ഗതകാല ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന, നിറമില്ലാത്ത അഞ്ചാറ് മുഖങ്ങൾ. അതോരോന്നും ചുരുങ്ങി മേഘത്തിൽ ലയിക്കുന്നു. അവ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരു വെളുത്ത ശൂന്യത മാത്രം. ഒരു മുഖം മായാതെ കിടന്നു. വല്ലാതെ ആകർഷണീയമായ ഒന്ന്. ഒരുവേള, ഈ മുഖം ഒപ്പം കണ്ട മറ്റുള്ളവരുടെ കൂടെ കാണപ്പെടേണ്ടതല്ല

ഗതകാല ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന, നിറമില്ലാത്ത അഞ്ചാറ് മുഖങ്ങൾ. അതോരോന്നും ചുരുങ്ങി മേഘത്തിൽ ലയിക്കുന്നു. അവ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരു വെളുത്ത ശൂന്യത മാത്രം. ഒരു മുഖം മായാതെ കിടന്നു. വല്ലാതെ ആകർഷണീയമായ ഒന്ന്. ഒരുവേള, ഈ മുഖം ഒപ്പം കണ്ട മറ്റുള്ളവരുടെ കൂടെ കാണപ്പെടേണ്ടതല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതകാല ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന, നിറമില്ലാത്ത അഞ്ചാറ് മുഖങ്ങൾ. അതോരോന്നും ചുരുങ്ങി മേഘത്തിൽ ലയിക്കുന്നു. അവ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരു വെളുത്ത ശൂന്യത മാത്രം. ഒരു മുഖം മായാതെ കിടന്നു. വല്ലാതെ ആകർഷണീയമായ ഒന്ന്. ഒരുവേള, ഈ മുഖം ഒപ്പം കണ്ട മറ്റുള്ളവരുടെ കൂടെ കാണപ്പെടേണ്ടതല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതകാല ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന, നിറമില്ലാത്ത അഞ്ചാറ് മുഖങ്ങൾ. അതോരോന്നും ചുരുങ്ങി മേഘത്തിൽ ലയിക്കുന്നു. അവ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരു വെളുത്ത ശൂന്യത മാത്രം. ഒരു മുഖം മായാതെ കിടന്നു. വല്ലാതെ ആകർഷണീയമായ ഒന്ന്. ഒരുവേള, ഈ മുഖം ഒപ്പം കണ്ട മറ്റുള്ളവരുടെ കൂടെ കാണപ്പെടേണ്ടതല്ല എന്നുവരെ തോന്നിപ്പിച്ചു. കിടക്കയിൽ ഞരങ്ങിയ ആനി പെട്ടെന്ന് കണ്ണു തുറന്നു. മുന്നിലുള്ള ക്ലോക്കിൽ സമയം രാവിലെ ആറ് മണിയോട് അടുക്കുന്നു. താൻ കണ്ട വിചിത്രമായ സ്വപ്നം ഒരിക്കൽ കൂടി മനസ്സിൽ വിഭാവനം ചെയ്യാൻ അവൾ നോക്കി. പക്ഷേ, നേർത്ത പാട പോലെ തോന്നിച്ച മുഖങ്ങളൊന്നും മുന്നിൽ വന്നില്ല. ഒരു മുഖം മാത്രം. കൂട്ടം തെറ്റിയൊരു മുഖം! ആർക്കാണ് കൂട്ടം തെറ്റിയത്? ആ മുഖത്തിനോ അതോ മറ്റ് മുഖങ്ങൾക്കോ? ആനിക്ക് ഒരു ഉത്തരത്തിലെത്താൻ കഴിഞ്ഞില്ല. എങ്കിലും ഇത്ര നാളുകൾക്ക് ശേഷം ആ മുഖം സ്വപ്നം കണ്ടത് അവളെ ഒരു പിരിമുറുക്കത്തിന്റെയറ്റത്ത് കൊണ്ടുനിർത്തി. വിദ്യാസാഗർ. ആ മുഖത്തിന്റെ ഉടമയുടെ പേര്.

 

ADVERTISEMENT

അവൾ എഴുന്നേറ്റു. കാരണങ്ങളേതുമില്ലാതെ വിദ്യാസാഗറിനെ കണ്ടത്, അതും വെളുപ്പിന്, ആനിയെ കുഴപ്പിച്ചു. വല്ല്യമ്മച്ചി പണ്ട് പറഞ്ഞിരുന്നത് വെളുപ്പിന് കാണുന്ന സ്വപ്നങ്ങളൊക്കെ ഫലിക്കുമെന്നാണ്. താൻ കണ്ട സ്വപ്നത്തിൽ ഫലിക്കാൻ എന്താണുള്ളത്? ആ സ്വപ്നത്തിന്റെ അർത്ഥം പോലും തനിക്കറിയില്ല. വല്യമ്മച്ചിയെ പണ്ട് ഒരുപാട് കളിയാക്കിയത് ആനിക്ക് ഓർമ്മ വന്നു. വെളുപ്പിന് കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്നത് വളരെ വിചിത്രമായ ആശയമായി അന്ന് തോന്നിയിരുന്നു; അത് ഒരിക്കലും വിശ്വസിച്ചിരുന്നുമില്ല. എത്രയോ സ്വപ്നങ്ങൾ കണ്ടിരിക്കുന്നു. ജീവിതത്തിൽ നടന്ന സംഭവങ്ങൾ പിന്നീട് സ്വപ്നം കണ്ടിട്ടുണ്ട് - അപ്പന്റെ ശവമടക്ക്; നാൻസി ചേച്ചിയുടെ ഭർത്താവ് കള്ളുകുടിച്ചു വഴക്കുണ്ടാക്കിയത്; പാരീസിൽ താനും വീണയും ഈഫേൽ ഗോപുരത്തിന്റെ ചുവട്ടിൽ നിന്ന് സെൽഫി എടുത്തത്. പക്ഷേ, മറിച്ച് സംഭവിക്കുന്നത് - സ്വപ്നങ്ങൾ യാഥാർത്ഥ്യമായി വരുന്നത് – ഇതുവരെ ഉണ്ടായിട്ടില്ല. കാണുന്ന സ്വപ്നങ്ങളൊക്കെ വിചിത്രമാണ്. വാക്കുകളിലേക്ക് പകർത്താനാവാത്തവ. വ്യാഖ്യാനങ്ങൾക്കതീതമായവ. ഉണരുമ്പോൾ ഓർമയുടെ ഒരു കണിക പോലും ശേഷിപ്പിക്കാതെ പോകും അതിൽ ഏറിയ പങ്കും. കണ്ട സ്വപ്നമെന്തെന്ന് ആലോചിച്ച് ദേഷ്യപ്പെട്ട ദിവസങ്ങളുണ്ട്. ഒരു ദീർഘശ്വാസത്തിൽ ആനി താൻ കണ്ട സ്വപ്നവും വിദ്യാസാഗറിന്റെ രൂപവും കുടഞ്ഞുകളഞ്ഞു.

