അലക്‌സാണ്ടറില്‍നിന്നാണു നാം അലക്‌സാന്‍ഡ്രിയയിലെ ലൈബ്രറിയിലേക്കു സഞ്ചരിക്കുന്നത്. 323 ജൂൺ 10 ബിസിയില്‍ ലിഖിതമായതും ഇന്നും ശേഷിക്കുന്നതുമായ ഒരു പാപ്പിറസ് ചുരുളില്‍ അലക്സാണ്ടറുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്‌.

അലക്‌സാണ്ടറില്‍നിന്നാണു നാം അലക്‌സാന്‍ഡ്രിയയിലെ ലൈബ്രറിയിലേക്കു സഞ്ചരിക്കുന്നത്. 323 ജൂൺ 10 ബിസിയില്‍ ലിഖിതമായതും ഇന്നും ശേഷിക്കുന്നതുമായ ഒരു പാപ്പിറസ് ചുരുളില്‍ അലക്സാണ്ടറുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്‌.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലക്‌സാണ്ടറില്‍നിന്നാണു നാം അലക്‌സാന്‍ഡ്രിയയിലെ ലൈബ്രറിയിലേക്കു സഞ്ചരിക്കുന്നത്. 323 ജൂൺ 10 ബിസിയില്‍ ലിഖിതമായതും ഇന്നും ശേഷിക്കുന്നതുമായ ഒരു പാപ്പിറസ് ചുരുളില്‍ അലക്സാണ്ടറുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്‌.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ചടിക്കും കടലാസിനും മുന്‍പുള്ള പുസ്തകത്തിന്റെ ചരിത്രം പറയുന്ന കൗതുകകരമായ ഒരു പുസ്തകം ഈയിടെ വായിച്ചു; സ്പാനിഷ് ചരിത്രകാരിയും ഫിലോളജിസ്റ്റുമായ ഐറിന്‍ വലെയോ എഴുതിയ Papyrus: The Invention of Books in the Ancient World. കല്ലില്‍നിന്നും മൺകട്ടയിൽനിന്നും പാപ്പിറസ് ചുരുളുകളിലേക്കുള്ള പൗരാണികകാല പുസ്തകനിര്‍മിതിയുടെ ചരിത്രം ഐറിന്‍ എഴുതുന്നത്‌ അലക്‌സാന്‍ഡ്രിയയിലെ ഐതിഹാസികമായ ലൈബ്രറിയെ കേന്ദ്രമാക്കിയാണ്. ഇ-ബുക്കിലെത്തി നില്‍ക്കുന്ന നമ്മുടെ വായനയുടെ അനുഭവത്തെ മുന്നിൽ വച്ചാണു ഒരു മൺഫലകം ദീർഘചതുരമാകുന്നതും പാപ്പിറസ്‌ ചുരുൾ ഇടതു വലതു കൈവിരലുകൾ ഉപയോഗിച്ചു മുകളിലേക്കും താഴേക്കും സ്ക്രോൾ ചെയ്തു പൗരാണികർ വായിച്ചിരുന്നതും വിവരിക്കുന്നത്‌. 

ലോകത്തിലെ എല്ലാ ദേശത്തെയും പുസ്തകങ്ങൾ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥാലയം എന്നത്‌ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ആശയമായിരുന്നു. അതു യാഥാര്‍ഥ്യമാക്കിയത്‌ അലക്‌സാണ്ടറുടെ വിശ്വസ്തനായ സേനാപതിയും. ആഫ്രിക്ക മുതല്‍ ഇന്ത്യ വരെ നീണ്ടുപോയി അലക്സാണ്ടറുടെ സാമ്രാജ്യം. എതിർത്തുനിന്ന നാടുകളിൽ കൂട്ടക്കൊല നടത്തി മാസിഡോണിയൻ പട കിഴക്കോട്ടു സഞ്ചരിച്ചു. കീഴടങ്ങിയ നാടുകളോടു രാജാവ്‌ ഉദാരനായി. എതിർത്തവരെ ചുട്ടെരിച്ചു. മധ്യപൂർവ്വദേശത്തു ഏറ്റവും വീറോടെ ചെറുത്തുനിന്ന ഗാസയിൽ അലക്സാണ്ടറുടെ പട രണ്ടായിരം പേരെ കടൽത്തീരത്ത്‌ കുരിശിൽത്തറച്ചു. സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി വിറ്റു. ഇങ്ങനെ കൊന്നും തിന്നും ആഫ്രിക്കയും ഏഷ്യയും കീഴടക്കിയ പടയോട്ടകാലത്ത് അലക്സാണ്ടറുടെ കൈവശം ഒരു പുസ്തകമുണ്ടായിരുന്നു. 

