കിട്ടാത്ത പെൺകുട്ടികളെ രാക്കിനാവ് കണ്ടും വല്ലപ്പോഴും പഠിച്ചും മിക്കപ്പോഴും തിരിഞ്ഞുകളിച്ചും തട്ടിമുട്ടി കയ്ച്ചൽ ആയി പോകുന്ന സമയത്താണ് ജിമ്മിച്ചൻ എന്ന സംഭവം എന്റെ മുന്നിൽ എത്തുന്നത്. രാത്രി കൊഞ്ഞാട്ട മെസ് ഫുഡ് അടിച്ച് ചൊറിയും കുത്തി ഇരിക്കുകയായിരുന്നു. അപ്പോഴാണു സഖാക്കളായ തോമസ് നമ്പേലിയും അമ്മാവനും

കിട്ടാത്ത പെൺകുട്ടികളെ രാക്കിനാവ് കണ്ടും വല്ലപ്പോഴും പഠിച്ചും മിക്കപ്പോഴും തിരിഞ്ഞുകളിച്ചും തട്ടിമുട്ടി കയ്ച്ചൽ ആയി പോകുന്ന സമയത്താണ് ജിമ്മിച്ചൻ എന്ന സംഭവം എന്റെ മുന്നിൽ എത്തുന്നത്. രാത്രി കൊഞ്ഞാട്ട മെസ് ഫുഡ് അടിച്ച് ചൊറിയും കുത്തി ഇരിക്കുകയായിരുന്നു. അപ്പോഴാണു സഖാക്കളായ തോമസ് നമ്പേലിയും അമ്മാവനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിട്ടാത്ത പെൺകുട്ടികളെ രാക്കിനാവ് കണ്ടും വല്ലപ്പോഴും പഠിച്ചും മിക്കപ്പോഴും തിരിഞ്ഞുകളിച്ചും തട്ടിമുട്ടി കയ്ച്ചൽ ആയി പോകുന്ന സമയത്താണ് ജിമ്മിച്ചൻ എന്ന സംഭവം എന്റെ മുന്നിൽ എത്തുന്നത്. രാത്രി കൊഞ്ഞാട്ട മെസ് ഫുഡ് അടിച്ച് ചൊറിയും കുത്തി ഇരിക്കുകയായിരുന്നു. അപ്പോഴാണു സഖാക്കളായ തോമസ് നമ്പേലിയും അമ്മാവനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുസ്തകം തുറന്ന് ഹൃദയത്തിന്റെ പേജിലേക്ക് മറിക്കുമ്പോൾ ഞാൻ ജിമ്മിച്ചനെ ഇടക്കണ്ണിട്ട് നോക്കി. ഒരു ഇരുപതുകാരന്റെ അറിയുവാനുള്ള ത്വര എന്റെ മനസ്സിൽ അണപൊട്ടി. ഈ മനുഷ്യൻ എന്തിനായിരിക്കും കോഴ്സ് വിട്ടത്? പെണ്ണ്, കള്ള്, കഞ്ചാവ്, രാഷ്ട്രീയം, പ്രാരാബ്ധം? എന്തായിരിക്കും കാരണം? മാനസികരോഗം, റാഗിങ്, നക്സൽ ബന്ധം? എനിക്കറിയണം. ഈ മനുഷ്യൻ എന്തിനായിരിക്കും ഇത്രയും കാലത്തിനു ശേഷം ഇപ്പൊ കോഴ്സ് തുടരാൻ വന്നത്?.. വായിക്കാം, കേൾക്കാം മനോരമ ഓൺലൈൻ ‘കഥയരങ്ങി’ൽ നിഖിൽ സുദർശന്റെ ഏറ്റവും പുതിയ കഥ..

 

ADVERTISEMENT

മാനസാന്തരപ്പെട്ട പ്രേതം

 

കിട്ടാത്ത പെൺകുട്ടികളെ രാക്കിനാവ് കണ്ടും വല്ലപ്പോഴും പഠിച്ചും മിക്കപ്പോഴും തിരിഞ്ഞുകളിച്ചും തട്ടിമുട്ടി കയ്ച്ചൽ ആയി പോകുന്ന സമയത്താണ് ജിമ്മിച്ചൻ എന്ന സംഭവം എന്റെ മുന്നിൽ എത്തുന്നത്. രാത്രി കൊഞ്ഞാട്ട മെസ് ഫുഡ് അടിച്ച് ചൊറിയും കുത്തി ഇരിക്കുകയായിരുന്നു. അപ്പോഴാണു സഖാക്കളായ  തോമസ് നമ്പേലിയും അമ്മാവനും (ഇരട്ടപ്പേരാണ്. ശരിയായ പേര് മൂപ്പർ തന്നെ മറന്നു പോയിക്കാണണം) അവിടേക്കു കേറി വന്നത്.

കൂടെ പരിചയം ഇല്ലാത്ത ഒരു അവതാരം. ഒരു 40 വയസ്സുകാരൻ. മെലിഞ്ഞ ശരീരം. വെടിപ്പില്ലാത്ത താടി, കഷണ്ടി, സിഗരറ്റ് കറപിടിച്ച ഉന്തിയ പല്ല്, വലതു കയ്യിലെ തള്ള വിരലിലെ നഖം നീട്ടി വളർത്തി സൂക്ഷിച്ചിരിക്കുന്നു. മൊത്തം ഒരു അവാർഡ് സിനിമ. പണം പിരിക്കാൻ വേണ്ടി രോഗിയെയും കൊണ്ടു നടക്കുകയായിരിക്കും എന്നു ഞാൻ ഉറപ്പിച്ചു. മെഡിക്കൽ കോളജിലെ ഒരു സ്ഥിരം പരിപാടി.

ADVERTISEMENT

‘‘മിഥുൻ നമുക്ക് ഒരു പ്രത്യേക സഹായം ചെയ്യണം’’. വളച്ചുകെട്ടില്ലാതെ അമ്മാവൻ കാര്യം പറഞ്ഞു.

‘‘ഇതാണ് ജിമ്മിച്ചൻ. ആലപ്പുഴയിൽ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്നു. ഒരു പത്തുപതിനഞ്ച് കൊല്ലം മുമ്പേ. ഒരു പ്രത്യേക സാഹചര്യത്തിൽ മൂപ്പർക്ക് പഠിത്തം വിടേണ്ടി വന്നു. ഫസ്റ്റ് ഈയർ പാസ് ആയില്ല. ഫിസിയോളജി പരീക്ഷയുടെ തലേന്നു കലിപ്പു കയറി കോഴ്സ് വിട്ട് മൂപ്പർ നാട്ടിലേക്കു തിരിച്ചു പോയി’’.

 

നമ്പേലിയുടെ ഏതോ സുഹൃത്തിന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു. കേസായ കേസും കോടതിയായ കോടതിയും ആയി ഇപ്പോ ഒരു ചെറിയ പ്രതീക്ഷ ഒത്തുവന്നിട്ടുണ്ട്. കോഴ്സിനു തിരിച്ചു കേറാൻ യൂണിവേഴ്സിറ്റി അവസാനത്തെ അവസരം കൊടുത്തു. ‘മേഴ്സി ചാൻസ്’.

