ഫെബ്രുവരി മാസത്തിലെ ഒരല്‍പ്പം തണുപ്പുള്ള രാത്രിയുടെ പുറകെ വന്ന പ്രഭാതത്തില്‍, അപ്പോഴും ഉരുകിത്തീർന്നിട്ടില്ലാത്ത പുകമഞ്ഞിന്റെ അവ്യക്തതയിലേക്ക് നോക്കിക്കൊണ്ട് എന്റെ പിതാവ് - മതിലിനോട് ചേർന്നുള്ള ആ നിൽപ്പും കവിളിൽ ഉരയുന്ന ചില്ലിന്റെ ബന്ധനവും അദ്ദേഹത്തെ വിഷമിപ്പിക്കുന്നില്ല, മുഖത്ത് അപ്പോഴും ചിരിയാണ്

ഫെബ്രുവരി മാസത്തിലെ ഒരല്‍പ്പം തണുപ്പുള്ള രാത്രിയുടെ പുറകെ വന്ന പ്രഭാതത്തില്‍, അപ്പോഴും ഉരുകിത്തീർന്നിട്ടില്ലാത്ത പുകമഞ്ഞിന്റെ അവ്യക്തതയിലേക്ക് നോക്കിക്കൊണ്ട് എന്റെ പിതാവ് - മതിലിനോട് ചേർന്നുള്ള ആ നിൽപ്പും കവിളിൽ ഉരയുന്ന ചില്ലിന്റെ ബന്ധനവും അദ്ദേഹത്തെ വിഷമിപ്പിക്കുന്നില്ല, മുഖത്ത് അപ്പോഴും ചിരിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെബ്രുവരി മാസത്തിലെ ഒരല്‍പ്പം തണുപ്പുള്ള രാത്രിയുടെ പുറകെ വന്ന പ്രഭാതത്തില്‍, അപ്പോഴും ഉരുകിത്തീർന്നിട്ടില്ലാത്ത പുകമഞ്ഞിന്റെ അവ്യക്തതയിലേക്ക് നോക്കിക്കൊണ്ട് എന്റെ പിതാവ് - മതിലിനോട് ചേർന്നുള്ള ആ നിൽപ്പും കവിളിൽ ഉരയുന്ന ചില്ലിന്റെ ബന്ധനവും അദ്ദേഹത്തെ വിഷമിപ്പിക്കുന്നില്ല, മുഖത്ത് അപ്പോഴും ചിരിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെബ്രുവരി മാസത്തിലെ ഒരല്‍പ്പം തണുപ്പുള്ള രാത്രിയുടെ പുറകെ വന്ന പ്രഭാതത്തില്‍, അപ്പോഴും ഉരുകിത്തീർന്നിട്ടില്ലാത്ത പുകമഞ്ഞിന്റെ അവ്യക്തതയിലേക്ക് നോക്കിക്കൊണ്ട് എന്റെ പിതാവ് - മതിലിനോട് ചേർന്നുള്ള ആ നിൽപ്പും കവിളിൽ ഉരയുന്ന ചില്ലിന്റെ ബന്ധനവും അദ്ദേഹത്തെ വിഷമിപ്പിക്കുന്നില്ല, മുഖത്ത് അപ്പോഴും ചിരിയാണ് - ആ ചോദ്യം എന്നോട് ചോദിച്ചു. ഇരുമ്പഴികൾ കൊണ്ട് മറച്ചുപിടിക്കാനാവുമോ സ്വപ്നങ്ങളെ? സ്വർണ്ണനിറമുള്ള അതിരുകളോടുകൂടിയ കറുത്ത മരത്തിന്റെ ചട്ടക്കൂടിനുള്ളിൽ തടവിലാണെങ്കിലും ചുണ്ട് കൂട്ടിപ്പിടിച്ചുള്ള ആ ചിരി ഒരു കാര്യം വെളിവാക്കുന്നുണ്ട്, മറുപടി എന്തായിരിക്കുമെന്ന് മുന്നേ അറിയാമെന്ന കാര്യം, ആ മറുപടി "ഇല്ല" എന്നായിരിക്കുമെന്ന കാര്യം. ആ നോട്ടത്തിന്റെ സൂചിമുനയിൽ നിന്ന് ഞാൻ ദുബായിയുടെ തണുത്ത ആകാശത്തെ മൂടി പിടിയ്ക്കുന്ന പുകമഞ്ഞിലേക്ക് മുഖം തിരിച്ചു. 