ഐറിന്‍ വലെയോ, Image Credit: Siruela-DeBolsillo
ADVERTISEMENT

ഹോമറിന്റെ ഇലിയഡ്. തലയണയുടെ ഒരു വശത്തു വാളും മറുവശത്ത്‌ ഇലിയഡുമായാണ്‌ അലക്സാണ്ടർ ഉറങ്ങിയിരുന്നത്‌. ഇതിഹാസത്തിലെ വീരയോദ്ധാവ്‌ അക്കീലിസ്‌ ആയിരുന്നു അലക്സാണ്ടറുടെ ഹീറോ. ഗുരുനാഥനായ അരിസ്റ്റോട്ടില്‍ പറഞ്ഞത് ഹിന്ദുകുഷ് മലനിരകള്‍ക്കപ്പുറം ലോകം അവസാനിക്കുന്നുവെന്നാണ്‌. പർവ്വതങ്ങളും മരുഭൂമികളും താണ്ടി അമു ദാരിയ നദീതടത്തിൽ എത്തിയപ്പോൾ മഴക്കാലം തുടങ്ങി. ഹിന്ദുകുഷിനപ്പുറം ലോകം അവസാനിക്കുന്നില്ലെന്ന് അവർ മനസ്സിലാക്കി. ഗംഗാതടത്തിലെ നിരവധി നാട്ടുരാജ്യങ്ങളെപ്പറ്റി അവർ കേട്ടറിഞ്ഞു. ആയിരക്കണക്കിനു കിലോമീറ്ററുകൾ പടയോട്ടം നടത്തിയ ഗ്രീക്ക്‌ പട തളർന്നിരുന്നു. ഒട്ടേറെപ്പേർ യുദ്ധം ചെയ്തും അസുഖം ബാധിച്ചും മരിച്ചുമണ്ണടിഞ്ഞിരുന്നു. ശേഷിച്ചവർക്ക്‌ എങ്ങനെയും നാട്ടിൽ തിരിച്ചെത്തിയാൽ മതിയെന്നും. സേനാപതികൾ അലക്സാണ്ടറോട്‌ സൈനികരുടെ നൈരാശ്യം അറിയിച്ചു. ആദ്യം ക്ഷുഭിതനായെങ്കിലും ഒടുവിൽ ചക്രവർത്തി വഴങ്ങി. ഈ മടക്കയാത്രയില്‍ മലേറിയ ബാധിച്ചാണ് അലക്‌സാണ്ടര്‍ മരിക്കുന്നത്, മുപ്പത്തിരണ്ടാം വയസ്സില്‍. 

അക്കീലിസിനെപ്പോലെ താന്‍ ഒരു ലെജന്‍ഡായി മാറുന്നതു അലക്‌സാണ്ടര്‍ സങ്കല്‍പിച്ചിരുന്നു. പുസ്തകങ്ങളില്‍ തന്നെക്കുറിച്ച്‌ എഴുതപ്പെടുകയും ജനസ്മരണയില്‍ താനുണ്ടാകുകയും വേണം. ‘പോതോസ്‌’ എന്നു ഗ്രീക്കുകാർ വിശേഷിപ്പിക്കുന്ന അവസ്ഥയായിരുന്നു അയാൾക്ക്‌; ഇല്ലാത്ത ഒന്നിനുവേണ്ടിയുള്ള ദാഹം, മോഹം. 

