാണുന്നവരല്ലല്ലോ. അതുകൊണ്ടാവും.”

 

‘‘എന്തോ, നിങ്ങൾ തമ്മിൽ നല്ല അടുപ്പമായിരുന്നെന്നു പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.”

 

“കുട്ടിയായിരിക്കുമ്പോഴേ എന്നെ അവർക്കറിയാം. വളർച്ചയുടെ കാലങ്ങളിലെല്ലാം ഇടയ്ക്കിടെ അവരെന്നെ കാണാൻ വന്നിരുന്നു. എല്ലാ കാഴ്ചയിലും അവർ ഒരുപോലിരുന്നു.”

 

“ഷീ വാസ് എ വണ്ടർഫുൾ വുമൺ. എന്തൊരു ചുറുചുറുക്കായിരുന്നു. സത്യത്തിൽ, അന്നു പേപ്പറുകൾ ഒപ്പിട്ടുകൊടുക്കുമ്പോഴാണ് അവർക്ക് ഇത്ര പ്രായമുണ്ടെന്നുപോലും ഞാൻ അറിഞ്ഞത്.”

 

ഡെന്നീസ് അവരെ ഓർത്തിട്ടെന്നപോലെ കണ്ണുകളടച്ചു. മേഘ്നയുടെ അസ്വസ്ഥത പ്രകടമായിരുന്നു. അവൾ മുഷിവോടെ ചോദിച്ചു.

 

“നീ മാർവിനെക്കുറിച്ചൊന്നും പറഞ്ഞില്ല.”

 

 അയാൾ പെട്ടെന്നു യാഥാർത്ഥ്യത്തിലേക്ക് തിരികെവന്നു.

 

“അതിലേക്ക് തന്നെയാണ് ഞാൻ വരുന്നത്. നേരത്തെ പറഞ്ഞില്ലേ തുടക്കത്തിൽ അവരെന്നോട് വലിയ അടുപ്പമൊന്നും കാണിച്ചിരുന്നില്ല. പിന്നെ എപ്പോഴോ ഞങ്ങൾ നല്ല സുഹൃത്തുക്കളാവുകയായിരുന്നു. അതിൽ രസകരമായ ഒരു സംഭവമുണ്ട്.”

 

അയാൾ പെട്ടെന്നു ചിരിച്ചു. മേഘ്ന സംശയത്തോടെ അയാളെ നോക്കി.

 

“ഞാൻ ആ സമയത്ത് ടി.എസ്.പി. ഒപ്ടിമൈസേഷനിലാണ് ജോലി ചെയ്തിരുന്നത്. പുതിയൊരു അൽഗോരിതം ടെസ്റ്റിംഗ് നടക്കുന്ന നേരം. എത്ര ചെയ്തിട്ടും ശരിയാവാത്ത ഒരു പണിയായിരുന്നു അത്. അക്ഷരാർത്ഥത്തിൽ ഒരു പണി. അയച്ച ടി.എസ്.പി. ഡയഗ്രം പലവട്ടം തെറ്റി. ഏറെ പണിപ്പെട്ട് റീവർക്ക് ചെയ്ത് അയച്ച ഫയൽ കണ്ടതും അവർ എനിക്കൊരു മെസേജ് അയച്ചു.”

 

“എന്തായിരുന്നു അത്?” മേഘ്ന ചോദിച്ചു.

 

“ഞാൻ അയച്ച ഡയഗ്രം തന്നെ. ഒരു വ്യത്യാസം. അവരതിൽ സ്വന്തമായി ചില്ലറ മിനുക്കുപണികൾ നടത്തിയിരുന്നു. പരസ്പരം വലിയ ബന്ധമൊന്നുമില്ലാത്ത കുത്തുകൾ അവർ കൂട്ടിയോജിപ്പിച്ചു. പിന്നെ അതിലൊരു മുഖവും ചിറകും വരച്ചുചേർത്തു. ഒരു പൂച്ചയുടേത്. പഴയ ടോംആൻഡ്ജെറി കാർട്ടൂണുകളിലേത് പോലെ ഒരു പറക്കുന്ന പൂച്ച.”

 

അവിശ്വസനീയമായ എന്തോ കേട്ടത് പോലെ മേഘ്ന അയാളെ നോക്കി. അയാൾ ചിരിച്ചുകൊണ്ട് തുടർന്നു.

 

“ദാ ഇത് തന്നെയായിരുന്നു എന്റെയും ആദ്യപ്രതികരണം. എനിക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല. അതുവരെ സഗൗരവം ഇടപഴുകിയിരുന്ന ടി. എൽ. അങ്ങനെയൊരു തമാശക്ക് മുതിരുമെന്ന് ആര് കരുതാൻ. പക്ഷേ, അതായിരുന്നു തുടക്കം. പ്രോജക്റ്റ് തീരുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഞങ്ങൾക്കിടയിൽ സമാനമായ ഇഷ്ടങ്ങളുണ്ടായിരുന്നു. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ. ചിത്രങ്ങൾ. പാട്ടുകൾ. ഭക്ഷണത്തോടുള്ള താൽപ്പര്യം. അങ്ങനെ പടിപടിയായി വളർന്ന ബന്ധമായിരുന്നു ഞങ്ങളുടേത്.”

 

പറഞ്ഞുകൊണ്ടിരുന്ന വാചകങ്ങൾ പകുതിയിൽ നിർത്തി അയാൾ അവളെ നോക്കി. അവൾ എന്തോ ആലോചിക്കുന്നത് പോലെ തോന്നി. അയാൾ അവളെ തട്ടിവിളിച്ചു.

 

“എന്താ ആലോചിക്കുന്നത്?”

 

“ഇല്ല. ഞാൻ ഓർക്കുകയായിരുന്നു... ഞാൻ ആദ്യം ഈ ഫ്ലാറ്റിൽ വന്ന ദിവസം. മാർവിൻ വാസ് ഹിയർ... എന്നെപ്പോലെ അവനും ഇവിടെ പുതുതായിരുന്നു, അല്ലേ?”

 

അസുഖകരമായ എന്തോ ഒന്നു കേട്ടതു പോലെ അയാളുടെ മുഖത്ത് ഇരുളിമ പടർന്നു.

 

 

13

 

“ക്ഷമിക്കണം. അവനിവിടം പരിചയമായിട്ടില്ല. അതിന്റെ അസ്വസ്ഥത പ്രകടിപ്പിച്ചതാണ്.”

 

സംഭാഷണം പകുതിയിൽ മുറിഞ്ഞതിന് ക്ഷമാപണവുമായി ഡെന്നീസ് തിരികെയെത്തുമ്പോൾ മേഘ്ന സ്വീകരണമുറിയുടെ കോണിലെ ഷെൽഫിൽ നിന്നു പുസ്തകങ്ങൾ മറിച്ചുനോക്കുകയായിരുന്നു. അയാളുടെ സ്വരം കേട്ടതും കയ്യിലെ പുസ്തകവുമായി അവൾ തിരിഞ്ഞുനോക്കി.

 

“ഇവിടെ ഒരു പൂച്ചയുണ്ടെന്നു ഞാൻ കരുതിയില്ല. സാധാരണയായി വളർത്തുമൃഗങ്ങളോട് താൽപ്പര്യമുള്ളവരുടെ വീട് കണ്ടാൽത്തന്നെ നമുക്ക് മനസിലാവും. അവരുടേതായ സ്ഥാനങ്ങൾ അവകാശം പോലെ മൃഗങ്ങൾ കൈവശപ്പെടുത്തിയിരിക്കും. ഇവിടെ പക്ഷേ, അങ്ങനെയൊന്നും കണ്ടില്ല.” മേഘ്ന പറഞ്ഞു.

 

“അതിന് കാരണമുണ്ട്. ഇതെന്റെ പൂച്ചയല്ല.”

 

“പിന്നെ?”

 

“ഇത് അവരുടെ പൂച്ചയാണ്.”

 

അവൾ നിശബ്ദയായി. അവരിപ്പോഴും മൃഗങ്ങളെ വളർത്തിയിരുന്നു എന്നത് മേഘ്നക്ക് പുതിയ അറിവായിരുന്നു. സന്ദർഭം ലഘൂകരിക്കാനായി അവൾ ചോദിച്ചു.

 

“എന്നിട്ട് പൂച്ച എവിടെ?”

 

“അതിന്റെ ആരോഗ്യസ്ഥിതി അൽപ്പം മോശമാണ്. അവർ ആശുപത്രിയിൽ ആയത് പെട്ടെന്നായിരുന്നല്ലോ. പോരാത്തതിന് ചുറ്റുംപുറവും ഒരുപാട് വിലക്കുകൾ ഉള്ള കാലവും. അവരുടെ ജീവൻ പിടിച്ചുനിർത്താൻ ഉള്ള ശ്രമത്തിൽ അവരുടെ ഫ്ലാറ്റിൽ ഇങ്ങനെയൊരു ജീവിയുണ്ടെന്ന് ആരും ഓർത്തില്ല.”

 

അയാളുടെ സ്വരത്തിൽ ചെറിയൊരു കുറ്റബോധമില്ലേ എന്നു മേഘ്ന സംശയിച്ചു.

 

“നില അൽപ്പമൊന്നു മെച്ചപ്പെട്ടപ്പോൾ ചികിത്സിച്ചിരുന്ന ഡോക്ടറുടെ അടുത്ത് അവർ മാർവിന്റെ കാര്യം അന്വേഷിച്ചു. ഡോക്ടർ പറയുമ്പോഴാണ് ഞാനും അതിനെക്കുറിച്ച് ആലോചിച്ചത്. വീട് തുറന്ന് അകത്ത് കയറിയ എനിക്ക് അകത്തൊരു മുറിയിൽ നിന്നാണ് ഇവനെ കിട്ടിയത്. വല്ലാതെ മുഷിഞ്ഞ് എല്ലും തോലുമായ അവസ്ഥയിൽ.”

