നഷ്ടപ്രണയം (കഥ)

"അച്ചോ... ഇനിയും ഇവൻ എന്റെ മോളെ ശല്യം ചെയ്യുവാണേൽ എനിക്ക് പൊലീസിൽ കംപ്ലൈന്റ് ചെയ്യേണ്ടി വരും..."

എബിയുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് മാത്യൂസ് പറഞ്ഞു...

"മാത്യൂസ് ബഹളം വയ്ക്കാതെ... ഇതിനൊരു തീരുമാനം ഉണ്ടാക്കാനാ നിങ്ങളെ പള്ളിമേടയിലേക്കു വിളിച്ചു വരുത്തിയത്... എന്നിട്ട് ഇവിടെയും ബഹളമോ..." ചെറിയൊരു നീരസത്തോടെ അച്ചൻ മാത്യുവിനെ നോക്കി പറഞ്ഞു...

"എബി... ഈ ഇടവകയിൽ നല്ല രീതിയിൽ ജീവിക്കുന്ന കുടുംബമാണ് മാത്യൂസിന്റേത് അവർക്ക് ഈ ബന്ധത്തിൽ താൽപര്യം ഇല്ല... അതുകൊണ്ടു ഇനി നീ ഇവരെ ശല്യം ചെയ്യരുത്..."

"ഞാൻ ആരെയും ശല്യപ്പെടുത്തിയിട്ടില്ല ഫാദർ... എനിക്ക് സൂസനെ ഇഷ്ടമാണ്.. അവൾക്ക് എന്നെയും..." ഇത് ഇവിടെവരെ എത്തിച്ച ദേഷ്യത്തോടെയാണ് എബി പറഞ്ഞു നിറുത്തിയത്...

"സൂസൺ... നിനക്ക് എന്താ പറയാനുള്ളത്..." തലതാഴ്ത്തി നിൽക്കുന്ന സൂസനോടായി അച്ചൻ ചോദിച്ചു...

"അവൾക്ക് ഒന്നും പറയാനില്ല അച്ചാ... ഞങ്ങൾ പറയുന്നതെ അവൾക്കും പറയാനുള്ളു..." മാത്യൂസ് ഇടയ്ക്കു കയറി പറഞ്ഞു...

"ഇല്ലെന്നു നിങ്ങളല്ലെ പറയുന്നത്‌... അവൾ പറയട്ടെ..." മാത്യൂസിന്റെ എടുത്തുചാട്ടത്തിൽ ഇഷ്ടക്കേട് പ്രകടിപ്പിച്ചുകൊണ്ട് തന്നെ അച്ചന്‍ പറഞ്ഞു...

'മ്.. പറ... എന്താ നിനക്ക് പറയാൻ ഉള്ളത്...' തലപൊക്കി അവൾ എബിയെ നോക്കി... അച്ചനോടായി പറഞ്ഞു...

"എനിക്ക്... എനിക്ക്... പ്രത്യേകിച്ച് ഒന്നും പറയാനില്ല ഫാദർ... ഇവർ പറഞ്ഞത് തന്നെ ഉള്ളു... എനിക്കും... പറയാൻ... പ്ലീസ് ഇനി എന്നെ ശല്യം ചെയ്യരുത്..."

"കേട്ടല്ലോ... അച്ചോ ഇനി ഇവനോട്..." മാത്യൂസ് ഇടയ്ക്കു ചാടി വീണു...

അപ്പോഴേക്കും എബി പള്ളിമേടയിലെ വിസിറ്റേഴ്സ് റൂമിന്റെ പടിവാതിൽ എത്തിയിരുന്നു...

"എബി... എബി..."

അച്ചന്റെ വിളികൾക്കു കാതുകൊടുക്കാതെ അവൻ പടികടന്നു. അവളുടെ വാക്കുകൾ അവന്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു... അവളെ ഞാൻ ഒരിക്കലും ശല്യപെടുത്തിയിട്ടില്ല... എന്നിട്ടും... കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ... പള്ളിക്കകത്തെ ബഞ്ചിൽ ചാരിയിരിക്കുമ്പോൾ കൺപോളകളെ തഴുകി കുറെ കാലമായി വല്ലപ്പോഴുമെത്തുന്ന ഒരു വിരുന്നുകാരനെ പോലെ പാതിമയക്കത്തിലേക്കും... മനസ്സ് കഴിഞ്ഞുപോയ അവന്റെ നഷ്ടങ്ങളിലേക്കും...