 

ADVERTISEMENT

മുന്നോറോളം കൊല്ലങ്ങൾക്കപ്പുറത്ത്. ലണ്ടണിലെ ഒരു റോഡരികിൽ, മുക്കാലിയിൽ കെട്ടപ്പെട്ട് കിടക്കുമ്പോൾ ഡാനിയലിനു ചുറ്റും പുകമഞ്ഞിറങ്ങിയിരുന്നു, അയാളെ വഴിപോക്കരുടെ ശ്രദ്ധയിൽ നിന്ന് ഒളിച്ചു പിടിയ്ക്കാനെന്നവണ്ണം. 1703 ജൂലായ് 31 ആയിരുന്നു ആ ദിവസം. പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടനിൽ, മുക്കാലിയിൽ കെട്ടിയിട്ട് ശിക്ഷിയ്ക്കുന്നത് നമ്മുടെ നാട്ടിലേതിനേക്കാൾ വ്യത്യസ്തമായ രീതിയിലായിരുന്നു, ഇവിടെ കെട്ടിയിട്ട് ചാട്ട കൊണ്ട് അടിയ്ക്കുമ്പോൾ അവിടെ നിശ്ചിത മണിക്കൂറുകൾ ബന്ധനസ്ഥനായി കിടന്നാൽ മതി, പക്ഷെ വഴിപോക്കർ ചീഞ്ഞ ആഹാരസാധനങ്ങൾ കുറ്റവാളിയ്ക്ക് നേരേ വലിച്ചെറിയും. തന്റെ പരാധീനതകളുടെ നടുവിൽ, വരാനിരിക്കുന്ന അപമാനങ്ങളെ കാത്ത്, വഴിയെ കടന്നു പോകുന്ന ഓരോരുത്തരേയും നോക്കി, ഡാനിയൽ നിന്നു, അന്നയാൾക്ക് നാൽപ്പത്തിമൂന്ന് വയസ്. 

 

ആദ്യത്തെ ഏറ് മുഖത്താണ് കൊണ്ടത്, അയാൾ അറിയാതെ തന്നെ കണ്ണടച്ചു പോയി. കേടായ ഭക്ഷ്യവസ്തുക്കളുടെ ദുർഗ്ഗന്ധം തടയാനെന്നോണം ശ്വാസം പിടിച്ചുവച്ചു, പിന്നെ അനിവാര്യതയ്ക്ക് മുന്നിൽ തല കുനിക്കുന്നതുപോലെ, ദീർഘമായ ഒരു ശ്വാസമെടുത്തു, ലില്ലിപ്പൂക്കളുടെ ഗന്ധം അയാളിൽ നിറഞ്ഞു, വിശ്വസിക്കാനാവാതെ അയാൾ കണ്ണുകൾ തുറന്നു. മുന്നിൽ വഴിപോക്കർ കുറെ പേരുണ്ട്, അവരുടെ മുഖത്ത് സ്നേഹം കലർന്ന ഒരു ഭാവം, കൈകളിൽ പല വർണ്ണങ്ങളിൽ, പല ഗന്ധങ്ങളിൽ, പൂക്കളുമുണ്ട്. അർച്ചനയെന്നോണം അവർ ആ പൂക്കൾ അയാളുടെ നേരേ എറിഞ്ഞു കൊണ്ടിരുന്നു.

 

ADVERTISEMENT

അവർ മറ്റെന്ത് ചെയ്യാൻ? മുന്നിൽ, മുക്കാലിയിൽ ബന്ധിയാക്കപ്പെട്ടിരിക്കുന്നത് ബ്രിട്ടീഷ് നോവൽ സാഹിത്യശാഖയ്ക്ക് അടിത്തറയിട്ടവരിൽ ഒരാളാണ്, "മുക്കാലിയ്ക്ക് ഒരു സ്തുതിഗീതം" (Hymn to the Pillory) എന്ന കവിതയുടെ സ്രഷ്ടാവാണ്. ഡാനിയലിന്റെ ആ നിൽപ്പ് മൂന്ന് ദിവസം നീണ്ടു. ഈ ദിവസങ്ങളിലെല്ലാം, ശിക്ഷിതന്റെ അപമാനം കണ്ടു രസിക്കുന്നതിന് പകരം നാട്ടുകാർ അയാളുടെ ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ട്, മുക്കാലിയ്ക്ക് മുന്നിലിരുന്ന് മദ്യം പങ്കിട്ടുവെന്നാണ് കഥകൾ പറയുന്നത്. 