 

“അല്ല, അവരെ ആശുപത്രിയിലേക്ക് മാറ്റാൻ വന്നവരാരും പൂച്ചയെ കണ്ടില്ലേ? അല്ലെങ്കിൽ അയൽക്കാരും ഇങ്ങനെയൊരു പൂച്ചയെക്കുറിച്ച് വേവലാതിപ്പെട്ടില്ലേ?”

 

മേഘ്ന ചോദിച്ചു.

 

“എനിക്ക് തോന്നുന്നത്, മിക്കവാറും രോഗം കൂടുന്നു എന്നു തോന്നിയതും അവർ പൂച്ചയെ ആ മുറിയിൽ അടച്ചിരിക്കും. മനുഷ്യരിൽ നിന്നു മൃഗങ്ങളിലേക്കും രോഗം പരക്കുന്നു എന്ന വാർത്ത വന്ന സമയമായിരുന്നല്ലോ. വളർത്തുമൃഗത്തിന് ഒന്നും പറ്റരുത് എന്നു കരുതിക്കാണും. പാത്രത്തിൽ ആവശ്യത്തിനു ഭക്ഷണവും ലിറ്റർ ബോക്സും എടുത്തുവെച്ചതോടെ തൽക്കാലം കാര്യങ്ങൾ എല്ലാം നിയന്ത്രണത്തിലായെന്നാവും കരുതിയിരിക്കുക. ഒന്നോ രണ്ടോ ദിവസം. അതിനപ്പുറം ഇത്ര നീണ്ട ഒരു ആശുപത്രിവാസം അവരുടെ ചിന്തയിലും ഇല്ലല്ലോ. മുറിയിൽ നിന്നു എങ്ങനെയെങ്കിലും പൂച്ച രക്ഷപെട്ടിരിക്കും. മുറിയുടെ ജനൽ തുറക്കുന്നത് വളർന്നുനിൽക്കുന്ന ഒരു ആൽമരത്തിന്റെ കൊമ്പിലേക്കാണ്.”

 

“ഞാനിപ്പോൾ ഈ പുസ്തകത്തിൽ ഇതുപോലൊരു കഥ വായിച്ചതേയുള്ളൂ.”

 

മേഘ്ന അത്ഭുതത്തോടെ കയ്യിലിരുന്ന പുസ്തകം അയാളെ കാണിച്ചു. മുറകാമി. കഥ ഡെന്നീസിന് ഉടനെ മനസിലായി, മാൻ ഈറ്റിംഗ് ക്യാറ്റ്സ്. അതിൽ പ്രധാനകഥാപാത്രം ചെറുപ്പത്തിൽ തന്റെ പൂച്ചയെ നഷ്ടപ്പെടുത്തിയ കഥ ഓർമിച്ചെടുക്കുന്നുണ്ട്. ഉയരമുള്ള പൈൻ മരത്തിന് മുകളിലേക്ക് ഓടിക്കയറിയ പൂച്ച രാത്രിയായിട്ടും ഇറങ്ങാൻ കൂട്ടാക്കാതിരിക്കയും അങ്ങനെ അതിനെ കാണാതാവുകയും ചെയ്യുന്ന ഭാഗം ആ കഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ്. പക്ഷേ, ഡെന്നീസ് ചോദിച്ചത് മറ്റൊന്നാണ്.

 

“പകുതിയിൽ നിന്നാണോ താൻ പുസ്തകങ്ങൾ വായിക്കാറ്?”

 

മേഘ്ന ചിരിച്ചു.

 

“അത് ഈയിടെയായി തുടങ്ങിയൊരു ദുശീലമാണ്. കമ്പോടുകമ്പ് വായിക്കാനുള്ള ക്ഷമയില്ല ഇപ്പോൾ. അതുകൊണ്ടു ഞാൻ ചിലപ്പോഴൊക്കെ വലിയ പുസ്തകങ്ങൾ പുറകിൽ നിന്നു വായിക്കും. കഥകളാണെങ്കിൽ പ്രത്യേകിച്ച് ക്രമം ഒന്നും നോക്കാതെ ഏതെങ്കിലും എടുക്കും. ഇതിന്റെ പേര് കണ്ടപ്പോ എനിക്കൊരു കൗതുകം തോന്നി.”

 

“മനസിലായി. തനിക്ക് ഈ കഥ പരിചയമുള്ളതായി തോന്നാൻ കാരണമുണ്ട്. ഈ കഥ ഒന്നു വിപൂലീകരിച്ചാണ് അയാൾ പിന്നീട് സ്പുട്നിക് സ്വീറ്റ്ഹാർട്ട് എന്ന നോവൽ എഴുതിയത്. അതവരുടെ പ്രിയപ്പെട്ട പുസ്തകമായിരുന്നു. ആ പുസ്തകം വായിക്കുമ്പോളെല്ലാം പരിചയമുള്ളൊരു പെൺകുട്ടിയെ ഓർക്കും എന്നവർ എന്നോട് പറയാറുണ്ട്.”

 

മേഘ്നയുടെ ചിരി മാഞ്ഞു. അവളുടെ മുഖത്തെ ആശയക്കുഴപ്പം കണ്ടതും ഡെന്നീസ് സംഭാഷണം വീണ്ടും പൂച്ചയിലേക്ക് തിരിച്ചു.

 

“അത് പോട്ടെ. നമ്മൾ പൂച്ചയുടെ കാര്യമല്ലേ പറഞ്ഞിരുന്നത്. ഒന്നോ രണ്ടോ ദിവസത്തെ അലച്ചിലിന് ശേഷം അതേ വഴിയിലൂടെ തിരിച്ചെത്തുന്ന പൂച്ചയ്ക്ക് പക്ഷേ, വീട്ടിൽ ആൾപ്പെരുമാറ്റം ഇല്ലെന്ന് പെട്ടെന്ന് മനസിലാക്കാൻ കഴിയുന്നു. ഇനിയൊരിക്കൽ കൂടി താഴെക്കിറങ്ങാനുള്ള ആരോഗ്യം അതിനുണ്ടായിരുന്നില്ല. തെരുവിൽ ഏതോ ജീവിയിൽ നിന്ന് ഏറ്റ പരിക്കുകൾ അതിനെ ആകെ ദുർബ്ബലപ്പെടുത്തിക്കളഞ്ഞിരുന്നു.”

 

“നിങ്ങൾ കൃത്യസമയത്ത് അവിടെ ചെന്നില്ലെങ്കിൽ പൂച്ച ചത്തുപോയിട്ടുണ്ടാവും അല്ലേ?”

 

മേഘ്ന ചോദിച്ചു. അയാൾ അസ്വസ്ഥതയോടെ കസേരയിൽ ഒന്ന് ഇളകിയിരുന്നു.

 

“അങ്ങനെയൊന്നും പറയാൻ പറ്റില്ല. അന്ന് ഹോസ്പിറ്റലിൽ ചെന്നത് ഞാനായത് കൊണ്ട് ഡോക്ടർ ഈ വിവരം എന്നോട് പറഞ്ഞു. അല്ലെങ്കിൽ മറ്റൊരാളോടു പറഞ്ഞേനെ.”

 

മേഘ്ന അയാളെ കൗതുകത്തോടെ നോക്കി. അയാൾ ആ ജീവിയോട് വല്ലാതെ അനുഭാവപ്പെടുന്നുവെന്ന് അവൾക്ക് തോന്നി.

 

 

14

 

ഞാൻ പറയുന്നതെല്ലാം നിനക്ക് വിചിത്രമായി തോന്നാം. ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ നിനക്ക് പരിചയമുള്ള ഞാൻ എന്ന് അത്ഭുതപ്പെടാം. സാധ്യമായ ഒരു വിശദീകരണം, വർഷങ്ങൾ കടന്നുപോകുന്നതിനനുസരിച്ച് ഞാൻ എല്ലാറ്റിനെയും പുച്ഛത്തോടെയും വിദ്വേഷത്തോടെയും മാത്രം കാണുന്ന ഒരാളായിമാറി എന്നതാണ്. ഓരോ മനുഷ്യരെയും ഓരോ വാർത്തകളെയും ഞാൻ വെറുത്തു. ഓരോ തർക്കങ്ങളിലും അവസാനവാക്ക് എന്റേതാവണം എന്ന നിർബന്ധബുദ്ധിയോടെ സംസാരിച്ചു. പലപ്പോഴും അധിക്ഷേപകരമായ വാചകങ്ങൾ നിർലോഭം പറഞ്ഞു. ഹൃദ്യമായ ഒരു വാക്ക് പോലും എന്നിൽ അന്യമായിക്കഴിഞ്ഞിരുന്നു. ചില്ലുജാലകത്തിലൂടെ കനിവോടെ പെയ്തിറങ്ങുന്ന മഴത്തുള്ളികളും നോക്കിയിരിക്കുന്നത് എത്ര സാന്ത്വനം പകരുന്നതാണെന്ന് ഞാൻ മറന്നു. തീവ്രമായൊരു ശാന്തത പകരുമായിരുന്നു ആ കാഴ്ച. എത്രയോ വർഷങ്ങളായി അങ്ങനെയൊന്ന് ഞാൻ അറിഞ്ഞിട്ട്.