*****   *****   *****   *****

"ഡാ... എഴുന്നേറ്റെ... ദേ ഒരു പെണ്ണ് വന്നിരിക്കുന്നു... ഡാ... എബി... എഴുന്നേൽക്കാൻ..." അമ്മയുടെ സ്വരത്തിന് കനം കൂടി കൂടി വന്നു.... പാതിമയക്കത്തിൽ ഒരു സ്വപ്നം എന്നതുപോലെ... 

"പെണ്ണോ... അതാരാ..." അവന്റെ ചോദ്യത്തിന് രൂക്ഷമായ ഒരു നോട്ടത്തിൽ അമ്മ മറുപടി നൽകി.

"എഴുന്നേറ്റുപോയി നോക്കെടാ... പുറത്തു നിൽപ്പുണ്ട്..." 

കൈയിൽ കിട്ടിയ ടി ഷർട്ട് എടുത്തിട്ട് എബി പുറത്തു ചാടി. 

"സൂസൺ.. ഡി... നീ എന്താ ഇവിടെ..." 

"പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്..." കരഞ്ഞു കലങ്ങിയ കണ്ണുമായി അവനെ നോക്കി ചോദിച്ചു...

"എന്തുപറ്റി നിനക്ക്... ഇത്ര രാവിലെ"

"വീട്ടിലറിഞ്ഞു... വലിയ പ്രശ്നമായി... ഒരുപാട് ഉപദ്രവിച്ചു... പള്ളിയിൽ നിന്നും അമ്മ കാണാതെ വന്നതാ..." ഒരു ചെറിയ വിതുമ്പലോടെ അവൾ പറഞ്ഞു തീർത്തു..

"അതിന് എന്തിനാ ഉപദ്രവിക്കുന്നെ..?"

"അവർക്കു താൽപര്യം ഇല്ലാത്ത ബന്ധം... ഉപദേശിച്ചു മടുത്തുവത്രെ... ഇനി തല്ലി നോക്കാം എന്ന്... അല്ലാതെ എന്ത്... ഞാൻ ഇനി തിരിച്ചു പോവുന്നില്ല..." അവളുടെ വാക്കുകൾ എബിയുടെ നെഞ്ചിൽ ഒരു ഇടി വെട്ടുംപോലെ വന്നു വീണു...

"എന്തൊക്കെയാ പറയുന്നേ... നീ ആദ്യം അകത്തേയ്ക്കു വാ..."

"എബി... ഞാൻ കാര്യത്തിൽ പറയുവാ എനിക്ക് ഇനി വയ്യ..."

"ശരി നീ... അകത്തേയ്ക്കു കയറി ഇരിക്കൂ.. നമ്മുക്ക്..." കേട്ടു കേട്ടില്ല എന്ന ഭാവത്തോടെ അമ്മ അടുത്തേയ്ക്കു വന്നു.

"അമ്മെ ഇത്... സൂസൺ..." ചെറിയൊരു പേടിയോടെയും അതിലേറെ ചമ്മലോടെയും അവൻ പറഞ്ഞൊപ്പിച്ചു..

"മ്... മോള് അകത്തേയ്ക്കു വാ..." അവന്റെ വാക്കുകൾക്കു മടിച്ചു നിന്ന അവളുടെ കാലുകൾ യാന്ത്രികമായി അമ്മയെ അനുസരിക്കുന്നത് അവൻ കണ്ടു... ഒരു കസേര നീക്കിയിട്ട് അമ്മ പറഞ്ഞു...

"ഇരിക്കൂ... "

"മോള് പറ... എന്താ നിങ്ങൾ തമ്മിൽ... എന്താ പ്രശ്നം..."

ഞങ്ങളുടെ ഇഷ്ടവും... അവളുടെ ഇപ്പോഴത്തെ അവസ്ഥയും അവൾ വിശദീകരിച്ചു... എല്ലാം കേട്ടിരുന്ന അമ്മ എന്നോടായി ചോദിച്ചു.

"സത്യമാണോടാ ഇതൊക്കെ..." അതെ എന്ന മട്ടിൽ ഒരു ചെറിയ തലയാട്ടലിൽ അവൻ എല്ലാം ഒതുക്കി.

"മോള് ഇപ്പോ വീട്ടിൽ പോ... അവന്റെ ചേട്ടന്മാർ വന്നിട്ടു ഞങ്ങൾ ആലോചിക്കട്ടെ എന്താ ചെയ്യാൻ പറ്റുക എന്ന്..."

"വീട്ടിൽ പോവാൻ എനിക്ക്..." വിക്കി വിക്കി... അവൾ എന്തക്കയോ പറയാൻ വന്നു.. അപ്പോഴേക്കും അമ്മ തുടർന്നു...