 

തന്റെ ക്ലിനിക്കിലെ കസേരയിൽ പിന്നീട് ചാരിയിരുന്ന് ലാപ്ടോപ്പ് തുറന്നപ്പോഴും രാവിലെ കണ്ട സ്വപ്നത്തിന്റെ മന്ദത മാറിയിരുന്നില്ല. കൂടാതെ നേരിയ തലവേദനയും. വലിയ തിരക്കില്ലാത്ത ദിവസമാണെന്ന തിരിച്ചറിവ് ഹ്രസ്വമായ സന്തോഷത്തിലേക്ക് ആനിയെ നയിച്ചു. ഒരു പുതിയ പേഷ്യന്റ് ഉണ്ട് – അതൊഴിച്ചാൽ ബാക്കിയൊക്കെ സ്ഥിരമായി കാണുന്ന ആളുകൾ. പറ്റുമെങ്കിൽ നേരത്തെ ഇറങ്ങണമെന്ന് അവൾ പദ്ധതിയിട്ടു. തൊട്ടുപുറകെ ആ ഒരു തീരുമാനം സ്വയം വിമർശനത്തിന് വിധേയമാക്കി. തന്റെ കാര്യമല്ല വലുത് എന്ന വർഷങ്ങളായി കൊണ്ടുനടക്കുന്ന ആപ്തവാക്യം ഒരു സ്വപ്നത്തിന്റെ അസ്വസ്ഥതയുടെ പേരിൽ മറന്നത് അവളെ ചൊടിപ്പിച്ചു.

 

ADVERTISEMENT

കോളേജിലെ പഠനം കഴിഞ്ഞ് സൈക്കോളജി തുടർപഠനം ആയി തിരഞ്ഞെടുത്തത് വെറുതെയല്ല. മനുഷ്യമനസ്സിനോട് അത്ര മാത്രം ആകർഷണം തോന്നിയിട്ടാണ്. നിഗൂഢമായ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനേക്കാൾ രസകരമാണ് മനസ്സിന്റെ ആവരണങ്ങൾ പുറത്തെടുക്കുന്നത്. എത്ര മാത്രം ചൂഴ്ന്നാലും പിന്നെയും എന്തെങ്കിലുമൊക്കെ ബാക്കിയാവും ഉത്തരം കിട്ടാനായി. മനസ്സോളം ഉത്തരം കണ്ടെത്താൻ ക്ലേശമുള്ള ചോദ്യം ഉണ്ടായിട്ടില്ല ഭൂമിയിൽ. അനേകം പേർ ശ്രമിക്കുന്നിടത്ത് താനും ഒരു കൈ നോക്കുന്നു. തന്റെ മുന്നിൽ വരുന്നവർക്ക് ആശ്വാസം പകർന്ന്, വേണ്ട മാർഗനിർദേശങ്ങൾ നൽകി അവരെ ശരിയായ തീരുമാനത്തിലേക്ക് എത്തിക്കുക എന്നത് അത്യന്തം ശ്രമകരമായ ജോലിയാണ്. തന്റെ ചിന്താമണ്ഡലത്തിൽ നിന്നു വിശകലനം ചെയ്ത് അവരുടെ മനോവേദനയുടെ ആഴങ്ങൾ മനസ്സിലാക്കി കൊടുക്കുമ്പോൾ, അവരുടെ മുന്നിലുള്ള വഴിയിലേക്കുള്ള പാത ചൂണ്ടുമ്പോൾ, അവർ ഒരു കുഞ്ഞിനെപ്പോലെ ആ പാതയിലെ വീഴ്ചകളിൽ അന്തംവിടുന്ന അവസ്ഥയിൽ പ്രചോദനം കൊടുക്കുമ്പോൾ – എല്ലാം ഒരു പ്രത്യേക അനുഭൂതിയാണ്. ഒരിക്കലും ആനിക്ക് ഈ തൊഴിൽ തിരഞ്ഞെടുത്തത്തിൽ നിരാശ തോന്നിയിട്ടില്ല. ബുദ്ധിമുട്ടേറിയ കേസുകളിൽ പോലും വ്യക്തമായ ലക്ഷ്യം കണ്ടുതന്നെയാണ് മുന്നോട്ട് പോയത്. അത്യാവശ്യം നല്ലൊരു പേരുമുണ്ട്.