 

നോക്കൂ, അതേയിടം, അതേ മഴ, പക്ഷേ, അതു കാണുന്ന വ്യക്തി അതേയാളല്ലെങ്കിൽ ആ കാഴ്ചയിൽ പഴയ സ്വാസ്ഥ്യം ഉണ്ടാവണമെന്നില്ല. അധികമാരോടും സംസാരിക്കാതെ, ആളുകളുടെ കാഴ്ചയിൽ നിന്നു മുഖം തിരിച്ച് ഒരാൾ ഒരുപാടുകാലം ഒറ്റക്ക് ചെലവഴിച്ചു കഴിഞ്ഞാൽ ഒടുവിൽ എന്ത്‌ സംഭവിക്കുമെന്ന് ഊഹിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. സന്തോഷകരമായ എന്തിനോടും വിദ്വേഷം വെച്ചുപുലർത്തുന്ന, തീർത്തും അസംതൃപ്തരായ ഒരുകൂട്ടം മനുഷ്യരായി നമ്മൾ പരിവർത്തനം ചെയ്യപ്പെടും. അതിന്റെ കാരണം, നമ്മുടെ ജീവിതത്തിൽ സന്തോഷകരമായ ഒന്നും നടക്കുന്നില്ല എന്നതാവാം.

 

സന്തോഷകരമായ നിമിഷങ്ങളെന്നു പറയുമ്പോൾ, നിന്നോടൊത്ത് പുലർച്ചെ വരെ സംസാരിച്ചിരുന്ന രാത്രിയെപ്പോലെ എന്നു പറയാമെന്ന് തോന്നുന്നു. പുലർച്ചയോടടുക്കുമ്പോൾ രണ്ടുപേരും വല്ലാതെ തളർന്നിരുന്നു. എന്നിട്ടും നാം സംസാരം തുടർന്നു. ഉദയം കാണണമെന്ന് നീ അത്ര ആഗ്രഹിച്ചിരുന്നു. ആ സമയങ്ങളിൽ ജീവിതത്തിൽ ഇരുട്ട് മാത്രമായിരുന്നു നിനക്ക്. ഓരോ നിമിഷവും ചുറ്റും പുറവും നിറയുന്ന ഇരുൾ. വെളിച്ചം നിനക്ക് അത്യാവശ്യമായിരുന്നു. നിനക്ക് കൂട്ടിരിക്കാൻ എനിക്കേ കഴിയുമായിരുന്നുള്ളൂ.

 

നീ വല്ലാതെ സന്തോഷമുള്ളവളായി തോന്നിച്ചിരുന്നു. നിന്റെ സന്തോഷം പടർന്നിട്ടാവും ഞാൻ ഹൃദയം തുറന്ന് ചിരിച്ചു. വേർപിരിയലിന്റെ വേദന കുറക്കാൻ അത് സഹായിച്ചിരുന്നു. ഒരുതരത്തിൽ അതു നമുക്ക് മാത്രം സ്വന്തമായ നിമിഷങ്ങളായിരുന്നു. നഗരം അപ്പോഴും ഉറക്കത്തിലായിരുന്നു. പക്ഷികൾ ചിറകുകളൊതുക്കി മയക്കത്തിൽ, ആളുകൾ അതുവരെ കണ്ട സ്വപ്നത്തിന്റെ അവസാനതുണ്ട് നുണയാനുള്ള വിഫലശ്രമത്തിൽ. അധികം വൈകാതെ തങ്ങൾ കണ്ട സ്വപ്നമെന്തായിരുന്നുവെന്ന് ഓർത്തെടുക്കാൻ കഴിയാതെ വേപഥു പൂണ്ട് അവർ എഴുന്നേൽക്കും.

 

പക്ഷേ, ആ നിമിഷം സന്തോഷകരമായിരുന്നു. അവിടെ... നിനക്കൊപ്പം... പരസ്പരം കൈകൾ കോർത്ത്... കാതിൽ രഹസ്യങ്ങൾ പങ്കുവച്ച്... ഹൃദയം നുറുങ്ങും വിധം പുണർന്ന്... ഒരുപാട് നാളുകൾക്ക് ശേഷം എനിക്ക് വല്ലാത്ത സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു.

 

 

15

 

“മാർവിനെ കിട്ടിയ കഥ അവരെപ്പോഴെങ്കിലും നിന്നോട് പറഞ്ഞിരുന്നോ?”

 

അയാൾ മേഘ്നയോട് ചോദിച്ചു. അടുത്ത കോളിൽ കയറാൻ സമയമാകുന്നോ എന്നു പരിശോധിക്കുകയായിരുന്ന മേഘ്ന അത് ശ്രദ്ധിച്ചില്ല എന്നു തോന്നി. അയാൾ ഒന്നുകൂടി ചോദ്യം ആവർത്തിച്ചു.

 

“ഇല്ല. ഞങ്ങൾ തമ്മിൽ സംസാരിക്കാതായിട്ട് എത്രയോ കാലമായിരുന്നു.”

 

മേഘ്നയത് പറഞ്ഞതും ഡെന്നീസ് അവളെ അനുതാപത്തോടെ നോക്കി. അവൾ വല്ലാതെ ക്ഷീണിതയായിരിക്കുന്നു എന്നയാൾ കണ്ടു. മുന്നോട്ട് പറയാനുള്ള കാര്യങ്ങൾ അവളിൽ എന്ത് വികാരമാവും ഉണർത്തുക എന്ന ആശയക്കുഴപ്പം ഡെന്നീസിനുണ്ടായിരുന്നു. രണ്ടും കൽപ്പിച്ച് അയാൾ സംസാരം തുടർന്നു.

 

“മാർവിൻ വാസ് എ സ്ട്രേ. അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഒരു തെരുവുപൂച്ച. ഒരിക്കൽ അവരുടെ ഫ്ലാറ്റിൽ വന്ന സന്ദർശകരാണ് ബേസ്മെന്റിൽ വണ്ടിയുടെ ടയറിനരികിലായി അവശനിലയിൽ ഒരു പൂച്ചക്കുഞ്ഞിനെ കണ്ടത്. സുഹൃത്തിനെ അവിടെ നിർത്തി ഒരാൾ വേഗം അടുത്തുള്ള കടയിൽ നിന്നു ഭക്ഷണം വാങ്ങിവന്നു. ഭക്ഷണത്തിന്റെ മണം പിടിച്ച് പുറത്തെത്തിയ പൂച്ചക്കുഞ്ഞിനെ സമാധാനമായി ഭക്ഷണം കഴിക്കാൻ വിട്ട് നടന്നകന്നയാളെ ഞെട്ടിച്ചുകൊണ്ട് ഒരു മുരൾച്ച അവിടെ മുഴങ്ങിയത് പെട്ടെന്നാണ്. തിരിഞ്ഞുനോക്കിയതും ഭീമാകാരനായ ഒരു പൂച്ച മാർവിന്റെ ഭക്ഷണം ബലപ്രയോഗത്തിലൂടെ കൈക്കലാക്കുന്നത് അയാൾ കണ്ടു. അവൻ തീരെ ചെറുതായിരുന്നു. അലയാൻ വിട്ടാൽ അധികകാലമൊന്നും ജീവിച്ചിരിക്കാൻ പാങ്ങില്ലാത്ത ഒന്ന്. അങ്ങനെയാണ് അയാൾ മാർവിനെയും കൊണ്ട് അവരുടെ ഫ്ലാറ്റിന്റെ വാതിലിൽ മുട്ടുന്നത്.”

 

“ഒരുകാലത്ത് എനിക്കും പൂച്ചകൾ ജീവനായിരുന്നു. പിന്നീടെപ്പോഴോ ആ കൗതുകം എന്നെ വിട്ടൊഴിഞ്ഞു. അവർക്ക് പക്ഷേ, മാർവിൻ തുണയായി എന്ന് തോന്നുന്നു.” മേഘ്ന എന്തോ ഓർത്തുകൊണ്ട് പറഞ്ഞു.

 

“തീർച്ചയായും. പക്ഷേ, അവൻ തുണയായത് അവർക്ക് മാത്രമല്ലെന്നു നീ മറന്നോ?”

 

അയാൾ സംശയഭാവേന അവളെ നോക്കി.

 

 

16

 

“നിങ്ങളുടെ ഇന്നത്തെ വേഷം, ദാ ഇതുവരെ ഇവിടെ ചെലവഴിച്ച സമയം എല്ലാം കൗതുകകരമായി തോന്നുന്നു എനിക്ക്.”

 

അയാൾ മേഘ്നയെ സാകൂതം നോക്കി. അവളുടെ മുഖം ചുവന്നുതുടുത്തിരുന്നു. പലപ്പോഴായി കഴിച്ച മദ്യം അവളുടെ തലയ്ക്ക് പിടിച്ചുതുടങ്ങി എന്നു തോന്നി.

 

“എന്തേ അങ്ങനെ തോന്നാൻ?” ഡെന്നീസ് ചോദിച്ചു.

 

“ആവോ. അറിയില്ല.”

 

മേഘ്നയുടെ കണ്ണുകൾ ചുവരിലെ ക്ലോക്കിലേക്ക് നീണ്ടു. രാത്രി വൈകുന്നു. ദൂരെ ക്രിമറ്റോറിയത്തിൽ അവർ വെന്തുരുകിയ ലോഹപ്പാളികൾ പോലും തണുത്തു മരവിച്ചുകാണും എന്നോർത്തതും അവളുടെ മുഖം വിവർണ്ണമായി. ആ ഭാവവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതും ഡെന്നീസ് സ്നേഹപൂർവം അവളുടെ കൈ തന്റെ കരങ്ങളിൽ എടുത്തു.

 

“ഈയിടെയായി ഞാൻ ചില സ്വപ്‌നങ്ങൾ കാണാറുണ്ട്. മോശം സ്വപ്‌നങ്ങൾ. തുടരെത്തുടരെ ശവസംസ്കാരങ്ങളിൽ പങ്കെടുത്തതിനാലാവാം. അതുകൊണ്ട് താൻ കടന്നുപോകുന്ന മാനസികനില എനിക്ക് നന്നായി മനസിലാവും”

 

 അവളുടെ വിരലുകളിൽ സാന്ത്വനപൂർവം തലോടിക്കൊണ്ട് ഡെന്നീസ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അവൾ അയാളിലേക്ക് കൂടുതൽ ചേർന്നിരുന്നു.