 

ഡാനിയൽ ഡിഫോ, ബൈബിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള "റോബിൻസൺ ക്രൂസോ" എന്ന കൃതി പ്രസിദ്ധീകരിക്കുന്നത് വീണ്ടും ഒരു പതിനാറ് വർഷങ്ങൾക്ക് ശേഷം മാത്രം. 

 

ADVERTISEMENT

ഡിഫോയുടെ രാഷ്ട്രീയമായ കാഴ്ചപ്പാടുകളാണ് അദ്ദേഹത്തെ ബന്ധനത്തിലേക്ക് നയിച്ചതെങ്കിൽ അമർത്തിവയ്ക്കാനാവാത്ത ഹിംസാത്മകത പീഡനങ്ങളിലേക്കും ഒടുവിൽ ആത്മനാശത്തിലേക്കും നയിച്ച ഒരു സാഹിത്യകാരനുണ്ടായിരുന്നു, ബ്രിട്ടനിൽ തന്നെ. ആദ്യ കൃതിയായ "കാർത്തേജിലെ രാജ്ഞിയായ ദിദോ" (Dido, Queen of Carthage) എന്ന ചെറുനാടകം എഴുതാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിന് 21 വയസ്സ് പ്രായം. അഞ്ച് വർഷം കൂടി കഴിഞ്ഞില്ല, ആദ്യത്തെ ജയിൽവാസത്തിന് കാലമായി. പിന്നെയൊരു മൂന്ന് വർഷം കൂടി മാത്രം ജീവിച്ച്, ഇരുപത്തി ഒമ്പതാമത്തെ വയസ്സിൽ, ഒരു സംഘട്ടനത്തിൽ കത്തിക്കുത്തേറ്റ് മരണപ്പെടുമ്പോൾ അദ്ദേഹം അറിയപ്പെടുന്ന സാഹിത്യകാരനായി കഴിഞ്ഞിരുന്നില്ല, ആദ്യകൃതി 1587 ൽ എഴുതി തീർത്തെങ്കിലും പ്രസിദ്ധീകൃതമാകുന്നത് 1594ൽ, മരണത്തിന് ഒരു വർഷത്തിന് ശേഷം. മരണത്തിന് മുമ്പ് ആകെ ഒരു കൃതി മാത്രം പുറത്തു വന്നിരുന്നു, 1590 ൽ അച്ചടിയ്ക്കപ്പെട്ട "ടാംബർലെയ്ൻ" (Tamburlaine) മാത്രം. 

 

എലിസബത്തൻ കാലഘട്ടത്തിലെ ഏറ്റവും സമുന്നതനായ നാടകകൃത്ത് എന്ന പദവിയ്ക്ക് ക്രിസ്റ്റഫർ മാർലോയ്ക്ക് എതിരാളി ഒരാളേ ഉണ്ടായിരുന്നുള്ളൂ, സമപ്രായക്കാരനായിരുന്ന വില്യം ഷേക്സ്പിയർ - ഷേക്സ്പിയറുടെ എഴുത്തിനെ ഏറ്റവും സ്വാധീനിച്ചത് ഒരു ചെരുപ്പുകുത്തിയുടെ മകനായ മാർലോ തന്നെയായിരുന്നു താനും. The Tragical History of the Life and Death of Doctor Faustus - ചുരുക്കപേര് ഡോക്ടർ ഫോസ്റ്റസ് - എന്ന നാടകമടക്കം ആകെ ആറു കൃതികൾ, എട്ടോ ഒമ്പതോ വർഷം മാത്രം നീണ്ട പൊതുജീവിതം, ആറു വർഷത്തിനകം തീർന്നു പോയ എഴുത്തു ജീവിതം, ചാരൻ, വഴക്കാളി, മതഭ്രാന്തൻ, കുടിയൻ, കള്ളനോട്ടടിക്കാരൻ, സ്വവർഗ്ഗാനുരാഗി, എത്രയെത്രയോ വിശേഷണങ്ങൾ, അതിനെല്ലാമൊടുവിൽ ഒരു മദ്യശാല, ഒരു വഴക്ക്, ഒരു സംഘട്ടനം, ഒരു കൊലക്കത്തി, എല്ലാം കഴിഞ്ഞു. 

