പെയ്തൊഴിയാതെ അവളോർമകൾ (കഥ)

പ്ലസ്ടു പഠനകാലം,

ആളൊഴിഞ്ഞ ക്ലാസ്‌ റൂമിൽ കൊട്ടിപ്പാടി ഇരിക്കുമ്പോഴാണ്‌ അവൾ മുന്നിലൂടെ നടന്നു പോയത്‌ ഒരു മിന്നായം പോലെ കണ്ട അവളെ വീണ്ടും കാണണമെന്ന് തോന്നി. നിറയെ ദ്വാരങ്ങളുള്ള ക്ലാസ്‌ റൂം ചുവരിനടുത്തേക്ക്‌ ഓടി അതിലൂടെ അവളെ നോക്കി, തലയിലെ തട്ടം നേരെയാക്കി സ്റ്റാഫ്‌ റൂമിലോട്ടവൾ പടികൾ കയറിപ്പോകുന്നത്‌ കണ്ണു ചിമ്മാതെ നോക്കി നിന്നു..

പിന്നെയും പിന്നെയും അവളെ കാണണമെന്നായി.. അവളുടെ ക്ലാസ്‌ റൂമിന്‌ മുന്നിലൂടെ നടന്നു... സാറ്‌ പഠിപ്പിക്കുമ്പോൾ ഗൗരവത്തോടെ അവൾ നോട്ടെഴുതി എടുക്കുന്നത്‌, ഉച്ചക്ക്‌ ചോറ്റുപാത്രം കഴുകി കൂട്ടുകാരികൾക്കൊപ്പം വായപൊത്തി ചിരിച്ചു നടന്നു വരുന്നത്‌, പ്രാക്ടിക്കൽ ലാബിൽ സിസ്റ്റത്തിനു മുന്നിൽ അസ്വസ്തതയോടെ ഇരുന്ന് കുത്തിപ്പിടിച്ച്‌ ടൈപ്പുന്നത്‌.. കൂട്ടുകാരിയോട്‌ പിണങ്ങി സങ്കടപ്പെട്ടും ഒപ്പം ദേഷ്യത്തോടെയും മുഖം വീർപ്പിച്ചിരിക്കുന്നത്‌.

അങ്ങനെ അസ്തമയ സൂര്യനെ കാണുന്ന പോലെ മനസ്സ്‌ നിറഞ്ഞ്‌, അകന്നു നിന്ന് അവളുടെ കളിയും ചിരിയും കോപ്രായങ്ങളുമൊക്കെ നോക്കികണ്ട്‌ കടന്നു പോന്നു..

പിന്നെ അവളോട്‌ മിണ്ടണമെന്നായി, അടുക്കണമെന്നായി.. ഒരു ന്യൂ–ഇയറിന്റെ പകലിൽ അവൾക്ക്‌ കുറുകെ നിന്ന് കൈനീട്ടി  " ഹാപ്പീ ന്യൂയർ.. " എന്നു മാത്രം പറഞ്ഞു 

തിരിച്ചവൾ കൈ തന്നതും വിഷ്‌ ചെയ്തതും സ്വപ്നം പോലെ തോന്നി അന്ന്... പിന്നീടൊരിക്കൽ അവൾക്കെന്നെ ഇഷ്ടമാണെന്ന് അറിഞ്ഞ നേരം മനസ്സങ്ങ്‌ ഏഴാകാശത്തിനപ്പുറത്തേക്ക്‌ പോയി. അവൾക്കൊപ്പം ഒരു ഡ്യുയറ്റും പാടിയാണ്‌ തിരിച്ചു വന്നത്‌.. അത്ര അതിരില്ലാത്ത സന്തോഷം.. 

പിന്നെ മെല്ലെ മെല്ലെ കണ്ടുമുട്ടലുകളും വർത്തമാനങ്ങളുമായി വല്ലാതെയങ്ങ്‌ അടുത്തു. അപ്പോഴേക്കും പ്ലസ്ടു കഴിഞ്ഞു. അവൾ നാട്ടിലൊരു ആർട്ട്സ്‌ കോളജിലും ഞാൻ കേരളത്തിനു പുറത്തേക്കും പറിച്ച്‌ നടപ്പെട്ടു... പിന്നെ കണ്ടു മുട്ടലുകൾ വെക്കേഷനുകളിൽ കോളജിലേക്ക്‌ പോകുന്ന വഴികളിലും ബസ്‌ സ്റ്റാന്റിലുമൊക്കെ വെച്ചായി... അവധി കഴിഞ്ഞ്‌ പോകുമ്പോൾ ഉമ്മയുടെ പലഹാരങ്ങൾക്കൊപ്പം ഉള്ളിൽ  അവളുടെ പുഞ്ചിരികളും തിരിഞ്ഞു നോട്ടങ്ങളും കൂടി പാക്ക്‌ ചെയ്ത്‌ കൊണ്ടു പോകും... വർത്തമാനങ്ങളാകട്ടെ പഴയ നോക്കിയാ 1600–ലൂടെ അവൾക്കയക്കുന്ന ടെക്സ്റ്റുകളിലുമായി.