ADVERTISEMENT

കുടുങ്ങിക്കിടന്ന ഫസ്റ്റ് ഇയർ പരീക്ഷ എഴുതി പാസായാൽ കോഴ്സിൽ തിരിച്ചു കയറാം. പൊട്ടിയാൽ തഥൈവ. ‘‘മിഥുൻ ഒന്നു പരീക്ഷ പാസ് ആകാൻ മൂപ്പരെ സഹായിക്കണം’’. ഞാൻ ജബായി ജബായി ആക്കുന്നതിനു മുമ്പേ നമ്പേലിയുടെ അടുത്ത ബോംബ് വീണു. ‘‘നീ മൂപ്പരെ ഇന്നു രാത്രി ഫിസിയോളജി പഠിപ്പിക്കണം’’.

 

നാളെ ആണു പരീക്ഷ. ബെസ്റ്റ്! നമ്പേലിക്കും അമ്മാവനും പിറകിൽ ജിമ്മിച്ചന്റെ നിഷ്കളങ്കമായ ചിരി. അതു കണ്ടപ്പോ എനിക്ക് സെന്റി ആയി. പുച്ഛിക്കാൻ തോന്നിയില്ല. ഒരു രാത്രി മാത്രമല്ലേ സർക്കസ് വേണ്ടി വരൂ എന്നാലോചിച്ചു സമ്മതിച്ചു. നമ്പേലിയും അമ്മാവനും സിനിമയിൽ ജഗതിയും പപ്പുവും അപ്രത്യക്ഷമാകുന്ന പോലെ പെട്ടെന്ന് സ്കൂട്ട് ആയി. ഫോർത്ത് ബ്ലോക്ക് ഹോസ്റ്റലിലെ ഡോർമിറ്ററിയിലെ  ഇരുമ്പ് മേശയ്ക്കു ചുറ്റുമിരുന്ന് ഞാനും ജിമ്മിച്ചനും പുഞ്ചിരിച്ചു. 

 

സമയം 7.00. പരീക്ഷ നാളെ രാവിലെ 9 മണിക്ക്. അപ്പൊ എങ്ങനെയാ കാര്യങ്ങൾ.  ഞാൻ മനസ്സിൽ വിചാരിച്ചു. പക്ഷേ, മയപ്പെടുത്തി ജിമ്മിച്ചനോട്  ചോദിച്ചു. ‘‘ചേട്ടനു ഏതു ഭാഗങ്ങളാണ് സംശയം?’’. അതും പറഞ്ഞു ഞാൻ ഫിസിയോളജി ടെക്സ്റ്റ്‌ ആയ ഗാനോങ് മേശപ്പുറത്തു വച്ചു. 

 

ജിമ്മിച്ചൻ വീണ്ടും പുഞ്ചിരിച്ചു. ‘‘കുട്ടാ കൊറേ കൊല്ലായി പൊസ്തകം കണ്ടിട്ട്.  പരീക്ഷ എഴുതണോ വേണ്ടയോ എന്ന് ഇന്ന് ഉച്ചയ്ക്കാണ് ഉറപ്പിച്ചത്. പാസാവാൻ എന്തൊക്കെയാ വേണ്ടത് അത് ഓടിച്ച് ഒന്നു പറഞ്ഞു തരുമോ’’. വീണ്ടും നിഷ്കളങ്കത, പുഞ്ചിരി. ഞാൻ ചുണ്ടൊന്നു കടിച്ചു പല്ലൊന്നു ഞെരിച്ച് അഞ്ച് സെക്കൻഡ് അഗാധമായി ആലോചിച്ച് ‘ഓക്കേ’ എന്നു പറഞ്ഞു തലകുലുക്കി. പുസ്തകം തുറന്നു. ബാക്ക്ഗ്രൗണ്ടിൽ ടിവി റൂമിൽ നിന്ന് ഹിന്ദി സിനിമയിലെ അമ്പലത്തിലെ കൂട്ട മണിയും ശംഖുവിളിയും. കാൻസർ വന്ന കുട്ടിയെ അമ്മ  പ്രാർഥിച്ചു രക്ഷിക്കുന്നതിനു മുമ്പുള്ള മ്യൂസിക്.

 

ഇതു കേട്ടു രണ്ടു പേർക്കും ചിരി വന്നു. ജിമ്മിച്ചന്റെ ഒരു തരം ഏങ്ങി ഏങ്ങി ഉള്ള ചിരി ആയിരുന്നു. ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചു പഠിപ്പിക്കുന്ന വിഷയമാണ് ഫിസിയോളജി. ‘‘നമ്മള് ഹാർട്ട്, ലംഗ്സ്, കിഡ്നി, ബ്ലഡ്, നെർവ് ഇതിന്റെ എല്ലാം പ്രവർത്തനം ഒന്ന് ഓടിച്ചുനോക്കും. അപ്പൊ തന്നെ പാസാവാനുള്ള സംഭവം കവർ ആവും’’. ഞാൻ തട്ടി. ‘‘ഓ അതുമതി’’. ജിമ്മിച്ചൻ ആത്മവിശ്വാസത്തോടെ, ഭയഭക്തി ബഹുമാനത്തോടെ തലയാട്ടി.

 