 

ഉച്ചയ്ക്ക് മുമ്പ് വന്ന രണ്ടു കേസുകളും തുടർക്കൂടിക്കാഴ്ചകളായിരുന്നു. അവരുടെ പുരോഗതി ആനിയെ സന്തോഷിപ്പിച്ചു. അച്ഛന്റെ മരണത്തിന് കാരണക്കാരൻ എന്ന വീട്ടുകാരുടെ കളങ്കം വർഷങ്ങളായി കൊണ്ടുനടക്കുന്ന ആളായിരുന്നു അതിൽ ഒന്ന്; പിന്നെയുള്ളത് ഒറ്റപ്പെടൽ ഇഷ്ടപ്പെടുന്ന, എന്നാൽ വളരെയധികം ആത്മഹത്യാപ്രവണതയുള്ള ഒരാളും. രണ്ടാമത്തെ ആൾ പോയതിന് ശേഷം അലസമായ ഒരു കൗതുകത്തോടെ ഉച്ചയ്ക്കത്തെ പുതിയ പേഷ്യൻറിന്റെ പേരിലേക്ക് അവൾ നോക്കി. അത് വായിച്ചതും അവളുടെ കണ്ണുകളിൽ ഇരുട്ട് കയറി. വിദ്യാസാഗർ! ഇത് താൻ അറിയുന്ന ആൾ തന്നെയാണോ? ആണെങ്കിൽ എന്തിന് തന്നെക്കാണാൻ വരണം?

 

ADVERTISEMENT

“സ്മിതാ!”

 

ആനി തന്റെ റിസെപ്ഷനിസ്റ്റിനെ വിളിച്ചു.

 

“മാഡം?”

 

“3.30യ്ക്ക് ആരാണ്?”

 

“ഒരു വിദ്യാസാഗർ. എന്താ മാഡം?”

 

“അയാൾ എന്നെ അറിയാമെന്നു പറഞ്ഞോ?”

 

“ഇല്ല. എന്തു പറ്റി?”

 

ആനി സ്മിതയിൽ നിന്നു മുഖം വലിച്ചു.

 

“അത്...അത്...നോ, ഒന്നുമില്ല. സ്മിത പൊയ്ക്കോളൂ.” ആനിയുടെ സ്വരത്തിൽ ഒരു ഒളിച്ചോട്ടത്തിന്റെ ധ്വനി.

 

ഒരു നിമിഷം മടിച്ചുനിന്ന ശേഷം സ്മിത മടങ്ങി.

 

വ്യാഴാഴ്ച ‘ഈറ്റ് ഔട്ട് ഡേ’ ആണ്. ആനിയും സ്മിതയും ക്ലിനിക്കിലെ മറ്റ് സ്റ്റാഫും കൂടി തുടങ്ങിയ പതിവാണ്. ഉച്ചയ്ക്ക് എല്ലാവരും അടുത്തുള്ള ഏതെങ്കിലും നല്ല സ്ഥലത്ത് പോയി ഭക്ഷണം കഴിക്കും. കൊച്ചുവർത്തമാനം പറഞ്ഞിരിക്കും. ഏറ്റവും തിരക്ക് കുറഞ്ഞ ദിവസം ആയത് കൊണ്ടാണ് അവർ വ്യാഴം ഇതിനായി തിരഞ്ഞെടുത്തത്. പതിവുള്ള ഒരു മണിക്കൂർ ലഞ്ച് ബ്രേക് ആ ദിവസം രണ്ടു മണിക്കൂറാണ്. വേനൽച്ചൂട് മടിപിടിപ്പിച്ച അന്ന് ഉച്ചയ്ക്ക് അവർ പുറത്തു പോകാതെ ഭക്ഷണം ക്ലിനക്കിൽ വരുത്താൻ തീരുമാനിച്ചു.

 

“മാഡം, ഫുഡ് വന്നിട്ടുണ്ട്.” സ്മിത ആനിയുടെ ഓഫീസിന്റെ വാതിൽ ചെറുതായി തുറന്ന ശേഷം പറഞ്ഞു.

 

“സ്മിത, അത് ഇങ്ങ് തന്നേക്കൂ. ആൻഡ് ഓൾ ഓഫ് യൂ ഹാവ് ലഞ്ച്. പതിവുള്ള രണ്ടു മണിക്കൂർ ബ്രേക് തന്നെ എടുത്തോളൂ.”

 

വാതിൽ മുഴുവൻ തുറന്ന് സ്മിത അകത്തു കയറി.

 

“എന്തു പറ്റി മാഡം?”

 

“ഒരു ചെറിയ തലവേദന. ഞാൻ പറഞ്ഞ പോലെ ചെയ്യൂ.” ആനി മേശയിൽ കൈമുട്ട് കുത്തി നെറ്റി ചെറുതായി തടവി.

 

“ശരി, മാഡം.”

 

കുറച്ചു കഴിഞ്ഞ് മേശപ്പുറത്ത് വച്ചിരുന്ന ഭക്ഷണത്തിന്റെ പാക്കറ്റ് ആനി ബാഗിൽ വച്ചു. അത് എപ്പോൾ കഴിക്കും എന്ന് അവൾക്ക് ഉറപ്പില്ലായിരുന്നു.

 

അവൾ വായിക്കാൻ ശ്രമിച്ചു. റിസർച്ച് പുസ്തകം ആയത് കൊണ്ട് അവളുടെ ശ്രദ്ധ പൂർണ്ണമായും അതിലുൾക്കൊള്ളിക്കാനായില്ല. അത് മടക്കിവെച്ചു. കുറച്ച് ഇമെയിലുകൾക്ക് മറുപടി കൊടുത്തു. തന്റെ ഏകാഗ്രത ഇന്ന് വളരെ താഴെയാണെന്ന് അവൾ നിരാശയോടെ ആത്മഗതം ചെയ്തു.

 

മൂന്നു മണി കഴിഞ്ഞയുടനെ വിദ്യാസാഗർ എത്തിയിട്ടുണ്ടെന്ന് സ്മിത പറഞ്ഞു.

 

“ഒരു പത്തു മിനിറ്റ് വെയിറ്റ് ചെയ്യാൻ പറയൂ. എന്തായാലും ആൾ ബിഫോർ ടൈം ആണല്ലോ.”

 

“ശരി, മാഡം.”