 

“അവരെന്റെ നല്ല സുഹൃത്തായിരുന്നു. പ്രായത്തിന്റെ അന്തരമൊന്നും ഗൗനിക്കാതെ എന്നെയൊരു സ്വതന്ത്രവ്യക്തിയായി കണ്ടിരുന്നയാൾ. അവരുടെ വ്യക്തിപ്രഭാവം വച്ച് എത്രയോ പേർ വരേണ്ട ഒരു ചടങ്ങായിരുന്നു ഇന്നത്തേത്. ഒരു ആൾക്കൂട്ടത്തിന്റെ പോലും ബഹളമില്ലാതെ നമ്മൾ രണ്ടുപേർ മാത്രം സാക്ഷിയായി.”

 

“അങ്ങനെയല്ല മേഘ്ന...സാഹചര്യങ്ങൾ ഇങ്ങനെയായിപ്പോയതുകൊണ്ട് മാത്രമാണ്. അല്ലെങ്കിൽ ഒരുപാടുപേർ വന്നേനെ. ഓഫീസിൽ നിന്നുപോലും അധികമാർക്കും അനുവാദം കിട്ടിയില്ല. മുൻപൊരിക്കൽ അസുഖം വന്നതുകൊണ്ടാവാം എനിക്ക് ക്ലിയറൻസ് കിട്ടിയത്. ഈ നഗരത്തിൽ കയറാൻ എത്ര കഷ്ടപ്പാടുണ്ടെന്നു താനും കണ്ടതല്ലേ?’’

 

മേഘ്നയുടെ മുഖം കൂടുതൽ ചുവന്നത് കണ്ടതും അയാൾ സ്വരം മയപ്പെടുത്തി.

 

“നോക്കൂ. ഞാൻ ആരെയും മുറിപ്പെടുത്താൻ പറഞ്ഞതല്ല. ജീവിതമാണ്. അതിന്റെ തിരിവുകളൊന്നും ആർക്കും അളന്നുതിട്ടപ്പെടുത്തിവയ്ക്കാൻ കഴിയില്ല. നമ്മളാരെങ്കിലും കരുതിയതാണോ ആളുകളെല്ലാം ഇങ്ങനെ അടച്ചുപൂട്ടി ഇരിക്കേണ്ടി വരുമെന്ന്. ഇല്ല. അവരുടെ മരണം ദൗർഭാഗ്യകരമാണ്. സംശയമില്ല. എങ്കിലും ഇതുവരെയും അവരുടെ ഓർമയോട് നാം പുലർത്തിയ സത്യസന്ധത ഇപ്പോൾ ഉപേക്ഷിക്കരുത്.’’

 

“അവരുമായുള്ള നിങ്ങളുടെ പരിചയം എത്ര പഴക്കമുള്ളതാണെന്നൊന്നും എനിക്കറിയില്ല. പക്ഷേ, എല്ലാം കഴിയും വരെയും അവിടെ ഒപ്പം നിന്നതിൽ നിന്നു ദാ കുറച്ചുമുൻപേ അവരുടെ പൂച്ചയെ ശുശ്രൂഷിക്കുന്നതു കണ്ടതിൽ നിന്നുമെല്ലാം, നിങ്ങൾ അവർക്ക് വളരെ വേണ്ടപ്പെട്ട ഒരാളായിരുന്നു എന്നെനിക്ക് മനസിലാവുന്നുണ്ട്. എന്നെക്കുറിച്ചും നിങ്ങൾക്ക് അങ്ങനെതന്നെ കരുതാം. അവരെനിക്ക് അത്രത്തോളം പ്രിയപ്പെട്ടയാൾ തന്നെയാണ്. അതു ഞാൻ നിഷേധിക്കില്ല. പക്ഷേ, ഈ അടച്ചുപൂട്ടലുകൾക്കിടയിൽ ഞങ്ങൾ വല്ലാതെ അകന്നുപോയിരുന്നു. സ്വാഭാവികമായ ഒരു സംഭാഷണം പോലും തുടരാനാവാത്തവണ്ണം അവരെന്നിൽ നിന്ന് എന്തോ മറച്ചിരുന്നു. അതെന്താണെന്ന് ഇനി എനിക്കറിയാൻ കഴിയില്ല.”

 

മേഘ്നയുടെ ശബ്ദത്തിൽ തോന്നിച്ച ഇടർച്ച മദ്യത്തിന്റെ ബാധയല്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു. പൊടുന്നനെ മാറുന്ന അവരുടെ വിചിത്രമനോനിലകൾ അയാൾക്കും പരിചിതമായിരുന്നല്ലോ. പക്ഷേ, മാർവിന്റെ വരവിനുശേഷം അവർ കുറച്ചുകൂടി മെച്ചപ്പെട്ടിരുന്നു എന്ന് അയാളോർത്തു.

 

 

17

 

നിനക്ക് ഞാൻ പണ്ടൊരു കഥ പറഞ്ഞുതന്നിരുന്നത് ഓർക്കുന്നുണ്ടോ മേഘ്നാ.. ആദ്യത്തെ പൂച്ചക്കുഞ്ഞിനെ നിനക്ക് സമ്മാനിക്കുംനേരം പറഞ്ഞ കഥ. ഒരിടത്തൊരിടത്തൊരു രാജകുമാരി. അതീവസുന്ദരി. അവൾക്ക് വിവാഹപ്രായമെത്തി. രാജകുമാരിയെ കല്യാണം കഴിക്കാൻ കച്ചകെട്ടിയിറങ്ങി ഒരുപാടു യോദ്ധാക്കൾ. പലവിധ പരീക്ഷകൾ കടന്ന് കുറച്ചുപേർ തിരഞ്ഞെടുക്കപ്പെട്ടു. അവസാന പരീക്ഷ രാജകുമാരി നേരിട്ടായിരുന്നു നടത്തിയത്.

 

‘അതാ ആ മുറിയിൽ ഒരു പൂച്ചയുണ്ട്. അതിന്റെ കഴുത്തിൽ ഒരു മാലയും. ആ മാല കൊണ്ടുവരുന്നവർക്ക് എന്നെ സ്വന്തമാക്കാം’ എന്നു രാജകുമാരി പറഞ്ഞപ്പോൾ യോദ്ധാക്കൾ ചിരിച്ചുപോയി. അതികഠിനമായ അനവധി മത്സരങ്ങൾ കടന്നുവന്ന തങ്ങളോടാണ് രാജകുമാരി ഒരു പൂച്ചയെ പിടിക്കാൻ പറയുന്നത്. ഏറ്റവും വേഗത്തിൽ പൂച്ചയെ പിടിക്കുന്നവന് രാജകുമാരി സ്വന്തമെന്ന് തങ്ങൾക്കിടയിൽ പന്തയം വയ്ക്കാനും അവർ മറന്നില്ല.

 

എന്നാൽ മത്സരം തുടങ്ങിയപ്പോഴല്ലേ മഹാത്ഭുതം. ഒന്നിന് പുറകെ ഒന്നായി യോദ്ധാക്കൾ ഓരോരുത്തരും മുറിയിൽ കയറി. ഒരാൾക്കും പൂച്ചയെ തൊടാൻ കഴിഞ്ഞില്ല. ഓരോരുത്തരും എത്ര പണിപ്പെടുന്നോ അതിനനുസരിച്ച് പൂച്ച അവരെ കബളിപ്പിച്ച് കടന്നുകളഞ്ഞു. സമയം കടന്നുപോയി. ഓരോരുത്തരായി തോൽവി സമ്മതിച്ചു പിൻവാങ്ങി. ഒടുവിൽ ഒരാൾ മാത്രം അവശേഷിച്ചു. ഊഴമായതും അയാൾ മുറിയിലേക്ക് കടന്നു. എന്നാൽ മറ്റുള്ളവരെപ്പോലെ അയാൾ പൂച്ചയ്ക്ക് പുറകെ പായാൻ നിന്നില്ല. അയാൾ മുറിയിൽ തന്നെ കാത്തിരുന്നു. സാവധാനം പൂച്ച അയാളുടെ അടുക്കൽ വന്നു. അയാൾ അതിനെ കയ്യിലെടുത്തു. കഴുത്തിന്‌ പുറകിൽ സ്നേഹത്തോടെ തലോടി പൂച്ചയെ ശാന്തമാക്കി. ശേഷം പതിയെ കഴുത്തിൽ നിന്നു മാല അഴിച്ചെടുത്തു.

 

അതിന്റെ ബാക്കി നിനക്ക് ഓർമ്മയില്ലേ മേഘ്നാ... ഞാനത് പറയുമ്പോൾ നിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നത് എനിക്ക് ഇന്നും ഓർമയുണ്ട്. പൊടുന്നനെ പൂച്ചയുടെ സ്ഥാനത്ത് ആ രാജകുമാരിയെ കണ്ടതും യോദ്ധാവ് അമ്പരന്നുപോയിരുന്നു. രാജകുമാരിക്ക് ഇഷ്ടം പോലെ രൂപം മാറാൻ കഴിയുന്ന അത്ഭുതസിദ്ധിയുണ്ടെന്ന് അയാൾ അപ്പോഴാണ്‌ അറിഞ്ഞത്. മുൻധാരണകളെല്ലാം അകലെ നിർത്തി വേണം ജീവിതത്തിൽ എന്തിനെയും സമീപിക്കാനെന്നും അങ്ങനെ ചെയ്‌താൽ ജീവിതം എന്നും നിന്നെ വല്ലാതെ വിസ്മയിപ്പിക്കുമെന്നും ഞാനന്ന് നിന്നോട് പറഞ്ഞു.