പുസ്തകം തുറന്ന് ഹൃദയത്തിന്റെ പേജിലേക്ക് മറിക്കുമ്പോൾ ഞാൻ ജിമ്മിച്ചനെ ഇടക്കണ്ണിട്ട് നോക്കി. ഒരു ഇരുപതുകാരന്റെ അറിയുവാനുള്ള ത്വര എന്റെ മനസ്സിൽ അണപൊട്ടി. ഈ മനുഷ്യൻ എന്തിനായിരിക്കും കോഴ്സ് വിട്ടത്? പെണ്ണ്, കള്ള്, കഞ്ചാവ്, രാഷ്ട്രീയം, പ്രാരാബ്ധം? എന്തായിരിക്കും കാരണം? മാനസികരോഗം, റാഗിങ്, നക്സൽ ബന്ധം? എനിക്കറിയണം. ഈ മനുഷ്യൻ എന്തിനായിരിക്കും ഇത്രയും കാലത്തിനു ശേഷം ഇപ്പൊ കോഴ്സ് തുടരാൻ വന്നത്? ഫസ്റ്റ് ഇയർ എംബിബിഎസിൽ ആയിരിക്കണം ഏറ്റവും കൂടുതൽ ആളുകൾ കോഴ്സ് വിട്ടുപോകുന്നത്. ജീവിതാനുഭവങ്ങൾ ഇല്ലാത്ത, പറക്കമുറ്റാത്ത പഠിപ്പിസ്റ്റുകളുടെ സകലമാന അഹങ്കാരങ്ങളും തകർത്തു തരിപ്പണമാക്കുന്ന ഒരു വറചട്ടി ആയിരുന്നു ഫസ്റ്റ് ഇയർ. കൊച്ചു കൊച്ചു സ്കൂളുകളിലെയും നഗരങ്ങളിലെയും ആസ്ഥാന കണ്ണിലുണ്ണികളും ബുദ്ധിജീവികളുമായി പറന്നു നടന്ന കൗമാരക്കാർ തങ്ങളെക്കാളും വമ്പിച്ച കണ്ണിലുണ്ണികളെയും ബുദ്ധിജീവികളെയും ആദ്യമായി കണ്ട് തകർന്നടിഞ്ഞു വീഴുന്ന ഒരു സർക്കസ് കൂടാരമായിരുന്നു മെഡിക്കൽ കോളജ്. ആയിരത്തിൽ ഒരാൾ എന്ന അഹങ്കാരം ആയിരത്തിൽ ഒരാൾ മാത്രം എന്ന തിരിച്ചറിവും വേദനയും ആയി മാറുന്ന കാലഘട്ടം. ശരീരത്തിലെ പേശികളായ പേശികളും സകലമാന അസ്ഥികളും തൊലി മുതൽ മുടി വരെയുള്ള കോശങ്ങളും എന്തിനെന്നോ ഏതിനെന്നോ അറിയാതെ കലക്കി കുടിച്ചു ഛർദ്ദിക്കേണ്ട ഫസ്റ്റ് ഇയർ. ഈ കുത്തിയൊഴുക്കിൽ മിക്കവരും വല്ലവിധേനയും നീന്തി രക്ഷപ്പെടുന്നു, ചിലർ തകർന്നു വീഴുന്നു. ചിലർ കള്ളും കഞ്ചാവും പുകച്ച് കാലിട്ടടിക്കുന്നു. ചിലർ പഠിത്തം നിർത്തി നാട് പിടിക്കുന്നു. ഇതൊന്നും സാധിക്കാത്തവർ ലുങ്കിത്തുണിയിലോ റെയിൽപ്പാളത്തിലോ കടപ്പുറത്തോ അടിയറവ് പറയുന്നു.

ജിമ്മിച്ചന്റെ കഥ അറിയേണ്ടത് എനിക്ക് അത്യാവശ്യമായി തോന്നി.

 

വിഷാദരോഗത്തിന്റെ കൂട്ടു പിടിച്ച് അപകർഷതാബോധത്തിന്റെ പിശാചുകൾ പലപ്പോഴും ചെവിയിൽ വന്ന് എന്നോട് അടക്കം പറയാറുണ്ടായിരുന്നു: ‘‘ഓടിപ്പോ, മെഡിക്കൽ കോളജ് നിനക്ക് പറഞ്ഞതല്ല. ഓടിപ്പോ നീ ഒരു ഭൂലോക തോൽവി ആണ്’’. പക്ഷേ, തോറ്റു പിന്മാറില്ല എന്ന വാശിയും ഉണ്ടായിരുന്നു. എനിക്ക് ജിമ്മിച്ചനാവണ്ട. അതിന് എനിക്കയാളെക്കുറിച്ച് അറിയണം. രണ്ടും കൽപ്പിച്ച് ഞാൻ ചോദിച്ചു. ‘‘ചേട്ടൻ എന്താ കോഴ്സ് നിർത്തി പോയേ?’’

 

പിന്നെയും വിടർന്ന പുഞ്ചിരി.

 

‘‘ഹോ. അതൊരു  ഭയങ്കര കഥയാണ് കുട്ടാ. അനാട്ടമിയും ബയോകെമിസ്ട്രിയും പുഷ്പം പോലെ പാസായി. ഫിസിയോളജിയിൽ കുടുങ്ങി. ആ സമയത്ത് അപ്പൻ വേറെ പോയി’’.

 

‘‘അച്ഛൻ മരിച്ചു പോയി?’’ മനസ്സിലാകാതെ ഞാൻ ചോദിച്ചു.

 

ഇതു കേട്ട് ജിമ്മിച്ചൻ ഊറിയൂറി ചിരിച്ചു. ഏങ്ങി ഏങ്ങിയുള്ള അതേ ചിരി.

 

‘‘അല്ലടാ കുട്ടാ, അപ്പൻ അമ്മയെയും നമ്മളെയും വിട്ട് വേറെ പെണ്ണുങ്ങടെ കൂടെ പോയി. പിന്നെ ആകെ പ്രശ്നായിരുന്നു’’.

 

7.10നു തുടങ്ങി 7.20ന് ജിമ്മിച്ചൻ അയാളുടെ കഥ പറഞ്ഞ് തീർത്തു. ഒരാളുടെ ജീവിത കഥ പറഞ്ഞുതീർക്കാൻ പത്ത് മിനിട്ട് മതി.

എഴുതി പ്രൂഫ് റീഡ് ചെയ്ത പോലെ അടുക്കും ചിട്ടയോടും കൂടിയ കഥ പറച്ചിൽ. ഈ കഥ ഇയാൾ പലരോടും പലതവണ  പറഞ്ഞിട്ടുണ്ടാവണം.

 

കുമളി ആയിരുന്നു സ്വദേശം. അപ്പൻ കെഎസ്ഇബി ലൈൻമാൻ. അമ്മച്ചിക്ക് റബർ തോട്ടത്തിൽ ജോലി. താഴെ ഒരു പെങ്ങൾ. ജിമ്മിച്ചൻ സ്കൂളിൽ പഠിക്കാൻ കേമനായിരുന്നു. പഠിച്ച് പാസായി ഒരു സയൻസ് മാഷ് ആവണം എന്നായിരുന്നു സ്വപ്നം.

പക്ഷേ, പ്രീഡിഗ്രി പരീക്ഷയ്ക്ക് ചെക്കൻ നാട്ടുകാരെയും വീട്ടുകാരെയും മൊത്തം ഞെട്ടിച്ചു കളഞ്ഞു. ക്രിസ്ത്യൻ മെറിറ്റിൽ മെഡിസിനു കിട്ടിയേക്കുമെന്ന് കോളജിലെ സാറന്മാരു പറഞ്ഞു.

 

അമ്മച്ചിക്ക് ആവേശമായി. ഈശോയേ! എന്റെ മോനെ കരകേറ്റിയേക്കണേ. ഇലക്ട്രിക് പോസ്റ്റിന്റെ മോളിലും ചാരായഷാപ്പിലും ജീവിച്ചു പോന്ന അപ്പന് സ്വപ്നങ്ങൾ കാണാൻ ടൈമില്ലായിരുന്നു. മകന് മെഡിസിന് കിട്ടിയ വകയിൽ കുടിച്ചു കേറ്റിയ ചാരായത്തിന്റെ മത്തിൽ തന്നെ അപ്പൻ ചോദിച്ചു ‘‘മിസ്റ്റർ ജിമ്മി.....ഇതു നിന്നെക്കൊണ്ടു പറഞ്ഞ പണിയാണോ?. അവനവന് ഇടാൻ പറ്റുന്ന ജട്ടി മാത്രേ ഇടാവൂ. ഓക്കേ? ഡോക്ടറാവാൻ ഒരു മിനിമം ഇതു വേണം. ആ ഇത് ഉണ്ടോടാ നിനക്ക്’’.