"അന്നൊരൂസം കോളേജീന്ന് വരുമ്പോ നല്ല മഴയാരുന്ന്... ഞാനൊറ്റക്ക്‌ നടന്നു പോകുമ്പോ ആലോചിച്ച്‌ നിനക്കൊപ്പം ഒരു കുടക്കീഴിലായിരുന്നെങ്കിലെന്ന്"

"എന്റെ കയ്യക്ഷരം ഭയങ്കര മോശാടി.."

"ഞാൻ ക ണ്ടിട്ടുണ്ട്‌..."

"എങ്ങനെ? "

"നീയന്ന് ക്യാമ്പിൽ പേര്‌ രജിസ്റ്റർ ചെയ്തത്‌ ഞാൻ നോക്കിയിരുന്നു.."

"നമുക്കൊരു വീട്‌ വെക്കണം..

ഓടിട്ട ചെറുതൊന്ന് മതി..

ഉമ്മാനെയൊക്കെ നമ്മുടെ കൂടെ നിർത്താം "

96 ലെ രാമചന്ദ്രനെ പോലെ ഹൃദയത്തിന്റെ പളുങ്കു പാത്രത്തിൽ കാത്തു സൂക്ഷിക്കുന്ന ആ ടെക്സ്റ്റുകളിലെ പൊട്ടുപൊടികളാണ്‌.. 

പിന്നെ എവിടെയും സംഭവിക്കുന്ന പോലെ ഞങ്ങളുടെ അടുപ്പം അവളുടെ വീട്ടുകാർ അറിഞ്ഞു. ഒച്ചയായി ബഹളമായി.. പിന്നെ മിണ്ടാൻ പറ്റാതെ, കാണാൻ പറ്റാതെ, ഭ്രാന്ത്‌ പിടിപ്പിക്കുന്ന കുറേ പകലന്തികൾ കടന്നു പോയി... 

ഇടയ്ക്കെപ്പോഴൊ അവളുടെ ടെക്സ്റ്റ്‌ മെസേജ്‌ വന്നു...

"നിന്നെ സ്നേഹിക്കാത്തൊരു പെണ്ണ്‌ ജീവിതത്തിൽ നിന്ന് ഇറങ്ങി പോകുന്നതിന്‌ നീ വിഷമിക്കന്നതെന്തിന്‌..?

എന്നായിരുന്നു അതിലെ അവസാനത്തെ വരി.. 

എന്റെ ജീവിതത്തിൽ നിന്ന്, എന്നിൽ നിന്ന് ഇറങ്ങിപോകാൻ തീരുമാനിച്ചുറപ്പിച്ചെന്ന് തോന്നിയതുകൊണ്ട്‌ പിന്നെ മറുപടി അയച്ചില്ല.. അല്ല അതിനു കഴിഞ്ഞില്ല.

നിശ്ചയം കഴിഞ്ഞെന്ന്, അവളുടെ വിവാഹം കഴിഞ്ഞെന്ന് ഒക്കെ പിന്നെ പലരും പറഞ്ഞ്‌ അറിഞ്ഞു..  പിന്നെയും കുറേ കഴിഞ്ഞ്‌ സുഹൃത്തൊരു ഫോട്ടൊ അയച്ചു.. അവളുടേതാണ്‌..

അവളെ കാണാൻ ഞാൻ ഏറെ ആഗ്രഹിച്ച വേഷത്തിൽ സാരിയുടുത്ത്‌ മറ്റൊരാളുടെ മണവാട്ടിയായി അണിഞ്ഞൊരുങ്ങി....

ഇടയ്ക്ക്‌ ആലോചിക്കും "വീട്ടുകാരെ കുറച്ചു നാളത്തേക്ക്‌ വിഷമിപ്പിക്കണോ? അതോ എന്നെ എല്ലാക്കാലത്തേക്കും വിഷമിപ്പിക്കണോ എന്ന ചോദ്യങ്ങൾ അവൾക്കു മുന്നിൽ വന്നിട്ടുണ്ടാകണം.. അപ്പോൾ എന്നെ വിഷമിപ്പിക്കലാണ്‌ എളുപ്പമെന്ന് അവൾക്കു തോന്നിയിരിക്കാം.. പക്ഷേ ആ ചിന്തയിൽ അവളോടെവിടെയൊ ഒരിത്തിരി ദേഷ്യം നിഴലിക്കുന്ന പോലെ തോന്നും. അത്‌ പാടില്ലല്ലോ എന്നോർക്കും. അവളുടെ നിസ്സഹായതകളെക്കൂടി ചേർത്തു വെക്കുമ്പോളാണല്ലൊ അവളോടുള്ള സ്നേഹം പൂർണ്ണമാവുക.

ആർക്കും ആരെയും നഷ്ടപ്പെടാതിരിക്കട്ടെ... ആരും ഒറ്റപ്പെടാതിരിക്കട്ടെ... അതിന്റെ ഭ്രാന്തുകളിൽ ആരും ജീവിച്ച്‌ തീർക്കാതിരിക്കട്ടെ.. പ്രണയത്തെക്കുറിച്ച്‌ പറയുമ്പോൾ, ഓർക്കുമ്പോൾ ഒരു നെടുവീർപ്പിനൊപ്പം ബാക്കിയാവുന്ന പ്രാർഥനയാണ്‌..