പകർന്നാട്ടം (കഥ)

തുറന്നു കിടന്ന ജനൽപ്പാളികൾക്കിടയിലൂടെ മാമ്പൂ മണം പേറി വന്ന കാറ്റ്, ഉഷ്ണവേനലിനെ വീശിത്തണുപ്പിക്കാൻ പോന്ന വിശറി പോലെ കൺപോളകൾക്കു മീതെ മെല്ലെ ആലസ്യം നിറച്ചു... കൈയിലിരുന്ന പുസ്തകത്താളിൽ ഞാൻ തന്നെ പകർന്നു വച്ച അക്ഷരങ്ങൾക്ക് രൂപപരിണാമം സംഭവിച്ചുകൊണ്ടിരുന്നു... ഞാനിപ്പോൾ എവിടെയാണ്?

മനസ്സ് അപ്പൂപ്പൻ താടി പോലെ പറന്ന് അകലെയെവിടെയോ ഒരു കർപ്പൂരത്തിന്റെയോ മാമ്പൂവിന്റെയോ എന്ന് തിരിച്ചറിയാത്ത ഗന്ധം തേടിപ്പോവുകയാണ്. ഈ തിരിച്ചറിയായ്കയുടെ ഭ്രമം എത്രയോ കാലങ്ങളായ് എന്റെ പിന്നിലുണ്ട്!

നിന്റേതായി എന്റെ ഓർമകളിൽ ബാക്കി വച്ചിരുന്ന നനവുറഞ്ഞ മിഴികളും വേപഥു വിറകൊള്ളുന്ന അധരങ്ങളും... നിന്റെ രൂപമോ, നീ എവിടെ നിന്ന് എപ്പോഴാണ് വന്നതെന്നോ ഒന്നും ഞാനറിഞ്ഞില്ലല്ലോ? എന്റെ വിരലുകളെ, എന്റെ ചിന്തകളെ അഗാധമായി പ്രണയിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്ന നീ എന്തിനാണ് ഒരു ചില്ലുകൂടിന്റെ ഗർഭഗൃഹത്തിനുള്ളിലേക്ക് ഒരു കൊക്കൂണിലെന്നവണ്ണം ഉൾവലിഞ്ഞിരുന്നത്?

നിന്റെ സമാധിയിൽ നിന്നും രൂപപരിവർത്തനം സംഭവിച്ച് എപ്പോഴെങ്കിലും പുറത്തു വന്നിട്ടുണ്ടാവാം എന്നു ചിന്തിച്ച് മനോഹരങ്ങളായ എത്രയോ ശലഭങ്ങളിൽ ഞാൻ നിന്നെ തിരഞ്ഞു! എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റിയ, എന്റെ ഉടലിന്റെ നല്ലപാതിയിൽ പോലും ഞാൻ നിന്നെ തിരഞ്ഞു കൊണ്ടേയിരുന്നു ...

എന്റെ വളരെ ചെറിയ നേട്ടങ്ങളിൽ പോലും സന്തോഷിച്ചിരുന്നവൾ; എന്റെ സങ്കടങ്ങൾ അലിവോടെ തിരിച്ചറിഞ്ഞ് സാന്ത്വനം തന്നവൾ - നീ. പിന്നെ നുരയുന്ന ഗ്ലാസിൽ നിന്റെ ഓർമകളെ മുക്കിക്കൊല്ലാൻ ശ്രമിച്ച് ദയനീയമായി പരാജിതനായപ്പോഴൊക്കെ തളർന്നു മയങ്ങുന്ന എന്നരികിൽ ഉറക്കത്തിനു കാവലിരുന്നതും നീ...

എന്റെ മുടിയിഴകളിൽ തലോടിയ നിന്റെ വിരലുകളിൽ എനിക്കു തൊട്ടു നോക്കണമായിരുന്നു...

അല്ല... നിന്റെ മനസ്സു തൊട്ടറിയണമായിരുന്നു...

നീ ചിരിക്കുകയായിരുന്നു എനിക്കു മുഖം തരാതെ ...

എണ്ണമറ്റ നാഡീകോശങ്ങളും ഹോർമോണുകളും പഞ്ചേന്ദ്രിയങ്ങളുമെല്ലാം ഒന്നിച്ച് പ്രവർത്തിക്കുന്ന ഏതോ ഒരു പ്രതിഭാസമല്ലേ മനസ്സ്? എവിടെയാണ് അതു കണ്ടു പിടിക്കുക എന്നു നീ എന്നോടു ചോദിച്ചു!

നിനക്കറിയുമോ, 'പ്രണയമില്ലാത്ത കാമം അധമമാണ് ' എന്ന നിന്റെ വാക്കുകളുടെ പൊരുൾ, തീഷ്ണയൗവ്വനത്തിന്റെ നാൾവഴികളിൽ എത്രയോ തവണ എന്റെ ആസക്തകാമനകളെ പിൻവിളിച്ചിരുന്നു!

അങ്ങനെയാവണം ഒരിക്കലും വറ്റാത്ത പ്രണയത്തെ ഒരു നിധിപോലെ ആത്മാവിൽ സൂക്ഷിക്കാൻ നീയെന്നെ പഠിപ്പിച്ചത്... നീ എപ്പോഴാണ് എന്നോട് ഇതെല്ലാം പറയുന്നതെന്ന് ഞാൻ അതിശയിച്ചിട്ടുണ്ട്.