 

പക്ഷേ, ജിമ്മിച്ചൻ ആ ജട്ടി ഇടാൻ തന്നെ തീരുമാനിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് എന്ന അത്ഭുത ലോകത്തേക്ക് നാണിച്ചും പേടിച്ചും അവൻ കേറിച്ചെന്നു. ഫസ്റ്റ് ഇയറിൽ മൂന്ന് കൊടുമുടികളാണ് കയറണ്ടത്. ശരീരത്തിന്റെ ഘടന പഠിപ്പിക്കുന്ന അനാട്ടമി. രാസപ്രവർത്തനങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന ബയോകെമിസ്ട്രി. ശരീരാവയവങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിയോളജി. ചിത്രം വരയ്ക്കാൻ അറിയാവുന്നോണ്ട് അനാട്ടമി മൂപ്പർക്ക് ഹരമായിരുന്നു. റബർ തോട്ടത്തിൽ പണിക്കു പോകുമ്പോ രാസവസ്തുക്കളോട് ഒരു കമ്പം വന്നു. അതു കൊണ്ടു ബയോകെമിസ്ട്രിയും എളുപ്പം വഴങ്ങി. ഫിസിയോളജി തീരെ കണ്ടൂടായിരുന്നു. അത് ഒട്ടും പഠിച്ചില്ല. ഫിസിയോളജി പരീക്ഷയുടെ തലേന്ന് രാത്രി വെടികൊണ്ട പന്നിയെപ്പോലെ വിഭ്രാന്തി പിടിച്ചു നടന്നു. ഒടുവിൽ ആരും കാണാതെ നട്ടപ്പാതിരയ്ക്ക് സ്ഥലം വിട്ടു. ഫിസിയോളജി പരീക്ഷ തോറ്റപ്പോ കൂട്ടം തെറ്റിയ കുട്ടികളെപ്പോലെ ജിമ്മിച്ചനും ഒരു ഇരുപത് സഹപാഠികളും ഒരു വ്യത്യസ്ത ബാച്ച് ആയി. അഡീഷനൽ ബാച്ച്. അതാണു കാലാകാലമായുള്ള പതിവ്. ഇതു തന്നെക്കൊണ്ടു പറഞ്ഞ പണിയല്ല എന്ന് ജിമ്മിച്ചനു മെല്ലെ തോന്നാൻ തുടങ്ങി.

 

‘ഡോക്ടറാവാനുള്ള ആ ഇത് നിനക്ക് ഉണ്ടോടാ’. മെഡിക്കൽ കോളജ് ക്യാംപസിലെ പോസ്റ്റുകളിൽ അപ്പൻ ഒരു വവ്വാലിനെപ്പോലെ വന്നിരുന്ന് ഈ ചോദ്യം മൂളുന്നതായി തോന്നി. ഫിസിയോളജിയെ കൂടുതൽ കൂടുതൽ വെറുത്തു. പരീക്ഷ വീണ്ടും വന്നു. തലേ ദിവസം വീണ്ടും  ജിമ്മിച്ചൻ സ്ഥലം വിട്ടു. അടുത്ത പരീക്ഷയ്ക്കു പഠിക്കാൻ തുടങ്ങി. പകൽ മുഴുവൻ ഉറങ്ങി രാത്രികളിൽ ചിത്രം വരച്ചും യേശുദാസിന്റെ പാട്ട് കേട്ടും ഒരു മായിക ലോകത്തിൽ ജീവിച്ചു തുടങ്ങി. ഹോസ്റ്റലിലെ ഒരു സഹ രാത്രിഞ്ചരൻ മോർഫിൻ കുത്തിവയ്ക്കാനും പഠിപ്പിച്ചു. പക്ഷേ, ജീവിതത്തിലേക്കുള്ള പിടിവള്ളിയായി അമ്മച്ചിയുടെ കത്ത് വന്നു. അപ്പൻ വേറെ പോയത്രെ. അമ്മച്ചി തകർന്ന് ഇല്ലാണ്ടായി എന്നു കത്തിലെ വരികൾക്കിടയിൽ വായിക്കാൻ പറ്റി. ഒന്നും നോക്കാതെ ജിമ്മിച്ചൻ കുമളിക്ക് വണ്ടി കേറി. എന്നെന്നേക്കുമായി.

 

കുമളിയിൽ എത്തി ഉറക്കത്തിന്റെ താളം വീണ്ടു കിട്ടാനും മോർഫിനോടുള്ള ആസക്തി വിട്ടുമാറാനും ഒരു മാസം എടുത്തു. അതുകഴിഞ്ഞ ഉടനെ ഒരു സുഹൃത്തിന്റെ പാരലൽ കോളജിൽ സുവോളജിയും ബോട്ടണിയും ട്യൂഷൻ എടുത്തു തുടങ്ങി. കീറിമുറിച്ച തവളയുടെയും കൂറയുടെയും അതിസുന്ദരമായ ചിത്രങ്ങൾ വരച്ച് തകർത്ത് പഠിപ്പിച്ച് ജിമ്മിച്ചൻ അവിടെ അങ്ങനെ ജീവിച്ചു പോയി. വല്ലപ്പോഴും ഒരു സൂചി കുത്തുന്ന വേദനപോലെ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ഓർമകൾ അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു. പതിയെ പതിയെ അതും ഇല്ലാതായി. 

 

സമയം 7.20. ജിമ്മിച്ചന്റെ കഥ മനസ്സിനെ ഇളകി മറിച്ചു. പക്ഷേ, പകച്ചിരിക്കാൻ നേരമില്ല. ഞാൻ ആദ്യ പാഠം തുടങ്ങി - കാർഡിയാക് സൈക്കിൾ. ഹൃദയത്തിന്റെ നാല് അറകൾ.‌ പ്രീ ലോഡ്, ആഫ്റ്റർ ലോഡ്, സിസ്റ്റൊളി, ഡയസ്റ്റൊളി. വലിയ വലിയ വാക്കുകൾ കൊണ്ട് ഡോർമിറ്ററി കിടുങ്ങി. അസമയത്ത് ഗുണ്ട് പൊട്ടുന്ന ശബ്ദം കേട്ട് ഇടയ്ക്ക് ചില അന്തേവാസികൾ എത്തി നോക്കി. സംഭവം പന്തിയല്ല എന്നു മനസ്സിലാക്കി പെട്ടെന്ന് തല ഊരി. ജിമ്മിച്ചൻ മുറുക്കെ കണ്ണടച്ച് തലയുടെ ഇരുവശവും തടവിക്കൊണ്ടിരിന്നു. പണ്ടു കേട്ടു മറന്ന കാര്യങ്ങൾ തലച്ചോറിൽ നിന്നു കഷ്ടപ്പെട്ട് വലിച്ചു പുറത്ത് എടുക്കുന്നതായിരിക്കും. ഇടയ്ക്ക് കണ്ണു തുറന്നു ചുവപ്പും നീലയും പേനകൾ കൊണ്ട് ഹൃദയത്തിന്റെ ചിത്രങ്ങൾ വരച്ചു. എന്റെ കണ്ണ് തള്ളിപ്പോയി. ഇപ്പൊ ആരോ ശരീരത്തിൽ നിന്നു കവർന്നു കൊണ്ടു വന്നു മുന്നിൽ വച്ച പോലെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ.