 

ആനി കസേരയിൽ നിന്ന് എഴുന്നേറ്റു. തന്റെ ഓഫീസ് മുറിയുടെ ബ്ലൈന്റ്സ് ചെറുതായി മാറ്റി.

 

വിദ്യാസാഗർ.

 

അയാൾ തന്നെ. ആളുടെ രൂപം പഴയപോലെ. കണ്ണുകൾക്ക് ഇപ്പോഴും നല്ല ആകർഷണമുണ്ട്. താടി ചെറുതായി നരച്ചിട്ടുണ്ട്. ഒരൽപ്പം വണ്ണം കുറഞ്ഞിട്ടുമുണ്ടെന്ന് ആനിക്ക് തോന്നി. പക്ഷേ, ഇയാൾ എന്തിന് തന്നെക്കാണാൻ വന്നു? അതിനു മാത്രം ഉത്തരം ആനിക്ക് കിട്ടിയില്ല. അവൾ മേശയിലിരുന്ന വെള്ളം കുടിച്ചു. വിദ്യാസാഗറിനെ ഒരിക്കൽ കൂടി കാണാൻ മാനസികമായി തയാറെടുത്തു. എത്ര തയാറെടുപ്പുകൾ നടത്തിയാലും അയാളെ അഭിമുഖീകരിക്കാൻ തനിക്ക് ബുദ്ധിമുട്ടാവും എന്ന് ആനിക്ക് അറിയാമായിരുന്നു. ഒരു പേഷ്യന്റ് എന്ന നിലയിലാണ് വന്നതെങ്കിൽ അയാളെ സഹായിക്കാനുള്ള ബാധ്യതയുണ്ടെന്ന് പക്ഷേ, അവൾ സ്വയം ഓർമിപ്പിച്ചു.

 

കസേരയിൽ തിരികെ ഇരുന്ന ആനി ഫോൺ എടുത്തു.

 

“സ്മിത, അയാളെ അകത്തേക്ക് വിടൂ.”

 

“ഉം.”

 

വിദ്യാസാഗർ വാതിൽ തുറന്ന് അകത്തു കയറി. ചെറുതായി ചിരിച്ചു. ആനി തന്റെ മുന്നിലുള്ള കസേരയിലേക്ക് വിരൽ ചൂണ്ടി. അയാൾ മുഖത്ത് പരിചയഭാവം കാണിച്ചില്ല. അവൾക്ക് ആശ്വാസമായി.

 

“പറയൂ, ഞാൻ എന്തു സഹായമാണ് നിങ്ങൾക്ക് ചെയ്തുതരേണ്ടത്?” നിറഞ്ഞ ചിരിയോടെ തന്നെ ആനി ചോദിച്ചു.

 

ഇങ്ങനെയായിരിക്കും തുടക്കം എന്നു പ്രതീക്ഷിക്കാത്ത ഒരു നോട്ടം വിദ്യാസാഗറിൽ നിന്നുണ്ടായി. ആ പരുങ്ങലിനൊടുവിൽ അയാൾ ചിരിച്ചു.

 

“ഞാൻ വിദ്യാസാഗർ. ഇവിടെ അടുത്ത് ഒരു ജിംനേഷ്യം നടത്തുന്നു.”

 

ആനി അത്ഭുതപ്പെട്ടുവെങ്കിലും അത് പുറത്തു കാണിച്ചില്ല. മറ്റൊരു കാര്യം കൂടി അവളുടെ ചിന്തയെ സ്വാധീനിച്ചു. പണ്ട് കഞ്ചാവിന്റെ മണമായിരുന്നു വിദ്യാസാഗറിന്. അടുത്തുകൂടെ പോകുമ്പോൾ തന്നെ അറിയാം. എന്നാലിപ്പോൾ ജിംനേഷ്യം നടത്തുന്ന ആളാണെങ്കിൽ ജീവിതം പിന്നീടെപ്പോഴോ തിരിച്ചു പിടിച്ചിരിക്കുന്നു. അതിൽ അവൾ അയാളെ മനസ്സിൽ അഭിനന്ദിച്ചു.

 

“എന്താണ് നിങ്ങളെ ഇവിടെ എത്തിച്ചത്?” പേര് പറഞ്ഞയുടനെ മൗനത്തിലേക്ക് മടങ്ങിയ വിദ്യാസാഗറിനെ നോക്കി ആനി ചോദിച്ചു. ഒരു മണിക്കൂർ ആണ് സമയം. അതിനിടയിൽ അറിയാൻ പറ്റുന്ന കാര്യങ്ങളൊക്കെ അറിയണം, എന്നാൽ മുന്നിലിരിക്കുന്ന ആളിന് ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയുമരുത്. ഒരു ഞാണിൻമേൽകളിയാണ്; പക്ഷേ, ആനി പലവട്ടം പയറ്റിത്തെളിഞ്ഞതാണ്.

 

“അങ്ങനെ ചോദിച്ചാൽ...”

 

ആനി മുന്നോട്ട് ചാരി ഇരുന്നു.

 

“നോക്കൂ, നിങ്ങൾ ഇവിടെ വന്നതിന് ഒരു കാരണമുണ്ടാകും. അത് അറിഞ്ഞാൽ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. എവിടെ തുടങ്ങണം എന്നറിയില്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഇടത്ത് നിന്നു തുടങ്ങൂ. നമുക്ക് നോക്കാം അത് എങ്ങോട്ടാണ് പോകുന്നതെന്ന്.”

 

വിദ്യാസാഗർ ചുണ്ട് കടിക്കുന്നത് ആനി ശ്രദ്ധിച്ചു. പുറമെ നല്ല ആത്മവിശ്വാസം ഉണ്ടെന്ന് തോന്നിക്കുമെങ്കിലും എന്തൊക്കെയോ അയാളെ പിടിച്ചുലയ്ക്കുന്നുണ്ട്.

