ഇയർകൈ വെറുപ്പാനത്

കാസർകോട് ബെള്ളൂരിലെ പ്ലാന്റേഷന്റെ കശുമാവിൻ തോട്ടത്തിനു താഴ്‌വാരത്തുള്ള മുക്കുഞ്ചം ധൂമാവതി തെയ്യത്തിന്റെ താനം. തെയ്യം കഴിഞ്ഞ പകൽ. എല്ലാ ആണ്ടിലും നാട്ടുകാർ നടത്തുന്ന കോഴിയങ്കം..

എല്യണ്ണ ഗൗഡയുടെ കുപ്പളനും അപ്പുപാട്ടാളിയുടെ ഗഡിയനും നേർക്കുനേർ പോരിനു നിന്നു... പെട്ടെന്ന് ആകാശത്ത് ഭീകര ശബ്ദം മുഴക്കി ഒരു ഹെലികോപ്ടർ..

തങ്ങളെ കാത്തരുളുന്ന ധൂമാവതി കോപിച്ചോ? കാത്തരുളണേ ദേവീ!

പേടിച്ചരണ്ട് പോരുകോഴികൾ സമീപത്തെ കുറ്റിക്കാട്ടിലൊളിച്ചു....

ഇയർകൈ അതിസയമാനത്

കാറടുക്കത്തെ നഫീസത്ത് റാഫീലയെ പ്രസവിച്ച എഴാം ദിനം കുഞ്ഞിന് സെറിബ്രൽ പാൾസി എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ അവളുടെ ഉപ്പ ഖാദർ അജ്മീർ ദർഗയിലേക്ക് എന്നു പറഞ്ഞ് വീടുവിട്ടിറങ്ങി...

പിന്നെ മടങ്ങി വന്നില്ല. രണ്ടു മാസം കഴിഞ്ഞപ്പോൾ ഉമ്മയായ സമീറയേയും കയ്യിൽ ശോഷിച്ചപോയ റാഫിലയേയും ഭർതൃവീട്ടുകാർ പുറത്താക്കി.

ഇയർകൈ കൊട്ടൂരമാനത്

എൻമകജേയിലെ ശീലാബതി, വാണിനഗർ സ്കൂളിലേക്ക് നടക്കുന്നു. ഹെലികോപ്ടറിൽ നിന്ന് വെള്ള മഴ അവളെ നനയിച്ചു.. അവൾ വീണു. പിന്നെ പിടഞ്ഞു.

പിന്നെയവൾ വളർന്നില്ല, വളരാത്ത ആ കുഞ്ഞ് 40 വർഷം ജീവിച്ചു... ഒറ്റപ്പെട്ട ആ വീട്ടിൽ ആ അമ്മയും 40 വർഷം ഒറ്റക്ക് ആ കുഞ്ഞിന് കാവലിരുന്നു...

ഇയർകൈ അർപ്പുതമാനത്

കളി കോപ്പുകളുടെ തറയിൽ തല വലുതായി ഉടൽ ശോഷിച്ച അഭിലാഷ്, അച്ഛൻ ബാല സുബ്രമണ്യഭട്ടിനെ നോക്കി അവന്റെ ജീവിതത്തിലാദ്യമായി ഒരു ചിരി ചിരിച്ചു..

അന്നവർ തീരുമാനിച്ചു. ഇവനല്ലാതെ മറ്റൊരു കുഞ്ഞ് ഞങ്ങൾക്കു വേണ്ട...

ഇയർകൈ പുതിരാനത്

വൈകാതെ, പ്ലാന്റേഷന്റെ കുന്നിൻ ചെരുവായ തോട്ടത്തു മൂലയിൽ ശരീരമാകെ നീല നീറവുമായി ഒരു പെൺകുട്ടി ജനിച്ചു.

28 ദിവസത്തിന് ശേഷം ശരീരം മഞ്ഞ നിറമായി.. പിന്നെ... മണ്ണു നിറമായി..

ഇയർകൈ ആപത്തനത്

ഗോളിക്കട്ടെ ശശിയുടെ മകൾ പ്രജിത, സെറിബ്രൽ പാൾസിയുടെ ഇര. അമ്മ വാസന്തി അതിനെ തോളിൽ നിന്ന് താഴെ വച്ചിട്ടില്ല.. രോഗം വല്ലാതെ തളർത്തിയ കുഞ്ഞുമായി ആ രാത്രിയിൽ ആശുപത്രിയിലേക്ക് ഓടി.

സീറ്റിൽ ഡോക്ടറില്ല..

കാത്തിരുന്നു..

ഒടുവിൽ രക്തം ഛർദ്ദിച്ചു മരിച്ചു, ആ കുരുവി കുഞ്ഞ്...

ഇയർകൈ സ്വതന്ത്രമാനത്

സർക്കാർ നഷ്ടപരിഹാരം ലഭിക്കില്ലന്നറിഞ്ഞ അർബുദ രോഗിയായ ജനു നായിക്കൻ... ഒരു നട്ടുച്ചക്ക് പ്ലാന്റേഷന്റെ ഉച്ചിയിലേക്ക് നടന്നു..

കൈയിൽ നേർപ്പിച്ച എൻഡോസൾഫാൻ ദ്രാവകവും..

അന്നു വൈകുന്നേരമായപ്പോൾ അത് കുടിച്ച് അയാൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു..

ഇയർകൈ ഇറക്കമറ്റത്

കണ്ണിൽ ചോരയില്ലാത്തവരുടെ പ്രകൃതിയിൽ അമ്മമാരെല്ലാവരും ഒരിറ്റ് വറ്റിനായി കൈകുഞ്ഞുങ്ങളുമായി വിലപിച്ചപ്പോൾ

അവർ പറഞ്ഞു,

എത്ര കിട്ടിയാലും ആർത്തി തീരാത്ത അര ജന്മങ്ങൾ

ഹൊ!!

ഇയർകൈ ദാഹമാനത്

വർഷങ്ങൾക്കു ശേഷം  കുഡ്‌വയിലെ തിമ്മപ്പനെ കണ്ടപ്പോൾ കൈ ചേർത്തു പിടിച്ചു വിതുമ്പി

ഞാൻ പറഞ്ഞത് തെറ്റായി പോയി സാർ, ഈ മണ്ണിലും വെള്ളത്തിലുമുണ്ട്, ന്റെ അച്ചനെ അത് കൊണ്ടോയി

ഇപ്പോ എന്നെയും...

ഇയർകൈ മുടി വറ്റത്

ആ ചോദ്യത്തിന് സുമിത്ര എന്ന മാതാവിന് ഒരു ഉത്തരം മാത്രം ആരെങ്കിലും ഒരാൾ ആദ്യം  മരിച്ചാൽ ഈ കുട്ടികളേയും കൊണ്ട് ഞങ്ങളും പോകാൻ തീരുമാനിച്ചിട്ടുണ്ട്..

ഇവരെ ആര് നോക്കാൻ!

ഇയർകൈ പേരമ്പാനത്

കാത്തിരുന്നു മരിച്ചവരും അതിനായി ജീവിച്ച് കാത്തിരിക്കുന്നവരും.

അവരുടെ തുടരുന്ന കഥകളും....

സഖറിയയുടെ ഗർഭിണികൾ സിനിമയുടെ സംഭാഷണം അടക്കം 3 സിനിമകളുടെ തിരക്കഥാകൃത്താണ് നിസാം . എൻഡോസൾഫാൻ മേഖലയിലെ സജീവ സാന്നിധ്യവും.