 

‘‘ജിമ്മിച്ചാ ഇങ്ങനെ വരച്ച് അടയാളപ്പെടുത്തിയാൽ തന്നെ പാസ് മാർക്ക് ഉറപ്പ്’’. ഞാൻ മൂപ്പരെ ഉഷാറാക്കി.

 

‘‘മോന്റെ നാവ് പൊന്നാവട്ടെ’’. ഇതു പറഞ്ഞു വീണ്ടും ചിരി.

 

8.30: വൃക്കകളുടെ പ്രവർത്തനം. ട്യൂബ്യൂളുകൾ, ഫിൽട്രേഷൻ... സോഡിയം, പൊട്ടാസ്യം, വെള്ളം, മൂത്രം. ഇതും പറഞ്ഞ് മൂപ്പർക്ക് വൃക്കകളുടെ ചിത്രം വരയ്ക്കാൻ സമയം കൊടുത്ത് ഞാൻ മൂത്രം ഒഴിക്കാൻ പോയി. ജിമ്മിച്ചൻ പാസായില്ലെങ്കിൽ അത് എന്റെ മനസ്സിനെ നിരന്തരം പീഡിപ്പിക്കുന്ന ഒരു മുറിവായി മാറും. ഉറക്കം കെടുത്തുന്ന ഒരു ദുഃസ്വപ്നം. മൂത്രമൊഴിച്ചു തിരിച്ചു ചെന്നപ്പോ ഞാൻ ചോദിച്ചു.

 

‘‘തുണ്ട് വച്ചൂടെ?..... ഇൻവിജിലേറ്റർമാർ ഈ ഒരു സാഹചര്യത്തിൽ കണ്ണടക്കില്ലേ?’’

 

ആ മനുഷ്യൻ വീണ്ടും ഏങ്ങി ഏങ്ങി ചിരിക്കാൻ തുടങ്ങി.

 

‘‘ഇയാള് കണ്ട പോലെ അല്ലല്ലോ, കുരുട്ടുബുദ്ധി ഒക്കെ ഉണ്ടല്ലേ അത്യാവശ്യം. കുട്ടൻ ഈ പടം ഒന്നു നോക്ക്യേ’’. ഇതും പറഞ്ഞ് അയാൾ ഞാൻ പോയപ്പോൾ വരച്ച ചിത്രം കാട്ടി. തുറന്നു വച്ച വൃക്ക; അതിൽ നിന്നു വലിച്ചു പുറത്തിട്ട രക്തം ശുദ്ധീകരിക്കുന്ന കുഴൽ. അതിനകത്തും പുറത്തും സഞ്ചരിക്കുന്ന ലവണകണങ്ങളും ജല തന്മാത്രകളും. സുവ്യക്തം. സുന്ദരം. ലളിതം.

 

‘‘മോനെ എനിക്കും ഇപ്പോഴൊരു പ്രതീക്ഷ ഒക്കെ തോന്നുന്നു. സത്യസന്ധമായി തന്നെ എനിക്ക് പരീക്ഷ പാസാവാൻ യോഗമുണ്ട്.  തുണ്ടൊന്നും വേണ്ടാ’’.

 

പകച്ചു കൊണ്ടു ഞാൻ മൂപ്പരുടെ തോളിൽ കൈ തട്ടി ചോദിച്ചു പോയി, ‘‘ഏവ്ടേർന്നു ഭായി ഇത്രകാലം? ഒരു ജാതി സംഭവം തന്നെ’’!

 

വീണ്ടും ഏങ്ങി ഏങ്ങി ചിരി. അങ്ങനെ പല പല ചിത്രങ്ങളും ആ മേശപ്പുറത്തു വിടർന്നു വീണു. വലിയുന്ന പേശികൾ; ഞരമ്പുകൾ, രക്ത കോശങ്ങൾ, ശ്വാസകോശത്തിന്റെ ഉള്ളറകൾ. മണി ഒൻ‌പതു, കഴിഞ്ഞു, പത്ത് കഴിഞ്ഞു, പതിനൊന്ന് കഴിഞ്ഞു, പന്ത്രണ്ട് കഴിഞ്ഞു.

ഉറങ്ങിയില്ലെങ്കിൽ ആ  രാത്രി ഒരിക്കലും തീരില്ലെന്ന ഭ്രാന്തമായ ഒരു വിശ്വാസത്തിൽ ഞാനും ജിമ്മിച്ചനും ആ പുസ്തകത്തിലൂടെ നിർത്താതെ ഓടി. പന്ത്രണ്ടര ആയപ്പോ ജിമ്മിച്ചനു വലിക്കണമെന്നായി. ഉറങ്ങുന്നതിനു മുമ്പേ മിൽമ പാൽ കുടിക്കുന്ന ശീലം എനിക്കും ഉണ്ടായിരുന്നു.

രണ്ടു പേരും മെഡിക്കൽ കോളേജ് കവലയിലേക്ക് വിട്ടു. ആ നടത്തത്തിൽ ജിമ്മിച്ചൻ‌ തന്റെ കഥയുടെ ബാക്കി പറഞ്ഞു തന്നു.

 

പാരലൽ കോളജിൽ പഠിപ്പിച്ച് ഒരു ലോക്കൽ മാസികയ്ക്ക് വേണ്ടി ചിത്രങ്ങൾ വരച്ചു കൊടുത്ത് വീണ്ടും ആ നാട്ടിലെ കണ്ണിലുണ്ണി ആയി മാറിയ കാലം. കല്ല്യാണ ബ്രോക്കർ കൂടി ആയ കുര്യമ്മാമൻ ഒരു പണി ഒപ്പിച്ചു. പയ്യൻ ഡോക്ടറാവാൻ പഠിക്കുവാണ്. അപ്പൻ വേറേ പോയ സമയത്ത് അമ്മച്ചിയെ നോക്കാൻ ഒരു കൊല്ലത്തേക്ക് ലീവെടുത്ത് നാട്ടിൽ വന്നതാണ്. അടുത്ത ജനുവരിയിൽ കോഴ്സിനു തിരിച്ചു കയറും. ഇപ്പൊ പാരലൽ കോളേജിൽ പോകുന്നത് നോക്കണ്ട. പുളിങ്കൊമ്പാണ്. കണ്ണടച്ചാൽ വേറെ വല്ല അപ്പൻമാരും അവരുടെ പെൺകുട്ടികൾക്ക് വേണ്ടി കൊത്തിക്കൊണ്ടു പോവും. കുര്യമ്മാമ ഈ ബഡായി പറഞ്ഞ് പറഞ്ഞ് നാടുമുഴുവൻ വാർത്ത ആക്കി. ചില അപ്പൻമാരോടു വിലപേശുകയും ചെയ്തു. തൻറെ മനസ്സിലുള്ളതൊന്നും പരസ്യമായി വിളമ്പണ്ടാന്ന് കുര്യമ്മാമയും അമ്മച്ചിയും ജിമ്മിച്ചനെ പറഞ്ഞുമനസ്സിലാക്കി. ഒരുവിധം കുടുംബത്തിന് കരകേറാൻ കിട്ടിയ അവസരമാണ്. നീ ആയിട്ട് കലക്കരുത്. 