 

“ഭൂതകാലത്തിൽ ജീവിക്കരുത് എന്നാണല്ലോ പറയാറ്. എന്റെ പ്രശ്നം അതാണ്.”

 

എങ്ങും തൊടാതെയുള്ള ഈ പറച്ചിൽ സാധാരണഗതിയിൽ ആനി വകവയ്ക്കാറില്ല. ചില ആളുകൾ സമയം എടുക്കും അവരുടെ അവസ്ഥ അനാവരണം ചെയ്യാൻ. പക്ഷേ, ഇത് വിദ്യാസാഗർ ആയതുകൊണ്ട് അൽപനേരത്തേക്ക് അവളുടെ ക്ഷമ നഷ്ടപ്പെട്ടു. ഉടൻ തന്നെ അവളത് വീണ്ടെടുക്കുകയും ചെയ്തു.

 

“അപ്പോൾ പ്രശ്നം ഉണ്ടെന്ന് നിങ്ങൾ അംഗീകരിക്കുന്നു. അത് വളരെ നല്ല കാര്യമാണ്. തുടരൂ.”

 

വിദ്യാസാഗർ വീണ്ടും ആനിയെ നോക്കി. ഒരു പരിചയഭാവം പോലുമില്ലാതെ. മനസ്സിൽ അയാൾ പറയാനുള്ളത് അടുക്കിവയ്ക്കുന്നത് ആനി തിരിച്ചറിഞ്ഞു.

 

“എന്റെ കഴിഞ്ഞുപോയകാലമാണ് എന്നെ ഇപ്പോഴും ഭരിക്കുന്നത് എന്ന് ഈയിടെയായി ദിവസവും തോന്നുന്നു.”

 

ആനി തലകുലുക്കി അയാളെ കൂടുതൽ സംസാരിക്കാൻ പ്രോൽസാഹിപ്പിച്ചു.

 

“കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ ഒരു അഴിഞ്ഞാട്ടക്കാരൻ ആയിരുന്നു. ഐ വാസ് എ ഡ്രഗ് അഡിക്റ്റ്.”

 

വിദ്യാസാഗർ ഒന്ന് തൊണ്ട വിഴുങ്ങി.

 

“പിന്നെ...ഞാ...ഞാൻ അവിടെ പഠിക്കാൻ വരുന്ന കുറെപ്പേരെ ഹരാസ്സ് ചെയ്തിട്ടുണ്ട്. വാക്കുകൾ കൊണ്ടും ശാരീരികമായും.”

 

അയാളുടെ തല കുനിഞ്ഞത് ആനി ശ്രദ്ധിച്ചു.

 

“അതാണോ നിങ്ങളെ ഇപ്പോൾ അലട്ടുന്നത്?” ഉത്തരം അറിയാമായിരുന്നുവെങ്കിലും ആനി ചോദിച്ചു.

 

“അതെ. ഇപ്പോൾ സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിൽ വേറെ വിഷമങ്ങൾ ഒന്നുമില്ല. ലഹരിമരുന്ന് ഞാൻ പാടെ ഉപേക്ഷിച്ചു. ജീവിതം വീണ്ടും വരുതിയിലാക്കി. പക്ഷേ, അന്ന് ചെയ്തുകൂട്ടിയ കാര്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സിനെ വല്ലാതെ വേട്ടയാടുന്നു. അത് എന്നെ ഭരിക്കാൻ ശ്രമിക്കുന്നു. അതിനൊരു കാരണം കണ്ടെത്താൻ കഴിയുന്നില്ല.”

 

അതുവരെ ക്ഷമയോടെ ഇരുന്നിരുന്ന വിദ്യാസാഗർ പെട്ടെന്ന് കസേരയിൽ ബുദ്ധിമുട്ടി ഇരിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ ആനി ശ്രമിച്ചു. തന്റെ ലാപ്ടോപ്പിന്റെ കീബോർഡിൽ കൂടി വിരലോടിക്കുമ്പോഴും കണ്ണുകൾ വിദ്യാസാഗറിൽ ആയിരുന്നു. അയാളുടെ കണ്ണുകളാവട്ടെ, അലക്ഷ്യമായി എന്തൊക്കെയോ നോക്കി, ആനിയെ ഒഴിച്ച്.

 

അവരുടെ ഇടയിൽ ഉയർന്നു വന്ന മൗനത്തിന്റെ മതിൽ തകർക്കാൻ ഇരുവരും ശ്രമിച്ചില്ല. ആനി പ്രത്യേകിച്ചും – വിദ്യാസാഗർ വന്ന കാര്യത്തിന് ഒരു ഏകദേശരൂപം മാത്രമേ കിട്ടിയിട്ടുള്ളൂ. ബാക്കി കൂടി അറിയണം; അതിന് നല്ലപോലെ ക്ഷമയും വേണമെന്ന തിരിച്ചറിവ് ആനിയെ പ്രതിരോധത്തിലേക്ക് വലിയാൻ പ്രേരിപ്പിച്ചു. വിദ്യാസാഗർ ആവട്ടെ,  തുടർന്നു പറയാനുള്ള കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കും എന്ന ചിന്തയിലായിരുന്നു.

 

കോളേജിൽ പഠിക്കാൻ വരുന്നവരെ ഹരാസ്സ് ചെയ്തിട്ടുണ്ട് എന്നു വിദ്യാസാഗർ കുറച്ചുമുമ്പ് പറഞ്ഞത് ആനി ഓർത്തു. ആ വാചകത്തിലെവിടേയോ ഒരു ഗൗരവമില്ലായ്മ ഉണ്ടായിരുന്നോ എന്നവൾ സംശയിച്ചു. അതോ ഗൗരവം ഉണ്ടായിട്ടും തനിക്ക് അത് മനസ്സിലാകാത്തതാണോ? ആത്മാർഥതയോടെയാണോ അയാൾ അത് പറഞ്ഞത്? അന്ന് ചെയ്തതിന്റെ വിഷമകരമായ അവസ്ഥ മനസ്സിലാക്കിത്തന്നെയാണോ പറഞ്ഞത്? അതിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്തോറും ആനിക്ക് സംശയം വർദ്ധിച്ചതേയുള്ളൂ.