"അങ്ങനെ അല്ല മോളെ... മാതാപിതാക്കൾ മക്കളെ വളർത്തുന്നത് ഒരുപാട് പ്രതീക്ഷയോടെയാണ്... മോള് ഇപ്പോ ചെയുന്നത് എന്ത് പറഞ്ഞാലും ശരിയല്ല... മോള് ഇപ്പോ പോ.. ഞങ്ങൾ വരുന്നുണ്ട് വീട്ടിലേക്ക്... അതല്ലെ നല്ലത്...

നിറ കണ്ണുകളോടെ അവൾ എഴുന്നേറ്റ് പുറത്തേയ്ക്കു നടന്നു... തൊട്ട് പിന്നാലെ എബിയും... ഗേറ്റ് കടക്കും മുൻപ് അവൾ അവന്റെ കൈയിൽ മുറുകെ പിടിച്ചു... പറഞ്ഞു...

"എബി... ഞാൻ പോവുന്നു... ചിലപ്പോൾ ഇനി നമുക്ക് കാണാൻ കഴിഞ്ഞെന്നു വരില്ല..."

തിരിച്ച് അവന്റെ വാക്കുകൾക്കു കാതോർക്കാതെ അവൾ അവനിൽ നിന്നും വേഗത്തിൽ നടന്നു...

*****    *****    *****    *****

നുരഞ്ഞു പൊങ്ങിയ ബിയർ ഗ്ലാസ് കൈയിൽ കൊടുത്തുകൊണ്ട് സിജു പറഞ്ഞു...

"അളിയാ മാസങ്ങൾ കുറെ കഴിഞ്ഞു.. എന്നിട്ടും നീ ആ പഴയ വിരഹ കാമുകന്റെ സ്റ്റൈൽ വിട്ടില്ലേ.. ഇത് ഒരുമാതിരി പൈങ്കിളി ലൈൻ..."

"ശരിയാ... നിനക്ക് വേറെ പണിയില്ലേടാ എബി... ഇതൊക്കെ ഓർത്ത്..." സിജുവിന്റെ വാക്കുകൾ ഏറ്റുപിടിച്ചു വിഷ്ണുവും ശരത്തും.

"ഡാ.. അവന്‌ നല്ല വിഷമം ഉണ്ട്... ഒന്നുമില്ലെങ്കിലും കുറച്ചുനാൾ ആത്മാർഥമായി പ്രണയിച്ചതല്ലെ അവളെ..."

അവർക്ക് എബിയുടെ തോളത്തു പിടിച്ചു ജോസ്മോൻ പറഞ്ഞു...

എന്നിട്ട് എന്തുപറ്റി... നല്ലതുപോലെ ചവിട്ടി തേച്ചിട്ട് അവൾ അങ്ങു പോയി... നിനക്ക് വല്ല വട്ടും ഉണ്ടോ ഈ തേപ്പുകാരിയെ ഒക്കെ ഓർത്ത്...

ഗ്ലാസ് കയ്യിലെടുത്തു കുറച്ചു കനത്തിൽ തന്നെ വിഷ്ണു പറഞ്ഞു...

"ഡാ...എബി... ഈ പെണ്ണും ബസ്സും ഒരുപോലെയാ എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്... രണ്ടിനും പിറകെ ഓടരുത്... ഒരു ബസ് പോയാൽ അഞ്ചുമിനിറ്റിനുള്ളിൽ മറ്റൊന്നും വരും..."

സിജുവിന്റെ ഉപദേശം... ഇതെല്ലം കേട്ട് ഗ്ലാസ് ചുണ്ടിൽ നിന്നും എടുത്തുകൊണ്ട് എബി പറഞ്ഞു...

മ്... ശരിയാ... പക്ഷേ ഇഷ്ടമില്ലാത്ത ബസ്സിൽ എത്ര യാത്ര ചെയ്തിട്ടും എന്ത് കാര്യം അളിയാ... ഒന്നറിയാം... എന്റെ പ്രണയം അത് സത്യമാണ്... ഒഴിഞ്ഞ ഗ്ലാസ് ടേബിളിൽ വച്ചുകൊണ്ടു അവൻ എഴുന്നേറ്റു ബാറിലെ ഇരുണ്ട വെളിച്ചത്തിലൂടെ പുറത്തേയ്ക്കു നടന്നു...

(ഇത് വെറുമൊരു കഥയല്ല... പച്ചയായ ജീവിതം... എബി ഞങ്ങളുടെ ഇടയിലുണ്ട് ഇന്നും അവന്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ചുകൊണ്ട്...)