 

അങ്ങനെ കുറ്റബോധത്തോടെ ലീനയെ കല്യാണം കഴിച്ചു. വഴിയെ എല്ലാം പറഞ്ഞു ശരിപ്പെടുത്താമെന്നു കണക്കുകൂട്ടി.

ഒരു മൂന്നു മാസം കഴിഞ്ഞപ്പോ അവളോടു കാര്യം പറഞ്ഞു. പ്രതീക്ഷക്കു വിപരീതമായി ലീന  ഉടനടി പൊട്ടിത്തെറിച്ചില്ല.

അപ്പോഴേക്കും അവരു സ്നേഹിച്ചും കലഹിച്ചും കാമിച്ചും ഒരു കുരുക്കിൽ പെട്ടുപോയിരുന്നു. പക്ഷേ, പതിയെ പതിയെ കലഹങ്ങൾക്കിടയിൽ ജിമ്മിച്ചനും കുര്യമ്മാമയും തന്റെ അപ്പനെ പറഞ്ഞു പറ്റിച്ച് സ്ത്രീധനക്കാശ് അടിച്ചു മാറ്റിയ കാര്യം ലീന കൊണ്ടുവരാൻ തുടങ്ങി. സ്നേഹിക്കുന്ന നേരങ്ങളിൽ ‘ഇച്ചായാ കോഴ്സിനു തിരിച്ചു കയറാൻ നോക്കിക്കൂടെ’ എന്നു മയത്തിൽ ചോദിക്കാനും തുടങ്ങി. 

വിവരമറിഞ്ഞ അവളുടെ അപ്പനും ചൊറി തുടങ്ങി. പ്രത്യേക പുരോഗതി ഒന്നും ഇല്ലാതെ സ്നേഹിച്ചും കലഹിച്ചും കാമിച്ചും പത്തു വർഷം കഴിഞ്ഞു.

 

‘‘ഹോ, വിവാഹം എന്നു പറഞ്ഞാ ഒരു വല്ലാത്ത കുരുക്കാണു മോനേ’’, ഏങ്ങി ചിരിച്ചു കൊണ്ട് ജിമ്മിച്ചൻ എന്നെ ഉപദേശിച്ചു.

അതിനിടെ ആ കുരുക്ക് മുറുക്കും വിധം രണ്ടു പെൺകുട്ടികളും ഉണ്ടായി. പിന്നെ അവരും ചൊറിയാൻ കൂടിയത്രേ. 

 

‘‘അപ്പാ പ്ലീസപ്പാ, അപ്പനു ഡോക്ടറായി കൂടെ അപ്പാ’’.

 

‘‘എന്റെ പൊന്നേ, എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാണ്ടായി’’.

 

‘‘ഒരു അഞ്ച് വർഷം മുമ്പ് ഞാനും അമ്മായിഅപ്പനും യൂണിവേഴ്സിറ്റിയും മെഡിക്കൽ കോളജും കയറി ഇറങ്ങി. കേരളത്തിലാകെ എന്നെപ്പോലെ പതിനാറ് മാനസാന്തരപ്പെട്ട പ്രേതങ്ങൾ ഉണ്ടെന്നു മനസ്സിലായി. നമ്മളെല്ലാവരും കൂടി ഒരു വക്കീലിനെ കണ്ടു. കേസും കോടതിയും ആയി അവസാനം നമുക്ക് ഒരു 'മേഴ്സി ചാൻസ്' തരാൻ കോടതി ഉത്തരവായി’’. 

 

ആ മാനസാന്തരപ്പെട്ട പ്രേതങ്ങൾക്ക് എല്ലാം കൂടി അവരവരുടെ തീയറി പരീക്ഷ എഴുതാൻ കോഴിക്കോട് ഒറ്റ ദിവസം, ഒറ്റ സെന്റർ. അതിലൊരാളെ ഒരു രാത്രികൊണ്ട് പഠിപ്പിച്ചു പാസാക്കാനുള്ള ജോലി എനിക്കും. നമ്പേലിയും അമ്മാവനും എന്നെ എന്തിനാണ് ഏൽപ്പിച്ചത് എന്നെനിക്ക് മനസ്സിലായില്ല. നമ്മടെ ബാച്ച് ആയിടെ ഫസ്റ്റ് ഇയർ പരീക്ഷ പാസായതുകൊണ്ടാവാം. ‘‘മോൻ പഠിപ്പിക്കാൻ ഉഷാറാണെന്ന് എല്ലാരും പറഞ്ഞു’’ എന്ന് ജിമ്മിച്ചൻ പറഞ്ഞത് എന്നെ സോപ്പിടാനുള്ള കളവായിട്ടു തോന്നി.

 

പാലുകുടിയും സിഗരറ്റു വലിയും കഴിഞ്ഞ് നമ്മൾ വീണ്ടും ഹോസ്റ്റലിൽ എത്തി. പിന്നെയും നാലഞ്ച് അവയവങ്ങളുടെ പ്രവർത്തനം കൂടി ഓടിച്ച് പഠിച്ചു. ഒടുക്കം ഉറങ്ങാൻ കിടന്നപ്പോൾ രണ്ടര. ജിമ്മിച്ചന് എന്റെ കട്ടിൽ കൊടുത്തു. ഞാൻ താഴെ കമ്പിളി വിരിച്ചു കിടന്നു.