 

നീയത് ഇപ്പോഴും ഓർക്കാറുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, നിനക്ക് പകർന്നുതന്ന പാഠങ്ങൾ ഇടക്കെപ്പോഴോ ഞാൻ പോലും മറന്നുപോയിരുന്നു. ജീവികളെ ഓമനിച്ചുവളർത്തിയിരുന്ന കാലം എന്നിൽ നിന്നും ഓടിമറഞ്ഞുപോയിരുന്നു. അതുകൊണ്ടാവാം ചിലപ്പോൾ ഞാൻ നിന്നിൽ നിന്ന് അകന്നുപോയത്. നീയെന്നെ പിന്നെയും പ്രതീക്ഷിച്ചിരിക്കും. അവനവനോട് പോലും കനിവ് കാണിക്കാൻ കഴിയാത്തൊരാൾക്ക് മറ്റൊരാളുടെ ജീവിതത്തിൽ നല്ലതൊന്നും തന്നെ ചെയ്യാൻ കഴിയില്ല എന്ന ചിന്തയിലായിരുന്നു ഞാൻ. ഓരോരോ അബദ്ധങ്ങൾ...

 

 

18

 

“നീ പറഞ്ഞത് ശരിയാണ്. മാർവിൻ അവരുടെ ജീവിതത്തിൽ മാത്രമല്ല മാറ്റം കൊണ്ടുവന്നത്. നമ്മൾ ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നതിലും അവനൊരു പങ്കുണ്ട്.”

 

അയാൾ തന്നെ സാകൂതം നോക്കുന്നെന്നറിഞ്ഞുതന്നെ മേഘ്ന തുടർന്നു.

 

“നമ്മൾ അന്ന് ആദ്യമായാണ്‌ കണ്ടത്. അവരുടെ ശവസംസ്കാരത്തിന്. സാധാരണഗതിയിൽ ഉടനേ മടങ്ങേണ്ട ഞാൻ അന്നെന്തോ ഇവിടേക്ക് വന്നു. നമ്മൾ സംസാരിച്ചു. ഭക്ഷണം കഴിച്ചു. മദ്യപിച്ചു. ഒരുപാട് സ്ട്രെസ്ഡ് ആയിരിക്കുന്ന സാഹചര്യങ്ങളിൽ ഞാൻ സാധാരണയായി ചെയ്യാറുള്ള കാര്യമാണത്. റാൻഡം ആയ ആളുകളോട് സംസാരിക്കുക, അവരോടൊത്ത് മദ്യപിക്കുക, ഇഷ്ടം പോലെ ഭക്ഷണം കഴിക്കുക. എന്നാൽ പിന്നീടൊരു കാലത്തേക്ക് അതൊന്നും ഞാൻ ഓർത്തുവെക്കാറില്ല. എന്നിട്ടും നാം ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നു. അതിന്റെ കാരണം നിനക്കറിയില്ലേ ഡെന്നീസ്? നിന്നോട് ഞാനത് പറഞ്ഞിട്ടില്ലേ?”

 

അവളുടെ ചോദ്യം കേട്ടെങ്കിലും മറുപടി പറയാൻ കഴിയാതെ ഡെന്നീസ് മുഖം കുനിച്ചു. പാളിവീണ വെയിലിൽ അവന്റെ കഴുത്തിലെ ടാറ്റൂ തെളിഞ്ഞു. ആദ്യമായി ഇണചേർന്ന ദിവസം അതിൽ വിരലോടിച്ചിരുന്നത് അവളോർത്തു. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

“തീർച്ചയായും മാർവിൻ മാത്രമായിരുന്നു അതിനു കാരണം. അവൻ അവരുടെ പൂച്ചയാണെന്ന അറിവ്. അവനോട് നീ കാണിച്ച കരുതൽ. അതില്ലെങ്കിൽ ഞാൻ പിറ്റേന്നേ നിന്റെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയേനെ. അടയാളങ്ങളൊന്നും ബാക്കിയാക്കാതെ ജീവിതങ്ങളിൽ നിന്നു തിരിച്ചിറങ്ങിപ്പോവാൻ എന്നെ അവർ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. ആ കാര്യത്തിൽ അവരെക്കാൾ നല്ലൊരു അധ്യാപികയെ കിട്ടാനും വിഷമമാണ്.”

 

വാക്കുകളിലെ കയ്പ്പ് പടർന്നെന്നോണം അവൾ വല്ലാതെ ചുമച്ചു. അയാൾ ഉത്കണ്ഠയോടെ അവളെ നോക്കി. അവൾ കുഴപ്പമൊന്നുമില്ലെന്ന് തലയാട്ടി.

 

“രാത്രിയിൽ എപ്പോഴോ ഉണരുമ്പോൾ അരികിൽ നീയില്ല. അപരിചിതമായ നഗരം. ഒരു അപരിചിതന്റെ വീട്. മുൻപിൻ നോക്കാതെ ചാടിക്കയറി ചെയ്തത് അബദ്ധമായോ എന്ന തോന്നൽ ഉള്ളിലിട്ടാണ് ഞാൻ നിന്നെ തിരഞ്ഞ് മുറിക്ക് പുറത്ത് ഇറങ്ങിയത്. മാർവിന്റെ മരുന്നുകൾ കൃത്യമായി എടുത്തുകൊടുക്കുന്ന നിന്നെയല്ല ഞാൻ കാണുമെന്നു പ്രതീക്ഷിച്ചതും. നിനച്ചിരിക്കാതെയുള്ള ആ കാഴ്ചയിലാണ് അതൊരു മോശം തീരുമാനമായിരുന്നില്ല എന്നു ഞാൻ ഉറപ്പിച്ചത്.”

 

ഡെന്നീസ് മേഘ്നയെത്തന്നെ നോക്കി. അയാളുടെ മുഖം വിളറിയിരുന്നു.  

 

“എന്നിട്ടും അവന് സംഭവിച്ചത് തടുക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ മേഘ്നാ.”

 

അയാളുടെ ശബ്ദത്തിൽ കുറ്റബോധം നിഴലിച്ചിരുന്നു.

 

“ഒരിക്കൽ വണ്ടിച്ചക്രത്തിൽ നിന്ന് ആരുടെയോ കരുണയിൽ രക്ഷപെട്ടവൻ ഒടുവിൽ എന്റെ വണ്ടിക്കടിയിൽ തന്നെ... സത്യമായും അവൻ കുറുകെ ചാടുമെന്ന് ഞാൻ കരുതിയില്ല. എപ്പോഴുമെന്നപോലെ ഞാൻ വണ്ടിയിൽ കയറിയാലുടൻ അവൻ തിരിച്ചുപോവും എന്നാണ് ഞാൻ കരുതിയത്. ഓഫീസിൽ നിന്ന് അത്യാവശ്യമായി വന്ന കോൾ. അതിൽ സംസാരിച്ചുകൊണ്ടിരിക്കേ, വീണ്ടും പടിക്കെട്ടിറങ്ങിവരുന്ന മാർവിനെ ഞാൻ കണ്ടുപോലുമില്ല.”

 

മേഘ്ന അയാൾ പറഞ്ഞതൊന്നും കേട്ടില്ല. അധികം പഴക്കമില്ലാത്ത ഒരു സ്വപ്നദൃശ്യമായിരുന്നു അവളുടെ മനസ്സിലപ്പോൾ.

 

 

19

 

പൂച്ചകളെ വളർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. പലപ്പോഴും ഉടമസ്ഥരെ കണ്ട ഭാവം പോലും നടിക്കാതെ തന്റെ കളികളിലും കാര്യങ്ങളിലും മുഴുകിയിരിക്കുന്ന പൂച്ചകളാവുമ്പോൾ പ്രത്യേകിച്ചും. എന്നിട്ടും എന്റെ ജീവിതത്തിൽ എപ്പോഴും പൂച്ചകളുണ്ടായിരുന്നു. ഓരോ പ്രസവത്തിലും അസംഖ്യം കുഞ്ഞുങ്ങളെ ബാക്കിയാക്കുന്ന, കൃത്യമായ ഇടവേളകളിൽ പ്രസവിക്കുന്ന പൂച്ചകൾ. പലപ്പോഴും ചാക്കിൽക്കെട്ടി ദൂരെക്കളഞ്ഞിട്ടും കൃത്യമായി വഴികണ്ടുപിടിച്ചു തിരികെയെത്തുന്ന പൂച്ചകൾ.

 

ഓരോരുത്തരെയും ഞാൻ സ്നേഹിച്ചുവെന്നൊന്നും പറയാൻ കഴിയില്ല. തീർച്ചയായും എനിക്ക് ചില പൂച്ചകളോട് ഇഷ്ടക്കൂടുതൽ തോന്നിയിരുന്നു. അങ്ങനെ പാടില്ലെന്നാണ്. എന്നിട്ടും. ഇതിൽ പ്രതിഷേധിച്ച് ചില വിരുതന്മാർ വീടുവിട്ടുപോവുകയും ചെയ്തു. പോയവരിൽ ചിലരെല്ലാം തിരികെ വന്നു. ചിലർ തിരികെ വന്നില്ല. എങ്കിലും ഇടവഴികളിൽ അവർ പലപ്പോഴും എന്നെ കണ്ടു. പുച്ഛത്തോടെ എന്നെ നോക്കി വാലും കുലുക്കി അവ സഞ്ചാരം തുടർന്നു. ചിലപ്പോഴെല്ലാം പൂച്ചകൾ മരണപ്പെട്ടു. ചില പൂച്ചകൾ മരിച്ചപ്പോൾ ഞാൻ കരഞ്ഞു. ചിലരുടെ മരണം എന്നെ സ്പർശിക്കാതെ പോയി. ജീവിതം അങ്ങനെയൊക്കെയാണല്ലോ. എല്ലാവരെയും നമുക്ക് സ്നേഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. നമ്മൾ തികച്ചും സ്വാർത്ഥരായ ഒരുപറ്റം ആൾക്കാരല്ലേ.