രണ്ടാം നൂറ്റാണ്ടില്‍ റോമാക്കാരാണ് അലക്‌സാണ്ടര്‍ക്കു 'ദ് ഗ്രേറ്റ്' എന്ന വിശേഷണം നല്‍കിയത്. എന്നാല്‍ പേര്‍ഷ്യന്‍ ലോകത്ത് സൊരാസ്ട്രറുടെ അനുയായികള്‍ അലക്‌സാണ്ടറെ നിഷ്ഠുരൻ എന്നാണു വിളിച്ചത്. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ ലൈബ്രറി സ്ഥിതി ചെയ്തിരുന്ന പെര്‍സെപൊളിസ് നഗരം തീയിട്ടതിന്‌ അലക്‌സാണ്ടറോട് അവര്‍ ക്ഷമിച്ചില്ല. അവിടെ സൂക്ഷിച്ചിരുന്ന സൊരാസ്ട്രിയന്‍ വിശുദ്ധഗ്രന്ഥമായ അവെയ്സ്ത ചാമ്പലായതോടെ വിശ്വാസികള്‍ക്ക് അതു പിന്നീട് ഓര്‍മയില്‍നിന്ന് പകര്‍ത്തിയെഴുതേണ്ടിവന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ആകുമ്പോഴേക്കും അലക്‌സാണ്ടറുടെ വീരപരിവേഷം ഏതാണ്ട് ഇല്ലാതായിട്ടുണ്ട്. ചിലര്‍ ഇപ്പോൾ അയാളെ ഹിറ്റ്‌ലറോടാണു താരതമ്യം ചെയ്യുന്നത്.

അലക്‌സാണ്ടറില്‍നിന്നാണു നാം അലക്‌സാന്‍ഡ്രിയയിലെ ലൈബ്രറിയിലേക്കു സഞ്ചരിക്കുന്നത്. 323 ജൂൺ 10 ബിസിയില്‍ ലിഖിതമായതും ഇന്നും ശേഷിക്കുന്നതുമായ ഒരു പാപ്പിറസ് ചുരുളില്‍ അലക്സാണ്ടറുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്‌. അയാൾ മരിക്കുമ്പോൾ മൂന്നു ഭാര്യമാരിലൊരാളായ റോക്‌സാന ഗര്‍ഭിണിയാണ്. അധികാരത്തിനായി കൊട്ടാരകലഹം ആരംഭിച്ചതോടെ മറ്റു രണ്ടു ഭാര്യമാരെയും റോക്‌സാന വധിച്ചു. മാസിഡോണിയന്‍ പടയിലെ മിക്കവാറും ജനറല്‍മാർ പരസ്പരം വെട്ടിമരിച്ചു. 

ഇസ്താംബുൾ ആർക്കിയോളജിക്കൽ മ്യൂസിയത്തിലെ അലക്സാണ്ടർ ദി ഗ്രേറ്റിന്റെ പ്രതിമ, Image Credit: Giovanni Dall'Orto/ Wikimedia Commons
ADVERTISEMENT

വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തരകലാപത്തില്‍ അലക്‌സാണ്ടറുടെ സാമ്രാജ്യത്തില്‍ മൂന്നു ജനറല്‍മാരാണ് അവശേഷിച്ചത്. ഏഷ്യയില്‍ സെലൂകസ്, മാസിഡോണിയയില്‍ ആന്റിഗോണസ്, ഈജിപ്തില്‍ ടോളമി. മാസിഡോണിയന്‍ വംശജനാണെങ്കിലും ടോളമി ഈജിപ്താണ് ആസ്ഥാനമാക്കിയത്. മാസിഡോണിയയിലേക്കു തിരിച്ചുപോകാന്‍ അയാള്‍ ആഗ്രഹിച്ചില്ല. അലക്‌സാണ്ടര്‍ വിട്ടേച്ചുപോയ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി അയാള്‍ ഈജിപ്തിനെ മാറ്റി. നൈല്‍തീരത്ത് ഒരു പുതിയ നഗരം അയാള്‍ പണിതുയര്‍ത്തി-അലക്‌സാന്‍ഡ്രിയ. അവിടെയാണു ലോകത്തിലെ എല്ലാ ഗ്രന്ഥങ്ങളും സൂക്ഷിക്കാനായി ഒരുഗ്രന്ഥാലയവും മ്യൂസിയവും പണിതുയര്‍ത്തിയത്. 

