അമ്മയെ കുറിച്ച്....

ഗർഭപാത്രത്തിനുള്ളിൽ വച്ചാണ് ഞാനാസ്വരം ആദ്യമായ് കേട്ടത്.. ജീവിതത്തിൽ ഞാനാദ്യമായ് കേട്ടതും ആ സ്വരമാണ്... ആ സ്വരത്തിന്റെ ഉടമയെ "അമ്മ" എന്നാണ് വിളിക്കേണ്ടത് എന്നു ഞാൻ പഠിച്ചു.. എനിക്ക് ആകെ അറിയാവുന്നത് ആ സ്വരമായിരുന്നു.. അമ്മ എന്നത് സ്നേഹത്തിന്റെ നിറകുടമാണെന്നും വാത്സല്യത്തിന്റെ ഉറവിടം ആണെന്നും ഞാൻ മനസ്സിലാക്കി.. ഞാൻ കാത്തിരുന്നു സ്നേഹനിധിയായ എന്റെ അമ്മയെ കാണുവാൻ... 

ഒരുനാൾ പെട്ടെന്നാണ് അമ്മ ഉറക്കെ കരയുന്നത് കേട്ട് ഞാൻ ഞെട്ടി ഉണർന്നത്... ആ കരച്ചിൽ സഹിക്കവയ്യാതെ ഞാനെന്റെ ചെവിടുകൾ പൊത്തി.. എന്നിട്ടും ആ കരച്ചിൽ നിന്നില്ല. കുറച്ചു നേരത്തിനു ശേഷം എന്നെ ആരോ പുറത്തേക്ക് വലിക്കുന്നപോലെ തോന്നി... എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും ആ സ്വരത്തിന്റെ ഉടമയെ ഞാൻ കാണാൻ പോകുവാണെന്ന് എന്റെ മനസ്സ് പറഞ്ഞു..

എന്റെ മുഖത്തേക്ക് വലിയൊരു പ്രകാശം... ഒന്നും വ്യക്തമല്ലായിരുന്നു... മാലാഘമാരെപ്പോലെ ചിലർ എന്നെ നോക്കി പുഞ്ചിരിക്കുന്നു... അമ്മയുടെ മനസ്സുമായ് എന്നെ ബന്ധിച്ചിരുന്ന ആ ചരട് ആരോ വിച്ഛേദിച്ചപ്പോൾ ഞാനാദ്യമായ് അമ്മേ എന്ന് ഉറക്കെ വിളിച്ചു... ആ മാലാഖമാർ എനിക്ക് ആ മുഖം കാണിച്ചു തന്നു.. ഞാനമ്മയെ നോക്കി ചിരിച്ചു... എന്റെ നെറ്റിയിൽ ആദ്യമായ് ആ വാത്സല്യം പതിഞ്ഞു... അത്രമേൽ സന്തോഷവതിയായ് പിന്നീടൊരിക്കലും ഞാൻ അമ്മയെ കണ്ടിട്ടില്ല...

ആ അമ്മയിലൂടെ ആണ് ഞാൻ "സ്ത്രീ" എന്നതിന്റെ പൊരുൾ ആദ്യമായ് അറിഞ്ഞത്... പിന്നീട് ഞാൻ കണ്ട സ്ത്രീകളിൽ ഞാൻ തിരഞ്ഞത് എന്റെ അമ്മയെ തന്നെയായിരുന്നു... അമ്മയെ അറിയുന്നവർക്കേ സ്ത്രീകളെ ബഹുമാനിക്കാൻ അറിയുകയുള്ളൂ എന്നു ഞാൻ മനസ്സിലാക്കി.. വളരും തോറും പലതും എന്നെ ഭയപ്പെടുത്തി.. സ്ത്രീകൾക്കു നേരെയുള്ള പീഢനങ്ങളും അക്രമങ്ങളും കണ്ടും കേട്ടും മനസ്സ് തളർന്നു.. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ഞാൻ അമ്മയോട് ചോദിച്ചു. അനുവാദമില്ലാതെ സ്ത്രീയെ സ്പർശിക്കുന്നവൻ ആണല്ല എന്ന് അമ്മ എന്നെ പഠിപ്പിച്ചു... 

ഞാൻ വളർന്നു... പിന്നീട് സ്ത്രീകൾ എന്റെ സുഹൃത്തുക്കളായി.. സ്ത്രീക്ക് നല്ല സുഹൃത്താ വാനും കഴിയുമെന്ന് എനിക്ക് മനസ്സിലായി... കൗമാരത്തിലാണ് സ്ത്രീ പ്രണയിനിയാണെന്നും അവളുടെ പ്രണയത്തിന് ലോകം കീഴടക്കാനാവുമെന്നും ഞാൻ മനസ്സിലാക്കിയത്... 

പിന്നീട് ആ വാത്സല്ല്യവും സ്നേഹവും ഞാനറിഞ്ഞത് എന്റെ ഭാര്യയിലൂടെ ആണ്.. അമ്മക്ക് പകരമാകാൻ കഴിയില്ലെങ്കിലും ചിലപ്പോഴൊക്കെ ഭാര്യക്ക് അമ്മയോട് ചേർന്ന് നിൽക്കാൻ കഴിയുമെന്ന് എനിക്ക് മനസ്സിലായി..അമ്മയെന്ന സ്ത്രീയിൽ നിന്ന് ഭാര്യയെന്ന സ്ത്രീയിലേക്ക് കൈമാറപെടുകയാ ണ് പുരുഷൻ..അമ്മയിൽ നിന്നാവും തന്റെ ഭർത്താവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആദ്യമായ് ഒരു ഭാര്യമനസ്സിലാക്കുന്നത്.. പിന്നീട് ആ സ്നേഹവും വാത്സല്യവും അത് പോലെ കാത്ത് സൂക്ഷിക്കേണ്ടത് അവരുടെ കടമയാണ്... 

ഒരു മകൾ ജനിച്ചതോടെ ആണ് എന്റെ ജീവിതം പൂർണ്ണമായത്... അമ്മയിൽ നിന്നും ഭാര്യയിൽ നിന്നും ലഭിച്ച സ്നേഹവും വാത്സല്ല്യവും ഒപ്പം കരുതലും ചേർത്ത് തിരിച്ച് കൊടുക്കാനുള്ള ഭാഗ്യം ആണ് പെൺമക്കൾ... ഒരു അച്ഛന്റെ ഏറ്റവും വലിയ പുണ്യമാണ് മകൾ... അവളിലൂടെ വീണ്ടും സ്നേഹിക്കപ്പെടാനുള്ള ഭാഗ്യം എനിക്ക് കൈവന്നിരിക്കുന്നു... 

സ്ത്രീ അമ്മയാണ്...പെങ്ങളാണ്... സുഹൃത്താണ്... ഭാര്യയാണ്... മകളാണ്... ആ തത്വം മനസ്സിലാക്കിയവർക്കൊരിക്കലും സ്ത്രീകൾക്കെതിരെ കൈയുയർത്താനാവില്ല...