 

കാലം പോകേ പരശതം ആളുകൾ എന്റെ ജീവിതത്തിൽ വന്നുപോയി. അതിനൊത്ത് പൂച്ചകളും. പോകെപ്പോകെ ഞാൻ മനുഷ്യരേക്കാൾ പൂച്ചകളെ വിശ്വാസത്തിലെടുക്കാൻ തുടങ്ങി. അവർക്ക് കൃത്യമായി എന്നെ മനസിലാവും എന്ന നിലയായി. എന്റെ ചെറിയ ഭാവമാറ്റങ്ങൾ പോലും അവ കൃത്യമായി വായിച്ചെടുത്തു. അവർക്കെന്നെ വലിയ കാര്യമായിരുന്നെന്നു തോന്നുന്നു. എനിക്ക് തിരിച്ചും. എന്നാൽ എല്ലാം തകിടം മറിഞ്ഞ ഒരു ദിവസം വന്നു.

 

ഒരിക്കൽ ഓഫീസിൽ നിന്ന് എത്തുമ്പോൾ പൂച്ച വീട്ടിലില്ല. തുറന്നുകിടന്ന ജനലിലൂടെ അത് പുറത്ത് ചാടിയിരിക്കും എന്നു ഞാൻ കരുതി. അങ്ങനെ എത്രയോവട്ടം അത് റോന്തുചുറ്റാൻ ഇറങ്ങിയിരിക്കുന്നു. രാത്രിയിൽ എപ്പോഴെങ്കിലും പൂച്ച തിരികെവരും എന്ന പ്രതീക്ഷയിൽ ഞാൻ ജനൽ അടക്കാതെ കിടന്നു. രാവിലെ എഴുന്നേൽക്കുമ്പോഴോ ഓഫീസിലേക്ക് ഇറങ്ങുമ്പോഴോ പൂച്ച വന്നില്ല. എങ്കിലും എനിക്കതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. ചിലപ്പോൾ കുറച്ചുദൂരെ അതിനൊരു കാമുകി ഉണ്ടായിരിക്കുമെന്നും അതിനെ കാണാൻ പോയതാവുമെന്നും വൈകാതെ വന്നോളുമെന്നും ഞാൻ കരുതി. അവരുടെ സുഖങ്ങളിൽ തലയിടുന്നത് ശരിയായ കാര്യമല്ലല്ലോ.

 

പക്ഷേ, അന്നും പിറ്റേന്നും പൂച്ച തിരിച്ചെത്തിയില്ല. അങ്ങനെയാണ് ഞാൻ പൂച്ചയെ അന്വേഷിച്ചിറങ്ങാൻ തീരുമാനിച്ചത്. വീട്ടിൽ നിന്നു പുറത്തിറങ്ങി അധികദൂരം നടക്കും മുൻപേ എനിക്ക് പതിവില്ലാത്ത ഒരു വിമ്മിഷ്ടം തോന്നി. പൂച്ചക്കെന്തോ കുഴപ്പം പിണഞ്ഞത് പോലെ. അത്തരം തോന്നലുകൾ വെറുതെയാവാറില്ലല്ലോ എന്നോർത്തതും എനിക്ക് മേലാകെ പെരുത്തു. ആ പെരുപ്പും തലയിലിട്ട്‌ നടന്നുകൊണ്ടിരിക്കെയാണ് ചവറുകൂനക്കരികിൽ തെരുവുനായ്ക്കൾ ഒരു ക്യാരിബാഗിനായി കടിപിടികൂടുന്നത് കണ്ടത്. സംഘർഷം മൂർച്ഛിക്കേ ക്യാരിബാഗ് പൊട്ടി. അതിൽ നിന്നും കാണാതായ പൂച്ചയുടെ തല പുറത്ത് വീണു.

 

ഒരുനിമിഷം എനിക്കൊന്നും മനസിലായില്ല. അടുത്തുചെന്നുനോക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പം എനിക്കുണ്ടായിരുന്നു. പതിയെ എല്ലാം തെളിഞ്ഞുവന്നു. സഞ്ചിയിൽ നിന്നു പൂച്ചയുടെ ബാക്കി അവശിഷ്ടങ്ങൾ പുറത്തുവന്നു. എനിക്ക് മനംപുരട്ടി. ഞാൻ അവിടെത്തന്നെ ഛർദ്ദിച്ചു. എന്റെ കണ്ണെല്ലാം ആകെ നിറഞ്ഞുതുളുമ്പി.

 

ഞാൻ ആദ്യമായിട്ടല്ല പൂച്ചകളുടെ മരണം കാണുന്നത്. അപകടങ്ങളിൽ. പ്രായം ചെന്ന്. ചിലപ്പോൾ പൊടിക്കുഞ്ഞായിരിക്കെ തള്ളയുടെ കടിയേറ്റ്. അങ്ങനെ പലതരത്തിലുള്ള മരണങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, അതൊന്നും ഇത്തരമൊരു കാഴ്ചക്ക് എന്നെ തയാറെടുപ്പിച്ചിരുന്നില്ല.

 

കരച്ചിലടങ്ങാതെയാണ് ഞാൻ ഫോണിൽ പോലീസിന്റെ നമ്പർ ഡയൽ ചെയ്തത്. ഫോൺ എടുത്തവർക്ക് ആദ്യമൊന്നും എന്റെ സംസാരം വ്യക്തമായില്ല. ഞാൻ വല്ലാതെ വിറയ്ക്കുകയായിരുന്നു. കരച്ചിലിനിടയിൽ നിന്ന് എന്റെ സംസാരത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞ അയാൾ സാവധാനം വിവരങ്ങൾ ചോദിച്ചു മനസിലാക്കി. എന്നോട് സംഭവസ്ഥലത്ത് കാത്തുനിൽക്കണം എന്ന് പറഞ്ഞു. ഞാൻ അവിടെ അടുത്തൊരു മരത്തണലിൽ മാറിനിന്നു.

 

വൈകാതെ പോലീസ് എത്തി. ഒരാൾ എന്നെ ആശ്വസിപ്പിക്കാനും വിവരങ്ങൾ കുറിച്ചെടുക്കാനുമായി വന്നു. എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അവരെന്നെ അധികം ബുദ്ധിമുട്ടിക്കാതെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒരാൾ പൂച്ചയുടെ അവശിഷ്ടങ്ങൾ ബാഗിലാക്കി. അതെന്തിനാണെന്ന് ഞാൻ പോലീസുകാരനോട്‌ ചോദിച്ചു. പോസ്റ്റ്‌മോർട്ടം വേണം എന്നയാൾ പറഞ്ഞു. എന്നോട് വീട്ടിലേക്ക് പോകൂ എന്നും വിവരങ്ങൾ അറിയിക്കാമെന്നും പറഞ്ഞു. പക്ഷേ, എനിക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിയില്ലായിരുന്നു. ഞാൻ അവർക്കൊപ്പം മൃഗാശുപത്രിയിൽ ചെന്നു.

 

ഡോക്ടർ ഒരു നല്ല മനുഷ്യനായിരുന്നു. അയാൾ സമയമെടുത്ത് തന്നെ എനിക്ക് കാര്യങ്ങൾ വിശദമാക്കിത്തന്നു. അയാൾക്ക് ഇതുപോലുള്ള കേസുകൾ നല്ല പരിചയമാണ്. പൂച്ചയിറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിശ്വസിക്കുന്ന ചില മനുഷ്യരെക്കുറിച്ച് ഡോക്ടറാണ് പറഞ്ഞത്. എനിക്ക് ആദ്യമത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ആൺപൂച്ചകളെയാണ് അവർ ഇറച്ചിക്കായി കൊല്ലാറുള്ളത് പോലും.

 

ഞാൻ കേസിന് പോയില്ല. ആരെന്നു കരുതി കണ്ടുപിടിക്കാനാണ്. എനിക്കെന്തോ ലോകത്തോടാകെ മുഷിവ്‌ തോന്നി. മനുഷ്യരോടാകെയും വെറുപ്പും. അങ്ങനെ തോന്നുന്നത് ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. ഒന്നറിയാം. ഒരു പൂച്ചയും അങ്ങനെയൊരു മരണം അർഹിക്കുന്നില്ലെന്ന്. സ്വന്തമെന്ന് സ്നേഹിച്ചിരുന്ന ഒരു ജീവന് പോലും സംരക്ഷണം നൽകാൻ കഴിയാഞ്ഞതിൽ സ്വയം പുച്ഛിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.

 

അത് നിന്നോടുണ്ടായ അകൽച്ചക്ക് മതിയായ കാരണമാണോ എന്നു ചോദിച്ചാൽ എനിക്ക് ഉത്തരമില്ല. ചിലപ്പോഴെല്ലാം ഒന്നും ഒന്നിനും മതിയായ കാരണമല്ലല്ലോ. പക്ഷേ, അതിൽ ഞാൻ വല്ലാതെ വേദനിച്ചിരുന്നു. എനിക്ക് മനുഷ്യരോട് തോന്നിയ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ നിന്നിൽ നിന്നു ഞാൻ അകന്നു. നിനക്കും ഇങ്ങനെ തന്നെ തോന്നിയേക്കും എന്നെനിക്കറിയാഞ്ഞിട്ടല്ല. കാരണം പൂച്ചകളോടുള്ള നിന്റെ അടുപ്പം എനിക്കറിയുന്നതുമാണല്ലോ. എനിക്ക് പറയാൻ ഒരു ന്യായമേ തോന്നുന്നുള്ളൂ. പക്ഷേ, അത് മതിയായ സാധൂകരണം ആവണമെന്നുമില്ല.