‘യൂണിവേഴ്‌സല്‍ ലൈബ്രറി’ എന്ന ആശയം അലക്‌സാണ്ടറുടേത് ആയിരുന്നുവെന്നാണ് ഗ്രന്ഥകാരി പറയുന്നത്. “ഭൂമി എന്റേതാണ്” എന്ന് രാജശാസനം ഇറക്കിയ ആളാണ് അലക്‌സാണ്ടര്‍. ഭൂമിയിലെ എല്ലായിടത്തുനിന്നുമുള്ള പുസ്തകങ്ങളെ ഒരു സ്ഥലത്തേക്കു കൊണ്ടുവരിക എന്നത് ഭൂമിയെ സ്വന്തമാക്കുന്നതുപോലെയാണ്. അലക്‌സാണ്ടറുടെ ഈ സ്വപ്‌നം ഇന്നു നമുക്ക് ഒരു ബാബേൽ ഗോപുരം പോലെ, ബോര്‍ഹെസിയന്‍ ഭാവന പോലെ, ആണ്‌ അനുഭവപ്പെടുക. അച്ചടിക്കും കടലാസിനും മുൻപുള്ള പുസ്തകലോകവും വായനയും വേറൊന്നായിരുന്നുവെന്നു കൂടി നാം മനസ്സിലാക്കണം. പാപ്പിറസ് ചുരുളുകളില്‍ ലിഖിതമായ പുസ്തകലോകം, അവിടെ മിക്കവാറും ഒരു കൃതിക്ക്‌ ഒരു പ്രതിയേ ഉണ്ടാവൂ. അതിനൊരു രണ്ടാം കോപ്പി വേണമെങ്കില്‍ പകര്‍ത്തിയെഴുതാം. എഴുത്തില്‍ പരിശീലനം നേടിയ ഒരു സ്‌ക്രൈബിന്റെ സേവനവും അതിന്‌ ആവശ്യമാണ്. പുസ്തകം അപൂര്‍വവസ്തുവായിരുന്ന കാലത്ത്, അതു സ്വന്തമാക്കുക എന്നത് പണച്ചെലവേറിയതും കഠിനാധ്വാനം നിറഞ്ഞതുമായ പ്രവൃത്തിയായിരുന്നു. 

ടോളമിയുടെ ഭരണകൂടം പുസ്തകശേഖരണത്തിനായി ലോകത്തിന്റെ വിവിധ ദേശങ്ങളിലേക്ക് ആളുകളെ അയച്ചു. അവര്‍ സാഹസികയാത്ര നടത്തി ഗ്രന്ഥങ്ങള്‍ അലക്‌സാന്‍ഡ്രിയയിലേക്ക് എത്തിച്ചു. ടോളമി രാജവംശത്തിലെ പത്തോളം രാജാക്കന്മാരുടെ ഭരണത്തിനുശേഷമാണ് ഈജിപ്ത് റോമാക്കാര്‍ പിടിച്ചെടുക്കുന്നത്. ആദ്യ മൂന്നു ടോളമിമാരുടെ കാലത്തു ലൈബ്രറിയും മ്യൂസിയവും ഔന്നത്യത്തിൽ എത്തിയിരുന്നു. അക്കാലത്ത്‌ അലക്‌സാന്‍ഡ്രിയയുടെ തീരത്ത് അടുക്കുന്ന ഓരോ കപ്പലും വിശദമായി പരിശോധന നടത്തി അതിൽ ഗ്രന്ഥങ്ങള്‍ ഉണ്ടെങ്കില്‍ പിടിച്ചെടുക്കുമായിരുന്നു. ഇങ്ങനെ പിടിച്ചെടുക്കുന്നവ ഏതു തരം ലിഖിതമായാലും അതിന്റെ പകര്‍പ്പെഴുതിയശേഷം അസല്‍ ലൈബ്രറിയില്‍ സൂക്ഷിക്കുകയും പകര്‍പ്പ് ഉടമയ്ക്കു കൊടുക്കുകയും ആയിരുന്നു പതിവ്. 