മെഡിക്കൽ ‍കോളജ് മെൻസ് ഹോസ്റ്റലിനു കവാടങ്ങളോ പൂട്ടുകളോ ഇല്ല. ആർക്കും എപ്പോ വേണമെങ്കിലും കയറാം ഇറങ്ങാം. ഉറക്കമില്ലാത്ത സത്രം. സമയം അത്ര വൈകിയിട്ടും എനിക്ക് നന്നായി ഉറങ്ങാനായില്ല. എനിക്ക് സുപരിചിതമായ ഒരു പശ്ചാത്തല സംഗീതം ഉണ്ടായിരുന്നു ആ ഹോസ്റ്റലിന്. ചിലപ്പോ ബൈക്കുകൾ ഇടുങ്ങിയ വരാന്തയിലൂടെ ഇരമ്പുന്ന മരണക്കിണർ ശബ്ദം, ചിലപ്പോ പട്ടികൾ ഏറു കൊണ്ടു മോങ്ങുന്ന ശബ്ദം, ചിലപ്പോ രാത്രി ഉറക്കം പതിവില്ലാത്ത നോക്റ്റേണൽ ബോയ്സ് എന്ന് ഞങ്ങൾ വിളിച്ചിരുന്ന രാത്രീഞ്ചരൻമാരുടെ കൂക്കിവിളിയും ബഹളങ്ങളും. നോക്റ്റേണൽ ബോയ്സ് പരീക്ഷ എഴുതാനായി ജിമ്മിച്ചൻമാരായി വർഷങ്ങൾക്കു ശേഷം തിരിച്ചുവരുമോ?

ഇതൊന്നുമല്ല എന്റെ ഉറക്കം പോവാൻ കാരണം. രാവിലെ ആയോ ജിമ്മിച്ചൻ ഉണർന്നോ എന്നായിരുന്നു ആവലാതി.

 

അയാൾക്ക് പഠിപ്പിച്ചു കൊടുക്കാത്ത അനേകം ഭാഗങ്ങൾ ഉണ്ടായിരുന്നു. അയാൾ തോൽക്കാനാണു കൂടുതൽ സാധ്യത. 

പക്ഷേ, അയാൾ വരച്ചിട്ട ചിത്രങ്ങൾക്ക് ഒരു പ്രത്യേക മാന്ത്രികശക്തി ഉള്ളതു പോലെ. ഒരു ചോദ്യത്തിന്റെ ഉത്തരം വിവരിക്കുന്നതിനുപരി അതു വരച്ച വ്യക്തിയെക്കുറിച്ചു പലതും പറയാൻ വെമ്പുന്ന ചിത്രങ്ങൾ. അല്ല, അയാള് പാസാവനാണ് കൂടുതൽ സാധ്യത. പക്ഷേ, പരീക്ഷാപ്പേടി കാരണം വീണ്ടും ഒളിച്ചോടാനും സാധ്യത ഉണ്ട്. കണ്ണു തുറന്നു നോക്കുമ്പോഴെല്ലാം ആ മനുഷ്യൻ കൂർക്കംവലിച്ച് ഉറങ്ങുന്നു.

ചിലപ്പോൾ സ്വപ്നം കണ്ട് ഏങ്ങി ചിരിക്കുന്നു. ചിലപ്പോ പിച്ചും പേയും പറയുന്നു. ‘‘ആ ആ ആ ഓക്കെ, ഡോക്ടറാവാ ഡോക്ടറററ’’.

പിന്നെ ഏതോ നേരത്ത് ഞാനും ഗാഢമായ ഒരു ഉറക്കത്തിൽ വീണുപോയി. കണ്ണ് തുറന്നപ്പോ പകൽ വെളിച്ചം. ഡോർമിറ്ററിയിൽ രാവിലെ കോളജിൽ പോവാനുള്ള തിരക്കിന്റെ ശബ്ദം. പേടിയോടെ ചാടി എഴുന്നേറ്റു. ജിമ്മിച്ചൻ ദാ അപ്പഴും സുഖമായി ഉറക്കം തന്നെ.

ടൈംപീസിൽ നോക്കിയപ്പോ 8.40!

 

ഭഗവാനേ!!

 

ചവിട്ടിവിളിക്കാനുള്ള അടുപ്പം ഇല്ല. അതു കൊണ്ടു തട്ടി വിളിച്ചു, ‘‘ചേട്ടാ എഴുന്നേറ്റു റെഡി ആവ്, പരീക്ഷയ്ക്ക് ലേറ്റായ’’.

 

ഇതുകേട്ട് ജിമ്മിച്ചൻ പിറുപിറുത്തു. ‘‘എനിക്ക് വയ്യ ചെറുക്കാ. പരീക്ഷയും കോപ്പും. ഞാനൊന്നും പാസാവാൻ പോന്നില്ല’’.

 

എന്റെ സമനില തെറ്റി. കാലു മുതൽ തല വരെ കലി പെരുത്തു കയറി.

 

‘‘എടാ മൈ... കിളവാ. മനുഷ്യന് ദയ തോന്നി രാത്രി ഉറക്കമിളച്ച് പഠിപ്പിച്ചിട്ട് ഇപ്പൊ വയ്യാന്നാ.. എണീച്ചു പോടാ ഡാഷേ...’’. അലറിക്കൊണ്ടു ഞാൻ പുതപ്പ് പിടിച്ചുവലിച്ചു.

 

ഡോർമിറ്ററിയിലെ ഇരുമ്പ് കട്ടിലുകൾ വിറവിറച്ചു.

 

അയാള് കുടഞ്ഞെഴുന്നേറ്റു. ‘‘സോറി കുട്ടാ, ഞാനുറക്കത്തായിരുന്നു. അറിയാണ്ട് പറഞ്ഞു പോയതാ’’.

 

5 മിനുറ്റുകൊണ്ട് പല്ലു തേച്ചു. ഞാൻ ഓടിച്ചെന്നു മെസ്സിൽ നിന്ന് ഒരു മൈസൂർ പഴവും ഒരു ഗ്ലാസ്സ് ചായയും കൊണ്ടു കൊടുത്തു. മാറിയിടാൻ എന്റെ ഷർട്ട് കൊടുത്തു. അയാളുടെ സഞ്ചി അപ്പുറത്തെ ഹോസ്റ്റലിൽ നമ്പേലിയുടെ മുറിയിലായിരുന്നു. അതൊന്നും എടുക്കാൻ നേരമില്ല.  ഭാഗ്യത്തിന് ഹാൾ ടിക്കറ്റ് പാന്റിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു. ഉറ്റ സുഹൃത്തിന്റെ കൈനറ്റിക്ക് ഹോണ്ടയിൽ കയറ്റി മൂപ്പരെ പരീക്ഷ ഹാളിന്റെ അടുത്ത് ഇറക്കി. അവിടെ പരീക്ഷയ്ക്ക് കേറാനിരിക്കുന്ന ബാക്കി പതിനഞ്ച് പ്രേതങ്ങളെയും ഞാൻ കണ്ടു. പതിനാല് ആൺ പ്രേതങ്ങളും ഒരു പെൺ പ്രേതവും. ജിമ്മിച്ചൻ ഹാളിൽ കയറുന്നതിനു മുമ്പ് എനിക്ക് അടുത്ത പേടി.

 

‘‘പേന ഉണ്ടോ..?.’’ ഞാൻ വിളിച്ചുചോദിച്ചു.

 

അയാൾ ഷർട്ടിന്റെ പോക്കറ്റിൽ കൈയിട്ട് നീലയും ചുവപ്പും പേന കാണിച്ചു. 