 

അതൊരു മടുപ്പിക്കുന്ന കാലയളവായിരുന്നു. പുറമേക്ക് സമാധാനപരം എന്ന് തോന്നിച്ചിരുന്ന എന്റെ ജീവിതത്തിന്റെ അവസാനത്തെ ആണിയും ഇളക്കിപ്പറിച്ചാണ് ആ സംഭവം കടന്നുപോയത്. അതിൽ നിന്നു കരകയറൽ എളുപ്പമായിരുന്നില്ല. ചക്രങ്ങൾക്കിടയിൽ നിന്ന് ഏതോ അപരിചിതൻ രക്ഷപെടുത്തിയെടുത്ത ഒരു പൂച്ചക്കുഞ്ഞ് ജീവിതത്തിലേക്ക് വരുന്നത് വരെ എന്റെ താളം പഴയപടിയായില്ല എന്നതാണ് സത്യം. അപ്പോഴേക്കും നമുക്കിടയിൽ ഒരുപാട് കാലം ഒഴുകിത്തീർന്നിരുന്നു. സ്വാഭാവികമായും നിന്റെ ജീവിതത്തിലേക്ക് എത്തിനോക്കാൻ ഞാൻ മടിച്ചു.  

 

ലൂസിംഗ് എ പെറ്റ് ഈസ്‌ നെവർ ഈസി. തീർത്തും അപ്രതീക്ഷിതമായ രീതിയിലെ മരണങ്ങൾ ആരെയും തകർത്തുകളയും. പ്രത്യേകിച്ച് ആലംബമൊന്നുമില്ലാത്ത മനുഷ്യരുടെ കാര്യം പിന്നെ പറയണ്ടല്ലോ. ഇതുവരെയും നമ്മുടെ ജീവിതം പല കാരണങ്ങളാൽ സാമ്യമുള്ളതായിരുന്നു. എന്നാൽ ഈ ഒരു കാര്യത്തിൽ മാത്രം നമ്മൾ വ്യത്യസ്തരാകട്ടെ എന്നതാണ് എന്റെ പ്രാർത്ഥന. പ്രാർത്ഥനകളിൽ വിശ്വസിക്കണോ എന്നത് മറ്റൊരു ചോദ്യമാണ്. എന്നിരിക്കിലും അത്തരമൊരു വേദന നിനക്ക് ഉണ്ടാവരുത് എന്നാണ് ആഗ്രഹം. ഈ കെട്ടകാലം ഒടുങ്ങുമ്പോൾ എപ്പോഴെങ്കിലും മാർവിനെ നീ കാണും. ആ കാഴ്ച നിന്റെ അന്വേഷണങ്ങൾക്ക് അറുതി വരുത്തുമെന്ന് ഞാൻ വെറുതെ പ്രതീക്ഷിക്കുന്നു. വെറുതെ. വെറും വെറുതെ.

 

 

20

 

 

പ്രഭാതം. പുറത്തേക്ക് തുറക്കുന്ന കോറിഡോറിൽ നിൽക്കുകയായിരുന്നു മേഘ്ന. ആകാശം പതിയെ നിറം മാറുകയായിരുന്നു. കാൽച്ചുവട്ടിൽ അനക്കം കേട്ടാണ് അവൾ തിരിഞ്ഞുനോക്കിയത്. താഴെ തന്റെ കാലിൽ മൂക്കുരുമ്മിക്കൊണ്ട് ആ പൂച്ച. അടുത്ത് അവൾക്ക് നേരെ ഒരു കപ്പ് ചായ നീട്ടി ഡെന്നീസ്. ചാരനിറമുള്ള മുഴുക്കയ്യൻ ടീഷർട്ട് അയാൾ മുട്ടൊപ്പം തെറുത്തുവെച്ചിരുന്നു. മുഖത്ത് നേർത്ത ചിരി. അവൾ ചിരി മടക്കിനൽകിക്കൊണ്ട് കപ്പ് കൈനീട്ടി വാങ്ങി. അയാൾ പതിയെ നടന്ന് അവൾക്കൊപ്പം നിന്നു. പുറത്തേക്ക് കണ്ണുകളയച്ചു. നിരത്തുകൾ വിജനമായിരുന്നു. ലോകം അപ്പോഴും അടഞ്ഞുകിടക്കുകയായിരുന്നു. അപൂർവ്വം ചിലർ മാത്രം ജീവിതം കരുപ്പിടിപ്പിക്കാൻ തിരക്കിട്ട് നടന്നുകൊണ്ടിരുന്നു.

 

അവൾ അയാളെ നോക്കി.

 

“ഇന്നലെ ഞാൻ ഉറങ്ങിയെന്നുറപ്പിച്ചാണ് നിങ്ങൾ എഴുന്നേറ്റുപോയത്. എങ്കിലും പെട്ടെന്ന് എനിക്ക്, അരികിൽ നിങ്ങളുടെ ഗന്ധം മിസ്‌ ചെയ്തു. അതുകൊണ്ടാവും എന്റെ ഉറക്കം ഞെട്ടിയതും ഞാൻ നിങ്ങളെ തിരഞ്ഞതും. വിരിപ്പുകളിൽ അപ്പോഴും നിങ്ങളുടെ ഗന്ധമുണ്ടായിരുന്നു. അതും കയ്യിലെടുത്ത് ഞാൻ കുറച്ചുസമയം കിടക്കയിൽ തന്നെ ഇരുന്നു. എന്തോ അവരുടെ മരണം എന്നെ ആദ്യമായി വേദനിപ്പിച്ചത് ആ നിമിഷത്തിലായിരുന്നു.”

 

അവൾ പതിയെ പുറംകാഴ്ചയിൽ നിന്നും മുഖം തിരിച്ചു.

 

“ജീവിതത്തിൽ ആദ്യമായ് ഞാൻ വല്ലാതെ നിരാലംബയായി എന്ന് തോന്നി. ഞങ്ങൾ തമ്മിൽ സംസാരിക്കാതെ കഴിഞ്ഞ കാലങ്ങളൊക്കെയും ഒരു തിരശീലയിലെന്ന പോലെ ഓർമ്മയിൽ മിന്നി. അവരെന്തിനാവും എന്നെ ഒഴിവാക്കാൻ ശ്രമിച്ചതെന്ന് ദാ ഈ നിമിഷം വരെയും എനിക്കറിയില്ല. ചിലപ്പോൾ അതിതീവ്രമായ ഏതോ ഒരു വ്യസനത്തിൽ ആണ്ടുപോയിരിക്കാം അവർ. അല്ലാതെ എന്നെ വേദനിപ്പിക്കേണ്ട കാരണമൊന്നും ഇല്ല. എന്നെങ്കിലും ഒരിക്കൽ വീണ്ടും കാണുമെന്നും അപ്പോൾ കാലുഷ്യത്തിന്റെ മുഖപടമില്ലാതെ അവരെന്നെ ചേർത്ത് പിടിക്കുമെന്നും ഞാൻ കൊതിച്ചിരുന്നു.”

 

ഡെന്നീസ് അവളെ സാന്ത്വനിപ്പിക്കും വിധം ചേർത്തുനിർത്തി. നിർനിമേഷയായി അവൾ തുടർന്നു.

 

“ഇവനെപ്പോലൊരു പൂച്ചക്കുഞ്ഞിനെ അവർ പണ്ടെനിക്ക് സമ്മാനിച്ചിരുന്നു. ഞാനൊരു ചെറിയ കുട്ടിയായിരുന്നപ്പോൾ. അന്ന് അവരെന്നോടൊരു കഥ കൂടി പറഞ്ഞിരുന്നെന്നു ഞാൻ ഓർക്കുന്നു. മുൻവിധികൾ ഇല്ലാതെ ആളുകളെ സമീപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു കഥ.”

 

“എന്നിട്ടോ?” അയാൾ ചോദിച്ചു.

 

“അറിയില്ല. ഞാനത് വെറുമൊരു കഥയെന്നാണ് കരുതിയത്. കഥകളെല്ലാം കഥകളല്ലെന്നും അതിൽ നേരിട്ട് പറയാൻ കഴിയാത്ത സത്യങ്ങളുണ്ടെന്നും അന്നെനിക്ക് അറിയില്ലായിരുന്നു. കുഞ്ഞല്ലേ.”

 

മേഘ്ന കപ്പിൽ നിന്നും ഒരിറക്ക് ചായ കുടിച്ചു. അയാൾ അവളെ സാകൂതം നോക്കിനിന്നു.

 

“ജീവനോടിരിക്കുക എന്നത് വലിയൊരു കാര്യമാണ്. അതിനെല്ലാവർക്കും കഴിയില്ല. ചിലർ സ്വയമേ ജീവനൊടുക്കും. ചിലർ മരിച്ചുകൊണ്ട്‌ തന്നെ ജീവിക്കും. അതൊഴിവാക്കാൻ കഴിയുന്നത് അപൂർവം ചിലർക്ക് മാത്രമാണ്. ഭാഗ്യം ചെയ്തവർ.”

 

“താൻ ആ ഭാഗ്യത്തിന് വെളിയിലാണെന്നു തോന്നുന്നുണ്ടോ?” ഡെന്നീസ് ചോദിച്ചു.

 

“ഞാൻ കഴിഞ്ഞ രാത്രി തനിക്കൊപ്പം ചിലവിട്ടതിന്റെ കാരണം എന്താണെന്ന് അറിയാമോ?” അവളൊരു മറുചോദ്യം ഉന്നയിച്ചു.

 

അയാൾ ഇല്ലെന്നു തലയാട്ടി.

 

“ഞാനിവിടെ എത്തിയത് അവരുടെ ശവസംസ്കാരചടങ്ങിൽ പങ്കെടുക്കാനാണ്. അതിൽ കവിഞ്ഞ് എന്നെ ഈ നഗരവുമായി ചേർത്തുനിർത്തുന്ന ഒന്നും തന്നെയില്ല. ഇനി ചിലപ്പോൾ ഞാനീ നഗരത്തിൽ വരിക പോലുമില്ല..”