അലക്‌സാന്‍ഡ്രിയയ്ക്കു മുന്‍പ് ഇറാഖിലെ നിന്‍വേഹില്‍ അഷുര്‍ബാനിപല്‍ രാജാവ് സ്വന്തമായി ഒരു ലൈബ്രറി നിര്‍മിച്ചിരുന്നു. എന്നാലത് കൊട്ടാര ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കാനായിരുന്നു. അലക്‌സാന്‍ഡ്രിയയിലെ മ്യൂസിയവും ഗ്രന്ഥാലയവുമാകട്ടെ എല്ലാ വായനക്കാര്‍ക്കുമായി തുറന്നുകൊടുത്തു. ലോകത്തിലെ വിവിധ ഭാഷകളിലെ കൃതികള്‍ അവിടെ ഗ്രീസിലേക്കു പരിഭാഷപ്പെടുത്തിയും സൂക്ഷിച്ചു. 

Photo Credit: Representative image credited using Perchance AI Image Generator
ADVERTISEMENT

ഈജിപ്തിലെ അവസാന രാജ്ഞി ക്ലിയോപാട്രയായിരുന്നു. പതിനെട്ടു വയസ്സു തികയും മുന്‍പേ അവര്‍ ഭരണാധികാരമേറ്റു. പത്തുവയസ്സുള്ള ടോളമി പതിമൂന്നാമനെയാണ് അവര്‍ വിവാഹം ചെയ്തത്. ക്ലീയോപാട്രയുടെ സഹോദരൻ അവരെ രാജകൊട്ടാരത്തില്‍നിന്ന് ഓടിച്ചു. കൊല്ലാനായി ആളെ അയച്ചു. അവര്‍ പ്രവാസത്തില്‍ കഴിയുന്ന കാലത്താണു റോമാ സാമ്രാജ്യത്തിന്റെ അധിപനായ ജൂലിയസ് സീസറുടെ നാവികപ്പട അലക്‌സാന്‍ഡ്രിയൻ തീരത്തെത്തുന്നത്‌. അഭയം തേടി സീസറുടെ താവളത്തില്‍ രഹസ്യമായി ക്ലിയോപാട്ര എത്തി. സീസറുടെ തണലിൽ ഈജിപ്തിന്റെ കിരീടം വീണ്ടും അവര്‍ സ്വന്തമാക്കി. എന്നാല്‍ താമസിയാതെ ക്ലിയോപാട്രയുടെ എതിരാളികള്‍ സീസറുടെ സംഘത്തെ ആക്രമിച്ചു. സീസറുടെ കപ്പല്‍വ്യൂഹം നഗരത്തിനുമേൽ തീയുണ്ടകള്‍ അയച്ചു. ഒടുവിൽ ഈജിപ്ത് പട തോറ്റു. യുദ്ധത്തിനിടെ തുറമുഖത്ത്‌ ഉണ്ടായ തീപിടിത്തത്തില്‍ അലക്‌സാന്‍ഡ്രിയ ലൈബ്രറിയുടെ പ്രധാന ഗ്രന്ഥശേഖരം പൂർണ്ണമായി കത്തിനശിച്ചെന്നാണു പ്ലൂട്ടാര്‍ക്ക് രേഖപ്പെടുത്തിയത്. സെനക്ക എഴുതിയത് 40,000 പാപ്പിറസ് ചുരുളുകള്‍ ചാമ്പലായി എന്നതാണ്. സീസർ മനപ്പൂർവ്വം തീയിട്ടതോ അതോ തുറമുഖത്തെ തീ ചുരുളുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക്‌ പടർന്നതോ? റോമാ ആക്രമണത്തെ വിശദമായി രേഖപ്പെടുത്തിയ മറ്റു ചരിത്ര കൃതികളിലൊന്നിലും ലൈബ്രറി കത്തിനശിച്ച കാര്യംപോലും പറയുന്നില്ല. ലൈബ്രറിയുടെ നാശം ആരും ഗൗരവമായെടുത്തില്ലെന്നു വേണം കരുതാന്‍. 30 ബിസിയില്‍ ക്ലിയോപാട്രയുടെ മരണശേഷം ഈജിപ്ത് റോമാസാമ്രാജ്യത്തിന്റെ ഭാഗമായി. 