 

ഇരുമ്പഴികളെ അവകാശം പോലെ കൂടെ നിർത്തിയ ഒരെഴുത്തുകാരനുണ്ട്, സ്വഭാവ വൈകൃതങ്ങൾ പ്രാർത്ഥന പോലെ ജീവിതാവസാനം വരെ കൂടെ കൊണ്ടു നടന്ന ഒരാൾ. എഴുപത്തിനാലാം വയസ്സിൽ മരിക്കുമ്പോൾ കൂടെ താമസിച്ചിരുന്നത് പതിനെട്ട് വയസ്സുള്ള ഒരു യുവതിയായിരുന്നു, അവളുടെ പതിനാലാം വയസ്സു മുതൽ തുടങ്ങിയ ബന്ധം. സ്വവർഗ്ഗ ബന്ധങ്ങൾ, പ്രകൃതി വിരുദ്ധ ലൈംഗികത, ലൈംഗിക ക്രൂരതകൾ - ഇതിലെല്ലാം അയാൾ ആനന്ദിച്ചിരുന്നു, അതു കൊണ്ട് തന്നെ, ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നതിനെ സൂചിപ്പിക്കാനുള്ള പദം - സാഡിസം - അയാളുടെ പേരിൽ നിന്നാണ് ഉരുവമെടുത്തത്. മാർക്കീ ഡെ സാഡ് (Marquis de Sade) ഒരു ചിന്തകനായിരുന്നു, രാഷ്ട്രീയക്കാരനായിരുന്നു, എഴുത്തുകാരനായിരുന്നു, നിഷ്ഠൂരനായ ഒരു കാമവെറിയനുമായിരുന്നു.

 

പാരിസിലെ ഒരു പ്രഭു കുടുംബത്തിൽ ജനിച്ച്, ക്രൈസ്തവ പുരോഹിതനാകാൻ പഠിച്ച്, ഒരു നല്ല പട്ടാളക്കാരനാകാൻ ശ്രമിച്ച്, ഒടുവിൽ രതിയ്ക്കും ക്രൂരതയ്ക്കും മാത്രം വഴങ്ങി ജീവിച്ച ഡെ സാഡ്, ആദ്യമായി ജയിലിൽ പോകുന്നത് ഇരുപത്തിമൂന്നാം വയസ്സിലാണ്, കുറ്റം ദൈവദൂഷണം. അവിടന്നങ്ങോട്ട് ജയിൽവാസം പലവട്ടം, ഒരിക്കൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബാസ്റ്റീൽ ജയിലിൽ കിടക്കുമ്പോഴാണ് കാലമിത്രയും കഴിഞ്ഞിട്ടും ഇന്നും ലോകം ഓർത്തു വയ്ക്കുന്ന "സോഡോമിലെ 120 ദിവസങ്ങൾ " (The 120 Days of Sodom) അദ്ദേഹം എഴുതുന്നത്. ഫ്രെഞ്ച് വിപ്ലവത്തിനിടയിൽ ബാസ്റ്റീൽ ജയിൽ വിപ്ലവകാരികൾ പിടിച്ചെടുത്തപ്പോൾ, നഷ്ടപ്പെട്ടു പോയി എന്നു കരുതപ്പെട്ട ആ കൃതിയാണ്, "ജസ്റ്റീൻ" എന്ന മറ്റൊരു കൃതിയോടൊപ്പം, അദ്ദേഹത്തിന്റെ വെറുപ്പിക്കുന്ന ക്രൂരതകൾക്ക് മേലെ ആദരവിന്റെ പുതപ്പിട്ടു മൂടുന്നത്. 

