നിനക്കോർമയുണ്ടോ... സ്വപ്നങ്ങളിൽ

നമ്മൾ ഒരു വള്ളിക്കുടിൽ തീർത്തത്?

നീണ്ടുനിവർന്നൊഴുകുന്ന ഒരു പുഴയുടെ 

തീരത്തായിരുന്നു അത് ..

കടലാസ് കൊണ്ട് തീർത്ത എത്രയോ 

കളിവള്ളങ്ങൾ നമ്മളതിൽ ഇറക്കി. 

എത്രയോ വട്ടം നമ്മൾ ഒരേ തോണിയിൽ 

ആ പുഴയുടെ അക്കര തൊട്ടു. 

നമ്മൾ ഒരുമിച്ച് അവിടെ ഒരു നീർമാതളം നട്ടു. 

സായംസന്ധ്യക്കു ചുവപ്പു പോരെന്നു പറഞ്ഞു 

നീ അതിൽ ആദ്യം വിരിഞ്ഞ പൂവിറുത്തു 

ആകാശത്തിനു സമ്മാനിച്ചു.

അന്ന് പൊട്ടിച്ചിതറിയ നിന്റെ കുപ്പിവളകളിൽ നിന്ന് 

ഒരു ചെറുകഷണമെടുത്തു ഞാൻ എന്റെ 

ഹൃദയത്തിന്റെ ചെപ്പിലെടുത്തു വച്ചു.   

കാലമെത്ര കഴിഞ്ഞു.... നീയറിഞ്ഞോ ..

ഇന്നാപ്പുഴയുടെ തീരത്തു നമ്മുടെ വള്ളിക്കുടിലില്ല! 

പകരം ധാരാളം ഫ്ലാറ്റുകൾ കൊണ്ട് 

അവിടം നിറഞ്ഞിരിക്കുന്നു. 

അവിടത്തെ വായുവിന് കഷ്ടപ്പെടുന്ന മനുഷ്യന്റെ 

വിയർപ്പിന്റെ രൂക്ഷഗന്ധം.

സഹിക്കാൻ വയ്യാതെ വന്നപ്പോൾ ഞാൻ 

എന്റെ ഹൃദയത്തിന്റെ ചെപ്പു തുറന്നു നോക്കി. 

ഒരായിരം കുപ്പിവളകൾ!

ഞാനിതു നിനക്കു തരുന്നു.

നിനക്കവുന്നത്ര വളകൾ നിന്റെ 

കയ്യിൽ അണിയണം. 

നമുക്കിനിയും കടലാസ് തോണികളിറക്കണം...