റോമാഭരണത്തിനുകീഴിൽ ആദ്യ രണ്ടു നൂറ്റാണ്ടിലും മ്യൂസിയവും ലൈബ്രറിയും തുടര്‍ന്നെങ്കിലും പഴയ പ്രതാപം മടങ്ങിയെത്തിയില്ല. സീസര്‍ കൊളുത്തിയ തീയാണോ ലൈബ്രറിയെ നശിപ്പിച്ചതെന്നു നമുക്ക് ഉറപ്പില്ല. എന്നാല്‍ ഭരണകൂട പിന്തുണ കിട്ടാതെ വന്നതോടെ കാലക്രമത്തില്‍ ഗ്രന്ഥാലയം ക്ഷയിച്ചുവെന്നത്‌ യാഥർഥ്യമാണ്‌. പിൽക്കാലത്ത്‌ ഈജിപ്തിലെ നാട്ടുരാജാക്കന്മാർ റോമന്‍ അധിനിവേശത്തിനെതിരെ കലാപം നടത്തി. തുടര്‍ന്നു റോമാപട്ടാളം അലക്‌സാന്‍ഡ്രിയ തച്ചുനിരത്തി. പതിനായിരങ്ങളെ കശാപ്പുചെയ്തു. മ്യൂസിയം അടക്കം ടോളമിയുടെ കാലത്തെ സൗധങ്ങളും നശിപ്പിച്ചു. അലക്‌സാന്‍ഡ്രിയയുടെ അന്ത്യനാളുകൾ സ്മരിച്ച്‌, പോള്‍ ഓസ്റ്റര്‍ ‘ഇന്‍ ദ് കണ്‍ട്രി ഓഫ് ലാസ്റ്റ്‌ തിങ്ക്‌സ്’ എന്ന നോവലെഴുതിയിട്ടുണ്ട്. 

ഐറിൻ വലെയോയുടെ പുസ്തകത്തിൽ ആധുനിക ലൈബ്രറിയും പൗരാണിക ലൈബ്രറിയും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം പറയുന്നുണ്ട്‌. ആധുനിക ലൈബ്രറിയുടെ മുഖമുദ്ര നിശ്ശബ്ദതയാണ്‌. അവിടെ എല്ലാവരും മൗനമായാണു വായിക്കുക. പൗരാണികകാലത്ത്‌ പാപ്പിറസ്‌ ചുരുളുകൾ വായിക്കുന്നവർ അത്‌ ഉച്ചത്തിലാണു വായിച്ചത്‌. സമൂഹവായനയായിരുന്നു അന്നത്തെ പതിവ്‌. ഒരാൾ ഉറക്കെവായിക്കുന്നു, മറ്റുള്ളവർ ചുറ്റുമിരുന്നു കേൾക്കുന്നു. അതിനാൽ അലക്സാൻഡ്രിയയിൽ മഹാലൈബ്രറി എപ്പോഴും നിരവധി വായനകളാൽ ശബ്ദമുഖരിതമായിരിക്കും. ഒരാൾ തന്റെ ഏകാന്തതയിലിരുന്നു മൗനമായി വായിക്കുന്ന കാലത്തിനായി പിന്നെയും മനുഷ്യനു നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നു.