അവളുടെ കെട്ടിയോൻ മുങ്ങിമരിച്ചിട്ട്‌

ഇത്‌ മൂന്നാം ദിവസമാണ്‌. 

അയലത്തെ പെണ്ണുങ്ങൾ പറഞ്ഞു 

മുഴുക്കുടിയനായിരുന്നെങ്കിലും 

മുച്ചൂടും തല്ലുമായിരുന്നിട്ടും 

പെണ്ണിന് അവനോട്‌ മുടിഞ്ഞ 

സ്നേഹമായിരുന്നു! 

കണ്ടില്ലേ ഇനിയും കുളിക്കാതെ കഴിക്കാതെ 

നിലത്തു കണ്ണും നട്ടിരിക്കുന്നത്‌! 

               കരിങ്കൽ പണിക്കാരനായിരുന്നു അവൻ 

               പള്ളിപ്പെരുനാളിന് അവൻ കണ്ടുകൊതിച്ചപ്പോൾ 

               യൗവ്വനം അവളുടെ നെറ്റിയിലൊരു വർണ്ണപ്പൊട്ട്‌ 

               തൊട്ടു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. 

               പൊന്നും പണവും വേണ്ടെന്നു പറഞ്ഞപ്പോൾ 

               താലികെട്ടെന്നു വേണമെന്നേ അപ്പൻ ചോദിച്ചുള്ളു. 

               അവൾക്കു താഴെ മൂന്നു പെൺകുട്ടികൾ 

               വേറെയും ഉണ്ടായിരുന്നു! 

കല്യാണശേഷമാണ്‌ അവളുടെ 

തലയിൽ ഇടിത്തീ വീണത്‌. 

സ്വപ്നങ്ങൾ കണ്ണിൽ ചത്തുമലച്ചത്‌ 

മദ്യഗന്ധം അവളുടേയും ഗന്ധമായത്‌ 

തിണർത്ത പാടുകൾ അലങ്കാരമായത്‌ 

സങ്കടം കേൾക്കാൻ ആരുമില്ലാതായത്‌. 

               ആദ്യത്തെ ഉത്തരവാദിത്തം ഇറക്കിവച്ച 

               ആശ്വാസത്തിലായിരുന്നു അമ്മ 

               കരുത്തുള്ള ആണുങ്ങൾ ഇങ്ങനെയൊക്കെ 

               ആണെന്നു വകയിലൊരമ്മായി 

               കിടപ്പാടവും വായ്ക്കന്നവും ഉള്ളതുതന്നെ 

               ആർഭാടമെന്ന് അപ്പൻ. 

ചവിട്ടിയരച്ച ഉടലിനും ജീവനും ആഹാരം 

ആവശ്യമാണെന്നവൾക്കു തോന്നിയില്ല 

എങ്കിലും അവൾ വച്ചുവിളമ്പി 

എന്നും കുളിച്ചു ശുദ്ധി വരുത്തി 

മുറ്റത്തു മുല്ലയും തുളസിയും നട്ടു 

തെണ്ടിത്തിരിഞ്ഞു വന്ന പൂച്ചക്കുഞ്ഞിനു 

ചോറും പാലുമൂട്ടി. 

               അന്നൊരിക്കൽ ചോറു വാർക്കുമ്പോളാണ്‌ 

               അവളുടെ നടുമ്പുറത്ത്‌ അടി വീണത്‌ 

               ഒട്ടും ആലിചിക്കാതെയാണ്‌ അവൾ തിളച്ച- 

               കഞ്ഞിവെള്ളം അവന്റെമേൽ ഒഴിച്ചുപോയത്‌! 

പിന്നീട്‌ തന്റെ സഹനശക്തിയിൽ 

അവൾക്കു തന്നെ മതിപ്പു വന്നു 

അന്ന് സിഗരറ്റുകുറ്റി അവളുടെ 

പുക്കിളിനുചുറ്റും പൂക്കളം തീർത്തു 

വിറകുകൊള്ളി മാറിടത്തിലും തുടകളിലും 

അഗ്നിചിത്രങ്ങൾ വരച്ചിട്ടു 

വെറുതെയൊരു നിലവിളി 

തൊണ്ടക്കുഴിയിൽ ഒളിച്ചു കളിച്ചു 

അവന്റെ തീയാളുന്ന കണ്ണുകൾ നോക്കി 

അവളുടെ ജീവൻ മരവിച്ചു കിടന്നു! 

               അതിനൊക്കെ ശേഷമാണ്‌ അവൻ 

               മുങ്ങിമരിക്കുന്നത്‌. 

               അതും മുറ്റത്തിൻ കോണിലെ ഇത്തിരിപ്പോന്ന 

               കുഴിയിലെ ഇച്ചിരിവെള്ളത്തിൽ. 

               മൂക്കുമുട്ടെ കുടിച്ചുവന്ന അവന്‌ 

               തട്ടിവീഴാൻ പാകത്തിൽ വലിയ രണ്ടുകല്ലുകൾ 

               ആരാത്രിയിലാണ്‌ അവിടെ പ്രത്യക്ഷപ്പെട്ടത്‌ 

               വീണുകിടന്ന് വഴുവഴുക്കുന്ന ശബ്ദത്തിൽ 

               ചീത്തവിളിച്ചു കൊണ്ടിരുന്ന അവന്റെ ശിരസ്സിൽ 

               ഉറങ്ങൂ ഉറങ്ങൂ എന്നു പറഞ്ഞ് അവൾ അമർത്തി 

               തിരുമ്മിക്കൊടുക്കുക മാത്രമേ ചെയ്തുള്ളു! 

ഇന്നേക്കു മൂന്നു ദിവസമായി അവളുടെ 

കെട്ടിയവൻ മുങ്ങിമരിച്ചിട്ട്‌. 

മുറ്റത്തെ മുല്ലയും തുളസിയും അവളെ 

പേരുചൊല്ലി വിളിക്കുന്നുണ്ട്‌ 

പൂച്ചക്കുട്ടി അവളുടെ പാദങ്ങളിൽ 

ഉരുമ്മിയുരുമ്മി ശ്രദ്ധ ക്ഷണിക്കുന്നുണ്ട്‌ 

അവളിപ്പോൾ ഒരു ചിമിഴ്‌ വെളിച്ചത്തിലേക്ക്‌ 

മെല്ലെ ഉറ്റു നോക്കുകയാണ്‌!