 

 

അവൾ അയാളെ നോക്കി. അയാളുടെ മുഖത്ത് ചുളിവുകൾ വീണിരുന്നു.

 

“നമുക്കായി ഒരു ഭാവികാലം കാത്തിരിക്കുന്നു എന്ന തോന്നൽ എനിക്കില്ല. അതിനാൽ തന്നെ തമ്മിൽ അകന്നാലും നിങ്ങൾക്കെന്നെ മുറിവേൽപ്പിക്കാൻ കഴിയില്ല. അതിൽ ഒരു വല്ലാത്ത സുരക്ഷിതത്വമുണ്ട്.”

 

അവൾ പറഞ്ഞവസാനിപ്പിച്ചു. അയാൾ ഒഴിഞ്ഞ ചായക്കപ്പ് അരമതിലിൽ വെച്ചു.

 

“ഇന്നലെ ഉറക്കത്തിൽ നീ വല്ലാതെ വെട്ടിവിറയ്ക്കുന്നത് കണ്ടാണ്‌ ഞാൻ ഉണർന്നത് മേഘ്നാ. നിന്റെ സ്വപ്‌നങ്ങൾ വല്ലാത്ത പിരിമുറുക്കം നിറഞ്ഞതാണെന്ന് എനിക്ക് എളുപ്പം മനസിലാവും. ഒട്ടും സന്തോഷം തരുന്ന കാര്യങ്ങളല്ലല്ലോ കഴിഞ്ഞത്. അതുകൊണ്ടു തന്നെ ഒരടുപ്പത്തിന് താൻ താൽപ്പര്യം കാണിക്കുന്നില്ലെങ്കിലും എനിക്കത് മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ല. ഇതൊരു ദിവസം കൊണ്ട് തീരുമാനിക്കേണ്ട കാര്യവുമല്ലല്ലോ.”

 

ഒന്നു നിർത്തിയശേഷം അയാൾ അവളെ നോക്കി തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു.

 

“പക്ഷേ, ഇടക്കെപ്പോഴെങ്കിലും ഈ നഗരം സന്ദർശിക്കുമ്പോൾ ഇവിടെ വരാം. ഇവിടെ ഇപ്പോഴും നിന്നെയും അവരെയും ബന്ധിപ്പിക്കുന്ന ഒന്ന് ബാക്കിയുണ്ട്.”

 

അയാൾ കാൽച്ചുവട്ടിലെ പൂച്ചയെ നോക്കി. അരമുള്ള നാക്ക് നീട്ടി കൈപ്പത്തി നക്കി വൃത്തിയാക്കുന്നതിൽ വ്യാപൃതനായിരുന്നു അത്. മേഘ്ന ഉത്തരമൊന്നും പറയാതെ കപ്പിലെ ചായയിലേക്ക് തന്റെ ശ്രദ്ധ തിരിച്ചു. പൊടുന്നനെ എന്തോ ഓർത്തിട്ടെന്ന പോലെ പൂച്ച വീടിനകത്തേക്ക് കുതിച്ചു. അയാൾ പേര് വിളിച്ചുകൊണ്ട് അതിന്റെ പുറകെ പോകുന്നത് നോക്കി നിൽക്കെ അവളുടെ മുഖത്തൊരു ചിരി തെളിഞ്ഞു.

 

 

21

 

 

“അവരെ സ്വപ്നം കാണാറില്ലെന്ന് നിന്നോട് ഞാൻ പറഞ്ഞത് കളവാണ്. ഞാനും അവരെ സ്വപ്നം കണ്ടിരുന്നു. നീ ശ്രദ്ധിച്ചിട്ടില്ലേ ചിലപ്പോഴെല്ലാം ഞാൻ ഉറക്കത്തിൽ വല്ലാതെ കിടന്നു പുളയുന്നത്. ഞാൻ ആദ്യമായി ഇവിടെ ചിലവിട്ട രാത്രിയിലും അങ്ങനെ സംഭവിച്ചിരുന്നു. പിന്നീട് ഞാൻ ഇവിടം വിട്ടെങ്കിലും അന്നത്തെ നിന്റെ വാക്കുകൾ എന്നെ പിന്തുടർന്നു എന്നുവേണം കരുതാൻ. അങ്ങനെയാണ് ഞാൻ ഇവിടെ തിരികെയെത്തിയത്. നീ പറഞ്ഞത് പോലെ തന്നെ എന്നെയും അവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ഇവിടെ ബാക്കിയായിരുന്നു. മാർവിൻ.”

 

അയാൾ അവളെ നോക്കി മന്ദഹസിച്ചു. വിഷാദത്തോടെ..

 

“ഒരിക്കൽ ഇങ്ങനെ എന്തെങ്കിലും സംഭവിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ അങ്ങനെയൊരു അശ്രദ്ധ നിന്നിൽ നിന്നു സംഭവിക്കുമെന്നല്ല; എന്റെ കൈ കൊണ്ട് അവനെന്തെങ്കിലും പറ്റുമോ എന്നായിരുന്നു എന്റെ പേടി. കാരണം എല്ലാം നഷ്ടപ്പെടുത്തുക എന്നത് അവർക്കും എനിക്കും പൊതുവായുള്ള കാര്യമാണ്. അതുകൊണ്ട് നിന്നെ കുറ്റപ്പെടുത്താൻ എനിക്ക് കഴിയില്ല.”

 

അയാൾ അവിശ്വസനീയതയോടെ അവളെ നോക്കി. അവളുടെ മുഖം അയഞ്ഞുതുടങ്ങിയിരുന്നു. അയാൾ പറഞ്ഞു.

 

“ഉറക്കത്തിൽ നീ വല്ലാതെ അസ്വസ്ഥയാവുന്നത് ഞാൻ കാണാറുണ്ട്. പക്ഷേ, അവർ തന്നെയാവുമോ നിന്റെ സ്വപ്നത്തിൽ എന്ന് ഉറച്ചുചോദിക്കാനും എനിക്ക് മടിയായിരുന്നു. നമ്മൾ തമ്മിലും സംസാരം തീർത്തും കുറഞ്ഞിരുന്നല്ലോ. ഗർഭകാലത്തെ മൂഡ്‌സ്വിങ്ങുകൾക്കിടെ വെറുതെ ഒരു വാക്കുതർക്കം വേണ്ടെന്ന് ഞാനും കരുതി. എന്റെ മണ്ടത്തരം.”

 

“ഇടയ്ക്കിടെ സ്വപ്നത്തിൽ കാണുമ്പോഴെല്ലാം അവർ എന്തൊക്കെയോ എന്നോട് പറയുമായിരുന്നു. കൂടുതലും ക്ഷമാപണങ്ങൾ. പല തരത്തിൽ. എങ്കിലും എനിക്കത് പൂർണ്ണമായും ഗ്രഹിക്കാൻ സാധിച്ചിരുന്നില്ല; ആവർത്തിച്ചുകണ്ട ദുസ്വപ്നങ്ങളിൽ ഒരു പൂച്ചയുടെ ദുർവിധി കടന്നുവരുന്നത് വരെ. ആ സ്വപ്നം വച്ചു നോക്കുമ്പോൾ മാർവിന്റെ മരണം വെറുമൊരു അപകടം മാത്രമല്ലേ എന്ന ആശ്വാസം എന്നിൽ ബാക്കിയായി. ദുസ്വപ്നങ്ങൾ കാണുന്നതിന് നന്ദിപറയുക എന്നൊരു വൈചിത്ര്യത്തിലേക്ക് എന്നെയത് നയിച്ചുവെന്ന് മാത്രം.”

 

“നിനക്കെന്നോട് നീരസമില്ലെന്നാണോ?” അയാൾ ചോദിച്ചു.

 

“അങ്ങനെയല്ല. നീരസമുണ്ട്. പക്ഷേ, അതൊരിക്കലും മാർവിനു സംഭവിച്ച അപകടത്തിന്റെ പേരിലല്ല. അങ്ങനെയൊരു ജീവിയെ പരിചയമില്ല എന്ന മട്ടിൽ അവനെക്കുറിച്ചുള്ള സംഭാഷണങ്ങൾ കൂടി ഒഴിവാക്കിത്തുടങ്ങിയതിലാണ്.”

 

ഡെന്നീസ് ജാള്യതയോടെ മുഖം തിരിച്ചു.

 

“ഈയൊരു നിമിഷത്തിനു മുൻപ് വരെ അവന്റെ മരണം നമുക്കിടയിൽ ഒരു ചർച്ച പോലും ആയിരുന്നില്ല എന്നതിലാണ് എനിക്ക് നിന്നോടുള്ള നീരസം. എനിക്കറിയാം, വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമല്ല നിനക്ക്. പക്ഷേ, എത്ര നാൾ നീ ഇങ്ങനെ ഒളിഞ്ഞിരിക്കും ഡെന്നീസ്. ജീവിതമാണ്. എന്തും സംഭവിക്കാവുന്നൊരു ജീവിതം. അവിടെ ഇങ്ങനെ മിണ്ടാതിരുന്ന് മിണ്ടാതിരുന്ന് എന്ത് നേടാമെന്നാണ് നീ കരുതുന്നത്.”

 

അയാൾ പതിയെ നടന്നുവന്ന് അവൾക്കരികിലിരുന്നു. സാവധാനം അവളുടെ കൈ തന്റെ കൈകളിൽ എടുത്തു. അവൾ കൈ പിൻവലിച്ചില്ല. അവളുടെ കൈകളിൽ മൃദുവായി തലോടിക്കൊണ്ട് അയാൾ അവളുടെ മുഖത്ത് നോക്കി ചോദിച്ചു.

 

“നമുക്കൊരു പൂച്ചയെക്കൂടി ദത്തെടുത്താലോ?