 

തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു, ‘‘ഒറപ്പല്ലേ!’’

 

എന്നിട്ട് ഏങ്ങി ഏങ്ങി ചിരിച്ചു ഹാളിലേക്ക് നടന്നു കയറി. 

 

തല ഉയർത്തി, സന്തോഷത്തോടെ ഒരു നിഷ്കളങ്കനായ ഫസ്റ്റ് ഇയർ വിദ്യാർത്ഥിയുടെ ചുറുചുറുക്കോടെ. 

 

എനിക്ക് സുബ്രഹ്മണ്യൻ സാറിന്റെ സർജറി വാർഡിലായിരുന്നു പോസ്റ്റിങ്ങ്. 

 

പക്ഷേ, മനസ്സിൽ ഒരു വല്ലായ്മ. 

 

ജിമ്മിച്ചൻ എന്തോ പണി ഒപ്പിക്കും എന്നൊരു തോന്നൽ. വാർഡിൽ സംസാരിച്ചു കൊണ്ടിരുന്ന അറ്റൻഡർമാരുടെയും സിസ്റ്റർമാരുടെയും ശബ്ദങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 12 മണിയായപ്പോൾ കേൾക്കരുതേ എന്നു വിചാരിച്ച ആ വാർത്ത വാർഡിലും എത്തി.

മൂന്നാം നിലയിലുള്ള പരീക്ഷാഹാളിൽ നിന്ന് ആരോ താഴേക്ക് ചാടിയത്രേ. ആ നിമിഷം ഞാൻ ഒരു താക്കോൽ പാവ ആയി മാറി. സുബ്രഹ്മണ്യൻ സാറിനെയും സർജറിയിലെ സിസ്റ്റർമാരെയും അവഗണിച്ച് വാർഡിൽ നിന്ന് ഒഴുകി പുറത്തെത്തി. വരാന്തരോഗികളെയും  പൊതിച്ചോറ് തുറക്കുന്ന ബന്ധുകളെയും കാണാതെ ഒഴുകി ഒഴുകി കാഷ്വാലിറ്റിയിലേക്ക്. 

 

ചോരയും വിയർപ്പും ഫിനോയിലും കലർന്ന പരിചിതമായ മണം.

 

ഒരു ചുമരിനോട് ചേർന്ന് ഒരു ട്രോളിക്ക് ചുറ്റും നിൽക്കുന്ന നിശ്ചലമായ ആൾക്കൂട്ടം. 

 

ഞാൻ അന്വേഷിച്ചു ചെന്ന കാഴ്ച അതു തന്നെ എന്നുറപ്പിച്ചു. 

 

‘ബ്രോട്ട് ഡെഡ് ആയിരുന്നു’. ആരോ പറഞ്ഞതു കേട്ടു. 

 

ആൾക്കൂട്ടത്തിന്റെ ഇടയിൽ കൂടി ജിമ്മിച്ചന്റെ ശരീരം കാണാൻ ഞാൻ ശ്രമിച്ചു.

 

പൊട്ടിത്തകർന്ന മുടിയില്ലാത്ത തലയോട്ടിയുടെ ഇടയിലൂടെ തള്ളി നിൽക്കുന്ന തലച്ചോറിന്റെ ഭാഗം കണ്ടു ഞാൻ കണ്ണടച്ചു. 

 

പിറകിൽ നിന്ന് ആരോ എന്റെ തോളത്തു കൈവച്ചു. 

 

നീട്ടിയ നഖം തോളത്തു തട്ടിയപോലെ തോന്നി.

 

കണ്ണു തുറന്നു പുറകോട്ടു നോക്കി. ഒരു പ്രേതത്തെ കണ്ടപോലെ ഞാൻ നടുങ്ങി. 

 

‘‘അത് ഞാൻ അല്ലെടാ കുട്ടാ. കാസർകോടുകാരൻ സലാം ആണ്. തിരുവനന്തപുരത്തു പഠിച്ചതാ. കഴിഞ്ഞ കൊല്ലം കോടതിയിൽ വച്ച് കണ്ടിട്ടുണ്ട്’’. എന്നും പറഞ്ഞു ജിമ്മിച്ചൻ കറപിടിച്ച മുഴുവൻ പല്ലും കാണിച്ചു ചിരിക്കുന്നു. 

 

‘‘ഞാൻ അത് ഒരിക്കലും ചെയ്യില്ലടാ, എനിക്ക് രണ്ട് പെൺമക്കളില്ലേ’’.

 

ഒരു രാത്രികൊണ്ട് സഹോദരങ്ങളായി മാറിയ ഞങ്ങൾ കെട്ടിപ്പിടിച്ചുപോയി.

 

ജിമ്മിച്ചൻ കെട്ടിപ്പിടിത്തത്തിൽ നിന്നു മോചിതനായി പുറത്തേക്ക് ഓടി. 

 

‘‘ഉറപ്പായി പാസാവും, പ്രാക്ടിക്കൽ പരീക്ഷ ഇവിടെ ആണെങ്കിൽ കാണാം. പന്ത്രണ്ടരയ്ക്കു ട്രെയിനുണ്ട്... പോട്ടടാ മോനെ...’’

എന്നു പറഞ്ഞ് ആ അവതാരം ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു.

 

പിന്നെ ഞാൻ ജിമ്മിച്ചനെ ഒരിക്കലും കണ്ടിട്ടില്ല. മൊബൈൽഫോണും വാട്സാപ്പും ഇല്ലാത്ത കാലമായിരുന്നു.

ഇടക്കിടെ നമ്പേലിയെയും അമ്മാവനെയും കാണുമ്പോ ഞാൻ ചോദിക്കുമായിരുന്നു. അവർക്കും ഒരു വിവരവും ഇല്ല.

ഹോസ്റ്റലിലെ ഫോൺ അടിക്കുമ്പോൾ ജിമ്മിച്ചൻ എന്നെ വിളിക്കുന്നതായിരുക്കുമോ എന്നു ചെവി കൂർപ്പിക്കും.

 

മെഡിക്കൽ കോളജിലെ കണ്ണെത്താത്ത നീളമുള്ള വഴികളിൽ ദൂരെ നടന്നു വരുന്ന താടിക്കാരും കഷണ്ടിത്തലയൻമാരും ജിമ്മിച്ചനാവണേ എന്നു പ്രതീക്ഷിക്കും. ജിമ്മിച്ചൻ വരച്ചുപഠിച്ച ചിത്രങ്ങൾ ഞാൻ വല്ലപ്പോഴും എടുത്തു നോക്കും. ഹൃദയവും ഞരമ്പുകളും ശ്വാസകോശവും ഒരു പതിഞ്ഞ സ്വരത്തിൽ മിടിക്കുന്ന പോലെ, ‘പാസാവാനാണ് സാധ്യത’.

 

Content Summary: Manasantharapetta Pretham, Malayalam short story written by Nikhil Sudarsan