 

ജയിലഴികൾക്ക് പുറകിൽ രൂപപ്പെട്ട മഹദ് കൃതികളിൽ മറ്റൊന്നാണ് "പൂക്കളുടെ മാതാവ്" (Our Lady of the Flowers), ഫ്രാൻസിൽ നിന്ന് വന്ന മറ്റൊരു സാഹിത്യാത്ഭുതം. കൃതിയുടെ പേര് ആളെ വെളിവാക്കിക്കാണും, ഷാങ്ങ് ഷെനെ ഈ കൃതിയെഴുതുന്നത് ജയിലിനുള്ളിൽ വച്ച്, അവിടെ കടലാസ് കൂടുകൾ ഉണ്ടാക്കാൻ തടവുപുള്ളികൾക്ക് കൊടുക്കുന്ന തവിട്ട് കടലാസിൽ. ഒരിക്കൽ ഒരു കാവൽക്കാരൻ കയ്യെഴുത്ത് പ്രതി കത്തിച്ചു കളഞ്ഞതുപോലുമാണ്, ഷെനെ വീണ്ടുമെഴുതി, 1944ൽ ഈ കൃതി പ്രസിദ്ധീകരിച്ചതിനു ശേഷം വീണ്ടും വീണ്ടുമെഴുതി, "കുറ്റവാളിയുടെ കുറിപ്പുകൾ", "റോസാപ്പൂവിന്റെ ദിവ്യാത്ഭുതം" എന്നിവ അടക്കം അഞ്ചു നോവലുകളും മൂന്ന് നാടകങ്ങളും -  കവിതകൾ വേറെയുമുണ്ട്. മോഷ്ടാവായി, വ്യഭിചാരിയായി, കഴിച്ചുകൂട്ടിയ ഒരു ദുരിതകാലത്തിന് പുറകെയാണ് ഈ കൃതികളെല്ലാം ഷെനെ സൃഷ്ടിച്ചത്. 

 

ഇരുട്ടറയ്ക്കുള്ളിലെ സ്വപ്നദർശകർ ഇനിയുമുണ്ടൊരുപാട് സാഹിത്യത്തിൽ. 

 

സൈബീരിയയിലെ കാരാഗൃഹത്തില്‍, തണുത്ത തറയില്‍ കൈകാലുകള്‍ ചങ്ങലയാല്‍ ‍ബന്ധിക്കപ്പെട്ട് കിടക്കുന്നയാളെ അറിയുമോ? 1849 ഡിസംബർ ഇരുപത്തിരണ്ടാം തിയതി അനുഭവിച്ചതൊക്കെ - രാവിലെ തടവറയുടെ വാതിൽ തുറന്ന് പട്ടാളക്കാർ അകത്ത് വന്നത്, തോക്കുമായ് നിരന്നു നില്ക്കുന്ന വെടിക്കാരുടെ മുന്നിലേക്ക് കൊണ്ടുപോയത്, അവസാന നിമിഷം വധശിക്ഷ തടഞ്ഞു കൊണ്ടുള്ള കത്തുമായി സന്ദേശവാഹകനെത്തിയത് - ഫയോദോർ ഡോസ്റ്റോയേവ്സ്കി പല കൃതികളിലായി പറഞ്ഞു വയ്ക്കുന്നു. കുറ്റവും ശിക്ഷയും (Crime and Punishment), കരമസോവ് സഹോദരന്മാർ (Brothers Karamazov), അധോലോകത്ത് നിന്നുള്ള കുറിപ്പുകൾ (Notes from the Underground), ചെകുത്താന്മാർ (Demons), തുടങ്ങിയ ക്ലാസിക്കുകളുടെ നിറം ഇരുട്ടിനോട് ചേർന്നു നിൽക്കുന്നതു് ആ ഡിസംബർ പ്രഭാതത്തിലെ പുകമഞ്ഞ് കോറിയിട്ട വ്രണങ്ങളുടെ വടുക്കൾ മൂലമായിരുന്നു. 