 

മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്ന് ഒരു കവിൾ വെള്ളം മോന്തിയ അവൾ അതേസമയം വിദ്യാസാഗറിനെയും നോക്കി. അതുവരെ കസേരയിൽ ചാരിയിരുന്നിരുന്ന ആൾ ഇപ്പോൾ അതിന്റെ അറ്റത്താണ്, ഏറെക്കുറെ. സ്വന്തം മനസ്സിൽ ഉരുണ്ടുകൂടുന്ന ചിന്തകൾ അയാളെ വല്ലാതെ ഉൾവലിയാൻ നിർദേശിക്കുന്നു എന്ന പ്രതീതി. അവൾ അറിയാതെ കസേരയിൽ ചാരിയിരുന്നു. തന്റെ മുന്നിൽ ഇരിക്കുന്ന നിഗൂഢതയെ ആഴത്തിൽ നോക്കി.

 

വിദ്യാസാഗറിന്റെ മനോഭാവം പെട്ടെന്നാണ് മാറിയത്. ആരോ അയാളുടെ മനസ്സിലെ ഏതോ സ്വിച്ചിട്ടത് പോലെ. അയാൾ ഇരുന്നയിടത്ത് നിന്ന് എഴുന്നേറ്റു. എന്നിട്ട് ആനിയുടെ കണ്ണുകളിലേക്ക് തീക്ഷ്ണമായി നോക്കി. എന്താണ് ആ നോട്ടത്തിൽ എന്ന് മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞില്ല. പക്ഷേ, നേരത്തെ ഉണ്ടായിരുന്ന ശാന്തത നഷ്ടപ്പെട്ടിരുന്നു. എങ്കിലും ദേഷ്യമല്ല, വേറെന്തോ ഭാവമാണ്. എന്താണ് പെട്ടെന്ന് ഇയാൾക്ക് പറ്റിയത്?

 

“ഞാൻ ഇറങ്ങുന്നു.” വിദ്യാസാഗർ അപ്രതീക്ഷിതമായി അവരുടെ സംഭാഷണം അവസാനിപ്പിച്ചു പുറത്തിറങ്ങി.

 

“ഹേയ്...”

 

ആനി അയാളെ തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും വളരെ വേഗത്തിൽ വിദ്യാസാഗർ അവിടെ നിന്ന് ഇറങ്ങിയിരുന്നു.

 

സ്മിത ഉടനെ അകത്തേക്ക് ഓടിവന്നു.

 

“എന്തുപറ്റി മാഡം? ആ പേഷ്യൻറ് എന്താണ് ഇങ്ങനെ ഇറങ്ങിപ്പോയത്?”

 

“അറിയില്ല, സ്മിത. ദാറ്റ് വാസ് സഡൻ ആൻഡ് അൺഎക്സ്പെക്റ്റഡ്!”

 

“അയാൾ ഇനി വരുമോ?”

 

ആനി ഒന്നും പറഞ്ഞില്ല. വിദ്യാസാഗറിന്റെ ധൃതിയിലുള്ള പോക്ക് മനസ്സിനെ സ്തബ്ധമാക്കിയിരുന്നു.

 

സ്മിത ഉത്തരത്തിന് വേണ്ടി അധികം കാത്തില്ല. മെല്ലെ മുറിയുടെ വാതിൽ അടച്ചു പുറത്തിറങ്ങി.

 

നമ്മുടെ മനസ്സ് കലുഷിതമാവാൻ അധികമൊന്നും വേണ്ട. ഒരാളുടെ നോട്ടം, എത്ര കാത്തിരുന്നിട്ടും കിട്ടാത്ത മറുപടി, മനസ്സിൽ ഒരു ഉദ്ദേശം വച്ചുള്ള സംസാരത്തിന് കിട്ടുന്ന പ്രതികരണത്തിന് മനസ്സ് നൽകുന്ന ആയിരം വ്യാഖ്യാനങ്ങൾ – ഇതുപോലെ പോലെയുള്ള കാര്യങ്ങൾ മതി. ചോദ്യങ്ങളും അവയ്ക്ക് സ്വന്തം മനസ്സ് തന്നെ പറഞ്ഞ ഉത്തരങ്ങളും കൊണ്ട് ആനിയുടെ മനസ്സിന് ഭാരം കൂടിയപോലെ തോന്നി. കൂടാതെ ക്ഷീണവും. രാവിലെ കണ്ട സ്വപ്നത്തിന് നടന്ന സംഭവങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ? അല്ലെങ്കിൽപിന്നെ എന്തിന് ഇന്ന് തന്നെ വിദ്യാസാഗറിനെ സ്വപ്നം കാണണം?

 

തന്റെ ഭൂതകാലം തന്നെ പിന്തുടർന്നു വരുന്നതായി ആനിക്ക് അനുഭവപ്പെട്ടു. വിദ്യാസാഗറിന്റെ പെട്ടെന്നുള്ള മാറ്റം ഒരു ഞെട്ടൽ ആയിരുന്നു. തന്നോട് അയാൾ എല്ലാം പറയുമെന്ന് കരുതിയ സ്ഥാനത്ത് അയാൾ പോകുന്നതിന് തൊട്ടുമുമ്പുള്ള തുളച്ചുകയറുന്ന നോട്ടം. ആ കണ്ണുകളിൽ സത്യത്തിൽ എന്തോ ഒരു ചോദ്യം ഒളിഞ്ഞിരുന്നു. തന്നെ തിരിച്ചറിഞ്ഞതിന്റെ ലക്ഷണമായിരുന്നോ അത്? എത്തേണ്ടയിടം തെറ്റിപ്പോയി എന്ന തിരിച്ചറിവ്? ഒളിച്ചുവയ്ക്കാൻ പലതുണ്ട്; അതെല്ലാം ഇവിടെ പറയാൻ പറ്റില്ല എന്നൊരു നിശ്ചയം?