നിന്നെക്കാണാൻ ഉഴറിയപ്പോഴൊക്കെ കണ്ണാടിയിൽ കാണുന്ന എന്നെത്തന്നെ സൂക്ഷിച്ചു നോക്കാൻ എന്തിനാണു പറഞ്ഞത്?

"നിന്നെ നീ ഏറ്റവും ഭംഗിയായി കൊണ്ടു നടക്കുക"... എന്നും നീ തന്നെ പറഞ്ഞു!

ആത്മാവിന്റെ ആഴങ്ങളിൽ തിരഞ്ഞു തിരഞ്ഞു പോകവേ പിന്നീടെപ്പോഴോ ഞാനറിഞ്ഞു– ഓരോ ആണുടലിനും പെണ്ണുടലിനുമുള്ളിൽ,  'അവൾ' ആയും 'അവൻ' ആയും നീ - അല്ല - നിന്നെപ്പോലൊരാൾ ഉണ്ടാവണം, ആഗ്രഹങ്ങളും അസംതൃപ്തികളും നഷ്ടബോധങ്ങളും അപൂർണ്ണതകളും കടന്ന്, ആയുഷ്കാലമത്രയും നല്ലതിൽ നല്ലതു തേടുന്ന അന്വേഷണത്തിനുള്ള ഊർജ്ജമായി- ജീവിതത്തെ തീവ്രമായി പ്രണയിക്കാനുള്ള ഉൾക്കാമനയായി നിലകൊണ്ടുകൊണ്ട്...

എന്നാലും, എന്നാലുമൊരിക്കൽ, തിരിച്ചറിയാനാവാത്ത ഗന്ധത്തിൽ നിന്റെ സാന്നിധ്യമറിയുമ്പോൾ എനിക്കൊന്നു പേരുചൊല്ലി വിളിക്കണമായിരുന്നു. നിന്റെ പേരു പോലും എനിക്കറിയില്ല എന്നു വേദനയോടെ ഞാൻ അറിയുന്നു...

(നളിനിയോ ചന്ദ്രികയോ രേണുകയോ... ഇഷ്ടമുള്ള പേരുകളിൽ ഓരോ കാലഘട്ടത്തിലും ഓരോരുത്തരും നിന്നെ വിളിച്ചു.... ഇനി സ്വന്തമായൊരു പേരിനെന്തു പ്രസക്തി അല്ലേ?) നീ അനാമികയായിരിക്കുമ്പോഴും നിന്റെ മിഴികളിലെ നനവിൽ എന്റെ കണ്ണുനീരിന്റെ ഉപ്പുരസമുണ്ടായിരിക്കും.

''അച്ഛാ'' ഞെട്ടി കൺമിഴിക്കവേ,

"എനിക്കു പഠിക്കാൻ കൂട്ടിരുന്നിട്ട് അച്ഛൻ ഉറങ്ങിപ്പോയോ?"

കൗതുകത്തോടെ എന്റെ മുഖത്തേക്കു നോക്കി നിൽക്കുന്നു എന്റെ മകൻ - അല്ല - നാളത്തെ ഞാൻ ....

"ഇല്ലല്ലോ ഞാൻ ഉറങ്ങീല്ലല്ലോ.... " നേർത്തൊരു ചമ്മലോടെ ചിരിച്ചു ഞാൻ അവനു സ്റ്റഡിലീവാണ്. പഠനത്തിനു കൂട്ടിരിക്കാൻ ലീവെടുത്തിരിക്കയാണ്, അവൾക്കു ലീവെടുക്കാനുള്ള സാഹചര്യമില്ലാത്തതു കൊണ്ട് .....

" ഞാൻ കുറച്ചു നേരം കളിക്കാൻ പോട്ടെ ട്ടോ, ഇനി രാത്രി പഠിക്കാം. അമ്മ വരാറായിട്ടുണ്ട് " - അവൻ കളിക്കാൻ പോയി.

വല്ലപ്പോഴും ഞാൻ ലീവെടുത്തിരിക്കുമ്പോൾ അവൾ വരുമ്പോഴേയ്ക്ക് ചായയിട്ടു വയ്ക്കാറുണ്ട്. അവൾക്കതു സന്തോഷമാകും, പോരെങ്കിൽ എന്റെ ചായ ഇഷ്ടവുമാണ്....

... ഇതാണു ജീവിതം. ഇതാണു യാഥാർഥ്യം. തെളിഞ്ഞു നിന്ന് ഇപ്പോൾ ചാഞ്ഞു തുടങ്ങിയ പകൽ പോലെ കൺ തുറന്ന സത്യം ! നീ പറയാറുള്ളതുപോലെ "നോ പാർക്കിങ്ങ് " ബോർഡുള്ളിടത്തു നിർത്തിയിടാതെ, ''നോ എൻട്രി " ബോർഡുള്ളിടത്തു പ്രവേശിക്കാതെ, അനുവദനീയമായ വഴിയിലൂടെ കടന്നു പോകുന്ന വാഹനം ...

ഉള്ളിലെ വാല്മീകത്തിന്റെ വാതിലുകളടച്ചു വച്ച്, ഗേറ്റു തുറക്കുന്ന ശബ്ദത്തിനു കാതോർത്ത് ഞാൻ ചായയുണ്ടാക്കുവാൻ തുടങ്ങി ....