 

"കപടലോകത്തിലാത്മാര്‍ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം" എന്ന് പറഞ്ഞ ചങ്ങമ്പുഴയെപപോലെ, ആൺ-പെൺ ദ്വന്ദത്തിനപ്പുറമുള്ള ഒന്നിനെ, ഉഭയലിംഗ ഭാവത്തെ, സ്വവർഗ്ഗരതിയെ ഒക്കെ അംഗീകരിച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു ലോകത്ത് ജനിച്ചു പോയതാണ് ഓസ്ക്കാർ വൈൽഡിന് വിനയായത്. 1895 മുതൽ 1897 വരെ രണ്ടു വർഷം അദ്ദേഹം മൂന്ന് ജയിലുകളിൽ കഴിഞ്ഞു, അതിൽ മൂന്നാമത്തെ ജയിലിൽ - റീഡിങ്ങ് ജയിൽ (Reading Gaol) എന്നായിരുന്നു അതിന്റെ പേര് - ഉണ്ടായ അനുഭവങ്ങൾ The Ballad of Reading Gaol എന്ന കാവ്യത്തിലേക്കുള്ള വഴിയുയായി. 

 

∙സെർവാന്റെസ്, ആധുനിക നോവലിന്റെ പിതാവ്, ആദർശധീരത ഉന്മാദത്തോളം കൊണ്ടുനടന്ന ഡോൺ കീ ഹോട്ടെയുടെ സ്രഷ്ടാവ്, നികുതിപിരിവുകാരനായി ജോലിയെടുത്തു കൊണ്ടിരിക്കെ, കണക്കിലെ തിരിമറികൾക്ക് പലവട്ടം തടവിൽ കിടന്നു. 

 

∙ തോമസ് മൂർ, "യൂട്ടോപ്പിയ " (Utopia) എന്ന കൃതി എഴുതുക വഴി സാങ്കൽപ്പികമായ ആദര്‍ശരാഷ്ട്രത്തെ സൂചിപ്പിക്കുന്ന ഒരു പദം ഭാഷയ്ക്ക് സംഭാവന ചെയ്ത മൂർ, കത്തോലിക്ക സഭ പുണ്യവാളനായി കരുതുന്ന മൂർ, രാജകുടുംബവുമായുള്ള തർക്കങ്ങൾക്കൊടുവിൽ ടവർ ഒഫ് ലണ്ടനിലെ ജയിലിൽ അടയ്ക്കപ്പെട്ടു, വൈകാതെ അതിനുള്ളിൽ വച്ചു തന്നെ ശിരച്ഛേദം ചെയ്യപ്പെട്ടു. 

 

∙വോൾട്ടെയർ, കോൺഡീഡ് (Candide) എന്ന ലഘു നോവൽ എഴുതിയ ചിന്തകൻ, ഫ്രെഞ്ച് വിപ്ലവത്തിന് പ്രചോദനമായവരിൽ ഒരാൾ, സര്‍ക്കാറിനെ കളിയാക്കിയതിന്റെ പേരില്‍ അദ്ദേഹത്തിന് മാർക്കീ ഡെ സാഡ് കിടന്ന അതേ ബാസ്റ്റീൽ ജയിലില്‍ കഴിയേണ്ടിവന്നു. 

 

പിന്നെയുമുണ്ട് പലരും. ഒ. ഹെൻറി, സോൾഷെനിറ്റ്സൻ, ജെഫ്റി ആർച്ചർ, വെർലെയ്ൻ, ഹെൻറി ഷാരിയേ, അങ്ങനെ അങ്ങനെ. ദുരിതങ്ങൾ ഉരുണ്ടുകൂടുന്ന ഇടങ്ങളാണെങ്കിൽ കൂടി ആ തടവറകൾ മാനവചരിത്രത്തിലേക്ക് കുറെയധികം സ്വപ്നങ്ങൾ എഴുതിച്ചേർത്തു, ലോകം ഇത്തിരി കൂടി ധന്യമായി. 

 

ഒരു ചോദ്യം അവശേഷിക്കുന്നു - ആ സ്വപ്നജീവികൾ അനുഭവിച്ച ദുരിതങ്ങളെ നമ്മൾ എങ്ങനെ വിലയിരുത്തും? നന്നെന്നോ മോശമെന്നോ?

 

Content Summary : Varantha column by Jojo Antony on writers who went to jail