 

ക്ലിനിക്കിലെ അന്തരീക്ഷം ആനിക്ക് പൊടുന്നനെ പിടിക്കാതായി. വാച്ചിൽ നോക്കുമ്പോൾ നാലര മണി ആകാൻ തുടങ്ങുന്നു. ആരോ ആജ്ഞാപിച്ചതു പോലെ ബാഗ് എടുത്ത് അവൾ അവിടെ നിന്ന് ഇറങ്ങി.

 

“ഞാൻ നേരത്തെ ഇറങ്ങുന്നു. ഇന്നത്തെ റിപോർട്ട് എനിക്ക് ഇമെയിൽ അയച്ചോളൂ; ഞാൻ രാത്രി നോക്കിക്കോളാം.”

 

സ്മിതയ്ക്ക് എന്തെങ്കിലും തിരിച്ചു ചോദിക്കാൻ കഴിയുന്നതിന് മുമ്പ് ആനി ഇറങ്ങിയിരുന്നു.

 

വീട്ടിൽ എത്തിയപ്പോൾ അവൾക്ക് തെല്ലൊരാശ്വാസം കിട്ടി. തന്റെ സ്വന്തം തട്ടകം എന്നൊരു ഊർജം അവളുടെ ക്ഷീണത്തെ തൽക്കാലം ശമിപ്പിച്ചു. അത് എന്തുകൊണ്ടാണെന്ന് പക്ഷേ, ആനിക്ക് മനസ്സിലായില്ല. വൈകുന്നേരവും രാത്രിയും പതിവായി ചെയ്യുന്ന കാര്യങ്ങൾക്കിടയിലും തന്റെ കൈകൾ അൽപനേരം ഭൂതകാലത്തിന്റെ പിടിയിൽ നിന്നും പിന്നീട് വർത്തമാനകാലത്തിന്റെ പിടിയിൽ നിന്നും തെന്നിപ്പോകുന്നതുപോലെ അവൾക്ക് തോന്നി. രണ്ടു കാലങ്ങൾ കൂടി തന്റെ കൈകൾ പകുത്തെടുക്കുമോ എന്നവൾ ഭയപ്പെട്ടു. ഭക്ഷണം കുറച്ചു ഫ്രൂട്സിൽ ഒതുക്കി.

 

ഉറക്കം വെറുതെ തിരിഞ്ഞുമറിഞ്ഞു കിടക്കുന്ന ഒരു പ്രക്രിയയായി. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇങ്ങനെ. ഒരു പുസ്തകത്തിനും ഒരു സിനിമയ്ക്കും അവളുടെ എരിയുന്ന ചിന്തകൾ കെടുത്താൻ കഴിഞ്ഞില്ല.

 

എപ്പോഴോ ഒരുപോള കണ്ണടഞ്ഞുപോയപ്പോഴാണ് ഫോൺ ശബ്ദിച്ചത്.

 

സ്മിത. ഇത് മറ്റൊരു പതിവില്ലാത്ത കാര്യമാണല്ലോ എന്നോർത്ത് ആനി ഫോൺ എടുത്തു.

 

“മാഡം, ഒന്നു ടി‌വി വയ്ക്കൂ. അത്യാവശ്യമാണ്.”

 

അവളുടെ കണ്ണുകൾ യാന്ത്രികമായി ക്ലോക്കിലേക്ക് നീണ്ടു. ഏഴു മണി കഴിഞ്ഞു. എപ്പോഴാണാവോ ഉറങ്ങിയത്? അതോ മയങ്ങിയതെയുള്ളോ?

 

“മാഡം, ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? വാർത്ത വച്ചു നോക്കൂ. സംത്തിംഗ് ബാഡ് ഹാസ് ഹാപ്പെൻഡ്!”

 

“എന്താ സ്മിത?” അവരുടെ ശബ്ദത്തിലെ അകാരണമായ ധൃതിയും ആത്മവിശ്വാസമില്ലായ്മയും ആനിയെ ദേഷ്യം പിടിപ്പിച്ചു.

 

“മാഡം, എങ്ങനെ പറയണം എന്നെനിക്കറിയില്ല. ഒന്നു വച്ചു നോക്കൂ. ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം.”

 

“ഉം.” അതൃപ്തിയോടെയാണ് ആനി പറഞ്ഞത്. മുൾമുനയുടെ ഇങ്ങേയറ്റത്ത് നിൽക്കാൻ ആനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു.

 

റിമോട്ട് എടുത്ത് ഒരു വാർത്താചാനൽ വെച്ചു. ആകെ ഒരു ബഹളം. റിപോർട്ടർ വളരെയധികം ആവേശത്തിലാണ്. ആനിക്ക് ഒന്നും മനസ്സിലായില്ല. സ്ക്രീനിന്റെ താഴെക്കൂടി നീങ്ങുന്ന വാർത്താശകലം അവൾ വായിച്ചു.

 

വിദ്യാസാഗർ മരിച്ചു. ആത്മഹത്യ!

 

ആനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. എന്താണ് കാണുന്നത്? എന്താണ് കേൾക്കുന്നത്? ആനി മുഖം പൊത്തി നിലത്തിരുന്നു.

 

കാലം തന്നോട് എന്താണ് കാണിക്കുന്നത്? എന്താണ് ഇതിന്റെയൊക്കെ അർത്ഥം? ഏതോ ഒരു ഭൂതകാലത്തിൽ അറിഞ്ഞിരുന്ന, പിന്നീട് നിർബന്ധപൂർവം മറന്നിരുന്ന ഒരാളെ സ്വപ്നം കാണുക, ക്ലിനിക്കിൽ അയാൾ കാണാൻ വരുക, അയാളുടെ പെട്ടെന്നുള്ള ഇറങ്ങിപ്പോക്ക്, ഇപ്പോൾ അയാളുടെ മരണവും.

