ആ ഒരാള്‍ (കഥ)

ചിലപ്പോഴൊക്കെ മരണം വരെ നമ്മുടെ കൂടെയുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് നമ്മളെ തനിച്ചാക്കി, ആരുമല്ലാത്ത ഒരാളേപ്പോലെ പോകുന്നവരാണ് അവർ. അഹങ്കാരത്തിന്റെ ആനപ്പുറത്തേയ്ക്ക് ഉയർത്തപ്പെടുന്ന ചില മോഹങ്ങൾക്ക് കുട പിടിപ്പിക്കാൻ വരും. എല്ലാം സ്വയം ഏറ്റെടുത്ത് അവസാനം ആരുമല്ലാത്ത ഒരാളായി മാറി നിൽക്കും. ഒരു ആലംബവുമില്ലാതെ നാം താഴോട്ടു പതിക്കുമ്പോൾ ആ മുഖങ്ങളിലെ നിർവികാരത കൃഷ്ണമണിയിൽ പതിയുന്ന അവസാന ചിത്രം കണക്കെ മരിച്ചാലും മായാതെ നിൽക്കും. സ്നേഹമെന്നോ, പ്രണയമെന്നോ ചിലപേരുകളിട്ടു വിളിച്ച് ആകാശത്തോളമുയർത്തി ആഗാധമായ ആഴങ്ങളിലേക്ക് തള്ളിയിട്ടു മറയുമ്പോഴും പുഞ്ചിരിക്കുന്നുണ്ടാവും ആരുമല്ലാത്ത ഒരാൾ.

പട്ടം പോലെ വട്ടംചുറ്റി ഉടലുകീറി നൂലുപൊട്ടി അലയുമ്പോൾ അങ്ങു ദൂരെ കാണുന്നുണ്ടാവും ഇതുവരേയും വിരൽ ചലനങ്ങളാൽ തന്നെ നിയന്ത്രിച്ചിരുന്ന, ഭാവഭേദങ്ങളറിയാത്ത മുഖം മൂടിയണിഞ്ഞ ആരുമല്ലാത്ത അയാളെ. അകലെ കാണുന്ന വിളക്കുമാടത്തിൻ പ്രതീക്ഷയിൽ, കുറേ മോഹങ്ങളും സ്വപ്നങ്ങളും ബാധ്യതകളും കടമകളും നിറച്ച് വിശപ്പും ദാഹവും മറന്ന് ജീവിതത്തെ കരയോടടുപ്പിക്കാൻ ശ്രമിക്കുന്നവരുടെ നിരാശയും കോപവും, ശപിക്കുന്നുണ്ടാവും ഇതുപോലെ ചില ആരുമല്ലാതായ ആളുകളെ. പറിഞ്ഞുപോകാതെ ഹൃദയത്തിലേക്കാഴത്തിലിറങ്ങി, ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിച്ച, സ്വപ്നങ്ങൾ പങ്കുവെക്കാൻ പഠിപ്പിച്ച, ഗതകാലങ്ങളിലെ വർണ്ണവസന്തത്തിന്റെ പാഴ്ക്കിനാവുകൾ. അവസാനം തെരുവീഥികളിൽ ആരുമില്ലാത്ത ഒരാളായി അലയുമ്പോൾ ഓർത്തുപോകും എന്നെങ്കിലും വരുമെന്നാശിക്കുന്ന, എന്തെങ്കിലുമൊക്കെയായി ജീവിതത്തെ വീണ്ടും തളിരണിയിക്കുന്ന, ആരേങ്കിലുമൊരാളെ കുറിച്ച്.. ആ ഒരാള്‍ “ഈ ഞാൻ തന്നെ”