 

ഒരു കോളേജും അവിടെ വിഹരിച്ചിരുന്ന ഒരുകൂട്ടം സീനിയർ വിദ്യാർത്ഥികളും. അവരുടെ കൺമുന്നിൽ വരുന്ന ഏതൊരു ജൂനിയർ വിദ്യാർത്ഥിയെയും സൗകര്യംപോലെ വാക്കുകൊണ്ടോ നോക്കുകൊണ്ടോ ശാരീരികമായോ ഹരാസ്സ് ചെയ്ത് അതിൽ ആനന്ദം കണ്ടെത്തുന്ന ആളുകൾ. അവരുടെ വൃത്തികെട്ട തമാശകൾക്കും അങ്ങേയറ്റം മോശമായ സ്പർശനങ്ങൾക്കും നേതൃത്വം നൽകുന്ന വളരെ സുന്ദരനായ ചെറുപ്പക്കാരൻ. അയാളുടെയും അവരുടെയും വൃത്തികേടുകളുടെ ഒരു ലക്ഷ്യമായിരുന്നു താനും. മനസ്സിനെ ഇത്രയധികം വിഷമിപ്പിച്ച ഒരു കാലഘട്ടം അതിനു മുമ്പോ പിന്നീടോ ഉണ്ടായിട്ടില്ല. വിദ്യാസാഗറിന്റെ കൺമുന്നിൽപ്പെടാതിരിക്കുക അതീവ ശ്രമകരമായ ഒരു ദൗത്യമായിരുന്നു. ഇതിന്റെ ഫലമായി മനസ്സിനേറ്റ ആഘാതത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിഞ്ഞത് വളരെയധികം നാളുകളുടെ പരിശ്രമത്തിന് ശേഷമാണ്. അത്രയ്ക്ക് വെറുത്തിരുന്നു വിദ്യാസാഗറിനെയും അയാളുടെ ശിങ്കിടികളെയും.

 

തലേന്ന് വെളുപ്പിന് കണ്ട സ്വപ്നത്തിലെ ആളുകൾ അവരൊക്കെയായിരുന്നു എന്ന് ആനി തിരിച്ചറിഞ്ഞു. അവളുടെ ചിന്ത വിദ്യാസാഗർ പറഞ്ഞ ഭൂതകാലത്തിലെ സംഭവങ്ങളുടെ കുത്തലിനെക്കുറിച്ചായിരുന്നു. അത് സംശയിച്ചത് തെറ്റായിപ്പോയി എന്നവൾ പരിതപിച്ചു. പക്ഷേ, എന്താണ് തനിക്ക് ഈ ഘട്ടത്തിൽ തോന്നേണ്ടത് എന്ന് അവൾക്ക് ബോധ്യമില്ലായിരുന്നു. ആശ്വാസമാണോ അതോ തന്നെ കാണാൻ വന്ന പേഷ്യന്റിനെ ആശ്വാസത്തിന്റെ മാർഗ്ഗത്തിലേക്ക് കൊണ്ടെത്തിക്കാൻ കഴിയാത്തതിന്റെ അമർഷമോ? ടി‌വിയിലെ ചിത്രങ്ങളും ശബ്ദങ്ങളുമൊക്കെ വേറെയൊരു ലോകം പോലെ അവൾക്ക് തോന്നി.

 

മനസ്സ് പതറിയിരുന്നു എങ്കിലും ക്ലിനിക്കിൽ പോകാൻ തന്നെ ആനി തീരുമാനിച്ചു. വിദ്യാസാഗർ എന്തിന് ആത്മഹത്യ ചെയ്തു എന്ന ചോദ്യത്തിന്റെ ഏറ്റവും എളുപ്പമുള്ള ഉത്തരം ആനിയുടെ ഉള്ളിൽ രൂപപ്പെട്ടു. തന്നെ അയാൾ തിരിച്ചറിഞ്ഞു കാണും. കുറ്റബോധം അയാളെ അതിതീവ്രമായി കീഴടക്കിക്കാണും.

 

തനിക്ക് ഇനി എന്താണ് ചെയ്യാൻ കഴിയുക?

 

ക്ലിനിക്കിലേക്ക് പോകുന്ന വഴി സ്മിത വീണ്ടും വിളിച്ചു.

 

“മാഡം, ഇവിടെ പോലീസ് ഉണ്ട്. വി...വിദ്യാസാഗറിന്റെ ആത്...മരണത്തെക്കുറിച്ച് ചിലത് ചോദിക്കാൻ വന്നതാണ്.”

 

“ഉം. ഞാൻ പുറപ്പെട്ടു. ഉടനെ അവിടെ എത്തും.”

 

പോലീസിനോട് എന്തു പറയണം എന്ന് ആനി ആലോചിച്ചു. തന്നെ അയാൾ കാണാൻ വന്നതിന്റെ യഥാർത്ഥ കാരണം, അത് നൂറു ശതമാനം ഉറപ്പില്ലെങ്കിലും, പറയണോ എന്ന നിർണ്ണായക ചോദ്യത്തിന് അവൾക്ക് ഉത്തരം ഒട്ടും കിട്ടിയില്ല. ആകാശത്തെ മേഘങ്ങളിലൊന്നിൽ വിദ്യാസാഗറിന്റെ മനോഹരമായ കണ്ണുകൾ കണ്ടതുപോലെ. പെട്ടെന്നു തന്നെ കണ്ണുകൾ തിരികെ വലിച്ച് ആനി ക്ലിനിക്ക് ലക്ഷ്യമാക്കി നീങ്ങി.

 

Content Summary: Kadhayarangu- 'Vidhyasagar' Malayalam Story by Sreedeep Chennamangalam